ഭരണവും സമരവും

October 6, 2017, 1:21 pm


ഭരണവും സമരവും
Columns
Columns


ഭരണവും സമരവും

ഭരണവും സമരവും

സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 30 അംഗങ്ങളെ വിജയിപ്പിച്ച് രണ്ടാം ലോക്‌സഭയില്‍ മുഖ്യപ്രതിപക്ഷകക്ഷി എന്ന സ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനിര്‍ത്തി. സംസ്ഥാന നിയമസഭകളിലും പ്രകടനം മോശമായിരുന്നില്ല. 37 സീറ്റ് നേടി ആന്ധ്രയിലും 49 പേരെ ജയിപ്പിച്ച് പശ്ചിമബംഗാളിലും പ്രധാന പ്രതിപക്ഷമായി. ബോംബെയിലും (21), ഒറീസയിലും (9), ബീഹാറിലും (7), യു.പിയിലും (9) നിലമെച്ചപ്പെടുത്തി. മൈസൂരിലും രാജസ്ഥാനിലും ആസാമിലും അക്കൗണ്ട് തുറന്നു. പാര്‍ട്ടിക്ക് ഏറ്റവും വലിയ വിജയമുണ്ടായത് കേരളത്തിലായിരുന്നു.

തിരുവിതാംകൂറില്‍ 1948-ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുകാര്‍ ആരും ജയിച്ചിരുന്നില്ല. അവരോടു കൂട്ടുചേര്‍ന്ന് മത്സരിച്ച സോഷ്യലിസ്റ്റുകാരും ജയിച്ചില്ല. ഇടതുപക്ഷക്കാര്‍ പിന്തുണച്ച ഒരു സ്വതന്ത്രന്‍ മാത്രമാണ് വിജയിച്ചത്. കൊച്ചിയിലും മലബാറിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 1952-ലെ തെരഞ്ഞെടുപ്പില്‍ തിരു-കൊച്ചി സംസ്ഥാനത്ത് 25 പേരെയും മലബാറില്‍ നിന്ന് മദ്രാസ് നിയമസഭയിലേക്ക് 8 പേരെയും വിജയിപ്പിക്കാന്‍ കഴിഞ്ഞു. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ തിരു-കൊച്ചി നിയമസഭയില്‍ സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 28 കമ്യൂണിസ്റ്റ് എം.എല്‍.എ.മാര്‍ ഉണ്ടായി. ആ വര്‍ഷം തന്നെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 48-ല്‍ 24 സീറ്റുകള്‍ കരസ്ഥമാക്കി.

1948 മുതല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി സഖ്യം ചെയ്താണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിച്ചിരുന്നത്. എന്നാല്‍ 1957-ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷ ഐക്യം ശിഥിലമായി. സീറ്റ് പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് കമ്യൂണിസ്റ്റുകാരെയും പി.എസ്.പി., ആര്‍.എസ്.പി., കെ.എസ്.പി. പാര്‍ട്ടികളെയും തമ്മില്‍ പിണക്കിയത്. ഒടുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ആര്‍.എസ്.പി.യും കെ.എസ്.പി.യും സ്വന്തം ശക്തികേന്ദ്രങ്ങളില്‍ ഒറ്റയ്ക്ക് തന്നെ മത്സരിച്ചു. പി.എസ്.പി. മലബാറില്‍ മുസ്ലിംലീഗുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി, തിരു-കൊച്ചി ഭാഗത്ത് ഒറ്റയ്ക്ക് മത്സരിച്ചു.

കേരള ക്രൂഷ്‌ചേവ് എന്നറിയപ്പെട്ടിരുന്ന എം.എന്‍. ഗോവിന്ദന്‍നായരായിരുന്നു അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. സംസ്ഥാനത്തെ കോണ്‍ഗ്രസ് വിരുദ്ധ മനോഭാവം മുതലെടുത്ത് കമ്യൂണിസ്റ്റുകള്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എ.കെ ഗോപാലന്‍ നിയമസഭയിലേക്ക് മത്സരിക്കണം, മുഖ്യമന്ത്രിയാകണം എന്നായിരുന്നു എം.എന്റെ താല്‍പര്യം. എന്നാല്‍ എ.കെ.ജി. വഴങ്ങിയില്ല. പകരം ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചു.

മുമ്പ് ഭരിച്ച കോണ്‍ഗ്രസ്, പി.എസ്.പി. സര്‍ക്കാരുകളോടുള്ള അമര്‍ഷവും രൂക്ഷമായ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സഹായകരമായി. ചില സമുദായ സംഘടനകളുടെ പ്രത്യക്ഷ സഹായവും ലഭ്യമായി. കോണ്‍ഗ്രസിന് പ്രാമുഖ്യമുള്ള തെക്കന്‍ തിരുവിതാംകൂര്‍ മദ്രാസ് സംസ്ഥാനത്തോട് കൂട്ടിച്ചേര്‍ത്തതും കമ്യൂണിസ്റ്റുകാര്‍ക്ക് മേല്‍ക്കൈയുള്ള മലബാര്‍ ജില്ല ഐക്യകേരളത്തിന്റെ ഭാഗമായതും ഗുണകരമായി. പാര്‍ട്ടിക്ക് ശക്തി കുറഞ്ഞ മണ്ഡലങ്ങളില്‍ ജനസമ്മതരായ സ്വതന്ത്രരെ പരീക്ഷിച്ചു. കമ്യൂണിസ്റ്റുകാരുടെ പ്രചരണം മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് ഊര്‍ജ്ജിതവും തീവ്രവുമായിരുന്നു.

നിയമസഭയില്‍ ആകെയുണ്ടായിരുന്ന 126 സീറ്റില്‍ 60 എണ്ണം സി.പി.ഐ.ക്കാരും 5 എണ്ണം പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രരും നേടി. കഷ്ടിച്ച് കേവലഭൂരിപക്ഷം. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് 43ഉം പി.എസ്.പി. 9ഉം മുസ്ലിംലീഗ് 8ഉം സ്ഥാനങ്ങള്‍ വിജയിച്ചു. ഒരിടത്ത് സ്വതന്ത്രസ്ഥാനാര്‍ത്ഥി വിജയം വരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഹൈദരാബാദ് മുഖ്യമന്ത്രിയുമായ ബി. രാമകൃഷ്ണറാവുവായിരുന്നു ആദ്യത്തെ കേരളാ ഗവര്‍ണര്‍. അദ്ദേഹം മനസ്സില്ലാ മനസ്സോടെയാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചു. അതിനു തൊട്ടുമുമ്പ് ആരോടും ആലോചിക്കാതെ ഒരു കോണ്‍ഗ്രസുകാരനെ ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയായി നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.
തിരു-കൊച്ചി നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്ന ടി.വി തോമസിന്റെ പേരും പരിഗണിക്കപ്പെട്ടു എങ്കിലും ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് മുഖ്യമന്ത്രിയായത്. 1909 ജൂണ്‍ 13ന് പെരിന്തല്‍മണ്ണയ്ക്കടുത്ത് ഏലംകുളത്ത് ആണ്ടോടാണ്ട് 50,000 പറ നെല്ല് പാട്ടമളക്കുന്ന ബ്രാഹ്മണ കുടുംബത്തിലാണ് ഇ.എം.എസ്. ജനിച്ചത്. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കവെ ദേശീയസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. 1934-ല്‍ കെ.പി.സി.സി. സെക്രട്ടറിയായി. കമ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ ഇ.എം.എസ്. കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി. 1941-ല്‍ കേന്ദ്രകമ്മിറ്റി അംഗമായി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തോളം സീറ്റുകള്‍ ലഭിച്ചെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി പി.എസ്.പിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ പി.എസ്.പി. വഴങ്ങിയില്ല. അതുകൊണ്ട് സ്വതന്ത്രന്മാരെ കൂടുതല്‍ ആശ്രയിക്കാന്‍ സി.പി.ഐ നിര്‍ബന്ധിതമായി. 60 പാര്‍ട്ടിക്കാരില്‍ നിന്ന് മുഖ്യമന്ത്രിയടക്കം 8 പേരും 5 സ്വതന്ത്രന്മാരില്‍ നിന്ന് 3 പേരും മന്ത്രിയായി. 1957 ഏപ്രില്‍ 5ന് പുതിയ മന്ത്രിസഭ അധികാരമേറ്റു. സി. അച്യുതമേനോന്‍ ധനകാര്യവും ടി.വി. തോമസ് തൊഴിലും കെ.ആര്‍. ഗൗരിയമ്മ റവന്യൂവും കൈകാര്യം ചെയ്തു. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരവകുപ്പ് ഭരിച്ചത്. അധികം വൈകാതെ അത് വി.ആര്‍. കൃഷ്ണയ്യരെ ഏല്‍പിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും കേരളത്തിലെ അധികാരലബ്ധിയും കമ്യൂണിസ്റ്റ് നേതൃത്വത്തെ ആവേശഭരിതമാക്കി. പുതിയ സാഹചര്യങ്ങളെ വിലയിരുത്താനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുമായി പാര്‍ട്ടിയുടെ അഞ്ചാം കോണ്‍ഗ്രസ് 1958 ഏപ്രില്‍ 6 മുതല്‍ 13 വരെ അമൃത്‌സറില്‍ വച്ച് നടന്നു. പാര്‍ട്ടി സംഘടനയിലും ഭരണഘടനയിലും കാതലായ മാറ്റങ്ങള്‍ വരുത്തി. പാര്‍ട്ടി നേതൃത്വത്തില്‍ ദേശീയ കൗണ്‍സില്‍, കേന്ദ്ര എക്‌സിക്യുട്ടീവ്, സെക്രട്ടറിയേറ്റ് എന്നിങ്ങനെ ത്രിതല സംവിധാനം കൊണ്ടുവന്നു. പാര്‍ട്ടി അംഗത്വം പരിമിതപ്പെടുത്തേണ്ടതില്ല എന്ന് തീരുമാനിച്ചു. സി.പി.ഐ.യെ ഒരു ബഹുജന പാര്‍ട്ടിയായി മാറ്റാനും നിശ്ചയിച്ചു. തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം സ്ഥാപിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത് എന്ന പരാമര്‍ശം ഭരണഘടനയില്‍ നിന്ന് ഒഴിവാക്കി. പകരം സമാധാനപരമായ മാര്‍ഗത്തിലൂടെ പൂര്‍ണ്ണ ജനാധിപത്യവും സോഷ്യലിസവും കൈവരിക്കാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടി അധികാരം കയ്യാളാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി. സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്കകത്ത് പ്രതിപക്ഷത്തിന് രാഷ്ട്രീയ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തും, പത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും പരമാവധി വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കും എന്നും വാഗ്ദാനം നല്‍കി.

ദേശീയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുമെന്നും പഞ്ചശീലത്തില്‍ അധിഷ്ഠിതമായ വിദേശനയം നിലനിര്‍ത്തുമെന്നും മാര്‍ക്‌സിസം ലെനിനിസം നടപ്പാക്കുമ്പോള്‍ ഇന്ത്യയുടെ ചരിത്രവും ദേശീയ സവിശേഷതകളും മറ്റു സാഹചര്യങ്ങളും പരിഗണക്കുമെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഉറപ്പുവരുത്തുമെന്നും വ്യവസ്ഥ ചെയ്തു. കൂട്ടത്തില്‍ പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കര്‍ശനമായ പെരുമാറ്റച്ചട്ടം ഉണ്ടാക്കി. വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കുമെതിരെ ദ്വിമുഖ സമരം ആരംഭിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.
അജയഘോഷ് വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എ. ഡാങ്കെ, ഭൂപേഷ് ഗുപ്ത, സെഡ്. എ. അഹമ്മദ്, പി.സി ജോഷി, എ.കെ ഗോപാലന്‍, ബി.ടി രണദിവെ, ബസവ പുന്നയ്യ എന്നിവര്‍ കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസും ജ്യോതിബസുവും പി. രാമമൂര്‍ത്തിയും എം.എന്‍. ഗോവിന്ദന്‍നായരും ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും രാജേശ്വരറാവുവും രവി നാരായണ്‍ റെഡ്ഡിയും ഭവാനി സെന്നും ദേശീയ എക്‌സിക്യുട്ടീവില്‍ അംഗങ്ങളായി. 107 അംഗങ്ങളുള്ള ദേശീയ കൗണ്‍സിലിനേയും തെരഞ്ഞെടുത്തു.

കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടക്കംമുതല്‍ പലവിധ പ്രശ്‌നങ്ങള്‍ നേരിട്ടു. മുഖ്യമന്ത്രിക്കും ഒരാള്‍ ഒഴികെ സഹമന്ത്രിമാര്‍ക്കും ഭരണപരിചയം ഇല്ലായിരുന്നു. പ്രതിപക്ഷവും പത്രങ്ങളും ദൈനംദിന അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. 1957-ലെ ഓണക്കാലത്ത് ഭക്ഷ്യക്ഷാമം ഒഴിവാക്കാന്‍ ടെണ്ടര്‍ വിളിക്കാതെ ആന്ധ്രയില്‍ നിന്ന് അരി വാങ്ങിയതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അരി ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജി പി.ടി രാമന്‍നായരെ നിയോഗിച്ചു. കമ്മീഷന്‍ വിശദമായി തെളിവെടുത്തു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അരി ഇടപാടില്‍ അഴിമതി കണ്ടെത്താനായില്ല, പക്ഷേ ടെണ്ടര്‍ വിളിക്കാതെ അരി വാങ്ങിയതിനാല്‍ ഒന്നരലക്ഷം രൂപയുടെ (ഒഴിവാക്കാമായിരുന്ന) നഷ്ടം വരുത്തിവച്ചു എന്ന് കണ്ടെത്തി. ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിന്നീട് കമ്മീഷന്റെ നിഗമനങ്ങള്‍ തള്ളിക്കളയാന്‍ തീരുമാനിച്ചു. അതിനെതിരെയും വലിയ പ്രതിഷേധം ഉയര്‍ന്നു.

കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ സല്‍ഭരണമല്ല സെല്‍ഭരണമാണ് നടക്കുന്നതെന്ന് വിരുദ്ധന്മാര്‍ ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ പാര്‍ട്ടി നേതാക്കളുടെ ആജ്ഞാനുസരണമാണ് കേസന്വേഷിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന് കുറ്റപ്പെടുത്തി. പണിമുടക്കുകള്‍ വ്യാപകമായി. 1958 ജൂലൈ 26ന് കൊല്ലത്തിനടുത്ത് ചന്ദനത്തോപ്പില്‍ ആര്‍.എസ്.പി.ക്കാരായ തൊഴിലാളികള്‍ക്കു നേരെ പോലിസ് വെടിവെച്ചു, രണ്ടുപേര്‍ മരിച്ചു. ഒക്ടോബര്‍ 16ന് മൂന്നാറിലും വെടിവെപ്പുണ്ടായി. ഒരു സ്ത്രീ അടക്കം കമ്യൂണിസ്റ്റുകാരായ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും തമ്മിലും കമ്യൂണിസ്റ്റുകാരും മറ്റു പാര്‍ട്ടിക്കാരും തമ്മിലും സംഘട്ടനങ്ങള്‍ പെരുകി. 1958 ജൂലൈ 26ന് തൃശൂര്‍ ജില്ലയിലെ വരന്തരപ്പള്ളിയില്‍ കമ്യൂണിസ്റ്റുകാരുടെ കുത്തേറ്റ് ആറുപേര്‍ മരിച്ചു. അതേച്ചൊല്ലി പാര്‍ലമെന്റില്‍ വരെ ഒച്ചപ്പാടുണ്ടായി.

നിരീശ്വരവാദത്തിലധിഷ്ഠിതമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് വലിയ വിപ്രതിപത്തി ആയിരുന്നു കേരളത്തിലെ ക്രൈസ്തവസഭകള്‍ക്ക്-പ്രത്യേകിച്ച് പ്രബലമായ കത്തോലിക്കാസഭയ്ക്ക്. സംസ്ഥാന ജനസംഖ്യയുടെ 22 ശതമാനം ക്രിസ്ത്യാനികളായിരുന്നു. അവര്‍ക്ക് പ്രാമുഖ്യമുള്ള മധ്യകേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിരലിലെണ്ണാവുന്ന സീറ്റുകളേ ജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളുതാനും. കമ്യൂണിസ്റ്റ് സര്‍ക്കാരിനെ സഭകള്‍ ആദ്യം മുതലേ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത്. സ്വകാര്യ സ്‌കൂള്‍ അധ്യാപകരെ മാനേജര്‍മാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ പുതിയ നിയമം കൊണ്ടുവരും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ സംശയവും ഭയവും അധികരിച്ചു. സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകള്‍ അധികവും ക്രിസ്ത്യന്‍ മാനേജ്‌മെന്റില്‍ ആയിരുന്നു; വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തൃശൂരെ സെന്റ് തോമസ് കോളേജില്‍ നിന്ന് വൈദികരുമായി വഴക്കടിച്ച് രാജിവെക്കേണ്ടിവന്ന അധ്യാപകനും. ദൈവനിഷേധികളായ കമ്യൂണിസ്റ്റുകാര്‍ പള്ളിക്കും പട്ടക്കാര്‍ക്കുമെതിരെ തിരിയുന്നു എന്ന മുറവിളി ഉയര്‍ന്നു.

1957 ജൂലൈ 7ന് വിദ്യാഭ്യാസ ബില്‍ പ്രസിദ്ധീകരിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ ഫീസ് പിരിക്കാനും അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനുമുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തു. നിയമനം പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി വേണമെന്നും വ്യവസ്ഥ ചെയ്തു. ദുര്‍ഭരണം ഹേതുവായി സ്വകാര്യ വിദ്യാലയങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. വിദ്യാഭ്യാസ ബില്ലിനെതിരെ കത്തോലിക്കാസഭ അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ചു. മറ്റു സഭകളും വിവിധ ഹിന്ദു സമുദായ സംഘടനകളും പ്രായേണ മിതത്വം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ബില്ലിനെ എതിര്‍ത്തെങ്കിലും അത് അത്ര ശക്തമോ ഫലപ്രദമോ ആയിരുന്നില്ല.പി.എസ്.പിയുടേയും ലീഗിന്റേയും കാര്യവും വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് പി.ടി. ചാക്കോ കത്തോലിക്കനും കടുത്ത മതവിശ്വാസിയുമായിരുന്നു. അദ്ദേഹം സമര നേതൃത്വം സ്വയം ഏറ്റെടുത്തു. നിയമസഭയിലും പുറത്തും ബില്ലിനെ അതിരൂക്ഷമായി വിമര്‍ശിച്ചു.

1957 സെപ്തംബര്‍ 2ന് നിയമസഭ വിദ്യാഭ്യാസബില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനയച്ചു. സെപ്തംബര്‍ 19ന് കത്തോലിക്കാ മെത്രാന്‍മാര്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് ബില്ലിന് അനുമതി നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ചു. ഗവര്‍ണര്‍ രാമകൃഷ്ണറാവു ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. ഡിസംബര്‍ 26ന് രാഷ്ട്രപതി അത് 143-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിക്ക് റഫര്‍ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.ആര്‍. ദാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഭരണഘടനാബെഞ്ച് കേരള, കേന്ദ്ര സര്‍ക്കാരുകളുടെയും മറ്റ് തല്‍പരകക്ഷികളുടെയും വാദം വിശദമായി കേട്ടശേഷം 1958 മെയ് 22ന് വിധി പറഞ്ഞു. കേരള വിദ്യാഭ്യാസ ബില്ലിന്റെ പരിധിയില്‍ നിന്ന് 1947ന് മുമ്പ് സ്ഥാപിക്കപ്പെട്ട ആംഗ്ലോഇന്ത്യന്‍ സ്‌കൂളുകളെ പൂര്‍ണമായും ഒഴിവാക്കി. അടിയന്തരഘട്ടങ്ങളിലോ ദുര്‍ഭരണം നിമിത്തമോ സര്‍ക്കാരിന് സ്‌കൂള്‍ ഏറ്റെടുക്കാം എന്ന വ്യവസ്ഥ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമാകില്ല എന്നും വിധിച്ചു. നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതടക്കമുള്ള മറ്റ് വ്യവസ്ഥകളൊക്കെ സാധുവാണെന്ന് കണ്ടെത്തി. സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള മാറ്റങ്ങളോടെ നിയമസഭ വീണ്ടും വിദ്യാഭ്യാസബില്‍ പാസാക്കി. ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു.

എന്നാല്‍ സുപ്രീംകോടതി വിധി കത്തോലിക്കാസഭയെ തൃപ്തിപ്പെടുത്തിയില്ല. അവര്‍ വിശ്വാസികളെയും വിദ്യാര്‍ത്ഥികളെയും തെരുവിലിറക്കി സമരം ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ക്രിസ്റ്റഫര്‍ സേന എന്ന കുറുവടി സൈന്യം രൂപീകരിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ച് ആയുധപരിശീലനം നല്‍കി. വാള്‍ ഉള്ളവര്‍ വാളെടുക്കട്ടെ, ഇല്ലാത്തവര്‍ മടിശ്ശീല വിറ്റ് വാള്‍ വാങ്ങട്ടെ എന്ന ബൈബിള്‍ വചനം വൈദികര്‍ ആവര്‍ത്തിച്ച് ഉദ്ധരിച്ചു.

ബാലറ്റ്‌പെട്ടിയിലൂടെ കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നതും ബംഗാളും ആന്ധ്രയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ മുഖ്യപ്രതിപക്ഷമായതും പാശ്ചാത്യശക്തികളെ, പ്രത്യേകിച്ച് അമേരിക്കയെ ആശങ്കയിലാഴ്ത്തി. രാജ്യത്തെ ദാരിദ്ര്യവും പട്ടിണിയും മുതലാക്കി കമ്യൂണിസ്റ്റുകാര്‍ അധികാരം പിടിക്കുമെന്ന് അവര്‍ ഭയപ്പെട്ടു. നെഹ്‌റു പ്രച്ഛന്നകമ്യൂണിസ്റ്റാണെന്ന ഡള്ളസിന്റെ സംശയം ബലപ്പെട്ടു. സ്വാഭാവികമായും അവര്‍ കമ്യൂണിസത്തിനെതിരെ പോരാടുന്ന ‘ജനാധിപത്യ’ ശക്തികളെ സര്‍വപ്രകാരത്തിലും സഹായിക്കാന്‍ സന്നദ്ധമായി. സി.ഐ.എ. നേരിട്ടും ധാര്‍മ്മിക പുനരുദ്ധാരണ പ്രസ്ഥാനം വഴിയും ധാരാളം പണമൊഴുക്കി.കോട്ടയത്തെ ചില പത്രസ്ഥാപനങ്ങളും വൈദികരുമായിരുന്നു പ്രധാന ഗുണഭോക്താക്കള്‍.

ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ് ഏഴാം പക്കം കുടിയാന്‍മാരെ ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. 1957 ഡിസംബര്‍ 19ന് റവന്യൂമന്ത്രി കെ.ആര്‍. ഗൗരി നാല് ഭാഗങ്ങളും 95 വകുപ്പുകളും രണ്ട് ഷെഡ്യൂളുകളുമുള്ള കാര്‍ഷികബന്ധ ബില്‍ പ്രസിദ്ധീകരിച്ചു. കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുകയും മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുകയുമായിരുന്നു ബില്ലിന്റെ ഉദ്ദേശലക്ഷ്യം.
അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് പരമാവധി 15 ഏക്കര്‍ ഇരുപ്പൂനിലമോ 221/2 ഏക്കര്‍ ഒരുപ്പൂനിലമോ 15 ഏക്കര്‍ പുരയിടമോ 30 ഏക്കര്‍ തരിശുഭൂമിയോ കൈവശം വയ്ക്കാം എന്നായിരുന്നു ബില്ലിലെ പ്രധാന നിബന്ധന. അഞ്ചിനു മീതെയുള്ള ഓരോ അംഗത്തിനും ഓരോ ഏക്കര്‍ എന്ന ക്രമത്തില്‍ ഭൂമി ആകാം, എന്നാല്‍ കുടുംബത്തിന്റെ മൊത്തം കൈവശഭൂമി 25 ഏക്കറില്‍ അധികരിക്കരുത്.

പ്രായപൂര്‍ത്തിയായ ഒരു അവിവാഹിതന് 71/2 ഏക്കര്‍ ഇരുപ്പൂനിലം കൈവശം വയ്ക്കാം. പരിധിക്ക് മുകളിലുള്ള ഭൂമി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് നടപ്പുവില ഈടാക്കി കുടിയാന്‍മാര്‍ക്കും കര്‍ഷക സഹകരണ സംഘങ്ങള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പതിച്ചുകൊടുക്കും എന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നത്. സ്ഥിരം കുടിയാന്‍മാര്‍ക്ക് നടപ്പുവില നല്‍കി ജന്മിയില്‍ നിന്ന് അവകാശം തീറുവാങ്ങാനും അനുവാദം നല്‍കി. അതുപോലെ കൃഷി ചെയ്യുന്ന കുടിയാന്‍മാര്‍ക്ക് ഇടനിലക്കാരില്‍ നിന്നും അവകാശങ്ങള്‍ വാങ്ങാമായിരുന്നു. വിവിധയിനം ഭൂമികള്‍ക്കുള്ള മര്യാദപാട്ടവും നിശ്ചയിച്ചിരുന്നു.

കാര്‍ഷികബന്ധ ബില്ലില്‍ വിപ്ലവകരമായി വളരെയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും കോണ്‍ഗ്രസും പി.എസ്.പി.യും മുസ്ലിംലീഗും വിവിധ കാരണങ്ങളാല്‍ വിമര്‍ശിച്ചു. കത്തോലിക്കാസഭയും എതിര്‍ത്തു. നായര്‍ സമുദായനേതാവ് മന്നത്ത് പത്മനാഭനാണ് ബില്ലിനെ ഏറ്റവും രൂക്ഷമായി കടന്നാക്രമിച്ചത്. കാര്‍ഷികബന്ധ ബില്‍ പാസാകുന്നപക്ഷം നായര്‍ സമുദായത്തിന് അപരിഹാര്യമായ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് ആരോപിച്ചു.

മന്നത്തിന്റെയും സഭയുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് വകവയ്ക്കാതെ സര്‍ക്കാര്‍ നിയമനിര്‍മാണവുമായി മുന്നോട്ടുപോയി. ആ ഘട്ടത്തില്‍ മന്നവും മെത്രാന്‍മാരും കൈകോര്‍ത്തു. സ്‌കൂളുകള്‍ അടച്ചിട്ട് വിമോചനസമരം നടത്താന്‍ അവര്‍ തീരുമാനിച്ചു. മറ്റ് ക്രൈസ്തവസഭകളുടെയും കോണ്‍ഗ്രസ്, പി.എസ്.പി., മുസ്ലിംലീഗ് പാര്‍ട്ടികളുടെയും പിന്തുണ അവര്‍ക്ക് ലഭിച്ചു. 1959 ഫെബ്രുവരി 2ന് ഇന്ദിരാഗാന്ധി എ.ഐ.സി.സി. പ്രസിഡന്റും ഏപ്രില്‍ 13ന് ആര്‍. ശങ്കര്‍ കെ.പി.സി.സി. അധ്യക്ഷനുമായി തെരഞ്ഞെടുക്കപ്പെട്ടത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു. ഭാരതീയ ജനസംഘവും സമരത്തില്‍ പങ്കുകൊണ്ടു. സാമുദായിക ശക്തികളോടും അവരുടെ അജണ്ടയോടും യാതൊരു മതിപ്പും ഇല്ലായിരുന്നെങ്കിലും ആര്‍.എസ്.പിയും കെ.എസ്.പിയും സമരത്തോട് സഹകരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായി ഒറ്റപ്പെട്ടു.

1959 ജൂണ്‍ 11ന് നിയമസഭ കാര്‍ഷികബന്ധ ബില്‍ പാസാക്കി. പിറ്റേദിവസം അതിഗംഭീരമായ ഹര്‍ത്താലോടെ വിമോചനസമരം ആരംഭിച്ചു. സ്ത്രീകളടക്കം ആയിരങ്ങള്‍ അറസ്റ്റുവരിച്ചു. ജൂണ്‍ 13ന് അങ്കമാലിയില്‍ അക്രമാസക്തരായ സമരക്കാര്‍ക്കെതിരെ പോലീസ് വെടിവെച്ചു. 5 പേര്‍ തല്‍ക്ഷണം മരിച്ചു. 26 പേര്‍ക്ക് പരുക്കേറ്റു. അവരില്‍ 2 പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങി. ജൂണ്‍ 15ന് വെട്ടുകാട്ടും പുല്ലുവിളയിലും വെടിവെപ്പുണ്ടായി. 5 പേര്‍ കൂടി കൊല്ലപ്പെട്ടു. ജൂലൈ 3ന് തിരുവനന്തപുരത്തിനടുത്ത് ചെറിയതുറയില്‍ ഫ്‌ളോറി എന്നൊരു ഗര്‍ഭിണിയടക്കം 3 പേര്‍ വെടിയേറ്റു മരിച്ചു. ലാത്തിച്ചാര്‍ജ്ജും കത്തിക്കുത്തും നിത്യസംഭവങ്ങളായി. സംസ്ഥാനത്ത് സൈ്വരജീവിതം അസാധ്യമായി.

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വയം രാജിവച്ച് ഒഴിയണം അല്ലാത്തപക്ഷം കേന്ദ്രം അവരെ പിരിച്ചുവിടണം എന്നായിരുന്നു സമരക്കാരുടെ ആവശ്യം. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ സമരത്തിലൂടെ അട്ടിമറിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്, കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സമരക്കാരെ പിന്തിരിപ്പിക്കണം എന്നായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രധാനമന്ത്രി നെഹ്‌റു 1959 ജൂണ്‍ 22ന് തിരുവനന്തപുരത്ത് എത്തി. തുടര്‍ന്നുള്ള രണ്ടുദിവസം സമരാനുകൂലികളും സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വിദ്യാഭ്യാസ നിയമത്തിലെ വിവാദപരമായ വകുപ്പുകള്‍ തല്‍ക്കാലം മരവിപ്പിക്കാനും വെടിവെപ്പുകളെക്കുറിച്ച് പരസ്യാന്വേഷണം നടത്താനും കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ സന്നദ്ധമായി. പക്ഷേ, സമരക്കാര്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. കേരളത്തില്‍ ജനമുന്നേറ്റമാണെന്ന് നെഹ്‌റു തിരിച്ചുപോകും വഴി വിമാനത്താവളത്തില്‍ വച്ച് പത്രലേഖകരോട് പറഞ്ഞു.

സംസ്ഥാനത്ത് ഭരണം പരാജയപ്പെട്ടു എന്നും ക്രമസമാധാനം തകര്‍ന്നുവെന്നും ഗവര്‍ണര്‍ ഡല്‍ഹിക്ക് റിപ്പോര്‍ട്ട് അയച്ചു. 356-ാം അനുഛേദപ്രകാരം കേരളസര്‍ക്കാരിനെ പിരിച്ചുവിടാന്‍ തന്നെ നെഹ്‌റു തീരുമാനിച്ചു. കേന്ദ്രമന്ത്രിസഭയില്‍ മൊറാര്‍ജി ദേശായി മാത്രമാണ് എതിരഭിപ്രായം പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഇപ്രകാരം പിരിച്ചുവിടുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് രാഷ്ട്രപതി രാജേന്ദ്രപ്രസാദും നെഹ്‌റുവിനെ ഓര്‍മ്മിപ്പിച്ചു. ഇതേ കാരണത്താല്‍ മുന്‍ ഗവര്‍ണര്‍ ജനറല്‍ രാജഗോപാലാചാരിയും പ്രധാനമന്ത്രിയുടെ മരുമകന്‍ ഫിറോസ് ഗാന്ധിയും പിരിച്ചുവിടല്‍ നീക്കത്തെ അപലപിച്ചു. പക്ഷേ നെഹ്‌റു വഴങ്ങിയില്ല. ജൂലൈ 31ന് കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ടുള്ള വിളംബരം പുറത്തുവന്നു. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. ആറ് മാസത്തിനകം ഇടക്കാല തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലും ആന്ധ്രയിലും ഡല്‍ഹിയിലും പഞ്ചാബിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അതിലധികം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും നെഹ്‌റു സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ചു. പി.എസ്.പി.യും ജനസംഘവും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും അതിനെ അനുകൂലിച്ചു. ഡോ. ലോഹ്യയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഹിന്ദുമഹാസഭയും മാത്രമാണ് പിരിച്ചുവിടലിനെ അപലപിച്ചത്.
1957-ലെ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്കുശേഷം ഇരു സോഷ്യലിസ്റ്റ് പാര്‍ട്ടികളും പുനരൈക്യത്തെക്കുറിച്ച് ആലോചിച്ചു.

ജയപ്രകാശ് നാരായണ്‍ 1957 ജൂലൈ 15നും ആഗസ്റ്റ് 12, 13 തീയതികളിലും രാംമനോഹര്‍ ലോഹ്യയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. എന്നാല്‍ ലോഹ്യ വഴങ്ങിയില്ല. തന്റെ പാര്‍ട്ടിയുടെ ഭരണഘടനയും നയവും പരിപാടിയും അംഗീകരിച്ച് മുന്നോട്ടു പോകാമെന്ന് ശഠിച്ചു. അത് അസാധ്യമാണെന്ന് ജയപ്രകാശ് അറിയിച്ചു. അങ്ങനെ പുനരൈക്യം പൊളിഞ്ഞു. ആ വര്‍ഷം തന്നെ ജയപ്രകാശ് പി.എസ്.പി.യിലെ പ്രാഥമിക അംഗത്വവും സജീവരാഷ്ട്രീയവും ഉപേക്ഷിച്ചു. പൂര്‍ണമായും ഭൂദാന, സര്‍വോദയ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 1960-ല്‍ ആചാര്യ കൃപലാനിയും പി.എസ്.പി. അംഗത്വം ഉപേക്ഷിച്ചു. അദ്ദേഹം പാര്‍ലമെന്റില്‍ സ്വതന്ത്ര അംഗമായും നെഹ്‌റു സര്‍ക്കാരിന്റെ നിതാന്തവിമര്‍ശകനായും തുടര്‍ന്നു. ഭാര്യ സുചേത കൃപലാനി 1957-ലെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയിരുന്നു. 60-ല്‍ അവര്‍ പാര്‍ലമെന്റംഗത്വം ഉപേക്ഷിച്ച് യു.പി.യില്‍ തൊഴില്‍, സാമൂഹിക വികസനവകുപ്പ് മന്ത്രിയായി.
1959-ല്‍ അശോക് മേത്ത പി.എസ്.പി. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിനോട് അനുഭാവവും നെഹ്‌റുവിനോട് ആരാധനയും ഉള്ള നേതാവായിരുന്നു മേത്ത.

1957-ല്‍ ബിഹാറിലെ മുസാഫര്‍പൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ അദ്ദേഹം ലോക്‌സഭാംഗം ആകുകയും ചെയ്തിരുന്നു. മേത്തയുടെ നേതൃത്വത്തില്‍ പി.എസ്.പി. മിക്കവാറും കോണ്‍ഗ്രസിന്റെ ബി-ടീം ആയി മാറിയിരുന്നു. അതുകൊണ്ടാണ് പാര്‍ട്ടി സംശയലേശമെന്യേ വിമോചനസമരത്തില്‍ പങ്കുകൊണ്ടതും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നടപടിയെ പിന്തുണച്ചതും.
1960 ഫെബ്രുവരി 1ന് കേരളത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസും പി.എസ്.പി.യും മുസ്ലിംലീഗും മുന്നണിയായി മത്സരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടു. ആര്‍.എസ്.പി.യും കെ.എസ്.പി.യും ജനസംഘവും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചു. 84.4 ശതമാനം പോളിംഗ് നടന്നു. പ്രതീക്ഷിച്ചപോലെ മുക്കൂട്ട് മുന്നണി വലിയ ഭൂരിപക്ഷം നേടി. കോണ്‍ഗ്രസ്-60, പി.എസ്.പി.-20, ലീഗ്-11. ഒരിടത്ത് ആര്‍.എസ്.പി. വിജയിച്ചു. ഒരു കക്ഷിരഹിതനും ഒരു കോണ്‍ഗ്രസ് റിബലും ജയിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും അവര്‍ പിന്തുണച്ച സ്വതന്ത്രന്മാര്‍ക്കും കൂടി 29 സീറ്റുകളേ നേടാന്‍ കഴിഞ്ഞുള്ളൂ. ഇ.എം.എസ്സും അച്യുതമേനോനും ഗൗരിയമ്മയും വിജയിച്ചു. പക്ഷേ, 7 മന്ത്രിമാര്‍ തോറ്റു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ 36.8 ശതമാനവും സ്വതന്ത്രന്മാര്‍ 6.2 ശതമാനവും വോട്ട് നേടി.

1960-ലെ ഇടക്കാല തെരഞ്ഞെടുപ്പിനെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രത്യാശാജനകമാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് വിലയിരുത്തി. കേരളത്തിലെ കോണ്‍ഗ്രസ് ഭരണം ദുര്‍ബലവും കാര്യക്ഷമതയില്ലാത്തതും ആയതുകൊണ്ടാണ് 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജയിച്ചത്. ഇപ്പോള്‍ അതേ ആളുകള്‍ തന്നെയാണ് അധികാരത്തില്‍ തിരിച്ചെത്തുന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തീര്‍ച്ചയായും നല്ലവയാണ്, ഇത്തവണയെങ്കിലും മെച്ചപ്പെട്ട ഭരണം ഉണ്ടാകണമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കമ്യൂണിസ്റ്റുകാര്‍ക്കുണ്ടായ കനത്ത പരാജയവും ജനാധിപത്യ ശക്തികള്‍ക്കുണ്ടായ വിജയവും ആശാവഹമാണെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യ സ്വഭാവത്തിന് ക്ഷതമേല്‍പിച്ചുകൊണ്ടാണ് അത് നേടിയതെന്ന് ഗാര്‍ഡിയന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസും സഖ്യകക്ഷികളും പുതുതായി നേടിയ വോട്ടുകൊണ്ടാണ് ജയിച്ചതെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വോട്ടുകള്‍ക്ക് ചോര്‍ച്ച ഉണ്ടായില്ലെന്നും ടൈംസ് കണ്ടെത്തി.

കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തകര്‍ച്ചയും ജനാധിപത്യശക്തികളുടെ തിരിച്ചുവരവും കാണാന്‍ ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ് ഉണ്ടായിരുന്നില്ല. അര്‍ബുദരോഗം മൂര്‍ച്ഛിച്ചതിനാല്‍ അദ്ദേഹം 1959 ഏപ്രില്‍ 15ന് രാജിവച്ചു, മെയ് 25ന് മരിച്ചു.

കോണ്‍ഗ്രസും പി.എസ്.പിയും തെരഞ്ഞെടുപ്പിലെ സഹകരണം ഭരണത്തിലേക്കും വ്യാപിപ്പിച്ചു. ഫെബ്രുവരി 20ന് പി.എസ്.പി. നേതാവ് പട്ടം താണുപിള്ള കേരള മുഖ്യമന്ത്രിയായി. ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ടും പി.ടി ചാക്കോ ആഭ്യന്തരവകുപ്പുകൊണ്ടും തൃപ്തരായി. വര്‍ഗീയ പാര്‍ട്ടി എന്ന് മുദ്രയടിച്ച് മുസ്ലിംലീഗിനെ മന്ത്രിസഭയില്‍ ചേര്‍ത്തില്ല. പകരം സീതിസാഹിബിന് സ്പീക്കര്‍ സ്ഥാനം നല്‍കി സാന്ത്വനിപ്പിച്ചു.
കേരള മന്ത്രിസഭ പിരിച്ചുവിട്ടതുകൊണ്ടും ഇടക്കാല തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരീക്ഷണങ്ങള്‍ അവസാനിച്ചില്ല. അതിനേക്കാള്‍ വലിയ പ്രതിസന്ധി വരും വര്‍ഷങ്ങളില്‍ അവരെ കാത്തിരുന്നു.