ഗോസ്വാമി പ്രിയങ്കരനും പ്രണോയ് അനഭിമതനും ആകുമ്പോള്‍  

June 6, 2017, 7:18 pm
ഗോസ്വാമി പ്രിയങ്കരനും  പ്രണോയ് അനഭിമതനും ആകുമ്പോള്‍  
Editorial
Editorial
ഗോസ്വാമി പ്രിയങ്കരനും  പ്രണോയ് അനഭിമതനും ആകുമ്പോള്‍  

ഗോസ്വാമി പ്രിയങ്കരനും പ്രണോയ് അനഭിമതനും ആകുമ്പോള്‍  

മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കോ മാധ്യമ ഉടമകള്‍ക്കോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള സ്വാതന്ത്ര്യമില്ല. മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കുറ്റം ആരോപിക്കുന്നതിനും പീഡിപ്പിക്കുന്നതിനുമുള്ള അധികാരം ഭരണകൂടത്തിനുമില്ല. പ്രണോയ് റോയിയുടെ വീട്ടിലെ റെയ്ഡായാലും മംഗളം ടെലിവിഷന്‍ മേധാവികളുടെ വിലങ്ങണിയിച്ചുള്ള പരേഡായാലും നിലപാട് ഒന്നുതന്നെയാണ്. മൂരിയുടെ മൂക്കുകയര്‍ ക്രൂരതയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. ആര്‍ക്കായാലും മൂക്കുകയര്‍ വര്‍ജ്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂക്കുകയര്‍ ഒട്ടും പാടില്ല. അത് ക്രൂരതയല്ല, അസ്വാതന്ത്ര്യമാണ്. മൂക്കുകയറിന്റെ അഭാവത്തില്‍ അലക്സാണ്ടറുടെ ബ്യൂസിഫാലസിനെപ്പോലെ നിയന്ത്രണമില്ലാതെ കുതിച്ചുചാടുന്ന കുതിരകള്‍ മാധ്യമരംഗത്തുണ്ട്. സ്വന്തം നിഴലില്‍ അഭിരമിക്കുന്നവരെ നിയമത്തിനുനേരേ തിരിച്ചുനിര്‍ത്തി ശാന്തരാക്കണം.

പ്രണോയ് റോയ് ബിജെപിക്ക് അനഭിമതനായപ്പോള്‍ അര്‍ണാബ് ഗോസ്വാമി പ്രിയംകരനായി. രണ്ടും തെറ്റല്ല. ഗോസ്വാമിയോടുള്ള പ്രിയം ആ പേരില്‍ത്തന്നെയുണ്ട്. ഭാരതീയരെയാകെ ഗോസ്വാമിമാരാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനിടയില്‍ പ്രണോയ് റോയിയെ നിരായുധനാക്കാനുള്ള ശ്രമം തെറ്റ്. എന്‍ഡിടിവിയുടെ സ്ഥാപകരും നടത്തിപ്പുകാരുമാണ് പ്രണോയ് റോയിയും ഭാര്യ രാധികയും. സംഘപരിവാറിന്റെ ദൃഷ്ടിയില്‍ അവര്‍ രാജ്യദ്രോഹികളാണ്. കന്നുകാലി വിജ്ഞാപനത്തെക്കുറിച്ചുള്ള എന്‍ഡിടിവി ചര്‍ച്ചയിക്കിടെ ബിജെപി വകതാവിനോട് ഇറങ്ങിപ്പോകാന്‍ വാര്‍ത്താഅവതാരക ആവശ്യപ്പെട്ടതാണ് ബിജെപിയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. സംഭവം ശരിയെങ്കില്‍ അവതാരക നിധി റാസ്ദാന്‍ അനുവദനീയമല്ലാത്തത്ത അധികാരം പ്രയോഗിച്ചു. അതിഥിയായി വിളിക്കപ്പെട്ടയാളെ ഇറക്കി വിടാന്‍ പാടില്ല. ചര്‍ച്ച ഏകപക്ഷീയമാവുകയും അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നുവെന്ന് തോന്നിയാല്‍ പ്രതിഷേധമുള്ള അതിഥിക്ക് ഇറങ്ങിപ്പോകാം. അര്‍ണാബ് ഗോസ്വാമിയുടെ മുന്നില്‍നിന്ന് എം ബി രാജേഷിന് വേണമെങ്കില്‍ ഇറങ്ങിപ്പോകാമായിരുന്നു. ഉത്തരം മുട്ടുമ്പോഴും ചിലര്‍ ഇറങ്ങിപ്പോകാറുണ്ട്. അതൊന്നും പകയ്ക്ക് കാരണമാകരുത്.

വൈരനിര്യാതനബുദ്ധിപോലെ മറ്റൊരു ബുദ്ധിയാണ് വിപരീതബുദ്ധി. രണ്ടും വിനാശകാലത്താണുണ്ടാകുന്നത്. അദാനിമാരുടെയും റെഡ്ഡിമാരുടെയും വായ്പാകുടിശിക അനായാസം എഴുതിത്തള്ളുമ്പോള്‍ മറ്റു ചിലരുടെ ചെറിയ ബാധ്യതകള്‍ അവര്‍ക്കെതിരെയുള്ള വലിയ ആയുധമാകുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ അത്തരത്തിലൊരു നടപടിയുണ്ടായി. അസുഖകരമായ ചര്‍ച്ച നടക്കാനിടയുള്ള ദിവസം അസുഖകരമായ ചര്‍ച്ച നയിക്കാന്‍ സാധ്യതയുള്ളയാളെ അകത്താക്കാന്‍ ഒരു സാധാരണ പൊലീസുകാരന്റെ വൈഭവം മതി. പ്രണോയ് റോയി ആയാലും നികേഷ്‌കുമാര്‍ ആയാലും അവരുടെ ഇരിപ്പിടത്തില്‍നിന്ന് പിടിക്കപ്പെടും. ക്യാമറയും മൈക്കും അവരുടെ സഹായത്തിനുണ്ടാകില്ല.

2008 ഒക്ടോബറില്‍ ഐസിഐസിഐ ബാങ്കില്‍നിന്ന് എന്‍ഡിടിവി കടമെടുത്ത 375 കോടി രൂപ തിരിച്ചടച്ചപ്പോള്‍ അഞ്ചു കോടി രൂപയുടെ കുറവുണ്ടായി എന്നാണ് ആരോപണം. അതുമൂലം ബാങ്കിന് 48 കോടി രൂപയുടെ നഷ്ടമുണ്ടായത്രേ. ലാവലിന്‍ കേസിലെ കണക്കും ഏതാണ്ടിതുപോലെയാണ്. കണക്ക് ശരിയായി കൂട്ടാനും കുറവുള്ളത് വാങ്ങാനും ബാങ്കിന് കഴിയുമെന്നിരിക്കേ സര്‍ക്കാരിന്റെ നീക്കം ദുരുപദിഷ്ടമായി. എന്തെങ്കിലും ഇളവ് ആര്‍ക്കെങ്കിലും അനുവദിക്കുകയോ എന്തെങ്കിലും എഴുതിത്തള്ളുകയോ ചെയ്യുന്ന ബാങ്കല്ല ഐസിഐസിഐ. അവരുടെ കാര്യം നോക്കാന്‍ അവര്‍ക്കറിയാം. പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ശതകോടികള്‍ വെട്ടിച്ച് രാജ്യം വിട്ടവരുടെ കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കേണ്ടത്. അടിയന്തരാവസ്ഥയുടെ അസുഖകരമായ ഓര്‍മപ്പെടുത്തലുകള്‍ അസ്വാസ്ഥ്യമുളവാക്കുന്നു.