ഹിന്ദി-ചീനി ബൈ ബൈ

October 11, 2017, 12:03 pm
ഹിന്ദി-ചീനി ബൈ ബൈ
Columns
Columns
ഹിന്ദി-ചീനി ബൈ ബൈ

ഹിന്ദി-ചീനി ബൈ ബൈ

ഭക്ഷ്യക്ഷാമമോ വര്‍ഗീയ ലഹളകളോ വിഘടനവാദമോ അല്ല, വിദേശരംഗത്തുണ്ടായ തിരിച്ചടിയാണ് 1957-62 കാലത്ത് നെഹ്റുവിനെ തളര്‍ത്തിയത്. ചേരിചേരാനയവും പഞ്ചശീലതത്വങ്ങളുമൊക്കെ നിഷ്പ്രയോജനമാണെന്ന് അദ്ദേഹം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. അത് നെഹ്റുവിന്റെ ആരോഗ്യത്തെപ്പോലും ബാധിച്ചു.

1954 ഏപ്രില്‍ 29നാണ് ടിബറ്റിനുമേലുള്ള സകല അവകാശങ്ങളും ഉപേക്ഷിച്ചുകൊണ്ട് ഇന്ത്യ ചൈനയുമായി കരാറുണ്ടാക്കിയത്. ആ വര്‍ഷം ജൂണ്‍ 25 മുതല്‍ ചൗ എന്‍ ലായ് ഇന്ത്യ സന്ദര്‍ശിച്ചു. ഹിന്ദി-ചീനി ഭായ് ഭായ് മുദ്രാവാക്യം നാട്ടിലെങ്ങും അലയടിച്ചു. ചൗ എന്‍ ലായ് മടങ്ങിപ്പോയതിന്റെ 19-ാം ദിവസം ജൂലൈ 17ന് ഉത്തര്‍പ്രദേശിലെ ബാരാഹതി ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശവാദം ഉന്നയിച്ചു. ഇന്ത്യാ ഗവണ്‍മെന്റ് അത് വെറും തമാശയാണെന്ന് കരുതി അവഗണിച്ചു.

ആയിടെ ചൈനീസ് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച ഭൂപടങ്ങളില്‍ ലഡാക്കിലും നേഫയിലുമായി ഏതാണ്ട് അമ്പതിനായിരം ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള പ്രദേശം ചൈനയുടെ ഭാഗമായി അടയാളപ്പെടുത്തിയിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി 1954 ഒക്ടോബര്‍ 18ന് പീക്കിങ്ങിലേക്ക് കത്തെഴുതി. അതത്ര കാര്യമാക്കേണ്ടതില്ല, പഴയ കുമിന്താങ് സര്‍ക്കാരിന്റെ കാലത്ത് തയാറാക്കിയ ഭൂപടം സൂക്ഷ്മപരിശോധന കൂടാതെ പ്രസിദ്ധീകരിച്ചതാണെന്നുപറഞ്ഞ് ജനകീയ ചൈന കൈകഴുകി. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ മക്മഹോന്‍ രേഖയുടെ അടിസ്ഥാനത്തില്‍ ഇന്ത്യാഗവണ്‍മെന്റ് ഔദ്യോഗിക ഭൂപടം പ്രസിദ്ധീകരിച്ചു. അപ്പോള്‍ ചൈന മൗനം പാലിച്ചു.

അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തിതര്‍ക്കം സമാധാനപരമായി കൂടിയാലോചനകളിലൂടെ പരിഹരിക്കും, ഒരു കാരണവശാലും ചൈന ബലപ്രയോഗത്തിന് മുതിരില്ല എന്ന് ചൗ എന്‍ ലായ് 1955 ഏപ്രില്‍ മാസത്തില്‍ ബന്ദൂങ്ങില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ പ്രസംഗിച്ചു. അതുകേട്ട് കയ്യടിച്ചവരുടെ കൂട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവും ഉണ്ടായിരുന്നു. പാകിസ്താനും ബര്‍മ്മയുമായി ഉണ്ടായിരുന്ന ചില്ലറ തര്‍ക്കങ്ങള്‍ ചൈന കൂടിയാലോചനയിലൂടെ തന്നെ പരിഹരിക്കുകയും ചെയ്തു.

എന്നാല്‍ 1955 നവംബര്‍ മുതല്‍ ഇന്ത്യ-ചീന അതിര്‍ത്തിയില്‍ ചില്ലറ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായി. അതിനു പിന്നാലെ 1956 നവംബര്‍ 28 മുതല്‍ ചൗ എന്‍ ലായ് വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കം തുലോം നിസ്സാരമാണെന്നും അവ പ്രാദേശികതലത്തില്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കാവുന്നതേയുള്ളൂ എന്നും പ്രതികരിച്ചു. നെഹ്റു അതും വിശ്വസിച്ചു.

അതേസമയം ഇന്ത്യയുടെ ഭാഗമായ അക്സായ് ചിന്നിലൂടെ ടിബറ്റില്‍ നിന്ന് സിന്‍കിയാങ്ങിലേക്ക് 750 മൈല്‍ നീളമുള്ള ഹൈവേയുടെ പണി ദ്രുതഗതിയില്‍ പുരോഗമിച്ചു. 1956 മാര്‍ച്ചില്‍ ആരംഭിച്ച റോഡുപണി 19 മാസം കൊണ്ട് പൂര്‍ത്തീകരിച്ചു. ഹൈവേ തുറന്നുകൊടുത്ത കാര്യം ചൈനീസ് ഗവണ്‍മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമേ ഇന്ത്യ വിവരം അറിഞ്ഞുള്ളൂ. 112 മൈല്‍ ദൂരം ഇന്ത്യയുടെ ഭൂപ്രദേശത്തുകൂടിയാണ് ഹൈവേ കടന്നുപോകുന്നതെന്ന് വ്യക്തമായപ്പോള്‍, 1958 ഒക്ടോബര്‍ 18ന് ഇന്ത്യ പ്രതിഷേധിച്ചു. ചൈന പക്ഷേ അത് ഗൗനിച്ചില്ല. അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. ചൈനീസ് വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നതും പതിവാക്കി.

അതിര്‍ത്തിയിലെ സംഭവവികാസങ്ങളില്‍ അസന്തുഷ്ടി രേഖപ്പെടുത്തിക്കൊണ്ട് 1958 ഡിസംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്റു ചൗ എന്‍ ലായ്ക്ക് കത്തെഴുതി. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് യാതൊരു തര്‍ക്കവും നിലവിലില്ല എന്ന കാര്യവും ചൂണ്ടിക്കാട്ടി. എന്നാല്‍ 1959 ജനുവരി 23ന് അയച്ച മറുപടിയില്‍ ചൗ എന്‍ ലായ് ആ വാദം ഖണ്ഡിച്ചു. ഇന്ത്യയും ചീനയും തമ്മിലുള്ള അതിര്‍ത്തി ഒരിക്കലും നിര്‍ണയിക്കപ്പെട്ടിട്ടില്ല, ടിബറ്റിനുമേല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച മക് മഹോന്‍ രേഖ ചൈന ഒരിക്കലും അംഗീകരിച്ചിട്ടുമില്ല. 1954ല്‍ ഇക്കാര്യം ചൈന ഉന്നയിക്കാഞ്ഞത്, സമയം ഒരു ഒത്തുതീര്‍പ്പിന് പാകമാകാഞ്ഞതുകൊണ്ടാണ്.

ചൈനക്കാരെ ഒരിക്കലും വിശ്വസിക്കരുതെന്ന് സര്‍ദാര്‍ പട്ടേലും രാജാജിയും രാജേന്ദ്രപ്രസാദും പലതവണ ഗുണദോഷിച്ചപ്പോഴും ജവഹര്‍ലാല്‍ നെഹ്റു അതിന് ചെവികൊടുത്തില്ല. പക്ഷേ, ചൗ എന്‍ ലായുടെ കത്ത് വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സകലസംശയവും നീങ്ങി. ചൈനക്കാര്‍ തന്നെ വിദഗ്ധമായി കബളിപ്പിക്കുകയായിരുന്നുവെന്ന് പണ്ഡിറ്റ്ജിക്ക് ബോധ്യമായി.

1959 മാര്‍ച്ചില്‍ ടിബറ്റില്‍ ഖെംപ കലാപം എന്നറിയപ്പെട്ട സ്വാതന്ത്ര്യസമരം ആളിക്കത്തി. കലാപകാരികള്‍ ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അമേരിക്കയോട് സൈനികസഹായം ആവശ്യപ്പെടുകയും ചെയ്തു. ചൈനീസ് സൈന്യം നിഷ്പ്രയാസം കലാപം അടിച്ചമര്‍ത്തി. ടിബറ്റുകാരുടെ ആത്മീയ നേതാവ് ദലൈലാമ അനുചരന്മാര്‍ക്കൊപ്പം മാര്‍ച്ച് 31ന് ഇന്ത്യയിലേക്ക് കടന്നു. തവാങില്‍ താവളം ഉറപ്പിച്ചു. ടിബറ്റിലെ കലാപം ചൈനയുടെ ആഭ്യന്തരകാര്യമാണ് എന്ന നിലപാടാണ് ഇന്ത്യാ ഗവണ്‍മെന്റ് കൈക്കൊണ്ടതെങ്കിലും ദലൈലാമയ്ക്ക് രാഷ്ട്രീയ അഭയം നല്‍കി.

പണ്ടുമുതലേ ടിബറ്റിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചിരുന്ന സോഷ്യലിസ്റ്റുകളും ജനസംഘക്കാരും ഉഷാറായി. ജയപ്രകാശ് നാരായണന്റെയും ആചാര്യം കൃപലാനിയുടെയും നേതൃത്വത്തില്‍ ദലൈലാമയ്ക്ക് വമ്പിച്ച സ്വീകരണം നല്‍കപ്പെട്ടു. ഏപ്രില്‍ 20ന് ബോംബെയിലെ ചൈനീസ് കോണ്‍സുലേറ്റിന് മുമ്പില്‍ പ്രകടനം നടത്തിയവര്‍ ചെയര്‍മാന്‍ മാവോ സേതൂങിന്റെ ചിത്രത്തിനുനേരെ ചീമുട്ടയും ചീഞ്ഞതക്കാളിയും എറിഞ്ഞു.

അതോടെ ചൈനീസ് ഗവണ്‍മെന്റ് അത്യധികം കോപിച്ചു. ദലൈലാമയ്ക്ക് രാഷ്ട്രീയ അഭയം നല്‍കിയത് തെറ്റായെന്നും വടക്കന്‍ ബംഗാളിലെ കലിംപോങ് പട്ടണം ടിബറ്റന്‍ വിമതരുടെ താവളമായി മാറിയെന്നും മാവോയുടെ ചിത്രത്തിന്മേല്‍ ചീമുട്ടയെറിഞ്ഞത് 65 കോടി ചൈനക്കാര്‍ക്ക് പൊറുക്കാനാവാത്ത നിന്ദയാണെന്നും പ്രതിഷേധക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യ ഒരു കാരണവശാലും ടിബറ്റില്‍ ഇടപെടില്ല, ദലൈലാമയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നല്‍കുകയുമില്ല എന്ന് മറുപടി നല്‍കി. മാവോയുടെ ചിത്രം അവഹേളിക്കപ്പെട്ടതില്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. അതേസമയം ഇതൊരു ജനാധിപത്യ രാഷ്ട്രമാണെന്നും ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ക്കുനേരെയും ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ പതിവാണെന്നും ഓര്‍മ്മിപ്പിച്ചു.

1959 ഓഗസ്റ്റ് 25ന് ലോങ്ജൂവിലെ ഇന്ത്യന്‍ മിലിട്ടറി പിക്കറ്റിനുനേരെ ചൈനീസ് സൈന്യം വന്‍തോതില്‍ വെടിയുതിര്‍ത്തു. അതിനുപിന്നാലെ ഒക്ടോബര്‍ 20ന് അതിര്‍ത്തിയില്‍ നിന്ന് 40 മൈല്‍ ഉള്ളില്‍ ലേയ്ക്കടുത്ത് കോങ്കാ ചുരത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും ഭടന്മാര്‍ തമ്മില്‍ വെടിവെപ്പുണ്ടായി. ഒമ്പത് ഇന്ത്യന്‍ സൈനികര്‍ മരിച്ചു, 10 പേരെ ചൈനക്കാര്‍ തടവുകാരാക്കി. ഇ സംഭവം രാജ്യത്തെ ഞെട്ടിച്ചു. ചൈനയുടെ വഞ്ചന പരസ്യമായി. യുദ്ധം ആസന്നം എന്ന ഭയം വ്യാപിച്ചു. ചൈനയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ അതിനെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കരുത്തുണ്ടോ എന്ന ആശങ്കയും പ്രബലമായി.

വി.കെ കൃഷ്ണമേനോനായിരുന്നു അന്നത്തെ രാജ്യരക്ഷാമന്ത്രി. അദ്ദേഹം പാശ്ചാത്യചേരിയുടെ കടുത്ത വിമര്‍ശകനും ഇടതുപക്ഷ ആശയക്കാരനുമായിരുന്നു. വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും മേനോനെ കമ്യൂണിസ്റ്റുകാരനായാണ് മുദ്രകുത്തിയത്. ചൈനയുമായി യുദ്ധമുണ്ടാകുന്നപക്ഷം കൃഷ്ണമേനോന്‍ എതിര്‍ഭാഗം ചേരും എന്നുവരെ പ്രചരണമുണ്ടായി.

1896 മേയ് 3ന് കോഴിക്കോട്ട് ജനിച്ച കൃഷ്ണമേനോന്‍ മദ്രാസ് പ്രസിഡന്‍സി കോളേജിലും ലോ കോളേജിലും ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ഹരോള്‍ഡ് ലാസ്‌കിയുടെ ശിഷ്യനും നെഹ്റുവിന്റെ സുഹൃത്തുമായ മേനോന്‍ 1929-47 കാലത്ത് ലണ്ടനില്‍ ഇന്ത്യാലീഗിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1947 മുതല്‍ 52 വരെ ബ്രിട്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി, തുടര്‍ന്ന് 57 വരെ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യന് പ്രതിനിധിയായി. അക്കാലത്ത് കശ്മീര്‍ പ്രശ്നത്തില്‍ നെടുങ്കന്‍ പ്രസംഗങ്ങള്‍ നടത്തി പ്രശസ്തനായി. ഒട്ടനവധി ആരാധകരേയും അതിലധികം വിരോധികളേയും സമ്പാദിച്ചു.

1953-ല്‍ രാജ്യസഭാംഗമായി കൃഷ്ണമേനോനെ 56-ല്‍ നെഹ്റു വകുപ്പില്ലാമന്ത്രിയാക്കി ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തി. 1957-ല്‍ വടക്കന്‍ ബോംബെയില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് ജയിച്ചപ്പോള്‍ പ്രതിരോധവകുപ്പ് നല്‍കി. എന്നാല്‍ തന്റെ പ്രശസ്തിക്കും പ്രാധാന്യത്തിനും ഒത്തതല്ല ആ വകുപ്പെന്ന് മേനോന്‍ പരിഭവിച്ചു. ഉപപ്രധാനമന്ത്രി സ്ഥാനത്തോടെ വിദേശകാര്യവകുപ്പാണ് അദ്ദേഹം അഗ്രഹിച്ചത്. അത്രത്തോളം പോകാന്‍ നെഹ്റു ഒരുക്കമല്ലായിരുന്നു. അദ്ദേഹം രാജ്യരക്ഷയ്ക്കു പുറമേ കശ്മീര്‍, ഐക്യരാഷ്ട്രസഭ, ഇന്തോ-ചീന എന്നിവയുടെ ചുമതല കൂടി നല്‍കി മേനോനെ സാന്ത്വനിപ്പിച്ചു.

കശ്മീരിന്റെയും ഐക്യരാഷ്ട്രസഭയുടെയും ലഹരിയില്‍ കൃഷ്ണമേനോന്‍ രാജ്യരക്ഷ സാമാന്യേന അവഗണിച്ചു. ജവഹര്‍ലാല്‍ നെഹ്റു തന്നെയും പ്രതിരോധകാര്യത്തില്‍ തല്‍പരനായിരുന്നില്ല. വിദേശരംഗത്ത് താന്‍ കൈവരിച്ച അസുലഭ വിജയത്താല്‍ ഇനി ഒരാക്രമണത്തേയും ഭയപ്പെടേണ്ടതില്ല എന്ന് അദ്ദേഹം കരുതി. ഇനി അഥവാ എന്തെങ്കിലും കുഴപ്പമുണ്ടായാലും അത് പാകിസ്താന്‍ കശ്മീരിനെച്ചൊല്ലി ആയിരിക്കും എന്നും ഉറപ്പിച്ചു. താരതമ്യേന അപ്രാപ്തരായ മന്ത്രിമാരെയാണ് മുമ്പും രാജ്യരക്ഷാവകുപ്പ് ഏല്‍പ്പിച്ചത് - സര്‍ദാര്‍ ബല്‍ദേവ് സിങ്, ഗോപാലസ്വാമി അയ്യങ്കാര്‍, കൈലാസ്നാഥ് കട്ജു. ഓരോരുത്തരും കഴിവിനൊത്തവിധം ഭരിച്ച് പ്രതിരോധമന്ത്രാലയം കുളംതോണ്ടി. ബല്‍ദേവ് സിങ്ങിന്റെ കാലത്ത് പ്രതിരോധവകുപ്പ് സെക്രട്ടറി എച്ച്.എം. പട്ടേലും ജനറല്‍ കെ.എം. കരിയപ്പയും തമ്മിലുണ്ടായ മൂപ്പിളമത്തര്‍ക്കം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉരുണ്ടുകൂടുന്ന കാലത്ത് ജനറല്‍ കെ.എസ്. തിമ്മയ്യ ആയിരുന്നു കരസേനാമേധാവി. 1906 മാര്‍ച്ച് 30ന് കൂര്‍ഗിലെ മടിക്കേരിയില്‍ ഒരു കാപ്പിത്തോട്ടം ഉടമയുടെ മകനായി ജനിച്ച തിമ്മയ്യ 1926-ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. രണ്ടാംലോകമഹായുദ്ധത്തിലും 1947-48ലെ കശ്മീര്‍ യുദ്ധത്തിലും അത്യുഗ്രമായി പൊരുതി പേരെടുത്തു. 1957 മേയ് 8ന് അദ്ദേഹം കരസേനാമേധാവിയായി ചുമതലയേറ്റു. ചൈനയുമായി യുദ്ധത്തിന് സാദ്ധ്യതയുണ്ടെന്നും അതിന് കരസേനയെ സജ്ജമാക്കണമെന്നുമായിരുന്നു തിമ്മയ്യയുടെ നിലപാട്. എന്നാല്‍ കൃഷ്ണമേനോന്‍ പുച്ഛിച്ചുതള്ളി. ചൈന ഒരുകാരണവശാലും ഇന്ത്യയെ ആക്രമിക്കില്ല എന്ന് പ്രതിരോധമന്ത്രി തറപ്പിച്ചുപറഞ്ഞു. എന്തെങ്കിലും ഭീഷണിയുണ്ടെങ്കില്‍ അത് പാകിസ്താനില്‍ നിന്ന് മാത്രമാണ് എന്ന നെഹ്റുവിന്റെ സിദ്ധാന്തം ആവര്‍ത്തിച്ചു.

ചൈനയോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സൈന്യം ആള്‍ബലത്തിലും ആയുധബലത്തിലും നന്നേ പിന്നിലാണെന്ന് തിമ്മയ്യ ചൂണ്ടിക്കാട്ടി. അമേരിക്കയിലോ യൂറോപ്പിലോ നിന്ന് മെച്ചപ്പെട്ട ആയുധങ്ങള്‍ വാങ്ങണം എന്ന ശുപാര്‍ശ കൃഷ്ണമേനോന്‍ തള്ളി. സ്വാശ്രയശീലം വളര്‍ത്തണം, മിതവ്യയം ശീലിക്കണം എന്ന് സൈനികമേധാവിയെ ഗുണദോഷിച്ചു. തിമ്മയ്യ പാശ്ചാത്യ പക്ഷപാതിയാണെന്ന് മേനോന്‍ കുറ്റപ്പെടുത്തി. മന്ത്രി കമ്യൂണിസ്റ്റാണെന്ന് ജനറല്‍ തിരിച്ചടിച്ചു.

1959 ഓഗസ്റ്റില്‍ മന്ത്രിയും കരസേനാ മേധാവിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായി. മേജര്‍ ജനറല്‍ ബ്രിജ്മോഹന്‍ കൗളിന് ലഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം നല്‍കണമെന്ന് കൃഷ്ണമേനോന്‍ ആവശ്യപ്പെട്ടു. തിമ്മയ്യ അതിനു വഴങ്ങിയില്ല. കഴിവോ കാര്യപ്രാപ്തിയോ യുദ്ധപരിചയമോ ഇല്ലാത്തയാളായിരുന്നു കൗള്‍. കശ്മീരി ബ്രാഹ്മണന്‍, നെഹ്റുവിന്റെ ചാര്‍ച്ചക്കാരന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യോഗ്യത. മാത്രമല്ല, 12 ഓഫീസര്‍മാരുടെ സീനിയോറിറ്റി മറികടന്ന് വേണമായിരുന്നു കൗളിന് സ്ഥാനക്കയറ്റം നല്‍കാന്‍. മന്ത്രിയുമായി കലഹിച്ച് തിമ്മയ്യ ഓഗസ്റ്റ് 31ന് രാജിസമര്‍പ്പിച്ചു.

തിമ്മയ്യയുടെ രാജി രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. സോഷ്യലിസ്റ്റ്, സ്വതന്ത്രാ, ജനസംഘം നേതാക്കള്‍ തിമ്മയ്യയുടെ വക്കാലത്ത് ഏറ്റെടുത്തു. അതേസമയം കമ്യൂണിസ്റ്റ് നേതാക്കള്‍ ജനറലിനെ അപലപിച്ചു. തിമ്മയ്യയെ കോര്‍ട്ട്മാര്‍ഷല്‍ ചെയ്യണമെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടു. തിമ്മയ്യ പ്രശ്നത്തില്‍ രാഷ്ട്രപതിയും അതൃപ്തി അറിയിച്ചു. ആ ഘട്ടത്തില്‍ നെഹ്റു ഇടപെട്ട് രാജി പിന്‍വലിപ്പിച്ചു. അതോടെ തിമ്മയ്യ നിശ്ശബ്ദനായി. ബി.എം. കൗളിന് സ്ഥാനക്കയറ്റം നല്‍കി എന്നുമാത്രമല്ല 1960-ലെ റിപ്പബ്ലിക് ദിനത്തില്‍ പരമവിശിഷ്ട സേവാമെഡല്‍ നല്‍കി രാഷ്ട്രം ആദരിക്കുകയും ചെയ്തു. അദ്ദേഹമായിരുന്നു ആ ബഹുമതി നേടിയ ആദ്യ സൈനികന്‍.

1959 സെപ്റ്റംബര്‍ ആകുമ്പോഴേക്കും, അതിര്‍ത്തിത്തര്‍ക്കത്തിന്റെ വിശദാംശങ്ങള്‍ ഒളിച്ചുവെക്കുന്നതില്‍ പ്രസക്തിയില്ല എന്ന കാര്യം നെഹ്റുവിന് ബോധ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പ്രസിദ്ധീകരിച്ചു. അപ്പോള്‍ മാത്രമാണ് ചൈന നടത്തിയ കയ്യേറ്റത്തിന്റെ വ്യാപ്തി പ്രതിപക്ഷനേതാക്കള്‍ക്കും പത്രങ്ങള്‍ക്കും വ്യക്തമായത്.

പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷനേതാക്കള്‍ സര്‍ക്കാരിന്റെ വിദേശനയത്തെ വിമര്‍ശിച്ചു. നെഹ്റുവിനെയല്ല രാജ്യരക്ഷ അപകടത്തിലാക്കിയ കൃഷ്ണമേനോനെയാണ് അവര്‍ ഒറ്റതിരിച്ച് ആക്രമിച്ചത്. കക്ഷിബന്ധം ഉപേക്ഷിച്ച് തികച്ചും സ്വതന്ത്രനായി മാറിയ ആചാര്യ കൃപലാനിയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഗുവാഹട്ടിയില്‍ നിന്നുള്ള പി.എസ്.പി. അംഗം ഹേം ബറുവയും ജനസംഘ നേതാവ് അടല്‍ ബിഹാരി വാജ്പേയും സ്വതന്ത്രാ പാര്‍ട്ടിയുടെ എന്‍.ജി. രംഗയും കൃപലാനിക്ക് ശക്തമായ പിന്തുണ നല്‍കി. പാര്‍ലമെന്റിന് പുറത്ത് ജയപ്രകാശ് നാരായണനും രാം മനോഹര്‍ ലോഹ്യയും വിഷയം ആളിക്കത്തിച്ചു.

1960 ഏപ്രില്‍ 20 മുതല്‍ 25 വരെ ചൗ എന്‍ ലായ് വീണ്ടും ഇന്ത്യ സന്ദര്‍ശിച്ചു. ജനസംഘവും ഹിന്ദുമഹാസഭയും ദല്‍ഹിയില്‍ കരിങ്കൊടി പ്രകടനം സംഘടിപ്പിച്ചു. ഹിന്ദി-ചീനി ബൈ, ബൈ എന്ന് മുദ്രാവാക്യം മുഴങ്ങി. ഇതര പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധിച്ചു. പല ദിവസങ്ങളിലായി നെഹ്റുവും ചൗവും തമ്മില്‍ 20 മണിക്കൂര്‍ സംഭാഷണം നടത്തി. ആഭ്യന്തരമന്ത്രി ജി.ബി. പന്ത്, ധനകാര്യമന്ത്രി മൊറാര്‍ജി ദേശായി, ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണന്‍ എന്നിവരുമായും ചൈനീസ് നേതാവ് കൂടിക്കാഴ്ച നടത്തി. അക്സായ് ചിന്‍ വിട്ടുകൊടുക്കുന്നപക്ഷം നേഫയ്ക്കുമേലുള്ള അവകാശവാദം ഉപേക്ഷിക്കാം, മക്മഹോന്‍ രേഖ അംഗീകരിക്കാം എന്നായിരുന്നു ചൈനയുടെ പുതിയ നിലപാട്. അതംഗീകരിക്കാന്‍ നെഹ്റു കൂട്ടാക്കിയില്ല. അങ്ങനെ ചര്‍ച്ച പരാജയപ്പെട്ടു. ചൗ എന്‍ ലായ് തിരിച്ചുപോയി.

1960 ആദ്യം ഇന്ത്യയുടെ വിദേശനയത്തിന് മറ്റൊരു പ്രഹരം കൂടി ഏറ്റു. നേപ്പാളില്‍ രാജാധിപത്യത്തിനെതിരെ ബി.പി. കൊയ്രാളയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് ഇന്ത്യാഗവണ്‍മെന്റ് ധാര്‍മികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കിയിരുന്നു. സര്‍ക്കാരിന്റെ അറിവോടെ നേപ്പാളി കോണ്‍ഗ്രസിന് ആയുധസഹായവും ലഭിച്ചു. അതില്‍ കോപാകുലനായ മഹേന്ദ്രരാജാവ് 1960 ഏപ്രിലില്‍ ചൈനയുമായി സമാധാന-സൗഹൃദ ഉടമ്പടി ഒപ്പുവെച്ചു. അങ്ങനെ ഇന്ത്യയുടെ മൂക്കിനുകീഴില്‍, അതും തന്ത്രപ്രധാനമായ ഹിമാലയപ്രാന്തത്തില്‍ ചൈനയ്ക്ക് ഒരു സഹായിയെക്കൂടി ലഭിച്ചു. നേപ്പാളിനെ പിണക്കരുതെന്ന് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് മുമ്പുതന്നെ നെഹ്റുവിനെ താക്കീത് ചെയ്തിരുന്നു. പക്ഷേ, മറ്റു പല മുന്നറിയിപ്പുകളും പോലെ പണ്ഡിറ്റ്ജി അതും അവഗണിക്കുകയാണുണ്ടായത്.

1961 മേയ് 7ന് ജനറല്‍ തിമ്മയ്യ ഉദ്യോഗ കാലാവധി പൂര്‍ത്തീകരിച്ച് സൈന്യത്തില്‍ നിന്ന് പിരിഞ്ഞു. പിറ്റേന്ന് ജനറല്‍ പ്രാണ്‍ നാഥ് ഥാപ്പര്‍ കരസേനാമേധാവിയായി ചുമതലയേറ്റു. കശ്മീരി ബ്രാഹ്മണന്‍ അല്ലെങ്കിലും നെഹ്റു കുടുംബവുമായി ബന്ധമുള്ളയാളായിരുന്നു ഥാപ്പര്‍. അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനാണ് വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകള്‍ നയന്‍താരയെ വിവാഹം ചെയ്ത ഗൗതം സഹ്ഗല്‍.

ഇന്ത്യ ടിബറ്റിനെ വീണ്ടും ഒരു ബഫര്‍ സ്റ്റേറ്റാക്കാനും രാജ്യത്തിനകത്തുള്ള പുരോഗമന ആശയക്കാരെ (അതായത് കമ്യൂണിസ്റ്റുകാരെ) അടിച്ചമര്‍ത്താനും ശ്രമിക്കുകയാണെന്ന് ചൗ എന്‍ ലായ് 1961 ജനുവരി 31ന് എഡ്ഗാര്‍ സ്നോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആരോപിച്ചു. മാത്രമല്ല കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന പഴയനിലപാട് തിരുത്തുകയും ചെയ്തു. അതിനകം തന്നെ ചൈന പാകിസ്താനുമായി രഹസ്യധാരണയുണ്ടാക്കുകയും പാക് അധിനിവേശ കശ്മീരിലൂടെ കാറക്കോറം ഹൈവേയുടെ പണി ആരംഭിക്കുകയും ചെയ്തിരുന്നു.

ആ ഘട്ടത്തില്‍ വി.കെ. കൃഷ്ണമേനോനെ നീക്കം ചെയ്യണം എന്ന ആവശ്യം വീണ്ടും ശക്തിപ്പെട്ടു. കോണ്‍ഗ്രസില്‍ തന്നെ നല്ലൊരുഭാഗം നേതാക്കള്‍ അദ്ദേഹത്തിന് എതിരായിരുന്നു. വന്ദ്യവയോധികനായ ആഭ്യന്തരമന്ത്രി ഗോവിന്ദ വല്ലഭ പന്ത്, മേനോനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാന്‍ നെഹ്റുവിനെ ഉപദേശിച്ചു. പക്ഷേ കൃഷ്ണമേനോന്റെ കഴിവിനെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന പ്രധാനമന്ത്രി അതും ചെവിക്കൊണ്ടില്ല.

1961 ഏപ്രില്‍ 11ന് ആചാര്യ കൃപലാനി ലോക്സഭയില്‍ വികാരനിര്‍ഭരമായ പ്രസംഗം നടത്തി. ചൈനയ്ക്ക് ഒരൊറ്റ പ്രഹരം പോലും ഏല്‍പിക്കാതെ നമ്മുടെ 12,000 ചതുരശ്ര മൈല്‍ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് വിലപിച്ചു. ലഡാക്കില്‍ ആക്രമണം നടക്കുന്ന ഘട്ടത്തില്‍ ന്യൂയോര്‍ക്കില്‍ പ്രസംഗിക്കാന്‍ പോയ പ്രതിരോധമന്ത്രിയെ കണക്കിന് പ്രഹരിച്ചു. ഹേം ബറുവയും വാജ്പേയും മിനു മസാനിയും രംഗയും ഒന്നിനൊന്ന് മികച്ച പ്രഭാഷണങ്ങള്‍ നടത്തി. കോങ്കാ ചുരത്തില്‍ ചിന്തിയ ചോരയ്ക്ക് പകരം ചോദിക്കണം, ചൈന കയ്യേറിയ ഭൂമി തിരിച്ചുപിടിക്കണം, രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ രാജ്യരക്ഷാമന്ത്രിയെ ഉടന്‍ പിരിച്ചുവിടണം എന്നാവശ്യപ്പെട്ടു.

ഇന്ത്യയുടെ പ്രതിരോധനിര ഭദ്രമാണ്, സൈന്യം ഏതാക്രമണത്തെയും ചെറുക്കാന്‍ സുസജ്ജമാണ് എന്നൊക്കെയാണ് നെഹ്റു പാര്‍ലമെന്റിനെ അറിയിച്ചത്. പ്രതിപക്ഷം അതില്‍ തൃപ്തരായില്ല. നെഹ്റുവിന്റെ മറുപടി കരസേനയുടെ പശ്ചിമമേഖലാ കമാന്‍ഡറായിരുന്ന ലഫ്. ജനറല്‍ ശിവ്ദേവ് വര്‍മ്മയെ തികച്ചും പ്രകോപിതനാക്കി. പ്രധാനമന്ത്രിയുടെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം കത്തെഴുതി. ജനറല്‍ ഥാപ്പര്‍ കോപിച്ചു, വര്‍മ്മയോട് കത്ത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു. വര്‍മ്മ കൂട്ടാക്കിയില്ല എന്നുമാത്രമല്ല തന്റെ കത്ത് ഔദ്യോഗികരേഖകളുടെ ഭാഗമാക്കണമെന്ന് ശഠിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് അദ്ദേഹം രാജിവെക്കാന്‍ നിര്‍ബന്ധിതനായി. പ്രതിരോധമന്ത്രാലയം വര്‍മ്മയുടെ പെന്‍ഷന്‍ തടഞ്ഞുവെച്ച് പീഡിപ്പിച്ചു. ചൈനാ യുദ്ധത്തിലെ പരാജയത്തിനുശേഷം നെഹ്റു ഇടപെട്ട് പെന്‍ഷന്‍ പുനഃസ്ഥാപിക്കുകയാണുണ്ടായത്.

ചൈനയുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യയ്ക്ക് അമേരിക്കയെ കൂടുതല്‍ ആശ്രയിക്കേണ്ടിവന്നു. പ്രസിഡന്റ് ഐസനോവറുമായിട്ടല്ല, സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡള്ളസുമായാണ് നെഹ്റുവിന് തീരെ പൊരുത്തപ്പെടാന്‍ സാധിക്കാഞ്ഞത്. ഡള്‍-ഡള്ളര്‍-ഡള്ളസ് എന്നാണത്രെ പണ്ഡിറ്റ്ജി നസ്യം പറഞ്ഞിരുന്നത്. 1959 ഏപ്രില്‍ 22ന് ഡള്ളസ് രാജിവെച്ചു, മേയ് 24ന് മരിച്ചു. ക്രിസ്റ്റ്യന്‍ ഹെര്‍ട്ടര്‍ ആയിരുന്നു പുതിയ സ്റ്റേറ്റ്സ് സെക്രട്ടറി. അതോടെ ഇന്ത്യ-യു.എസ്. ബന്ധം മെച്ചപ്പെടാന്‍ തുടങ്ങി.

1959 ഡിസംബര്‍ 9 മുതല്‍ 14 വരെ ഐസനോവര്‍ ഇന്ത്യ സന്ദര്‍ശിച്ചു. രാജ്യത്ത് പര്യടനം നടത്തിയ ആദ്യ അമേരിക്കന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. ഐസനോവര്‍ക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഒരമേരിക്കന്‍ പ്രസിഡന്റിനും ലോകത്ത് ഒരു രാജ്യത്തും ഇത്ര വലിയ വരവേല്‍പ് ലഭിച്ചിട്ടില്ല എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഐസനോവര്‍ ഇന്ത്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ചേരിചേരായ്മയില്‍ അധിഷ്ഠിതമായ വിദേശനയത്തെ പ്രകീര്‍ത്തിച്ചു. രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. ആഗ്രയില്‍ പോയി താജ്മഹല്‍ കണ്ടു. രാംലീല മൈതാനത്തെ അതംഗംഭീരമായ പൊതുസമ്മേളനത്തിലും പ്രസംഗിച്ചു. ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ലോകസമാധാനത്തിനും നിരായുധീകരണത്തിനും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

1960 നവംബര്‍ 8ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നു. ഇന്ത്യയോട് എക്കാലവും വിദ്വേഷം വച്ചുപുലര്‍ത്തിയ വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് എം. നിക്സണ്‍ ആയിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി; ആദ്യം മുതലേ ഇന്ത്യയോട് അനുഭാവം പുലര്‍ത്തിയിരുന്ന സെനറ്റര്‍ ജോണ്‍ എഫ്. കെന്നഡി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും. കടുത്ത മത്സരത്തില്‍ കെന്നഡി ജയിച്ചു. ഡീന്‍ റസ്‌ക് സ്റ്റേറ്റ്സ് സെക്രട്ടറിയായി. ജോണ്‍ കെന്നത്ത് ഗാല്‍ബ്രേത്ത് ഇന്ത്യയിലേക്ക് അംബാസഡറായി വന്നു.

ഇത്രയും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും 1961 നവംബര്‍ 6 മുതല്‍ 10 വരെ നെഹ്റു അമേരിക്കയില്‍ നടത്തിയ പര്യടനം പരാജയമായി. 71കാരനായ ഇന്ത്യന്‍ പ്രധാനമന്ത്രി 43 വയസ്സ് മാത്രം പ്രായമുള്ള അമേരിക്കന്‍ പ്രസിഡന്റിനോട് നിര്‍ത്താതെ സംസാരിച്ച് ബോറടിപ്പിച്ചു. അതൊരു ഭീകര വധമായിരുന്നുവെന്ന് കെന്നഡി പിന്നീട് സൂചിപ്പിച്ചു. ഏതായാലും ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിക്കാമെന്ന് അമേരിക്ക സമ്മതിച്ചു.

പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനും നെഹ്റു ശ്രദ്ധിച്ചു. ഒരു പതിറ്റാണ്ടിലധികമായി എങ്ങുമെത്താതിന്ന സിന്ധു നദീജല തര്‍ക്കം അക്കാലത്താണ് ഒത്തുതീര്‍പ്പായത്. ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വരണ്‍സിങ്ങും പാകിസ്താനുവേണ്ടി ജനറല്‍ ഖാലിദ് ഷെയ്ഖുമാണ് ചര്‍ച്ച നടത്തിയത്. എം.ജെ. ദേശായി സിങ്ങിനെയും സിക്കന്ദര്‍ അലി ബേഗ് ഷേഖിനെയും സഹായിച്ചു. 1959-ല്‍ പ്രശ്നം മിക്കവാറും ഒത്തുതീര്‍പ്പായി. ഇരു രാജ്യങ്ങളും വ്യവസ്ഥകള്‍ അംഗീകരിച്ചു.

1960 സെപ്റ്റംബര്‍ 19ന് നെഹ്റു കറാച്ചിയിലെത്തി. അന്നുതന്നെ നെഹ്റുവും അയൂബ്ഖാനും നദീജല കരാറില്‍ ഒപ്പിട്ടു. ലോകബാങ്കിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് വില്യം ഇലീഫും ഒപ്പുവെച്ചു. കരാര്‍ പ്രകാരം രവി, ബിയാസ്, സത്ലജ് നദികളിലെ വെള്ളം പൂര്‍ണ്ണമായി ഇന്ത്യയ്ക്കും സിന്ധു, ഝലം, ചിനാബ് നദികളിലെ ജലം പൂര്‍ണ്ണമായി പാകിസ്താനും എന്ന് തീരുമാനമായി.

തുടര്‍ന്ന് ഇരു നേതാക്കളും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ചര്‍ച്ച നടത്തി. സിന്ധുനദിയില്‍ മിച്ചമുള്ള വെള്ളം കൃഷിയാവശ്യത്തിന് രാജസ്ഥാനിലേക്ക് തിരിച്ചുവിടാമെന്ന് അയൂബ്ഖാന്‍ വാഗ്ദാനം ചെയ്തു. ലാഹോറില്‍ നിന്ന് ഡാക്കയിലേക്ക് തീവണ്ടി ഗതാഗതം ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്ന് നെഹ്റുവും ഉറപ്പുനല്‍കി. കശ്മീര്‍ അടക്കമുള്ള കാര്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ചൈനീസ് ഭീഷണിക്കെതിരെ കരുതിയിരിക്കണമെന്ന് നെഹ്റു അയൂബിനെ ഓര്‍മ്മിപ്പിച്ചു. ചൈനയുമായി പണ്ടേ ഒത്തുതീര്‍പ്പായ കാര്യം അയൂബ് ഖാന്‍ മറച്ചുവെച്ചു.

പൊതു തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, ചൈനയില്‍ നിന്നേറ്റ പ്രഹരത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കേണ്ടത് നെഹ്റുവിന് ആവശ്യമായിരുന്നു. അതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ സത്വരശ്രദ്ധ ഗോവയിലേക്ക് തിരിഞ്ഞു. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യ വിട്ടുപോയെങ്കിലും പോര്‍ട്ടുഗീസ് ഗവണ്‍മെന്റ് ഗോവയും ഗുജറാത്തിനകത്ത് സ്ഥിതി ചെയ്യുന്ന ദാമന്‍, ദ്യു പ്രദേശങ്ങളും ബലാല്‍ക്കാരേണ കയ്യടക്കി വച്ചിരിക്കുകയായിരുന്നു. ഗോവ വിമോചിപ്പിച്ച് ഇന്ത്യയോട് ചേര്‍ക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, ജനസംഘ കക്ഷികള്‍ക്കും ഏകാഭിപ്രായമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യം ഉന്നയിച്ച് ഏറെക്കാലമായി പ്രക്ഷോഭം നടത്തുകയുമായിരുന്നു.

ഗോവയെ സൈനിക നടപടിയിലൂടെ മോചിപ്പിക്കാന്‍ നെഹ്റുവിന് താല്‍പര്യമുണ്ടായിരുന്നില്ല. ബലപ്രയോഗത്തിന് സര്‍ദാര്‍ പട്ടേല്‍ ജീവിച്ചിരിപ്പില്ലായിരുന്നു താനും. നയതന്ത്രത്തിലൂടെയല്ലാതെ ഗോവ വീണ്ടെടുത്താല്‍ ലോകസമാധാനത്തിന്റെ വക്താവായ തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം തട്ടുമെന്നും പണ്ഡിറ്റ്ജി ഭയപ്പെട്ടു. പോര്‍ട്ടുഗീസ് പ്രധാനമന്ത്രി അന്റോണിയോ ഡി ഒലിവേര സലാസര്‍ മുസ്സോളിനിയുടെയും ഫ്രാങ്കോയുടെയും ശ്രേണിയില്‍പ്പെട്ട ഒരു മുട്ടാളനായിരുന്നു. ഒരു കാരണവശാലും ഗോവ വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം ശഠിച്ചു. അമേരിക്കന്‍ സ്റ്റേറ്റ്സ് സെക്രട്ടറി ഡള്ളസിന്റെ പിന്തുണയും സലാസര്‍ക്ക് ലഭിച്ചു.

ഡള്ളസ് മരിക്കുകയും അമേരിക്കയില്‍ കെന്നഡി ഭരണം വരികയും ചെയ്ത സാഹചര്യത്തില്‍ ഗോവയെ ബലപ്രയോഗത്തിലൂടെ കീഴടക്കാന്‍ തന്നെ നെഹ്റു തീരുമാനിച്ചു. അമേരിക്കയാണെങ്കില്‍ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ നടുവിലുമായിരുന്നു. ഗാല്‍ബ്രേത്ത് സമാധാനപരമായ പരിഹാരത്തിനുവേണ്ടി ഒരവസാനശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. സലാസറോ നെഹ്റുവോ വഴങ്ങിയില്ല.

അങ്ങനെ 1961 ഡിസംബര്‍ 15ന് ഇന്ത്യന്‍ കരസേന ഗോവയിലേക്ക് മാര്‍ച്ച് ചെയ്തു. നാവികസേന തുറമുഖം ഉപരോധിച്ചു. അവിടെ ആകെയുണ്ടായിരുന്ന ഏക യുദ്ധക്കപ്പല്‍ നശിപ്പിച്ചു. വ്യോമസേനയും ആക്രമണത്തില്‍ പങ്കെടുത്തു. ഓപ്പറേഷന്‍ വിജയ് എന്നുപേരിട്ട സൈനികനടപടി കേവലം 26 മണിക്കൂറുകൊണ്ട് പൂര്‍ത്തിയായി. ഒരിക്കലും കീഴടങ്ങരുത്, പോരാടി മരിക്കണം എന്നായിരുന്നു സലാസര്‍ ഗോവയില്‍ ഗവര്‍ണറായിരുന്ന ജനറല്‍ വാസിലോ ഡിസില്‍വയ്ക്ക് നല്‍കിയ ആജ്ഞ. എന്നാല്‍ അതനുസരിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. അധികം ചെറുത്തുനില്‍ക്കാതെ ഗവര്‍ണറും സൈന്യവും കീഴടങ്ങി. അതേസമയം ദാമനും ദ്യൂവും ഇന്ത്യന്‍ സൈന്യം മോചിപ്പിച്ചു. മൊത്തം 22 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 54 പേര്‍ക്ക് പരിക്കേറ്റു. പോര്‍ട്ടുഗീസ് പക്ഷത്ത് 30 പേര്‍ മരിച്ചു. 57 പേര്‍ക്ക് പരിക്കേറ്റു. 4,668 സൈനികര്‍ കീഴടങ്ങി. മേജര്‍ ജനറല്‍ കെ.പി. കാണ്ടത്ത് ഗോവയിലെ സൈനിക ഭരണാധികാരിയായി ചുമതലയേറ്റു.

ഗോവയിലെ സൈനിക നടപടി നിര്‍ഭാഗ്യകരമായെന്ന് അമേരിക്കന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ബ്രിട്ടനും അതേ അഭിപ്രായം പങ്കുവെച്ചു. അതിലപ്പുറം അവര്‍ ഒന്നും ചെയ്തില്ല. ബ്രസീല്‍ മാത്രമാണ് പോര്‍ട്ടുഗലിനെ ശക്തമായി പിന്തുണച്ചതും ഇന്ത്യന്‍ അക്രമത്തെ അപലപിച്ചതും. ഗോവയിലേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം നഗ്‌നമായ അതിക്രമവും വിദേശകാര്യത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പിന്റെ ഉത്തമദൃഷ്ടാന്തവുമാണെന്ന് പാകിസ്താന്‍ കുറ്റപ്പെടുത്തി. അതേസമയം സിലോണും ഈജിപ്തും ആഫ്രിക്കന്‍ രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചു. സൈനിക നടപടിയെ അപലപിച്ചുകൊണ്ട് അമേരിക്കന്‍ പ്രതിനിധി അഡ്ലായ് സ്റ്റീവന്‍സണ്‍ യു.എന്‍. രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം സോവിയറ്റ് യൂണിയന്‍ വീറ്റോ ചെയ്തു. അതോടെ ആ അധ്യായം അവസാനിച്ചു.

ഗോവയിലെ മഹത്തായ വിജയം നല്‍കിയ ആത്മവിശ്വാസവുമായി പണ്ഡിറ്റ് നെഹ്റു പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടു.