പുതിയ രാഷ്ട്രപതി, പഴയ പ്രധാനമന്ത്രി

October 12, 2017, 12:00 pm


പുതിയ രാഷ്ട്രപതി, പഴയ പ്രധാനമന്ത്രി
Columns
Columns


പുതിയ രാഷ്ട്രപതി, പഴയ പ്രധാനമന്ത്രി

പുതിയ രാഷ്ട്രപതി, പഴയ പ്രധാനമന്ത്രി

ഗോവ വിമോചിപ്പിച്ചതിന് തൊട്ടുപിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഹിമാലയ സാനുക്കള്‍ മഞ്ഞുമൂടിക്കിടന്നതിനാല്‍ ചൈനയുമായുള്ള ഉരസല്‍ തല്‍ക്കാലം ഉണ്ടായിരുന്നില്ലതാനും. കെ.വി.കെ. സുന്ദരം ആയിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. 1904-ല്‍ മദ്രാസ് പ്രവിശ്യയിലെ കുറ്റൂരില്‍ ജനിച്ച കല്യാണസുന്ദരം പ്രസിഡന്‍സി കോളേജിലും ഓക്സ്ഫോഡിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1927-ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. 1947-ല്‍ കേന്ദ്ര നിയമസെക്രട്ടറിയായി. 1958-ല്‍ സുകുമാര്‍സെന്‍ വിരമിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി.

മൊത്തം 494 മണ്ഡലങ്ങളാണ് അത്തവണ ഉണ്ടായിരുന്നത്. ദ്വയംഗമണ്ഡലങ്ങള്‍ ഇല്ലാതായി. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി പ്രത്യേക സംവരണ മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ വിജയം സുനിശ്ചിതമായിരുന്നു. നെഹ്റുവിന്റെ ജനസമ്മിതിയും പാര്‍ട്ടിയുടെ സംഘടനാബലവും പണത്തിന്റെ ആധിക്യവും പ്രതിപക്ഷ അനൈക്യവും കോണ്‍ഗ്രസിനെ തുണച്ചു. ജയസാധ്യത തീരെയില്ലെങ്കിലും പ്രതിപക്ഷം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പ്രതിരോധകാര്യത്തിലെ അലംഭാവവും ഭരണത്തിലെ അഴിമതിയും അവര്‍ തെരഞ്ഞെടുപ്പ് വിഷയമാക്കി. ഫൂല്‍പൂരില്‍ നെഹ്റുവിനെതിരെ ഡോ. രാം മനോഹര്‍ ലോഹ്യ സ്ഥാനാര്‍ത്ഥിയായി. അദ്ദേഹം സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിക്കൊണ്ട് വോട്ടര്‍മാരെ അഭിമുഖീകരിച്ചു. ലോഹ്യയുടെ വെല്ലുവിളി സ്വീകരിച്ച നെഹ്റു താന്‍ ഒരു ദിവസം പോലും മണ്ഡലത്തില്‍ പ്രചരണത്തിന് പോകില്ല എന്ന് പ്രഖ്യാപിച്ചു.

ഏറ്റവും വലിയ തെരഞ്ഞെടുപ്പ് യുദ്ധം വടക്കന്‍ ബോംബെ മണ്ഡലത്തിലാണ് നടന്നത്. പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോന്‍ അവിടെ വീണ്ടും ജനവിധി തേടി. കൃഷ്ണമേനോന്‍ എവിടെ നിന്നാലും താന്‍ എതിരെ മത്സരിക്കുമെന്ന് ആചാര്യ ജെ.ബി. കൃപലാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം വടക്കന്‍ ബോംബെയില്‍ വന്ന് നോമിനേഷന്‍ കൊടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഴികെ സകല പ്രതിപക്ഷ പാര്‍ട്ടികളും കൃപലാനിക്ക് പിന്തുണ പ്രഖ്യാപിച്ചു. കൃഷ്ണമേനോന്റെ പ്രചരണത്തിന് പണ്ഡിറ്റ് നെഹ്റു നേരിട്ടെത്തി. 1952-ല്‍ എന്നപോലെ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചുകൂടി.

1962 ഫെബ്രുവരി 19 മുതല്‍ 25 വരെയുള്ള തീയതികളില്‍ തെരഞ്ഞെടുപ്പ് നടന്നു. ഒറീസയും കേരളവും ജമ്മുകശ്മീരും ഒഴികെ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും കൂടെ നടന്നു. 55.42 ശതമാനം വോട്ട് പോള്‍ ചെയ്തു. ഏറ്റവും ഉയര്‍ന്ന പോളിംഗ് കേരളത്തിലായിരുന്നു, 70.55 ശതമാനം. ഏറ്റവും കുറവ് ഹിമാചല്‍പ്രദേശില്‍ 35.55 ശതമാനം.

വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ മൊത്തം കിട്ടിയ വോട്ടിന്റെ ശതമാനത്തിലും സീറ്റിന്റെ എണ്ണത്തിലും നേരിയ കുറവുണ്ടായെങ്കിലും കോണ്‍ഗ്രസ് തന്നെ വെന്നിക്കൊടി പാറിച്ചു. പോള്‍ ചെയ്തതിന്റെ 44.72 ശതമാനം വോട്ട് നേടി, 361 സ്ഥാനങ്ങള്‍ ജയിച്ചു. പ്രധാനമന്ത്രി നെഹ്റു ഫൂല്‍പൂരില്‍ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നെഹ്റുവിന് കിട്ടിയതിന്റെ പകുതിയിലും കുറവ് വോട്ടേ ലോഹ്യയ്ക്ക് നേടാനായുള്ളൂ. വോട്ടുനില: നെഹ്റു-1,18,931, ലോഹ്യ-54,360. ഭൂരിപക്ഷം 64,571.

ലാല്‍ ബഹദൂര്‍ ശാസ്ത്രി അലഹബാദിലും ഗുല്‍സാരിലാല്‍ നന്ദ സബര്‍കാന്തയിലും മൊറാര്‍ജിദേശായി സൂററ്റിലും എസ്.കെ. പാട്ടീല്‍ തെക്കന്‍ ബോംബെയിലും യു.എന്‍.ധേബാര്‍ രാജ്കോട്ടിലും സി. സുബ്രഹ്മണ്യം പൊള്ളാച്ചിയിലും ബാബു ജഗജീവന്റാം സസ്രാമിലും വിജയിച്ചു. തിരുച്ചെന്തൂര്‍ മണ്ഡലത്തില്‍ നിന്ന് ടി.ടി. കൃഷ്ണമാചാരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യം ഉറ്റുനോക്കിയ വടക്കന്‍ബോംബെയില്‍ വി.കെ. കൃഷ്ണമേനോന്‍ വിജയിച്ചു. മേനോന്‍ 2,98,427 വോട്ട് നേടിയപ്പോള്‍ കൃപലാനിക്ക് 1,53,069 വോട്ടേ ലഭിച്ചുള്ളൂ. ഭൂരിപക്ഷം 1,45,358.

മുന്‍ നാട്ടുരാജാക്കന്മാരായ പ്രതാപ്സിങ് റാവു ഗെയ്ക്ക്വാദ് ബറോഡയിലും വിജയരാജസിന്ധ്യ ഗ്വാളിയോറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു ജയിച്ചു. എന്നാല്‍ സര്‍ദാര്‍ പട്ടേലിന്റെ മകള്‍ മണിബെന്‍ പട്ടേല്‍ ആനന്ദ് മണ്ഡലത്തില്‍ പരാജിതയായി. സി. രാജഗോപാലാചാരി സ്വതന്ത്രാപാര്‍ട്ടി രൂപീകരിച്ചെങ്കിലും മകന്‍ സി.ആര്‍. നരസിംഹന്‍ കോണ്‍ഗ്രസില്‍ തുടരുകയായിരുന്നു. കൃഷ്ണഗിരി മണ്ഡലത്തില്‍ മത്സരിച്ച നരസിംഹന്‍ ഡി.എം.കെ. സ്ഥാനാര്‍ത്ഥിയോട് തോറ്റു.

കമ്യൂണിസ്റ്റ് പാര്‍ട്ടി 9.94 ശതമാനം വോട്ടും 29 സീറ്റും നേടി രണ്ടാംസ്ഥാനം നിലനിര്‍ത്തി. പാര്‍ട്ടി പിന്തുണച്ച മൂന്ന് സ്വതന്ത്രരും ജയിച്ചുകയറി. ആന്ധ്രയില്‍ ഏഴും കേരളത്തില്‍ ആറും പശ്ചിമബംഗാളില്‍ ഒമ്പതും മദ്രാസ്, യു.പി., ത്രിപുര സംസ്ഥാനങ്ങളില്‍ രണ്ടുവീതവും ബിഹാറില്‍ ഒന്നും സ്ഥാനങ്ങളാണ് കിട്ടിയത്. മധ്യ-ദക്ഷിണ ബോംബെയില്‍ മത്സരിച്ച എസ്.എ. ഡാങ്കെ കോണ്‍ഗ്രസിലെ വിതല്‍ ബാലകൃഷ്ണ ഗാന്ധിയോട് 38,578 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. കാസര്‍കോട്ട് എ.കെ. ഗോപാലനും മധ്യകല്‍ക്കട്ടയില്‍ ഹിരണ്‍ മുഖര്‍ജിയും നല്‍ഗൊണ്ടയില്‍ രവി നാരായണ്‍ റെഡ്ഡിയും വിജയിച്ചു.

ആര്‍.എസ്.പിയും ഫോര്‍വേഡ്ബ്ലോക്കും രണ്ടുംവീതം സീറ്റുകള്‍ വിജയിച്ചു. ശ്രീകണ്ഠന്‍നായര്‍ കൊല്ലത്തും തൃദീപ് ചൗധരി ബര്‍ഹംപൂരിലും നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. പെസന്‍സ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടി ഒരു സീറ്റിലും ജയിച്ചില്ല.

സ്വതന്ത്രാപാര്‍ട്ടി 7.89 ശതമാനം വോട്ടും 18 സീറ്റും നേടി. മിനു മസാനി ഹിമാചല്‍പ്രദേശിലെ ചംബ മണ്ഡലത്തില്‍ പരാജയപ്പെട്ടു. ജയ്പൂരില്‍ മഹാറാണി ഗായത്രീദേവി 1,57,692 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു. അതായിരുന്നു 1962-ലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജാമ്യസംഖ്യ നഷ്ടപ്പെട്ടു. സ്വതന്ത്രാപാര്‍ട്ടി ബിഹാറില്‍ ഏഴും ഗുജറാത്തില്‍ നാലും യു.പിയിലും രാജസ്ഥാനിലും മൂന്ന് വീതവും ആന്ധ്രാപ്രദേശില്‍ ഒന്നും സീറ്റാണ് ജയിച്ചത്.

സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ പ്രകടനം പൂര്‍വാധികം ദയനീയമായി. പി.എസ്.പി. 6.81 ശതമാനം വോട്ടും 12 സീറ്റുമാണ് നേടിയത്. ഹേം ബറുവ ഗുവാഹട്ടിയില്‍ നിന്നും എച്ച്.വി. കാമത്ത് ഹോഷംഗാബാദില്‍ നിന്നും നാഥ്പൈ രാജാപൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ലോഹ്യ നയിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടി വെറും 2.69 ശതമാനം വോട്ടും ആറ് സീറ്റും കൊണ്ട് തൃപ്തിപ്പെട്ടു.

ഭാരതീയജനസംഘം നില മെച്ചപ്പെടുത്തി. 6.44 ശതമാനം വോട്ടും 14 സീറ്റും കരസ്ഥമാക്കി. പക്ഷേ പ്രമുഖ നേതാക്കളൊക്കെ പരാജയപ്പെട്ടു. വാജ്പേയ് ലഖ്നൗവില്‍ ബി.കെ. ധവാനോട് 30,017 വോട്ടിനും ബല്‍റാംപൂരില്‍ സുഭദ്രാജോഷിയോട് 2,052 വോട്ടിനുമാണ് തോറ്റത്. ബല്‍രാജ് മധോക്ക് ന്യൂദല്‍ഹിയിലും ഭായ് മഹാവീര്‍ ദല്‍ഹി സദറിലും മത്സരിച്ചു തോറ്റു.

ഹിന്ദുമഹാസഭ 0.65 ശതമാനം വോട്ടും ഒരു സീറ്റുമാണ് നേടിയത്. രാംരാജ്യപരിഷത്ത് 0.60 ശതമാനം വോട്ടും രണ്ട് സീറ്റും കൊണ്ട് തൃപ്തിയടഞ്ഞു. ഹിന്ദുമഹാസഭ വിട്ട നിര്‍മ്മല്‍ചന്ദ് ചാറ്റര്‍ജി ഹൂഗ്ലിയില്‍ സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയിച്ചില്ല.

മദ്രാസില്‍ ദ്രാവിഡമുന്നേറ്റ കഴകം ഏഴ് സീറ്റ് നേടി. ഒറീസയില്‍ ഗണതന്ത്രപരിഷത്ത് നാലും ബിഹാറില്‍ ഝാര്‍ഖണ്ഡ് പാര്‍ട്ടി മൂന്നും പഞ്ചാബില്‍ അകാലിദള്‍ മൂന്നും കേരളത്തില്‍ മുസ്ലീംലീഗ് രണ്ടും പശ്ചിമബംഗാളില്‍ സന്താള്‍പര്‍ഗാനാസ് ജനതാ പാര്‍ട്ടി മൂന്നും സീറ്റുകള്‍ നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി മൂന്നിടത്ത് വിജയിച്ചു. 20 കക്ഷിരഹിതരും ജയിച്ചു.

1962 ഏപ്രില്‍ 2ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വിദേശകാര്യവകുപ്പ് അദ്ദേഹം തന്നെ കൈകാര്യം ചെയ്തു. ലാല്‍ബഹദൂര്‍ ശാസ്ത്രി (ആഭ്യന്തരം), മൊറാര്‍ജി ദേശായി (ധനകാര്യം), ജഗ്ജീവന്‍ റാം (ഗതാഗതം, വാര്‍ത്താവിനിമയം), ഗുല്‍സാരിലാല്‍ നന്ദ (ആസൂത്രണം, തൊഴില്‍), എസ്.കെ. പാട്ടീല്‍ (കൃഷി, ഭക്ഷ്യം), വി.കെ. കൃഷ്ണമേനോന്‍ (രാജ്യരക്ഷ), എ.കെ. സെന്‍ (നിയമം), കെ.ഡി. മാളവ്യ (ഖനി), സ്വരണ്‍ സിങ് (റെയില്‍വെ), ബി. ഗോപാലറെഡ്ഡി (വാര്‍ത്താവിതരണം പ്രക്ഷേപണം), കെ.സി റെഡ്ഡി (വ്യവസായം, വാണിജ്യം), ഹുമയൂണ്‍ കബീര്‍ (സംസ്‌കാരം, ശാസ്ത്രഗവേഷണം), സത്യനാരായണ്‍ സിന്‍ഹ (പാര്‍ലമെന്ററികാര്യം) എന്നിവര്‍ക്ക് പുറമെ ടി.ടി. കൃഷ്ണമാചാരിയെ വകുപ്പില്ലാമന്ത്രിയായും ഉള്‍പ്പെടുത്തി. ചൈനയുമായുള്ള യുദ്ധത്തിനുശേഷം കൃഷ്ണമാചാരിക്ക് പ്രതിരോധ-സാമ്പത്തിക ഏകോപന വകുപ്പിന്റെ ചുമതല നല്‍കി.

പിരിച്ചുവിട്ട ലോക്സഭയിലെ സ്പീക്കര്‍ അനന്തശയനം അയ്യങ്കാര്‍ ചിറ്റൂരുനിന്നും ഡെപ്യൂട്ടി സ്പീക്കര്‍ സര്‍ദാര്‍ ഹുക്കും സിങ് പാട്യാലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏപ്രില്‍ 17ന് ഹുക്കും സിങ് മൂന്നാം ലോക്സഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അയ്യങ്കാരെ ആ വര്‍ഷം തന്നെ ബിഹാറില്‍ ഗവര്‍ണറായി നിയമിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുന്ന കീഴ്വഴക്കം പിന്നെയും തെറ്റിച്ചു. ഷിമോഗയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം എസ്.വി. കൃഷ്ണമൂര്‍ത്തിറാവു ഏപ്രില്‍ 23ന് ഡെപ്യൂട്ടി സ്പീക്കറായി.

സംസ്ഥാന നിയമസഭകളിലും കോണ്‍ഗ്രസിന്റെ വിജയം അസന്നിഗ്ധവും ആധിപത്യം സമ്പൂര്‍ണവുമായിരുന്നു. ഉത്തര്‍പ്രദേശില്‍ ആകെയുള്ള 430 സീറ്റില്‍ പാര്‍ട്ടി 249 എണ്ണം വിജയിച്ചു. മധ്യപ്രദേശിലെ 288-ല്‍ 142ഉം ബിഹാറിലെ 318-ല്‍ 185ഉം ഗുജറാത്തിലെ 154-ല്‍ 113ഉം മഹാരാഷ്ട്രയിലെ 264-ല്‍ 215ഉം പഞ്ചാബിലെ 154-ല്‍ 90ഉം അസമിലെ 105-ല്‍ 79ഉം പശ്ചിമബംഗാളിലെ 252-ല്‍ 157ഉം ആന്ധ്രാപ്രദേശിലെ 300-ല്‍ 177ഉം മദ്രാസിലെ 206-ല്‍ 139ഉം മൈസൂരിലെ 208-ല്‍ 138ഉം സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നേടി. രാജസ്ഥാനില്‍ മാത്രമാണ് അല്‍പം മോശമായത്. അവിടെ 176-ല്‍ 88 സീറ്റാണ് പാര്‍ട്ടിക്ക് കിട്ടിയത്.

തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിച്ചു. യു.പിയില്‍ ചന്ദ്രഭാനു ഗുപ്തയും മധ്യപ്രദേശില്‍ ഭഗവന്ത്റാവു മന്ദ്ലോയും ബിഹാറില്‍ ബിനോദാനന്ദ ഝായും ഗുജറാത്തില്‍ ജീവരാജ് മേത്തയും മഹാരാഷ്ട്രയില്‍ വൈ.ബി. ചവാനും പഞ്ചാബില്‍ പ്രതാപ്സിങ് കെയ്റോണും അസമില്‍ ബി. പ്രസാദ് ചാലിഹയും മദ്രാസില്‍ കെ. കാമരാജും മൈസൂരില്‍ എസ്.ആര്‍. കാന്തിയും ആന്ധ്രയില്‍ എന്‍. സഞ്ജീവറെഡ്ഡിയും ബംഗാളില്‍ ബി.സി. റോയിയും രാജസ്ഥാനില്‍ മോഹന്‍ലാല്‍ സുഖാദിയയും മുഖ്യമന്ത്രിമാരായി.

കോണ്‍ഗ്രസിന്റെ സമീപത്തൊന്നും എത്താനായില്ലെങ്കിലും ആന്ധ്രയിലും ബംഗാളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു പ്രധാന പ്രതിപക്ഷം. മഹാരാഷ്ട്രയില്‍ പെസന്‍സ് ആന്റ് വര്‍ക്കേഴ്സ് പാര്‍ട്ടിയും മൈസൂരില്‍ പി.എസ്.പി.യും മുഖ്യപ്രതിപക്ഷമായി. യു.പി.യിലും മധ്യപ്രദേശിലും ജനസംഘം രണ്ടാം സ്ഥാനത്ത് എത്തി. ബിഹാറിലും ഗുജറാത്തിലും രാജസ്ഥാനിലും സ്വതന്ത്രാപാര്‍ട്ടിആയിരുന്നു മുഖ്യ പ്രതിപക്ഷകക്ഷി. പഞ്ചാബില്‍ അകാലിദളും മദ്രാസില്‍ ദ്രാവിഡ മുന്നേറ്റ കഴകവും അസമില്‍ ഹില്‍ ലീഡേഴ്സ് കോണ്‍ഫ്രന്‍സും ആ സ്ഥാനം കരസ്ഥമാക്കി.

1962 മേയ് 13ന് രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി പൂര്‍ത്തീകരിച്ചു. പ്രായവും അനാരോഗ്യവും നിമിത്തം രാജേന്ദ്രപ്രസാദ് വിരമിക്കാന്‍ തന്നെ തീരുമാനിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഡോ. എസ്. രാധാകൃഷ്ണനെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഡോ. സക്കീര്‍ ഹുസൈനെയും കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദ്ദേശിച്ചു.

1888 സെപ്തംബര്‍ 5-ാം തീയതി മദ്രാസ് പ്രവിശ്യയില്‍പ്പെട്ട തിരുത്തണിയില്‍ ഒരു തെലുഗു ബ്രാഹ്മണകുടുംബത്തിലാണ് രാധാകൃഷ്ണന്‍ ജനിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഫിലോസഫിയില്‍ എം.എ.യും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. ഭാരതീയ ദര്‍ശനത്തില്‍, പ്രത്യേകിച്ച് വേദാന്തത്തില്‍ അഗാധ പാണ്ഡിത്യം നേടിയ രാധാകൃഷ്ണന്‍ മദ്രാസ് പ്രസിഡന്‍സി കോളേജിലും മൈസൂര്‍ മഹാരാജാസ് കോളേജിലും അധ്യാപകനായി. 1921-ല്‍ കല്‍ക്കട്ട സര്‍വകലാശാലയില്‍ പ്രൊഫസറായി. 1931-ല്‍ ജോര്‍ജ് അഞ്ചാമന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന് സര്‍ സ്ഥാനം നല്‍കി ആദരിച്ചു. 1931 മുതല്‍ 36 വരെ ആന്ധ്രാ സര്‍വകലാശാലയിലും 1939 മുതല്‍ 48 വരെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സലറായി പ്രശോഭിച്ചു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമാണ് രാധാകൃഷ്ണന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1946-52 കാലത്ത് യുനെസ്‌കോയില്‍ ഇന്ത്യയുടെ പ്രതിനിധിയായി. 1949 മുതല്‍ 52 വരെ സോവിയറ്റ് യൂണിയനില്‍ അംബാസഡറായി. 1952-ലും 57ലും ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു.

മേയ് 7ന് നടന്ന തെരഞ്ഞെടുപ്പ് തികച്ചും ഏകപക്ഷീയമായിരുന്നു. ഇലക്ട്രല്‍ കോളേജില്‍ രാധാകൃഷ്ണന് 5,53,067 വോട്ട് കിട്ടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളായ ചൗധരി ഹരിറാമിന് 6,341ഉം യമുനാപ്രസാദ് തൃശൂല്യയ്ക്ക് 3,537ഉം വോട്ട് മാത്രമേ നേടാനായുള്ളൂ.

1952-ലും 57-ലും രാധാകൃഷ്ണന്‍ എതിരില്ലാതെയാണ് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 1962-ല്‍ അതിന് മാറ്റമുണ്ടായി. ഒറീസയില്‍ നിന്നുള്ള നൃസിംഹചരണ്‍ സമന്തസിംഹര്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി. 1957-ല്‍ ഭുനേശ്വറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ലോക്സഭാംഗമായ ആളാണ് സമന്തസിംഹര്‍. പിന്നീടദ്ദേഹം സ്വതന്ത്രാപാര്‍ട്ടിയില്‍ ചേര്‍ന്നു.

മേയ് 7ന് തന്നെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും നടന്നു. ഡോ. സക്കീര്‍ ഹുസൈന് 568ഉം സമന്തസിംഹര്‍ക്ക് 14ഉം വോട്ട് കിട്ടി. ഡോ. രാധാകൃഷ്ണനെപ്പോലെ സക്കീര്‍ ഹുസൈനും അധ്യാപകനായിരുന്നു. ജാമിയാ മിലിയ ഇസ്ലാമിയയുടെ സഹസ്ഥാപകരില്‍ ഒരാള്‍ കൂടിയായിരുന്നു സക്കീര്‍ ഹുസൈന്‍. 1962 മുതല്‍ സെപ്തംബര്‍ 5 അധ്യാപകദിനമായി ആഘോഷിക്കാന്‍ തുടങ്ങി.

രാഷ്ട്രപതി സ്ഥാനത്തുനിന്ന് വിരമിച്ച ഡോ. രാജേന്ദ്രപ്രസാദ് സ്വദേശമായ ബിഹാറിലേക്ക് തിരിച്ചുപോയി. പാട്നയില്‍ ബിഹാര്‍ വിദ്യാപീഠത്തോട് ചേര്‍ന്ന് സദാകത്ത് ആശ്രമത്തില്‍ താമസമുറപ്പിച്ചു. 1962-ല്‍ രാഷ്ട്രം ഭാരതരത്ന നല്‍കി അദ്ദേഹത്തെ ആദരിച്ചു. ‘യാതനയുടെ വര്‍ഷങ്ങള്‍’ എന്ന പേരില്‍ തന്റെ രാഷ്ട്രപതികാല സ്മരണകള്‍ എഴുതാന്‍ പ്രസാദിന് ഉദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അതിന് കഴിയുംമുമ്പ്, 1963 ഫെബ്രുവരി 28ന് അദ്ദേഹം അന്തരിച്ചു. കൃത്യാന്തരബാഹുല്യം നിമിത്തം ജവഹര്‍ലാല്‍ നെഹ്റു ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തില്ല, പാട്നയ്ക്ക് പോകാന്‍ തുനിഞ്ഞ രാഷ്ട്രപതി രാധാകൃഷ്ണനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അനിഷ്ടം വകവയ്ക്കാതെ രാഷ്ട്രപതി ചടങ്ങില്‍ പങ്കെടുത്തു എന്നാണ് ചരിത്രം.