റിപ്പബ്ലിക്കിന് ഒരു രാഷ്ട്രപതിയെ ആവശ്യമുണ്ട്; 2019 ഇവിടെ തുടങ്ങുന്നു  

June 9, 2017, 1:08 pm
റിപ്പബ്ലിക്കിന് ഒരു രാഷ്ട്രപതിയെ ആവശ്യമുണ്ട്; 2019 ഇവിടെ തുടങ്ങുന്നു  
Columns
Columns
റിപ്പബ്ലിക്കിന് ഒരു രാഷ്ട്രപതിയെ ആവശ്യമുണ്ട്; 2019 ഇവിടെ തുടങ്ങുന്നു  

റിപ്പബ്ലിക്കിന് ഒരു രാഷ്ട്രപതിയെ ആവശ്യമുണ്ട്; 2019 ഇവിടെ തുടങ്ങുന്നു  

ഭരണഘടനാപരമായ ആഡംബരം മാത്രമാണ് രാഷ്ട്രപതി എന്ന് ഞാന്‍ കരുതിയിരുന്ന കാലമുണ്ടായിരുന്നു. വെള്ളാനയെ പോറ്റുന്നെങ്കില്‍ അത് ലക്ഷണമൊത്തതുതന്നെ ആയിരിക്കണമെന്നും ആഗ്രഹിച്ചു. രാഷ്ട്രത്തലവന്മാര്‍ അണിനിരക്കുന്ന വേദിയില്‍ ഇന്ത്യയുടെ രാഷ്ട്രപതിയെ ലോകം ശ്രദ്ധിക്കണം. അത്തരം പരിഗണനകളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുമാര്‍ ആയിരുന്നു എന്റെ മനസിലുണ്ടായിരുന്ന ലക്ഷണമൊത്ത രാഷ്ട്രപതി. സൈരാ ബാനു പ്രഥമവനിത കൂടിയാകുമ്പോള്‍ എന്റെ സന്തോഷം ഇരട്ടിക്കുമായിരുന്നു.

രാജാവ് ദാര്‍ശനികനായിരിക്കണമെന്ന് പ്ലാറ്റോ പറഞ്ഞു. ഫിലോസഫറായ രാധാകൃഷ്ണന്‍ പ്രസിഡന്റായപ്പോള്‍ പലരും പ്ലാറ്റോയെ ഓര്‍ത്തു. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പിന്‍ഗാമിയെ തിരയുന്ന ബിജെപിയുടെ കണ്ണ് അമിതാഭ് ബച്ചനില്‍ ഉടക്കിയെന്നു കേട്ടു. തലയെടുപ്പിലും ശബ്ദഗാംഭീര്യത്തിലും ഒന്നാമനാകുമെങ്കിലും ഞാന്‍ ബച്ചനെ അനുകൂലിക്കുന്നില്ല. വഴിവാണിഭക്കാരനെപ്പോലെ ഒന്നെടുത്താല്‍ രണ്ട് എന്ന് ചാനലുകളില്‍ സ്ഥിരമായി വിളിച്ചുകൂവുന്നയാളെ രാഷ്ട്രപതിയായി കാണാന്‍ കഴിയുന്നില്ല. എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനം അത്ര തൃപ്തികരമായിരുന്നില്ലെന്ന ദോഷവുമുണ്ട്.

ഒടുവില്‍ പി സദാശിവത്തിന് നറുക്ക് വീണേക്കുമോ എന്ന ബലമായ സംശയം എനിക്കുണ്ട്. ഇന്ത്യയുടെ ചീഫ് ജസ്റ്റീസായിരുന്നു എന്നതും ഇപ്പോള്‍ കേരളത്തില്‍ ഗവര്‍ണര്‍ ആയിരിക്കുന്നു എന്നതും യോഗ്യത തന്നെയാണ്. രാഷ്ട്രീയക്കാരനല്ലാത്ത സദാശിവം ബിജെപിക്ക് അഭിമതനാണ്. സദാശിവത്തിനെതിരെ ശോഭാ സുരേന്ദ്രന്‍ മുടിയഴിച്ചാടിയപ്പോള്‍ കേന്ദ്ര നേതൃത്വം ശ്രദ്ധിക്കാതിരുന്നത് വെറുതെയല്ല. തമിഴന്‍ സ്ഥാനാര്‍ത്ഥിയായാല്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ വോട്ടും കിട്ടിയേക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. ഉത്തര്‍ പ്രദേശിലെ സമുജ്വലമായ വിജയത്തിനുശേഷവും സമ്മതിദായകഗണത്തില്‍ 18,000 വോട്ടിനു പിന്നില്‍ നില്‍ക്കുന്ന എന്‍ഡിഎയ്ക്ക് എഐഎഡിഎംകെയുടെ അക്കൗണ്ടില്‍നിന്നു മാത്രം 58,984 വോട്ട് സദാശിവത്തിലൂടെ ഉറപ്പാക്കാന്‍ കഴിയും.

ഇന്ത്യ എന്ന മഹാരാജ്യത്ത് രാഷ്ട്രപതിയാകാന്‍ യോഗ്യനായ ഒരാളെ കണ്ടെത്താന്‍ ഇത്ര പ്രയാസമോ എന്ന് തോന്നിയേക്കാം. അതത്ര എളുപ്പമല്ല. അതുകൊണ്ടാണ് അബ്ദുള്‍ കലാമിനെപ്പോലെ രാഷ്ട്രീയക്കാരല്ലാത്ത അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ ചിലപ്പോള്‍ കടന്നുവരുന്നത്. ഭരണപക്ഷത്ത് പേരുകള്‍ കുറവാണെങ്കില്‍ പ്രതിപക്ഷത്ത് പേരുകള്‍ അതിലും കുറവാണ്. കേട്ടതില്‍ ഭേദം ഗോപാല്‍കൃഷ്ണ ഗാന്ധിയാണ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍, മുന്‍ ബംഗാള്‍ ഗവര്‍ണര്‍. സര്‍വോപരി സംശുദ്ധ ഇമേജുള്ള ഗാന്ധി. ഇന്ദിര ഗാന്ധിയെപ്പോലെ ഗാന്ധി ആയതല്ല. മഹാത്മ ഗാന്ധിയുടെ ചെറുമകനാണ് ഗോപാല്‍കൃഷ്ണ ഗാന്ധി.

തിരഞ്ഞെടുക്കപ്പെട്ട, എന്നുവച്ചാല്‍ സുരേഷ് ഗോപിയെപ്പോലെ നോമിനേറ്റഡ് അല്ലാത്ത, എംപിമാരും എംഎല്‍എമാരും ചേര്‍ന്നാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. അപ്രകാരം മൊത്തം വോട്ടര്‍മാര്‍ 4,896. അവരുടെ വോട്ടിന്റെ ആകെ മൂല്യം 10,98,903. വിജയിക്കാന്‍ വേണ്ടത് 5,49,452. എന്‍ഡിഎയുടെ കൈയിലുള്ളത് 5,27,887. പോരായ്മയുള്ളത് പ്രതിപക്ഷത്തുനിന്ന് കൈവശപ്പെടുത്താന്‍ പ്രാപ്തിയുള്ള ആളായിരിക്കണം സ്ഥാനാര്‍ത്ഥി. യുപിഎയും മറ്റുള്ളവരും ഒരുമിച്ചു നിന്നാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം 14ന് ഉണ്ടാകുമെന്ന് അറിയിപ്പുണ്ടായിട്ടും സ്ഥാനാര്‍ത്ഥിയാകാത്തത് ഇക്കാരണത്താലാണ്. സദാശിവത്തെപ്പോലെ ഒരു സംസ്ഥാനം പിടിക്കാന്‍ പ്രാപ്തിയുള്ള ആളാണ് ദ്രൗപദി മുര്‍മു. ഒഡീഷയില്‍നിന്നുള്ള ഈ ആദിവാസി വനിത ഇപ്പോള്‍ ജാര്‍ഖണ്ഡ് ഗവര്‍ണറാണ്. ഇതുവരെ ഒരു ആദിവാസി രാഷ്ട്രപതിയായിട്ടില്ല എന്നതിനേക്കാള്‍ പ്രധാനം ഒഡിഷയിലെ നവീന്‍ പട്‌നായിക്കിന്റെ കൈയില്‍ 36,549 വോട്ട് ഉണ്ടെന്നുള്ളതാണ്.

തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയുള്ളതുകൊണ്ടാണ് നമ്മുടെ രാജ്യം റിപ്പബ്‌ളിക്കായത്. യൂണിയന്റെ നിര്‍വാഹകാധികാരം നിക്ഷിപ്തമായിരിക്കുന്നത് രാഷ്ട്രപതിയിലാണ്. അദ്ദേഹമാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്. സര്‍വോപരി ഭരണഘടനയുടെ സംരക്ഷകനാണ് രാഷ്ട്രപതി. അടുത്ത മാസം 26ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കും.

രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് മറ്റ് തിരഞ്ഞെടുപ്പുകള്‍പോലെ പൊലിമയോ ഉദ്വേഗമോ ഇല്ല. എന്നാല്‍ ചിലപ്പോള്‍ അത് നാടകീയമായ വഴിത്തിരിവുകള്‍ക്ക് കാരണമാകും. പ്രധാനമന്ത്രി ഔദ്യോഗികമായി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി പരാജയപ്പെട്ട അവസ്ഥയുണ്ടായി, 1969ല്‍. ഇന്ദിര ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. സഞ്ജീവ റെഡ്ഡിയായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. മന:സാക്ഷിവോട്ടിന് ആഹ്വാനം ചെയ്തുകൊണ്ട് ഇന്ദിര ഗാന്ധി എതിര്‍സ്ഥാനാര്‍ത്ഥിക്കൊപ്പം ചേര്‍ന്നപ്പോള്‍ റെഡ്ഡി തോറ്റു; വി വി ഗിരി ജയിച്ചു.

പ്രതിപക്ഷകക്ഷികളെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വിജയകരമായി നേരിടുന്നതിനുള്ള അഖിലേന്ത്യാസഖ്യത്തിന്റെ രൂപപ്പെടലാണ് ഇപ്പോള്‍ നടക്കേണ്ടത്. അതുകൊണ്ടാണ് 2017ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും പ്രധാനപ്പെട്ടതാകുന്നത്.