താരങ്ങള്‍ക്ക് പരസ്പരം പൊറുക്കാം; അഴിമതിക്കറ മായ്ക്കാന്‍ അതുമതിയോ?

February 4, 2015, 2:16 pm
താരങ്ങള്‍ക്ക് പരസ്പരം പൊറുക്കാം; അഴിമതിക്കറ മായ്ക്കാന്‍ അതുമതിയോ?
Editorial
Editorial
താരങ്ങള്‍ക്ക് പരസ്പരം പൊറുക്കാം; അഴിമതിക്കറ മായ്ക്കാന്‍ അതുമതിയോ?

താരങ്ങള്‍ക്ക് പരസ്പരം പൊറുക്കാം; അഴിമതിക്കറ മായ്ക്കാന്‍ അതുമതിയോ?

മാതൃഭൂമി, ഇന്ത്യാവിഷന്‍, സൗത്ത്‌ലൈവ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മാസ്‌കോം ഫാക്വല്‍റ്റി

ദേശീയ കായികമേളയുടെ വേദിയിലൂടെ നടത്തിയ ‘ലാലിസം’ എന്ന സംഗീത ബാന്‍ഡിന്റെ അരങ്ങേറ്റം ആ കലാകാരന്‍ അര്‍ഥപൂര്‍ണ്ണമായ അഭിനയസാധനയിലൂടെ ഇതപര്യന്തം നേടിയെടുത്ത യശസ്സിന് വരുത്തിവെച്ച മാനനഷ്ടം ധനനഷ്ടത്തെക്കാള്‍ എത്രയോ വലുതായിപ്പോയി.

വ്യക്തിപരമായി മോഹന്‍ലാല്‍ അഴിമതിയുടെ ഭാഗമായി എന്ന് ആരും പറയില്ല. അനുവദിച്ച തുക തിരിച്ചുകൊടുത്താല്‍ തന്നെ സംബന്ധിച്ചിടത്തോളം ഈ അധ്യായം അവസാനിക്കുമെന്ന് മോഹന്‍ലാല്‍ കരുതുന്നുമുണ്ടാവും. മോഹന്‍ലാലിനെ ഒഴിവാക്കാന്‍ സമൂഹത്തിനാവുകയും ചെയ്യും.

ദേശീയതലത്തില്‍ ശിരസ്സുയര്‍ത്തിപ്പിടിക്കാവുന്ന പ്രതിഭാധനനായ മോഹന്‍ ലാല്‍, കലാകാരന്‍ എന്ന നിലയില്‍ ഒഴിവാക്കേണ്ടിയിരുന്ന അപരാധമേ ചെയ്തുള്ളൂ എന്ന് ഭൂരിഭാഗം കേരളീയരും സമ്മതിക്കും. വേണ്ടത്ര തയ്യാറെടുപ്പോടെയല്ലാതെ ധൃതിവെച്ച് ദേശീയതലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ദേശീയഗെയിംസില്‍ തന്റെ സംഗീതബാന്‍ഡ് പരിചയപ്പെടുത്താന്‍ വീണ്ടുവിചാരമില്ലാതെ തുനിഞ്ഞു. അതുമൂലമുണ്ടായ പിഴവിന് മലയാളികളായ പ്രേക്ഷകരുടെ മുന്നില്‍ ഒരു തുറന്നുപറച്ചില്‍ മാത്രം മതിയായിരുന്നു. കാരണം മലയാളികള്‍ അദ്ദേഹത്തില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം നന്നായി നിര്‍വഹിമെന്നുറപ്പുള്ള കലാപരമായ ആനന്ദം ഉളവാക്കുക എന്ന കൃത്യത്തില്‍ ഒതുങ്ങുന്നു എന്നതാണ്.

എന്നാല്‍ അതിനപ്പുറം ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരമൊരു സംഭവം ബന്ധപ്പെട്ട കക്ഷികള്‍ ഒത്തുതീര്‍ത്ത് അവസാനിപ്പിക്കാനാവുമെന്നത് മൗഢ്യമാണ്. അനുചിതവും. പൊതുഖജാനാവില്‍ നിന്നുള്ള തുകയായതിനാല്‍ നമ്മള്‍ ആഗ്രഹിച്ചാല്‍ പോലും സമൂഹം കരുതുന്ന പോലെ ഉഭയകക്ഷികള്‍ ഒത്തുതീര്‍ത്ത് അവസാനിപ്പിക്കാനാവാത്ത നിയമപ്രശ്‌നമാണിത്; രാഷ്ട്രീയ ധാര്‍മ്മികതയുടെയും. ഭരണകൂടത്തെ വെറുതെ വിടാന്‍ ആവുകയില്ലെന്ന കാര്യം ഈ സമൂഹം ഓര്‍ക്കുകതന്നെ വേണം. ഭരണാധികാരികളെ എല്ലാത്തരം ചോദ്യങ്ങള്ക്കും മറുപടി പറയാതെ വിടുകയുമരുത്. പൊതുമുതല്‍ കൈകാര്യം ചെയ്യുന്നതില്‍ തീര്‍ച്ചയായും പാലിക്കേണ്ട സുതാര്യമായ നടപടിക്രമങ്ങളും നിയമപരമായ രീതികളും ജനാധിപത്യമര്യാദകളും ഉത്തമബോധ്യത്തോടെ ശരിയായി തന്നെ നടന്നെന്നും അതു നടപടിക്രമമനുസരിച്ച് ഓഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു എന്നും ഉറപ്പാകുന്നതുവരെ ഇത് ഒരു പൊതുവിഷയമായി ജനങ്ങളുടെ ഓര്‍മ്മയില്‍ നിലനില്ക്കുകതന്നെ വേണം. അവയെല്ലാം മറച്ചുപിടിക്കാനാണ് പ്രകടമായി കാണാവുന്ന രാഷ്ട്രീയമായ വ്യഗ്രത. ചര്‍ച്ച അവസാനിപ്പിക്കണമെന്നാണ് ആവശ്യം. അതിന് ആദ്യം കരുവായി സര്‍ക്കാര്‍ ഉപയോഗിച്ചത് മോഹന്‍ലാലിനെത്തന്നെയാണ്. അതൊന്നു കൂടി വ്യക്തമാക്കി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്രകടനവുമായി രംഗത്തുവന്നപ്പോള്‍, ‘ഇനി ഞാന്‍ വിവാദത്തിനില്ല’ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം തന്നെ സ്വയം ലംഘിക്കുകയാണ് ചെയ്തത്.

ഇപ്പോള്‍ സഹപ്രവര്‍ത്തകനും മോഹന്‍ലാലിനോളം ഉന്നതശീര്‍ഷനുമായ മമ്മൂട്ടിയും ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയുടെ നേതാവ് ബി ഉണ്ണികൃഷ്ണനും തങ്ങളുടെ പ്രമുഖകടമയെന്ന നിലയില്‍ സമൂഹമധ്യത്തിലേക്ക് ചാനലിലൂടെയും പത്രസമ്മേളനത്തിലൂടെയും വന്ന് സംഭവത്തെ കുറച്ചുകൂടെ ഗൗരവമാക്കിത്തീര്‍ത്തിരിക്കുന്നു. ഗെയിംസിനെ കുറിച്ച് പൊതുവെ ആരോപണങ്ങളില്ലായിരുന്നുവെന്നും ലാലിസം എന്ന പരിപാടിയെ കുറിച്ചുമാത്രമാണ് വിമര്‍ശമെന്നും ഉള്ള രീതിയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനമാണ് മമ്മൂട്ടിയെ താരസംഘടനയായ അമ്മയുടെ നിര്‍ദ്ദേശപ്രകാരം മോഹന്‍ലാലിന് പിന്തുണ പ്രഖ്യാപിച്ച് ‘ലാലിനെ വിവാദങ്ങളിലെക്ക് വലിച്ചിഴക്കരുത്, ഇനി വേട്ടയാടരുത്, മാനസികസമ്മര്‍ദ്ദത്തില്‍ പെടുത്താതെ അദ്ദേഹത്തെ ജോലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണം’ എന്ന അഭ്യര്‍ത്ഥനയുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്. ഒരു പക്ഷെ മമ്മൂട്ടിയുടെ വാക്കുകള്‍ തല്ക്കാലത്തേക്ക് വിമര്‍ശനങ്ങളുടെ അളവ് കുറച്ചേക്കാമെന്നല്ലാതെ ഈ വിഷയത്തിലെ മറ്റു വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളില്‍ നിന്ന് പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലെ പൗരസമൂഹത്തില്‍ നിന്ന് ഇളവ് പ്രതീക്ഷിക്കേണ്ട. താരങ്ങള്‍ പിന്തുണച്ചും സംഘടനകള്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും അവസാനിപ്പിക്കേണ്ട വിഷയമല്ല ഇതെന്ന് സമൂഹത്തില്‍ നല്ലൊരു വിഭാഗം ഓര്‍മ്മിപ്പിച്ചുകൊണ്ടെയിരിക്കും.

സോഷ്യല്‍ മീഡിയ അനിയന്ത്രിതമായി വര്‍ത്തിക്കാതെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചുതുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ ഈ കാലത്ത് കാരുണ്യം പ്രതീക്ഷിക്കേണ്ടതില്ല.