ചെമ്പനിനീര്‍പ്പൂ വീണ്ടും

October 12, 2017, 2:54 pm


ചെമ്പനിനീര്‍പ്പൂ വീണ്ടും
Columns
Columns


ചെമ്പനിനീര്‍പ്പൂ വീണ്ടും

ചെമ്പനിനീര്‍പ്പൂ വീണ്ടും

ആരാണീ ഇന്ദിരാഗാന്ധി? ഒരു വായനക്കാരന്‍ തമിഴ് ഹാസ്യമാസിക തുഗ്ലക്കിന്റെ പത്രാധിപര്‍ ചോ രാമസ്വാമിയോട് ചോദിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളും സഞ്ജയ്ഗാന്ധിയുടെ അമ്മയുമായ ഒരു സ്ത്രീ എന്നായിരുന്നു മറുപടി. ഇന്ദിരാപ്രിയദര്‍ശിനി 1917 നവംബര്‍ 19ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും കമലാനെഹ്‌റുവിന്റെയും മകളായി അലഹബാദിലെ ആനന്ദഭവനില്‍ ജനിച്ചു. കുബേര കുടുംബമായിരുന്നുവെങ്കിലും ഇന്ദുവിന്റെ ബാല്യവും കൗമാരവും ഒട്ടും സന്തോഷകരമായിരുന്നില്ല. മുത്തച്ഛനും അച്ഛനും മുഴുവന്‍സമയവും ദേശീയ സമരത്തില്‍ പങ്കെടുക്കുകയോ ജയില്‍വാസം അനുഭവിക്കുകയോ ആയിരുന്നു. അമ്മ ക്ഷയരോഗബാധിതയായി നാട്ടിലും വിദേശത്തുമുള്ള സാനറ്റോറിയങ്ങളില്‍ ചികിത്സയിലും ആയിരുന്നു. പിതൃസഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് കമലയോടും ഇന്ദുവിനോടും തീരെ സ്‌നേഹശൂന്യമായാണ് പെരുമാറിയത്. പല പല സ്‌കൂളുകളിലായാണ് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ശാന്തിനികേതനില്‍ ചേര്‍ന്നെങ്കിലും അവിടെ പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഓക്‌സ്‌ഫോര്‍ഡിലെ സോമര്‍വെല്‍ കോളേജില്‍ ചേര്‍ന്നു. പക്ഷേ ബിരുദം നേടാതെ അവിടെ നിന്നും പിരിഞ്ഞു.

1936-ല്‍ കമലാനെഹ്‌റു അന്തരിച്ചു. പത്മജാ നായിഡുവിനെ വിവാഹം ചെയ്യാന്‍ പണ്ഡിറ്റ് നെഹ്‌റു ആഗ്രഹിച്ചുവെങ്കിലും ഇന്ദിരയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് വേണ്ടെന്നുവെച്ചു. പിതാവിനെ മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ മകള്‍ ഒരുക്കമായിരുന്നില്ല. ഇംഗ്ലണ്ടില്‍ കഴിയവെ ഫിറോസ് ജഹാംഗീര്‍ ഗാന്ധിയുമായുള്ള പ്രണയം മൂര്‍ച്ഛിച്ചു നാട്ടില്‍ തിരിച്ചെത്തിയശേഷം വിവാഹം ചെയ്യാനുള്ള താല്‍പര്യം നെഹ്‌റുവിനെ അറിയിച്ചു. സ്ഥലത്തെ ഒരു മദ്യവ്യാപാരിയുടെ മകന്‍ തന്റെ മകളെ വിവാഹം ചെയ്യുന്നത് പണ്ഡിറ്റ്ജിക്ക് സങ്കല്‍പിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇന്ദുവിനെ ഒരു കാരണവശാലും ഫിറോസിന് കൊടുക്കരുതെന്ന് കമല മരിക്കുംമുമ്പ് ജവഹറിനോട് പറഞ്ഞിട്ടുമുണ്ടായിരുന്നു. ഒടുവില്‍ മഹാത്മാഗാന്ധി ഇടപെട്ട് 1942 മാര്‍ച്ച് 26ന് ആ വിവാഹം നടത്തിക്കൊടുത്തു.

അഞ്ചുമാസത്തിനകം രാജ്യം ക്വിറ്റ് ഇന്ത്യാസമരത്തിന്റെ തീച്ചൂളയിലേക്ക് എറിയപ്പെട്ടു. ഗാന്ധി-നെഹ്‌റു-പട്ടേല്‍-ആസാദുമാര്‍ക്ക് പിന്നാലെ ഫിറോസും ഇന്ദിരയും അറസ്റ്റുവരിച്ചു. ഒരുവര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു. ക്ഷയരോഗബാധിതയായിരുന്ന ഇന്ദിര ഗര്‍ഭംധരിക്കരുതെന്ന് ഡോക്ടര്‍മാര്‍ വിലക്കിയിരുന്നു. എങ്കിലും 1944-ല്‍ രാജീവ് ജനിച്ചു, 46-ല്‍ സഞ്ജയും ഭൂജാതനായി. അതിനുശേഷം ഫിറോസ്-ഇന്ദിര ബന്ധം ക്രമേണ ശിഥിലമായി. ഭര്‍ത്താവിന്റെ മദ്യാസക്തിയും വിഷയാസക്തിയും മടുത്ത് ഇന്ദിര നെഹ്‌റുവിന്റെ ഔദ്യോഗികവസതിയിലേക്ക് താമസം മാറ്റി. എന്നാല്‍ വിവാഹമോചനത്തിന് കൂട്ടാക്കിയുമില്ല. ഇണങ്ങിയും പിണങ്ങിയും ആ ബന്ധം 1960-ല്‍ ഫിറോസ് മരിക്കുംവരെ നിലനിന്നു.
ജവഹര്‍ലാല്‍ നെഹ്‌റു മകളെ രാഷ്ട്രീയ അനന്തരാവകാശിയായി ഒരിക്കലും പ്രഖ്യാപിച്ചില്ല. പക്ഷേ മറ്റുള്ളവര്‍ ഇന്ദിരയെ പ്രശംസിക്കുന്നതും അവര്‍ കൂടുതല്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതും അദ്ദേഹം ആസ്വദിച്ചു. സ്തുതിപാഠകരായ ഇടത്തരം നേതാക്കള്‍ നെഹ്‌റുവിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ഇന്ദിരയെ പ്രധാനസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുകയറ്റി. അങ്ങനെ അവര്‍ 1959-ല്‍ എ.ഐ.സി.സി. പ്രസിഡന്റുവരെയായി.

ഇന്ദിരയ്ക്ക് നെഹ്‌റുവിനുമേല്‍ വലിയ സ്വാധീനം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കുന്തോറും മകളുടെ പിടിമുറുകി.1959-ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യിക്കുന്നതില്‍ ഇന്ദിര നിര്‍ണായക പങ്കുവഹിച്ചു. 1962-ല്‍ വി.കെ. കൃഷ്ണമേനോനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നിലെ ബുദ്ധികേന്ദ്രവും അവര്‍തന്നെ ആയിരുന്നു. ദൈവവിശ്വാസം തീരെയില്ലാഞ്ഞ നെഹ്‌റുവിന്റെ ദീര്‍ഘായുസിനുവേണ്ടി ഇന്ദിര തീന്‍മൂര്‍ത്തിഭവനില്‍ വലിയ പൂജയും ഹോമവും നടത്തി. മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ കൂടാതെ വേണം തന്റെ മൃതദേഹം ദഹിപ്പിക്കാനും ചിതാഭസ്മം ഗംഗയില്‍ ഒഴുക്കാനും എന്നുള്ള നെഹ്‌റുവിന്റെ മരണപത്രത്തിലെ നിര്‍ദ്ദേശവും മകള്‍ ലംഘിച്ചു.
1963-ലെ കാമരാജ് പ്ലാന്‍ യഥാര്‍ത്ഥത്തില്‍ മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിങ്ങനെയുള്ള മുതിര്‍ന്ന നേതാക്കളെ ഒതുക്കാനും ഇന്ദിരയെ ക്രമേണ താക്കോല്‍സ്ഥാനത്തേക്ക് ഉയര്‍ത്താനുമുള്ള പരിപാടിയുടെ ഭാഗമായിരുന്നു. പക്ഷേ അത് ഫലപ്രാപ്തിയിലെത്തും മുമ്പ് നെഹ്‌റു അന്തരിച്ചു, ശാസ്ത്രി പ്രധാനമന്ത്രിയായി.

ശാസ്ത്രിയുടെ മന്ത്രിസഭയില്‍ വെറുമൊരു വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രിയായിരിക്കാന്‍ ഇന്ദിര താല്‍പര്യപ്പെട്ടില്ല. അവര്‍ കുറെക്കൂടി വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വെമ്പി. 1965 ജനുവരിയില്‍ ഭാഷാസമരം ആളിക്കത്തിയ മദ്രാസില്‍ ഇന്ദിര പറന്നെത്തി സമരക്കാരെ സമാശ്വസിപ്പിച്ചു. അക്രമത്തില്‍ നിന്ന് പിന്തിരിയാന്‍ ആഹ്വാനം ചെയ്തു. ഇന്ദിരയുടെ ഇടപെടല്‍ തന്റെ അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമായാണ് ശാസ്ത്രി കണക്കാക്കിയത്.

1965 സെപ്തംബറില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ദിര ശ്രീനഗറിലേക്ക് പറന്നു. അവരുടെ സാന്നിധ്യം സൈനികരെയും നാട്ടുകാരെയും ആവേശഭരിതരാക്കി. ഇന്ത്യയുടെ ഒരിഞ്ചുഭൂമിപോലും പാകിസ്താന് വിട്ടുകൊടുക്കില്ലെന്ന് ഇന്ദിര പ്രഖ്യാപിച്ചു. പക്ഷേ യുദ്ധം വിജയിച്ചപ്പോള്‍ ശാസ്ത്രി പ്രബലനായെന്ന് അവര്‍ തിരിച്ചറിഞ്ഞു. രാഷ്ട്രീയവും പൊതുജീവിതവും അവസാനിപ്പിച്ച് കുട്ടികളുമൊത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കാന്‍ തുടങ്ങി. 1966 ജനുവരി 10നും 11നും ഇടയ്ക്കുള്ള രാത്രിയില്‍ താഷ്‌കന്റില്‍ വെച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രി മരിച്ചതോടെ ഇന്ദിരയുടെ ഭാഗ്യതാരം വീണ്ടും തെളിഞ്ഞു.

ശാസ്ത്രിയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ രാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദയെ വിളിച്ചുവരുത്തി വീണ്ടും ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചു. തദവസരത്തില്‍ ഇന്ദിരാഗാന്ധിയും സന്നിഹിതയായിരുന്നു. അവര്‍ ഉടനടി സുഹൃത്തും പത്രപ്രവര്‍ത്തകനുമായ രമേഷ് ഥാപ്പറെ വിളിച്ചുവരുത്തി. പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു. പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ദ്വാരകാപ്രസാദ് മിശ്രയെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു.

സ്വാതന്ത്ര്യസമരകാലത്തും പിന്നീടും മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഹെവിവെയ്റ്റ് താരമായിരുന്നു ഡി.പി. മിശ്ര. 1947-48 കാലത്ത് ആര്‍.എസ്.എസ്സിന്റെ നിരോധനം നീക്കാന്‍ കിണഞ്ഞുപരിശ്രമിച്ച മിശ്ര പിന്നീട് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അപ്രീതിക്കിരയായി കോണ്‍ഗ്രസ് വിട്ടു. 1951-ല്‍ ജനസംഘം രൂപീകരിക്കാനുള്ള ഉത്സാഹക്കമ്മിറ്റിയില്‍ അദ്ദേഹം സജീവമായിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ശ്യാമപ്രസാദ് മുഖര്‍ജിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയി. 1963-ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായി.

ഇന്ദിരയുടെ അഭ്യര്‍ത്ഥന മിശ്ര കൈക്കൊണ്ടു. എം.പി.മാരെയും സഹമുഖ്യമന്ത്രിമാരെയും സ്വാധീനിക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു.
1964-ല്‍ സമവായത്തിനുവേണ്ടി മനസ്സില്ലാമനസ്സോടെ പിന്മാറിയ മൊറാര്‍ജി ദേശായി ശാസ്ത്രിയുടെ മരണശേഷം പ്രധാനമന്ത്രിയാകാന്‍ സര്‍വഥാ യോഗ്യന്‍ താന്‍ തന്നെയെന്ന് ഉറപ്പിച്ചു. ഒരു കാരണവശാലും മത്സരരംഗത്തുനിന്ന് പിന്മാറുകയില്ലെന്നും തീരുമാനിച്ചു. ദേശായി മാത്രമല്ല വൈ.ബി. ചവാന്‍, എസ്.കെ. പാട്ടീല്‍, ഗുല്‍സാരിലാല്‍ നന്ദ എന്നിവരും പ്രധാനമന്ത്രിക്കസേരയില്‍ കണ്ണുവെച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജിന്റെ പേരും ഉയര്‍ന്നുവന്നു. ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത താന്‍ എങ്ങനെ പ്രധാനമന്ത്രിയാകും എന്നുചോദിച്ച് കാമരാജ് പിന്മാറി. ചവാനും പാട്ടീലും പറയത്തക്ക പിന്തുണ കിട്ടാതെ പിന്‍വലിഞ്ഞു.

ഇന്ദിരയ്ക്കും മൊറാര്‍ജിക്കുമിടയില്‍ ഒരു ഒത്തുതീര്‍പ്പ് പ്രധാനമന്ത്രിയാകാന്‍ ഗുല്‍സാരിലാല്‍ നന്ദ മോഹിച്ചു. രണ്ടുതവണ ഇടക്കാല പ്രധാനമന്ത്രിയായി എന്നതായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദത്തിന് അടിസ്ഥാനം. എസ്.കെ. പാട്ടീലിന്റെയും മൈസൂര്‍ മുഖ്യമന്ത്രി നിജലിംഗപ്പയുടെയും പരോക്ഷപിന്തുണ നന്ദയ്ക്കുണ്ടായിരുന്നു.
1898-ല്‍ പഞ്ചാബിലെ സിയാല്‍കോട്ടില്‍ ജനിച്ച നന്ദ ലാഹോറിലും ആഗ്രയിലും അലഹബാദിലുമായിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1921-ല്‍ ബോംബെയിലെ നാഷണല്‍ കോളേജില്‍ അധ്യാപകനായിരിക്കെ ദേശീയസമരത്തിലേക്കെടുത്തുചാടി. പലതവണ അറസ്റ്റും ജയില്‍വാസവും അനുഭവിച്ചു. 1946-ല്‍ ബോംബെയില്‍ തൊഴില്‍മന്ത്രിയായി 1951-ല്‍ പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാനും 1952-ല്‍ കേന്ദ്ര ആസൂത്രണവകുപ്പ് മന്ത്രിയുമായി. 1957 മുതല്‍ തൊഴില്‍വകുപ്പ് കയ്യാളി. 1963-ല്‍ കാമരാജ് പ്ലാന്‍പ്രകാരം ശാസ്ത്രി രാജിവെച്ചപ്പോള്‍ നന്ദ ആഭ്യന്തരമന്ത്രിയായി. ശാസ്ത്രിയുടെ മന്ത്രിസഭയിലും അദ്ദേഹത്തിന് ആഭ്യന്തരവകുപ്പ് തന്നെ ലഭിച്ചു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നന്ദയെ പിന്തുണയ്ക്കാന്‍ കാമരാജ് കൂട്ടാക്കിയില്ല. അങ്ങനെ അദ്ദേഹത്തിന്റെ സ്വപ്‌നം പൊലിഞ്ഞു.
ശാസ്ത്രിക്കുശേഷം ആര് എന്ന് ഒരിക്കല്‍ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ ശാസ്ത്രിയോട് തന്നെ ചോദിച്ചു. താന്‍ മൂന്നോ നാലോ വര്‍ഷം കൂടി ജീവിച്ചിരുന്നാല്‍ വൈ.ബി. ചവാന്‍ ആയിരിക്കും പിന്‍ഗാമി; ഒന്നോ രണ്ടോ വര്‍ഷമേ ഉള്ളൂവെങ്കില്‍ ഇന്ദിരാഗാന്ധിയായിരിക്കും എന്ന് ശാസ്ത്രി പ്രവചിച്ചു. ഏതായാലും ആ പ്രവചനം ഫലിച്ചു. രാഷ്ട്രപതി എസ്. രാധാകൃഷ്ണനും കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജും ഇന്ദിരയെ പിന്തുണച്ചു. ഏതുനിലയ്ക്കും മൊറാര്‍ജിയെ അകറ്റിനിര്‍ത്തണം എന്നും നിര്‍ബന്ധമുണ്ടായിരുന്ന സിന്‍ഡിക്കേറ്റ് ഇന്ദിരാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഡി.പി. മിശ്ര, രണ്ടുപേരൊഴികെ ബാക്കി സകല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയും ഇന്ദിരാക്യാമ്പില്‍ എത്തിച്ചു. കാര്യങ്ങള്‍ ഇന്ദിരയ്ക്ക് അനുകൂലമായി തിരിയുന്നു എന്ന് വ്യക്തമായ സാഹചര്യത്തില്‍ വിജയലക്ഷ്മി പണ്ഡിറ്റ് പോലും അനന്തരവള്‍ക്ക്് വിജയാശംസകള്‍ നേര്‍ന്നു. ഫിറോസ് ഗാന്ധിയുടെ മുന്‍ കാമുകി താരകേശ്വരി സിന്‍ഹ മൊറാര്‍ജിക്കൊപ്പം ഉറച്ചുനിന്നു. അതേസമയം സുഭദ്രാജോഷി ഇന്ദിരയെ പിന്തുണച്ചു.

1966 ജനുവരി 19ന് രഹസ്യബാലറ്റ് വഴി തെരഞ്ഞെടുപ്പ് നടന്നു. 169നെതിരെ 355 വോട്ട് നേടി ഇന്ദിര വിജയിച്ചു. ഇന്ദിരാഗാന്ധി സിന്ദാബാദ്, ലാല്‍ ഗുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴങ്ങി.
1966 ജനുവരി 24ന് പുതിയ മന്ത്രിസഭ സത്യവാചകം ചൊല്ലി അധികാരമേറ്റു. വിദേശകാര്യവും പൊതുഭരണവും പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്തു. മന്ത്രിസഭയില്‍ ചേരാന്‍ മൊറാര്‍ജിയെ ക്ഷണിച്ചില്ല. ക്ഷണിച്ചാലും അദ്ദേഹം സ്വീകരിക്കുകയില്ലായിരുന്നു. നെഹ്‌റുവിന്റെ വിശ്വസ്തനും ഇന്ദിരയുടെ അടുപ്പക്കാരനുമായിരുന്ന ടി.ടി. കൃഷ്ണമാചാരിയെയും മന്ത്രിസഭയില്‍ എടുത്തില്ല. ഗുല്‍സാരിലാല്‍ നന്ദയെ ഒഴിവാക്കണമെന്ന് ഇന്ദിര ആഗ്രഹിച്ചെങ്കിലും കാമരാജ് സമ്മതിച്ചില്ല. നന്ദയെ ആഭ്യന്തരമന്ത്രിയായും വൈ.ബി. ചവാനെ പ്രതിരോധമന്ത്രിയായും നിലനിര്‍ത്തി.

ബാബു ജഗജീവന്‍ റാം (തൊഴില്‍), എസ്.കെ. പാട്ടീല്‍ (റെയില്‍വെ), സഞ്ജീവറെഡ്ഡി (ഗതാഗതം, വ്യോമയാനം), സി. സുബ്രഹ്മണ്യം (ഭക്ഷ്യം, കൃഷി), സചീന്ദ്രചൗധരി (ധനകാര്യം), എം.സി. ഛഗ്ല (വിദ്യാഭ്യാസം), സത്യനാരായണ്‍ സിന്‍ഹ (പാര്‍ലമെന്ററികാര്യം), ഡി. സഞ്ജീവയ്യ (വ്യവസായം), മനുഭായ് ഷാ (വാണിജ്യം), അശോക് മേത്ത (ആസൂത്രണം), ജി.എസ്. പഥക് (നിയമം), ഫക്രുദ്ദീന്‍ അലി അഹമ്മദ് (ഊര്‍ജ്ജം, ജലസേചനം) എന്നിവരായിരുന്നു മറ്റു മന്ത്രിമാര്‍.

ഇന്ദിര മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത 1966 ജനുവരി 24ന് വലിയൊരു അത്യാഹിതം സംഭവിച്ചു. ബോംബെയില്‍ നിന്ന് ദല്‍ഹി-ബെയ്‌റൂട്ട്-ജനീവ വഴി ലണ്ടനിലേക്ക് പോയ എയര്‍ഇന്ത്യയുടെ ബോയിംഗ് 707 വിമാനം ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണു. ഡോ. ഹോമി ജഹാംഗീര്‍ ഭാഭ ഉള്‍പ്പെടെ അതിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. വിമാനത്തിന്റെ ഉയരം നിര്‍ണയിക്കുന്നതില്‍ പൈലറ്റിന് സംഭവിച്ച പിഴവാണ് അപകടകാരണമെന്ന് വിശദീകരണമുണ്ടായി. എങ്കിലും ഇന്ത്യയുടെ അണുവായുധ പരീക്ഷണം തടയാന്‍ അമേരിക്ക ഒരുക്കിയ അട്ടിമറിയായിരുന്നു എന്ന്് പില്‍ക്കാലത്ത് ആരോപണമുയര്‍ന്നു.
ഇന്ദിരാഗാന്ധി അധികാരമേല്‍ക്കുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളി നേരിടുകയായിരുന്നു. 1962-ലെ യുദ്ധം വരുത്തിവെച്ച ബാധ്യതയ്ക്കുമേലാണ് 1965-ലെ യുദ്ധം വരുത്തിയ പരാധീനത. 1965-ലും 66-ലും കാലവര്‍ഷം ചതിച്ചു. രാജ്യം അതിഭയാനകമായ വരള്‍ച്ച അനുഭവിച്ചു. കൃഷി നശിച്ചതോടെ ഭക്ഷ്യക്ഷാമം രൂക്ഷമായി. അതോടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും പെരുകി. വില കുതിച്ചുകയറി. രാജ്യത്തെങ്ങും ഭക്ഷ്യധാന്യങ്ങള്‍ക്കുവേണ്ടി മുറവിളി ഉയര്‍ന്നു. കലാപകലുഷിതമായ പഞ്ചിമബംഗാളില്‍ സമരക്കാരെ നിയന്ത്രിക്കാന്‍ പട്ടാളത്തെ വിളക്കേണ്ടിവന്നു. പഞ്ചവത്സരപദ്ധതി താളംതെറ്റി. കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ക്കുവേണ്ടി അമേരിക്കയ്ക്കുമുന്നില്‍ കൈനീട്ടുകയല്ലാതെ നിവൃത്തിയില്ലാതായി.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിപദം ഏറ്റെടുത്ത് ഒരു മാസത്തിനകം, 1966 ഫെബ്രുവരിയില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം ജയ്പൂരില്‍ നടന്നു. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ താഷ്‌കന്റ് പ്രഖ്യാപനം പാര്‍ട്ടിയെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കാന്‍ തന്നെ ഇന്ദിര വല്ലാതെ ബദ്ധപ്പെട്ടു. ഭക്ഷ്യപ്രശ്‌നം സമ്മേളനപന്തലില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. അരി കിട്ടാതെ വലയുന്ന കേരളീയരോട് മറ്റ് ധാന്യങ്ങള്‍ കഴിച്ച് ശീലിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എല്ലാ കേരളീയര്‍ക്കും അരി ലഭ്യമാകും വരെ താന്‍ അരിയാഹാരം കഴിക്കില്ലെന്നും അവര്‍ ശപഥം ചെയ്തു. ഭക്ഷ്യമേഖലകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം കോണ്‍ഗ്രസുകാരെ കുപിതരാക്കി. കാമരാജ് തക്കസമയത്ത് ഇടപെട്ടതുകൊണ്ട് മാത്രമാണ് ഇന്ദിരാഗാന്ധി കയ്യേറ്റത്തില്‍ നിന്നും വലിയ അപമാനത്തില്‍ നിന്നും രക്ഷപെട്ടത്.

അതിനുപിന്നാലെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനമോ ധനമന്ത്രി സചീന്ദ്രചൗധരിയുടെ ബജറ്റ് പ്രസംഗമോ അംഗങ്ങളെ തൃപ്തരാക്കിയില്ല. ഭരണപ്രതിപക്ഷ മെമ്പര്‍മാര്‍ ഒരുപോലെ അസ്വസ്ഥത പ്രകടിപ്പിച്ചു. ഭരണപരിചയവും പാര്‍ലമെന്ററി പരിചയവും നന്നേ കുറവുള്ള ഇന്ദിരാഗാന്ധി സഭയില്‍ തികഞ്ഞ പരാജയമായി മാറി. ലോക്‌സഭയില്‍ കൃപലാനി-മസാനി-ലോഹ്യ-എ.കെ.ജി. മുതലായവരും രാജ്യസഭയില്‍ വാജ്‌പേയി-ഭൂപേഷ്ഗുപ്തമാരും നടത്തിയ കടന്നാക്രമണത്തിനു മുന്നില്‍ പ്രധാനമന്ത്രി പതറി. ഡോ. രാം മനോഹര്‍ ലോഹ്യ അവരെ ഗൂംഗി ഗുഡിയ എന്ന് വിശേഷിപ്പിച്ചു.
1965-ലെ യുദ്ധത്തിനുശേഷം കശ്മീര്‍ ശാന്തമായിരുന്നു എന്നതാണ് പുതിയ പ്രധാനമന്ത്രിക്കുണ്ടായിരുന്ന ഒരേയൊരു ആശ്വാസം. ജി.എം. സാദിഖ് സത്യസന്ധനും മികച്ച ഭരണാധികാരിയുമെന്ന് പേരെടുത്തു. മറുഭാഗത്ത് പാകിസ്താന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുകയുമായിരുന്നു. 1966 ഒക്ടോബറില്‍ പ്രധാനമന്ത്രി കശ്മീര്‍ സന്ദര്‍ശിച്ചു. കശ്മീരിനോടും കശ്മീരികളോടും തനിക്കുള്ള പ്രത്യേക പ്രതിപത്തിയെക്കുറിച്ച് അവര്‍ വാചാലയായി. ഇന്ദിരയുടെ പ്രസംഗം കേള്‍ക്കാന്‍ വലിയൊരു പുരുഷാരം തടിച്ചുകൂടി.

1967-ലെ തെരഞ്ഞെടുപ്പിനു മുമ്പ് ഷേഖ് അബ്ദുള്ളയെ മോചിപ്പിക്കണം എന്നൊരാവശ്യം ജയപ്രകാശ് നാരായണ്‍ ഉന്നയിച്ചു. ഷേഖിനെ തടവിലാക്കിക്കൊണ്ട് കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ജയിലില്‍ അടച്ചുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്തുംപോലെ അപഹാസ്യമാണെന്ന് ഇന്ദിരാഗാന്ധിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. അഭിപ്രായങ്ങള്‍ അറിയിച്ചതിന് ഇന്ദിര ജെ.പിയോട് നന്ദി രേഖപ്പെടുത്തി. എന്നാല്‍ കത്തിന് മറുപടി അയച്ചില്ല. ഷേഖ് അബ്ദുള്ള തടവില്‍ തുടര്‍ന്നു.
ശാസ്ത്രിയുടെ കാലത്ത് നാഗാലാന്റില്‍ നിലനിന്ന സമാധാന അന്തരീക്ഷം 1966 ആദ്യം ഭഞ്ജിക്കപ്പെട്ടു. സമാധാനദൗത്യ സംഘത്തില്‍ നിന്ന് ജയപ്രകാശ് നാരായണനും റവ. മൈക്കല്‍ സ്‌കോട്ടും രാജിവെച്ചു. ജെ.പി.ക്ക് നാഗന്മാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. സ്‌കോട്ടിന് ഇന്ത്യാ ഗവണ്‍മെന്റിലുള്ള വിശ്വാസവും നഷ്ടപ്പെട്ടു. നാഗാ കലാപകാരികള്‍ ആയുധം ഉപേക്ഷിക്കണമെന്നും ഇന്ത്യന്‍ യൂണിയനകത്തെ സ്വയംഭരണംകൊണ്ട് തൃപ്തരാകണമെന്നും ജയപ്രകാശ് ആഹ്വാനം ചെയ്തു. മറിച്ച്, സിക്കിമും ഭൂട്ടാനും പോലെ സ്വന്തം കൊടിയും നാണയവും രാജ്യത്തലവനുമുള്ള ഒരു സംരക്ഷിത രാഷ്ട്രമായി നാഗാലാന്റ് മാറണമെന്നും സൈനികമായി മാത്രം ഇന്ത്യയോട് വിധേയത്വം പുലര്‍ത്തണം എന്നുമായിരുന്നു സ്‌കോട്ടിന്റെ പക്ഷം. അതുപോലും ഫിസോയ്ക്ക് സ്വീകാര്യമായില്ല. സ്വതന്ത്രപരമാധികാര നാഗാലാന്റില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം സന്നദ്ധനായില്ല. ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയായി.1966 മേയ് മാസത്തില്‍ റവ. മൈക്കല്‍ സ്‌കോട്ട് ഇന്ത്യയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

നാഗാലാന്റിനേക്കാള്‍ ഭയങ്കരമായ കാര്യങ്ങളാണ് മിസോറാമില്‍ നടന്നത്. 1959-ലെ ക്ഷാമം മുതല്‍ മിസോ കുന്നുകള്‍ അസ്വസ്ഥമായിരുന്നു. ലാല്‍ ഡെങ്ക നയിച്ച മിസോ നാഷണല്‍ ഫ്രണ്ട് ആദ്യം ഇന്ത്യന്‍ യൂണിയനകത്ത് പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടു, അടുത്ത ഘട്ടത്തില്‍ പ്രത്യേക രാജ്യം തന്നെ ചോദിച്ചു. 1963 മുതല്‍ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കി. പാകിസ്താനില്‍ നിന്ന് ആധുനിക ആയുധങ്ങള്‍ കരസ്ഥമാക്കി. 1968 ഫെബ്രുവരി 29ന് കലാപം ആരംഭിച്ചു. ബാങ്കുകള്‍ കൊള്ളയടിച്ചു, സര്‍ക്കാര്‍ ഓഫീസുകള്‍ തകര്‍ത്തു. റോഡുകള്‍ തടയുകയും വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ തകരാറാക്കുകയും ചെയ്തു. ലംഗ്ലെ നഗരം പിടിച്ചെടുത്ത കലാപകാരികള്‍ മിസോറാമിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഐസ്‌വാളിനുനേരെ കനത്ത ആക്രമണം അഴിച്ചുവിട്ടു. ഇന്ത്യന്‍ ആര്‍മി മിസോറാമിലേക്ക് മാര്‍ച്ച് ചെയ്തു. യുദ്ധവിമാനങ്ങള്‍ ലംഗ്ലെയ്ക്കുമേല്‍ ബോംബ് വര്‍ഷിച്ചു.

പ്രതാപ്‌സിങ്ങ് കെയ്‌റോണിന്റെ സ്ഥാനഭ്രംശത്തിനും കൊലപാതകത്തിനും ശേഷം പഞ്ചാബ് വീണ്ടും കലുഷിതമായിരുന്നു. ശിരോമണി അകാലിദള്‍ പഞ്ചാബി സുബയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭം ശക്തമാക്കി. മദ്രാസില്‍ നിന്ന് ആന്ധ്രയും ബോംബെയില്‍ നിന്ന് ഗുജറാത്തും വേര്‍പെടുത്തിയപോലെ പഞ്ചാബിനെയും ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കുന്നതാണ് ഉചിതമെന്ന് ഇന്ദിരാഗാന്ധിക്കും തോന്നി. 1965-ലെ യുദ്ധത്തില്‍ അനിതരസാധാരണമായ ധൈര്യവും ശൗര്യവും പ്രകടിപ്പിച്ച സിഖ് സൈനികരോടുള്ള കടപ്പാട് കൂടി ആ തീരുമാനത്തില്‍ പ്രതിഫലിച്ചു. 1966 മാര്‍ച്ച് മാസത്തില്‍ വിഭജനം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടു. നവംബര്‍ ഒന്നിന് ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങള്‍ ഹരിയാനയായി മാറി; സിഖ് ഭൂരിപക്ഷപ്രദേശം പഞ്ചാബായി തുടര്‍ന്നു. ഹിമാചല്‍പ്രദേശിന്റെ വിസ്തൃതിയിലും ചില്ലറ മാറ്റങ്ങളുണ്ടായി. ചണ്ഡീഗഡ് നഗരം പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതുതലസ്ഥാനമായി തുടരുമെന്നും തീരുമാനിച്ചു.

മധ്യപ്രദേശിലെ ബസ്തര്‍ ജില്ലയില്‍ ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടതിനെത്തുടര്‍ന്ന് ആദിവാസികള്‍ പ്രക്ഷോഭം ആരംഭിച്ചു. മുന്‍ മഹാരാജാവ് പ്രവീണ്‍ചന്ദ്ര ഭഞ്ജ്‌ദേവ് അവര്‍ക്ക് നേതൃത്വം നല്‍കി. 1966 മാര്‍ച്ച് 25ന് നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായി. ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. പോലീസ് വെടിവെപ്പില്‍ 40 ആദിവാസികള്‍ മരിച്ചു. ബിഹാറിലെ ആദിവാസി മേഖലയിലും അതാവര്‍ത്തിച്ചു. മോണ്‍ഘീര്‍ ജില്ലയില്‍ ആദിവാസികള്‍ അരിയും ഗോതമ്പും കിട്ടാതെ മരത്തിന്റെ വേരും ഇലയും തിന്ന് കഴിയേണ്ട അവസ്ഥയിലെത്തി. അവിടെയും ഭക്ഷ്യധാന്യങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. പോലീസ് വലിയ ബലപ്രയോഗത്തിനും മുതിര്‍ന്നു.

ഭക്ഷ്യക്ഷാമത്തിന് അറുതിതേടി 1966 മാര്‍ച്ച് 27ന് ഇന്ദിര അമേരിക്കയിലേക്ക് പറന്നു. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ ചെസ്റ്റര്‍ ബൗള്‍സും വാഷിംഗ്ടണിലെ ഇന്ത്യന്‍ സ്ഥാനപതി ബി.കെ. നെഹ്‌റുവും അതിനുമുമ്പ് തന്നെ പ്രസിഡന്റ് ജോണ്‍സനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. യുദ്ധസമയത്ത് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം പിന്‍വലിക്കാമെന്നും ഭക്ഷ്യധാന്യ കയറ്റുമതി വര്‍ധിപ്പിക്കാമെന്നും അദ്ദേഹം തത്വത്തില്‍ തീരുമാനിച്ചിരുന്നു താനും. നല്ലപോലെ അണിഞ്ഞൊരുങ്ങി വാഷിംഗ്ടണിലെത്തിയ ഇന്ദിരയെ കണ്ട് ജോണ്‍സണ്‍ അസാരം ഭ്രമിച്ചു. ഇന്ത്യക്ക് ഒമ്പത് മില്യണ്‍ ഡോളറും മൂന്ന് മില്യണ്‍ ടണ്‍ ഗോതമ്പും വാഗ്ദാനം ചെയ്തു. ഇന്ദിരയും സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. വിയറ്റ്‌നാം പ്രശ്‌നത്തില്‍ അമേരിക്കയോട് അനുഭാവം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. വിയറ്റ്‌നാമിലെ കൂട്ടക്കുരുതിക്കെതിയെ ന്യായീകരിച്ചതിനെതിരെ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും കോണ്‍ഗ്രസിലെ ഇടതുപക്ഷക്കാരും എന്നുവേണ്ട ആര്‍.എസ്.എസ്സും ജനസംഘവും വരെ ഇന്ദിരയെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നിലപാട് അല്പമൊന്ന് മയപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇന്ദിരയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുമ്പോള്‍ കാമരാജും സിന്‍ഡിക്കേറ്റും കരുതിയത് ഭരണപരിചയമില്ലാത്ത അവര്‍ പൂര്‍ണമായും തങ്ങളുടെ വരുതിക്ക് നില്‍ക്കും, വിധേയത്വം പ്രകടിപ്പിക്കും എന്നാണ്. എന്നാല്‍ ഇ്ന്ദിരാഗാന്ധി സിന്‍ഡിക്കേറ്റിനെ പരമാവധി അവഗണിച്ചു. കിച്ചന്‍ കാബിനറ്റ് എന്നറിയപ്പെട്ട ചെറിയ ഒരു ഉപദേശകസംഘം രൂപീകരിച്ചു. കേന്ദ്രസഹമന്ത്രി ദിനേശ്‌സിങ്ങ് ആയിരുന്നു അവരില്‍ പ്രധാനി. അലഹബാദിനടുത്ത് കാലകാംഗറിലെ നാടുവാണിയുടെ മകനായിരുന്നു ദിനേശ്‌സിങ്ങ്. നെഹ്‌റു കുടുംബവുമായി ഉറ്റബന്ധം പുലര്‍ത്തിയ ദിനേശ് 1957-ല്‍ പ്രതാപ്ഗഡില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 62-ല്‍ വിജയം ആവര്‍ത്തിച്ചു. 1962-66 കാലത്ത് നെഹ്‌റുവിന്റെയും ശാസ്ത്രിയുടെയും മന്ത്രിസഭകളില്‍ വിദേശകാര്യഉപമന്ത്രിയായിരുന്നു. 1966-ല്‍ ഇന്ദിരാഗാന്ധി അദ്ദേഹത്തെ സഹമന്ത്രിയായി ഉയര്‍ത്തി.

പ്രധാനപ്പെട്ട സകല ഫയലുകളും ദിനേശ്‌സിങ്ങ് കണ്ടശേഷമേ ഇന്ദിര ഒപ്പിട്ടിരുന്നുള്ളൂ. ദിനേശ്‌സിങ്ങാണ് രാജ്യത്തെ യഥാര്‍ത്ഥ പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ അടക്കം പറഞ്ഞു. മാത്രമല്ല ഇന്ദിരയും ദിനേശും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല കിംവദന്തികളും പ്രചരിച്ചു. 41കാരനായ ദിനേശ്‌സിങ്ങ് വിവാഹിതനും ആറ് പെണ്‍കുട്ടികളുടെ പിതാവുമായിരുന്നു. ഇന്ദിരയാണെങ്കില്‍ 48 വയസുള്ള വിധവ; മുതിര്‍ന്ന രണ്ടാണ്‍മക്കളുടെ അമ്മ. കിംവദന്തികള്‍ ഇല്ല്ാതാക്കാന്‍ പ്രത്യേക ശ്രമമൊന്നും ഇരുവരും നടത്തിയില്ല. പ്രധാനമന്ത്രിയുടെ കാമുകന്‍ എന്ന പദവിയില്‍ ദിനേശ്‌സിങ്ങ് അഭിമാനിച്ചിരുന്നുതാനും.

ദല്‍ഹിയില്‍ നിന്നുള്ള രാജ്യസഭാംഗം ഇന്ദര്‍കുമാര്‍ ഗുജ്‌റാള്‍, ഒറീസയില്‍ നിന്നുള്ള രാജ്യസഭാംഗം നന്ദിനി സത്പതി,യു.പി.യില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഉമാശങ്കര്‍ ദീക്ഷിത്, മധ്യപ്രദേശ് മുഖ്യമന്ത്രി ഡി.പി. മിശ്ര എന്നിവരായിരുന്നു കിച്ചന്‍ കാബിനറ്റിലെ മറ്റ് അംഗങ്ങള്‍. ഭക്ഷ്യമന്ത്രി സി. സുബ്രഹ്മണ്യം, ആസൂത്രണകാര്യമന്ത്രി അശോക്‌മേത്ത, ഊര്‍ജ്ജമന്ത്രി ഫക്രുദ്ദീന്‍ അലി അഹമ്മദ് എന്നിവരും ഉപദേശകസംഘത്തില്‍ ഉള്‍പ്പെട്ടു.

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് ലോകബാങ്കും അന്താരാഷ്ട്ര നാണ്യനിധിയും നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗ്ഗം രൂപയുടെ മൂല്യം കുറയ്ക്കുക എന്നതായിരുന്നു. ഇന്ദിരാഗാന്ധിക്ക് ഭരണപരിചയം കുറവായിരുന്നു, സാമ്പത്തികശാസ്ത്രം തീരെ വശമില്ലായിരുന്നുതാനും. സാമ്പത്തികശാസ്ത്ര പണ്ഡിതന്മാരായി കരുതപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍.കെ. ഝാ, കേന്ദ്ര ആസൂത്രണമന്ത്രി അശോക് മേത്ത, ഭക്ഷ്യമന്ത്രി സി. സുബ്രഹ്മണ്യം എന്നിവരുമായി പ്രധാനമന്ത്രി കൂടിയാലോചിച്ചു. മൂവരും രൂപയുടെ മൂല്യം കുറയ്ക്കുന്നതിനെ അനുകൂലിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജില്‍ നിന്ന് ഇക്കാര്യം മറച്ചുവെച്ചു. കാമരാജും മറ്റ് മുതിര്‍ന്ന നേതാക്കളും ഈ നടപടിയോട് ഒരു കാരണവശാലും യോജിക്കില്ലെന്ന് ഉറപ്പായിരുന്നു.
1966 ജൂണ്‍ 5ന് രൂപയുടെ മൂല്യം 35 ശതമാനം കണ്ട് വെട്ടിക്കുറച്ചു. ഡോളറിന് 4.76 രൂപ ആയിരുന്നത് 7.50 രൂപയായി. ആ തീരുമാനം രാജ്യത്തെ ഞെട്ടിച്ചു. ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും സര്‍ക്കാരിനെ ഒരുപോലെ വിമര്‍ശിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രമേയം പാസാക്കി. ഇന്ദിരയെ പ്രധാനമന്ത്രിയാക്കിയതില്‍ കാമരാജ് പശ്ചാത്തപിച്ചു. (വലിയ മനുഷ്യന്റെ മകള്‍, ചെറിയ മനുഷ്യന് പറ്റിയ അബദ്ധം)

ജൂണ്‍ 12ന് നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ രൂപയുടെ മൂല്യം കുറച്ചതിനെ ഇന്ദിര പരസ്യമായി ന്യായീകരിച്ചു. അത്തരമൊരു തീരുമാനം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. യുദ്ധത്താലും വരള്‍ച്ചയാലും രൂക്ഷമായ വിവിധ സാഹചര്യങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയും മിക്കവാറും തടയുകയും ചെയ്തിരിക്കയാണ്. നാട്ടില്‍ ക്ഷാമം നടമാടുന്നു വ്യാവസായികമേഖല നിശ്ചലമാകുന്നു. തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാകുന്നു. സാമ്പത്തിക പ്രതിസന്ധി ചെറുകിട വ്യവസായത്തെയാണ് കൂടുതല്‍ ബാധിക്കുക കയറ്റുമതി പൂര്‍ണ്ണമായും നിലച്ചമട്ടാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൊണ്ടേയിരിക്കുന്നു. ആസ്വാസ്ഥ്യവും പ്രക്ഷോഭവും അനിശ്ചിതത്വവും നിലനില്‍ക്കുന്നു. മറ്റ് പല ചികിത്സകളും പരീക്ഷിച്ചു, ഫലവത്തായില്ല. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം വീണ്ടെടുക്കാന്‍ കൂടുതല്‍ ശക്തമായ ഔഷധം വേണ്ടിയിരുന്നു.
പ്രധാനമന്ത്രിയുടെ വിശദീകരണം അധികമാര്‍ക്കും ബോധിച്ചില്ല. അവരുടെ ജനപ്രീതി വല്ലാതെ ഇടിഞ്ഞു നിലംപരിശായി. രൂപയുടെ മൂല്യം കുറച്ചത് അബദ്ധമായെന്ന് ഇന്ദിരാഗാന്ധി പിന്നീട് സ്വകാര്യമായി സമ്മതിച്ചു. അമേരിക്കക്കാര്‍ വഞ്ചിച്ചു എന്നവര്‍ ഏറ്റുപറഞ്ഞു. തന്നെ കുഴിയില്‍ ചാടിച്ച സുബ്രഹ്മണ്യത്തെയും അശോക്‌മേത്തയെയും കിച്ചന്‍ കാബിനറ്റില്‍ നിന്നും പുറത്താക്കി.

നഷ്ടപ്പെട്ട ജനപ്രീതി വീണ്ടെടുക്കാന്‍ ഇന്ദിരാഗാന്ധി മറ്റൊരു പൊടിക്കൈ പ്രയോഗിച്ചു. ജൂലൈ ഒന്നിന് ഹാനോയിലും ഹായ്‌ഫോങ്ങിലും അമേരിക്ക നടത്തിയ ബോംബിങ്ങിനെ ഇന്ത്യ അപലപിച്ചു. ഈജിപ്തിലും യൂഗോസ്ലോവിയയിലും സോവിയറ്റ് യൂണിയനിലും സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. ലെനിന്‍ഗ്രാഡില്‍ വെച്ച് സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിനും ഇന്ദിരാഗാന്ധിയും വിയറ്റ്‌നാമിലെ സാമ്രാജ്യത്വ അധിനിവേശത്തെയും ഹാനോയിലെ ബോംബ് വര്‍ഷത്തെയും അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

ഇന്ദിരയുടെ നിലപാടുമാറ്റം പ്രസിഡന്റ് ജോണ്‍സനെ ക്രുദ്ധനാക്കി. ഇന്ത്യയിലേക്കുള്ള ഗോതമ്പ് കയറ്റുമതിക്ക് അമേരിക്ക കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യു.എന്‍. സെക്രട്ടറി ജനറല്‍ ഉതാന്തും പോള്‍ ആറാമന്‍ മാര്‍പാപ്പയും നടത്തിയപോലുള്ള അഭിപ്രായപ്രകടനമേ ഇന്ത്യന്‍ പ്രധാനമന്ത്രിയും നടത്തിയിട്ടുള്ളൂവെന്ന് ചെസ്റ്റര്‍ ബൗള്‍സ് വിശദീകരിച്ചുവെങ്കിലും ജോണ്‍സണ്‍ തണുത്തില്ല. പോപ്പിനും ഉതാന്തിനും നമ്മുടെ ഗോതമ്പ് ആവശ്യമില്ലല്ലോ എന്ന് അദ്ദേഹം തിരിച്ചടിച്ചു.
ഭക്ഷ്യപ്രതിസന്ധിക്കും രൂപയുടെ മൂല്യശോഷണത്തിനും പിന്നാലെ ഇന്ദിരയെ കാത്തിരുന്നത് ആര്‍.എസ്.എസ്. നിയന്ത്രിച്ച ഗോവധനിരോധന പ്രക്ഷോഭം ആയിരുന്നു. രാംരാജ്യപരിഷത്തിന്റെ സ്ഥാപകന്‍ സ്വാമി കര്‍പത്രി ആയിരുന്നു പ്രക്ഷോഭത്തിന് നടുനായകത്വം വഹിച്ചത്. 1966 നവംബര്‍ ആറിന് സ്വാമി കര്‍പത്രിയും സ്വാമി രമേശ്വരാനന്ദും നയിച്ച പ്രകടനം അക്രമാസക്തമായി നിരവധി കടകള്‍ തകര്‍ത്തു, വാഹനങ്ങള്‍ കത്തിച്ചു. പാര്‍ലമെന്റിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചു. പോലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു, ആറുപേര്‍ മരിച്ചു.
ഗോവധനിരോധന പ്രക്ഷോഭത്തോട് അനുഭാവം പുലര്‍ത്തിയിരുന്ന ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദയോട് ഇന്ദിരാഗാന്ധി രാജി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിസ്ഥാനം മോഹിച്ചിരുന്ന നന്ദയോട് ആദ്യം മുതലേ ഇന്ദിര വിദ്വേഷം വച്ചുപുലര്‍ത്തിയിരുന്നു. നവംബര്‍ ആറിലെ സംഭവങ്ങള്‍ അദ്ദേഹത്തെ പറഞ്ഞയക്കാന്‍ നിമിത്തമായി എന്നുമാത്രം. നവംബര്‍ 14ന് നന്ദ രാജിവെച്ചു. യാദൃശ്ചികമെന്നേ പറയേണ്ടൂ. അന്ന് ചാച്ചാ നെഹ്‌റുവിന്റെ ജന്മദിനവും ശിശുദിനവുമായിരുന്നു.
രൂപയുടെ മൂല്യശോഷണത്തെ അനുകൂലിക്കാതിരുന്ന ധനകാര്യമന്ത്രി സചീന്ദ്രചൗധരിയെയും വാണിജ്യമന്ത്രി മനുഭായ് ഷായെയും പുറത്താക്കണമെന്നും ഇന്ദിരയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കാമരാജും സിന്‍ഡിക്കേറ്റും അതിനെ വീറ്റോ ചെയ്തു. തന്റെ അധികാരത്തിന് ഒരുപാട് പരിമിതികളുണ്ടെന്ന് ഇന്ദിര തിരിച്ചറിഞ്ഞു.