വി എസ്സും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ഇനി എന്നാണ് രാഷ്ട്രീയം പറയുക?

December 31, 2014, 7:19 pm
വി എസ്സും അദ്ദേഹത്തിന്‍റെ  പാര്‍ട്ടിയും ഇനി എന്നാണ് രാഷ്ട്രീയം പറയുക?
Editorial
Editorial
വി എസ്സും അദ്ദേഹത്തിന്‍റെ  പാര്‍ട്ടിയും ഇനി എന്നാണ് രാഷ്ട്രീയം പറയുക?

വി എസ്സും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ഇനി എന്നാണ് രാഷ്ട്രീയം പറയുക?

സി പി ഐ എം സമ്മേളനത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പതിവ് വെടിക്കെട്ടുകള്‍ അല്‍പം വൈകിയെന്ന് തോന്നിയെങ്കിലും ഒടുവില്‍ സംഭവിച്ചിരിക്കുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരായ  ആരോപണങ്ങള്‍ വി എസ് നടത്തിയിരിക്കുന്നു. പാര്‍ട്ടി നേതൃത്വം പ്രതികരിക്കുകയും ചെയ്തിരിക്കുന്നു. ഇനി ഇത് ഫെബ്രുവരി അവസാനം വരെ  പല രീതിയില്‍ നീളും. സംസ്ഥാന സമ്മേളനം കഴിയുവരെ. പുതിയ സെക്രട്ടറിയും സംസ്ഥാന സമിതിയും വരും. നവ കേരള സൃഷ്ടിക്കായ്, പതിറ്റാണ്ടുകള്‍ പാടി പതിഞ്ഞ വാക്കുകള്‍ പുതിയ സെക്രട്ടറി ഉച്ഛരിക്കും. കേരളം ഇതുപോലെ തുടരും.

കഴിഞ്ഞനാളുകളില്‍ പാര്‍ട്ടിയിലെ രൂക്ഷമായ അധികാര തര്‍ക്കത്തിന്റെ ഭാഗമായി കേരളം ചര്‍ച്ച ചെയ്യാന്‍ വിധിക്കപ്പെട്ട, അല്ലെങ്കില്‍ ചര്‍ച്ച ചെയ്‌തെന്ന് കരുതിയ സംഭവങ്ങളെ ഒന്ന് പരിശോധിച്ചാല്‍ എത്രമാത്രം അസംബന്ധമായിരുന്നു ഈ സൈദ്ധാന്തിക തര്‍ക്കങ്ങള്‍ എന്ന് ബോധ്യപ്പെടും. ചില കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചില ഘട്ടത്തില്‍ വളരെ ഗൗരവത്തില്‍  ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ അത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. സോവിയറ്റ് യൂണിയന്‍ മുതല്‍ ബംഗാള്‍ വരെ നീളുന്നവ ഇതിന് ഉദാഹരണമായി നിരത്താനും കഴിയും.

ഇന്ത്യയില്‍ ആര്‍ എസ് എസ് എന്ന ഫാസിസ്റ്റ് സംഘടന നിയന്ത്രിക്കുന്ന ബി ജെ പി അധികാരത്തില്‍ എത്തുകയും രാജ്യത്തെ ജനാധിപത്യവും മതേതരത്വവും മുമ്പെങ്ങുമില്ലാത്ത വിധം അക്രമിക്കപ്പെടുകയും ചെയ്യുന്ന ഘട്ടമാണ് ഇപ്പോഴത്തെത്. ഒരേ സമയം ഇന്ത്യയുടെ സവര്‍ണാധിപത്യ പാരമ്പര്യത്തെ പ്രഘോഷിക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിയമങ്ങള്‍ മാറ്റി എഴുതുകയും ചെയ്യുന്നതിന്റെ തിരക്കിലാണ് മോഡി ഭരണകൂടം. പാര്‍ലമെന്റ് പിരിയാന്‍ കാത്തിരിക്കുകയും തൊട്ടടുത്ത മണിക്കൂറില്‍ കോര്‍പ്പേറ്റുകള്‍ക്കു വേണ്ടി ഓര്‍ഡിനന്‍സുകള്‍ തയ്യാറാക്കപ്പെടുകയും ചെയ്യുന്ന കാലം. അഴിമതിയില്‍ മുങ്ങി, എല്ലാ രാഷ്ട്രീയ ധാര്‍മ്മികതയും കൈയൊഴിഞ്ഞ് ജനത്തെ വെല്ലുവിളിച്ച് തുടരുന്ന ഉമ്മന്‍ചാണ്ടി ഭരണം.  ഈ കാലത്താണ്, സി പി ഐ എമ്മിന്റെ സമ്മേളനം നടക്കുന്നത്. ഏരിയ സമ്മേളനങ്ങള്‍ മിക്കതും പൂര്‍ത്തിയായി. അധികാര തര്‍ക്കം മൂത്ത് ചിലയിടങ്ങളില്‍ സമ്മേളനം മാറ്റി. മറ്റുചിലയിടങ്ങളില്‍ മേല്‍ക്കമ്മിറ്റിയുടെ കല്ലേപിളര്‍ക്കുന്ന കല്‍പനകളാല്‍ സമ്മേളനം പൂര്‍ത്തിയാക്കി. ഭൂരിപക്ഷം സ്ഥലങ്ങളിലും നല്ല നിലയില്‍ സമ്മേളനം പൂര്‍ത്തിയാക്കുകയോ, പുരോഗമിക്കുകയോ ചെയ്യുന്നു. ഇനി ജില്ലാ സമ്മേളനവും സംസ്ഥാന സമ്മേളനവും ശേഷിക്കുന്നു.  ആ സമ്മേളനത്തിന്റെ ലക്ഷ്യമെന്താണെന്ന് സാധാരണക്കാരനെ ബോധ്യപ്പെടുത്തുകയാണ് വി എസ് അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത വി എസ്  തള്ളികളയുന്നില്ലെന്ന് മാത്രമല്ല, അതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. പാര്‍ട്ടിയിലെ സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ നിലപാടുകള്‍ സ്വയം വിമര്‍ശന പരമായി പുനഃപരിശോധിക്കണമെന്നും വി എസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഏതൊക്കെ നയങ്ങളാണ് പുനഃപരിശോധിക്കേണ്ടത് എന്ന് മാത്രം പറയുന്നില്ല.  അതേ പോലെ, വി എസ് നിലപാടുകള്‍ തിരുത്തണമെന്ന് പാര്‍ട്ടിയും ആവശ്യപ്പെടുന്നുണ്ട്. സംഘടനപരമായ വി എസ്സിന്റെ ചെയ്തികളാണ് തിരുത്തണമെന്നാണ് പാര്‍ട്ടി പറയുന്നത്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച് തന്റെ വിശ്വസ്തര്‍ക്കെതിരെ എടുത്ത നടപടിയാണ് വി എസ്സിനെ ചൊടിപ്പിച്ചത്. പൊലീസ് റിപ്പോര്‍ട്ട് വിശ്വസിക്കുകയാണോ പാര്‍ട്ടി ചെയ്യേണ്ടതെന്നാണ് വി എസ് ചോദിച്ച ചോദ്യം. ഇത് ടി പി വധക്കേസില്‍ പാര്‍ട്ടി വി എസ്സിനോട് ചോദിച്ചതാണ്. പോലീസ് റിപ്പോര്‍ട്ടിന്റെ പേരില്‍ സഖാക്കള്‍ക്കെതിരെ നടപടി എടുക്കാമോ എന്നാണ് അന്ന് പാര്‍ട്ടി ചോദിച്ച ചോദ്യം. ഇത് ഇപ്പോള്‍  വി എസ്  തിരിച്ചു ചോദിക്കുന്നു. അല്ലെങ്കില്‍ അന്ന് വി എസ് എടുത്ത നിലപാട് സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടി സ്വീകരിക്കുന്നു. അതാണ് പാര്‍ട്ടിയും വി എസ്സുമായുള്ള ബന്ധം!

വി എസ്സിന്റെ വാക്കുകളില്‍നിന്നും മനസ്സിലാക്കേണ്ടത് അദ്ദേഹവും ആവശ്യപ്പെടുന്നത് നേതൃത്വത്തിന്റെ സംഘടനാപരമായ തീരുമാനങ്ങള്‍ തിരുത്താനാണ്. വിഭാഗീയതയെ നേതൃത്വം പിടിക്കാനുള്ള അവസരമാക്കുന്നുവെന്ന് വി എസ് വിളിക്കുന്ന സമീപനമാണ് തിരുത്തണമെന്ന് അദ്ദേഹം  പറയുന്നത്.  സി പി ഐ എമ്മിന്റെ തലപ്പത്തുളളവര്‍ അവരുടെ സംഘടനപരമായ നയങ്ങള്‍ തിരുത്തിയാലും ഇല്ലെങ്കിലും കേരളത്തിനെന്താണ്. വി എസും പിണറായിയും മല്‍സരിച്ചാലും ഇല്ലെങ്കിലും കേരളത്തിനെന്തെങ്കിലും പ്രത്യേകിച്ച് സംഭവിക്കുമോ?  എന്നാല്‍ ഈ രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റുകളെ ചെറുക്കണമെന്ന് കരുതുന്നവര്‍ക്ക് ആഗ്രഹമുള്ള,  താല്‍പര്യമുള്ള ചില കാര്യങ്ങളുണ്ട്.  ഫാസിസം പല രൂപത്തില്‍ നമ്മുടെ സമൂഹത്തെ ആക്രമിക്കുമ്പോള്‍, മതേതരത്വം മുമ്പില്ലാത്ത വിധം ഭീഷണി നേരിടുമ്പോള്‍, പൗരാവാകാശ പ്രവര്‍ത്തകര്‍  വ്യാജ കേസുകളില്‍ പ്രതികളാക്കപ്പെടുമ്പോള്‍, ഭൂമിയില്‍ അവകാശം സ്ഥാപിക്കാനാവാത്ത ദളിതരും ആദിവാസികളും തെരുവിലിറങ്ങേണ്ടി വരുമ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍്ട്ടിയായി സ്വയം പരിചയപ്പെടുത്തുന്ന സി പി ഐ എം എങ്ങനെയാണ് രാഷ്ട്രീയ പ്രതിരോധം  തീര്‍ക്കുന്നതെന്നാണ് ആ ചോദ്യം. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇതെക്കാളൊക്കെ പാര്‍ട്ടിക്ക് താല്‍പര്യം സംഘടനയെ സൈനിക സമാനമായി നിലനിര്‍ത്തുകയും, ആ സംഘടനയുടെ അധികാരം പിടിച്ചെടുക്കുകയുമാണെന്നതാണ്. അതിനുവേണ്ടി  ഏത് യാഥാസ്ഥിതികത്വത്തെയും പുണരും.

കേരളത്തില്‍ സമീപകാലത്ത് നടന്ന, സമൂഹത്തെ കീഴ്‌മേല്‍ മറിച്ച സമരങ്ങളില്‍ സി പി ഐ എം സ്വീകരിച്ച നിലപാടുകള്‍ പരിശോധിക്കുമ്പോഴാണ്, നേതാക്കളുടെ പ്രസ്താവനാ യുദ്ധങ്ങളുടെ അപഹാസ്യത ബോധ്യപെടുക.  സദാചാര പോലീസിനും ഫാസിസത്തിനുമെതിരെ നടത്തിയ ചുംബന സമരമാണ് ഒന്ന്. മറ്റേത് ഭൂമിയ്ക്ക് വേണ്ടി ആദിവാസികള്‍ നടത്തിയ നില്‍പ്പ് സമരം.

ചുംബന സമരത്തോട് ആദ്യഘട്ടത്തില്‍ പുലര്‍ത്തിയ  നിഷ്പക്ഷ സമീപനം(എം ബി രാജേഷിനെ പോലുള്ള  നേതാക്കള്‍ സമരത്തെ പിന്തുണച്ച് രംഗത്തുവന്നു), ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, ശക്തമായ എതിര്‍പ്പായി മാറി.  ഫാസിസം വരവറിയിച്ച കാലത്തെ സര്‍ഗാത്മത സമരമായി ചുംബന സമരത്തെ ലോകം കണ്ടപ്പോള്‍, സി പി ഐ എം അതിനെ കണ്ടത് മറ്റെത് യാഥാസ്ഥിതികരും കണ്ടതു പോലെയാണ്.  ചുംബന സമരമെന്നത് മുറിയില്‍ കാണിക്കുന്നത് പുറത്തുകാണിക്കലാണെന്നാണ് സമരം പിന്നിട്ട് ഒരു മാസം കഴിഞ്ഞപ്പോള്‍  സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി  പ്രസ്താവിച്ചത്. ഫാസിസത്തിനെതിരെ വലിയ സര്‍ഗാത്മക പ്രതിരോധം ആര്‍ എസ് എസ്സിനെയും ചില മുസ്ലീം യാഥാസ്ഥിതിക സംഘടനകളെയും പോലെ സി പി ഐ എമ്മിനെ ചൊടിപ്പിച്ചെതെന്തിനാവും?  സമീപകാലത്ത് ഏറ്റെടുത്ത് നടത്തിയ  ഒരു സമരവും കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ ഒരു സംഘടനയുടെ കൊതിക്കുറവാകാം പ്രധാന കാരണം. പുതിയ രാഷ്ട്രീയം കേരളത്തില്‍ രൂപപ്പെടുന്നതിലുള്ള വെപ്രാളമാവും മറ്റൊരു കാരണം.

സംസ്ഥാന സെക്രട്ടറിയുടെ ഈ നിലപാടിനോട് വി എസ്സിനെന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നോ?   ഇല്ല. ഈ നവ സമരത്തെക്കുറിച്ച് തന്നെ വി എസ്സിന് എന്തെങ്കിലും അഭിപ്രായമുണ്ടായിരുന്നോ? ഫാസിസത്തെ ചെറുക്കുന്നതിന് ഇങ്ങനെയും ഒരു പ്രതിരോധമാകാമെന്ന് അഭിപ്രായമുണ്ടായിരുന്നോ?   വി എസ്സിന് മാത്രമല്ല,  സി പി ഐ എം സംസ്ഥാന സെക്രട്ടറി ചുംബന സമരത്തെ എതിര്‍ത്തപ്പോള്‍, പൊതു നിരത്തില്‍ മുണ്ടഴിഞ്ഞുപോയ നിലയിലായിരുന്നു സി പി ഐ എം അനുകൂലികളായ സോഷ്യല്‍ മീഡിയ എഴുത്തുകാര്‍. അന്നുവരെ  ഫാസിസത്തിനെതിരായ ചെറുത്തുനില്‍പ്പെന്ന നിലയില്‍ ചുംബനസമരത്തെകണ്ടവര്‍ നിന്ന നില്‍പ്പില്‍ മൗനികളായി. കൂടുതല്‍ മോഹമുള്ളവര്‍ പിണറായിയെ വ്യാഖ്യാനിച്ച് ചുംബന സമരക്കാരെ ചോദ്യം ചെയ്തു. സമരാനുകൂലികളായ ചില പ്രമുഖരോട്, നിങ്ങളെ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ സഹായിച്ചതെന്ന് ഓര്‍ക്കണം,  അതുകൊണ്ട് എങ്ങനെയാണ് ഞങ്ങളുടെ രാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യാനാകുകയെന്ന രക്ഷാധികാരി ചോദ്യം ഉന്നയിച്ച് സംവാദം അവസാനിപ്പിച്ചു.  സി പി ഐ എമ്മിനെ കൂടെ കിട്ടിയതോടെ ചുംബന സമരത്തിന്റെ എതിരാളികള്‍ കൂടുതല്‍ സന്തോഷവന്മാരായി.

അവരുടെ സന്തോഷത്തിന്റെ അര്‍ത്ഥം ബോധ്യപ്പെട്ടത് പിന്നെയും ചില ദിവസങ്ങള്‍ കഴിഞ്ഞാണ്. പമ്പയിലേക്ക് പോകുന്ന ബസ്സില്‍നിന്ന് യുവതിയേയും അമ്മയേയും പാതിരാത്രി ഇറക്കി വിട്ടു.  ഇതിനെതിരായ  പ്രതിഷേധം പോലും ഫാസിസത്തെ സഹായിക്കുമെന്ന നിലപാടാണ് ചില ഇടതു അനുകൂലികള്‍ സ്വീകരിച്ചത്. പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകള്‍ക്ക് ഇടമില്ലെന്ന നിലപാടിനെതിരെ ‘തന്ത്ര’പരമായ മൗനമായിരിക്കണം പ്രയോഗിക വാദികള്‍ സ്വീകരിക്കേണ്ടത് എന്നുമായി വാദം.  ഈ പ്രതിഷേധം ഹിന്ദു തീവ്രവാദികള്‍ക്ക് സംഘടിക്കാനുള്ള അവസരം നല്‍കലായിരിക്കുമത്രെ. പ്രതിഷേധിക്കുന്നവര്‍, ഫാസിസത്തിന്റെ തന്ത്രങ്ങള്‍ അറിയാത്ത കാല്‍പനികരാണത്രെ. ( ഇതേ ലോജിക്ക് വെച്ചാല്‍ ഫാസിസ്റ്റുകള്‍ക്ക് പ്രതികരിക്കാന്‍ അവസരം നല്‍കിയ പി കെ സിനിമ നിര്‍മ്മിക്കപ്പെടാനെ പാടില്ലായിരുന്നു)  സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതികത്വത്തെ സംരക്ഷിച്ചുനിര്‍ത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെയാണ് ഇടതുപക്ഷ പ്രായോഗികതയെന്ന് പാര്‍ട്ടിയും വൈതാളിക സംഘവും കരുതുന്നത്. ഇതിലൊന്നും വി എസ്സിന് എന്തെങ്കിലും എതിര്‍പ്പുള്ളതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. പ്രശ്‌നം അധികാരമാണ്. അത് സംഘടനയിലുമാവാം, പാര്‍ലമെന്ററി മേഖലയിലുമാവാം.

കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണത്തിന്റെ പരിമിതികള്‍ ബോധ്യപ്പെടുത്തുന്ന ആദിവാസി ദളിത് ഭൂസമരങ്ങളെ അപഹസിക്കുന്ന കാര്യത്തിലും പാര്‍ട്ടി നേതൃത്വത്തിനും, നേതൃത്വത്തിന്റെ ‘അന്യവര്‍ഗ ചിന്തഗതിയെ’ എതിര്‍ക്കുന്ന വി എസ്സിനും ഒരേ നിലപാടായിരുന്നു.   ടി പിയുടെ വീട് സന്ദര്‍ശിച്ച പാര്‍ട്ടിയെ വെല്ലുവിളിച്ച വി എസ്സിന് പക്ഷെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരപന്തലിലേക്ക് വെറുതെ ഒന്നു പോകാന്‍ പോലും മനസ്സുണ്ടായിരുന്നില്ല. ചെങ്ങറ സമരത്തെ വി എസും അദ്ദേഹത്തെ സ്വന്തം അനുയായികളായ പാര്‍ട്ടി പത്തനംതിട്ട ജില്ലാ നേതൃത്വവും അപഹസിച്ചതും ഇതിനൊപ്പം ഓര്‍ക്കേണ്ടതാണ്.  ഭൂമിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളോട് സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാണോ സി പി ഐ എമ്മിലെ ഭിന്നത. ഭൂമി പ്രശ്‌നം ഉന്നയിച്ചവരോട് വ്യവസായം തെങ്ങിന്‍ മണ്ടയില്‍ തുടങ്ങാന്‍ പറ്റില്ലെന്ന് മറുപടി പറഞ്ഞ നേതൃത്വമാണ് സി പി ഐ എമ്മിനുള്ളത്.  ഇങ്ങനെ കേരളത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലെന്തിങ്കിലും ഒന്നിലെടുത്ത ഭിന്ന നിലപാടുകളല്ല, സി പി ഐ എമ്മിനെ ഇപ്പോള്‍ വാര്‍ത്ത തലക്കെട്ടുകളിലെത്തിക്കുന്നത്.

കേരളത്തെ അസ്വസ്ഥമാക്കുന്ന ഒന്നിലുമല്ല, സി പി ഐ എം നേതൃത്വവും വി എസ് അടികൂടുന്നത്. പരിസ്ഥിതിയുടെ കാര്യമായാലും, ഫാസിസത്തെ പ്രതിരോധിക്കുന്നതിലായാലും, ദളിത് ആദിവാസികളുടെ ഭൂമിയിലെ അവകാശവുമായി ബന്ധപ്പെട്ട വിഷയത്തിലായാലും സി പി ഐ എമ്മിന് ഒരു നിലപാട് മാത്രം. ഇക്കാര്യങ്ങളിലെല്ലാം പ്രതിലോമപരതയിലേക്ക് പോലും എത്തുന്ന യാഥാസ്ഥിതികതയെയാണ് സി പി ഐ എം മുറുകെ പിടിക്കുന്നത്. ഭൂരിപക്ഷത്തിന്റെ യാഥാസ്ഥിതിക ബോധം ഫാസിസത്തിന്റെ വളക്കൂറുള്ള മണ്ണാണെന്ന് അനുഭവം തെളിയിച്ചിട്ടും, അതിനെ പുണരുന്നതാണ് അധികാരലബ്ദിക്ക് നല്ലതെന്ന രാഷ്ട്രീയ ബോധ്യമാണ് സി പി ഐ എമ്മിനെ നയിക്കുന്നത്. ഇങ്ങനെയൊക്കെ  പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു സംഘടന ‘സജീവ’മാകുന്നത് പോലും നേതാക്കളുടെ അധികാര തര്‍ക്കത്തിന്റെ പേരില്‍ മാത്രവും. യാഥാസ്ഥിതികത്വത്തെ പുല്‍കി, സ്റ്റാറ്റസ് കോയെ സംരക്ഷിക്കാന്‍ ശ്രമിച്ച് ചരിത്രത്തിലേക്ക് മറഞ്ഞുപോയ എല്ലാ കമ്മ്യൂണിസ്റ്റ് സംഘടനയുടെയും ചരിത്രത്തിലും ഇതിനു സമാനമായ കാര്യങ്ങള്‍ കാണും.