രണ്ടായ നിന്നെ ഒന്നായി കാണുമ്പോള്‍.. ജി സുധാകരന്റെ കാര്യത്തില്‍ സംഭവിച്ചത്  

July 9, 2017, 9:14 pm
രണ്ടായ നിന്നെ ഒന്നായി കാണുമ്പോള്‍.. ജി സുധാകരന്റെ കാര്യത്തില്‍ സംഭവിച്ചത്  
Columns
Columns
രണ്ടായ നിന്നെ ഒന്നായി കാണുമ്പോള്‍.. ജി സുധാകരന്റെ കാര്യത്തില്‍ സംഭവിച്ചത്  

രണ്ടായ നിന്നെ ഒന്നായി കാണുമ്പോള്‍.. ജി സുധാകരന്റെ കാര്യത്തില്‍ സംഭവിച്ചത്  

1997ല്‍ ഞാന്‍ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ വി വി അഗസ്റ്റിന്‍ ഉണ്ടായിരുന്നു. പ്രചരണയോഗത്തില്‍ എനിക്കുവേണ്ടി പ്രസംഗിച്ച മുഖ്യമന്ത്രി ഇ കെ നായനാര്‍ പ്രസംഗം അവസാനിപ്പിച്ചത് അഗസ്റ്റിനു വോട്ട് ചെയ്യുകയെന്ന ആഹ്വാനത്തോടെയായിരുന്നു. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും മാറിപ്പോകുകയെന്നത് ക്ഷന്തവ്യമല്ലാത്ത അപരാധമാണ്. അഗസ്റ്റിനല്ല, സെബാസ്റ്റിയനാണ് സ്ഥാനാര്‍ത്ഥിയെന്ന് മുന്‍നിരയിലിരുന്ന സഖാവ് തിരുത്തിയപ്പോള്‍ നായനാര്‍ പ്രസിദ്ധമായി പറഞ്ഞു: രണ്ടും ഒന്നുതന്നെ ആണെടോ!

രണ്ടും ഒന്നുതന്നെയെന്ന അവസ്ഥ ന്യൂസ് ഡെസ്‌കുകളില്‍ ഉണ്ടാകാറുണ്ട്. ഇനിയും നാമകരണം ചെയ്യപ്പെട്ടിട്ടില്ലാത്ത ഏതോ സിന്‍ഡ്രം ആണത്. അങ്ങനെയൊരു അവസ്ഥയില്‍ സൗത്ത്‌ലൈവിലെ നൈറ്റ് ഡെസ്‌കില്‍ മുന്‍മന്ത്രി കെ സുധാകരനും മന്ത്രി ജി സുധാകരനും ഒന്നായിപ്പോയി. കെ സുധാകരന്റെ വിവാദമായ നെഹ്‌റു കോളജ് സന്ദര്‍ശനം ജി സുധാകരന്റെ പേരിലാണ് സൗത്ത്‌ലൈവ് റിപ്പോര്‍ട്ട് ചെയ്തത്. കെ സുധാകരന്റെ ചിത്രത്തിനു പകരം ജി സുധാകരന്റെ ചിത്രവും നല്‍കി.

തെറ്റിന്റെ ആയുസ് ഏതാനും നിമിഷങ്ങള്‍ മാത്രമായിരുന്നു. ഏതാനും നൂറ് ആളുകള്‍ മാത്രമായിരിക്കണം അതിനിടയില്‍ അത് കണ്ടിരിക്കാനിടയുള്ളത്. തെറ്റ് മനസിലായപ്പോള്‍ വാര്‍ത്ത പിന്‍വലിച്ചു. പിന്‍വലിച്ചാലും നെറ്റില്‍ അവശിഷ്ടങ്ങള്‍ കുടുങ്ങിക്കിടക്കും. ഫെയ്‌സ്ബുക് തുടങ്ങിയ ലിങ്കുകള്‍ സൃഷ്ടിക്കുന്ന സാങ്കേതികപ്രശ്‌നമാണിത്. അത് ചിലര്‍ ആഘോഷമാക്കി. അത് സ്വാഭാവികം. അറിയപ്പെടുന്ന രണ്ട് സുധാകരന്മാരെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സൗത്ത്‌ലൈവിന്റെ വിശ്വാസ്യതയ്ക്കാണ് ക്ഷതമേറ്റത്. ജി സുധാകരനെ ആരും സംശയിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. സ്വാഭാവികമായ പ്രതികരണം അദ്ദേഹത്തില്‍നിന്ന് ഉണ്ടായെങ്കിലും ഞങ്ങളുടെ ഖേദപ്രകടനം അദ്ദേഹം സ്വീകരിച്ചു. പ്രശ്‌നം അവസാനിച്ചു.

മാധ്യമവിചാരം നടത്തി ലോകം നന്നാക്കാനിറങ്ങുന്നവര്‍ക്ക് ഇത്തരത്തില്‍ തെറ്റ് സംഭവിക്കാമോ എന്ന് ജി സുധാകരന്‍ ഫെയ്‌സ്ബുക് പ്രതികരണത്തില്‍ ചോദിച്ചു. പാടില്ലെന്നു തന്നെയാണ് ഉത്തരം. ആശാനും ചിലപ്പോള്‍ അക്ഷരമൊന്ന് പിഴയ്ക്കാമെന്ന് നന്നായി അറിയാവുന്ന ആളാണ് എന്റെ പ്രിയസുഹൃത്തും സഹസാമാജികനുമായിരുന്ന ജി സുധാകരന്‍. അദ്ദേഹത്തിന് അപകീര്‍ത്തികരമായ അവാസ്തവപ്രസ്താവം എന്റെ സ്ഥാപനത്തില്‍നിന്ന് ബോധപൂര്‍വം ഉണ്ടാവില്ലെന്ന് അദ്ദേഹത്തിനറിയാം. മാധ്യമവിചാരത്തിലൂടെ നവമായ മാധ്യമസംസ്‌കാരം സൃഷ്ടിക്കാന്‍ ശ്രമിച്ച എന്നെ ഇത്തരം ക്ഷന്തവ്യമായ വീഴ്ചകളുടെ പേരില്‍ മാധ്യമലോകം പരിഹസിക്കില്ല. ജി സുധാകരനും അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടാവില്ല.

ഏത് മാധ്യമസ്ഥാപനത്തിന്റെയും ചരിത്രത്തില്‍ ആസ്വാദ്യകരവും അവിസ്മരണീയവുമായ അബദ്ധങ്ങളുടെ ശേഖരമുണ്ടാകും. ഞാന്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്ന കേരള ടൈംസിന് മാര്‍പാപ്പയെ കൊന്ന പത്രം എന്ന ദുര്‍ഖ്യാതി ഉണ്ടായിരുന്നു. ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം കഴിഞ്ഞായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ കാലം ചെയ്തത്. ജയപ്രകാശ് നാരായണ്‍ അന്തരിച്ചുവെന്ന് പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ലോക്‌സഭയെ അറിയിക്കുമ്പോള്‍ ലോക്‌നായക് പ്രാണന്‍ വെടിഞ്ഞിരുന്നില്ല. ഒരു സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി യുഎന്‍ഐയുടെ പനാജി ബ്യൂറോയിലെ ടെലിപ്രിന്ററില്‍ മുഖ്യമന്ത്രി അന്തരിച്ചുവെന്ന് ടൈപ്പ് ചെയ്തത് അബദ്ധത്തില്‍ പുറത്തുപോയപ്പോള്‍ ശശികല കക്കോദ്കര്‍ അന്തരിച്ചുവെന്ന തെറ്റായ വാര്‍ത്ത ചില പത്രങ്ങളുടെ ആദ്യപതിപ്പുകളില്‍ വന്നു. മാര്‍ട്ടിന്‍ ലൂഥര്‍ ചിലപ്പോള്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറാകും. എപിജെ അബ്ദുല്‍ കലാം ചരമപ്രസംഗങ്ങളില്‍ അബുല്‍ കലാം ആസാദായിക്കൊണ്ടിരുന്നു. ജ്യോതിര്‍മൊയി ബസു ലോക്‌സഭയിലേക്ക് ജയിച്ച വാര്‍ത്ത വന്നപ്പോള്‍ അന്ന് അത്ര അറിയപ്പെടാതിരുന്ന ജ്യോതി ബസുവിന്റെ ചിത്രം പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്ത ഒരു ന്യൂസ് എഡിറ്റര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു.

ദ് ടൈംസ് പത്രത്തിന്റെ ഓഫീസ് സന്ദര്‍ശിച്ച വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ലൈബ്രറിയിലെ മോര്‍ഗ് തുറന്നപ്പോള്‍ തന്റെ ചരമവാര്‍ത്തയും അനുബന്ധലേഖനങ്ങളും തയാറാക്കി വച്ചിരിക്കുന്നതാണ് കണ്ടത്. എഡിറ്റര്‍ അന്ധാളിച്ചെങ്കിലും ചര്‍ച്ചില്‍ അത് വായിച്ച് ചില ന്യൂനതകള്‍ തിരുത്തിക്കൊടുക്കുകയാണുണ്ടായത്. മാര്‍ക് ട്വെയിന് താന്‍ മരിച്ചുവെന്ന വാര്‍ത്ത പത്രത്തില്‍ വായിക്കാന്‍ അവസരമുണ്ടായി. തന്നെക്കുറിച്ച് എഴുതിയതെല്ലാം വായിച്ചതിനുശേഷം അല്‍പം അതിശയോക്തിപരം എന്ന കേബിളാണ് അദ്ദേഹം പത്രാധിപര്‍ക്കയച്ചത്.

വീണിടത്തു കിടന്ന് ഉരുളുന്നതിനുവേണ്ടിയല്ല ഈ കുറിപ്പ്. വീഴ്ചകള്‍ അനിവാര്യമായ മേഖലയില്‍ വീഴ്ചകളെ അനുകമ്പയോടെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിനുവേണ്ടിയാണ് ഇതെഴുതുന്നത്. മന:പൂര്‍വമല്ലാത്ത വീഴ്ചകള്‍ ഫലിതമായി കാണണം. മറ്റുള്ളവര്‍ക്ക് സംഭവിക്കുന്ന വീഴ്ചകളില്‍ മാധ്യമങ്ങളും അമിതമായി സന്തോഷിക്കരുത്. മുഹമ്മദലിയുടെ പേരില്‍ ഇ പി ജയരാജനെ കണക്കറ്റ് പരിഹസിച്ചവര്‍ തങ്ങളും ഇത്തരം വീഴ്ചകള്‍ക്ക് വിധേയരാകാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിരിക്കണം.