ദിലീഷ് പോത്തന്‍ അഭിമുഖം: രാജീവ് രവി ആത്മവിശ്വാസമുണ്ടാക്കി, മഹേഷിന്റെ ബാധ്യതയില്ലാതെ തൊണ്ടിമുതല്‍ കാണണം 

June 29, 2017, 7:22 pm
ദിലീഷ് പോത്തന്‍ അഭിമുഖം: രാജീവ് രവി ആത്മവിശ്വാസമുണ്ടാക്കി, മഹേഷിന്റെ ബാധ്യതയില്ലാതെ തൊണ്ടിമുതല്‍ കാണണം 
VOICES
VOICES
ദിലീഷ് പോത്തന്‍ അഭിമുഖം: രാജീവ് രവി ആത്മവിശ്വാസമുണ്ടാക്കി, മഹേഷിന്റെ ബാധ്യതയില്ലാതെ തൊണ്ടിമുതല്‍ കാണണം 

ദിലീഷ് പോത്തന്‍ അഭിമുഖം: രാജീവ് രവി ആത്മവിശ്വാസമുണ്ടാക്കി, മഹേഷിന്റെ ബാധ്യതയില്ലാതെ തൊണ്ടിമുതല്‍ കാണണം 

ബഹളമേതുമില്ലാതെയെത്തി തിയറ്ററുകളിലും പ്രദര്‍ശനം അവസാനിച്ചിട്ടും ചര്‍ച്ച തുടരുന്ന സിനിമയാണ് മഹേഷിന്റെ പ്രതികാരം. ചേരുവാ രുചിച്ചവര്‍പ്പുകളിലേക്ക് പിന്തിരിഞ്ഞോടുന്ന സിനിമകള്‍ക്കിടയില്‍ ആഖ്യാന ലാവണ്യം കൊണ്ടും സമഗ്രമേഖലയിലുമുള്ള കയ്യടക്കം കൊണ്ടും അമ്പരപ്പിച്ച ചിത്രം. ഒരു വര്‍ഷത്തിനിപ്പുറം ദിലീഷ് പോത്തന്‍ പുതിയ ചിത്രവുമായി എത്തുകയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സിനിമയെക്കുറിച്ച് ദിലീഷ് പോത്തന്‍ മനീഷ് നാരായണനോട് സംസാരിക്കുന്നു.

മഹേഷിന്റെ പ്രതികാരം പേരില്‍ മാത്രമായിരുന്നു ഒരു റിവഞ്ച് ഡ്രാമ. ഇവിടെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പേര് കുറ്റാന്വേഷണ ചിത്രമാണോ എന്ന തോന്നലിലെത്തിക്കുന്നുണ്ട്?

മഹേഷിന്റെ പ്രതികാരം അനൗണ്‍സ് ചെയ്തപ്പോഴും ആളുകള്‍ പേരിനെച്ചൊല്ലി ആശയക്കുഴപ്പത്തിലായിരുന്നു. പക്ഷേ പേരിനെ മാത്രം ആശ്രയിച്ച് സൃഷ്ടിക്കപ്പെടുന്ന മുന്‍വിധികളെക്കുറിച്ച് ഞാനധികം ആകുലപ്പെടുന്നില്ല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഒരു തരത്തില്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമ തന്നെയാണ്. പലഘട്ടത്തിലും ത്രില്ലര്‍ രൂപത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. വളരെ ലൈറ്റ് ഹാര്‍ട്ടഡ് ആയിട്ടുള്ള ത്രില്ലറെന്ന് വേണേല്‍ പറയാം. പൂര്‍ണമായും ഒരു ത്രില്ലറെന്ന് പറയാനാകില്ല. സോഷ്യല്‍ ഡ്രാമയെന്ന് പറയുന്നതാവും കൂടുതല്‍ യോജിക്കുന്നത്. അതിശയോക്തിയോ വലിച്ചുനീട്ടലോ ഇല്ലാതെ റിയലിസ്റ്റിക് ആയി ഒരു കഥ പറയാനാണ് ശ്രമിച്ചിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ കഥ പറച്ചിലിന്റെ സവിശേഷതകളെ വിളിക്കാന്‍ രൂപപ്പെട്ടതാണ് പോത്തേട്ടന്‍ ബ്രില്ല്യന്‍സ്. പിന്നീട് ഈ വിശേഷം സിനിമയിലെ സംവിധായകന്റെ അവതരണ സാമര്‍ത്ഥ്യത്തെയും സൂക്ഷ്മതയെയും സൂചിപ്പിക്കുന്ന പദമായി മാറിയിരിക്കുന്നു. പോസ്റ്റര്‍ വന്നത് മുതല്‍ പോത്തേട്ടന്‍ ബ്രില്ല്യന്‍സ് കണ്ടെത്താനുള്ള തെരച്ചിലും തുടങ്ങി. മഹേഷിന് പിന്നാലെ രൂപപ്പെട്ട അമിത പ്രതീക്ഷ ഈ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദമായോ?

മഹേഷിന്റെ പ്രതികാരത്തിന് ശേഷം പുതിയ സിനിമയിലേക്കുള്ള ആലോചന തുടങ്ങിയപ്പോഴും പിന്നീട് തൊണ്ടിമുതലിലേക്ക് പ്രവേശിച്ചപ്പോഴും അത്തരത്തിലൊരു സമ്മര്‍ദ്ദമൊന്നും ഉണ്ടായിരുന്നില്ല. റിലീസ് ചെയ്ത ശേഷം പതിയെ പതിയെ ആണ് മഹേഷിന്റെ പ്രതികാരം ചര്‍ച്ചയായത്. റിലീസ് ചെയ്യുന്ന ദിവസം വരെ വൃത്തിയുള്ള ഒരു സിനിമയാണ് പ്രേക്ഷകരിലെത്തിക്കുന്നത് എന്ന വിശ്വാസമാണ് കൂടെയുണ്ടായിരുന്നത്. ആ സിനിമ കമേഴ്‌സ്യല്‍ ഹിറ്റായി, ഒരു മാസമൊക്കെ കഴിഞ്ഞപ്പോള്‍ മഹേഷിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വലിയ തോതിലെത്തി. സാമൂഹിക മാധ്യമങ്ങളിലും നിരൂപകരാലും പ്രേക്ഷകരാലും ആ ചിത്രത്തിന്റെ പല തലങ്ങളിലുള്ള ചര്‍ച്ചകള്‍ വന്നു. പക്ഷേ ഞാന്‍ മഹേഷ് തിയറ്ററുകളിലെത്തി വലിയ താമസമില്ലാതെ കേട്ട കഥയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. പിന്നീട് ആ സിനിമയുടെ കാര്യങ്ങളിലേക്ക് കടന്നു. അപ്പോഴേക്കും ഞാന്‍ മഹേഷിനെ ഒരു പരിധി വരെ വിട്ടിരുന്നു. മഹേഷിന്റെ പ്രതികാരത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും ചര്‍ച്ചകളും ഒരു എക്‌സ്ട്രീം ലെവലില്‍ എത്തിയപ്പോഴേക്ക് ഞാന്‍ പുതിയ സിനിമയുടെ ഷൂട്ട് തുടങ്ങാവുന്ന സാഹചര്യത്തിലേക്ക് കടന്നിരുന്നു.

മഹേഷിന് ശേഷമുള്ള എന്റെ സിനിമയ്ക്ക് പ്രേക്ഷകര്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ടെന്നത് എനിക്ക് മനസിലാക്കാനായിട്ടുണ്ട്. അത് എന്നില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയല്ല, മറിച്ച് ഉത്തരവാദിത്വക്കൂടുതല്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. സഹസംവിധായകനായുള്ള അനുഭവ പരിചയത്തിന് പിന്നാലെ ആദ്യ ചിത്രമായി മഹേഷിന്റെ പ്രതികാരം ചെയ്യാനിരുന്നപ്പോള്‍ മലയാള സിനിമയോടും പ്രേക്ഷകരോടും വലിയ ഉത്തരവാദിത്വം എന്നിലുണ്ടായിരുന്നില്ല. എനിക്ക ഇഷ്ടപ്പെട്ട ഒരു സിനിമ വൃത്തിയായി ചെയ്യുക എന്ന ചിന്ത മാത്രമാണ് ആ സിനിമയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഞാന്‍ ആദ്യമായൊരു സിനിമ ചെയ്തപ്പോള്‍ അങ്ങേയറ്റത്തെ പ്രോത്സാഹനം നല്‍കിയവരാണ് പ്രേക്ഷകരും നിരൂപകരും സാമൂഹിക മാധ്യമങ്ങളുമൊക്കെ. അതുകൊണ്ട് തന്നെ അടുത്ത ചിത്രം ചെയ്യുമ്പോള്‍ ആ പ്രോത്സാഹനവും കയ്യടിയും ഏല്‍പ്പിച്ച ഉത്തരവാദിത്വമുണ്ട്, ആദ്യ ശ്രമത്തിന് നല്‍കിയ പിന്തുണയ്ക്കുള്ള കടപ്പാടുണ്ട്.

ഒരു വര്‍ഷം പിന്നിടുമ്പോഴും മഹേഷിലെ പോത്തേട്ടന്‍ ബ്രില്യന്‍സ് ചര്‍ച്ച അവസാനിച്ചിരുന്നില്ല.?

നമ്മള്‍ ചെയ്‌തൊരു സിനിമയിലെ ചെറുകാര്യങ്ങള്‍ വരെ ശ്രദ്ധിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യാവുന്നതും നല്ല കാര്യം തന്നെയാണ്. പക്ഷേ പലപ്പോഴും മഹേഷിന്റെ പ്രതികാരത്തെക്കുറിച്ചുള്ള ചില വായനകളും നിരീക്ഷണങ്ങളുമൊക്കെ അനാവശ്യമെന്നോ അല്ലെങ്കില്‍ അല്‍പ്പം ഓവറായിപ്പോകുന്നുണ്ടോ എന്നൊക്കെ തോന്നുന്നുണ്ട്. ആ സിനിമയിലെ ചില കാര്യങ്ങള്‍ എക്‌സൈറ്റ്‌മെന്റ് ആയി ചിലര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതായിരുന്നില്ല ആ സിനിമയുടെ പ്രത്യേകതയെന്ന് തോന്നിയിട്ടുണ്ട്. മഹേഷിലെ ഓരോ പ്രത്യേകതകള്‍ ഓരോന്നും എണ്ണിപ്പറയുമ്പോള്‍ എനിക്കറിയാം അതൊന്നും എന്നിലൂടെ മാത്രം സംഭവിച്ചതായിരുന്നില്ല. ഒരു ടീം വര്‍ക്കിന്റെ റിസല്‍ട്ടാണ് ആ സിനിമ. ആ സിനിമ പൂര്‍ണതയുടെ പേരില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് പലരായി സംഭാവന ചെയ്തതിലൂടെ പലരുടെ പ്രയത്‌നങ്ങളിലൂടെ സംഭവിച്ചതാണ്, അത് കൂട്ടായ്മയുടേതാണ്. അത് സീന്‍ ആണെങ്കിലും സംഭാഷണങ്ങളാണെങ്കിലും അങ്ങനെയാണ്. സിനിമ എപ്പോഴും ഒരു ടീം വര്‍ക്കിന്റെ റിസല്‍ട്ടാണ് എന്ന് തന്നെയാണ് എന്റെ എന്നത്തെയും ബോധ്യം.

ഒറ്റയാള്‍ ദൗത്യമായോ വണ്‍മാന്‍ ഷോ ആയോ സിനിമകളെ വിശേഷിപ്പിക്കാന്‍ ഒട്ടും നിന്ന് തരാത്തവരായാണ് ആഷിക് അബുവും ദിലീഷും ശ്യാമും ഒക്കെ ഉള്‍പ്പെടുന്നവരെന്ന് മുന്‍ സംഭാഷണങ്ങളിലും തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തൊണ്ടിമുതലിന്റെ അവസാന വട്ട മിനുക്കുപണിയിലായിരുന്നു ഞങ്ങള്‍. ഞാന്‍ ഒറ്റയ്ക്കല്ലല്ലോ പോസ്റ്റ് പ്രൊഡക്ഷനില്‍ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത്. രാജീവേട്ടനും ശ്യാമും സജീവും എഡിറ്റര്‍ കിരണും എന്റെ കോ ഡയറക്ടര്‍ റോയിയും ഒക്കെ ഒരു ടീമായി പല കാര്യങ്ങളായി ചെയ്യുന്നുണ്ട്. സൗണ്ട് ചെയ്തതിന് ശേഷം ഫൈനല്‍ കാണുന്നതിന് മുമ്പ് എല്ലാവരും കാണുന്നുണ്ട്. എല്ലാവരില്‍ നിന്നുമുള്ള അഭിപ്രായങ്ങളെ മാനിക്കുകയും അതിനൊത്ത് ഇംപ്രവൈസേഷന്‍ വരുത്തുന്നുമുണ്ട്. ആ ടീമിനെ ലീഡ് ചെയ്ത അല്ലെങ്കില്‍ ഗൈഡ് ചെയ്ത ആള്‍ എന്നേയുള്ളൂ. എന്റെ സിനിമകള്‍ ഒരു ടീമില്‍ നിന്നുണ്ടായതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമ ഉണ്ടാക്കിയെടുക്കുന്ന രീതി അങ്ങനെയാണ്. ഷൂട്ട് ചെയ്ത സമയത്തും പിന്നീടും ഒരു പാട് മാറ്റങ്ങള്‍ക്ക് വിധേമാകുന്നുണ്ട്. ഷൂട്ടിനിടെ ഞാന്‍ പല പ്രാവശ്യം ബിജിയേട്ടനെയും (ബിജിബാല്‍) പാട്ടെഴുതിയ റഫീക്ക് അഹമ്മദിനെയും ലൊക്കേഷനിലേക്ക് വിളിച്ചിരുന്നു. പാട്ടെഴുതുമ്പോഴും ഈണമൊരുക്കുമ്പോഴും അവരെ അതുവരെ ഷൂട്ട് ചെയ്ത വിഷ്വല്‍സ് കാണിച്ചിരുന്നു. എഡിറ്റിംഗ് വേളയില്‍ സിനിമയുടെ കഥ അറിയുന്ന ടെക്‌നീഷ്യന്‍സില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇങ്ങനെ പല ഘട്ടങ്ങളിലായി ഒരു ടീമിന്റെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചാണ് മഹേഷും തൊണ്ടുമുതലും ഉണ്ടായത്. അല്ലാതെ ഒറ്റയ്ക്ക് ആലോചിച്ച് ഒറ്റയ്ക്ക് എഴുതി എന്നിലൂടെ മാത്രം ഒരു സിനിമ ഉണ്ടാക്കിയെടുക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. ആഷിക്കേട്ടന്റെ കൂടെ വര്‍ക്ക് ചെയ്ത് ഞാന്‍ ശീലിച്ചിട്ടുള്ളതും അങ്ങനെയാണ്. അത് ഇഫക്ടീവുമാണ്.

മഹേഷിന്റെ പ്രതികാരം ഏത് രംഗവും നര്‍മ്മത്തിലേക്ക് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു. ആദ്യ ചിത്രത്തേക്കാള്‍ റിയലിസ്റ്റിക് സമീപനമാണോ തൊണ്ടിമുതലില്‍

തീര്‍ച്ചയായും എനിക്ക് അങ്ങനെയാണ് തോന്നിയിട്ടുള്ളത്. മഹേഷിന്റെ പ്രതികാരത്തേക്കാള്‍ റിയലിസ്റ്റിക് ആണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മഹേഷിനെക്കാള്‍ സിനിമാറ്റിക് എലമെന്റ് കുറവാണ് ഈ സിനിമയില്‍. അത് ഈ പ്ലോട്ടിന്റെ പ്രത്യകത കൊണ്ടാണ്. കുറേക്കൂടി റിയലിസ്റ്റിക് പരിചരണമാണ് ഈ കഥ ആവശ്യപ്പെടുന്നത്. സറ്റയര്‍ സ്വഭാവവും തമാശകളുമൊക്കെയുണ്ടാകും തൊണ്ടിമുതലില്‍.

ഇടുക്കിയുടെ ഗ്രാമീണ ജീവിതത്തെയും ഭൂപ്രകൃതിയെയും പ്രത്യേകതകളെയുമൊക്കെ കഥ പറച്ചിലിന്റെ ഭാഗമാക്കിയിരുന്നു മഹേഷില്‍. തൊണ്ടിമുതലും കാസര്‍ഗോഡാണ് ചിത്രീകരിച്ചത്. മലയാള സിനിമയില്‍ കാസര്‍ഗോഡന്‍ അന്തരീക്ഷം അധികം വന്നിട്ടില്ല. കഥ നടക്കുന്ന പ്രദേശം സിനിമയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. മഹേഷിന്റെ പ്രതികാരം എന്ന കഥ പറയാന്‍ ആ നാടും ആ നാടിന്റെ സവിശേഷതകളും അവിടെയുള്ളവരുടെ ജീവിതരീതിയും പരാമര്‍ശിക്കേണ്ടത് അനിവാര്യമായിരുന്നു. ഈ സിനിമയില്‍ അങ്ങനെ വേണമെന്ന് തോന്നിയില്ല. ഈ കഥ ഏത് പ്രദേശത്തും പ്ലേസ് ചെയ്യാവുന്ന ഒന്നാണ്. എറണാകുളത്ത് സംഭവിച്ചാലും കോഴിക്കോട് സംഭവിച്ചാലും വലിയ മാറ്റങ്ങളൊന്നുമുണ്ടാകില്ല. പ്ലോട്ടിനെയും കഥാപാത്രങ്ങളെയും കേന്ദ്രീകരിച്ച് നീങ്ങുന്ന സിനിമയാണ് ഇത്. ഇടുക്കിയിലെ പ്രകാശ് സിറ്റിയിലെ ഒരു കൂട്ടം മനുഷ്യരുടെ കഥയെന്നതിനൊപ്പം ആ പ്രദേശത്തിന്റെ കഥ തന്നെയായിരുന്നു മഹേഷ്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്ന് നാല് വ്യക്തികള്‍ക്കുള്ളില്‍ നടക്കുന്ന കഥയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സിനിമയിലെ പല പ്രധാന കഥാപാത്രങ്ങളും കാസര്‍ഗോഡുകാരല്ല.

വീണ്ടും ഫഹദ് നായകതാരമായി വന്നത് എന്തുകൊണ്ടാണ്?

രണ്ടാമത്തെ ചിത്രവും ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്യാമെന്ന് നേരത്തെ തീരുമാനിച്ചതൊന്നുമല്ല. മഹേഷിന് ശേഷം അടുത്ത സിനിമയ്ക്കുള്ള കഥ തേടുകയായിരുന്നു. സജീവ് പാഴൂര്‍ വന്ന് പറഞ്ഞ കഥ വളരെ ഇന്ററസ്റ്റിംഗായി തോന്നി. ശ്യാമിനോടും ഷൈജു ഖാലിദിനോടും സംസാരിച്ചപ്പോള്‍ അവര്‍ക്കും താല്‍പ്പര്യമുണ്ടായി. ആ കഥയില്‍ വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാവണം എന്നതിലേക്ക് കടന്നു. ഫഹദ് ഇപ്പോള്‍ ചെയ്ത കാരക്ടര്‍ അല്ല ആദ്യറൗണ്ടില്‍ ഫഹദിന് വേണ്ടി ആലോചിച്ചിരുന്നത്. സുരാജ് ചെയ്ത റോളിലേക്കായിരുന്നു ആദ്യം ഫഹദിനെ ആലോചിച്ചിരുന്നത്. ഫഹദ് ഇപ്പോള്‍ ചെയ്ത റോളില്‍ സൗബിനെയായിരുന്നു പരിഗണിച്ചിരുന്നത്. സൗബിന് ആ സമയത്ത് അവന്‍ സംവിധാനം ചെയ്യുന്ന പറവയുമായി ബന്ധപ്പെട്ട് ഡേറ്റിന്റെ കാര്യത്തില്‍ ക്ലാഷ് ആയി. പിന്നീട് കഥയില്‍ വീണ്ടും വര്‍ക്ക് ചെയ്തപ്പോ വന്ന റീ കാസ്റ്റിംഗില്‍ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും വന്നു. പക്ഷേ, ഫഹദിനും സൗബിനും വേണ്ടി ആലോചിച്ച ഘട്ടത്തിലെ രൂപത്തില്‍ നിന്ന് ഇപ്പോഴത്തെ കാസ്റ്റിംഗില്‍ എത്തിയപ്പോള്‍ സിനിമയില്‍ തന്നെ ഏറെ മാറ്റം വന്നിട്ടുണ്ട്. എനിക്ക് പോലും ഇപ്പോള്‍ ഇപ്പോഴത്തെ കാസ്റ്റിംഗില്‍ നിന്ന് മാറി ഈ സിനിമയെ കാണാനാകില്ല.

സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ്. എന്നാല്‍ മുഴുനീള റോളില്‍ സുരാജിനെ അഭിനയപ്രാധാന്യമുള്ള റോളില്‍ പിന്നീട് കണ്ടിട്ടില്ല. റിയലിസ്റ്റിക് അവതരണമുള്ള സിനിമയില്‍ സുരാജ് മതി ഈ കഥാപാത്രമെന്ന് തോന്നിയതിന് പിന്നില്‍?

ആക്ടര്‍ എന്ന നിലയില്‍ സുരാജിന്റെ മുന്‍ ഇമേജുകളെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനാണെന്നും നന്നായിട്ട് അഭിനയിക്കാനാകുന്ന ആളാണെന്നുമാണ് ഈ സിനിമയ്ക്ക് മുമ്പും ഞാന്‍ വിശ്വസിച്ചിരുന്നത്. എനിക്ക് അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തിന്റെ കുറവുണ്ടായിരുന്നില്ല. ഞാന്‍ കാസ്റ്റ് ചെയ്യുമ്പോ പൊതുവേ അങ്ങനെ നോക്കാറില്ല. നേരത്തെ അഭിനയിച്ചിട്ടുണ്ടോ, അദ്ദേഹത്തിനുളള ഇമേജ് എന്താണ് എന്നൊന്നും നോക്കാറില്ല. നമ്മള്‍ കണ്‍സീവ് ചെയ്ത കഥാപാത്രത്തിലേക്ക് എത്തിക്കാനാകുമോ എന്ന് മാത്രമാണ് നോക്കാറുള്ളത്. നമ്മുടെ കഥാപാത്രത്തിലേക്ക് എത്താന്‍ എളുപ്പമുള്ള ആളുകളെ കണ്ടെത്തുക എന്ന് മാത്രമേ ഉള്ളൂ.

പോലീസുകാരുടെ റോളില്‍ യഥാര്‍ത്ഥ പോലീസുകാരെ തന്നെ അഭിനയിപ്പിക്കാനുള്ള തീരുമാനവും അതുകൊണ്ടാണോ?

തിരക്കഥയൊക്കെ പൂര്‍ത്തിയായി മനസില്‍ സിനിമ തെളിഞ്ഞുവന്നപ്പോ ഇത് കഥാപാത്രങ്ങളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചുള്ള ഒന്നാണെന്ന് തോന്നിയിരുന്നു. ആക്ടേഴ്‌സിന്റെ പ്രകടനം ഈ സിനിമയുടെ നട്ടെല്ലാണെന്ന് തോന്നി. സ്വാഭാവികമായി കഥാപാത്രങ്ങളാകാന്‍ പ്രാപ്തിയുള്ള ആളുകളെയാണ് തേടിയത്. ഒരു പോലീസ് സ്‌റ്റേഷനിലാണ് കഥയുടെ പ്രധാന ഭാഗം. 25 ഓളം വരുന്ന പോലീസുകാര്‍ ഈ കഥയുടെ പല ഭാഗങ്ങളിലായി വരുന്നുണ്ട്. അത്രയും പോലീസ് കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് യഥാര്‍ത്ഥ പോലീസുകാരെ തന്നെ അഭിനയിപ്പിച്ചത്. ആ ശ്രമം വിജയമായെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ പോലീസ് സേനയില്‍ അതിഗംഭീരമായി അഭിനയിക്കുന്ന മികച്ച കുറേ നടന്‍മാരുണ്ട്. അവരില്‍ കുറച്ചുപേരെ ക്യാമറയ്ക്ക് മുന്നിലെത്തിക്കാനായിട്ടുണ്ട. കോണ്‍ഫിഡന്‍സോടെ അവരെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താനായിട്ടുണ്ട് എനിക്ക്.

നായികാ റോളില്‍ ആദ്യ ചിത്രത്തിലും പുതുമുഖമായിരുന്നു. ഇവിടെ നിമിഷാ സജയന്‍. തുടക്കത്തിന്റെ പതര്‍ച്ച അനുഭവപ്പെടാതെ പാട്ടില്‍ കാണാനായി, ഇവരെ കണ്ടെത്തിയത് എങ്ങനെയാണ്?

അഭിനയിക്കാന്‍ അങ്ങനെ മുന്‍പരിചയമൊന്നും വേണ്ടെന്നാണ് എനിക്ക്് തോന്നിയിട്ടുള്ളത്. പ്രത്യേകിച്ച് റിയലിസ്റ്റിക് അവതരണമാകുമ്പോള്‍. പൊതുവായ ജീവിത സാഹചര്യങ്ങളെ സിനിമയില്‍ പ്രതിനിധീകരിക്കാന്‍ നമ്മുക്കു ചുറ്റുമുള്ളവര്‍ തന്നെ മതി. യഥാര്‍ത്ഥ സാഹചര്യങ്ങളിലേത് പോലുള്ള പെരുമാറ്റം മാത്രം മതി വലിയ അഭിനയമോ പാടവോ ഒന്നും വേണ്ട.

പലതരം വൈകാരികാവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളാകാന്‍ ആ സാഹചര്യത്തിനൊത്ത് പ്രതിനിധീകരിക്കുന്നവരെയാണ് നോക്കിയത്. ആ രീതിയില്‍ നിമിഷയും നല്ല തെരഞ്ഞെടുപ്പായിരുന്നുവെന്നാണ് എന്റെ വിശ്വാസം. നല്ല അഭിനയ ശേഷിയും ശരീരഭാഷയുമൊക്കെ വേണ്ടതും സാങ്കേതികമായി സിനിമാഭിനയം സാധ്യമാകുന്നവരെ ആവശ്യമായി വരുന്ന സിനിമകളും ഉണ്ട്. തുടര്‍ച്ചയായ റിഹേഴ്‌സലുകള്‍ക്ക് ശേഷമാണ് പല സീനുകളും രൂപപ്പെടുത്തിയത്. റിഹേഴ്‌സലുകളില്‍ സംഭവിക്കുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ കൂടെ ഉള്‍പ്പെടുന്നതായിരിക്കും ഫൈനലിലെ രംഗം.

എല്ലാ മേഖലയിലും പൂര്‍ണതയും മികവും അടയാളപ്പെടുത്തിയ ചിത്രമായാണ് മഹേഷിന്റെ പ്രതികാരത്തെ വിലയിരുത്തുന്നത്. കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളത്തിന് ലഭിച്ച നല്ല സിനിമയെന്ന ലേബലും മഹേഷിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളില്‍ സംവിധായകന്‍ എന്ന നിലയില്‍ മഹേഷിന്റെ വേണ്ടത്ര പരിഗണന ലഭിച്ചിരുന്നുവോ?

ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും ആഗ്രഹിച്ചതിനേക്കാളും എത്രയോ മടങ്ങ് മുകളില്‍ അംഗീകാരവും സ്‌നേഹവും പ്രോത്സാഹനവും പിന്തുണയും കിട്ടിയെന്നാണ് ഞാന്‍ കരുതുന്നത്. അത് പ്രേക്ഷകരില്‍ നിന്നായാലും നിരൂപകരില്‍ നിന്നായാലും ചലച്ചിത്ര മേഖലയില്‍ നിന്നായാലും മാധ്യമങ്ങളില്‍ നിന്നായാലും സാമൂഹിക മാധ്യമങ്ങളിലൂടെ ആണെങ്കിലും വലിയ രീതിയില്‍ പ്രോത്സാഹനവും അംഗീകാരവും ലഭിച്ചു. സംസ്ഥാന ദേശീയ പുരസ്‌കാരം നേടിയവരെ ആദരിക്കുന്ന ഒരു പരിപാടി ഫെഫ്ക ഈയിടെ സംഘടിപ്പിച്ചിരുന്നു. ഫാസില്‍ സര്‍ അന്ന് അവിടെ വച്ച് പറഞ്ഞൊരു കാര്യമുണ്ട്. മികച്ച രീതിയില്‍ ഒരു സിനിമ ഒരു ചലച്ചിത്രകാരന്‍ ഒരുക്കിയാല്‍ ആ ചിത്രത്തിന് ഒരുപാട് അംഗീകാരങ്ങള്‍ ലഭിക്കും. അതിന് ശേഷം നമ്മള്‍ സിനിമകള്‍ ഉണ്ടാക്കുന്നത് അംഗീകാരങ്ങള്‍ വേണ്ടിയാവരുത്, ആദ്യമായി നമ്മള്‍ സിനിമ ചെയ്തത് അംഗീകാരങ്ങള്‍ കിട്ടാന്‍ വേണ്ടിയായിരുന്നില്ല എന്ന് ആലോചിക്കണം. ആ ചിത്രത്തിന് പിന്നാലെ വന്നതാണ് അംഗീകാരങ്ങള്‍. ഫാസില്‍ സാറിന്റെ വാക്കുകളാണ് ഈ കാര്യത്തില്‍ എന്റെയും അഭിപ്രായം. നല്ല സിനിമകളാണ് ഉണ്ടാവേണ്ടത്, അംഗീകാരങ്ങള്‍ നേടിയെടുക്കാനുളള സിനിമകളല്ല. മഹേഷ് ചെയ്യുന്ന സമയത്ത് വൃത്തിയുള്ള സിനിമ ചെയ്യാനാണ് ആലോചിച്ചിരുന്നത്. തൊണ്ടിമുതലും അങ്ങനെ തന്നെ ചെയ്തതാണ്. അല്ലാതെ തൊണ്ടിമുതല്‍ പൂര്‍ണതയുള്ള സിനിമയാകണം എന്ന നിര്‍ബന്ധബുദ്ധിയോടെ ചെയ്തല്ല. എനിക്ക് ഇഷ്ടമാകുന്ന സിനിമയാണ് ഇത് രണ്ടും. മഹേഷ് പോലെ തൊണ്ടിമുതലും ആളുകള്‍ക്ക് ഇഷ്ടമാകുമെന്നാണ് എന്റെ പ്രതീക്ഷ.

മലയാളത്തില്‍ ഏറ്റവും സ്വീകാര്യതയുള്ള സംവിധായകരിലൊരാള്‍ കൂടിയാണ് രാജീവ് രവി. റിയലിസ്റ്റിക് അവതരണമുള്ള സിനിമകളിലാണ് ഛായാഗ്രാഹകനായി കൂടുതലും കണ്ടിട്ടുള്ളത്. എന്തുകൊണ്ട് രാജീവ് രവി ക്യാമറ ചെയ്യണമെന്ന് തീരുമാനിച്ചു?

ഞങ്ങള്‍ ഈ പ്ലോട്ടിന്റെ ആദ്യ ഘട്ട ചര്‍ച്ചയില്‍ കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ ടെക്‌നീഷ്യന്‍സ് ആരായിരിക്കണം എന്നും ചിന്തിക്കുന്നുണ്ട്. സജീവ് എന്നോട് വന്ന് പറഞ്ഞ കഥ ഇഷ്ടമായപ്പോള്‍ ഞാനും സജീവും ആ സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നു. അത് സന്ദീപ് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ സന്ദീപും ഭാഗമായി. കഥാചര്‍ച്ചയുടെ ഭാഗമായി റോയ് കോ ഡയറക്ടറാകുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷനൊപ്പം ടീം വളരുകയാണ്. പ്രാരംഭ ചര്‍ച്ചയ്ക്കിടെ റോയ് ആണ് ശരിക്കും ഈ സിനിമ ഷൂട്ട് ചെയ്യേണ്ടത് രാജീവ് രവിയാണ് എന്ന് പറയുന്നത്, ചര്‍ച്ചയില്‍ തമാശയായി പറഞ്ഞതാണ്. റോയ് അപ്പോള്‍ തന്നെ വെറുതെ മോഹിച്ചിട്ട് നടന്നില്ലെന്ന് വരാം എന്ന് പറഞ്ഞു. അപ്പോഴാണ് രാജീവ് രവിയുടെ പേര് ആദ്യമായി ചര്‍ച്ചയില്‍ വരുന്നത്. പിന്നീട് രാജീവേട്ടനെ യാദൃശ്ചികമായി കണ്ടപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചു. അപ്പോള്‍ അദ്ദേഹം അതിനെന്താടാ, നമ്മുക്ക് ആലോചിക്കാഡാ എന്ന് പറഞ്ഞു. അതിന് പിന്നാലെ തന്നെ ഞങ്ങള്‍ രാജീവേട്ടന്റെ ഓഫീസിലെത്തി പ്ലോ്ട്ട് പറഞ്ഞു. കഥ കേട്ട് രാജീവേട്ടന് നന്നായി ഇഷ്ടമായി. സിനിമയുടെ ട്രീറ്റ്‌മെന്റും അവതരണത്തിലെ സാധ്യതകളും ഞാന്‍ വിവരിച്ചു. രാജീവേട്ടന്‍ അന്ന് സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. രാജീവേട്ടന്‍ ഈ സിനിമയ്ക്ക് ക്യാമറ ചെയ്യാമെന്ന് സമ്മതിച്ചതാണ് ഈ സിനിമയ്ക്ക് മുകളിലുള്ള ഏറ്റവും വലിയ കോണ്‍ഫിഡന്‍സ്. രാജീവേട്ടന്‍ ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ രണ്ടാം സിനിമയുടെ സെലക്ഷന്‍ തെറ്റിയിട്ടില്ലെന്നും വിശ്വാസമായി. രാജീവ് രവി ഛായാഗ്രഹണം ചെയ്യാന്‍ തെരഞ്ഞെടുത്ത ഒരു സിനിമ എന്ന നിലയില്‍ കൂടിയാണ് ഞാന്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയെയും കാണുന്നത്. എന്താണ് രാജീവ് രവി ഈ സിനിമ ചെയ്തത് കൊണ്ടുണ്ടായ ഗുണം എന്നത് ഈ സിനിമ കാണുമ്പോള്‍ മനസിലാകും. രാജീവേട്ടന്‍ കാഴ്ച എങ്ങനെ ഈ സിനിമയ്ക്ക് സഹായകമായിട്ടുണ്ട് എന്നത് പ്രേക്ഷകര്‍ക്ക് മനസിലാകും.

രാജീവ് രവിയുടെ ഛായാഗ്രഹണം ഒരിക്കലും ഈ സിനിമയ്ക്ക് മുകളില്‍ മുഴച്ചുനില്‍ക്കില്ല. ഒരു സിനിമാട്ടോഗ്രഫറും സമ്മതിക്കാത്ത ഷോട്ടുകളും ഉപയോഗിക്കാന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. സാങ്കേതികമായി പ്രശ്‌നമുള്ള ഷോട്ട് ആയിരിക്കാം. ചിത്രീകരിച്ചപ്പോള്‍ നമ്മുക്ക് ആക്ടേഴ്‌സിലൂടെ കിട്ടിയ മികച്ച മൊമന്റ് ആയിരിക്കാം, എന്നാല്‍ അത് വേണമെങ്കില്‍ ക്യാമറയുടെ കാര്യത്തില്‍ റീ ടേക്ക് എടുക്കേണ്ട ഷോട്ട് ആവാം. ചിലപ്പോള്‍ ഫോക്കസ് ഔട്ട് ആവുന്ന ഭാഗവും ഉണ്ടാകാം. പക്ഷേ അത്തരം രംഗങ്ങളില്‍ സിനിമയുടെ ആവശ്യം പരിഗണിച്ച് ഉള്‍പ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നു.

രണ്ടാമത്തെ സിനിമ ഈ തിരക്കഥയിലേക്ക് എത്തിയത് എങ്ങനെയാണ് ?

കുറേ കഥകള്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാതാവ് സന്ദീപ് സേനന്‍ നേരത്തെ ഈ കഥ കേട്ടിരുന്നതാണ്. സന്ദീപാണ് സജീവ് പാഴൂരിന്റെ കയ്യിലുള്ള ഈ കഥയെക്കുറിച്ച് പറഞ്ഞത്. സജീവ് സംവിധാനം ചെയ്യാനിരിക്കുന്ന സബ്ജക്ട് എന്നാണ് പറഞ്ഞത്. രണ്ട് മൂന്ന് വര്‍ഷമായി പൂര്‍ത്തിയാക്കിയ തിരക്കഥയാണെന്നും പറഞ്ഞു. സന്ദീപ് വിളിച്ച് ചോദിച്ചപ്പോള്‍ തന്നെ ഈ തിരക്കഥ എനിക്ക് തരാന്‍ സജീവ് തയ്യാറായി. സജീവ് വന്ന് കഥ പറഞ്ഞു. കഥ എനിക്ക് നന്നായി ഇഷ്ടമായി. അവിടെ നിന്നും ആ തിരക്കഥയില്‍ വര്‍ക്ക് ചെയ്തുതുടങ്ങി. പുതിയ ഡ്രാഫ്റ്റ് ഞങ്ങളുടെ ആലോചനകളവിലൂടെ എഴുതിത്തുടങ്ങിയെന്ന് പറയാം. ആ പ്ലോട്ടിലുള്ള പുതിയ സാധ്യതകള്‍ ചര്‍ച്ചയിലൂടെ ഉയര്‍ന്നുവന്നു. മറ്റൊരു സംവിധായകന്റെ ആവശ്യാനുസരണം പുതിയൊരു ഡ്രാഫ്റ്റ് സജീവ് എഴുതിത്തന്നു. മൂന്ന് വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കി സ്‌ക്രിപ്ടില്‍ കാലഘട്ടത്തിന് അനുസരിച്ചും എന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചും കൂട്ടായ ചര്‍ച്ചയിലൂടെയും ഉണ്ടായ മാറ്റങ്ങളില്‍ നിന്നാണ് ഇപ്പോഴത്തെ രൂപത്തിലെത്തിയത്.

ശ്യാം പുഷ്‌കരന്‍ ക്രിയേറ്റീവ് ഡയറക്ടറുടെ റോളിലാണ്. മലയാള സിനിമയില്‍ അപരിചിതമാണ് ഇത്തരമൊരു ഉത്തരവാദിത്വം?

ശ്യാം എനിക്ക് അത്രയേറെ കമ്യൂണിക്കേറ്റ് ചെയ്യാനാകുന്ന ആളാണ്. ഡയറക്ഷനില്‍ ഒരു ടീമിന്റെ പിന്തുണ വേണ്ട സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമ കാണുമ്പോള്‍ അത് മനസിലാകും. ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്ന പടമല്ല അത്. കുറേക്കൂടി ശക്തമായ ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വേണം റിയലിസ്റ്റിക്കായി ഈ കഥ പറയാനെന്ന് തോന്നി. ക്രിയേറ്റീവ് ഡയറക്ടര്‍ എന്ന നിലയില്‍ ശ്യാമിന്റെ ഇടപെടല്‍ കാര്യമായി ഗുണം ചെയ്തിട്ടുണ്ട്. ശ്യാം അത്രമാത്രം ഈ സിനിമയ്ക്ക് വേണ്ടി നിന്നിട്ടുമുണ്ട്. രാജീവേട്ടനും ശ്യാമും ഉണ്ടായിരുന്നത് എനിക്ക് ഭയങ്കര ആശ്വാസമായിരുന്നു സംവിധായകന്‍ എന്ന നിലയില്‍. ശക്തമായ രണ്ട് തൂണുകള്‍ക്കിടയില്‍ റിലാക്‌സ്ഡ് ആയി ചാരി നിന്നാണ് സംവിധായകനായെന്ന നിലയില്‍ ഞാന്‍ ഈ പടം തീര്‍ത്തത്. സംഭാഷണ രചനയില്‍ ശ്യാമും പങ്കാളിയായിട്ടുണ്ട് സജീവിനൊപ്പം.

മഹേഷിന്റെ പ്രതികാരത്തിന് ശേഷമുള്ള ദിലീപ് പോത്തന്‍ ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ എന്ത് പ്രതീക്ഷിക്കണം?

മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ ബാദ്ധ്യതകളില്ലാതെ ഈ സിനിമ കണ്ടാല്‍ കൂടുതലായി ആസ്വദിക്കാനാകുമെന്നാണ് എന്റെ വിശ്വാസം. മഹേഷ് കാണാന്‍ എത്രത്തോളം സ്വതന്ത്രമായാണോ വന്നത് അതുപോലെ പുതിയൊരു ചിത്രമായി മറ്റൊരു മുന്‍വിധിയുമില്ലാതെ ഈ സിനിമയും കാണണമെന്നാണ് പറയാനുള്ളത്. എനിക്ക് ഇത്രയേ പറയാനുള്ളൂ, ഈ സിനിമ കണ്ട് നോക്കൂ, കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ ഒരു വട്ടം കൂടി കാണൂ എന്നാണ് പറയാനുള്ളത്.