ലഡു കഴിക്കാം; പക്ഷെ ജനാധിപത്യത്തിന്റെ മധുരം ധാര്‍ഷ്ട്യമല്ല

March 13, 2015, 6:10 pm
ലഡു കഴിക്കാം; പക്ഷെ ജനാധിപത്യത്തിന്റെ മധുരം ധാര്‍ഷ്ട്യമല്ല
Editorial
Editorial
ലഡു കഴിക്കാം; പക്ഷെ ജനാധിപത്യത്തിന്റെ മധുരം ധാര്‍ഷ്ട്യമല്ല

ലഡു കഴിക്കാം; പക്ഷെ ജനാധിപത്യത്തിന്റെ മധുരം ധാര്‍ഷ്ട്യമല്ല

മാതൃഭൂമി, ഇന്ത്യാവിഷന്‍, സൗത്ത്‌ലൈവ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മാസ്‌കോം ഫാക്വല്‍റ്റി

ബജറ്റ് അവതരണം ഇത്ര ലഘുവായ ഒരു നടപടി ക്രമമാണോ? നിയമസഭയുടെ ഒരു മൂലയില്‍ സഭാംഗങ്ങളേക്കാള്‍ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ കാവല്‍ക്കാരായി നിര്‍ത്തി ആര്‍ക്കും കേള്‍ക്കാന്‍ പറ്റാതെയുള്ള വായന. അതും ആറുമിനുട്ടുകൊണ്ട് അവസാനിച്ച ഒന്ന്. ഇങ്ങനെയെങ്കില്‍ എന്തിനാണ് എല്ലാവര്‍ഷവും നിയമസഭകളും പാര്‍ലമെന്റും വലിയ ഒരുക്കങ്ങളോടെയും രഹസ്യസ്വഭാവത്തോടെയും ബജറ്റ് അവതരണത്തിനായി സമ്മേളിക്കുന്നത്? ധനമന്ത്രിക്ക് ഒരു പത്രക്കുറിപ്പിലൂടെയോ, ഒരു വാര്‍ത്താ സമ്മേളനത്തിലൂടെയോ, അതുമല്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലൂള്ള പ്രസിദ്ധീകരണത്തിലൂടെയോ ഈ വിവരങ്ങള്‍ ജനങ്ങളെ അറിയിച്ചാല്‍ മതിയാകില്ലേ?

തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും ഭൂരിപക്ഷം എന്ന സാങ്കേതികത്വം മാത്രം മതിയെങ്കില്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷസ്വരം എന്നതിന് ഒട്ടും പ്രസക്തിയില്ല. ജനാധിപത്യത്തിന്റെ പൂര്‍ണത കുടികൊള്ളുന്നത് കേവലം ചട്ടങ്ങളിലും സാങ്കേതികതയിലുമല്ല, അതിലുപരി സാമാന്യയുക്തിക്ക് നിരക്കുന്ന അര്‍ഥവത്തായ മൂല്യങ്ങളുടെ കൂടി അടിത്തറയിലാണ്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥത്തില്‍ ഇന്ന് കേരള നിയമസഭയില്‍ ബജറ്റ് ‘അവതരണത്തില്‍’ ആഹ്ലാദം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയും ഭരണകക്ഷി എംഎല്‍എ മാരും പങ്കിട്ടെടുത്ത ലഡുവിന്റെ രുചി മധുരത്തിന്റേതല്ല, ധനമന്ത്രിയുടെ കവിളില്‍ നല്‍കിയത് സ്‌നേഹചുംബനവുമല്ല. മറിച്ച് ഭൂരിപക്ഷമെന്ന ഹുങ്കിന്റേതാണ്. അത് ജനാധിപത്യത്തിന് ഭൂഷണമല്ല.

ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത കാര്യങ്ങളാണ് നിയമസഭയില്‍ അരങ്ങേറിയത്. ബജറ്റ് അവതരിപ്പിച്ചുവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. പ്രതിപക്ഷം മറിച്ചും. സര്‍ക്കാരിന്റെ വാദം സ്പീക്കര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചുവെന്ന് പറയാമായിരിക്കും. പ്രതിപക്ഷം ഇതിനെ തുടര്‍ന്നും ചോദ്യം ചെയ്യും. ഗവര്‍ണറോട് ഉചിതമായ തീരുമാനത്തിന് ആവശ്യപ്പെടും. കോടതിയില്‍ ചോദ്യം ചെയ്യുന്നത് ഉള്‍പ്പടെയുള്ള നിയമ നടപടികളിലേക്ക് കടന്നെന്ന് വരാം. സ്പീക്കര്‍ ചെയറില്‍ ഇല്ലാത്ത സഭയില്‍ അവതരിപ്പിച്ച ബജറ്റിന്റെ നിയമ സാധുത അങ്ങനെയെങ്കില്‍ ഗവര്‍ണറും കോടതിയും പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കട്ടെ. ബജറ്റ് അവതരിപ്പിച്ചുവെന്ന സര്‍ക്കാരിന്റെ വാദം സാങ്കേതികത്വത്തിലൂന്നിയുള്ളതാണ്. ആറു മിനുട്ട് വായനയ്ക്ക് ശേഷം സഭയുടെ മേശപ്പുറത്ത് വച്ചു എന്ന് പറയുന്നതോടെ ബജറ്റ് അവതരണം പൂര്‍ത്തിയായതായി കാണാം എന്നതാണ് ആ സാങ്കേതികത്വം. അത് നിയമസഭാ നടപടിക്രമങ്ങളെയും ചട്ടങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ബജറ്റ് അവതരിപ്പിക്കുന്നതുപോലെ പ്രധാനമാണ് സഭ ചേരുന്നത് സംബന്ധിച്ച ചട്ടങ്ങളും നടപടിക്രമങ്ങളും. സഭ ചേരുന്നതിന് പാലിക്കേണ്ടിയിരുന്ന ചട്ടങ്ങളൊന്നും പാലിക്കാതെ ബജറ്റ് അവതരിപ്പിക്കുകയെന്ന ‘ആറുമിനുട്ട് നാടക’ത്തിന് സാധുത നല്‍കാന്‍ മാത്രമുള്ളതാണ് നിയമസഭാ ചട്ടങ്ങളെങ്കില്‍ ആ ചട്ടങ്ങള്‍ ചുട്ടെരിക്കേണ്ടതാണ്.

അധികാരമുണ്ടെന്നതിന്റെ ധാര്‍ഷ്ട്യവും പിടിവാശിയുമാണ് നിയമസഭയില്‍ ഇന്നുണ്ടായ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണമെന്ന് കാണം. ബജറ്റ് അവതരണത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അത് പ്രകടമായിരുന്നു. ‘സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്, ഭൂരിപക്ഷമുണ്ടെങ്കില്‍ ബജറ്റ് അവതരിപ്പിക്കും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അഴിമതി ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കരുത് എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ആരോപണം മാത്രമല്ല, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇതില്‍ അന്വേഷണം കൂടിനേരിടുന്നയാളാണ് മന്ത്രി. ആരോപണം ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികളായിരുന്നില്ല. പരാമര്‍ശവിധേയമായ അഴിമതിയില്‍ ഒരുഭാഗമായവരോ അല്ലെങ്കില്‍ അതിന്റെ ഗുണഭോക്താക്കളോ ആണ്. അതിന്റെ നിജസ്ഥിതി തെളിയുംവരെ ധനമന്ത്രിസ്ഥാനത്തുനിന്ന് കെഎം മാണി മാറിനില്‍ക്കുകയായിരുന്നു സാമാന്യമായ ജനാധിപത്യ മര്യാദ. പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങില്ലെന്ന് പറയുന്നത് ധാര്‍ഷ്ട്യവും.

ആരോപണ വിധേയരായവരെ, അത് തെളിയുന്നതിന് മുമ്പ് തന്നെ മാറ്റിയ സാഹചര്യങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും എത്രയോയുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെക രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത് ആരോഗ്യവകുപ്പിലെ സ്ഥലം മാറ്റം സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണങ്ങള്‍ മാത്രമായിരുന്നു കാരണം. എല്‍ഡിഎഫ് സര്‍ക്കാരില്‍ ടിയു കുരുവിളയും പി ജെ ജോസഫും മന്ത്രിസ്ഥാനം ഒഴിഞ്ഞത് ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. ഈ സര്‍ക്കാരില്‍ കെബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതും ആരോപണങ്ങളുടെ പേരിലായിരുന്നു. ഒരു റോഡ് ഉപരോധത്തിന്റെ പേരില്‍ വന്ന ലഘുവായ ഒരു രാഷ്ട്രിയ കേസോ ആരോപണമോ അല്ല കെഎം മാണിക്ക് എതിരെ ഉയര്‍ന്നത്. അത് ഒരു കൊലക്കേസുപോലയുമല്ല. ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിക്കെതിരെ സാമ്പത്തിക അഴിമതി ആരോപണമാണ് ഉയര്‍ന്നത്. ഭരണത്തില്‍ സുതാര്യതയും നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി, ആരോപണ വിധേയനായ ധനമന്ത്രിയെക്കൊണ്ടുതന്നെ ബജറ്റ് അവതരിപ്പിച്ചതിലൂടെ, ആ പ്രഖ്യാപനങ്ങളെതന്നെയാണ് അര്‍ത്ഥശൂന്യമാക്കിയത്.

സഭ ഭരണപക്ഷത്തിന്റെ മാത്രം ഇരിപ്പിടമല്ല. സഭ നടത്തിക്കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തേക്കാളേറെയുള്ളത് ഭൂരിപക്ഷമുള്ള ഭരണപക്ഷത്തിനും സ്പീക്കര്‍ക്കുമാണ്. സഭ നടന്നുപോകാനായി ഭരണപക്ഷത്തിന്റെ ഭൂരിപക്ഷ ധാര്‍ഷ്ട്യത്തിന് കീഴടങ്ങേണ്ട ബാധ്യതയും പ്രതിപക്ഷത്തിനില്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച ഒരു സമരമുഖത്ത് ചിലപ്പോള്‍ അസാധാരണ സംഭവങ്ങള്‍ ഉണ്ടായെന്നുവരും. അത്തരം സംഭവങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തെക്കാള്‍ കാണിക്കേണ്ടത്, ഭരണപക്ഷമാണ്. ഇന്ന് കേരള നിയമസഭയിലുണ്ടായ അസാധാരണ സംഭവങ്ങള്‍, അപക്വമായ ധാര്‍ഷ്ട്യം വെടിഞ്ഞ് സമന്വയ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാനാകുന്നതായിരുന്നു.