‘അമ്മ’ നല്‍കുന്ന ഗുണപാഠം അഭിഭാഷകര്‍ക്കുള്ളതാണ് 

July 12, 2017, 8:50 pm
‘അമ്മ’ നല്‍കുന്ന ഗുണപാഠം അഭിഭാഷകര്‍ക്കുള്ളതാണ് 
Columns
Columns
‘അമ്മ’ നല്‍കുന്ന ഗുണപാഠം അഭിഭാഷകര്‍ക്കുള്ളതാണ് 

‘അമ്മ’ നല്‍കുന്ന ഗുണപാഠം അഭിഭാഷകര്‍ക്കുള്ളതാണ് 

നായകന്‍ പ്രതിയോ പ്രതിനായകനോ ആയി പര്യവസാനിച്ച ദിലീപിന്റെ എറെക്കാലമായി വിജയകരമായി ഓടിക്കൊണ്ടിരുന്ന ചിത്രം ഗുണപാഠങ്ങളാല്‍ സമ്പന്നമാണ്. എല്ലാവര്‍ക്കും ഓരോ ഗുണപാഠം എന്നതാണ് ആ ചിത്രത്തിന്റെ പ്രത്യേകത. സംഘടിതശക്തിയുടെ പ്രയോഗത്തില്‍ വ്യത്യസ്തകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന അഭിഭാഷകസംഘടനകള്‍ക്ക് ഒരു നാള്‍ 'അമ്മ'യെപ്പോലെ തല കുനിക്കേണ്ടി വരും. അമ്മ ദിലീപിനെയെന്നപോലെ അവിവേകിയായ അഭിഭാഷകനെ ചിറകിലൊളിപ്പിക്കാന്‍ ശ്രമിച്ചവരാണ് ഹൈക്കോടതിയിലെ അഭിഭാഷകരും അവരുടെ സംഘടനയും.

ദിലീപും ധനേഷും സ്ത്രീകളെ അപമാനിച്ചവരാണ്. അവരെ സംരക്ഷിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയവരെ സംഘടനയില്‍നിന്ന് പുറത്താക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. അഭിഭാഷകവേഷത്തിലെത്തുന്ന ഗുണ്ടകളെ തിരിച്ചറിയണമെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ വേഷമിട്ടവരും വേഷം കെട്ടിയവരും ഒരുപോലെ ക്ഷുഭിതരായി. പള്‍സര്‍ സുനി അഭിഭാഷകവേഷത്തില്‍ അഭിഭാഷകരുടെ അകമ്പടിയോടെ കോടതിയില്‍ അഭയം തേടിയെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞതിനു തെളിവുണ്ടായി. കരിങ്കുപ്പായത്തില്‍ വേറെയും പള്‍സര്‍മാര്‍ കോടതി വരാന്തകളിലും അസോസിയേഷന്‍ ഹാളുകളിലും കാണാതിരിക്കില്ല. മൗലികമായ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഞാന്‍ സംസാരിച്ചത്. അതിന് നാടു നീളേ കേസ് കൊടുത്ത് എന്നെ വലയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. എനിക്കും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടി ഹാജരാകുന്നതില്‍നിന്ന് അഭിഭാഷകരെ അവര്‍ വിലക്കി. വിലക്ക് ലംഘിച്ചവരെ അവര്‍ സംഘടനയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. നിയമവാഴ്ചയോടുള്ള വെല്ലുവിളിയായിരുന്നു അത്.

അമ്മയെ മകന്‍ അവഹേളിച്ചപ്പോള്‍ മുതിര്‍ന്ന മക്കള്‍ നിശബ്ദത പാലിച്ചു. താന്തോന്നിയെ നേരിടാന്‍ അവര്‍ക്ക് ഭയമായിരുന്നു. അഭിഭാഷകസംഘടനകളിലുമുണ്ട് മമ്മൂട്ടിമാരും മോഹന്‍ലാല്‍മാരും. ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്? നിര്‍ണായകഘട്ടങ്ങളില്‍ നിശബ്ദത പാലിക്കുന്നവരെ ചരിത്രം അപഹസിക്കും. അമ്മയായാലും അഭിഭാഷകസംഘടനയായാലും കാഡര്‍ സ്വഭാവത്തിലല്ല പ്രവര്‍ത്തിക്കേണ്ടത്. അനഭിമതരെ പുറത്താക്കുന്നതിനുവേണ്ടിയുള്ളതല്ല സംഘടനകള്‍. അമ്മയായാലും അഭിഭാഷകസംഘടനയായാലും ജനറല്‍ ബോഡിയിലെ ഓരിയില്‍ വിവേകമതികള്‍ക്ക് നിശബ്ദരാകേണ്ടി വരുന്നു. ഇന്നലെ ദിലീപിനൊപ്പം നിന്നവര്‍ ഇന്ന് ദിലീപിനെതിരായി. ജയിലില്‍ കിടക്കുന്ന ദിലീപിനെ അമ്മയുടെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കാം. എന്നാല്‍ കുറ്റക്കാരനായി കോടതി പ്രഖ്യാപിക്കുന്നതുവരെ അംഗത്വം നിലനിര്‍ത്താന്‍ അയാളെ അനുവദിക്കേണ്ടതായിരുന്നു. കുറ്റം തെളിയുന്നതുവരെ നിരപരാധി എന്നതാണ് തത്വം.

അഡ്വക്കറ്റ്സ് അസോസിയേഷനില്‍നിന്ന് എന്നെ പുറത്താക്കിയിട്ട് ഒരു വര്‍ഷമാകുന്നു. സസ്പെന്‍ഷന്‍ സ്ഥിരീകരിക്കുകയോ പിന്‍വലിക്കുകയോ വേണം. അതുണ്ടാകുന്നില്ല. ത്രിശങ്കുവിനെയല്ലാതെ ആരെയും ത്രിശങ്കുവില്‍ നിര്‍ത്തരുത്. പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ട സംഘടനകള്‍ സംഘബലത്തില്‍ ഉന്മത്തരാകുമ്പോള്‍ ഫാഷിസ്റ്റ് സ്വഭാവം കാണിക്കുന്നു. വിലക്കുകളിലൂടെ മുന്നേറിയ മലയാള സിനിമാലോകം സ്വയം വിലങ്ങിലായി. ദിലീപിനുള്ള കൂവല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള ശ്രേഷ്ഠര്‍ക്കുകൂടി പങ്കുവയ്ക്കാനുള്ളതാണ്. അഭിഭാഷകശ്രേഷ്ഠരും അഭിഭാഷകസമൂഹവും വായിച്ചറിയേണ്ടതാണ് ഈ അനുഭവസാക്ഷ്യം. വിലക്കുകള്‍ സ്വയം തീര്‍ക്കുന്ന വിലങ്ങുകളാകുന്ന കാലം വരും. ഗുഡ് ലക്ക് ടു എവരിബഡി എന്ന ഇംഗ്ളീഷ് ആശംസയോടെയാണ് മലയാളസിനിമ സംസാരിച്ചുതുടങ്ങിയത്. വീഴ്ത്തപ്പെട്ടവരുടെയും പുറത്താക്കപ്പെട്ടവരുടെയും കണ്ണീരില്‍ ആ അക്ഷരങ്ങള്‍ മാഞ്ഞുപോയിരിക്കുന്നു.