വിജയത്തേരില്‍ ഇനി ആം ആദ്മി എങ്ങോട്ട് പോകും?

February 13, 2015, 1:01 pm
വിജയത്തേരില്‍ ഇനി ആം ആദ്മി എങ്ങോട്ട് പോകും?
Editorial
Editorial
വിജയത്തേരില്‍ ഇനി ആം ആദ്മി എങ്ങോട്ട് പോകും?

വിജയത്തേരില്‍ ഇനി ആം ആദ്മി എങ്ങോട്ട് പോകും?

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ അത്യപൂര്‍വമായ വിധിയെഴുത്താണ് ഡല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയത്. സാങ്കേതികത്വത്തിന്റെ മറവില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃപദവി പോലും അംഗീകരിച്ച് നല്‍കാന്‍ വിസമ്മതിച്ച ബിജെപിയ്ക്ക് ഡല്‍ഹിയില്‍, കേവലം മൂന്ന് സീറ്റാണ് ലഭിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാന്‍ അരവിന്ദ് കെജ്‌രിവാള്‍ കനിയണം എന്നര്‍ത്ഥം.

70 അംഗ സഭയില്‍ 67 പേരും ആം ആദ്മിക്കാര്‍. രാജ്യ തലസ്ഥാനത്തെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ഒരു പ്രതിനിധി പോലും ഇല്ല. മെയ് 16 ന്റെ ലോക്‌സഭ വോട്ടെണ്ണലില്‍ സൃഷ്ടിക്കപ്പെട്ട ചരിത്രം മറ്റൊരു ചരിത്രത്താല്‍ മാറ്റപ്പെടുന്നതിന്റെ ചെറു സൂചനയാണ് ഡല്‍ഹിയില്‍നിന്നുണ്ടായിരിക്കുന്നത്. ഇത്രയും സമഗ്രമായ വിജയം ബഹുകക്ഷി സംവിധാനത്തില്‍ അപൂര്‍വമാണ്. അതുകൊണ്ടാണ് ഇനിയുള്ള ദിവസങ്ങള്‍ ആം ആദ്മി പാര്‍ട്ടിയ്ക്കും ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെയും പ്രത്യേകിച്ച് പ്രധാന്യമുള്ളതാകുന്നത്.

കഴിഞ്ഞ ഒമ്പതുമാസത്തോളമായി ഇന്ത്യയിലെ സാധാരണക്കാരും, മതന്യൂനപക്ഷങ്ങളും, അനുഭവിച്ച അരക്ഷിതാവസ്ഥയില്‍നിന്ന് രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷകൂടിയാണ്  ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. വര്‍ഗീയതയുടെയും കോര്‍പ്പറേറ്റിസത്തിന്റെയും ഏറ്റവും അപകടകരമായ സഖ്യമാണ് കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം ചെലുത്തിയത്. ഈ സ്വാധീനത്തില്‍നിന്നും രക്ഷപ്പെടാനുള്ള സാധ്യതകള്‍ കൂടിയാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
                49 ദിവസത്തെ ഭരണത്തിന്റെ ചരിത്രമുണ്ടെങ്കിലും ഇനിയും ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയമെന്തെന്നത് സംബന്ധിച്ച വ്യക്തതകുറവുണ്ട്.കോണ്‍ഗ്രസിലും ബിജെപിയിലും കേന്ദ്രീകരിച്ചുനില്‍ക്കുന്ന ഘട്ടത്തിലും തീവ്ര വര്‍ഗീയതയുടെ കാര്യത്തിലൊഴിച്ച് ഇരു മുന്നണികളും പ്രതിനിധീകരിച്ചത് ഒരേ രാഷ്ട്രീയ നയങ്ങളെ ആണെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയ പരിമിതികളിലൊന്നാണ്. വ്യത്യസ്ത രാഷ്ട്രീയ സാമ്പത്തിക നയങ്ങളുള്ള വ്യവസ്ഥാപിത ഇടതുപക്ഷത്തിനാവട്ടെ, ചുരുങ്ങിയ സ്ഥലങ്ങള്‍ക്കപ്പുറത്തേക്ക് അവരുടെ സ്വാധീന മേഖല വിപുലപ്പെടുത്താനും കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, ഉറച്ച കോട്ടകളില്‍ പോലും അവര്‍ തിരിച്ചടി നേരിടുകയുമാണ്. ഈ സാഹചര്യത്തിലാണ് ആം ആദ്മിയുടെ രാഷ്ട്രീയം എന്താവും എന്നത് പ്രസക്തമാകുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെ അഹന്തയ്ക്കും അഴിമതിക്കുമെതിരെ, മറ്റ് കാര്യങ്ങളില്‍ ഭിന്ന നിലപാടുള്ളവരെ യോജിപ്പിച്ച് മുന്നേറ്റം നടത്താനായി എന്നതാണ് ഇതുവരെയുള്ള ആം ആദ്മി പാര്‍ട്ടിയുടെ നേട്ടം. ഇനി പക്ഷെ അവര്‍ ഏത് ദിശയിലേക്ക് തിരിയുമെന്നത് വലിയ ചോദ്യമാണ്.
          കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി നയപരിപാടികള്‍ സ്വീകരിക്കുന്നതിനെയാണ് ഇന്ത്യയില്‍ മുഖ്യധാര മാധ്യമങ്ങള്‍ ഭരണമികവായി വിലയിരുത്താറുള്ളത്.ഈ കോര്‍പ്പറേറ്റ് അനുകൂല മാധ്യമ വാഴ്ത്തിന് നിന്നുകൊടുത്തില്ലെന്നതാണ് കഴിഞ്ഞവര്‍ഷത്തെ 49 ദിവസത്തെ ഭരണം കൊണ്ടുണ്ടാക്കിയ നേട്ടം.
ജനങ്ങള്‍ക്ക് കുടിവെള്ളവും വൈദ്യുതിയും ന്യായമായ വിലയ്ക്ക് നല്‍കിയെന്ന് മാത്രമല്ല, ജനങ്ങളെ കൊള്ളയടിച്ച പവര്‍ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനും കെജ്‌റിവാള്‍ സര്‍ക്കാര്‍ തയ്യാറായി. ഇപ്പോഴത്തെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് ഇതൊക്കെ കാരണമായെന്ന് നിസ്സംശയം പറയാം. അതേസമയം മുന്‍സര്‍ക്കാറിലെ മന്ത്രി സോം നാഥ് ഭാരതി കാണിച്ച വംശീയാധിക്ഷേപം പോലുള്ള കാര്യങ്ങളും നിലനില്‍ക്കുന്നു.  ഏറെ വിമര്‍ശനത്തിന് ഇടയാക്കിയ,  സ്ത്രീ വിരുദ്ധവും വംശീയവുമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയെങ്കിലും, ഇപ്പോഴും കുമാര്‍ വിശ്വാസിനെ പോലുള്ളവര്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനത്തു തന്നെ തുടരുന്നുമുണ്ട്.  അതിനുപുറമെ, ആം ആദ്മിയുടെ മധ്യവര്‍ഗ അനുകൂലികളില്‍ നിര്‍ണായക പക്ഷക്കാരായവരുടെ രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടിയെ എത്രത്തോളം സ്വാധീനിക്കുമെന്നതും പ്രധാനമാണ്.
          കേവലമായ അഴിമതി വിരുദ്ധത എന്ന മുദ്രാവാക്യത്തിനപ്പുറം ഒരു സംവിധാനത്തെ തന്നെ അഴിമതിയുടെ ബലത്തില്‍ നിലനിര്‍ത്തുന്നത് കോര്‍പ്പറേറ്റ് അനുകൂല ലിബറല്‍ നയങ്ങളാണെന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാകുമോ എന്നത് അവര്‍ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാട് മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായകമാണ്. ഗ്രാമ സ്വരാജാണ് തന്റെ നയമെന്നൊക്കെയുള്ള അവ്യക്ത നയപ്രഖ്യാപനങ്ങള്‍ക്കപ്പുറം, ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം എന്തെന്ന് വ്യക്തതയോടെ പറയാനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശുഷ്‌കമായി കിടക്കുന്ന ഇടതുരാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനും കഴിയുമ്പോഴാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക്  യഥാര്‍ത്ഥത്തില്‍ ബദലായി ഉയരാന്‍ കഴിയുക.

കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ലാളനയും, മധ്യവര്‍ഗത്തിന്റെ അനിയന്ത്രിതമായ ആര്‍ത്തിയും  നിര്‍ണയിക്കുന്ന രാഷ്ട്രീയമല്ല, ലോകത്തെ പലയിടങ്ങളിലും വളരുന്ന മുഖ്യധാരയ്ക്കുപുറത്തുള്ള ഇടതുരാഷ്ട്രീയത്തെ വികസിപ്പിക്കാനും ആം ആദ്മി തയ്യാറാകുമ്പോഴാണ്, ഫാസിസത്തിനും, വര്‍ഗീയതയ്ക്കും, നവലിബറല്‍ നയങ്ങള്‍ക്കുമെതിരായ പ്രതിരോധ രാഷ്ട്രീയ മുന്നേറ്റമായി ആം ആദ്മി ഇന്ത്യയില്‍ മാറുക. ഇടതിനും വലതിനുമിടയിലെന്ന, ഫലത്തില്‍ എല്ലാ വലതുനയങ്ങള്‍ക്കും വെഞ്ചാമരം വീശുന്ന മധ്യവര്‍ഗ നിലപാടുകള്‍ കൊണ്ട് പക്ഷെ ഇതിന് കഴിയില്ല. ഡല്‍ഹിയിലെ തിളക്കമാര്‍ന്ന വിജയത്തിന്‍റെ പശ്ചാത്തലത്തില്‍   ഇത്തരത്തിലുള്ള രാഷ്ട്രീയ നിലപാടിനെ ധീരമായി ഉള്‍ക്കൊള്ളാനുളള കരുത്ത് ആം ആദ്മിക്ക് ഉണ്ടോ  എന്നതാണ് പ്രധാനമായിട്ടുള്ളത്. സാര്‍ത്ഥകമായ ധ്രൂവീകരണത്തിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തെ നയിക്കാനുള്ള ചരിത്രപരമായ വെല്ലുവിളി, ഉറച്ച നിലപാട് പ്രഖ്യാപനത്തിലുടെയും ഡല്‍ഹിയിലെ രാഷ്ട്രീയ പ്രയോഗത്തിലൂടെയും ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്‌രിവാളിനും കഴിയുമെന്ന പ്രതീക്ഷിക്കുകയാണ്, ഈ നല്ല വിജയത്തിന്റെ സമയത്ത് ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ചെയ്യാന്‍ കഴിയുക.