യുഗസന്ധ്യ

October 12, 2017, 12:39 pm


യുഗസന്ധ്യ
Columns
Columns


യുഗസന്ധ്യ

യുഗസന്ധ്യ

ചൈനയുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പരമാവധി പരിശ്രമിക്കുമ്പോള്‍ തന്നെ, 1961-ലെ ശൈത്യകാലത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ അനിവാര്യമായ ഘട്ടത്തില്‍ പ്രതിരോധത്തിനുള്ള തന്ത്രവും ആവിഷ്‌ക്കരിച്ചു. നവംബര്‍ 2-ാം തീയതി പ്രധാനമന്ത്രി നെഹ്‌റു, രാജ്യരക്ഷാമന്ത്രി കൃഷ്ണമേനോന്‍, വിദേശകാര്യ സെക്രട്ടറി എം.ജെ ദേശായി, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ബി.എന്‍ മല്ലിക് എന്നിവരും സൈനികമേധാവികളായ ജനറല്‍ പി.എന്‍. ഥാപ്പര്‍, ലഫ്. ജനറല്‍ ബി.എന്‍. കൗള്‍ എന്നിവരും കൂടിയാലോചിച്ചു. ഇന്ത്യന്‍ സൈന്യം പരമാവധി മുന്നോട്ടുനീങ്ങി വിഭജനരേഖയോട് ചേര്‍ന്ന് മിലിട്ടറി പോസ്റ്റുകള്‍ സ്ഥാപിക്കുകയും പട്രോളിംഗ് നടത്തുകയും ചെയ്യാന്‍ തീരുമാനിച്ചു. മിലിട്ടറി പോസ്റ്റുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ പിന്നണിയില്‍ താവളങ്ങള്‍ ഒരുക്കാനും നിശ്ചയിച്ചു. അടിയന്തരഘട്ടങ്ങളില്‍ ആത്മരക്ഷാര്‍ത്ഥമായിട്ടല്ലാതെ ചൈനീസ് ഭടന്മാരുമായി ഏറ്റുമുട്ടലിന് തുനിയരുത് എന്നും നിര്‍ദ്ദേശിച്ചു.
1962-ലെ വേനല്‍ക്കാലത്ത് ചൈന തര്‍ക്കപ്രദേശമായ കാറാക്കാഷ് താഴ്‌വരയിലൂടെ പുതിയ റോഡ് നിര്‍മിച്ചു. ഒട്ടേറെ ചൈനീസ് ഭടന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് കടക്കുകയും 33 പുതിയ പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. അമേരിക്കയും സോവിയറ്റ് യൂണിയനും ക്യൂബയെച്ചൊല്ലി വക്കാണത്തിലായതുകൊണ്ട് ചൈനയുടെ കടന്നുകയറ്റം ദേശാന്തരീയ വേദികളില്‍ ചര്‍ച്ചാവിഷയമായില്ല.


1962 സെപ്തംബര്‍ 6ന് ചൈനീസ് സൈന്യം വിവിധ സ്ഥലങ്ങളില്‍ മക്മഹോന്‍ രേഖ മുറിച്ച് കടന്ന് ഇന്ത്യയിലേക്ക് ഇരച്ചുകയറി. തത്സമയം ജവഹര്‍ലാല്‍ നെഹ്‌റു കോമണ്‍വെല്‍ത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ലണ്ടനിലായിരുന്നു. ഇന്ത്യന്‍ സൈന്യം ചെറുത്തുനിന്നപ്പോള്‍ ചൈന തല്‍ക്കാലം ആക്രമണം നിര്‍ത്തി. യുദ്ധം ആസന്നം എന്ന ആ ഘട്ടത്തില്‍ നെഹ്‌റു ചൈനയോട് ബലപ്രയോഗത്തിന് ഒരുങ്ങരുത്, 1962 സെപ്തംബര്‍ 8ന് മുമ്പുള്ള സ്ഥലത്തേക്ക് മാറണം എന്ന് ആവശ്യപ്പെട്ടു.

അങ്ങനെയാണെങ്കില്‍പ്പോലും ഇന്ത്യയ്ക്ക് 12,000 ചതുരശ്രമൈല്‍ സ്ഥലം നഷ്ടപ്പെടുമായിരുന്നു. പക്ഷേ ചൈന തെല്ലും വഴങ്ങിയില്ല. ഒക്ടോബര്‍ 20ന് പൂര്‍ണ്ണതോതില്‍ യുദ്ധം ആരംഭിച്ചു. പീരങ്കികളും ടാങ്കുകളും മോര്‍ട്ടാറുകളുമായി ഇന്ത്യന്‍ മണ്ണിലേക്ക് കുതിച്ചു. മിന്നലാക്രമണത്തില്‍ ഒട്ടേറെ ഇന്ത്യന്‍ പോസ്റ്റുകള്‍ തകര്‍ന്നു. സൈനികര്‍ കൊല്ലപ്പെട്ടു.
അതേസമയം ഇന്ത്യ തങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടെന്ന് ചൈന ആരോപിച്ചു. നെഹ്‌റുവിനെ പേരെടുത്തുപറഞ്ഞ് ആക്ഷേപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി പ്രതിലോമകാരിയായ ഒരു ദേശീയവാദിയാണെന്ന് കുറ്റപ്പെടുത്തി. സോവിയറ്റ് യൂണിയന്‍ ഇരുകക്ഷികള്‍ക്കുമിടയില്‍ തന്ത്രപരമായ നിലപാട് സ്വീകരിച്ചു. ചൈന സഹോദരരാജ്യവും ഇന്ത്യ സുഹൃദ്‌രാജ്യവുമാണെന്ന് ചൂണ്ടിക്കാട്ടി. അതിര്‍ത്തിത്തര്‍ക്കം സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന് നിര്‍ദ്ദേശിച്ചു. അനുരഞ്ജനത്തിന് ആവശ്യമായത്ര ത്വര നെഹ്‌റുവിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്ന് കുറ്റപ്പെടുത്തി. ചേരിചേരാ രാഷ്ട്രങ്ങള്‍ ഒട്ടുമുക്കാലും നിഷ്പക്ഷത പാലിച്ചു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ തികച്ചും ഒറ്റപ്പെട്ടു.

ഒക്ടോബര്‍ 25ന് ചൈനക്കാര്‍ തവാങ് പിടിച്ചു. അതിനുശേഷം ചൈന ആക്രമണം മരവിപ്പിച്ചു. ഒക്ടോബര്‍ 31ന് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യരക്ഷാവകുപ്പ് ഏറ്റെടുത്തു. കൃഷ്ണമേനോന്‍ പ്രതിരോധ ഉല്‍പാദനവകുപ്പ് മന്ത്രിയായി തുടര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ള വിമര്‍ശകര്‍ മേനോന്റെ ചോരയ്ക്കുവേണ്ടി മുറവിളി കൂട്ടി. ഒടുവില്‍ നവംബര്‍ 7ന് അദ്ദേഹം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു.
നവംബര്‍ 8ന് പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്ത സമ്മേളനം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ചൈനീസ് ആക്രമണത്തെ അപലപിക്കുന്ന പ്രമേയം പ്രധാനമന്ത്രി അവതരിപ്പിച്ചു. എല്ലായ്‌പ്പോഴും സൗഹൃദം കാംക്ഷിക്കുകയും എല്ലാ അന്താരാഷ്ട്രവേദികളിലും അവര്‍ക്കുവേണ്ടി വാദിക്കുകയും ചെയ്തിട്ടും ചൈന വഞ്ചിച്ചു എന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തരം സാമ്രാജ്യത്വത്തിനും എതിരാണെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ പുതിയ സാമ്രാജ്യത്വത്തിന് വ്യാപനവാദത്തിനും നാം ഇരയായിത്തീര്‍ന്നിരിക്കുന്നു എന്നും രകൂട്ടിച്ചേര്‍ത്തു. ഒരാഴ്ച നീണ്ട ചര്‍ച്ചയില്‍ 165 അംഗങ്ങള്‍ പ്രസംഗിച്ചു. ഓരോരുത്തരും കഠിനമായ ഭാഷയില്‍ ചൈനീസ് ആക്രമണത്തെ അപലപിച്ചു.
പാര്‍ലമെന്റ് വിളിച്ചുകൂട്ടി പ്രമേയം പാസാക്കിയതല്ലാതെ ഇന്ത്യ ചൈനീസ് ആക്രമണം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുകയോ ചൈനയുമായി എന്തെങ്കിലും ഒത്തുതീര്‍പ്പിനോ കരാറിനോ ശ്രമിക്കുകയോ ഉണ്ടായില്ല. നാറ്റോ മാതൃകയിലുള്ള സൈനിക സഹായ ഉടമ്പടികളില്‍ ചേരുകയും ഉണ്ടായില്ല.

നവംബര്‍ 15ന് ചൈന രണ്ടാംഘട്ട ആക്രമണം ആരംഭിച്ചു. ലഡാക്കില്‍ ഇന്ത്യന്‍ സൈന്യം സാമാന്യേന പിടിച്ചുനിന്നു. ചൂഷുള്‍ എയര്‍ഫീല്‍ഡ് ചൈനീസ് വിമാനങ്ങള്‍ ബോംബിട്ട് തകര്‍ത്തു. ലേയ്ക്കുനേരെ മുന്നേറിയെങ്കിലും നഗരം കീഴടക്കുകയുണ്ടായില്ല. നേഫയില്‍ പക്ഷേ ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. ലഫ്. ജനറല്‍ ബി.എം. കൗള്‍ ഒരുക്കിയ യുദ്ധതന്ത്രം തികച്ചും ദയനീയമായിരുന്നു. നവംബര്‍ 17ന് സേ ലായില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പൊരുതാതെ പിന്മാറി. 19ന് ബോഡിം ലായും വീണു. ചൈനക്കാര്‍ മൊത്തം അസമും കീഴടക്കും എന്ന ഭയം വ്യാപിച്ചു.
നവംബര്‍ 19ന് കരസേനാ മേധാവി ജനറല്‍ പി.എന്‍. ഥാപ്പര്‍ ‘ആരോഗ്യപരമായ’ കാരണത്താല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ചു. ലഫ്. ജനറല്‍ ബി.എം. കൗള്‍ ജോലി രാജിവെച്ചു. ജനറല്‍ ജെ.എന്‍. ചൗധരി സേനാധിപനായി ചുമതലയേറ്റു.

ചേരിചേരാനയവും പഞ്ചശീലതത്വങ്ങളുമൊക്കെ തികച്ചും നിരര്‍ത്ഥകവും നിഷ്പ്രയോജനവുമാണെന്ന് നെഹ്‌റുവിന് ബോധ്യമായി. അദ്ദേഹം ആയുധങ്ങള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റിന് മുന്നില്‍ കൈനീട്ടി. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന 12 സ്‌ക്വാഡ്രണ്‍ സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളും അവ പറപ്പിക്കാന്‍ വേണ്ടത്ര പൈലറ്റുമാരെയും ഉടന്‍ അയച്ചുതരണമെന്ന് കെന്നഡിക്ക് കത്തെഴുതി. വ്യോമാതിര്‍ത്തി ലംഘിക്കുന്ന ചൈനീസ് വിമാനങ്ങള്‍ കണ്ടെത്താന്‍ റഡാര്‍ സംവിധാനം പരിഷ്‌കരിക്കണമെന്നും ചൈനയില്‍ ബോംബിടാന്‍ രണ്ട് സ്‌ക്വാഡ്രണ്‍ ബി-17 വിമാനങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഏഴാം കപ്പല്‍പ്പടയെ അയക്കണമെന്ന് അംബാസഡര്‍ ഗാല്‍ബ്രേത്ത് പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തു.
അപ്പോഴേക്കും ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി കെട്ടടങ്ങി.

ഇന്ത്യക്കുനേരെയുള്ള ആക്രമണം ഉടന്‍ അവസാനിപ്പിക്കണം, ഇനിയും തുടര്‍ന്നാല്‍ അമേരിക്ക കണ്ടുനില്‍ക്കില്ല എന്ന് പ്രസിഡന്റ് കെന്നഡി ചൈനയെ താക്കീത് ചെയ്തു. ചൈന സൈന്യത്തെ പിന്‍വലിക്കണമെന്ന് ക്രൂഷ്‌ചേവും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമ്മര്‍ദ്ദവും പ്രതികൂലമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും പരിഗണിച്ച് ചൈന നവംബര്‍ 21ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. നവംബര്‍ 7ന് മുമ്പുള്ള ‘യഥാര്‍ത്ഥ’ നിയന്ത്രണരേഖയിലേക്ക് പിന്മാറും എന്ന് വ്യക്തമാക്കി. ചൈനീസ് സൈന്യം കിഴക്കുഭാഗത്ത് മക്മഹോന്‍ രേഖയിലേക്കും മറ്റിടങ്ങളില്‍ നിയന്ത്രണരേഖയിലേക്കും പിന്‍വാങ്ങി. യുദ്ധം അവസാനിച്ചു.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 1,383 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു, 3,968 പേര്‍ തടവിലായി, 1696 പേരെ കാണാതായി.
ഇന്ത്യ ആവശ്യപ്പെട്ടതിന്റെ നാലിലൊന്നുപോലും സൈനിക സഹായം അനുവദിക്കാന്‍ അമേരിക്ക കൂട്ടാക്കിയില്ല. എങ്കിലും അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇന്ധനം നിറയ്ക്കാന്‍ അനുമതി നല്‍കി. ചൈനയെ നിരീക്ഷിക്കാന്‍ നന്ദാദേവി കൊടുമുടിയില്‍ ആണവോപകരണം സ്ഥാപിക്കാനും അനുവദിച്ചു. വോയ്‌സ് ഓഫ് അമേരിക്കയ്ക്ക് ദിനംപ്രതി രണ്ട് മണിക്കൂര്‍ ഇന്ത്യയില്‍ പ്രക്ഷേപണം നടത്താനുള്ള അനുമതിയും നല്‍കി. എങ്കിലും വലിയ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അത് പിന്‍വലിച്ചു.
ചൈനയുടെ ആക്രമണത്തോടെ ഇന്ത്യ പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കിടയില്‍ പരിഹാസപാത്രമായി. നെഹ്‌റുവിന്റെ നിഷ്പക്ഷതാനയത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണ് ചൈനയില്‍ നിന്നേറ്റ തിരിച്ചടിയെന്ന് പാശ്ചാത്യ നിരീക്ഷകരും പത്രങ്ങളും കുത്തുവാക്ക് പറഞ്ഞു. കമ്യൂണിസ്റ്റ് ആക്രമണത്തില്‍ നിന്ന് രക്ഷപെടണമെങ്കില്‍ ജനാധിപത്യചേരിയില്‍ ഉറച്ചുനില്‍ക്കണം, സൈനിക ഉടമ്പടികളില്‍ ചേരണം എന്ന് ഗുണദോഷിച്ചു.
യുദ്ധം രാജ്യത്ത് തീവ്രദേശീയവികാരം ആളിക്കത്തിച്ചു. കവികളും ഗായകരും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു. ദേശാഭിമാനപ്രചോദിതമായ ഒട്ടേറെ കലാസൃഷ്ടികള്‍ പുറത്തുവന്നു. പട്ടാളത്തില്‍ച്ചേരാന്‍ യുവാക്കള്‍ ക്യൂനിന്നു. രക്തം ദാനം ചെയ്യാനും യുദ്ധഫണ്ടിലേക്ക് സംഭാവന കൊടുക്കാനും നല്ല തിരക്ക് അനുഭവപ്പെട്ടു. സൈനികരുടെ എണ്ണത്തിലും ആയുധബലത്തിലും യുദ്ധപരിചയത്തിലും മുന്നില്‍ നില്‍ക്കുന്ന ഒരു രാജ്യത്തോടാണ് നാം തോറ്റത് എന്ന് ജനങ്ങള്‍ പൊതുവെ സമാധാനിച്ചു.

ലോകസമാധാനപാലകന്‍ എന്ന ഇന്ത്യയുടെ നാട്യം അതോടെ ഇല്ലാതായി. വിദേശരംഗത്ത് രാജ്യത്തിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു. യുദ്ധം സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ കനത്ത ആഘാതം ഏല്‍പിച്ചു. യുദ്ധപരാജയം ജവഹര്‍ലാല്‍ നെഹ്‌റുവിനെ തളര്‍ത്തി. അദ്ദേഹം പെട്ടെന്ന് അവശനായി. പഴയ ഊര്‍ജ്ജസ്വലതയും വാഗ്ധാടിയും നഷ്ടപ്പെട്ടു. സൈനിക, നയതന്ത്ര പരാജയങ്ങളില്‍ വി.കെ. കൃഷ്ണമേനോനെക്കാളും ജനറല്‍ ഥാപ്പറേക്കാളും തനിക്കാണ് ഉത്തരവാദിത്തം എന്ന് നെഹ്‌റുവിന് ബോധ്യമുണ്ടായിരുന്നു.

1963-ലെ റിപ്പബ്ലിക്ദിന ആഘോഷച്ചടങ്ങില്‍ കവി പ്രദീപ് രചിച്ച് സി. രാമചന്ദ്ര ഈണം പകര്‍ന്ന യേ മേരി വദന്‍ കി ലോഗോം എന്നാരംഭിക്കുന്ന ഗാനം ലതാ മങ്കേഷ്‌കര്‍ ആലപിച്ചു. ചൈനീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭടന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ആ ഗാനം കേട്ട് നെഹ്‌റു ഏങ്ങലടിച്ച് കരഞ്ഞു.

യുദ്ധം സൃഷ്ടിച്ച സാമ്പത്തിക കുഴപ്പം ഏറെക്കാലം നീണ്ടുനിന്നു. അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടു. വില കുത്തനെ കൂടി. യുദ്ധത്തിനും പ്രതിരോധ നടപടികള്‍ക്കും വേണ്ടിവന്ന ദുര്‍വഹമായ ചെലവ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പഞ്ചവത്സരപദ്ധതി പാളംതെറ്റി. നികുതികള്‍ വര്‍ധിപ്പിക്കുകയല്ലാതെ ധനകാര്യമന്ത്രാലയത്തിന് മുന്നില്‍ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.

1963 ഫെബ്രുവരി 28ന് ധനകാര്യമന്ത്രി മൊറാര്‍ജി ദേശായി അവതരിപ്പിച്ച ബജറ്റ് നികുതി നിരക്കുകളിലും ഇറക്കുമതി ചുങ്കത്തിലും വലിയ വര്‍ധനവാണ് നിര്‍ദ്ദേശിച്ചത്. ആദായനികുതിക്കു പുറമെ സൂപ്പര്‍ ടാക്‌സ് ചുമത്തി. തപാല്‍ നിരക്കുകള്‍ വരെ വര്‍ധിപ്പിച്ചു. അതിനുപുറമെ നിര്‍ബന്ധ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. അതുപ്രകാരം സര്‍ക്കാര്‍ ജീവനക്കാരും കമ്പനികളും മറ്റു സ്ഥാപനങ്ങളും അവരുടെ വരുമാനത്തിന്റെ ഒരു നിശ്ചിതശതമാനം സര്‍ക്കാരില്‍ നിക്ഷേപിക്കാന്‍ ബാദ്ധ്യസ്ഥരായി. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കര്‍ശനമായി നിയന്ത്രിച്ചു. 14 കാരറ്റില്‍ കൂടുതല്‍ മാറ്റുള്ള സ്വര്‍ണ്ണം കൊണ്ട് ആഭരണങ്ങള്‍ പണിയരുതെന്ന് നിഷ്‌കര്‍ഷിച്ചു.

നികുതി ഭാരവും വിലക്കയറ്റവും സ്വര്‍ണ്ണനിയന്ത്രണവും നിര്‍ബന്ധ നിക്ഷേപവും ജനങ്ങളെ വലച്ചു. പരമ്പരാഗത സ്വര്‍ണ്ണാഭരണവ്യവസായം തകര്‍ന്നു. സ്വര്‍ണ്ണപ്പണിക്കാര്‍ക്ക് പണിയില്ലാതായി. ചിലര്‍ ആത്മഹത്യ ചെയ്തു. യുദ്ധം ആളിക്കത്തിച്ച ദേശീയവികാരം കെട്ടടങ്ങി. പകരം അസംതൃപ്തി വ്യാപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ നിശിതമായി വിമര്‍ശിച്ചു.

യുദ്ധപരാജയത്തിനും കേന്ദ്രബജറ്റിനും പിന്നാലെ ഉത്തരേന്ത്യയിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ്, അമ്രോഹ മണ്ഡലങ്ങളില്‍ 1963 മേയ് 19നും ഗുജറാത്തിലെ രാജ്‌കോട്ടില്‍ മേയ് 26നുമാണ് വോട്ടെടുപ്പ് നടന്നത്. മൂന്നിടത്തും കമ്യൂണിസ്റ്റിതര പ്രതിപക്ഷം ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി- അമ്രോഹയില്‍ ആചാര്യ കൃപലാനി, ഫറൂഖാബാദില്‍ റാം മനോഹര്‍ലോഹ്യ, രാജ്‌കോട്ടില്‍ മിനു മസാനി.

രാം ശരണ്‍ എന്നൊരു പ്രാദേശിക നേതാവിനെയാണ് അമ്രോഹയിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയും പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയും നിര്‍ദ്ദേശിച്ചത്. പാര്‍ട്ടിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അതംഗീകരിക്കുകയും ചെയ്തു. പക്ഷേ ആചാര്യകൃപലാനിയെ തോല്‍പിക്കേണ്ടത് വി.കെ. കൃഷ്ണമേനോന്റെ അഭിമാനപ്രശ്‌നമായിരുന്നു. കൃഷ്ണമേനോനും കേന്ദ്രമന്ത്രി കെ.ഡി. മാളവ്യയും സമ്മര്‍ദ്ദം ചെലുത്തി പാര്‍ലമെന്ററി ബോര്‍ഡിനെക്കൊണ്ട് തീരുമാനം മാറ്റിച്ചു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാനദിവസം കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭാംഗവുമായ ഹഫീസ് മുഹമ്മദ് ഇബ്രാഹിമിനെ അമ്രോഹയില്‍ സ്ഥാനാര്‍ത്ഥിയാക്കി.
കൃപലാനി സ്വതന്ത്രനായാണ് പത്രിക സമര്‍പ്പിച്ചത്. കമ്യൂണിസ്റ്റ് ഇതര പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അദ്ദേഹത്തെ പിന്തുണച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട സമയത്തിനുശേഷം കൃപലാനിക്ക് പിന്തുണ പ്രഖ്യാപിച്ച് മത്സരത്തില്‍നിന്നു പിന്മാറി. അഞ്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥികളില്‍ മൂന്നുപേരും അതേ പാത പിന്തുടര്‍ന്നു.

ഫറൂഖാബാദില്‍ ലോഹ്യക്കെതിരെ കോണ്‍ഗ്രസ് മുന്‍കേന്ദ്രസഹമന്ത്രി ബി.വി. കെസ്‌കറെ സ്ഥാനാര്‍ത്ഥിയാക്കി. മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ച കെസ്‌കര്‍ സംസ്‌കൃത പണ്ഡിതനും സംഗീതജ്ഞനുമായിരുന്നു. 1957-62 കാലത്ത് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ അദ്ദേഹം അകാശവാണിയിലൂടെ ഹിന്ദി സിനിമാഗാനങ്ങളും ക്രിക്കറ്റ് മത്സരങ്ങളുടെ റണ്ണിംഗ് കമന്ററിയും പ്രക്ഷേപണം ചെയ്യുന്നത് വിലക്കി വിവാദപുരുഷനായിരുന്നു. രാജ്‌കോട്ടില്‍ മിനുമസാനിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയും നിലവില്‍ രാജ്യസഭാംഗമായിരുന്നു- ജേത്‌ലാല്‍ ജോഷി..

ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും പ്രതിപക്ഷസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 57,588 വോട്ടായിരുന്നു ഫറൂഖാബാദില്‍ ലോഹ്യയുടെ ഭൂരിപക്ഷം. അമ്രോഹയില്‍ കൃപലാനി 50,454 വോട്ടും രാജ്‌കോട്ടില്‍ മസാനി 14,151 വോട്ടും ഭൂരിപക്ഷം നേടി. പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ ജനവിധി ഇതോടെ റദ്ദായെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. അതേസമയം ഉപതെരഞ്ഞെടുപ്പുകള്‍ ഒറ്റപ്പെട്ട പ്രതിഭാസമാണ്, രാജ്യത്തെ പൊതുവികാരം അതില്‍ പ്രതിഫലിക്കുന്നില്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം സമാശ്വസിച്ചു. എങ്കിലും പരാജയത്തെപ്പറ്റി പഠിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഒരു കമ്മറ്റിയെ നിയോഗിച്ചു. ഭരണപരാജയമല്ല, പാര്‍ട്ടിയുടെ സംഘടനാപരമായ പാളിച്ചയും പ്രാദേശിക പ്രശ്‌നങ്ങളുമാണ് പരാജയത്തിന് കാരണം എന്ന് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കി.

ലോക്‌സഭയിലേക്കുള്ള തിരിച്ചുവരവ് ആചാര്യ കൃപലാനി മഹാസംഭവമാക്കി മാറ്റി. 1963 ഓഗസ്റ്റ് 13-ാം തീയതി പകല്‍ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം രാവിലെ 10 മണിക്ക് തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊടുത്തു. അതായിരുന്നു ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ അവിശ്വാസപ്രമേയം. ചട്ടപ്രകാരം മറ്റെല്ലാ നടപടികളും മാറ്റിവെച്ച് ലോക്‌സഭ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്തു. കൃപലാനിയും ലോഹ്യയും മസാനിയും ഹേം ബറുവയും അവരുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളും നെഹ്‌റുവിനെതിരെ പ്രയോഗിച്ചു. നാലുദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞു. തുടര്‍ന്ന് പ്രമേയം വോട്ടിനിട്ടു. കോണ്‍ഗ്രസുകാര്‍ പ്രമേയത്തെ എതിര്‍ത്തും സോഷ്യലിസ്റ്റ് ,സ്വതന്ത്ര, ജനസംഘം അംഗങ്ങള്‍ അനുകൂലിച്ചും വോട്ട് ചെയ്തു. കമ്യൂണിസ്റ്റുകാര്‍ വിട്ടുനിന്നു. 47നെതിരെ 347 വോട്ടോടെ അവിശ്വാസപ്രമേയം തള്ളപ്പെട്ടു.

ഉപതെരഞ്ഞെടുപ്പുകളിലെ പരാജയവും പ്രതിപക്ഷത്തിന്റെ പടപ്പുറപ്പാടും ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ട്ടിക്കകത്ത് തനിക്ക് അനഭിമതരായവരെ ഒതുക്കാനുള്ള അവസരമായാണ് കണ്ടത്. നെഹ്‌റുവുമായി കൂടിയാലോചിച്ചശേഷം മദ്രാസ് മുഖ്യമന്ത്രി കെ. കാമരാജ് ഒക്ടോബര്‍ 2ന് താന്‍ രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസുകാര്‍ അധികാരമോഹം വെടിയണം, സംഘടനാ രംഗത്ത് ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കണം എന്ന് ആഹ്വാനം ചെയ്തു. മന്ത്രിമാര്‍ ജനങ്ങളില്‍ നിന്ന് അകലുന്നു, അണികള്‍ ജനസേവനത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും ശ്രദ്ധക്കാതെ ഭരണസംവിധാനത്തിന്റെ ഭാഗമായിത്തീരാന്‍ ഉദ്യമിക്കുന്നു. കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം എന്ന് ഗുണദോഷിച്ചു. ഇതാണ് വിഖ്യാതമായ കാമരാജ് പ്ലാന്‍.

കാമരാജിന്റെ പേരില്‍ പ്രസിദ്ധമായ നെഹ്‌റുവിന്റെ പദ്ധതി വന്‍ വിജയമായി പരിണമിച്ചു. കാമരാജിന്റെ മാതൃക പിന്തുടര്‍ന്ന് കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും രാജി പ്രഖ്യാപിച്ചു. 1946 മുതല്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു കാമരാജ് പ്ലാന്‍ പ്രകാരം ഏറ്റവുമാദ്യം സ്ഥാനമൊഴിയേണ്ടിയിരുന്നത്. എന്നാല്‍ നെഹ്‌റുവിന് പകരം വെക്കാന്‍ ഇന്ത്യാ മഹാരാജ്യത്ത് ഇനിയൊരു നേതാവില്ല എന്ന കാരണം പറഞ്ഞ് കാമരാജ് അദ്ദേഹത്തെ ഒഴിവാക്കി. ഒടുവില്‍ ആറ് കേന്ദ്രമന്ത്രിമാരിലേക്കും കാമരാജടക്കം അഞ്ച് മുഖ്യമന്ത്രിമാരിലേക്കുമായി പദ്ധതി പരിമിതപ്പെടുത്തി.

മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, എസ്.കെ. പാട്ടീല്‍, ബാബു ജഗജീവന്‍ റാം, ബി. ഗോപാലറെഡ്ഡി, കെ.എല്‍. ശ്രീമാലി എന്നിവരാണ് സ്ഥാനം നഷ്ടപ്പെട്ട കേന്ദ്രമന്ത്രിമാര്‍. ചന്ദ്രഭാനു ഗുപ്ത (യു.പി.), ബിനോദാനന്ദ ഝാ (ബിഹാര്‍), ഭഗവന്ദറായ് മന്ദ്‌ലോയ് (മധ്യപ്രദേശ്), ബിജു പട്‌നായക് (ഒറീസ) എന്നിവരാണ് സ്ഥാനഭ്രംശം സംഭവിച്ച മുഖ്യമന്ത്രിമാര്‍. ഇവരില്‍ മിക്കവരും സമീപകാലത്തുമാത്രം മുഖ്യമന്ത്രിമാരായവരായിരുന്നു. ഉദാഹരണത്തിന് ഝാ ബിഹാര്‍ മുഖ്യമന്ത്രിയായത് 61 ഫെബ്രുവരിയിലും പട്‌നായക് ഒറീസ മുഖ്യമന്ത്രിയായത് 61 ജൂണിലും മന്ദ്‌ലോയ് മധ്യപ്രദേശ് മുഖ്യനായത് 62 മാര്‍ച്ചിലും ആയിരുന്നു. അതേസമയം 1956 ജനുവരിയില്‍ സ്ഥാനമേറ്റ പഞ്ചാബിലെ പ്രതാപ്‌സിങ് കെയ്‌റോണിനും 1957 മാര്‍ച്ച് മുതല്‍ തുടരുന്ന അസം മുഖ്യമന്ത്രി ബി.പി ചാലിഹക്കും ഇളക്കം തട്ടിയില്ല.
ബീരന്‍ മിത്ര ഒറീസയിലും എം. ഭക്തവത്സലം തമിഴ്‌നാട്ടിലും കൃഷ്ണ ബല്ലഭ സഹായ് ബിഹാറിലും ദ്വാരകാപ്രസാദ് മിശ്ര മധ്യപ്രദേശിലും പുതിയ മുഖ്യമന്ത്രിമാരായി. ഉത്തര്‍പ്രദേശില്‍ നെഹ്‌റു ഒരടികൂടി മുന്നോട്ടുപോയി. ചൗധരി ചരണ്‍സിംഗിനെപ്പോലെ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടായിരുന്നിട്ടും തന്റെ ഏറ്റവും വലിയ വിമര്‍ശകനായ ആചാര്യ കൃപലാനിയുടെ ധര്‍മ്മപത്‌നി സുചേത കൃപലാനിയെ മുഖ്യമന്ത്രിയാക്കി. അവരായിരുന്നു രാജ്യത്തെ ആദ്യ വനിതാമുഖ്യമന്ത്രി.

കോണ്‍ഗ്രസുകാരനല്ലെങ്കിലും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ബക്ഷി ഗുലാം മുഹമ്മദിനും കാമരാജ് പ്ലാന്‍ ബാധകമായി. പകരം ബക്ഷിയുടെ വലംകയ്യായ ഖ്വാജാ ഷംസുദ്ദീന്‍ മുഖ്യമന്ത്രിപദമേറ്റു.
1963 ഡിസംബര്‍ 1ന് നാഗാലാന്റിന് സംസ്ഥാന പദവി നല്‍കി. ഷിലു അവോ മുഖ്യമന്ത്രിയായി ചുമതലയേറ്റു. പക്ഷേ അതുകൊണ്ടും കലാപകാരികള്‍ അടങ്ങിയില്ല. അവര്‍ ഒളിയുദ്ധം തുടര്‍ന്നു. നാഗാലാന്റിന് സംസ്ഥാന പദവി നല്‍കുന്നതിനോട് ആസാംകാര്‍ പൊതുവെ എതിരായിരുന്നു. ഭാരതീയ ജനസംഘം അതിശക്തമായി പ്രതിഷേധിച്ചു. ഇത് വിഘടനവാദത്തിനും തീവ്രവാദത്തിനും സാധുത നല്‍കും, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും തുരങ്കം വെക്കും എന്നാരോപിച്ചു.

ഖ്വാജ ഷംസുദ്ദീന്റെ ഭരണത്തിന്‍കീഴില്‍ കശ്മീര്‍ വീണ്ടും അശാന്തമായി. 1963 ഡിസംബര്‍ 27ന് ശ്രീനഗറിലെ ഹസ്രത്ബാല്‍ പള്ളിയില്‍ സൂക്ഷിച്ചിരുന്ന മുഹമ്മദ് നബിയുടെ തിരുമുടി കാണാതായി. അതേത്തുടര്‍ന്ന് കശ്മീരിലെമ്പാടും സംഘര്‍ഷം ഉടലെടുത്തു. അത് പാകിസ്താനിലേക്കും ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കും വ്യാപിച്ചു. കിഴക്കന്‍ പാകിസ്താനില്‍ ഹിന്ദുക്കള്‍ക്കെതിരെ അക്രമം അരങ്ങേറി. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് പ്രവഹിച്ചു. കല്‍ക്കട്ടയിലും ജംഷഡ്പൂരിലും മുസ്ലീങ്ങള്‍ക്കെതിരെ അക്രമം നടന്നു. നിരവധിപേര്‍ കൊല്ലപ്പെട്ടു.

തീര്‍ത്തും അസ്വസ്ഥനായ നെഹ്‌റു ഇന്റലിജന്‍സ് മേധാവി ബി.എന്‍. മല്ലിക്കിനെ ശ്രീനഗറിലേക്കയച്ചു. അതേസമയം, തിരുശേഷിപ്പ് കാണാതായതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ഷേഖ് അബ്ദുള്ള ആരോപിച്ചു. തിരുമുടി കടത്തിക്കൊണ്ടുപോയത് ബക്ഷി ഗുലാം മുഹമ്മദാണെന്ന് കിംവദന്തി പ്രചരിച്ചു. 1964 ജനുവരി 4ന് മല്ലിക് തിരുമുടി വീണ്ടെടുത്ത് പ്രദര്‍ശിപ്പിച്ചു. പക്ഷേ മതപണ്ഡിതര്‍ അത് അംഗീകരിക്കാന്‍ വൈമനസ്യം കാണിച്ചു. ഫെബ്രുവരി 3ന് പ്രധാനപ്പെട്ട 14 പണ്ഡിതന്മാര്‍ അത് വീണ്ടും പരിശോധിച്ച് പ്രവാചകന്റെ മുടി തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തി.

1964 ജനുവരി 6ന് ഭുവനേശ്വറില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനത്തിനിടെ നെഹ്‌റുവിന് ലഘുവായ ഹൃദയാഘാതം ഉണ്ടായി. അദ്ദേഹം മകളോടൊപ്പം ദല്‍ഹിയിലേക്ക് മടങ്ങി. പ്രധാനമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് പല കിംവദന്തികളും പ്രചരിച്ചു. നെഹ്‌റുവിനുശേഷം ആര് എന്ന ചോദ്യം സജീവമായി. ഭുവനേശ്വര്‍ സമ്മേളനം കാമരാജിനെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. അദ്ദേഹം അതോടെ കിംഗ് മേക്കറായി പരിണമിച്ചു.

1903 ജൂലൈ 15ന് മദ്രാസിലെ വിരുതുനഗറില്‍ ഒരു താണ ഇടത്തരം നാടാര്‍ കുടുംബത്തിലാണ് കുമാരസ്വാമി കാമരാജ് ജനിച്ചത്. അദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലീഷും ഹിന്ദിയും അറിയില്ലായിരുന്നു. 1920-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന കാമരാജ് ആറുതവണ അറസ്റ്റ് വരിച്ചു. എട്ട് വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചു. 1937-ല്‍ മദ്രാസ് നിയമസഭാംഗമായി. 1946-ല്‍ പി.സി.സി. അധ്യക്ഷനായി. 1954 ഏപ്രില്‍ 13ന് രാജഗോപാലാചാരിയെ അട്ടിമറിച്ച് മദ്രാസ് മുഖ്യമന്ത്രിയായി. 1962 ഒക്ടോബര്‍ 2ന് സ്വയം വിരമിക്കുംവരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. സംസ്ഥാനത്ത് നിരവധി സ്‌കൂളുകള്‍ സ്ഥാപിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കിയും ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ഘന വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചും മികച്ച ഭരണാധികാരിയായി പേരെടുത്തു. കാമരാജ് പ്ലാന്‍ വിജയിച്ചതോടെ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വവും അദ്ദേഹം കൈപ്പിടിയില്‍ ഒതുക്കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് നെഹ്‌റു പരിക്ഷീണിതനായതോടെ ഭരണകാര്യങ്ങളിലും കാമരാജ് ശ്രദ്ധ പതിപ്പിച്ചു. കാമരാജിന്റെ ഉപദേശപ്രകാരം നെഹ്‌റു ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ വകുപ്പില്ലാമന്ത്രിയായി തിരിച്ചുകൊണ്ടുവന്നു. നെഹ്‌റുവിന്റെ അഭാവത്തില്‍ ശാസ്ത്രി പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിറവേറ്റി. എന്നാല്‍ ആരോഗ്യം മെച്ചപ്പെട്ടപ്പോള്‍ ശാസ്ത്രി തഴയപ്പെട്ടു, അധികാരം ഇന്ദിരാഗാന്ധി കൈപ്പിടിയില്‍ ഒതുക്കി.

1964 ജനുവരി 31ന് ചീഫ് ജസ്റ്റിസ് ബി.പി. സിന്‍ഹ വിരമിച്ചു. സീനിയോറിറ്റി അനുസരിച്ച് ജസ്റ്റിസ് സയ്യിദ് ജാഫര്‍ ഇമാം ആണ് തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ആകേണ്ടിയിരുന്നത്. എന്നാല്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അദ്ദേഹം തീര്‍ത്തും അവശനായിരുന്നു. സംസാരശേഷിപോലും മിക്കവാറും നഷ്ടപ്പെട്ടുവെങ്കിലും ഇമാം തനിക്ക് ചീഫ് ജസ്റ്റിസായേ തീരൂ എന്ന് ശഠിച്ചു. നെഹ്‌റു വിഷമവൃത്തത്തിലായി. ഒരു മുസ്ലീമായ ജസ്റ്റിസ് ഇമാമിനെ തഴയുന്നപക്ഷം പാകിസ്താന്‍ എങ്ങനെ പ്രതികരിക്കും എന്ന് പ്രധാനമന്ത്രി ആശങ്കപ്രകടിപ്പിച്ചു. ഒടുവില്‍ സിന്‍ഹ റിട്ടയര്‍ ചെയ്ത ജനുവരി 31ന് തന്നെ സ്വയം വിരമിക്കാമെന്ന് ഇമാമിനെക്കൊണ്ട് സമ്മതിപ്പിച്ച് പ്രശ്‌നം തീര്‍ത്തു. പി.ബി. ഗജേന്ദ്ര ഗഡ്കര്‍ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.
1963 നവംബര്‍ 22ന് പ്രസിഡന്റ് കെന്നഡി വെടിയേറ്റ് മരിച്ചു. ലിന്‍ഡന്‍ ജോണ്‍സണ്‍ പ്രസിഡന്റായി. അതുമുമ്പ് തന്നെ ഗാല്‍ബ്രേത്ത് സ്ഥലംമാറിപ്പോയിരുന്നു. ചെസ്റ്റര്‍ ബൗള്‍സ് ആയിരുന്നു പുതിയ സ്ഥാനപതി. ഇന്ത്യയോടും നെഹ്‌റുവിനോടും അനുഭാവം പുലര്‍ത്തിയിരുന്ന ബൗള്‍സ് നേരത്തെ ട്രൂമാന്‍ ഭരണത്തിന്റെ അവസാനകാലത്ത് ഇന്ത്യയില്‍ അംബാസഡറായിരുന്ന ആളാണ്. സൈനിക-സാമ്പത്തിക സഹായങ്ങള്‍ക്ക് പകരമെന്നോണം പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് അമേരിക്ക നിര്‍ബന്ധിച്ചു. അതിനാല്‍ നയതന്ത്രതലത്തില്‍ പലതവണ കൂടിക്കാഴ്ച നടന്നു. പ്രത്യേകിച്ച ഫലമൊന്നും ഉണ്ടായില്ല എന്നുമാത്രം.

1964 ഫെബ്രുവരി 29ന് അതിനകം പരാജയമെന്ന് തെളിയിച്ച ഖ്വാജാ ഷംസുദ്ദീനെ നീക്കി, ഗുലാം മുഹമ്മദ് സാദിഖിനെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയാക്കി. പൊതുവെ ജനസമ്മതനും മികച്ച ഭരണാധികാരിയുമായിരുന്നു സാദിഖ്. അതിനു പിന്നാലെ ഏപ്രില് 8ന് ഷേഖ് അബ്ദുള്ളയേയും 14 സഹനേതാക്കളെയും ജയിലില്‍ നിന്ന് മോചിപ്പിച്ചു. അബ്ദുള്ളയും പാക് പ്രസിഡന്റ് ജനറല്‍ അയൂബ് ഖാനുമായി കൂടിയാലോചിച്ച് കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ നെഹ്‌റു ആഗ്രഹിച്ചു. കോണ്‍ഗ്രസില്‍ തന്നെ നല്ലൊരുഭാഗം നേതാക്കള്‍ ഷേഖിനെ മോചിപ്പിക്കുന്നതിന് എതിരായിരുന്നു. ഭാരതീയ ജനസംഘം പ്രധാനമന്ത്രിയെ നിശിതമായി വിമര്‍ശിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയും സമാധാനനീക്കത്തിന് എതിരായിരുന്നു. എന്നാല്‍ സ്വതന്ത്രാപാര്‍ട്ടി നേതാവ് സി. രാജഗോപാലാചാരിയും മുന്‍ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണനും നെഹ്‌റുവിനെ അനുകൂലിച്ചു.

ജയില്‍മോചിതനായ ഷേഖിന് കശ്മീര്‍ താഴ്‌വരയിലെമ്പാടും വമ്പിച്ച വരവേല്‍പ് ലഭിച്ചു. അദ്ദേഹം നെഹ്‌റുവിനെയും ഇന്ത്യയുടെ മതേതര ഭരണഘടനയെയും പ്രശംസിച്ചു. ഏപ്രില്‍ 24ന് ദല്‍ഹിയില്‍ എത്തിയ ഷേഖ് അബ്ദുള്ള അഞ്ചുദിവസം തീന്‍മൂര്‍ത്തിഭവനില്‍ പ്രധാനമന്ത്രിക്കൊപ്പം താമസിച്ചു. ജെ.പി. അടക്കമുള്ള നേതാക്കളെ അവിടെ കണ്ട് സംസാരിച്ചു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ജുമാമസ്ജിദില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.

മേയ് 5ന് ഷേഖ് അബ്ദുള്ള മദ്രാസിലെത്തി രാജാജിയെ സന്ദര്‍ശിച്ചു. കശ്മീര്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ പുതിയ സി.ആര്‍. ഫോര്‍മുല തയ്യാറായി. ജമ്മുവും ലഡാക്കും ഇന്ത്യക്ക്, ജില്‍ജിത്തും ബാള്‍ട്ടിസ്ഥാനും പാകിസ്താന്; ഇവയ്ക്കിടയില്‍ പരമാവധി സ്വയംഭരണ സ്വാതന്ത്ര്യത്തോടെ കശ്മീര്‍ താഴ്‌വര. പ്രതിരോധ, വിദേശകാര്യ വകുപ്പുകള്‍ ഇന്ത്യയും പാകിസ്താനും കൂടിയാലോചിച്ച് കയ്യാളും. അല്ലാത്തപക്ഷം ഇന്ത്യയും പാകിസ്താനും കശ്മീരും ഉള്‍പ്പെട്ട ഒരു കോണ്‍ഫെഡറേഷന്‍ രൂപീകരിക്കും. ഏതാണ്ട് ഈ രീതിയിലൊക്കെയുള്ള ആശയങ്ങളാണ് ഷേഖും രാജാജിയും തമ്മില്‍ ചര്‍ച്ച ചെയ്ത് ഉറപ്പിച്ചത്.
മേയ് 24ന് റാവല്‍പിണ്ടിയില്‍ എത്തിയ ഷേഖിന് വമ്പിച്ച വരവേല്‍പ് ലഭിച്ചു. 25, 26 തീയതികളിലായി അദ്ദേഹം ജനറല്‍ അയൂബ്ഖാനുമായി ഏഴ് മണിക്കൂര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ തികച്ചും സൗഹാര്‍ദ്ദപരമായിരുന്നു. കശ്മീര്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരമുണ്ടാകുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.

മേയ് 27ന് പുലര്‍ച്ചെ നെഹ്‌റുവിന് വീണ്ടും ഹൃദയാഘാതമുണ്ടായി. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. പകല്‍ 2 മണിക്ക് ആകാശവാണി വാര്‍ത്ത ജനങ്ങളെ അറിയിച്ചു. പിറ്റേന്ന് രാജ്യം രാഷ്ട്രശില്പിക്ക് കണ്ണീരോടെ വിട നല്‍കി. ഗാന്ധി സമാധിക്ക് സമീപം ഒരുക്കിയ ചിതയ്ക്ക് ദൗഹിത്രന്‍ സഞ്ജയ്ഗാന്ധി തീകൊളുത്തി. മരണപത്രപ്രകാരം ജൂണ്‍ 12ന് ചിതാഭസ്മത്തിന്റെ ഒരു ഭാഗം അലഹബാദില്‍ പുണ്യനദിയായ ഗംഗയില്‍ ഒഴുക്കി. ബാക്കി വിമാനത്തില്‍ നിന്ന് രാജ്യത്തെ വയലേലകളില്‍ വിതറി. അതോടെ ഇന്ത്യാചരിത്രത്തില്‍ ഒരു യുഗം അവസാനിച്ചു