സ്വാതന്ത്ര്യത്തിന്റെ വയലുകള്‍ പൊലീസിനു മേയാനുള്ളതല്ല

January 24, 2015, 6:21 pm
സ്വാതന്ത്ര്യത്തിന്റെ വയലുകള്‍ പൊലീസിനു മേയാനുള്ളതല്ല
Editorial
Editorial
സ്വാതന്ത്ര്യത്തിന്റെ വയലുകള്‍ പൊലീസിനു മേയാനുള്ളതല്ല

സ്വാതന്ത്ര്യത്തിന്റെ വയലുകള്‍ പൊലീസിനു മേയാനുള്ളതല്ല

ഇന്ത്യയില്‍ അടിയന്തരാവസ്ഥ ആസന്നമായിരിക്കുന്നുവെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ആയിരുന്ന മാര്‍കണ്ഡേയ കട്ജു മുന്നറിയിപ്പ് നല്‍കുന്നു. മാധ്യമങ്ങളെ നിഷ്‌ക്രിയമാക്കുന്ന സ്‌ക്രൂ മുറുകിക്കൊണ്ടിരിക്കുന്നു എന്നാണ് കട്ജു പറഞ്ഞത്. ദേശീയതലത്തില്‍ കട്ജു കാണുന്നതിനേക്കാള്‍ വേഗതയില്‍ കേരളത്തില്‍ അടിയന്തരാവസ്ഥയുടെ പൊഴിഞ്ഞ പടങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നുണ്ട്. നാണം കെട്ട കഥകള്‍ നിരന്തരം ചര്‍ച്ചാവിഷയമാക്കുന്ന മാധ്യമങ്ങള്‍ ആകാശത്ത് ഉരുണ്ടുകൂടുന്ന അഗ്‌നിയും ഗന്ധകവും കാണുന്നില്ല. ഏതു നിമിഷവും അവ തങ്ങളുടെമേല്‍ നിപതിക്കുമെന്ന യാഥാര്‍ത്ഥ്യം അറിയുന്നില്ല.

നാം എയ്ഫല്‍ ടവറുകള്‍ നിര്‍മിക്കുന്നില്ല. പക്ഷേ ഷാര്‍ലി എബ്‌ദോകള്‍ നമ്മുടെ പരിസരങ്ങളില്‍ രൂപപ്പെട്ടുവരുന്നു. പതിനേഴ് വര്‍ഷമായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മാസികയാണ് കേരളീയം. തൃശൂരിലെ അവരുടെ ഓഫീസില്‍ അര്‍ദ്ധരാത്രി സായുധപൊലീസ് ഇരച്ചുകയറി റെയ്ഡ് നടത്തി. മാസികയുടെ ലക്കങ്ങള്‍ പിടിച്ചെടുത്തു. പരസ്യമായി വില്‍ക്കപ്പെടുന്ന പ്രസിദ്ധീകരണം രഹസ്യമായി പിടിച്ചെടുക്കുന്നതെന്തിനാണ്? മര്യാദയുണ്ടെങ്കില്‍ 25 രൂപ പൊലീസ് മുടക്കണമായിരുന്നു. ആവശ്യപ്പെട്ടാല്‍ സൗജന്യമായും കിട്ടും. എനിക്ക് കിട്ടിയ ലക്കത്തില്‍ കവര്‍ സ്റ്റോറി ആദിവാസികളെക്കുറിച്ചുള്ളതായിരുന്നു. ആദിവാസികളുടെ സ്വയംഭരണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിച്ചാല്‍ ഭരണകൂടം പ്രതികരിക്കുന്നത് ഇങ്ങനെയാണോ? പരസ്യമില്ലാതെയുള്ള 68 പേജുകള്‍ ഞാന്‍ പരിശോധിച്ചു. അനാശാസ്യമോ നിയമവിരുദ്ധമോ ആയ ഒന്നും കണ്ടില്ല.

കൊച്ചിയിലുണ്ടൊരു മേയര്‍ -- ടോണി ചമ്മണി. കാലപ്പഴക്കത്തില്‍ ഏത് ചിമ്മിനിയിലും കരി പിടിക്കും. ഈ അവസ്ഥയിലാണ് ടോണി. അദ്ദേഹത്തിന്റെ വീടിനെക്കുറിച്ചും വിദേശയാത്രയെക്കുറിച്ചും അദ്ദേഹം ഇഷ്ടപ്പെടാത്തത് എഴുതിയതിന് രണ്ട് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. മറുനാടന്‍ മലയാളിയുടെ എംഡി ഷാജന്‍ സ്‌കറിയയും  ഇ-വാര്‍ത്തയുടെ എംഡി അല്‍ അമീനുമാണ് അറസ്റ്റിലായത്. അല്‍ അമീന്‍ എന്ന പേര് കൂടുതല്‍ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതാണ്.  ഈ സ്ഥാപനങ്ങളുടെ തിരുവനന്തപുരത്തെ ഓഫീസുകള്‍ റെയ്ഡ് ചെയ്ത് വാര്‍ത്തകള്‍ക്കാധാരമായ നിരവധി രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.

വാര്‍ത്തയ്ക്കാധാരമാകുന്ന വിവരങ്ങളുടെ ഉറവിടം രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി ലോകമെങ്ങും ധീരരായ മാധ്യമപ്രവര്‍ത്തകര്‍ കോടതിയെ ധിക്കരിച്ച് ജയിലില്‍ പോകാന്‍ തയാറാകുമ്പോള്‍ ഇവിടെ ആര്‍ക്കും ഒന്നും തോന്നുന്നില്ലേ? പാര്‍ട്ടിയെക്കുറിച്ചു വരുന്ന മാധ്യമവാര്‍ത്തകള്‍ പലതും ശരിയല്ലെന്ന് പിണറായി വിജയനോ ജി സുധാകരനോ പറഞ്ഞാല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ അവര്‍ക്കെതിരെ കയര്‍ക്കാനുള്ള ധൈര്യം മാത്രമാണ് കേരളത്തിലെ മാധ്യമഭീരുക്കള്‍ക്കുള്ളത്. മന്ത്രി കുഞ്ഞാലിക്കുട്ടിയെ ഫെയ്‌സ്ബുക്കില്‍ പരിഹസിച്ച തിരൂരങ്ങാടിയിലെ ചെറുപ്പക്കാരനും അറസ്റ്റിലായി. പികെയിലെ അമീര്‍ ഖാന്റെ നഗ്‌നചിത്രം കുഞ്ഞാലിക്കുട്ടിയുടെ ചിത്രമായി മാറ്റിയെന്നാണ് കേസ്. ആ ചിത്രം കേരളത്തിലെ പല കാര്‍ട്ടൂണിസ്റ്റുകളും പല വിധത്തില്‍ പ്രയോജനപ്പെടുത്തുകയുണ്ടായി. മുഖ്യമന്ത്രിയെ പികെ ആയി രൂപാന്തരപ്പെടുത്തി. പൈതൃകമാധ്യമങ്ങള്‍ക്ക് ലഭ്യമായ സ്വാതന്ത്ര്യം നവമാധ്യമങ്ങള്‍ക്ക് നിഷേധിക്കരുത്.

ഭൂമിയിലെ നിയന്ത്രണങ്ങള്‍ ആകാശങ്ങള്‍ക്കു ബാധകമാവില്ലെന്ന് നമ്മള്‍ കരുതി. പക്ഷേ ആകാശങ്ങള്‍ നിയന്ത്രിതവും സങ്കുചിതവുമാകുന്നു. പത്രാധിപരെ അറിയിച്ചുകൊണ്ട് റെയ്ഡ് നടത്താനാവില്ലെന്ന് ഔദ്ധത്യത്തോടെ ആഭ്യന്തരമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥയുടെ രാത്രി അവസാനിച്ച കാര്യം ചെന്നിത്തല അറിഞ്ഞില്ലെന്നുണ്ടോ? സ്വാതന്ത്ര്യത്തിന്റെ വെളിച്ചം ചെന്നിത്തലയില്‍ എത്തിയിട്ടില്ല. കേരളീയത്തിലെ റെയ്ഡിനുശേഷം എന്തു സംഭവിച്ചുവെന്ന കാര്യംകൂടി സമൂഹത്തെ അറിയിക്കുന്നതിനുള്ള ബാധ്യത റെയ്ഡിനെ ന്യായീകരിച്ച മന്ത്രിക്കുണ്ട്. ഐ ടി നിയമത്തിലെ അറുപത്തിയാറാം വകുപ്പ് വലിയ മാരണമായിത്തീര്‍ന്നിരിക്കുന്നു. മജിസ്‌ട്രേറ്റുമാരുടെ നിര്‍വികാരമായ ഒത്താശയോടെ പൊലീസുകാര്‍ക്ക് എവിടെയും കയറി മേയാമെന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. സ്വാതന്ത്ര്യം നേരിടുന്ന വലിയ വെല്ലുവിളിയാണിത്. റെജീനയുടെ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്യപ്പെട്ടപ്പോള്‍ ഉണ്ടാകാതിരുന്ന അപകീര്‍ത്തി കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ എങ്ങനെയുണ്ടായി? സര്‍ക്കാരിനും സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ക്കും അപകീര്‍ത്തിയില്ലെന്ന് സള്ളിവന്‍ കേസില്‍ അമേരിക്കന്‍ സുപ്രീം കോടതിയും നക്കീരന്‍ കേസില്‍ ഇന്ത്യന്‍ സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്. അപകീര്‍ത്തി തോന്നുന്നവര്‍ കോടതിയില്‍ പോകണം. അര നൂറ്റാണ്ടുകൊണ്ട് പടുത്തുയര്‍ത്തിയ സല്‍കീര്‍ത്തി അരനിമിഷംകൊണ്ട് തകര്‍ത്ത അബ്കാരിക്കെതിരെ കോടതിയെ സമീപിക്കാത്ത കെ എം മാണിയെ എല്ലാവരും മാതൃകയാക്കണമെന്നില്ല. പക്ഷേ ജനാധിപത്യത്തിന്റെ ശ്രീകോവിലുകളിലേക്ക് പൊലീസിനെ കയറഴിച്ച് വിടരുത്. അഭിപ്രായപ്രകടനസ്വാതന്ത്ര്യം പുതിയ ചക്രവാളങ്ങള്‍ തേടുന്നിടത്ത് പൊലീസിനെന്തു കാര്യം? ആദരവോടെ ഓര്‍ക്കുക, മാഗ്ന കാര്‍ട്ടയുടെ എണ്ണൂറാം വര്‍ഷമാണ് 2015.

(പ്രസ് കൗണ്‍സില്‍ അംഗമായിരുന്നു ലേഖകന്‍)