നക്ഷത്രം ഉദിച്ചു

October 7, 2017, 10:26 am


നക്ഷത്രം ഉദിച്ചു
Columns
Columns


നക്ഷത്രം ഉദിച്ചു

നക്ഷത്രം ഉദിച്ചു

1878 ഡിസംബര്‍ 10ന് മദ്രാസ് പ്രവിശ്യയിലെ കൃഷ്ണഗിരി ജില്ലയില്‍ തോരപ്പള്ളി ഗ്രാമത്തില്‍ ഒരു വൈഷ്ണവ ബ്രാഹ്മണ (അയ്യങ്കാര്‍) കുടുംബത്തിലാണ് ചക്രവര്‍ത്തി രാജഗോപാലാചാരി ജനിച്ചത്. അച്ഛന്‍ മുന്‍സിഫായിരുന്നു 1897ല്‍ മദ്രാസില്‍ നിന്നും നിയമബിരുദം നേടി, 1900-ല്‍ സേലത്ത് വക്കീലായി പ്രാക്ടീസ് തുടങ്ങി. ബാലഗംഗാധര തിലകന്റെ ആരാധകനായാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1911-ല്‍ സേലം മുനിസിപ്പല്‍ കൗണ്‍സിലറും ‘17ല്‍ ചെയര്‍മാനുമായി. അക്കാലത്ത് ആനിബസന്റും സി.വിജയരാഘവാചാര്യയുമായിരുന്നു രാജാജിയുടെ നേതാക്കള്‍.

1919-ല്‍ മഹാത്മാഗാന്ധിയുടെ നേതൃത്വം അംഗീകരിച്ചു. 1921-ല്‍ നിസ്സഹകരണ സമരത്തില്‍ പങ്കെടുത്തു. അതോടെ വക്കീല്‍പ്പണി ഉപേക്ഷിച്ചു. 1930-ല്‍ സിവില്‍ നിയമലംഘനസമരത്തില്‍ പങ്കെടുത്തു. വേദാരണ്യത്ത് ഉപ്പ് കുറുക്കി അറസ്റ്റ് വരിച്ചു. പിന്നാലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1928-ല്‍ മഹാത്മാവിന്റെ മകന്‍ ദേവദാസ് രാജാജിയുടെ മകള്‍ ലക്ഷ്മിയില്‍ അനുരക്തനായി. 1933-ല്‍ അവര്‍ വിവാഹിതരായി.

1937-ല്‍ രാജഗോപാലാചാരി മദ്രാസ് മുഖ്യമന്ത്രിയായി. പ്രവിശ്യയിലെ ക്ഷേത്രങ്ങള്‍ പട്ടികജാതിക്കാരടക്കമുള്ള അവര്‍ണ സമുദായക്കാര്‍ക്ക് തുറന്നുകൊടുത്തു. സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കി. അബ്രാഹ്മണപ്രസ്ഥാനക്കാരും ശുദ്ധ തമിഴ്‌വാദികളും പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവച്ചു. രാജാജി മന്ത്രിസഭയും സ്ഥാനമൊഴിഞ്ഞു. 1940-ല്‍ ദേശരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വര്‍ഷം ജയില്‍വാസം അനുഭവിച്ചു.

മുസ്ലിംലീഗിന്റെ പാകിസ്താന്‍ പ്രമേയത്തെ ആദ്യം അനുകൂലിച്ചവരില്‍ ഒരാളായിരുന്നു രാജാജി. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അദ്ദേഹം പങ്കെടുത്തില്ല. ഗാന്ധി-നെഹ്‌റു നേതൃത്വവുമായി പിണങ്ങി കുറച്ചുകാലത്തേക്ക് കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ചു. 1944-ല്‍ ജിന്നയും ഗാന്ധിജിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് കളമൊരുക്കി. 1946-ലെ തെരഞ്ഞെടുപ്പിനുശേഷം രാജാജിയെ മദ്രാസ് മുഖ്യമന്ത്രിയാക്കണമെന്ന് നെഹ്‌റുവും പട്ടേലും ആസാദും താല്‍പര്യം പ്രകടിപ്പിച്ചു. എന്നാല്‍ പി.സി.സി. പ്രസിഡന്റ് കാമരാജ് വഴങ്ങിയില്ല. അങ്ങനെ ടി. പ്രകാശം മുഖ്യമന്ത്രിയായി. സെപ്തംബറില്‍ ജവഹര്‍ലാല്‍ നെഹ്‌റു രൂപീകരിച്ച ഇടക്കാലമന്ത്രിസഭയില്‍ രാജാഗോപാലാചാരി വ്യവസായ, ഊര്‍ജ്ജ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

1947 ഓഗസ്റ്റില്‍ നെഹ്‌റു രാജാജിയെ പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയോഗിച്ചു. വിഭജനവും അഭയാര്‍ത്ഥിപ്രവാഹവും സൃഷ്ടിച്ച പ്രതിസന്ധിയിലായിരുന്നു സംസ്ഥാനം. സുഭാഷ്ചന്ദ്രബോസിന്റെ എതിരാളി എന്ന നിലയില്‍ ബംഗാളികള്‍ രാജാജിയെ വെറുക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹം തന്റെ ചുമതലകള്‍ വിട്ടുവീഴ്ചയില്ലാതെ നിറവേറ്റി.
ലൂയി മൗണ്ട്ബാറ്റണ്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് 1948 ജൂണ്‍ 21ന് രാജഗോപാലാചാരി സ്വതന്ത്ര ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി. അദ്ദേഹത്തെ രാഷ്ട്രപതിയാക്കണമെന്നായിരുന്നു നെഹ്‌റുവിനു താല്‍പര്യം. പക്ഷേ, പട്ടേലും സംഘവും അതിനും തുരങ്കംവെച്ചു. അങ്ങനെ രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈ ഘട്ടത്തില്‍ നെഹ്‌റു വീണ്ടും രാജാജിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. പ്രത്യേകിച്ച് വകുപ്പൊന്നും നല്‍കിയില്ല.

സര്‍ദാര്‍ പട്ടേലിന്റെ മരണശേഷം 1950 ഡിസംബര്‍ 26ന് രാജാജിയെ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏല്‍പിച്ചു. ചൈനയെ നിലയ്ക്ക് നിര്‍ത്തണം, ടിബറ്റിനുമേല്‍ ഇന്ത്യയ്ക്കുള്ള അവകാശം കൈവിടരുതെന്നായിരുന്നു രാജാജിയുടെ നിലപാട്. എന്നാല്‍ അത് നെഹ്‌റുവിന് ബോധിച്ചില്ല. തെലങ്കാന സമരത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ഇളവ് നല്‍കണമെന്നായിരുന്നു നെഹ്‌റുവിന്റെ താല്‍പര്യം. എന്നാല്‍ രാജാജി അതിനോട് യോജിച്ചില്ല. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കമ്യൂണിസ്റ്റ് വിപത്താണെന്ന് രാജാജിയും അല്ല ഹിന്ദുമഹാസഭയും ആര്‍.എസ്.എസ്സുമാണെന്ന് നെഹ്‌റുവും വിശ്വസിച്ചു. നെഹ്‌റുവുമായി യോജിച്ചുപോകാന്‍ പറ്റാതെ രാജാജി 1951 ഒക്ടോബര്‍ 25ന് മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. പിന്നീട് കുറച്ചുകാലത്തേക്ക് അദ്ദേഹം ‘ആരോഗ്യപരമായ കാരണങ്ങളാല്‍’ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നു.

1952 ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മദ്രാസ് അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നു. 375 അംഗങ്ങളുള്ള സഭയില്‍ കോണ്‍ഗ്രസിന് 152 സ്ഥാനങ്ങളേ നേടാന്‍ കഴിഞ്ഞുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മറ്റു ചില ചെറുകക്ഷികളുടെയും പിന്തുണയോടെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി നേതാവ് ടി. പ്രകാശം ഭൂരിപക്ഷം തികച്ചു, മന്ത്രിസഭ ഉണ്ടാകാന്‍ അവകാശവാദം ഉന്നയിച്ചു. കമ്യൂണിസ്റ്റ് മന്ത്രിസഭ ഉണ്ടായാലും കുഴപ്പമില്ല, അതിന് അധികം ആയുസ്സുണ്ടാകില്ല എന്നായിരുന്നു കാമരാജിന്റെ നിലപാട്. എന്നാല്‍ കേന്ദ്രമന്ത്രി ടി.ടി കൃഷ്ണമാചാരിയും ഇന്ത്യന്‍ എക്‌സ്പ്രസ് ഉടമസ്ഥ പത്രാധിപര്‍ രാമനാഥഗോയങ്കെയും പാര്‍ട്ടി ഹൈക്കമാന്റിനെ സ്വാധീനിച്ചു. രാജാജിയുടെ പേര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ 1952 ഏപ്രില്‍ 10ന് രാജഗോപാലാചാരി വീണ്ടും മദ്രാസ് മുഖ്യമന്ത്രിസ്ഥാനം ഏറ്റു. 19 അംഗങ്ങളുള്ള തമിഴ്‌നാട് ടോയ്‌ലേഴ്‌സ് പാര്‍ട്ടിയും അഞ്ച് അംഗങ്ങളുള്ള മുസ്ലിംലീഗും പുറത്തുനിന്ന് പിന്താങ്ങി. ആറ് അംഗങ്ങളുള്ള കോമണ്‍ വീല്‍ പാര്‍ട്ടി മന്ത്രിസഭയില്‍ ചേര്‍ന്നു. കൃഷികാര്‍ ലോക് പാര്‍ട്ടിയിലെ 3 അംഗങ്ങളും 15 സ്വതന്ത്രരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. സെപ്തംബര്‍ 30 ആകുമ്പോഴേക്കും മന്ത്രിസഭയ്ക്ക് 167 പേരുടെ പിന്തുണ ആയിക്കഴിഞ്ഞിരുന്നു.

നിയമസഭാംഗമല്ലാത്ത രാജാജി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൂട്ടാക്കിയില്ല. ഗവര്‍ണര്‍ ശ്രീപ്രകാശ മുഖ്യമന്ത്രിയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. മന്ത്രിസഭാ രൂപീകരണത്തിനെതിരെ കമ്യൂണിസ്റ്റ് നേതാവ് പി.രാമമൂര്‍ത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മദ്രാസിലെ സംഭവവികാസങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും അതൃപ്തി പ്രകടിപ്പിച്ചു. പക്ഷേ, രാജാജിക്കെതിരെ നടപടിയെടുക്കാന്‍ പ്രധാനമന്ത്രിക്കും കഴിയുമായിരുന്നില്ല.

മദ്രാസില്‍ നിന്ന് തെലുഗു ഭൂരിപക്ഷപ്രദേശങ്ങള്‍ വേര്‍പെടുത്തി ആന്ധ്ര സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭമുണ്ടായി. രാജാജിയും നെഹ്‌റുവും അത് അവഗണിച്ചു. പോറ്റി ശ്രീരാമുലു നിരാഹാരം കിടന്ന് മരിച്ചപ്പോള്‍ പ്രതിഷേധം ആളിക്കത്തി. ഒടുവില്‍ ‘53 ഒക്ടോബര്‍ 1ന് ആന്ധ്ര സംസ്ഥാനം നിലവില്‍ വന്നു. 130 അംഗങ്ങള്‍ ആന്ധ്ര നിയമസഭയിലേക്കും 5 പേര്‍ മൈസൂര്‍ക്കും പോയപ്പോള്‍ മദ്രാസ് നിയമസഭയുടെ അംഗസംഖ്യ 375ല്‍ നിന്ന് 230 ആയി കുറഞ്ഞു. അതോടെ പാര്‍ട്ടിക്കകത്ത് അബ്രാഹ്മണ ലോബി ശക്തമായി. 1954 ഏപ്രില്‍ 13ന് രാജാജി ‘ആരോഗ്യപരമായ കാരണങ്ങളാല്‍’ രാജിവച്ചു. കെ. കാമരാജ് മദ്രാസ് മുഖ്യമന്ത്രിയായി.

രാജിയെത്തുടര്‍ന്ന് രാജാജി രാഷ്ട്രീയത്തില്‍ നിന്ന് വീണ്ടും താല്‍ക്കാലികമായി വിരമിച്ചു. രാമായണവും മഹാഭാരതവും തമിഴിലേക്ക് തര്‍ജ്ജമ ചെയ്തു. സാഹിത്യ അക്കാദമി അവാര്‍ഡും നേടി. 1955 ജനുവരി 26ന് രാഷ്ട്രം പരമോന്നത സിവില്‍ ബഹുമതി ഭാരതരത്‌നം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ഭാരതരത്‌നത്തിനും രാജഗോപാലാചാരിയെ അടക്കിയിരുത്താന്‍ കഴിഞ്ഞില്ല. 1957 ജനുവരിയില്‍ അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ചു. കോണ്‍ഗ്രസ് റിഫോം കമ്മിറ്റി എന്നൊരു പുതിയ പാര്‍ട്ടി രൂപീകരിച്ചു. കെ.എസ്. വെങ്കിടകൃഷ്ണ റെഡ്ഡ്യാര്‍ ആയിരുന്നു പ്രസിഡന്റ്. ആ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 54 സീറ്റില്‍ പാര്‍ട്ടി മത്സരിച്ചു. 14 പേര്‍ വിജയിച്ചു. സഖ്യകക്ഷിയായ ഫോര്‍വേഡ് ബ്ലോക്ക് 5 സീറ്റില്‍ മത്സരിച്ചു 3 എണ്ണം വിജയിച്ചു. സഖ്യം നേടിയ സീറ്റുകളില്‍ പകുതിയോളം രാംനാട്, മധുര ജില്ലകളിലായിരുന്നു. വി.കെ. രാമസ്വാമി മുതലിയാര്‍ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുക്കപ്പെട്ടു. സി.ആര്‍.സി.-എഫ്.ബി. സഖ്യത്തേക്കാള്‍ ഒരു സീറ്റ് കുറവേ ഡി.എം.കെ.യ്ക്ക് ലഭിച്ചുള്ളൂ.

രാജാജിയുടെ മകന്‍ സി.ആര്‍. നരസിംഹന്‍ 1952-57 കാലത്ത് കൃഷ്ണഗിരിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. 1957-ല്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിത്തന്നെ മത്സരിച്ചു. വെറും 357 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.

1957 സെപ്തംബര്‍ 28, 29 തീയതികളില്‍ മധുരയില്‍ കോണ്‍ഗ്രസ് റിഫോം കമ്മിറ്റിയുടെ കണ്‍വെന്‍ഷന്‍ നടന്നു. അതില്‍വച്ച് പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ നാഷണല്‍ ഡമോക്രാറ്റിക് കോണ്‍ഗ്രസ് എന്നാക്കി മാറ്റി. രാജ്യത്ത് ഒരു സുശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടതിന്റെ ആവശ്യകത രാജാജി ഊന്നിപ്പറഞ്ഞു. പി.എസ്.പി.യും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പോലെ ഒരു ഇടതുപക്ഷ ബദലല്ല, ഉറച്ച നിലപാടുകളുള്ള വലതുപക്ഷ ബദലാണ് ഇന്ത്യയ്ക്ക് ആവശ്യം എന്ന് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ ലൈസന്‍സ്-ക്വാട്ടാ രാജിനെ നിശിതമായി വിമര്‍ശിച്ചു. രാജ്യപുരോഗതിക്കെന്ന വ്യാജേന അടിക്കടി നികുതി വര്‍ദ്ധിപ്പിക്കുന്നതിനെ അപലപിച്ചു. രാജ്യത്തെ വലതുപക്ഷ ആഭിമുഖ്യമുള്ള ബുദ്ധിജീവികളും സ്വതന്ത്ര വിപണിയുടെ വക്താക്കളും അമേരിക്കയുടെ ആരാധകരും അദ്ദേഹത്തിനൊപ്പം കൂടി. 1959 ജൂണ്‍ 4ന് രാജാജി മൂരാരി വൈദ്യയും മിനു മസാനിയും ചേര്‍ന്ന് സ്വതന്ത്രാപാര്‍ട്ടി പ്രഖ്യാപിച്ചു.

മിനോചര്‍ റസ്തം മസാനി 1905-ല്‍ ബോംബെയിലെ ഒരു ഗുജറാത്തി-പാഴ്‌സി കുടുംബത്തില്‍ ജനിച്ചു. ലിങ്കണ്‍സ് ഇന്നില്‍ നിന്ന് ബാര്‍ അറ്റ് ലോ പാസായി അഭിഭാഷകനായി. 1930-ലെ നിയമലംഘനസമരത്തില്‍ പങ്കെടുത്തു. അറസ്റ്റും ജയില്‍വാസവും അനുഭവിച്ചു. ആ വര്‍ഷം നാസിക് ജയിലില്‍ വച്ച് ജയപ്രകാശ് നാരായണനെ പരിചയപ്പെട്ടു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. ഭരണഘടനാ അസംബ്ലിയില്‍ അംഗമായി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അടുത്ത സുഹൃത്തായിരുന്ന മസാനി പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും പി.എസ്.പി.യുടെയും നേതാവായി. 1952-ല്‍ ബിഹാറിലെ കിഴക്കന്‍ റാഞ്ചിയില്‍ നിന്ന് പി.എസ്.പി. ടിക്കറ്റില്‍ ലോക്‌സഭാംഗമായി. സ്റ്റാലിനസത്തോടും മനുഷ്യാവകാശലംഘനത്തോടുമുള്ള വിപ്രതിപത്തി മൂലം സോഷ്യലിസത്തോട് വിടപറഞ്ഞു. സ്വതന്ത്രവിപണിയുടെ വക്താവായും സ്വതന്ത്രാപാര്‍ട്ടിയുടെ സ്ഥാപകനേതാവായും പരിണമിച്ചു.

സ്വതന്ത്രാപാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ മറ്റൊരു പ്രധാനി പ്രൊഫ. എന്‍.ജി. രംഗ ആയിരുന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള കര്‍ഷകനേതാവ്; മദ്രാസ് പച്ചയ്യപ്പാസ് കോളേജിലെ മുന്‍ ധനതത്വശാസ്ത്ര പ്രൊഫസര്‍. ആചാര്യ കൃപലാനിക്കൊപ്പം കോണ്‍ഗ്രസ് വിട്ട രംഗ പിന്നീട് പ്രജാപാര്‍ട്ടിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞു. കൃഷികാര്‍ ലോക്പാര്‍ട്ടി (കെ.എല്‍.പി.) രൂപീകരിച്ചു. 1952-ലെ മദ്രാസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 63 സീറ്റില്‍ മത്സരിച്ചു, 15 എണ്ണം ജയിച്ചു. ഗുണ്ടൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച രംഗ തോറ്റു. ‘55-ലെ ആന്ധ്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എല്‍.പി. 32 സീറ്റില്‍ മത്സരിച്ചു. 22 എണ്ണം ജയിച്ചു. 1957-ലെ തെരഞ്ഞെടുപ്പില്‍ രംഗ തെനാലി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കു ജയിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ഭരണഘടനാ ശില്പികളില്‍ ഒരാളുമായിരുന്ന കനയ്യലാല്‍ മുന്‍ഷി, സര്‍ദാര്‍ പട്ടേലിന്റെ വലംകയ്യായിരുന്ന മുന്‍ സ്റ്റേറ്റ്‌സ് സെക്രട്ടറി വി.പി. മേനോന്‍, ഇന്ത്യക്കാരനായ ആദ്യ കരസേനാ മേധാവി ജനറല്‍ കെ.എം. കരിയപ്പ, അണ്ണാമല സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ മരിയാദാസ് രത്‌നസ്വാമി എന്നിവരും സ്വതന്ത്രാപാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഉള്‍പ്പെട്ടു. സോഷ്യലിസത്തിനും ഭൂപരിഷ്‌കരണത്തിനും എതിരായിരുന്നതിനാല്‍ ഒരുപറ്റം മുന്‍ നാട്ടുരാജാക്കന്മാരും സെമീന്ദാര്‍മാരും സ്വതന്ത്രാപാര്‍ട്ടിയില്‍ ചേര്‍ന്നു. പട്യാലയിലെ മഹാരാജാവും പെപ്‌സുവിലെ മുന്‍രാജപ്രമുഖനുമായ യാദവേന്ദ്രസിംഗും ജയ്പൂര്‍ മഹാറാണി ഗായത്രീദേവിയുമായിരുന്നു ഇക്കൂട്ടത്തില്‍ പ്രമുഖര്‍.

ലൈസന്‍സ്-ക്വാട്ടാ രാജിന്റെ ഗുണഭോക്താക്കളായ വ്യവസായികള്‍ സ്വതന്ത്രാപാര്‍ട്ടിയെ പിന്തുണച്ചില്ല. അവര്‍ കോണ്‍ഗ്രസിനെ തന്നെ തുടര്‍ന്നും സഹായിച്ചു. ദേശീയസമരകാലത്ത് കോണ്‍ഗ്രസിന്റെ സ്‌പോണ്‍സര്‍മാരില്‍ പ്രധാനിയായിരുന്നു ഘനശ്യാംദാസ് ബിര്‍ള. നെഹ്‌റുവിന്റെ കാലത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയതും ബിര്‍ള തന്നെ. സ്വതന്ത്രാപാര്‍ട്ടി തികച്ചും ആപല്‍ക്കരമായ പ്രസ്ഥാനമാണെന്ന് ബിര്‍ള അഭിപ്രായപ്പെട്ടു. സ്വതന്ത്രാപാര്‍ട്ടിക്ക് സംഭാവന നല്‍കുന്നവരില്‍ നിന്ന് ചില്ലിപ്പൈസപോലും കോണ്‍ഗ്രസ് മേലില്‍ സ്വീകരിക്കില്ലെന്ന് പ്രധാനമന്ത്രി നെഹ്‌റു ഭീഷണിമുഴക്കി.

രാജഗോപാലാചാരി സ്വതന്ത്രാപാര്‍ട്ടിയുടെ പരമോന്നത നേതാവായിരുന്നു എങ്കിലും സ്ഥാനമാനങ്ങളൊന്നും സ്വീകരിച്ചില്ല. അദ്ദേഹം ആയുഷ്‌കാല അംഗം പോലും ആയിരുന്നില്ല. ഓരോ വര്‍ഷവും 10 രൂപ കൊടുത്ത് മെമ്പര്‍ഷിപ്പ് പുതുക്കുകയാണ് ചെയ്തിരുന്നത്. ജയപ്രകാശ് നാരായണനെക്കൂടി സ്വതന്ത്രാപാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ രാജാജി ശ്രമിച്ചിരുന്നു. എന്നാല്‍ അതിനകം സജീവരാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയപ്രവര്‍ത്തകനായി മാറിയിരുന്ന ജെ.പി. വഴങ്ങിയില്ല.
21 തത്വങ്ങളില്‍ അധിഷ്ഠിതമായിരുന്നു സ്വതന്ത്രാപാര്‍ട്ടിയുടെ രാഷ്ട്രീയ-സാമ്പത്തിക ദര്‍ശനം. സാമൂഹ്യനീതിയും അവസരസമത്വവും, പരമാവധി വ്യക്തി സ്വാതന്ത്ര്യം, ഏറ്റവും കുറഞ്ഞ സര്‍ക്കാര്‍ ഇടപെടല്‍, ഘന വ്യവസായങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കല്‍, സ്വകാര്യസ്വത്തില്‍ ഗാന്ധിജിയുടെ ട്രസ്റ്റീഷിപ്പ് സിദ്ധാന്തം, ധാര്‍മ്മികമൂല്യങ്ങള്‍ക്കുള്ള മുന്‍ഗണന, അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഭരണം, ഭൂഉടമസ്ഥതയ്ക്ക് അംഗീകാരം, കൃഷിക്കും ഭക്ഷ്യോത്പാദനത്തിനും പ്രാമുഖ്യം, വാണിജ്യരംഗത്ത് നിന്ന് സര്‍ക്കാരിന്റെ പിന്മാറ്റം, കച്ചവടക്കാരുടെ താല്‍പര്യസംരക്ഷണം, നികുതി നിയന്ത്രണം, പൊതുചിലവ് ലഘൂകരണം, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, പാര്‍ട്ടി അംഗങ്ങള്‍ക്ക് പരമാവധി അഭിപ്രായസ്വാതന്ത്ര്യം.
നക്ഷത്രമായിരുന്നു സ്വതന്ത്രാപാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം. പാര്‍ട്ടിയുടെ നീലക്കൊടിക്ക് നടുവിലും ഉണ്ടായിരുന്നു ഒരു വലിയ വെള്ള നക്ഷത്രം.

ഒരുവശത്ത് സ്വതന്ത്രാപാര്‍ട്ടി തനി അമേരിക്കന്‍ മാതൃകയില്‍ മുതലാളിത്തരാഷ്ട്രീയം അവതരിപ്പിക്കുമ്പോള്‍ മറുവശത്ത് ഭാരതീയജനസംഘം മറ്റ് ഹിന്ദുപാര്‍ട്ടികളെ പിന്നിലാക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. 1957-ലെ തെരഞ്ഞെടുപ്പില്‍ 11 സംസ്ഥാനങ്ങളിലായി 130 ലോക്‌സഭാ സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചത്. നാലിടത്തേ ജയിച്ചുള്ളൂ. 57 സ്ഥാനാര്‍ത്ഥികള്‍ക്ക് ജാമ്യസംഖ്യ നഷ്ടപ്പെട്ടു. മധ്യപ്രദേശില്‍ 13ഉം യു.പി.യില്‍ 18ഉം പഞ്ചാബിലും രാജസ്ഥാനിലും 6 വീതവും ബോംബെയില്‍ നാലും ഡല്‍ഹിയില്‍ മൂന്നും മൈസൂരില്‍ ഒന്നും മണ്ഡങ്ങളില്‍ രണ്ടാമതെത്തി. ന്യൂഡല്‍ഹിയില്‍ മത്സരിച്ചുതോറ്റ ബല്‍രാജ് മധോക് പിന്നീട് അതേ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ച് പാര്‍ലമെന്റിലെത്തി.

1952-ല്‍ ജനസംഘത്തിന് മൊത്തം 32 ലക്ഷം വോട്ടാണ് കിട്ടിയത്. 57-ല്‍ അത് 72 ലക്ഷമായി വര്‍ധിച്ചു. ഡല്‍ഹിയില്‍ 19 ശതമാനവും പഞ്ചാബില്‍ 16 ശതമാനവും മധ്യപ്രദേശില്‍ 13 ശതമാനവും രാജസ്ഥാനില്‍ 11 ശതമാനവും വോട്ട് നേടി. നിയമസഭകളിലും അംഗസംഖ്യ വര്‍ധിപ്പിച്ചു. ബോംബെയില്‍ നാലും മധ്യപ്രദേശില്‍ പത്തും പഞ്ചാബില്‍ ഒമ്പതും രാജസ്ഥാനില്‍ ആറും യു.പിയില്‍ 17ഉം സ്ഥാനങ്ങള്‍ ജയിച്ചു.
വോട്ടിന്റെ ശതമാനവും സീറ്റിന്റെ എണ്ണവും കൂടിയതിനേക്കാള്‍ ജനസംഘത്തെ സന്തോഷിപ്പിച്ചത് സമാന പ്രത്യയശാസ്ത്രം കയ്യാളുന്ന മറ്റു ഹിന്ദുത്വപാര്‍ട്ടികള്‍ക്കുണ്ടായ തിരിച്ചടിയായിരുന്നു. ഹിന്ദുമഹാസഭയ്ക്ക് ലോക്‌സഭയില്‍ ഒരു സീറ്റേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. രാംരാജ്യപരിഷത്ത് ഒരിടത്തും ജയിച്ചില്ല. നിയമസഭകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഹിന്ദുമഹാസഭയ്ക്ക് ബോംബെയില്‍ ഒന്നും മധ്യപ്രദേശില്‍ ഏഴും സീറ്റാണ് കിട്ടിയത്. രാംരാജ്യപരിഷത്തിന് മധ്യപ്രദേശില്‍ അഞ്ചും രാജസ്ഥാനില്‍ 17ഉം അംഗങ്ങളുണ്ടായി. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം ജനസംഘവുമായി ലയിക്കാന്‍ ഹിന്ദുമഹാസഭാ നേതാവ് നിര്‍മല്‍ചന്ദ് ചാറ്റര്‍ജി താല്പര്യം പ്രകടിപ്പിച്ചു. പക്ഷേ, ജനസംഘം സന്നദ്ധമായിരുന്നില്ല.

1956-60 കാലഘട്ടത്തില്‍ പ്രൊഫ. ദേബപ്രസാദ്‌ഘോഷ് ആയിരുന്നു ജനസംഘത്തിന്റെ അധ്യക്ഷന്‍. 1960-ല്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പീതാംബര്‍ദാസും 61-ല്‍ ആന്ധ്രാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം എ. രാമറാവുവും അധ്യക്ഷന്മാരായി. ജനപിന്തുണയോ സംഘടനാ വൈഭവമോ ഉള്ള നേതാക്കളായിരുന്നില്ല ഇവരാരും. പാര്‍ട്ടിയിലെ യഥാര്‍ത്ഥ അധികാരകേന്ദ്രം ജനറല്‍ സെക്രട്ടറി ദീന്‍ദയാല്‍ ഉപാധ്യായ ആയിരുന്നു. പുറമേനിന്നുള്ള ശക്തിസ്രോതസ് ആര്‍.എസ്.എസ്. സര്‍സംഘചാലക് എം.എസ്. ഗോള്‍വല്‍ക്കറും.

ഉത്തരേന്ത്യന്‍ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വ്യാപാരികളായിരുന്നു ജനസംഘത്തിന്റെ പ്രവര്‍ത്തകര്‍. സ്വാഭാവികമായും കച്ചവടക്കാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടി ശ്രദ്ധിച്ചു. വില്‍പന നികുതി ശാസ്ത്രീയമായി പരിഷ്‌കരിക്കണം, വിദേശികള്‍ കയ്യടക്കിയിരിക്കുന്ന ഖനികളും തേയില, കാപ്പി, റബ്ബര്‍ തോട്ടങ്ങളും ഭാരതവല്‍ക്കരിക്കണം, പ്രതിരോധവ്യവസായം പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലും ബാക്കി സര്‍ക്കാര്‍ നിയന്ത്രണത്തോടെ സ്വകാര്യ ഉടമസ്ഥതയിലും നിലനിര്‍ത്തണം, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കണം, സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കുറഞ്ഞ ശമ്പളം 100 രൂപയും പരമാവധി ശമ്പളം 2000 രൂപയുമായി നിജപ്പെടുത്തണം, മന്ത്രിമാരുടെ ശമ്പളം 500 രൂപയില്‍ കൂടരുത് എന്നൊക്കെയായിരുന്നു ജനസംഘത്തിന്റെ ആവശ്യം

1952 മുതല്‍ ഗോവധ നിരോധനത്തിനുവേണ്ടി പ്രചരണവും പ്രക്ഷോഭവും നടത്തുകയായിരുന്നു ജനസംഘം. 1958 ആകുമ്പോഴേക്കും യു.പി., പഞ്ചാബ്, ബിഹാര്‍, മധ്യപ്രദേശ്, മൈസൂര്‍ എന്നീ സംസ്ഥാനങ്ങള്‍ ഗോവധം നിരോധിച്ചു, ആന്ധ്രപ്രദേശ്, ഒറീസ, ബോംബെ സംസ്ഥാനങ്ങളില്‍ നിരോധനത്തിനുള്ള ഒരുക്കത്തിലും ആയിരുന്നു.
പശുക്കളെയും കാളകളെയും കൊല്ലുന്നത് പൂര്‍ണ്ണമായി നിരോധിക്കുന്നതായിരുന്നു യു.പിയിലെയും മധ്യപ്രദേശിലെയും നിയമങ്ങള്‍. ബിഹാര്‍ ഒരടികൂടി മുന്നോട്ടുപോയി. എരുമകളെയും പോത്തുകളെയും കൊല്ലുന്നത് കൂടി ക്രിമിനല്‍ കുറ്റമാക്കി. ഈ നിയമനിര്‍മാണങ്ങള്‍ക്കെതിരെ (മുസ്ലീങ്ങളായ) ഇറച്ചി-തുകല്‍ വ്യവസായികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് എസ്.ആര്‍. ദാസിന്റെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘനാ ബെഞ്ച് വാദം കേട്ടു 1958 ഏപ്രില്‍ 23ന് വിധി പറഞ്ഞു. പശുക്കളെയും കറവയുള്ള എരുമകളെയും കിടാങ്ങളെയും കൊല്ലുന്നതിനുള്ള വിലക്ക് സുപ്രീംകോടതി ശരിവെച്ചു. എന്നാല്‍ കറവറ്റ എരുമകളെയും പ്രായാധിക്യം കൊണ്ടും മറ്റും ഉപയോഗശൂന്യമായിത്തീര്‍ന്ന കാള, പോത്ത് എന്നിവയെയും കൊല്ലുന്നതിന് തടസ്സമില്ല എന്ന് വിധി കല്പിച്ചു.

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ വേണ്ടി നടത്തുന്ന ഗോഹത്യയ്ക്ക് മാത്രമെ കഠിനശിക്ഷ നല്‍കേണ്ടതുള്ളൂവെന്നും ഇറച്ചിക്കുവേണ്ടി സാധാരണ നടത്തുന്ന അറവിന് നാമമാത്രമായ ശിക്ഷ നല്‍കിയാല്‍ മതിയെന്നും 1961 മാര്‍ച്ച് 17ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഗോവിരുദ്ധ നിലപാട് ജനസംഘത്തെ ഞെട്ടിച്ചു. വിധി മറികടക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് 1961 ജൂണില്‍ ലഖ്‌നൗവില്‍ നടന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പും ശേഷവും നടന്ന കൂട്ടക്കുരുതികള്‍ക്കുശേഷം 50കള്‍ താരതമ്യേന ശാന്തമായിരുന്നു. രാജ്യത്തൊരിടത്തും വലിയ സാമുദായിക ലഹളകള്‍ ഉണ്ടായില്ല. പണ്ഡിറ്റ് നെഹ്‌റുവിന്റെ ഭരണത്തിന്‍കീഴില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് ന്യൂനപക്ഷങ്ങള്‍ പൊതുവെ വിശ്വസിച്ചു. മുസ്ലിം സമുദായം കോണ്‍ഗ്രസിന്റെ വോട്ട്ബാങ്കായി മാറി. എന്നാല്‍ 1961-ാമാണ്ടിലെ സംഭവങ്ങള്‍ മുസ്ലീങ്ങളുടെ മിഥ്യാധാരണ തിരുത്തിക്കുറിച്ചു.

1961 ഫെബ്രുവരി 3-ാം തീയതി വൈകിട്ട് ജബല്‍പൂര്‍ നഗരപരിധിയില്‍പ്പെട്ട ജവഹര്‍ ഗഞ്ചില്‍ ഉഷ ഭാര്‍ഗ്ഗവ എന്നൊരു ഇരുപതുകാരി സ്വവസതിയില്‍ വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉടനെ വിക്ടോറിയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാത്രി 8.30 ഓടെ ഉഷ മരിച്ചു. മാനഭംഗശ്രമത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. മരണമൊഴിയും അയല്‍ക്കാര്‍ നല്‍കിയ വിവരവും വച്ച് ആ രാത്രി തന്നെ രണ്ട് മുസ്ലീം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

അടുത്ത ദിവസം അത് വലിയ സാമുദായിക ലഹളയായി പരിണമിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളില്‍ ഒരാള്‍ സ്ഥലത്തെ സമ്പന്നനായ ബീഡി വ്യവസായിയുടെ മകനായിരുന്നു. അക്രമാസക്തമായ ജനക്കൂട്ടം ജബല്‍പൂരും പരിസരത്തും മുസ്ലീം ഉടമസ്ഥതയിലുള്ള സകല ബീഡിക്കമ്പനികളും കത്തിച്ചു. മുസ്ലീങ്ങളുടെ കച്ചവടസ്ഥാപനങ്ങളും അഗ്നിക്കിരയായി. വീടുകളും ആക്രമിക്കപ്പെട്ടു. ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. നഗരപ്രാന്തത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 25 പേരെ ഒരു വീട്ടിലടച്ച് ജീവനോടെ തീവെച്ചുകൊന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കൈലാസ്‌നാഥ് കട്ജു പരമാവധി ശ്രമിച്ചിട്ടും ലഹള നിയന്ത്രിക്കാനായില്ല. ആര്‍.എസ്.എസ്., ജനസംഘം പ്രവര്‍ത്തകരായിരുന്നു കലാപത്തിന് നേതൃത്വം നല്‍കിയത്. സ്ഥലത്തെ കോണ്‍ഗ്രസ് എം.പി. സേത്ത് ഗോവിന്ദദാസിന്റെ പരോക്ഷപിന്തുണയും കിട്ടിയിരുന്നു. ജനസംഘത്തോട് ചായ്‌വുള്ള പ്രാദേശിക ഹിന്ദിപത്രം യുഗധര്‍മ്മ സാമുദായിക വിദ്വേഷം പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. മറ്റു പത്രങ്ങളും ഏറെക്കുറെ അതേപാത പിന്തുടര്‍ന്നു. സ്ഥലത്തെ മുസ്ലീങ്ങള്‍ക്ക് പാകിസ്താന്റെ പിന്തുണയുണ്ടെന്നും പള്ളിയില്‍ ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ച് സമയാസമയങ്ങളില്‍ അക്രമത്തിന് ആഹ്വാനം നല്‍കുകയാണെന്നും പത്രങ്ങള്‍ അടിച്ചുവിട്ടു.

ബോംബെയിലെ ഫ്രീ പ്രസ്സ് ജേണല്‍ ലേഖകന്‍ സീതാറാം ബി. കോള്‍പെ ജബല്‍പൂര്‍ സന്ദര്‍ശിച്ച് തികച്ചും വിപരീത സ്വഭാവമുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നു. നാഗ്പൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഹിതവാദയുടെ പ്രത്യേക ലേഖകന്‍ ബല്‍വന്ത്‌സിംഗും അദ്ദേഹത്തോട് സഹകരിച്ചു. ബോംബെയില്‍ നിന്നിറങ്ങുന്ന ബ്ലിറ്റ്‌സ് വാരികയിലാണ് അവരുടെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്. ആത്മഹത്യ ചെയ്ത ഉഷയുടെ പിതാവ് ദേവകിനന്ദന്‍ ഭാര്‍ഗ്ഗവ ബ്ലിറ്റ്‌സിനും കോള്‍പെ, ബല്‍വന്ത്‌സിംഗ് എന്നിവര്‍ക്കുമെതിരെ മധ്യപ്രദേശ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തു. ബ്ലിറ്റ്‌സും ലേഖകരും ഉന്നയിച്ച തടസ്സവാദങ്ങള്‍ വിലപ്പോയില്ല, ക്ഷമായാചനം ചെയ്തിട്ടും ഫലമുണ്ടായില്ല. ബ്ലിറ്റ്‌സിന്റെ പ്രസാധക-പത്രാധപര്‍ ആര്‍.കെ. കരഞ്ചിയ ആയിരം രൂപയും കോള്‍പെ, ബല്‍വന്ത്‌സിംഗ് എന്നിവര്‍ അഞ്ഞൂറ് രൂപ വീതവും പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു.

രാജ്യത്ത് കലാപം വിതയ്ക്കുന്ന വര്‍ഗീയപാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. 1961 ഏപ്രില്‍ 22ന് ചേര്‍ന്ന ജനസംഘത്തിന്റെ കേന്ദ്ര പ്രവര്‍ത്തകസമിതി അതില്‍ എല്ലാ ജനാധിപത്യ സ്‌നേഹികള്‍ക്കുമുള്ള ആശങ്ക പങ്കുവച്ചു. ‘രാജ്യത്തെ വിഭജനത്തിലേക്ക് നയിച്ച ദ്വിരാഷ്ട്രവാദമാണ് മുസ്ലിം വര്‍ഗീയതയുടെ തായ്‌വേര്. കോണ്‍ഗ്രസും ലീഗും തമ്മില്‍ കേരളത്തിലുണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് വര്‍ഗീയതയ്ക്ക് ബഹുമാന്യത നല്‍കുകയും മറ്റിടങ്ങളിലും സമുദായാടിസ്ഥാനത്തില്‍ സംഘടിക്കുവാന്‍ മുസ്ലീങ്ങളെ ഉത്തേജിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നു.’ ഇന്ത്യന്‍ മുസ്ലീങ്ങളുടെ സംരക്ഷകരായി ഭാവിക്കുന്ന പാകിസ്താന്റെ ഇടപെടല്‍ പ്രശ്‌നത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു.’

1961 ഒക്ടോബറില്‍ അലിഗഡ് സര്‍വകലാശാലയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹിന്ദു-മുസ്ലീം വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. 14 പേര്‍ കൊല്ലപ്പെട്ടു, അധികവും മുസ്ലീങ്ങള്‍. അതോടെ ജബല്‍പൂരിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വ്യക്തമായി. ഉത്തരേന്ത്യയിലെ പല പട്ടണങ്ങളും പുകയുന്ന അഗ്നിപര്‍വതമാണെന്ന് അചിരേണ വ്യക്തമായി.