യുദ്ധം, സമാധാനം, മരണം

October 12, 2017, 1:44 pm
യുദ്ധം, സമാധാനം, മരണം
Columns
Columns
യുദ്ധം, സമാധാനം, മരണം

യുദ്ധം, സമാധാനം, മരണം

മുഹമ്മദ് അയൂബ്ഖാന്‍ 1907 മേയ് 14ന് വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ ഹരിപ്പൂര്‍ ജില്ലയില്‍പ്പെട്ട രഹാന ഗ്രാമത്തില്‍ ഒരു പട്ടാളക്കാരന്റെ മകനായി ജനിച്ചു. നാട്ടില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ ചേര്‍ന്നു. പിന്നീട് സാന്‍ഡ്‌ഹേഴ്സ്റ്റിലെ റോയല്‍ മിലിട്ടറി അക്കാഡമിയില്‍ സൈനിക പരിശീലനം നേടി. 1928-ല്‍ പഞ്ചാബ് റെജിമെന്റില്‍ സെക്കന്റ് ലഫ്റ്റനന്റായി ജോലിയില്‍ പ്രവേശിച്ചു. 1937-ല്‍ ക്യാപ്റ്റനും 41-ല്‍ മേജറുമായി. രണ്ടാംലോക മഹായുദ്ധകാലത്ത് 1942-ല്‍ ലഫ്. കേണലും 45-ല്‍ കേണലുമായി.

വിഭജനാനന്തരം പാകിസ്താനിലേക്ക് പോയ അയൂബ്ഖാന്‍ 1947-ല്‍ ബ്രിഗേഡിയറായി, അടുത്തവര്‍ഷം മേജര്‍ ജനറലും. 1951-ല്‍ ബ്രിട്ടീഷുകാരനായ ലഫ്. ജനറല്‍ ഡഗ്ലസ് ഗ്രേസി വിരമിച്ചു. മൂന്നുപേരുടെ സീനിയോറിറ്റി മറികടന്ന്് അയൂബിനെ നിയമിക്കാന്‍ അന്നത്തെ പ്രതിരോധവകുപ്പ് സെക്രട്ടറി ഇസ്‌കന്ദര്‍ മിര്‍സ ശുപാര്‍ശ ചെയ്തു. പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്‍ അതംഗീകരിച്ചു.
ലിയാഖത്തിന്റെ വധത്തിനുശേഷം പാകിസ്താനില്‍ രാഷ്ട്രീയ അധികാരകേന്ദ്രം ദുര്‍ബലമായി. സിവിലിയന്‍ സര്‍ക്കാര്‍ സൈന്യത്തെ അതിരറ്റ് ആശ്രയിക്കേണ്ടിവന്നു. 1954-ല്‍ പ്രധാനമന്ത്രി ക്വാജ നസിമുദ്ദീന്‍ അയൂബ്ഖാനെ പ്രതിരോധമന്ത്രിയായി നിയമിച്ചു. അപ്പോഴും അദ്ദേഹം സൈന്യാധിപത്യം ഉപേക്ഷിച്ചില്ല. തുടര്‍ന്ന് മുഹമ്മദാലി ബോഗ്ര, എച്ച്.എസ്. സുഹ്രവര്‍ദി, ഇസ്‌കന്തര്‍ മിര്‍സ എന്നിവര്‍ക്ക് കീഴിലും രാജ്യരക്ഷാമന്ത്രിയായി തുടര്‍ന്നു. 1957-ല്‍ അയൂബ് ഖാന്‍ ജനറലും കരസേനാമേധാവിയുമായി ഉയര്‍ത്തപ്പെട്ടു. 1958 ഒക്ടോബര്‍ 27ന് മിര്‍സയെ പുറത്താക്കി അയൂബ് അധികാരം പിടിച്ചെടുത്തു. തുടര്‍ന്ന് തന്നെത്തന്നെ ഫീല്‍ഡ്മാര്‍ഷലായി നിയമിച്ചു.

1960-ല്‍ ജനഹിതപരിശോധന നടത്തി അയൂബ്ഖാന്‍ അധികാരം ഉറപ്പിച്ചു. സ്വയം പ്രസിഡന്റായി പ്രഖ്യാപിച്ചു. അതിനുശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് ഷഹാബുദ്ദീനെ കമ്മീഷണറായി നിയമിച്ച് പുതിയ ഭരണഘടന എഴുതിയുണ്ടാക്കി. പുതിയ ഭരണഘടന ഇസ്ലാംമതത്തിന്റെ പ്രാമുഖ്യം അംഗീകരിച്ചുവെങ്കിലും ദേശീയമതം എന്ന സ്ഥാനം നല്‍കിയില്ല. മുല്ലമാരെയും മൗലവിമാരെയും നിലയ്ക്കുനിര്‍ത്തിയ അയൂബ്ഖാന്‍ 1961 മാര്‍ച്ചില്‍ കുടുംബനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ചു. അനിയന്ത്രിതമായ വിവാഹമോചനവും ബഹുഭാര്യാത്വവും വിലക്കി.
അയൂബിന്റെ ഭരണകാലം പാകിസ്താന്റെ ത്വരിതഗതിയിലുള്ള വ്യവസായവല്‍ക്കരണത്തിനും സാക്ഷ്യം വഹിച്ചു. അമേരിക്കയുടെ ഉദാരമായ സാമ്പത്തിക സഹായത്തോടെ അനവധി വ്യവസായശാലകളും വൈദ്യുതപദ്ധതികളും അണക്കെട്ടുകളും പാലങ്ങളും ദേശീയപാതകളും നിര്‍മ്മിച്ചു. രാജ്യം വലിയ സാമ്പത്തിക അഭിവൃദ്ധി കൈവരിച്ചു. പക്ഷേ സമ്പത്തിന്റെ ഭൂരിപക്ഷവും രണ്ട് ഡസനോളം കുടുംബങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു. അയൂബിന്റെ മകനും വളരെയധികം ധനം സമാഹരിച്ചു.

ബാഗ്ദാദ് ഉടമ്പടിയില്‍ ചേരുക വഴി അയൂബ്ഖാന്‍ പാകിസ്താനെ പാശ്ചാത്യ ചേരിയില്‍ ഉറപ്പിച്ചുനിര്‍ത്തി. അമേരിക്കയില്‍ നിന്ന് പാറ്റന്‍ടാങ്കുകളും അന്തര്‍വാഹിനികളും സാബര്‍ ജെറ്റുകളും നേടിയെടുത്തു. പാക്‌സൈന്യത്തെ നവീകരിച്ചു. പാകിസ്താനുള്ള അമേരിക്കന്‍ സൈനികസഹായം ജവഹര്‍ലാല്‍ നെഹ്‌റുവിനെ സംഭ്രാന്തനാക്കി. അദ്ദേഹം പ്രസിഡന്റ് ഐസനോവറോട് പരാതി പറഞ്ഞപ്പോള്‍, അത് കമ്യൂണിസ്റ്റ് വിപത്തിനെതിരെ മാത്രമെ ഉപയോഗിക്കുകയുള്ളൂ എന്ന് ഉറപ്പ് നല്‍കി.

1960-ല്‍ ചൈന-പാക് അതിര്‍ത്തികരാര്‍ ഒപ്പിട്ടു. 1962-ല്‍ ഇന്ത്യയെ ആക്രമിക്കും മുമ്പ് ചൈന പാകിസ്താന്റെ സഹകരണം തേടി. കശ്മീര്‍ താഴ്‌വര വിട്ടുതരാം എന്നായിരുന്നു ചൗ എന്‍ ലായ് നല്‍കിയ ഓഫര്‍. അമേരിക്ക പിണങ്ങിയാലോ എന്നുപേടിച്ച് അയൂബ് ആ ചൂണ്ടയില്‍ കൊത്തിയില്ല. കമ്യൂണിസ്റ്റ് വിപത്തിനെതിരെ ഇന്ത്യയോട് സഹകരിക്കണം എന്നുപോലും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ മന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോ പ്രസിഡന്റിനെ അതില്‍നിന്ന് പിന്തിരിപ്പിച്ചു.
ചൈനയുമായുള്ള സംഘട്ടനം അവസാനിച്ചാലുടന്‍ പാകിസ്താനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യയെ നിര്‍ബന്ധിക്കാമെന്ന് പ്രസിഡന്റ് കെന്നഡി അയൂബ്ഖാന് ഉറപ്പ് നല്‍കിയിരുന്നു. ഇന്ത്യയ്ക്കുള്ള സൈനികസഹായത്തിന് പകരമായി, പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കണമെന്ന് അമേരിക്ക നെഹ്‌റുവിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. 1963-64 കാലത്ത് റാവല്‍പിണ്ടിയിലും കറാച്ചിയിലും ഡല്‍ഹിയിലും വച്ച് പലകുറി ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രിമാര്‍ ചര്‍ച്ച നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല.

1963-ല്‍ ഭൂട്ടോ വിദേശകാര്യമന്ത്രിയായതോടെ കാര്യങ്ങള്‍ വലിയതോതില്‍ മാറിമറിഞ്ഞു. സിന്ധിലെ ലര്‍ക്കാനയില്‍ ഒരു വലിയ ജന്മികുടുംബത്തില്‍ ജനിച്ച സുല്‍ഫിക്കര്‍ അലി ഭൂട്ടോ സ്വയം ഒരു സോഷ്യലിസ്റ്റായാണ് ഭാവിച്ചിരുന്നത്. അമേരിക്കയിലെ ബര്‍ക്ക്‌ലിയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് അദ്ദേഹം സോഷ്യലിസ്റ്റ് ആശയങ്ങള്‍ സ്വായത്തമാക്കിയതെങ്കിലും അമേരിക്കന്‍ സാമ്രാജ്വത്വത്തോട് കടുത്ത എതിര്‍പ്പായിരുന്നു. ഇന്തോനേഷ്യ, സൗദിഅറേബ്യ മുതലായ മുസ്ലീം രാജ്യങ്ങളുമായും കമ്യൂണിസ്റ്റ് ചേരിയിലുള്ള കിഴക്കന്‍ ജര്‍മനി, പോളണ്ട് എന്നീ രാജ്യങ്ങളുമായും സൗഹൃദബന്ധം സ്ഥാപിച്ചു. സോവിയറ്റ് യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചു.
ചൗ എന്‍ ലായുമായി ഉറ്റ സൗഹൃദം സ്ഥാപിച്ച ഭൂട്ടോ 62-ല്‍തന്നെ ചൈനീസ് സഹായത്തോടെ കശ്മീര്‍ പിടിച്ചെടുക്കണം എന്ന അഭിപ്രായക്കാരനായിരുന്നു. 1963-ല്‍ അദ്ദേഹം ചൈനയുമായി പുതിയ അതിര്‍ത്തികരാര്‍ ഒപ്പിട്ടു. ജില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ 750 ചതുരശ്ര കിലോമീറ്റര്‍ ചൈനയ്ക്ക് വിട്ടുകൊടുത്തു. ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.

അനന്തമായി നീണ്ടുപോകുന്ന ഇന്ത്യ-പാക് ചര്‍ച്ച കണ്ണില്‍പൊടിയിടാനുള്ള സൂത്രമാണെന്ന് ഭൂട്ടോ വിശ്വസിച്ചു. കശ്മീര്‍ പ്രശ്‌നത്തിന് സൈനിക നടപടി മാത്രമാണ് പരിഹാരമെന്ന് അയൂബ്ഖാനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ആയിരം വര്‍ഷം യുദ്ധം ചെയ്താണെങ്കിലും കശ്മീര്‍ വീണ്ടെടുക്കണം, ഇലയും പുല്ലും തിന്ന് ജീവിക്കേണ്ടിവന്നാലും പാകിസ്താന്‍ ആറ്റംബോംബുണ്ടാക്കണം എന്നൊക്കെ പ്രസംഗിച്ചു.

ഈ ഘട്ടത്തിലാണ് 1963 ഡിസംബര്‍ 26ന് ഹസ്രത്ത്ബാല്‍ പള്ളിയില്‍ നിന്ന് മുഹമ്മദ് നബിയുടെ തിരുശേഷിപ്പ് കാണാതായതും സാമുദായിക ലഹളകള്‍ നടന്നതും. അതിനുപിന്നാലെ, 1964 ഏപ്രില്‍ 8ന് ഷേഖ് അബ്ദുള്ളയെ മോചിപ്പിച്ചു. ഇന്ത്യ-പാകിസ്താന്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും മുമ്പ് 1964 മേയ് 27ന് നെഹ്‌റു മരണമടയുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി നേരിട്ടാണ് വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അധികം വൈകാതെ അദ്ദേഹം അത് നയകോവിദനായ സര്‍ദാര്‍ സ്വരണ്‍സിങ്ങിനെ ഏല്‍പിച്ചു. വൈ.ബി. ചവാന്‍ രാജ്യരക്ഷാമന്ത്രിയായി തുടര്‍ന്നു. ചൈനയുമായുള്ള യുദ്ധത്തിനുശേഷം ഇന്ത്യ പ്രതിരോധ ചെലവിന് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തി. പാശ്ചാത്യ, സോഷ്യലിസ്റ്റ് ചേരികളില്‍ നിന്ന് കിട്ടാവുന്നത്ര ആയുധം വാങ്ങി. ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു. ശാസ്ത്രിയുടെ ഭരണകാലത്താണ് ഇന്ത്യ സ്വന്തമായി ടാങ്കുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്.
1964 ഒക്ടോബര്‍ 5 മുതല്‍ 10 വരെ കെയ്‌റോയില്‍ നടന്ന ചേരിചേരാ ഉച്ചകോടിയായിരുന്നു ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ആദ്യ വിദേശപരിപാടി. അവിടെ കേണല്‍ നാസര്‍ അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വീകരിച്ചു, സമ്മേളനം അവസാനിച്ചപ്പോള്‍ വിമാനത്താവളം വരെ അനുഗമിച്ച് യാത്രയാക്കി. ചേരിചേരാ ഉച്ചകോടിക്ക് തൊട്ടുമുമ്പ് ചെസ്റ്റര്‍ ബൗള്‍സ് മുന്‍കയ്യെടുത്ത് പ്രസിഡന്റ് ജോണ്‍സനെക്കൊണ്ട് ശാസ്ത്രിയെ അമേരിക്കയിലേക്ക് ക്ഷണിപ്പിച്ചു. എന്നാല്‍ അയൂബ്ഖാന്റെ താല്‍പര്യപ്രകാരം അമേരിക്ക ക്ഷണം പിന്‍വലിച്ചു. അമേരിക്കയില്‍നിന്നേറ്റ ഈ അപമാനം ശാസ്ത്രിയെ വല്ലാതെ മുറിപ്പെടുത്തി. പകരം അദ്ദേഹം കാനഡ സന്ദര്‍ശിച്ചു. മടങ്ങിവരുംവഴി കൂടിക്കാഴ്ചയ്ക്ക് ജോണ്‍സണ്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ശാസ്ത്രി വഴങ്ങിയില്ല.

തുടര്‍ന്ന് ശാസ്ത്രി സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി അലക്‌സി കൊസിജിനും വിദേശമന്ത്രി ആന്ദ്രേ ഗ്രോമിക്കോവും അദ്ദേഹത്തെ വരവേറ്റു. എങ്കിലും നെഹ്‌റുവിനെപ്പോലെ സോഷ്യലിസ്റ്റല്ല ശാസ്ത്രിയെന്ന് അവര്‍ വേഗം തിരിച്ചറിഞ്ഞു. കശ്മീര്‍ പ്രശ്‌നത്തില്‍ മേലില്‍ വലിയ പിന്തുണ പ്രതീക്ഷിക്കേണ്ടതില്ല എന്നു വ്യക്തമാക്കി, സോവിയറ്റ് യൂണിയന്‍ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉദ്യമിച്ചു. പാക് വിദേശമന്ത്രിയായി ഭൂട്ടോ സ്ഥാനമേറ്റത് ആ ശ്രമത്തിന് ആക്കം കൂട്ടി.

1964 ജൂണില്‍ ശാസ്്ത്രി അധികാരമേറ്റെടുക്കുമ്പോള്‍ സിലോണിലെ തമിഴ് വംശജരുടെ പ്രശ്‌നം പരിഹരിക്കപ്പെടാതെ കിടക്കുകയായിരുന്നു. അധികം വൈകാതെ ശാസ്ത്രി, സിലോണ്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ടാരനായകെയുമായി ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പിലെത്തി. ആകെയുള്ള ആറുലക്ഷം തമിഴരില്‍ 3,75,000 പേരെ തിരിച്ചെടുത്ത് പുനരധിവസിപ്പിക്കാമെന്ന് ഇന്ത്യയും ബാക്കിയുള്ളവര്‍ക്ക് പൗരത്വം നല്‍കാമെന്ന് സിലോണും സമ്മതിച്ചു. ലാല്‍ ബഹദൂര്‍ ശാസ്ത്രി കാഠ്മണ്ഡു സന്ദര്‍ശിച്ച് നേപ്പാളുമായുള്ള തര്‍ക്കങ്ങളും ഏറെക്കുറെ ഒത്തുതീര്‍പ്പാക്കി. മഹേന്ദ്രരാജാവുമായി ഊഷ്മളമായ ബന്ധം സ്ഥാപിച്ചു.

1964 ഒക്ടോബര്‍ 16ന് ചൈന ആണവപരീക്ഷണം നടത്തിയ വാര്‍ത്ത പുറത്തുവന്നു. അതോടെ ഇന്ത്യ ആണവായുധം നിര്‍മിക്കണം എന്ന മുറവിളി ഉയര്‍ന്നു. സമാധാന ആവശ്യത്തിന് മാത്രമേ ആണവോര്‍ജ്ജം ഉപയോഗിക്കുകയുള്ളൂ എന്ന് ശാസ്ത്രി പ്രഖ്യാപിച്ചു. അതേസമയം ആണവപരീക്ഷണങ്ങള്‍ക്കുള്ള ഉത്തരവാദിത്തം ഡോ. ഹോമി ഭാഭയെ ഏല്‍പിക്കുകയും ചെയ്തു.

1909 ഒക്ടോബര്‍ 30ന് ബോംബെയില്‍ ജനിച്ച ഹോമി ജഹാംഗീര്‍ ഭാഭ കേംബ്രിജിലാണ് ഉപരിപഠനം നടത്തിയത്. 1933-ല്‍ ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റും നേടി, 1939-ല്‍ നാട്ടില്‍ മടങ്ങിയെത്തി ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ജോലിയില്‍ പ്രവേശിച്ചു. 1945 ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ സ്ഥാപക ഡയറക്ടറായി, 1948-ല്‍ ആറ്റമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനുമായി. ഇ്ന്ത്യയുടെ ആണവ പരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഭാഭയ്ക്ക് 1954-ല്‍ പത്മഭൂഷണ്‍ ലഭിച്ചു. ശാസ്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് അദ്ദേഹം അണുബോംബ് നിര്‍മിക്കാനുള്ള പരിശ്രമവുമായി മുന്നേറി.

പാകിസ്താനുമായി ഒരു യുദ്ധം ലാല്‍ ബഹദൂര്‍ ശാസ്ത്രി ഒരിക്കലും ആഗ്രഹിച്ചില്ല. അനാക്രമണ സന്ധി ഒപ്പിടാന്‍ തയ്യാറായിരുന്നുതാനും. അയൂബ്ഖാനും യുദ്ധം ആഗ്രഹിച്ചില്ല. ഇന്ത്യയെ തോല്‍പിക്കാന്‍ ആറ്റംബോബുണ്ടാക്കുന്നത് ദുര്‍വഹമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അമേരിക്കയെ വെറുപ്പിക്കാനും നിവൃത്തിയില്ലായിരുന്നു. 1964 ഒക്ടോബര്‍ ആദ്യം കെയ്‌റോയിലെ ചേരിചേരാ രാഷ്ട്രസമ്മേളന വേളയിലാണ് ശാസ്ത്രിയും അയൂബും തമ്മില്‍ ആദ്യം കണ്ടത്. കശ്മീരിന്റെ നിലവിലുള്ള പ്രത്യേക പദവി കൂടുതല്‍ ദുര്‍ബലമാക്കരുത് എന്നാണ് അയൂബ്ഖാന്‍ ശാസ്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.

അതേസമയം, സുശിക്ഷിതമായ പാക്‌സൈന്യത്തിന് അത്യന്താധുനിക ആയുധങ്ങളും കവചിതവാഹനങ്ങളും ഉപയോഗിച്ച് കശ്മീരിനെ നിഷ്പ്രയാസം മോചിപ്പിക്കാന്‍ കഴിയുമെന്ന് ഭൂട്ടോ സ്വപ്‌നം കണ്ടു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണശേഷം ഇന്ത്യ ശിഥിലീകരണത്തിന്റെ പാതയിലാണ്, ശാസ്ത്രി തികച്ചും ദുര്‍ബലനാണ്, ചൈനയില്‍ നിന്നേറ്റ പരാജയത്തോടെ ഇന്ത്യന്‍ സേനയുടെ ആത്മവീര്യം തീര്‍ത്തും ഇല്ലാതായിരിക്കുന്നു, നയതന്ത്രരംഗത്തും ഇന്ത്യ ഒറ്റപ്പെട്ടിരിക്കുകയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ അയൂബ്ഖാന്‍ ഇളകി. ഇന്ത്യ 1964 ഏപ്രില്‍ മാസത്തില്‍ ഭരണഘടന ഭേദഗതി ചെയ്ത് 356, 357 അനുഛേദങ്ങള്‍ ജമ്മുകശ്മീരിനും ബാധകമാക്കിയപ്പോള്‍, താന്‍ വഞ്ചിക്കപ്പെട്ടതായി അയൂബിന് തോന്നി.

ആക്രമണം 1947-ലെപ്പോലെ കശ്മീരില്‍ മാത്രം ഒതുങ്ങി നില്‍ക്കും, വിപുലമായ യുദ്ധത്തിന് ഇന്ത്യ ധൈര്യപ്പെടില്ല എന്നായിരുന്നു ഭൂട്ടോയുടെ കണക്കുകൂട്ടല്‍. ഷേഖ് അബ്ദുള്ളയുടെ അറസ്‌റ്റോടെ കശ്മീരികള്‍ ഇന്ത്യാ ഗവണ്‍മെന്റിന് തീര്‍ത്തും എതിരായിരിക്കുന്നു; അവര്‍ പാക് സൈന്യത്തെ സ്വാഗതം ചെയ്യുമെന്നും പ്രതീക്ഷിച്ചു. ശരിയായ സ്ഥലത്തും ശരിയായ സമയത്തും മീതെയ്ക്കുമീതെ ഏല്‍ക്കുന്ന പ്രഹരങ്ങള്‍ താങ്ങാന്‍ ഹിന്ദു ഇന്ത്യയ്ക്ക് കെല്‍പുണ്ടാവില്ല എന്നുതന്നെ അയൂബ്ഖാനും കരുതി. ആത്മവിശ്വാസത്തോടെ അദ്ദേഹം സൈനിക നടപടിക്ക് പച്ചക്കൊടി കാട്ടി. കശ്മീരല്ല കച്ചാണ് ആദ്യ ഏറ്റുമുട്ടലിന് വേദിയായി പാകിസ്താന്‍ കണ്ടെത്തിയത്.

വര്‍ഷത്തില്‍ ഏഴ് മാസം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന, 2900 ചതുരശ്രമൈല്‍ വിസ്തീര്‍ണമുള്ള ചതുപ്പു പ്രദേശമാണ് കച്ചിലെ റാന്‍. ആ ഭാഗത്ത് അതിര്‍ത്തി നിര്‍ണയിക്കുക ദുഷ്‌കരമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ-പാക് വിഭജനരേഖ ആ പ്രദേശത്ത് നിര്‍ണയിച്ചിരുന്നില്ല. സേന കൃത്യമായി പട്രോളിങ്ങ് നടത്തിയിരുന്നില്ല. അതൊരു സൗകര്യമായിക്കണ്ട് പാകിസ്താന്‍ ഇന്ത്യ കൈവശം വച്ചിരുന്ന പ്രദേശത്തേക്ക് കടന്നുകയറി അതിര്‍ത്തിക്കകത്തുകൂടി സഞ്ചാരയോഗ്യമായ റോഡുണ്ടാക്കി.

1965 ജനുവരിയിലാണ് പാകിസ്താന്റെ കയ്യേറ്റം കണ്ടെത്തിയത്. ഇന്ത്യ ഗവണ്‍മെന്റ് ശക്തമായി പ്രതിഷേധിച്ചു. റാന്‍ ഓഫ് കച്ച് ഒരു ജലാശയമായതുകൊണ്ട് അതിന്റെ മധ്യത്തിലൂടെ വേണം അതിര്‍ത്തി രേഖപ്പെടുത്താനെന്ന് പാകിസ്താന്‍ തര്‍ക്കമുന്നയിച്ചു. 1964 ഏപ്രില്‍ 9ന് അമേരിക്കന്‍ നിര്‍മിത ആയുധങ്ങളും കവചിത വാഹനങ്ങളുമായി സൈന്യത്തെ കച്ചിലേക്ക് അയച്ചു. പാക് സേന അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ പട്ടാളക്കാരെ തുരത്തി. സൈനികപോസ്റ്റുകള്‍ തകര്‍ത്തു. ഓപ്പറേഷന്‍ ഡെസര്‍ട്ട് ഹോക്ക് എന്നാണ് ആ സൈനിക നടപടി അറിയപ്പെട്ടത്. കച്ചില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് 1965 മേയ് 8ന് ഷേഖ് അബ്ദുള്ള ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയതും തുറുങ്കില്‍ അടക്കപ്പെട്ടതും.

കച്ചിലെ ഏതാനും ചതുരശ്രമൈല്‍ ചതുപ്പുനിലം കീഴടക്കുന്നതിലുപരി പാകിസ്താന്റെ ലക്ഷ്യങ്ങള്‍ മറ്റു പലതുമായിരുന്നു. ഒന്നാമതായി ആയുധം ദുരുപയോഗം ചെയ്താല്‍ അമേരിക്ക എങ്ങനെ പ്രതികരിക്കും എന്നറിയേണ്ടിയിരുന്നു. രണ്ടാമത് ഇന്ത്യയുടെ സൈനികസന്നദ്ധത എത്രയെന്ന് തിട്ടപ്പെടുത്തണമായിരുന്നു. അതിലുപരി കശ്മീരില്‍ നിന്ന് ഇന്ത്യയുടെ ശ്രദ്ധ തിരിക്കേണ്ടിയിരുന്നു.
പ്രതീക്ഷിച്ചപോലെ ശാസ്ത്രി അമേരിക്കയോട് പരാതിപ്പെട്ടു. ആയുധ ദുരുപയോഗം കണ്ടെത്തിയെങ്കിലും കര്‍ശന നടപടിക്കൊന്നും പ്രസിഡന്റ് ജോണ്‍സണ്‍ തുനിഞ്ഞില്ല. കയ്യേറ്റക്കാരെ പിടിച്ച് പുറത്താക്കാന്‍ ശാസ്ത്രി സൈനികമേധാവിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കച്ചിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ വലിയൊരു സൈനിക നീക്കത്തിന് യോജിച്ചതല്ല, ഏറ്റുമുട്ടലിന് സൈന്യം സജ്ജമല്ല എന്ന മറുപടിയാണ് കരസേനാമേധാവി നല്‍കിയത്. ആ ഘട്ടത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് വില്‍സന്‍ ഇടപെട്ട് ജൂണ്‍ 30ന് വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കി. അതിര്‍ത്തി തര്‍ക്കം മധ്യസ്ഥ തീരുമാനത്തിന് വിടാമെന്ന് ഇരുരാജ്യങ്ങളെക്കൊണ്ടും സമ്മതിപ്പിച്ചു.

വെടിനിര്‍ത്തല്‍ കരാറിലെ മഷിയുണങ്ങും മുമ്പ് പാകിസ്താന്‍ അടുത്ത സാഹസത്തിന് ഒരുങ്ങി. 1947-ലെപ്പോലെ കശ്മീരിലേക്ക് നുഴഞ്ഞുകയറ്റക്കാരെ അയക്കാനുള്ള പദ്ധതി വിദേശകാര്യമന്ത്രി ഭൂട്ടോയും വിശ്വസ്തരായ സൈനികമേധാവികളും ചേര്‍ന്ന് തയ്യാറാക്കി. സൈനികരും വിമുക്തഭടന്മാരും തനിസാഹസികരും ചേര്‍ന്ന് അഞ്ഞൂറ് വീതം അംഗങ്ങളുള്ള ആറ് ദളങ്ങള്‍ രൂപീകരിച്ചു. അവര്‍ 1965 ഓഗസ്റ്റ് ഒന്നുമുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ നിയന്ത്രണരേഖ മുറിച്ചുകടന്ന് കശ്മീരില്‍ പ്രവേശിച്ചു. പാലങ്ങള്‍ തകര്‍ക്കുക, വാര്‍ത്താവിനിമയ സംവിധാനം അട്ടിമറിക്കുക, നാട്ടുകാരെ കലാപത്തിന് പ്രേരിപ്പിക്കുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങളാണ് നുഴഞ്ഞുകയറ്റക്കാരെ ഏല്‍പിച്ചത്.

ഷേഖ് അബ്ദുള്ളയെ ആദ്യം അറസ്റ്റ് ചെയ്തതിന്റെ 12-ാം വാര്‍ഷികം ജനപരിശോധനാമുന്നണി 1965 ഓഗസ്റ്റ് 9ന് ആചരിക്കാന്‍ തീരുമാനിച്ചിരുന്നു. അതില്‍ പങ്കെടുത്ത് കലാപം ഉണ്ടാക്കണമെന്നായിരുന്നു നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. നാട്ടുകാരുടെ സഹായത്തോടെ വിമാനത്താവളവും റേഡിയോ നിലയവും കയ്യടക്കി കശ്മീരിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണ് ഭൂട്ടോ പദ്ധതിയിട്ടത്. അത് ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ എന്ന പേരില്‍ അറിയപ്പെട്ടു. അട്ടിമറിക്കു പിന്നാലെ സൈന്യം അതിശക്തമായ ആക്രമണം നടത്തി കശ്മീരിന്റെ വിമോചനം ഉറപ്പാക്കുന്ന പദ്ധിക്ക് ഓപ്പറേഷന്‍ ഗ്രാന്റ്സ്ലാം എന്നും പേരിട്ടു.

നുഴഞ്ഞുകയറ്റം മുന്‍ തീരുമാനപ്രകാരം നടന്നെങ്കിലും ജിബ്രാള്‍ട്ടര്‍ ഓപ്പറേഷന്‍ പാളിപ്പോയി. കശ്മീരികളുടെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും നുഴഞ്ഞുകയറ്റക്കാര്‍ക്ക് കിട്ടിയില്ല. എന്നുമാത്രമല്ല സംശയാസ്പദരായി കാണപ്പെട്ട വിദേശികളെക്കുറിച്ച് പോലീസിന് വിവരം നല്‍കുകയും ചെയ്തു. ഓഗസ്റ്റ് 8ന് രണ്ടു നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ഗൂഢാലോചന പുറത്തുവന്നു. ശ്രീനഗറില്‍ സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തി. അക്രമികള്‍ക്ക് സൈന്യം അതേനാണയത്തില്‍ തിരിച്ചടി നല്‍കി.

കശ്മീരില്‍ അതിശക്തമായ ജനമുന്നേറ്റമാണെന്ന് ആഗസ്റ്റ് 9-ാം തീയതി മുന്‍ നിശ്ചയപ്രകാരം പാകിസ്താന്‍ റേഡിയോ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യപ്പോരാളികള്‍ താല്‍ക്കാലിക ഗവണ്‍മെന്റ് രൂപീകരിച്ചതായും അറിയിച്ചു. അതേസമയം, നുഴഞ്ഞുകയറ്റക്കാരെ ചെറുക്കാന്‍ ആവശ്യമെങ്കില്‍ നിയന്ത്രണരേഖ ലംഘിച്ചും മുന്നേറാന്‍ ഓഗസ്റ്റ് 13ന് ശാസ്ത്രി സൈന്യത്തിന് അനുമതി നല്‍കി.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനപ്പുലരിയില്‍ ചെങ്കോട്ടയില്‍ പ്രസംഗിക്കവെ, പ്രധാനമന്ത്രി പാകിസ്താന്റെ അട്ടിമറിക്കെതിരെ കരുതിയിരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് നമ്മുടെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല. വാളെടുത്തവന്‍ വാളാല്‍ നശിക്കുമെന്ന് ശാസ്ത്രി പാകിസ്താന് മുന്നറിയിപ്പ് നല്‍കി. അന്നുതന്നെ കിഴക്കന്‍ കാര്‍ഗില്‍ മേഖലയില്‍ നിയന്ത്രണരേഖ മുറിച്ചുകടന്ന് ഇന്ത്യന്‍ സേന നുഴഞ്ഞുകയറ്റക്കാരുടെ സങ്കേതങ്ങള്‍ ആക്രമിച്ചു. ഓഗസ്റ്റ് 29 ആകുമ്പോഴേക്കും തന്ത്രപ്രധാനമായ ഹാജിപീര്‍ ചുരം ഇന്ത്യന്‍ സൈന്യം കീഴടക്കി.

ജിബ്രാള്‍ട്ടര്‍ ഓപ്പറേഷന്‍ പാളിയെങ്കിലും തുടര്‍ സൈനിക നടപടികളില്‍ നിന്ന് പാകിസ്താന്‍ പിന്മാറിയില്ല. സെപ്തംബര്‍ ഒന്നിന് സുസജ്ജമായ പാക് സൈന്യം ഛാംബ് മേഖലയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടു. അഖനൂര്‍ കീഴടക്കി ശ്രീനഗറിലേക്കുള്ള ഇന്ത്യയുടെ പ്രവേശനമാര്‍ഗം തടയുക എന്നതായിരുന്നു ലക്ഷ്യം. അതിശക്തമായ ടാങ്ക്, പീരങ്കി ആക്രമണത്തിന് മുന്നില്‍ ഇന്ത്യ പകച്ചുപോയി. ആള്‍ബലത്തിലും ആയുധബലത്തിലും പാകിസ്താനായിരുന്നു വലിയ മുന്‍തൂക്കം. പക്ഷേ യുദ്ധതന്ത്രം പാളി, നിശ്ചിതസമയത്തിനകം അഖനൂര്‍ പിടിക്കാന്‍ ഒത്തില്ല. ഇന്ത്യന്‍ വ്യോമസേന ഷെല്‍വര്‍ഷം നടത്തി പാക് മുന്നേറ്റം ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തി. പാക് വിമാനങ്ങള്‍ കശ്മീരിലും പഞ്ചാബിലുമുള്ള സേനാകേന്ദ്രങ്ങളില്‍ ബോംബിട്ടു. ഇന്ത്യന്‍ സൈന്യത്തിന് കനത്ത നാശനഷ്ടങ്ങളുണ്ടായി.

ജനറല്‍ ജയന്തോനാഥ് ചൗധരിയായിരുന്നു ഇന്ത്യയുടെ കരസേനാമേധാവി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ പ്രസിഡന്റ് ഡബ്ല്യു.സി. ബാനര്‍ജിയുടെ മകളുടെ മകനും സിനിമാനടി ദേവികാറാണിയുടെ കസിനുമായിരുന്നു ചൗധരി. സാന്റ്‌ഹേഴ്സ്റ്റ് മിലിട്ടറി അക്കാഡമിയില്‍ അയൂബ്ഖാന്റെ സഹപാഠിയുമായിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ആദ്യം ആഫ്രിക്കയിലും തുടര്‍ന്ന് ബര്‍മയിലും സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കശ്മീരിലും സേവനമനുഷ്ഠിച്ച ചൗധരി 1948-ല്‍ ഹൈദരാബാദിലെ പോലീസ് നടപടിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് അവിടെ സൈനിക ഭരണാധികാരിയുമായിരുന്നു. ലോകയുദ്ധത്തിലും പിന്നീട് കശ്മീരിലും വലിയ ധീരത പ്രകടിപ്പിച്ച് വീരചക്രം നേടിയ ലഫ്. ജനറല്‍ ഹര്‍ബക്ഷ് സിങ്ങ് ആയിരുന്നു പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡര്‍, എയര്‍ ചീഫ് മാര്‍ഷല്‍ അര്‍ജന്‍ സിങ്ങ് വ്യോമസേനാമേധാവിയും.

കശ്മീരില്‍ അത്യാധുനിക ആയുധങ്ങളുമായി മുന്നേറുന്ന പാക് സൈന്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് സൈനികമേധാവികള്‍ സര്‍ക്കാരിനെ അറിയിച്ചു. പഞ്ചാബിലും രാജസ്ഥാനിലും പുതിയ യുദ്ധമുഖം തുറക്കുകയും ദേശാന്തരീയ അതിര്‍ത്തി ലംഘിച്ച് പാകിസ്താനെ കടന്നാക്രമിക്കുകയും അല്ലാതെ വേറെ വഴിയില്ലെന്നും ബോധിപ്പിച്ചു. 1947-ലും 62-ലും അതുപോലുള്ള നീക്കങ്ങള്‍ക്ക് നെഹ്‌റു അനുമതി നല്‍കിയില്ല. എന്നാല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി ലോകാഭിപ്രായത്തെയോ യു.എന്‍. ഇടപെടലിനെയോ കുറിച്ച് വേവലാതിപ്പെട്ടില്ല. അദ്ദേഹം ഉടന്‍ തിരിച്ചടിക്കാന്‍ ഉത്തരവിട്ടു.

സെപ്തംബര്‍ 6ന് ഇന്ത്യന്‍ സൈന്യം പഞ്ചാബില്‍ ദേശാന്തരീയ അതിര്‍ത്തി ലംഘിച്ച്, മൂന്ന് വഴികളിലൂടെ ലാഹോറിനുനേരെ മുന്നേറി. ആക്രമണം അതിശക്തമായിരുന്നുവെങ്കിലും കനത്ത തിരിച്ചടി നേരിട്ടു. സെപ്തംബര്‍ 7ന് പാകിസ്താന്‍ ഖേം കരണ്‍ പിടിച്ചെടുത്തു. അമൃത്‌സറിനുനേരെ പ്രത്യാക്രമണം ആരംഭിച്ചു. എന്നാല്‍ സെപ്തംബര്‍9, 10 തീയതികളില്‍ അസല്‍ഉത്തറില്‍ അതിഭയങ്കരമായ ടാങ്ക് യുദ്ധം നടന്നു. ഇന്ത്യന്‍ സൈന്യം പാകിസ്താന് കനത്ത തിരിച്ചടി നല്‍കി. പാകിസ്താന് 97ഉം ഇന്ത്യയ്ക്ക് 32ഉം പാറ്റന്‍ ടാങ്കുകള്‍ നഷ്ടപ്പെട്ടു. രാജസ്ഥാനിലും ഇന്ത്യ യുദ്ധമുഖം തുറന്നെങ്കിലും ഫലവത്തായില്ല. താര്‍ മരുഭൂമിയുടെ കുറെഭാഗം പാകിസ്താന്‍ പിടിച്ചെടുത്തു. വ്യോമയുദ്ധത്തിലും പാകിസ്താനായിരുന്നു മുന്‍തൂക്കം.

സെപ്തംബര്‍ 19ന് ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത്‌റായ് മേത്തയും ഭാര്യയും സഞ്ചരിച്ചിരുന്ന ചെറുവിമാനം അതിര്‍ത്തിയില്‍ വച്ച് പാകിസ്താന്‍ വെടിവെച്ച് വീഴ്ത്തി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. മേത്തയുടെ മരണം രാജ്യത്തെ ഞെട്ടിച്ചു. അതേത്തുടര്‍ന്ന് ഹിതേന്ദ്രദേശായി ഗുജറാത്ത് മുഖ്യമന്ത്രിയായി.
പാകിസ്താന്റെ പാറ്റന്‍ടാങ്കുകളെ ഇന്ത്യ കാലഹരണപ്പെട്ട ഷെര്‍മാന്‍, സെഞ്ചൂറിയന്‍ ടാങ്കുകള്‍ ഉപയോഗിച്ചും സാബര്‍ ജെറ്റുകളെ നാറ്റ്, വാംപയര്‍ വിമാനങ്ങള്‍കൊണ്ടും പ്രതിരോധിച്ചു. ആള്‍നാശവും ആയുധനാശവും പാകിസ്താനാണ് കൂടുതല്‍ അനുഭവിച്ചത്. ഇന്ത്യയ്ക്ക് 210 ചതുരശ്രമൈല്‍ ഭൂമി നഷ്ടപ്പെട്ടു, പാകിസ്താനില്‍ നിന്ന് 710 ചതുരശ്രമൈല്‍ പിടിച്ചെടുത്തു. എന്നാല്‍ നിര്‍ണായകമായ വിജയം കൈവരിക്കാന്‍ ഇരുപക്ഷത്തിനും കഴിഞ്ഞില്ല. യുദ്ധം ഏറെക്കുറെ സമനിലയില്‍ അവസാനിക്കുകയാണുണ്ടായത്.
സെപ്തംബര്‍ 6ന് ഇന്ത്യ കടന്നാക്രമണം ആരംഭിച്ചയുടനെ അയൂബ്ഖാന്‍ അമേരിക്കയോട് സഹായം അഭ്യര്‍ത്ഥിച്ചു. 1959-ലെ പാക്-അമേരിക്കന്‍ സൈനികസഹായ ഉടമ്പടി പ്രകാരം കമ്യൂണിസ്റ്റ് ചേരിയില്‍പ്പെട്ട ഏതെങ്കിലും രാജ്യം ആക്രമിച്ചാലേ സഹായിക്കാന്‍ ബാധ്യതയുള്ളൂവെന്ന് പ്രസിഡന്റ് ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ കമ്യൂണിസ്റ്റ് രാജ്യമല്ല. അതുകൊണ്ട് സൈനികസഹായവും ഇല്ല. എന്നുമാത്രമല്ല, ഇന്ത്യയ്ക്കും പാകിസ്താനുമെതിരെ അമേരിക്ക തുല്യനിലയില്‍ ഉപരോധം പ്രഖ്യാപിച്ചു.
ഇന്ത്യ അകാരണമായി പാകിസ്താനെ ആക്രമിച്ചു എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് വില്‍സന്‍ പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ നിലപാടില്‍ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. അതേസമയം അമേരിക്കയുടെ വഞ്ചനയില്‍ മനംനൊന്ത് ഹതാശരായ അയൂബും ഭൂട്ടോയും സഹായംതേടി സെപ്തംബര്‍ 19ന് പീക്കിങ്ങിലെത്തി. ചൗ എന്‍ ലായ് ഇന്ത്യന്‍ ആക്രമണത്തെ അപലപിച്ചു, ഉടന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് താക്കീതും ചെയ്തു. അതിനപ്പുറം ഒരു സഹായവും കിട്ടിയില്ല.
യുദ്ധകാലത്ത് ചൈന അനുകൂലികളായ രാജ്യത്തെ കമ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) നേതാക്കളെ മൊത്തം സര്‍ക്കാര്‍ കരുതല്‍ തടങ്കല്‍ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. വിവിധ മുസ്ലിം സംഘടനകളും നേതാക്കളും പാകിസ്താനെ വിമര്‍ശിച്ചു. ഇന്ത്യയുടെ സൈനിക പരിശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യന്‍ മുസ്ലീങ്ങളില്‍ നിന്ന് പാകിസ്താന് യാതൊരു സഹായവും കിട്ടിയില്ല. യുദ്ധത്തില്‍ പരമവീരചക്രം നേടിയ ആദ്യ സൈനികന്‍ സംഗതിവശാല്‍ ഒരു മുസ്ലീമായിരുന്നു-അസല്‍ ഉത്തറില്‍ പാകിസ്താന്റെ ഏഴ് ടാങ്കുകള്‍ തകര്‍ത്തശേഷം വീരമൃത്യുവരിച്ച ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദ്.

യു.എന്‍. സെക്രട്ടറി ജനറല്‍ ഉ താന്ത് ഇരുരാജ്യങ്ങളെയും വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചു. സെപ്തംബര്‍ 20ന് രക്ഷാസമിതി പ്രമേയം പാസാക്കി. അമേരിക്കയും സോവിയറ്റ് യൂണിയനും ശക്തമായി സമ്മര്‍ദ്ദം ചെലുത്തി. നിവൃത്തിയില്ലാതെ ഇന്ത്യയും പാകിസ്താനും സെപ്തംബര്‍ 23ന് യുദ്ധം അവസാനിപ്പിച്ചു. ഇരുരാജ്യങ്ങളും ഒരുപോലെ വിജയം അവകാശപ്പെട്ടു. പാശ്ചാത്യ നിരീക്ഷകര്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം കല്‍പിച്ചത്. പാകിസ്താന് വിജയം അനിവാര്യമായിരുന്നു. കശ്മീര്‍ വീണ്ടെടുക്കാനാകാഞ്ഞതുകൊണ്ട് യുദ്ധലക്ഷ്യം നേടാനാകാതെ അവര്‍ക്ക് പിന്തിരിയേണ്ടിവന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമനില മതിയായിരുന്നു. 1962-ല്‍ ചീനയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യന്‍ സൈന്യത്തിന് 1965-ലെ യുദ്ധം ആത്മവീര്യം വീണ്ടെടുക്കാനുള്ള അവസരമായി മാറി.

ഇന്ത്യന്‍ പത്രങ്ങള്‍ സൈന്യത്തേയും ശാസ്ത്രിയേയും പാടിപ്പുകഴ്ത്തി. രാജ്യത്തെമ്പാടും തീവ്രദേശാഭിമാനവികാരം ആളിക്കത്തി. ഒക്ടോബര്‍ 18ന് അലഹബാദില്‍ വച്ച് ശാസ്ത്രി ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം മുഴക്കി. ദിവസങ്ങള്‍ക്കകം അത് രാജ്യത്തെങ്ങും അലയടിച്ചു. യുദ്ധത്തില്‍ പിടിച്ചെടുത്ത പാറ്റന്‍ടാങ്കിന് മുകളില്‍ നിന്ന് ശാസ്ത്രി ഫോട്ടോയ്ക്ക് പോസ് ചെയ്തു. അദ്ദേഹത്തിന് വലിയൊരു യുദ്ധനായക പരിവേഷം ലഭിച്ചു.

പാകിസ്താനുമായുള്ള യുദ്ധത്തിനുശേഷം 1965 ഡിസംബറില്‍ ശാസ്ത്രി കുടുംബസമേതം റംഗൂണ്‍ സന്ദര്‍ശിച്ചു. ജനറല്‍ നെവിനുമായി കൂടിക്കാഴ്ച നടത്തി. 1962-ലെ പട്ടാളവിപ്ലവത്തിനുശേഷം ബര്‍മ ഇന്ത്യന്‍ വ്യാപാരികളെയും കൊള്ളപ്പലിശക്കാരെയും ആട്ടിയോടിച്ചിരുന്നു. ശാസ്ത്രിയുടെ സന്ദര്‍ശനത്തോടെ ബര്‍മയുമായുള്ള ബന്ധം മെച്ചപ്പെട്ടു. നയതന്ത്രബന്ധം പുനഃസ്ഥാപിച്ചു.

പാകിസ്താനെതിരെ നേടിയ സൈനിക വിജയം, ദേശീയ രാഷ്ട്രീയത്തില്‍ ശാസ്ത്രിയെ അജയ്യനാക്കി. കേന്ദ്രസര്‍ക്കാരിലും പാര്‍ട്ടിയിലും അദ്ദേഹം ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി മാറി. പ്രധാനമന്ത്രിയുടെ അപ്രീതിക്ക് പാത്രമായ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരി 1965 ഡിസംബര്‍ 31ന് രാജിവെച്ചു. അടുത്ത ഊഴം തന്റേതായിരിക്കുമെന്ന് ഇന്ദിരാഗാന്ധി ന്യായമായും സംശയിച്ചു. താഷ്‌കന്റില്‍ നിന്ന് മടങ്ങിയെത്തിയാലുടന്‍ ഇന്ദിരയെ ബ്രിട്ടനിലെ ഹൈക്കമ്മീഷണറായി നിയമിക്കാന്‍ ശാസ്ത്രി ഉദ്ദേശിച്ചു.

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സോവിയറ്റ് യൂണിയന്‍ മുന്‍കയ്യെടുത്തു. പ്രധാനമന്ത്രി കോസിജിന്‍ ചര്‍ച്ചയ്ക്കായി ശാസ്ത്രിയെയും അയൂബിനെയും താഷ്‌കന്റിലേക്ക് ക്ഷണിച്ചു. ആദ്യം മടിച്ചെങ്കിലും ഇരുനേതാക്കളും സമ്മതിച്ചു. വിദേശമന്ത്രിമാരായ സുള്‍ഫിക്കര്‍ അലി ഭൂട്ടോയും സ്വരണ്‍സിങ്ങും കൂടെപ്പോയി. സോവിയറ്റ് വിദേശമന്ത്രി ഗ്രോമിക്കോ മധ്യസ്ഥത വഹിച്ചു.

പാകിസ്താന്‍ അനാക്രമണസന്ധി ഒപ്പിടാമെങ്കില്‍ ഹാജിപീര്‍ ചുരവും തിത്‌വാളും ഒഴികെ യുദ്ധത്തില്‍ കീഴടക്കിയ പ്രദേശങ്ങള്‍ വിട്ടുകൊടുക്കാന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഒരു സന്ധിയും ഒപ്പിടാന്‍ കഴിയില്ലെന്ന് പാകിസ്താന്‍ ശഠിച്ചു. ഹാജിപീര്‍ ചുരം അടക്കം മുഴുവന്‍ പ്രദേശങ്ങളും വിട്ടുകൊടുക്കണമെന്ന് സോവിയറ്റ് യൂണിയന്‍ നിര്‍ബന്ധിച്ചു. അല്ലാത്തപക്ഷം മേലില്‍ ഐക്യരാഷ്ട്രസഭയില്‍ തങ്ങളുടെ പിന്തുണ പ്രതീക്ഷിക്കേണ്ടെന്ന് സൂചിപ്പിച്ചു. ചര്‍ച്ച പലതവണ പരാജയപ്പെട്ടു.
ഒടുവില്‍ കോസിജിന്റെ ഭീഷണി ഫലിച്ചു. ആഗസ്റ്റ് 5ന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് പിന്മാറാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചു. ബാക്കി സകലകാര്യങ്ങളും പിന്നീട് ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും ധാരണയായി. അനാക്രമണസന്ധി ഇല്ലെങ്കിലും, ബലപ്രയോഗത്തിന് മുതിരുകയില്ല എന്ന് പ്രസിഡന്റ് അയൂബ്ഖാന്‍ സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തു. കശ്മീരിനെക്കുറിച്ചോ ജനഹിത പരിശോധനയെക്കുറിച്ചോ ഒത്തുതീര്‍പ്പില്‍ യാതൊരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല അത് ഇന്ത്യയുടെ വിജയമായി വ്യാഖ്യാനിക്കപ്പെട്ടു.
ജനുവരി 10ന് പുലര്‍ച്ചെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അയൂബ്ഖാനും രേഖയില്‍ ഒപ്പുവെച്ചു. അതിനെ ഒരു ഉടമ്പടി എന്ന് വിളിക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചു. പകരം താഷ്‌കന്റ് പ്രഖ്യാപനം എന്ന് അതറിയപ്പെട്ടു.

ഹാജിപീര്‍ ചുരം വിട്ടുകൊടുക്കുന്നതിനോട് സൈനികമേധാവികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. പത്രങ്ങളും അനുകൂലമായല്ല പ്രതികരിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി തികച്ചും അസ്വസ്ഥനായി. സ്വന്തം വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ മകള്‍ താഷ്‌കന്റ് ഒത്തുതീര്‍പ്പിനെക്കുറിച്ച് വിപരീത അഭിപ്രായമാണ് പറഞ്ഞത്. ഭാര്യ സംസാരിക്കാന്‍ തന്നെ കൂട്ടാക്കിയില്ല. സെപ്തംബര്‍ 10ന് അര്‍ധരാത്രിയോടടുത്ത് ശാസ്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഡോക്ടര്‍ പ്രഥമശുശ്രൂഷ നല്‍കി കൃത്രിമ ശ്വാസോച്ഛ്വാസത്തിന് ശ്രമിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. സെപ്തംബര്‍ 11ന് പുലര്‍ച്ചെ പ്രാദേശികസമയം രണ്ടുമണിക്ക് മരണം സ്ഥിരീകരിച്ചു.

ശാസ്ത്രിയുടെ മരണത്തോടെ ഇന്ത്യയില്‍ താഷ്‌കന്റ് പ്രഖ്യാപനത്തോടുള്ള എതിര്‍പ്പ് മാഞ്ഞുപോയി. പ്രത്യേക വ്യോമസേനാവിമാനത്തില്‍ കൊണ്ടുവന്ന മൃതദേഹം പിറ്റേന്ന് ദല്‍ഹിയില്‍ ദഹിപ്പിച്ചു. രാഷ്ട്രം ശാസ്ത്രിക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌നം നല്‍കി ആദരിച്ചു. നിസ്വനായി ജീവിച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി നിസ്വനായിത്തന്നെയാണ് മരിച്ചതും. അദ്ദേഹത്തിന് സ്വത്തായി ഒരു പഴയ കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരണസമയത്ത് അതിന്റെ തവണകള്‍ അടച്ചുതീര്‍ക്കാന്‍ ബാക്കിയായിരുന്നുതാനും.

ശാസ്ത്രിയുടെ മരണത്തെക്കുറിച്ചു പില്‍ക്കാലത്ത് പല സംശയങ്ങളും ഉയര്‍ന്നു. അദ്ദേഹത്തെ വിഷം കൊടുത്ത് കൊന്നതാണെന്ന് ഭാര്യ ലളിതാശാസ്ത്രി ആരോപിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാഞ്ഞതുകൊണ്ടും ആന്തരാവയവങ്ങള്‍ രാസപരിശോശനയ്ക്ക് അയക്കാഞ്ഞതിനാലും ആ സംശയം ദൂരീകരിക്കപ്പെട്ടില്ല. ശാസ്ത്രിയുടെ മരണത്തിനുപിന്നില്‍ സോവിയറ്റ് ചാരസംഘടനയാണെന്ന ആരോപണം അന്തരീക്ഷത്തില്‍ തങ്ങിനിന്നു.

യുദ്ധം ജയിച്ചശേഷം എന്തിന് ഇത്തരം ഒരു ഒത്തുതീര്‍പ്പിന് വഴങ്ങി എന്ന് ജനറല്‍ അയൂബ്ഖാന്‍ എങ്ങനെയൊക്കെ വിശദീകരിച്ചിട്ടും പാകിസ്താന്‍കാര്‍ക്ക് മനസ്സിലായില്ല. കൃത്യസമയത്ത് ഭൂട്ടോ അയൂബിനെ തള്ളിപ്പറഞ്ഞു. സൈനികര്‍ ചോരചിന്തി നേടിയ വിജയം ഒത്തുതീര്‍പ്പ് മേശയില്‍ നഷ്ടപ്പെട്ടുവെന്ന് പരിതപിച്ചു. ലാഹോറില്‍ അക്രമാസക്തരായ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പോലീസ് വെടിവെച്ചു. രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു. കറാച്ചിയില്‍ അമേരിക്കന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ലൈബ്രറിക്ക് ജനം തീകൊളുത്തി....