നെഹ്റു-പ്രതിഛായ മങ്ങുന്നു  

October 11, 2017, 12:02 pm
നെഹ്റു-പ്രതിഛായ മങ്ങുന്നു  
Columns
Columns
നെഹ്റു-പ്രതിഛായ മങ്ങുന്നു  

നെഹ്റു-പ്രതിഛായ മങ്ങുന്നു  

1952 മേയ് മാസം രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു. ഉപരാഷ്ട്രപതിയും മഹാദാര്‍ശനികനുമായ ഡോ. രാധാകൃഷ്ണനെയാണ് തല്‍സ്ഥാനത്തേക്ക് നെഹ്റു കണ്ടുവെച്ചിരുന്നത്. ഒരു ടേം കൂടി കിട്ടുന്ന പക്ഷം ആര്‍.എസ്.എസിന്റെയും ജനസംഘത്തിന്റെയും താല്‍പര്യാര്‍ത്ഥം പ്രസാദ് തന്നെ അട്ടിമറിക്കുമെന്ന് നെഹ്റു ഭയപ്പെട്ടു. വീണ്ടും മത്സരിക്കാന്‍ ഉദ്ദേശമുണ്ടോ എന്ന് പ്രധാനമന്ത്രി ഒരു ചടങ്ങിനെന്നോണം രാഷ്ട്രപതിയോട് ആരാഞ്ഞു. താനല്ല പാര്‍ട്ടിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്ന് പ്രസാദ് മറുപടി നല്‍കി. പാര്‍ട്ടി ഒരു കാരണവശാലും തന്റെ ഹിതത്തിന് എതിരുനില്‍ക്കുകയില്ല എന്ന് നെഹ്റു വിശ്വസിച്ചു.

എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി മൗലാനാ അബുല്‍ കലാം ആസാദ് രാജേന്ദ്രപ്രസാദിനുവേണ്ടി രംഗത്തിറങ്ങി. ഒരുവട്ടം കൂടി ഉപരാഷ്ട്രപതിയായിരിക്കാമെന്ന് അദ്ദേഹം രാധാകൃഷ്ണനെക്കൊണ്ട് സമ്മതിപ്പിച്ചു. ഹിന്ദി ബെല്‍റ്റില്‍ അപ്പോഴും പ്രസാദിന് ധാരാളം അനുയായികളും ആരാധകരും ഉണ്ടായിരുന്നു. കാമരാജിനെപ്പോലുള്ള ദക്ഷിണേന്ത്യന്‍ നേതാക്കള്‍ കൂടിയും രാജേന്ദ്രപ്രസാദിനെ പിന്തുണച്ചു. നെഹ്റുവിന്റെ കണക്കുകൂട്ടല്‍ ഒരിക്കല്‍ക്കൂടി തെറ്റി.

മേയ് ആറാം തീയതി നടന്ന തെരഞ്ഞെടുപ്പില്‍ ഡോ. രാജേന്ദ്രപ്രസാദ് ഏറെക്കുറെ ഏകപക്ഷീയമായി വിജയിച്ചു. ഇലക്ട്രല്‍ കോളേജില്‍ അദ്ദേഹത്തിന് 4,59,698 വോട്ട് കിട്ടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥികളായ ചൗധരി ഹരിറാമിന് 2,672 വോട്ടും നാഗേന്ദ്രനാരായണ്‍ ദാസിന് 2,000 വോട്ടും മാത്രമെ കിട്ടിയുള്ളൂ. 1957 മേയ് 13ന് ഡോ. രാജേന്ദ്രപ്രസാദ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ പ്രസിഡന്റായി സത്യവാചകം ചൊല്ലി. ഡോ. രാധാകൃഷ്ണന്‍ വീണ്ടും ഉപരാഷ്ട്രപതിയായി. സമാശ്വാസനടപടി എന്നനിലയില്‍ നെഹ്റു വിശിഷ്ടവ്യക്തികളുടെ പൂര്‍വാപരക്രമം പരിഷ്‌കരിച്ചു. രാഷ്ട്രപതി കഴിഞ്ഞാല്‍ പ്രധാനമന്ത്രി എന്നത് മാറ്റി, ഉപരാഷ്ട്രപതിയെ രണ്ടാമനാക്കി. അദ്ദേഹത്തിന്റെ ഉപയോഗത്തിന് എയര്‍ഫോഴ്സ് വിമാനം വിട്ടുകൊടുത്തു. കൂടുതല്‍ കൂടുതല്‍ ചടങ്ങുകളില്‍ ഉപരാഷ്ട്രപതിയെ പങ്കെടുപ്പിച്ചു.

അതേസമയം പ്രധാനമന്ത്രി രാഷ്ട്രപതിയെ കഴിയുന്നിടത്തോളം അവഗണിച്ചു. ഗവര്‍ണര്‍മാരെയും അംബാസഡര്‍മാരെയും കര-നാവിക-വ്യോമ സേനാമേധാവികളെയും നിയമിക്കുമ്പോള്‍ പോലും കൂടിയാലോചന ഉപേക്ഷിച്ചു. പ്രതിരോധമന്ത്രിയുമായി പിണങ്ങി ജനറല്‍ കെ.എസ്. തിമ്മയ്യ രാജിവെച്ചതും നെഹ്റുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി രാജി പിന്‍വലിച്ചതുമൊക്കെ രാഷ്ട്രപതിയെ ഔപചാരികമായി അറിയിച്ചില്ല.

രാഷ്ട്രപതിയും കടുത്ത നീരസം വച്ചുപുലര്‍ത്തി. 1959 ജൂലൈയില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാനുള്ള നീക്കത്തോട് രാജേന്ദ്രപ്രസാദ് വിയോജിപ്പ് പ്രകടിപ്പിച്ചു. പിന്നീട് പ്രധാനമന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പിരിച്ചുവിടല്‍ വിളംബരം ഒപ്പിടുകയും ചെയ്തു. 1960 നവംബര്‍ 28ന് ഡല്‍ഹിയില്‍ ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിടവെ, രാജേന്ദ്രപ്രസാദ് പ്രസിഡന്റിന്റെ പദവി സംബന്ധിച്ച പഴയ വിവാദം ഒരിക്കല്‍ക്കൂടി ഉന്നയിച്ചു. എഴുതപ്പെട്ട ഭരണഘടനയും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയുമുള്ള ഇന്ത്യ എങ്ങനെയാണ് പരമ്പരാഗത രാജവാഴ്ചയും പാര്‍ലമെന്റിന് പരമാധികാരമുള്ള ഇംഗ്ലണ്ടിന്റെ മാതൃക പിന്തുടരുക എന്ന് ചോദിച്ചു. എന്നാല്‍ നെഹ്റു അതിനൊന്നും മറുപടി പറയാന്‍ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല ചീഫ് ജസ്റ്റിസ് ബി.പി സിന്‍ഹയെ സ്വാധീനിച്ച് രാഷ്ട്രപതിയുടെ പ്രസംഗത്തിന് പ്രചാരം നല്‍കേണ്ട എന്ന് തീരുമാനമെടുപ്പിക്കുകയും ചെയ്തു.

1959 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസനോവര്‍ ഇന്ത്യ സന്ദര്‍ശിച്ചു. വലതുപക്ഷ രാഷ്ട്രീയക്കാരനായ രാജേന്ദ്രപ്രസാദ് വളരെ വേഗം ഐസനോവറുടെ സുഹൃത്തായി മാറി. തിരിച്ചുപോകുമ്പോള്‍, അമേരിക്ക സന്ദര്‍ശിക്കാന്‍ അദ്ദേഹം പ്രസാദിനെ ക്ഷണിച്ചു. രാഷ്ട്രപതി അമേരിക്ക സന്ദര്‍ശിക്കാനുള്ള തന്റെ താല്‍പര്യം പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ നെഹ്റുവില്‍ നിന്ന് തീരെ തണുത്ത പ്രതികരണമാണ് ഉണ്ടായത്. ഡോ. രാജേന്ദ്രപ്രസാദിന് ഒരിക്കലും ഐക്യനാടുകള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചില്ല.

കാലാവധി അവസാനിക്കുന്നതിന് പത്ത് മാസം മുമ്പ്, 1961 ഓഗസ്റ്റില്‍ ഡോ. രാജേന്ദ്രപ്രസാദ് രോഗാതുരനായി ഏറെക്കുറെ മരണവക്ത്രത്തില്‍ പ്രവേശിച്ചു. മരണം സുനിശ്ചിതമായ സാഹചര്യത്തില്‍ രാജ്യത്തെ പ്രഥമ പൗരന് തലസ്ഥാന നഗരിയില്‍ തന്നെ അദ്ദേഹത്തിന്റെ പ്രൗഢിക്ക് ഒത്തിണങ്ങിയ സമാധിസ്ഥലം ഉണ്ടാക്കേണ്ടിവരും എന്നു തിരിച്ചറിഞ്ഞ് നെഹ്റു സ്ഥലം കണ്ടെത്താനുള്ള ചുമതല ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ ഏല്‍പിച്ചു. രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ നിന്ന് പരമാവധി അകലെ വേണം പ്രസാദിന്റെ ശവകുടീരം എന്ന് ഓര്‍മ്മിപ്പിച്ചു. ശാസ്ത്രി യമുനാതീരത്ത് തന്നെ അല്പമകലെ ഒരിടം കണ്ടെത്തി. എങ്കിലും അത് വേണ്ടിവന്നില്ല. രാജേന്ദ്രപ്രസാദ് രോഗക്കിടക്കയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു, രാഷ്ട്രപതിസ്ഥാനത്ത് കാലാവധി പൂര്‍ത്തീകരിച്ചു.

രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ ഘനവ്യവസായങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. കൃഷിക്കും ജലസേചനത്തിനും നീക്കിവെച്ച തുകയുടെ തോത് തുലോം കുറവായിരുന്നു. അതിനാല്‍ കാര്‍ഷികമേഖല തളര്‍ന്നു, ഭക്ഷ്യ ഉല്‍പാദനം കുറഞ്ഞു. 1956-ല്‍ തന്നെ ഇന്ത്യ അമേരിക്കയുമായി പി.എല്‍.480 കരാര്‍ ഒപ്പിട്ടു. 1957-ലെ കഠിനമായ വരള്‍ച്ച വലിയതോതില്‍ വിളനാശത്തിന് വഴിവെച്ചു. ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ക്കായി ബര്‍മ്മ, കംബോഡിയ, തായ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ കണക്കിലധികം ആശ്രയിക്കേണ്ടതായി വന്നു. ഊഹക്കച്ചവടക്കാരും പൂഴ്ത്തിവെപ്പുകാരും ഈയവസരം ഫലപ്രദമായി വിനിയോഗിച്ചു. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടു.

1957-62 കാലഘട്ടത്തില്‍ അഴിമതി പ്രകടവും സാര്‍വത്രികവുമായി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ബക്ഷി ഗുലാം മുഹമ്മദ് അഴിമതിയിലും സ്വജനപക്ഷപാതിത്വത്തിലും രാജ്യത്തെ സകലഭരണാധികാരികളെയും പിന്നിലാക്കി. അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പ്രതിപക്ഷവും മാധ്യമങ്ങളും വിശേഷിപ്പിച്ചിരുന്നത് ബക്ഷി ബിസിനസ് കോര്‍പറേഷന്‍ (ബി.ബി.സി.) എന്നായിരുന്നു. പഞ്ചാബിലെ പ്രതാപ്സിംഗ് കെയ്റോണും ഒട്ടും മോശമായിരുന്നില്ല. പണ്ഡിറ്റ് നെഹ്റു സ്വന്തം നിലയ്ക്ക് അഴിമതിക്കാരനായിരുന്നില്ല. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരുടെ അഴിമതിയോട് പൊതുവെ മൃദുസമീപനം പുലര്‍ത്തി. ഷേഖ് അബ്ദുള്ളയെ അകറ്റി നിര്‍ത്താന്‍ വേണ്ടി ബക്ഷിയേയും സിഖ് തീവ്രവാദത്തെ ചെറുക്കാന്‍ കെയ്റോണിനെയും നിലനിര്‍ത്തി.

എന്നാല്‍ അഴിമതിയോട് ഒരുതരത്തിലും സന്ധിചെയ്യാന്‍ ഫിറോസ് ഗാന്ധി തയ്യാറായിരുന്നില്ല. തന്റെ ഭാര്യയോടും ഭാര്യാപിതാവിനോടും വരെ കലഹിക്കാനും മടിച്ചില്ല. 1912 സെപ്റ്റംബര്‍ 12ന്, ഗുജറാത്തില്‍ നിന്ന് ബോംബെയില്‍ കുടിയേറിയ ഒരു സാധാരണ പാഴ്സി കുടുംബത്തിലാണ് ഫിറോസ് ജഹാംഗീര്‍ ഘണ്ഡി ജനിച്ചത്. കുടുംബം പിന്നീട് അലഹബാദിലേക്ക് താമസം മാറ്റി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആനന്ദഭവനില്‍ കമലനെഹ്റുവിന്റെ സഹായിയുമായിത്തീര്‍ന്ന ഫിറോസ് ഇന്ദിരയുമായി പ്രണയബദ്ധനായി. നെഹ്റുവിന്റെ അനിഷ്ടം വകവെക്കാതെ 1942 മാര്‍ച്ച് 26ന് അവര്‍ വിവാഹിതരായി. അതിനുശേഷം ഫിറോസ് തന്റെ പേരിന്റെ രണ്ടാംഭാഗം അല്‍പമൊന്ന് ഭേദഗതി ചെയ്തു ഫിറോസ് ഗാന്ധി എന്നാക്കി.

വിവാഹാനന്തരം നെഹ്റു ഫിറോസിനെ നാഷണല്‍ ഹെറാള്‍ഡിന്റെ ചുമതലക്കാരനാക്കി. 1950-ല്‍ അദ്ദേഹം താല്‍ക്കാലിക പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1952ലും 57ലും റായ്ബറേലിയില്‍ നിന്ന് ലോക്സഭാംഗമായി. മദ്യപനും സ്ത്രീജിതനുമായിരുന്നു ഫിറോസ്. കോണ്‍ഗ്രസ് എം.പി.മാരായ താരകേശ്വരി സിന്‍ഹയും സുഭദ്രാ ജോഷിയും അടക്കം നിരവധി കാമുകിമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഒരു മുസ്ലിം മന്ത്രിയുടെ മകളെ വിവാഹം ചെയ്യനുദ്ദേശിച്ച് ഫിറോസ് ഇന്ദിരയോട് വിവാഹമോചനം ആവശ്യപ്പെട്ടു. ഇന്ദിര കുട്ടികളുമൊത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് താമസം മാറ്റി. എന്നാല്‍ വിവാഹമോചനത്തിന് തയ്യാറായില്ല.

1956-ല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ നടക്കുന്ന വമ്പിച്ച തട്ടിപ്പുകള്‍ തുറന്നുകാട്ടിക്കൊണ്ടാണ് ഫിറോസ് അഴിമതിക്കെതിരായ കുരിശുയുദ്ധം ആരംഭിച്ചത്. പ്രമുഖ വ്യവസായിയും ഗോഹത്യാവിരുദ്ധ ലീഗിന്റെ സ്ഥാപകനും ഏകലോക രാഷ്ട്രത്തിന്റെ വക്താവുമായ ഹരികൃഷ്ണ ഡാല്‍മിയ ആയിരുന്നു ആദ്യ ഇര. ഡാല്‍മിയ തന്റെ ഭാരത് ബാങ്കിന്റെയും ഭാരത് ഇന്‍ഷുറന്‍സ് കമ്പനിയുടെയും ഫണ്ട് ദുര്‍വിനിയോഗം ചെയ്താണ് ബെന്നറ്റ് ആന്റ് കോള്‍മാന്‍ മാധ്യമസ്ഥാപനം കയ്യടക്കിയതെന്ന് ഫിറോസ് ആരോപിച്ചു. അതേത്തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ഡാല്‍മിയ പിടിക്കപ്പെടുകയും രണ്ട് വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ 245 സ്വകാര്യ കമ്പനികള്‍ ദേശസാല്‍ക്കരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ രൂപീകരിച്ചു.

ഓഹരി വിപണിയില്‍ ഊഹക്കച്ചവടത്തിലൂടെ കോടികള്‍ കൊയ്ത ഒരു സാഹസികനായിരുന്നു ഹരിദാസ് മുണ്ട്ര. വ്യാജ ഓഹരികള്‍ ഉപയോഗിച്ച് ബിസിനസ് ചെയ്തതിന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1956-ല്‍ മുണ്ട്രയെ കയ്യോടെ പിടികൂടി. 1957-ല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി മുണ്ട്രയുടെ ആറ് കമ്പനികളിലായി 1.24 കോടി രൂപ നിക്ഷേപിച്ചു. അംഗീകൃത മാനദണ്ഡങ്ങള്‍ മറികടന്നും വേണ്ടത്ര സെക്യൂരിറ്റി ഇല്ലാതെയും നടത്തിയ ഈ നിക്ഷേപങ്ങള്‍ ഒരിക്കലും തിരിച്ചുകിട്ടാനാവാത്ത നിലയിലെത്തി. ഫിറോസ് ഗാന്ധി ഈ സംഭവം ലോക്സഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ അന്വേഷണത്തിന് നിര്‍ബന്ധിതമായി.

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.സി. ഛഗ്ലയാണ് കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി ആക്ട് പ്രകാരം പ്രത്യേക അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ സെക്രട്ടറി എച്ച്.എം. പട്ടേലിനും മുതിര്‍ന്ന എല്‍.ഐ.സി. ഉദ്യോഗസ്ഥര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടു. പിന്നാലെ, സുപ്രീംകോടതി മുന്‍ ജഡ്ജി വിവിയന്‍ ബോസിനെ മറ്റൊരു അന്വേഷണ കമ്മീഷനായി നിയോഗിച്ചു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനകാര്യമന്ത്രി ടി.ടി. കൃഷ്ണമാചാരിയും രാജിവയ്ക്കേണ്ടതായി വന്നു.

1899-ല്‍ മദ്രാസില്‍ ജനിച്ച കൃഷ്ണമാചാരി സ്വന്തം നിലയ്ക്ക് ഒരു വ്യവസായിയും ടി.ടി.കെ. ഗ്രൂപ്പിന്റെ സ്ഥാപകനുമായിരുന്നു. വ്യവസായത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ വിജയം വരിച്ചു. 1946-ല്‍ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡോ. അംബേദ്കറോടും കെ.എം. മുന്‍ഷിയോടുമൊപ്പം ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു. നെഹ്റുവിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന കൃഷ്ണമാചാരി 1952-ല്‍ വാണിജ്യ, വ്യവസായ വകുപ്പുകളുടെ ചുമതലയോടെ കേന്ദ്രമന്ത്രിയായി. 1956-ല്‍ സി.ഡി ദേശ്മുഖ് രാജിവെച്ച ഒഴിവില്‍ ധനകാര്യമന്ത്രിയുമായി. മുണ്ട്ര അപവാദത്തില്‍ കളങ്കിതനായി അദ്ദേഹം 1958 ഫെബ്രുവരി 18ന് രാജിവെച്ചു.

കൃഷ്ണമാചാരിയുടെ സ്ഥാനത്യാഗം കഴിഞ്ഞ് നാലാം ദിവസം, ഫെബ്രുവരി 22ന് മൗലാനാ അബുല്‍ കലാം ആസാദ് ദിവംഗതനായി. റഫി അഹമ്മദ് കിദ്വായിയുടെയും മൗലാനാ ആസാദിന്റെയും കാലശേഷം ഇന്ത്യന്‍ മുസ്ലീങ്ങള്‍ പൊതുവിലും കോണ്‍ഗ്രസുകാരായ ദേശീയ മുസ്ലീങ്ങള്‍ വിശേഷിച്ചും വലിയ നേതൃത്വശൂന്യത അനുഭവിച്ചു.

പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി 1958 ഏപ്രില്‍ 29ന് നെഹ്റു വെളിപ്പെടുത്തി. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ആ വാര്‍ത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ നിരന്തരവും അനന്തവുമായ ജോലികള്‍ ചെയ്ത് തനിക്ക് വലിയ മടുപ്പും ക്ഷീണവും അനുഭവപ്പെടുന്നു. ശാന്തമായി ചിന്തിക്കാന്‍ ഒട്ടും സമയം കിട്ടുന്നില്ല, പ്രധാനമന്ത്രിയായിട്ടല്ലാതെ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ചിന്തിക്കാന്‍ ഈ വലിയ ഭാരം താഴെയിറക്കിവെക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ജവഹര്‍ലാലിന്റെ മനോഗതം.

നെഹ്റുവിന്റെ സ്ഥാനത്യാഗ സന്നദ്ധത കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു. വിദേശ രാഷ്ട്രത്തലവന്മാര്‍ പോലും അമ്പരന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഐസനോവര്‍ മേയ് ഒന്നിന് നെഹ്റുവിനോടാവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം.പി.മാരുടെയും മുതിര്‍ന്ന നേതാക്കളുടെയും ഒരു യോഗം ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അധ്യക്ഷതയില്‍ കൂടി. നെഹ്റുവിനോട് തീരുമാനം മാറ്റാന്‍ അഭ്യര്‍ത്ഥിച്ചു. ഒടുവില്‍ പണ്ഡിറ്റ്ജി നിലപാട് മാറ്റി, പ്രധാനമന്ത്രി സ്ഥാനത്ത് തുടരാമെന്ന് സമ്മതിച്ചു. പുതിയ തീരുമാനത്തില്‍ സന്തുഷ്ടി അറിയിച്ചുകൊണ്ട് സോവിയറ്റ് നേതാവ് നികിത ക്രൂഷ്ചേവ് മേയ് 8ന് സന്ദേശം അയച്ചു.

ഭാര്യാപിതാവിന്റെ സ്ഥാനത്യാഗ സന്നദ്ധതയും ഫിറോസ് ഗാന്ധിയെ കുലുക്കിയില്ല. അദ്ദേഹം അഴിമതിക്കെതിരായ യുദ്ധം തുടര്‍ന്നു. നെഹ്റുവിന്റെ പ്രൈവറ്റ് സെക്രട്ടറി എം.ഒ. മത്തായി ആയിരുന്നു അടുത്ത ഇര. ചെങ്ങന്നൂര്‍ സ്വദേശിയായ മത്തായി 1946-ലാണ് അമേരിക്കന്‍ റെഡ്ക്രോസിലെ ജോലി ഉപേക്ഷിച്ച് നെഹ്റുവിനൊപ്പം കൂടിയത്. അചിരേണ അദ്ദേഹം വളരെ പ്രതാപശാലിയായിത്തീര്‍ന്നു. ഉപപ്രധാനമന്ത്രി എന്നാണ് വിജയലക്ഷ്മി പണ്ഡിറ്റ് മത്തായിയെ വിശേഷിപ്പിച്ചത്. മത്തായി സി.ഐ.എ. ഏജന്റാണെന്നും തന്റെ അമ്മയുടെ പേരില്‍ ട്രസ്റ്റുണ്ടാക്കി ബിര്‍ള അടക്കമുള്ള വ്യവസായികളില്‍ നിന്ന് വന്‍തുക സമാഹരിച്ചു ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്യുന്നു എന്നുമായിരുന്നു ആരോപണത്തിന്റെ കാതല്‍. അമേരിക്കയില്‍ നിന്ന് കനത്ത പ്രതിഫലം കിട്ടുന്നതുകൊണ്ടാണ് മത്തായി നെഹ്റുവില്‍ നിന്ന് പ്രതിഫലം വാങ്ങാത്തതെന്ന് വ്യാഖ്യാനമുണ്ടായി. (ഇന്ദിരയും മത്തായിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ഫിറോസിന് സംശയമുണ്ടായിരുന്നു.) ആവശ്യമായ രേഖകള്‍ ഫിറോസ് ഗാന്ധി കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് കൈമാറി. നിഖില്‍ ചക്രവര്‍ത്തി അത് പത്രത്തിലും ഭൂപേശ് ഗുപ്ത സമര്‍ത്ഥമായി പാര്‍ലമെന്റിലും ഉന്നയിച്ചു.

മത്തായിയെ തനിക്ക് വിശ്വാസമാണെന്ന് പുറമേക്ക് പറഞ്ഞ നെഹ്റു ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കാബിനറ്റ് സെക്രട്ടറി വിഷ്ണു സഹായിയെ ചുമതലപ്പെടുത്തി. കുറ്റം തെളിഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട് കൊടുത്തതെങ്കിലും മത്തായി അമേരിക്കന്‍ ചാരനാണ് എന്ന തന്റെ വ്യക്തിപരമായ ബോധ്യം വിഷ്ണു സഹായി നെഹ്റുവിനെ ധരിപ്പിച്ചു. 1959 ജനുവരി 18ന് മത്തായി രാജിവെച്ചു, ജനുവരി 27ന് തീന്‍മൂര്‍ത്തി ഭവന്റെ പടിയിറങ്ങി.

1959 ഫെബ്രുവരി ആദ്യം ധേബാര്‍ഭായ് കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിഞ്ഞു. നാഗ്പൂരില്‍ നടന്ന പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനം ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രിയുടെ ഏകസന്താനം എന്നതായിരുന്നു അവരുടെ പ്രധാന യോഗ്യത. ജവഹര്‍ലാല്‍ പടിപടിയായാണ് മകളെ പാര്‍ട്ടിയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. 1953-ല്‍ കോണ്‍ഗ്രസിന്റെ വനിതാവിഭാഗം രൂപീകരിക്കുന്ന ചുമതല ഏല്‍പിച്ചു. 1957-ല്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിയില്‍ അംഗമാക്കി. 59-ല്‍ അവര്‍ എ.ഐ.സി.സി. പ്രസിഡന്റായപ്പോഴും ആര്‍ക്കും അത്ഭുതം തോന്നിയില്ല. പണ്ഡിറ്റ്ജി മകളെ തന്റെ പിന്‍ഗാമിയും രാഷ്ട്രീയ അനന്തരാവകാശിയുമായി ഉയര്‍ത്തിക്കൊണ്ടുവരികയാണെന്ന് വിദേശമാധ്യമങ്ങള്‍ നിരീക്ഷിച്ചു.

കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനോട് തുടക്കം മുതലേ ഇന്ദിരയ്ക്ക് വലിയ ഈര്‍ഷ്യയായിരുന്നു. 1959 ഫെബ്രുവരിയില്‍ അവര്‍ എ.ഐ.സി.സി. അധ്യക്ഷയാകുമ്പോഴേക്കും വിമോചന സമരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇന്ദിരാഗാന്ധി എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനകള്‍ നടത്തി സമരക്കാരെ ഉത്തേജിപ്പിച്ചു. പിതാവിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി മന്ത്രിസഭയെ ഡിസ്മിസ് ചെയ്യിച്ചു.

വിമോചനസമരം ജനാധിപത്യവിരുദ്ധമാണ് എന്ന നിലപാടുകാരനായിരുന്നു ഫിറോസ് ഗാന്ധി. അതോടെ ഇന്ദിര-ഫിറോസ് ബന്ധം തീര്‍ത്തും വഷളായി. 1960 സെപ്റ്റംബര്‍ 8ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ഫിറോസ് അന്തരിച്ചു.

1960 ഫെബ്രുവരിയില്‍ കേരള നിയമസഭയിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് മടിച്ചില്ല. ലീഗ് ചത്ത കുതിരയാണെന്ന് മുമ്പ് കുത്തുവാക്ക് പറഞ്ഞ നെഹ്റു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മനസ്സാക്ഷിക്കുത്ത് കൂടാതെ പങ്കെടുത്തു. മുന്നണിക്ക് ഭൂരിപക്ഷം കിട്ടിയപ്പോള്‍ ലീഗിനെ തഴഞ്ഞു. മുസ്ലീംലീഗിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ ഉത്തരേന്ത്യയില്‍ ഹിന്ദുവികാരം എതിരാകും, ജനസംഘം മുതലെടുക്കും എന്ന് പുതിയ എ.ഐ.സി.സി. പ്രസിഡന്റ് നീലം സഞ്ജീവറെഡ്ഡി ഭയപ്പെട്ടു. ഒടുവില്‍ കെ.എം. സീതിസാഹിബിനെ സ്പീക്കറാക്കി പ്രശ്നം ഒരുവിധം അവസാനിപ്പിച്ചു.

1961 ഫെബ്രുവരിയില്‍ ജബല്‍പൂര്‍ ലഹളയെ തുടര്‍ന്ന് കോണ്‍ഗ്രസ്-ലീഗ് ബന്ധം വീണ്ടും ചര്‍ച്ചാവിഷയമായി. കേരളത്തില്‍ ലീഗുമായി കോണ്‍ഗ്രസുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യമാണ് സാമുദായിക സംഘര്‍ഷത്തിന്റെ മൂലകാരണമെന്ന ജനസംഘത്തിന്റെ ആരോപണം നെഹ്റു മുഖവിലയ്ക്കെടുത്തു. മേലില്‍ വര്‍ഗീയകക്ഷികളുമായി ഒരു ബന്ധവും പാടില്ല എന്ന് പാര്‍ട്ടി തീരുമാനിച്ചു. അതിനു തൊട്ടുപിന്നാലെ, ഏപ്രില്‍ 17ന് സീതിസാഹിബ് അന്തരിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സി.എച്ച്. മുഹമ്മദ് കോയയെ മുസ്ലിംലീഗ് നിര്‍ദ്ദേശിച്ചു. ലീഗ് അംഗത്വം രാജിവെച്ചാലേ കോയയെ സ്പീക്കറാക്കാന്‍ കഴിയൂ എന്ന് കോണ്‍ഗ്രസ് ശഠിച്ചു. ഒടുവില്‍ മുഹമ്മദ് കോയ ‘തൊപ്പിയൂരി’ സ്പീക്കറായി. ആ വര്‍ഷം ഒക്ടോബറില്‍ അലിഗഡില്‍ വീണ്ടും വര്‍ഗീയകലാപമുണ്ടായി. അതോടെ ലീഗുമായി പരോക്ഷബന്ധവും പാടില്ല എന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചു. അങ്ങനെ നവംബര്‍ 9ന് സി.എച്ച്. സ്പീക്കര്‍സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ്-ലീഗ് ബാന്ധവം അവസാനിച്ചു.

1957-ലെ തെരഞ്ഞെടുപ്പില്‍ ബോംബെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല. മറാഠി-ഗുജറാത്തി വടംവലിയും ബോംബെ നഗരം കേന്ദ്രഭരണ പ്രദേശമാക്കുന്നത് സംബന്ധിച്ച വിവാദവുമാണ് തിരിച്ചടിക്ക് കാരണം എന്ന് വ്യക്തമായിരുന്നു. 1960 ആകുമ്പോഴേക്കും നെഹ്റുവിന് വീണ്ടുവിചാരമുണ്ടായി. അങ്ങനെ സംസ്ഥാനം മഹാരാഷ്ട്രയും ഗുജറാത്തുമായി വിഭജിക്കപ്പെട്ടു. ബോംബെ നഗരം പൂര്‍ണ്ണമായും മഹാരാഷ്ട്രയ്ക്ക് ലഭിച്ചു. ഗുജറാത്തിന്റെ തലസ്ഥാനം അഹമ്മദബാദ് എന്നും തീരുമാനിച്ചു. വൈ.ബി. ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തുടര്‍ന്നു. ജീവരാജ് മേത്ത ഗുജറാത്തില്‍ മുഖ്യമന്ത്രിയായി.

ബോംബെ സംസ്ഥാന വിഭജനം, പഞ്ചാബി സുബയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭം ആളിക്കത്തിച്ചു. 1960 ഏപ്രില്‍ മാസം മാസ്റ്റര്‍ താരാസിംഗ് വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തു. അറസ്റ്റും ജയില്‍വാസവും അനുഭവിച്ചു. എന്നാല്‍ പട്ടണപ്രദേശങ്ങളില്‍ മാത്രമേ സമരത്തിന് എന്തെങ്കിലും പ്രതികരണം ഉണ്ടാക്കാന്‍ കഴിഞ്ഞുള്ളൂ. ഗ്രാമങ്ങള്‍ തികച്ചും ശാന്തമായിരുന്നു. താരാസിംഗ് ജയിലില്‍ കഴിയവെ, പ്രക്ഷോഭത്തിന്റെ നായകനായ സന്ത് ഫത്തേസിംഗ് പഞ്ചാബ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചുവെന്ന് പറയുന്ന ദുര്‍ബലമായ ചില ഉറപ്പുകളുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചു.

1960 ഓഗസ്റ്റ് 15 മുതല്‍ താരാസിംഗ് പഞ്ചാബി സുബയ്ക്കുവേണ്ടി മരണം വരെ നിരാഹാരസമരം ആരംഭിച്ചു. ഉപവാസവേളയില്‍ അദ്ദേഹം ഭക്ഷ്യപാനീയങ്ങള്‍ കഴിക്കുന്നതായി ആരോപണം ഉയര്‍ന്നു. മുഖ്യമന്ത്രി പ്രതാപ്സിംഗ് കെയ്റോണ്‍ സുരക്ഷ ശക്തമാക്കാന്‍ എന്ന മട്ടില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചു. അങ്ങനെ ഒളിച്ച് ഭക്ഷണം കഴിക്കാനുള്ള സാധ്യത ഇല്ലാതാക്കി. 48 ദിവസം നീണ്ട ഉപവാസം ഒക്ടോബര്‍ ഒന്നിന് ദയനീയ പരാജയമായി അവസാനിപ്പിച്ചു. അതോടെ സിഖുകാര്‍ കുപിതരായി. സമുദായക്കോടതി താരാസിംഗിനെ വിചാരണ ചെയ്തു ശിക്ഷിച്ചു. അദ്ദേഹത്തിന് അകാലിദള്‍ അധ്യക്ഷസ്ഥാനവും നഷ്ടപ്പെട്ടു.

1957-ലെ തെരഞ്ഞെടുപ്പില്‍ ഒറീസ നിയമസഭയില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം കിട്ടിയിരുന്നില്ല. കോണ്‍ഗ്രസിന് 56-ഉം ഗണതന്ത്രപരിഷത്തിന് 51-ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ചെറുകക്ഷികളെയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് കോണ്‍ഗ്രസ് നേതാവ് ഹരേകൃഷ്ണ മേത്താബ് മന്ത്രിസഭ രൂപീകരിച്ചു. 1959 മേയ് 22ന് ഗണതന്ത്രപരിഷത്തിനെക്കൂടി ഉള്‍പ്പെടുത്തി മേത്താബ് മന്ത്രിസഭ വികസിപ്പിച്ചു. രാജേന്ദ്രനാരായണ്‍ സിങ്ദേവ് ധനകാര്യമന്ത്രിയായി. എന്നാല്‍ 1961-ല്‍ ആദ്യം ഇരുകക്ഷികളും തമ്മില്‍ പിന്നെയും തെറ്റി. ഫെബ്രുവരി 25ന് മന്ത്രിസഭ രാജിവച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ജൂണ്‍ പകുതിയോടെ തെരഞ്ഞെടുപ്പ് നടന്നു. 140 അംഗ നിയമസഭയില്‍ 82 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. പക്ഷേ മേത്താബ് അല്ല ബിജു പട്നായിക് ആണ് മുഖ്യമന്ത്രിയായത്.

ജമ്മുകശ്മീരില്‍ പുതിയ ഭരണഘടന 1957 ജനുവരി 26ന് നിലവില്‍ വന്നു. അതുപ്രകാരം, സ്ത്രീകള്‍ക്ക് സംവരണം ചെയ്ത രണ്ട് സ്ഥാനങ്ങള്‍ ഉള്‍പ്പെടെ 102 അംഗ നിയമസഭയാണ് വേണ്ടിയിരുന്നത്. 24 സീറ്റുകള്‍ പാക് അധിനിവേശകശ്മീരില്‍ ആയിരുന്നു. ബാക്കി 76 സീറ്റുകളിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 21ന് നടന്നു.

മുഖ്യമന്ത്രി ബക്ഷി ഗുലാം മുഹമ്മദ് തന്റെ സ്വന്തക്കാര്‍ക്കും സില്‍ബന്തികള്‍ക്കും പാര്‍ട്ടി ടിക്കറ്റ് വാരിക്കോരി കൊടുത്തു. അതില്‍ പ്രതിഷേധിച്ച് ജി.എം. സാദിഖ്, ഡി.പി. ധര്‍, സയ്യിദ് മിര്‍കാസിം, ജി.എല്‍. ധോഗ്ര എന്നിവര്‍ പാര്‍ട്ടി വിട്ടു, നാഷണല്‍ ഡെമോക്രാറ്റിക് കോണ്‍ഫറന്‍സ് രൂപീകരിച്ചു. മിര്‍സാ അഫ്സല്‍ ബേഗിന്റെ ജനഹിതപരിശോധനാ മുന്നണി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. വോട്ടെടുപ്പില്‍ വ്യാപകമായി കൃത്രിമം നടന്നു. ഒടുവില്‍ ബക്ഷിയുടെ നാഷണല്‍ കോണ്‍ഫറന്‍സ് മഹാഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി.

1958 ജനുവരിയില്‍ പ്രത്യേകിച്ച് പ്രകോപനമൊന്നും ഇല്ലാതെ കേന്ദ്രസര്‍ക്കാര്‍ ഷേഖ് അബ്ദുള്ളയെ മോചിപ്പിച്ചു. അദ്ദേഹം നേരെ കശ്മീരിലേക്ക് പോയി. താഴ്വരയില്‍ എമ്പാടും ഷേഖിന് വമ്പിച്ച വരവേല്പ് ലഭിച്ചു. അദ്ദേഹം കൂടുതല്‍ ഇന്ത്യാവിരുദ്ധനായി, ഹിതപരിശോധനാ മുന്നണിയുടെ നേതൃത്വം ഏറ്റെടുത്തു. ഹിതപരിശോധന നടത്താത്തതിനാല്‍ കശ്മീരിന്റെ ഇന്ത്യയോടുള്ള സംയോജനം അസ്ഥിരപ്പെട്ടുപോയെന്നും പാകിസ്താന്‍ ആക്രമണം നടത്തി എന്നതിന്റെ പേരില്‍ ജമ്മു-കശ്മീരിന്റെ ഒരു ഭാഗം ഇന്ത്യ കയ്യടക്കി വച്ചിരിക്കുന്നത് അന്യായമാണെന്നും പാര്‍ട്ടി ഏപ്രില്‍ 7ന് പ്രമേയം പാസാക്കി. അതേത്തുടര്‍ന്ന് ഷേഖും 14 പ്രധാന അനുയായികളും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചു എന്നൊക്കെ ആരോപിച്ച് ജമ്മുജയിലില്‍ അടച്ചു.

കശ്മീരിലും പഞ്ചാബിലും ഉണ്ടായതിനേക്കാള്‍ ഗുരുതരമായ പ്രശ്നങ്ങളാണ് വടക്കുകിഴക്കന്‍ മേഖലയില്‍ ജവഹര്‍ലാലിന് നേരിടേണ്ടിവന്നത്. അന്ന് ആസാമിന്റെ ഭാഗമായിരുന്ന നാഗാ മലകളില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിന്നത്.

രണ്ടാംലോകമഹായുദ്ധകാലത്ത് കോഹിമ ആക്രമിച്ച ജാപ്പനീസ് സൈന്യത്തിന് സഹായം ചെയ്തയാളാണ് അങ്കാമി സാപു ഫിസോ. യുദ്ധാനന്തരം നാഗന്മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കും എന്നായിരുന്നു ജപ്പാന്‍കാരുടെ വാഗ്ദാനം. യുദ്ധത്തില്‍ ജയിച്ച ബ്രിട്ടീഷുകാര്‍ക്കും നാഗന്മാരോട് അനുഭാവമായിരുന്നു. ഇന്ത്യാരാജ്യം ഒത്തൊരുമയോടെ അധികകാലം നിലനില്‍ക്കില്ല, അപ്പോള്‍ നിങ്ങള്‍ക്കും സ്വതന്ത്രരാകാം എന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരും പാതിരിമാരും നാഗന്മാരെ പറഞ്ഞ് ബോധ്യപ്പെടുത്തിയത്.

പാശ്ചാത്യ വിദ്യാഭ്യാസം നേടിയ യുവാക്കള്‍ നാഗാ നാഷണല്‍ കൗണ്‍സില്‍ എന്നൊരു സംഘടന രൂപീകരിച്ചു. നാഗാ നേഷന്‍ എന്നൊരു പത്രവും പ്രസിദ്ധീകരിച്ചു. പൂര്‍ണ്ണസ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടി. 1947-ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഗോത്രതലവന്മാരും തമ്മില്‍ 10 കൊല്ലം പ്രാബല്യമുള്ള ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നു. അത് കാലഹരണപ്പെടുന്ന 1957-ല്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും എന്നാണ് നാഗന്മാര്‍ കരുതിയിരുന്നത്.

എന്നാല്‍ സ്വാതന്ത്ര്യം അസാധ്യമാണ്, ഇന്ത്യന്‍ യൂണിയനകത്ത് പരമാവധി സ്വയംഭരണം അനുവദിക്കാം എന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. 1951-ല്‍ ഫിസോ നാഗ നാഷണല്‍ കൗണ്‍സിലിന്റെ പ്രസിഡന്റായി. അദ്ദേഹം നല്ല ജനസ്വാധീനമുള്ള നേതാവും തീപ്പൊരി പ്രസംഗകനുമായിരുന്നു. എന്‍.എന്‍.സി.യിലെ ഒരു വിഭാഗം മിതവാദികള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഏറ്റുമുട്ടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് താക്കീത് ചെയ്തു. ടി. സാഖ്റി ആയിരുന്നു അവരുടെ നേതാവ്. ഫിസോയുടെ കണ്ണിലെ കരടായി മാറിയ സാഖ്റി കൊലചെയ്യപ്പെട്ടു.

1956 ആകുമ്പോഴേക്കും നാഗാ മലനിരകള്‍ തികച്ചും അശാന്തമായി. എന്‍.എന്‍.സി. സായുധസമരത്തിന് ആഹ്വാനം ചെയ്തു. നേതാക്കള്‍ ഒളിവില്‍ പോയി. നെഹ്റു ആസാം റൈഫിള്‍സിനെ അങ്ങോട്ടയച്ചു. കൊടുംകാടും മലനിരകളും നിറഞ്ഞ പ്രദേശം ഗറില്ല യുദ്ധത്തിന് തികച്ചും അനുയോജ്യമായിരുന്നു. ജപ്പാന്‍കാരില്‍ നിന്ന് പിടിച്ചെടുത്തതും പാകിസ്താന്‍ സംഭാവന ചെയ്തതുമായ അനവധി ആയുധങ്ങള്‍ കലാപകാരികളുടെ കൈവശം ഉണ്ടായിരുന്നു. ഒളിയാക്രമണത്തില്‍ സൈന്യത്തിന് കനത്ത ആള്‍നാശമുണ്ടായി. പ്രകോപിതരായ പട്ടാളക്കാര്‍ ഗ്രാമങ്ങള്‍ ചുട്ടുകരിച്ചു നാട്ടുകാരെ കൂട്ടക്കൊല ചെയ്തു. കലാപകാരികള്‍ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഏപ്രില്‍ 5 സ്വാതന്ത്ര്യദിനമായി ആഘോഷിച്ചു.

പ്രധാനമന്ത്രി നെഹ്റു പ്രഗത്ഭനായ ജനറല്‍ തിമ്മയ്യയെ നാഗാ മലകളിലേക്കയച്ചു. സൈന്യം ഉരുക്കുമുഷ്ടി ഉപയോഗിച്ച് കലാപകാരികളെ അമര്‍ച്ച ചെയ്തു. നാഗാ പീപ്പിള്‍സ് കണ്‍വെന്‍ഷന്റെ അഭ്യര്‍ത്ഥന മാനിച്ച് 1957 സെപ്റ്റംബര്‍ 28ന് പൊതുമാപ്പ് പ്രഖ്യാപിച്ചു. അതോടൊപ്പം നാഗാ ഹില്‍സ് ജില്ല ആസാമില്‍ നിന്നും ട്വിന്‍സിങ് ഡിവിഷന്‍ നേഫയില്‍ നിന്നും വേര്‍പെടുത്തി കേന്ദ്രഭരണ പ്രദേശമാക്കി. 1961-ല്‍ അതിന് നാഗാലാന്‍ഡ് എന്ന പേരും നല്‍കി.

ഈ ഘട്ടത്തില്‍ ഫിസോ കള്ളപാസ്പോര്‍ട്ട് ഉണ്ടാക്കി ബ്രിട്ടനിലേക്ക് കടന്നു. നാഗന്മാരോട് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്യുന്ന അനീതികളും മനുഷ്യാവകാശലംഘനവും എണ്ണിയെണ്ണി പറഞ്ഞു. ഒബ്സര്‍വര്‍ പത്രമുടമ ഡേവിഡ് ഓസ്റ്ററും പ്രമുഖ സുവിശേഷകന്‍ റവ മൈക്കല്‍ സ്‌കോട്ടും ഫിസോയ്ക്ക് പിന്തുണ നല്‍കി. വിദേശ മാധ്യമങ്ങളുടെയും സുവിശേഷകരുടെയും ദുഷ്പ്രചരണത്തില്‍ ഇന്ത്യാഗവണ്‍മെന്റ് കോപിച്ചു. സ്‌കോട്ട് നെഹ്റുവുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി അനുവാദം നല്‍കിയില്ല.

പൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും ഫിസോ തൃപ്തനാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ നാഗാ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം അസാധ്യമായിരുന്നു.