ഭാരതരത്‌നം

October 6, 2017, 12:49 pm


ഭാരതരത്‌നം
Columns
Columns


ഭാരതരത്‌നം

ഭാരതരത്‌നം

പുരുഷോത്തംദാസ് ഠണ്ഡനെ അട്ടിമറിച്ച 1951 സെപ്തംബര്‍ മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രസിഡന്റായി തുടരുകയായിരുന്നു. 1952-ല്‍ ഡല്‍ഹിയിലും 53-ല്‍ ഹൈദരാബാദിലും 54-ല്‍ കല്‍ക്കട്ടയിലും നടന്ന സമ്മേളനങ്ങള്‍ അദ്ദേഹത്തെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും വിദേശമന്ത്രിയുടെയും ഭാരിച്ച ചുമതലകള്‍ക്കൊപ്പം പാര്‍ട്ടി അധ്യക്ഷന്റെ ഉത്തരവാദിത്തങ്ങളും നെഹ്‌റു നിറവേറ്റി. 1955-ലെ ആവടി സമ്മേളനത്തിന് മുമ്പ് തനിക്കിനി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ല എന്ന് പണ്ഡിറ്റ്ജി തീര്‍ത്തുപറഞ്ഞു. അങ്ങനെ പുതിയൊരു അധ്യക്ഷനെ കണ്ടെത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി. മുന്‍ സൗരാഷ്ട്ര മുഖ്യമന്ത്രി യു.എന്‍. ധേബാറിനാണ് ഒടുവില്‍ നറുക്കുവീണത്.

സൗരാഷ്ട്രയ്ക്ക് പുറത്ത് അധികമാരും അറിയുന്ന നേതാവായിരുന്നില്ല ഉച്ഛംഗ്‌റായ് നവല്‍ശങ്കര്‍ ധേബാര്‍.1905 സെപ്തംബര്‍ 21ന് ജനിച്ച ധേബാര്‍ ജാംനഗറില്‍ വക്കീലായി പ്രാക്ടീസ് ചെയ്യവേ 1936-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതും ദേശീയസമരത്തില്‍ പങ്കെടുത്തതും. 1941-ല്‍ വ്യക്തിസത്യാഗ്രഹത്തിലും 42-ല്‍ ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. 1948-54 കാലത്ത് സൗരാഷ്ട്ര മുഖ്യമന്ത്രിയായി. അപ്പോഴാണ് അദ്ദേഹത്തെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത്. 1955-ല്‍ ആവടിയിലും 56-ല്‍ അമൃത്‌സറിലും 57-ല്‍ ഇന്‍ഡോറിലും 58-ല്‍ ഗോഹട്ടിയിലും നടന്ന സമ്മേളനങ്ങള്‍ ധേബാറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തു. നെഹ്‌റുവിന്റെ നേതൃത്വത്തെ ഏതെങ്കിലും തരത്തില്‍ വെല്ലുവിളിക്കാന്‍ ശേഷിയോ ജനപിന്തുണയോ ഉള്ള നേതാവായിരുന്നില്ല ധേബാര്‍ ഭായ്. അതുതന്നെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കാന്‍ അദ്ദേഹത്തിന്റെ യോഗ്യതയും.

1954 ജനുവരിയിലാണ് രാഷ്ട്രം പത്മപുരസ്‌കാരങ്ങള്‍ അടക്കമുള്ള സിവില്‍ ബഹുമതികള്‍ നല്‍കാന്‍ ആരംഭിച്ചത്. പരമോന്നത ബഹുമതിയായ ഭാരതരത്‌നം വര്‍ഷത്തില്‍ പരമാവധി മൂന്നുപേര്‍ക്കെന്ന് നിജപ്പെടുത്തിയിരുന്നു. 1954-ല്‍ പ്രമുഖ ദാര്‍ശനികനും ഉപരാഷ്ട്രപതിയുമായ ഡോ. എസ്. രാധാകൃഷ്ണന്‍, പ്രമുഖ ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ സര്‍ സി.വി. രാമന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണര്‍ ജനറലുമായ സി. രാജഗോപാലാചാരി എന്നിവരാണ് ഭാരതരത്‌നത്തിന് അര്‍ഹരായത്. അടുത്തവര്‍ഷം എഴുത്തുകാരനും കാശിവിദ്യാപീഠം സഹസ്ഥാപകനുമായ ഡോ. ഭഗവാന്‍ദാസ്, പ്രമുഖ വാസ്തുശില്പിയും മുന്‍മൈസൂര്‍ ദിവാനുമായ സര്‍ എം. വിശ്വേശ്വരയ്യ എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നെഹ്‌റുവും ഭാരതരത്‌നമായി വാഴ്ത്തപ്പെട്ടു. ഭാരതരത്‌നം നല്‍കുന്നത് രാഷ്ട്രപതിയാണ്, ശുപാര്‍ശ ചെയ്യുന്നത് പ്രധാനമന്ത്രിയും. നെഹ്‌റു തന്നെ ശുപാര്‍ശ ചെയ്ത് സ്വയം ഭാരതരത്‌നമായതിന്റെ ഔചിത്യം അന്നാരും ചോദ്യം ചെയ്തില്ല. കാരണം നെഹ്‌റുവിന്റെ അര്‍ഹതയെക്കുറിച്ച് അദ്ദേഹത്തേക്കാള്‍ ബോധ്യം മറ്റുള്ളവര്‍ക്കുണ്ടായിരുന്നു. പില്‍ക്കാലത്ത് ഭാരതരത്‌നം എന്നത് നെഹ്‌റുവിന്റെ പര്യായപദമായി മാറി.

1957 ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 14 വരെ രണ്ടാം പൊതുതെരഞ്ഞെടുപ്പ് നടന്നു. സുകുമാര്‍സെന്‍ തന്നെയായിരുന്നു അത്തവണയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍. തെരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് ആര്‍ക്കും സംശയത്തിന് അവകാശമുണ്ടായിരുന്നില്ല. നെഹ്‌റുവിന്റെ ജനപ്രീതിയും പാര്‍ട്ടിയുടെ സംഘടനാശക്തിയും വ്യവസായികളുടെ നിര്‍ലോപമായ സാമ്പത്തിക സഹായവും കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമാക്കി. ഭൂരിപക്ഷം മൂന്നില്‍ രണ്ട് കടക്കുമോ എന്നതിലേ ഉണ്ടായിരുന്നുള്ളു തര്‍ക്കം.

വോട്ടെണ്ണിത്തീര്‍ന്നപ്പോള്‍ ആകെയുള്ള 494 സ്ഥാനങ്ങളില്‍ 371 എണ്ണവും കോണ്‍ഗ്രസ് കരസ്ഥമാക്കി. പോള്‍ ചെയ്ത വോട്ടിന്റെ 47.78 ശതമാനം അവര്‍ക്ക് കിട്ടി. ഫൂല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് നെഹ്‌റു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത എതിരാളി പി.എസ്.പിയിലെ ചേത്‌റാമിനുമേല്‍ പണ്ഡിറ്റ്ജിയുടെ ഭൂരിപക്ഷം 1,66,216 വോട്ടായിരുന്നു. മൗലാനാ ആസാദ് (ഗുഡ്ഗാവ്), ലാല്‍ ബഹദൂര്‍ ശാസ്ത്രി (അലഹബാദ്), മൊറാര്‍ജി ദേശായി (സൂററ്റ്), ടി.ടി. കൃഷ്ണമാചാരി (മദ്രാസ് സൗത്ത്), ഗുല്‍സാരിലാല്‍ നന്ദ (സബര്‍കാന്ത), വി.കെ കൃഷ്ണമേനോന്‍ (ബോംബെ നോര്‍ത്ത്) എന്നിവരും നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു. സസറാമില്‍ ബാബു ജഗ്ജീവന്‍ റാം എതിരില്ലാതെ ജയിച്ചു.

ലോക്‌സഭാ സ്പീക്കര്‍ അനന്തശയനം അയ്യങ്കാര്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നും ഡെപ്യൂട്ടി സ്പീക്കര്‍ ഹുക്കും സിംഗ് പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1952-ല്‍ ശിരോമണി അകാലിദള്‍ ടിക്കറ്റില്‍ ജയിച്ച ഹുക്കും സിംഗ് 57-ല്‍ കോണ്‍ഗ്രസുകാരനായാണ് മത്സരിച്ചതും ജയിച്ചതും. അതുപോലെ മുന്‍ തെരഞ്ഞെടുപ്പില്‍ കെ.എം.പി.പി. സ്ഥാനാര്‍ത്ഥിയായി ന്യൂഡല്‍ഹിയില്‍ മത്സരിച്ചു ജയിച്ച സുചേത കൃപലാനി 57-ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് നിലനിര്‍ത്തി. പണ്ഡിറ്റ് നെഹ്‌റുവിന്റെ മരുമകന്‍ ഫിറോസ് ഗാന്ധി റായ്ബറേലിയില്‍ നിന്നും സര്‍ദാര്‍ പട്ടേലിന്റെ മകള്‍ മണിബെന്‍ പട്ടേല്‍ ആനന്ദില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കമ്യൂണിസ്റ്റ് പാര്‍ട്ടി 8.92 ശതമാനം വോട്ടും 27 സീറ്റും നേടി ലോക്‌സഭയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. എസ്.എ. ഡാങ്കെ ബോംബെ സെന്‍ട്രല്‍ ജനറല്‍ സീറ്റില്‍ വിജയിച്ചു. എ.കെ. ഗോപാലന്‍ കാസര്‍കോട് നിന്നും നാഗിറെഡ്ഡി അനന്തപൂരില്‍ നിന്നും ഹിരണ്‍ മുഖര്‍ജി കല്‍ക്കട്ട സെന്‍ട്രലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഇടതുപക്ഷ കക്ഷികളില്‍ പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ബോംബെയില്‍ 4 സീറ്റ് അവര്‍ വിജയിച്ചു. ഫോര്‍വേഡ് ബ്ലോക്ക് (മാര്‍ക്‌സിസ്റ്റ്) ബംഗാളിലും മദ്രാസിലും ഓരോ സ്ഥാനങ്ങള്‍ നേടി. ആര്‍.എസ്.പിക്ക് ഒരിടത്തും ജയിക്കാനായില്ല.

പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 10.41 ശതമാനം വോട്ട് കിട്ടിയെങ്കിലും 19 സ്ഥാനങ്ങളിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. ആചാര്യ കൃപലാനി ബിഹാറിലെ സീതാമര്‍ഹി മണ്ഡലത്തില്‍ നിന്നും ഹേം ബറുവ ഗോഹട്ടിയില്‍ നിന്നും ഡോ. കെ.ബി. മേനോന്‍ വടകരയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം സോഷ്യലിസ്റ്റ് പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടു. വെറും 8 സീറ്റിലേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. യു.പിയിലെ ചന്ദോലിയില്‍ മത്സരിച്ച ഡോ. റാംമനോഹര്‍ ലോഹ്യ കോണ്‍ഗ്രസിലെ ത്രിഭുവന്‍ നാരായണിനോട് തോറ്റു, 36,577 വോട്ട് വ്യത്യാസത്തില്‍.

ഭാരതീയ ജനസംഘം 4 സീറ്റ് നേടി. രണ്ടെണ്ണം യു.പിയില്‍, രണ്ടെണ്ണം ബോംബെയില്‍. നേപ്പാള്‍ അതിര്‍ത്തിയിലെ ബല്‍റാംപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച അടല്‍ബിഹാരി വാജ്‌പേയ് ആയിരുന്നു വിജയികളില്‍ പ്രമുഖന്‍. കോണ്‍ഗ്രസിലെ ഹൈദര്‍ ഹുസൈനുമേല്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 9612 ആയിരുന്നു. ലഖ്‌നൗ, മഥുര മണ്ഡലങ്ങളിലും വാജ്‌പേയ് മത്സരിച്ചിരുന്നു. ലഖ്‌നൗവില്‍ കോണ്‍ഗ്രസിലെ പുളിന്‍ ബിഹാരി ബാനര്‍ജിയോട് തോറ്റു, മഥുരയില്‍ ജാമ്യസംഖ്യ പോലും നഷ്ടപ്പെട്ടു.

ഹിന്ദുമഹാസഭയുടെയും രാംരാജ്യ പരിഷത്തിന്റെയും പ്രകടനം ദയനീയമായിരുന്നു. മധ്യപ്രദേശിലെ ശിവപുരിയില്‍ മാത്രമാണ് മഹാസഭയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്. പ്രമുഖ നേതാക്കളായ വി.ജി. ദേശ്പാണ്ഡെ ഗ്വാളിയോറിലും എന്‍.സി. ചാറ്റര്‍ജി ഹുഗ്ലിയിലും കനത്ത പരാജയം ഏറ്റുവാങ്ങി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച രാജമാതാ വിജയരാജ സിന്ധ്യയാണ് ദേശ്പാണ്ഡെയെ തോല്‍പിച്ചത്. രാംരാജ്യപരിഷത്തിന് ഒരിടത്തും ജയിക്കാനായില്ല. ശിരോമണി അകാലിദളിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പഞ്ചാബിലെ പല മണ്ഡലങ്ങളിലും കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളാണ് രണ്ടാംസ്ഥാനത്ത് എത്തിയത്.

1956-ല്‍ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നെങ്കിലും ഡോ. അംബേദ്കറുടെ അനുയായികള്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന്റെ ബാനറിലാണ് മത്സരിച്ചത്. ആറിടത്ത് അവര്‍ വിജയിച്ചു. അതില്‍ അഞ്ചും ബോംബെ സംസ്ഥാനത്തായിരുന്നു; ആറാമത്തേത് മൈസൂരിലും. 1952-ല്‍ അംബേദ്കര്‍ തോറ്റ ബോംബെ സെന്‍ട്രല്‍ (സംവരണ) മണ്ഡലത്തില്‍ എസ്.സി.എഫിന്റെ ഗോപാല്‍ കാലൂജി മനേ വിജയിച്ചു. തോറ്റത് മുന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച നാരായണ്‍ കജ്രോല്‍കര്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മലപ്പുറം സീറ്റ് നിലനിര്‍ത്തി. വിജയി ബി. പോക്കര്‍ സാഹിബ്. ഒറീസയില്‍ ചില മുന്‍ നാട്ടുരാജാക്കന്മാരും വന്‍കിട ഭൂഉടമകളും ചേര്‍ന്ന് രൂപീകരിച്ച ഗണതന്ത്രപരിഷത്ത് 7 സീറ്റുകള്‍ നേടി.

ജവഹര്‍ലാല്‍ നെഹ്‌റു വീണ്ടും പ്രധാനമന്ത്രിയായി അധികാരമേറ്റു. വിദേശകാര്യവകുപ്പ് അദ്ദേഹം തന്നെ കയ്യാളി. മൗലാനാ അബുല്‍കലാം ആസാദ് (വിദ്യാഭ്യാസം), ജി.ബി. പന്ത് (ആഭ്യന്തരം), ടി.ടി. കൃഷ്ണമാചാരി (ധനകാര്യം), വി.കെ. കൃഷ്ണമേനോന്‍ (രാജ്യരക്ഷ), ജഗ്ജീവന്‍ റാം (റെയില്‍വെ), ലാല്‍ ബഹദൂര്‍ ശാസ്ത്രി (ഗതാഗതം, വാര്‍ത്താവിനിമയം), മൊറാര്‍ജി ദേശായി (വാണിജ്യം, വ്യവസായം), എസ്.കെ. പാട്ടീല്‍ (ഊര്‍ജ്ജം, ജലസേചനം), സ്വരണ്‍ സിംഗ് (ഉരുക്ക്, ഖനി), എ.പി. ജയിന്‍ (കൃഷി, ഭക്ഷ്യം), ഗുല്‍സാരിലാല്‍ നന്ദ (തൊഴില്‍, ആസൂത്രണം) എന്നിവരായിരുന്നു മറ്റു മന്ത്രിമാര്‍. അനന്തശയനം അയ്യങ്കാര്‍ സ്പീക്കറായും സര്‍ദാര്‍ ഹുക്കും സിംഗ് ഡെപ്യൂട്ടി സ്പീക്കറായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു. കേരളവും ഒറീസയും ഒഴികെ മറ്റെല്ലായിടത്തും കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടി. ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടിയുടെ മേധാവിത്വം വളരെ വ്യക്തമായിരുന്നു. രാജസ്ഥാനിലെ 176-ല്‍ 119-ഉം, യു.പിയിലെ 430-ല്‍ 286-ഉം മധ്യപ്രദേശിലെ 288-ല്‍ 232-ഉം ബിഹാറിലെ 318-ല്‍ 210-ഉം സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് കരസ്ഥമാക്കി. രാജസ്ഥാനില്‍ മോഹന്‍ലാല്‍ സുഖാദിയ മുഖ്യമന്ത്രിയായി. യു.പിയില്‍ സമ്പൂര്‍ണാനന്ദ്, മധ്യപ്രദേശില്‍ കൈലാസ്‌നാഥ് കട്ജു, ബിഹാറില്‍ ശ്രീകൃഷ്ണ സിന്‍ഹ.

പൂര്‍വഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പശ്ചിമബംഗാളില്‍ ആകെയുള്ള 252 സീറ്റില്‍ 152 എണ്ണം കോണ്‍ഗ്രസ് നേടി. ഡോ. ബിദാന്‍ ചന്ദ്ര റോയ് വീണ്ടും മുഖ്യമന്ത്രിയായി. ആസാമിലെ 108-ല്‍ 71 സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ജയിച്ചു. ബി. പ്രസാദ് ചാലിഹ മുഖ്യമന്ത്രിപദമേറ്റു. ഒറീസയില്‍ ഗണതന്ത്രപരിഷത്ത് കനത്ത വെല്ലുവിളി ഉയര്‍ത്തി 140-ല്‍ 51 സ്ഥാനങ്ങള്‍ നേടി. കോണ്‍ഗ്രസ് 56 സീറ്റിലും ജയിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് മന്ത്രിസഭ രൂപീകരിച്ചു. ഹരേകൃഷ്ണമേത്താബ് ആയിരുന്നു മുഖ്യമന്ത്രി. സ്വതന്ത്രന്മാരേയും ചെറുകക്ഷികളേയും കൂട്ടുപിടിച്ച് അദ്ദേഹം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു.

ഭാഷാ സംസ്ഥാന പ്രക്ഷോഭം ഉണ്ടാക്കിയ പ്രശ്‌നങ്ങളാല്‍ ബോംബെയില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞു. എങ്കിലും 396-ല്‍ 234 സീറ്റ് ജയിച്ച് ഭരണം നിലനിര്‍ത്തി. വൈ.ബി. ചവാന്‍ വീണ്ടും മുഖ്യമന്ത്രിയായി. പഞ്ചാബില്‍ ഭീംസിംഗ് സച്ചാറിനു പകരം പ്രതാപ്‌സിംഗ് കൈറോണിനെ നായകനാക്കി കോണ്‍ഗ്രസ് വമ്പിച്ച വിജയം കൊയ്തു. ഹിന്ദുക്കളും ജാട്ട് ഇതര സിഖുകളും കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നു. അകാലി-ജനസംഘം സഖ്യം ശിഥിലമായതും കോണ്‍ഗ്രസിന് ഗുണമായി.

ആന്ധ്രാപ്രദേശിലും (71/108) മൈസൂരിലും (150/208) മദ്രാസിലും (151/205) കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചു. ആന്ധ്രയില്‍ നീലം സഞ്ജീവറെഡ്ഡിയും മൈസൂരില്‍ എസ്. നിജലിംഗപ്പയും മദ്രാസില്‍ കെ. കാമരാജും മുഖ്യമന്ത്രിമാരായി. എന്നാല്‍ കേരളം കോണ്‍ഗ്രസിനെ കൈവിട്ടു. ആകെയുള്ള 126 സീറ്റില്‍ 43 ഇടത്തേ പാര്‍ട്ടിക്ക് ജയിക്കാനായുള്ളൂ. 1948-56 കാലത്തെ ഭരണപരാജയത്തിനും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വലിയ വില കൊടുക്കേണ്ടിവന്നു. സംഘടനാദൗര്‍ബല്യവും നേതാക്കളുടെ കുതികാല്‍വെട്ടും കൂടിയായപ്പോള്‍ പരാജയം ഉറപ്പിച്ചു.

കോണ്‍ഗ്രസിന്റെ പരാജയവും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ദൗര്‍ബല്യവും ത്രികോണമത്സരത്തിന്റെ ആനുകൂല്യവും കമ്യൂണിസ്റ്റ് പാര്‍ട്ടി മുതലാക്കി. 60 പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും 5 സ്വതന്ത്രരും വിജയിച്ചു. അങ്ങനെ കഷ്ടിച്ച് ഭൂരിപക്ഷം തികച്ചു. ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പെട്ടിയിലൂടെ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറി. അതോടെ രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ മൊത്തം ശ്രദ്ധ കേരളത്തിലേക്ക് തിരിഞ്ഞു.