സംഘി ഒളിപ്പോരാവരുത് സാമൂഹിക- മാധ്യമവിമര്‍ശനം

August 14, 2017, 2:34 pm


സംഘി ഒളിപ്പോരാവരുത് സാമൂഹിക- മാധ്യമവിമര്‍ശനം
Columns
Columns


സംഘി ഒളിപ്പോരാവരുത് സാമൂഹിക- മാധ്യമവിമര്‍ശനം

സംഘി ഒളിപ്പോരാവരുത് സാമൂഹിക- മാധ്യമവിമര്‍ശനം

മാധ്യമങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തന്നെ വലിയ വാര്‍ത്തയാകാന്‍ തുടങ്ങിയിട്ട് അത്രയേറെ കാലമൊന്നും ആയിട്ടില്ല. അത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപഹസിക്കലായും ചീത്തവിളിയായും സാമൂഹ്യമാധ്യമങ്ങളുടെ വ്യാപനത്തോടെ കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. വിശാലാര്‍ത്ഥത്തില്‍ ഇത് ജനാധിപത്യവത്കരണത്തിന്റെ ശക്തിപ്പെടലായി തന്നെ കാണേണ്ടതാണ്. എന്നാല്‍ ഇതോടൊപ്പം മാധ്യമവിമര്‍ശനത്തിന്റെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വിമര്‍ശനത്തിന്റെയും മറവില്‍ മുന്‍കൈ നേടിയെടുത്തത് സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ ആണെന്നത് വളരെ വ്യക്തവുമാണ്. അതായത് മാധ്യമങ്ങള്‍ എന്ന സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ താല്‍പര്യങ്ങളെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് അതിനോട് ഒരു വിമര്‍ശനാത്മക ബന്ധം സ്ഥാപിക്കുകയല്ല, മറിച്ച് മാധ്യമവിമര്‍ശനത്തിന്റെ മറവില്‍ തങ്ങളുടെ ഒരോരുത്തരുടെയും വ്യക്തിപരവും സംഘടനാപരവുമായ അജണ്ടകള്‍ സെറ്റുചെയ്യുകയായിരുന്നു ഈ മാധ്യമവിമര്‍ശകരില്‍ പലരും ചെയ്തുകൊണ്ടുപോന്നത്. ഇതിന്റെ അര്‍ത്ഥം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ നിഷിദ്ധമാണെന്നല്ല. മാധ്യമപ്രവര്‍ത്തനം എന്ന സാമൂഹ്യമാനങ്ങളുള്ള ഒരു ജോലി, തീര്‍ച്ചയായും വിമര്‍ശിക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും വേണം. അത് നടത്തേണ്ടത് സാമൂഹ്യമാധ്യമങ്ങളിലെ ഏതെങ്കിലും വിഭാഗത്തിനോ, സംഘടനാ അനുഭാവ സംഘത്തിന്റെ തിണ്ണമിടുക്കിന്റെ അടിസ്ഥാനത്തിലോ അല്ല.

റിലയന്‍സിന്റെ നിയന്ത്രണത്തിലുള്ള ന്യൂസ് 18 എന്ന മലയാളം ചാനലുമായി ബന്ധപ്പെട്ടുയരുന്ന വാര്‍ത്തകളാണ് മാധ്യമ വിമര്‍ശനത്തെക്കുറിച്ച് ഇത്രയും പറയാന്‍ ഇടയാക്കിയത്. രണ്ട് വിഷയങ്ങളാണ് അവിടെ ഉളളതെന്ന് തോന്നുന്നു. തൊഴിലിടത്തില്‍ മേലധികാരികള്‍ ബോധപൂര്‍വം മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ പെരുമാറി, വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്തുവെന്നതും, ദളിത് വിഭാഗത്തില്‍പെട്ട മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ശാസിച്ച് അവരെ അപമാനിച്ചുവെന്നും. ഇതില്‍, ആദ്യത്തെക്കാര്യം ഇതിന് ഇരയായി എന്നുപറയുന്ന മാധ്യമപ്രവര്‍ത്തക പൊലീസിന് നല്‍കിയ മൊഴിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ രണ്ടുവിഷയങ്ങളും വലിയ ചര്‍ച്ച ആവശ്യപ്പെടുന്ന വിഷയങ്ങള്‍ തന്നെയാണ്. തൊഴില്‍ സുരക്ഷിതത്വം, ദളിത് പ്രാതിനിധ്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇത്. തൊഴില്‍സുരക്ഷിത്വം തീര്‍ത്തും ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു മേഖലയായി മാധ്യമ രംഗം മാറിയിട്ട് ഇപ്പോള്‍ കുറച്ചായി. മറ്റെല്ലാ മേഖലകളിലും വ്യാപകമായി കൊണ്ടിരിക്കുന്ന ‘ഹയര്‍ ആന്റ് ഫയര്‍’ സംവിധാനം കേരളത്തിലും വലിയ രീതിയില്‍ തന്നെ നടപ്പിലാക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലല്ല, മറിച്ച് സിപിഐഎം നിയന്ത്രണത്തിലുള്ള കൈരളി ടിവിയാണ് തന്നിഷ്ടപ്രകാരം ജീവനക്കാരെ പിരിച്ചുവിടാമെന്ന മാതൃക സൃഷ്ടിച്ചത്. പിന്നീട് പല സ്ഥാപനങ്ങളിലും ഇത് തുടര്‍ന്നു. ജീവനക്കാരെ കുറയ്ക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഇത് വ്യാപകമാക്കുന്നു. ഇതിന് പലരീതികള്‍ അവലംബിക്കുന്നു. ഇത് നടപ്പിലാക്കേണ്ട ചുമതല, അവിടുത്തെ മുതിര്‍ന്ന ജീവനക്കാര്‍ക്ക് ആയി മാറുകയും ചെയ്യുന്നു. ഇതാണ് പൊതുവില്‍ ജീവനക്കാരെ തോന്നിയപടി പിരിച്ചുവിടുന്നതിന്റെ ഒരു രീതി.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ന്യൂസ് 18ലും നടന്നതെന്ന് വേണം മനസിലാക്കാന്‍. എന്നാല്‍ ഇതിനെ ചിലരുടെ സ്ഥാപിത താല്‍പര്യമായി ന്യൂനീകരിച്ച് യഥാര്‍ത്ഥ വസ്തുത ഒരിക്കലും ചര്‍ച്ചയാവരുതെന്ന ബോധത്തോടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഇടപെടല്‍. രാജീവ് ദേവരാജ്, ഇ.സനീഷ് തുടങ്ങി കേരളത്തിലെ ദൃശ്യമാധ്യമരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും സാമൂഹിക മാധ്യമങ്ങളിലെ ചില സംഘങ്ങളുടെയും ഇര എന്ന് വേണം കരുതാന്‍. സനീഷ് സാമൂഹ്യമാധ്യമങ്ങളിലുടെ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ നിരന്തരമായി പറയുന്ന ഒരു വ്യക്തി കൂടിയാണ്. ആക്ഷേപിക്കപ്പെടുന്നവരാരും അവരുടെ വ്യക്തിപരമായ ഇടങ്ങളില്‍ രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ മറച്ചുവച്ചവരുമല്ല. പക്ഷെ സാമൂഹ്യ മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ സൈറ്റുകളിലും സനീഷും അദ്ദേഹത്തിന്റെ ചില സഹപ്രവര്‍ത്തകരും അങ്ങേയറ്റം വിഷലിപ്തമായ രീതിയില്‍ ആക്രമിക്കപ്പെടുന്നത്, അവരുടെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടുകൂടിയാണ് എന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇതാണ് മാധ്യമവിമര്‍ശനം ഇപ്പോള്‍ എത്തിപ്പെട്ട അവസ്ഥ. വ്യക്തിഹത്യാ വാര്‍ത്തകള്‍ നല്‍കി വിവാദത്തില്‍ തുടങ്ങിയ ഒരു ചാനലും ഇതേ രീതി പിന്തുടര്‍ന്നുവെന്നതാണ് ശ്രദ്ധേയം.

ഇതില്‍ സംഘ്പരിവാറിന്റെ സാന്നിധ്യം ഇത്തരം അപഹസിക്കല്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവരെ കണ്ടാല്‍ മനസിലാക്കാവുന്നതെയുള്ളൂ. ന്യൂസ് 18 പോലുള്ള സ്ഥാപനത്തില്‍ തങ്ങളുടെ വിഭാഗീയവും വര്‍ഗീയവും ജനാധിപത്യ വിരുദ്ധവുമായ നിലപാടുകള്‍ക്ക് മേല്‍ക്കൈ കിട്ടാതെ പോകുന്നതിന് പിന്നില്‍, രാജീവിന്റെയും സനീഷിന്റെയും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യമാണെന്ന് കരുതുന്ന സംഘി ബുദ്ധികളാണ് ഇപ്പോഴത്തെ വ്യക്തിഹത്യയ്ക്ക് മുന്നിലെന്നത് വളരെ വ്യക്തമാണ്. ഈ പ്രവണതയെ എതിര്‍ത്ത് തോല്‍പ്പിച്ചില്ലെങ്കില്‍ അങ്ങേയറ്റം അപകടകരമായ ഒരു അവസ്ഥയിലായിരിക്കും കാര്യങ്ങള്‍ എത്തിപ്പെടുക. മാധ്യമവിമര്‍ശനത്തിന്റെയും രാഷ്ട്രീയ വിമര്‍ശനത്തിന്റെയും മറവില്‍ രാജീവിനെപോലെയും സനീഷിനെ പോലെയുമുള്ളവരുടെ വിശ്വാസ്യത തകര്‍ക്കാമെന്നാണ് നിക്ഷിപ്ത താത്പര്യക്കാര്‍ കണക്കുകൂട്ടുന്നത്. ഇത് ഇപ്പോള്‍ മാധ്യമ തൊഴില്‍ മേഖല പൊതുവില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗം കൂടിയാണ്.

സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ അവരുടെ താല്‍പര്യത്തിനു വേണ്ടിയെടുക്കുന്ന നിലപാടുകള്‍ നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തുന്നവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും, അതിന്റെ പിന്നിലെ നികൃഷ്ടമായ മുതലാളി നയങ്ങള്‍ ചര്‍ച്ച ചെയ്യാതെ മാറ്റിവെയ്ക്കപ്പെടുകയുമാണ് ഇവിടെ സംഭവിക്കുന്നത്. ന്യൂസ് 18ലെ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ എവിടെയെങ്കിലും എങ്ങനെയാണ് ഇന്ത്യന്‍ തൊഴില്‍മേഖലയില്‍നിന്ന് സുരക്ഷിതത്വമെന്ന അവസ്ഥ തീര്‍ത്തും ഇല്ലാതായത് എന്ന ചര്‍ച്ച ആരും നടത്തി കണ്ടില്ലെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഉദാരവല്‍ക്കരണം എങ്ങനെയാണ് എല്ലാ തരം തൊഴിലാളികളുടെ ജീവിതത്തില്‍ അനിശ്ചിതത്വം വിതച്ചതെന്നതും ആരും ചര്‍ച്ച ചെയ്തില്ല. കിട്ടിയ അവസരം വ്യക്തിഹത്യയ്ക്ക് ഉപയോഗിക്കുന്ന സംഘ്പരിവാര്‍ കുടിലത ഇതില്‍ വളരെ വ്യക്തമാണ്.

മാധ്യമ മുറികളിലെ ദളിത് പ്രാതിനിധ്യമെന്നത് വളരെ ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. കേരളത്തിലാവും ഇത് ഏറ്റവും കുറവ്. ഈ പ്രാതിനിധ്യം ഉറപ്പാക്കാന്‍ രാഷട്രീയ സാമൂഹ്യ ബോധമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ നിലപാട് നിര്‍ണായകം തന്നെയാണ്. എന്നാല്‍ അതിനപ്പുറം അത് ഒരു തീരുമാനമായി വരേണ്ടത് സ്ഥാപനം നടത്തുന്ന ആളുകളുടെ ഭാഗത്തുനിന്നുകൂടിയാണ്. ഈ തീരുമാനത്തിലേക്ക് അവരെ എത്തിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കും ഉണ്ടെന്നത് ഒരു വസ്തുതയാണ്. ദളിതരെ ന്യൂസ് റുമുകളിലെത്തിക്കാതിരിക്കാനും, ഉള്ളവരെ അദൃശ്യരാക്കുകയും ചെയ്യുന്നതിനുള്ള നിരവധി സാമൂഹ്യ സാഹചര്യങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള അദൃശ്യവല്‍ക്കരണത്തിനായി പ്രവര്‍ത്തിക്കുന്നവരാണ് രാജീവ് ദേവരാജിനെയും സനീഷിനെയും പോലുളള, തങ്ങളുടെ സാമൂഹ്യ ബോധം ഇക്കാലമത്രയുമുള്ള അവരുടെ മാധ്യമപ്രവര്‍ത്തനത്തിലുടെ തെളിയിച്ച, എഡിറ്റര്‍മാര്‍ എന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല.

എന്നിട്ടും ഇത്തരത്തിലുളള പരാതി എങ്ങനെയുണ്ടായി എന്നത് ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. ഇതിന് പകരം ഇപ്പോള്‍ നടക്കുന്നത് ഒന്നര പതിറ്റാണ്ടിലേറെ കേരളം കണ്ടറിഞ്ഞ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി ആക്രമിക്കുക എന്ന പ്രക്രിയയാണ്. പരാതിപ്പെട്ട മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച കാര്യങ്ങളോടുള്ള സത്യസന്ധമായ സമീപനമല്ല, മറിച്ച് രാജീവിനെയും സനീഷിനെയും ഇതുവെച്ച് കൈകാര്യം ചെയ്തുകളയാമെന്ന ചില സംഘി ബുദ്ധികളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അവര്‍ക്കതിരെ ആഞ്ഞടിക്കുന്നത്. ഹിറ്റ് കൂട്ടല്‍ മാത്രം ലക്ഷ്യമിട്ടുള്ള ചില ‘വിശ്രുത’ പത്രക്കാരും ഇതേ കളി തന്നെ തുടരുന്നു.

ഈ വിവാദം ഉയര്‍ന്നപ്പോള്‍, മറ്റൊരു കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്. അവര്‍ എല്ലായ്‌പ്പോഴും പലരൂപത്തില്‍ ഇവിടെ ഉണ്ടായിരുന്നു. യോഗ്യത മികവിന്റെ വാഴ്ത്തുപാട്ടുമായി അവര്‍ കളത്തില്‍ നിറഞ്ഞാടുന്നുണ്ട്. ഇടതുപക്ഷ അനുഭാവത്തിന്റെ ‘നല്ലപേരുമായാണ് ‘ ഇവര്‍ ഈ ബ്രാഹ്മണിക്കല്‍ ആശയത്തിന്റെ പ്രചാരകരാവുന്നത്. ‘എന്നെ നോക്കു. ഞാന്‍ അതിജീവിച്ചതുനോക്കൂ, യോഗ്യത മാത്രമല്ലേ എന്റെ മികവ് ‘ എന്ന മട്ടില്‍, പല പല പ്രിവിലേജുകള്‍ക്കും ഉടമയായവര്‍ ഇപ്പോള്‍ ‘ഹമ്പട ഞാനെ’ എന്ന മട്ടില്‍ വാദങ്ങള്‍ അവതരിപ്പിക്കുന്നത്. സംഘികളുടെ വിഷലിപ്ത പ്രചാരണത്തിന്റെ മറുവാദമാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്. കരാര്‍ ഒപ്പിട്ടു ജോലിയ്ക്ക് കയറിയാല്‍ പിന്നെ പിരിച്ചുവിടലിനെയൊന്നും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്ന് അത്യുഗ്രന്‍ കോര്‍പ്പറേറ്റ് ഉപദേശങ്ങളുമായി മറ്റുചിലരും കളത്തില്‍ നിറഞ്ഞാടുന്നുണ്ട്.

ന്യൂസ് 18 ലെ വിഷയത്തെ മാധ്യമങ്ങളെ സംബന്ധിച്ച് അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഗൗരവപരമായ പുനഃപരിശോധനയിലേക്ക് നയിക്കുന്ന ചര്‍ച്ചകളാക്കി വികസിപ്പിക്കുന്നതിന് പകരം, ചിലരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന്റെ ലക്ഷ്യം, സ്ത്രീ -ദളിത് പ്രതിനിധ്യ ചര്‍ച്ച ഇവിടെ സാധ്യമാക്കരുതെന്ന് വാശിയുള്ളവര്‍ കൂടിയാണ്. ആ നീക്കത്തിന് ഇരയാക്കപ്പെടേണ്ടവരല്ല, രാജീവിനെയും സനീഷിനെയും പോലുള്ള മാധ്യമപ്രവര്‍ത്തകര്‍.