പിണറായിയില്‍നിന്ന് ആലപ്പുഴയിലെത്തുമ്പോള്‍...

February 19, 2015, 9:23 am
പിണറായിയില്‍നിന്ന് ആലപ്പുഴയിലെത്തുമ്പോള്‍...
Editorial
Editorial
പിണറായിയില്‍നിന്ന് ആലപ്പുഴയിലെത്തുമ്പോള്‍...

പിണറായിയില്‍നിന്ന് ആലപ്പുഴയിലെത്തുമ്പോള്‍...

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയ പ്രക്രിയ സി പി ഐ എമ്മിന്റെ സമ്മേളനങ്ങളായിരിക്കും.  പാര്‍ട്ടിയിലെ അധികാരതര്‍ക്കങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യം മാത്രമല്ല ഇതിന് കാരണം മറിച്ച് കേരളത്തിന്റെ  മുഖ്യധാര രാഷ്ട്രീയത്തില്‍ സി പി ഐ എമ്മിനുള്ള വലിയ സ്വാധീനം കൂടിയാണ്. മുന്‍ സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവശ്യത്തെ സമ്മേളനവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചാ കോലാഹലങ്ങള്‍ ഉണ്ടായിട്ടില്ല. ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, സി പി ഐ എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും കാലം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ മാറുമെന്നതാണ്. ഇത് വലിയ കാര്യമല്ലെന്നും, സി പി ഐ എമ്മിനെ പോലെ കൂട്ടായ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ നേതൃമാറ്റം വലിയ വിഷയമല്ലെന്നുമാണ് നേതാക്കളുടെ വ്യാഖ്യാനം. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം തെളിയിക്കുന്നത് അങ്ങനെയല്ല. അതുകൊണ്ട് സെക്രട്ടറിമാറുമ്പോള്‍ സ്വഭാവത്തിലും മാറ്റമുണ്ടാവുക സ്വഭാവികമാണ്. ഈ നേതൃമാറ്റം സിപിഐ എമ്മിന്റെ രീതികളിലും തെളിയുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ പരാജയം,  സി പി ഐ എം പോലുള്ള മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രസക്തിയെ പോലും സംശയത്തിലാക്കുന്ന ഒരു സമയത്താണ് 21-ാം പാര്‍ട്ടികോണ്‍ഗ്രസും അതിന് മുന്നോടിയായി സംസ്ഥാന സമ്മേളനവും നടക്കുന്നത്. അക്രമോല്‍സുകമായ രീതിയില്‍ ആഗോളവല്‍ക്കരണം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന ഘട്ടത്തിലും എന്തുകൊണ്ടാണ് സി പി ഐ എമ്മിന് തിരിച്ചടിയേല്‍ക്കുന്നത്.? എല്ലാ ജനാധിപത്യ മാനദണ്ഡങ്ങളെയും അവഗണിക്കുകയും, ഇതുവരെ ഒരു സര്‍ക്കാരിനും നേരിടേണ്ടിവരാത്ത രീതിയില്‍ അഴിമതി ആരോപണങ്ങള്‍ കേള്‍ക്കുകയും ചെയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് സി പി ഐ എമ്മിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയത്.? എല്ലാ പാര്‍ട്ടി കോണ്‍ഗ്രസുകളും അതിതീഷ്ണമായി രാഷ്ട്രീയം ചര്‍ച്ചചെയ്യുകയും, തെറ്റുകള്‍ ഏറ്റുപറയുകയും ചെയ്തിട്ടും തൊട്ടടുത്ത സമ്മേളനങ്ങളില്‍ ഈ ഏറ്റുപറചച്ചിലുകള്‍ ആവര്‍ത്തിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്?  നടത്തിയ സമരങ്ങളെല്ലാം ഉജ്ജ്വലവിജയമാണെന്നും, ജനങ്ങള്‍ വലിയ രീതിയില്‍ സമരങ്ങള്‍ ഏറ്റെടുക്കുകയാണെന്ന് നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുമ്പോഴും എന്താവും, തെരഞ്ഞെടുപ്പ് മല്‍സരത്തില്‍ സി പി ഐഎം തോറ്റുപോകുന്നത്? ഇതിന് ഉത്തരങ്ങള്‍ രാഷ്ട്രീയത്തെ ഏത് പ്രതലത്തില്‍നിന്ന് കാണുന്നുവെന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിന് ശേഷം സി പി ഐ എം അതിന്റെ രാഷ്ട്രീയവും ബുദ്ധിപരവുമായ ശേഷി ഏറെ വിനിയോഗിച്ചത് ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സ്ഥാപിക്കാനായിരുന്നു.  പാര്‍ട്ടിയുടെ ആദ്യകാല വിശദീകരണങ്ങളും വെല്ലുവിളികളും മാറ്റി, രണ്ട് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ട അവസ്ഥയിലെത്തി പിന്നീട് സി പി ഐ എം. അതായത് യു ഡി എഫ് സര്‍ക്കാരിന്റെയും യു പി എ സര്‍ക്കാരിന്റെയും അഴിമതിക്കഥകള്‍ പുറത്തുവരുമ്പോള്‍, ഒരു രാഷ്ടീയ എതിരാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സ്വന്തം ഭാഗം ന്യായികരിക്കാന്‍ പാടുപെടുകയായിരുന്നു സി പി ഐ എം. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ കേന്ദ്രമായ സോളാര്‍ തട്ടിപ്പിനെതിരെ വലിയ ജനരോഷം ഉയര്‍ന്നപ്പോള്‍, സമാനതകള്‍ അധികമില്ലാത്ത സമരത്തിനാണ് സി പി ഐ എമ്മും എല്‍ ഡി എഫും തയ്യാറായത്. സെക്രട്ടറിയേറ്റ് ഇടതുപക്ഷം വളഞ്ഞതിനെ തുടര്‍ന്ന് ഒരു ദിവസം സെക്രട്ടറിയേറ്റിന് അവധി  നല്‍കേണ്ടിവന്ന അവസ്ഥപോലുമുണ്ടായി.

എന്നാല്‍ രണ്ടാം നാള്‍ സമരം  സാമാന്യ ജനതയ്ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ ഒരു രാഷ്ട്രീയ വിശദീകരണവുമില്ലാതെ പിന്‍വലിക്കേണ്ടവന്നതോടെ, പി്ന്നീട് ചര്‍ച്ച സി പി ഐ എമ്മിന്റെ പി്ന്മാറ്റത്തിന്റെ പിന്നിലെ അജണ്ടയെക്കുറിച്ചായി. പാര്‍ട്ടി പറഞ്ഞ വിശദീകരണങ്ങള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് പോലും ബോധ്യമായില്ലെന്ന്   സി പി ഐ നേതാക്കളുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമാകുകയും ചെയ്തു. അതുപൊലെ ബാര്‍ കോഴക്കേസ്. ആദ്യം മാണിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ കുറച്ചുദിവസം പാര്‍ട്ടി നേതാക്കള്‍ തമ്മിലായിരുന്നു തര്‍ക്കം. ഏത് അന്വേഷണം ആവശ്യപ്പെടണമെന്ന കാര്യത്തിലായിരുന്നു നേതാക്കള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. . ഇങ്ങനെ ഭരണ രംഗവുമായി ഉയര്‍ന്നുവന്ന് നിരവധി പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്ന് ചെറുക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യമാണ് ഇതില്‍നിന്നൊക്കെ തെളിയുന്നത്. എന്നുമാത്രമല്ല, പലപ്പോഴും ആരോപണങ്ങള്‍ തിരിഞ്ഞുകുത്തുകയും ചെയ്തു. വലിയ സംഘടനശേഷിയെന്നത് രാഷ്ട്രീയ ശേഷിയായി കണക്കാക്കാന്‍ പറ്റില്ലെന്ന് ഉദാഹരണം കൂടിയാവുന്നുണ്ട്  സി പി ഐ എമ്മിന്റെ കഴിഞ്ഞ ആണ്ടുകളിലെ പ്രവര്‍ത്തനങ്ങള്‍.

കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളത്തില്‍ വിവിധങ്ങളായ സമരങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. കേരളത്തിന്റെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ഒരു റിപ്പോര്‍ട്ടായിരുന്നു മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങളായിരുന്നു ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ സി പി ഐ എം ചെയ്തത് അതിനെതിരെവന്ന റിയല്‍ എസ്റ്റേറ്റ് ക്വാറി മാഫിയകള്‍ക്ക് സഹായകരമായ നിലപാടുമായി രംഗത്തെത്തുകയായിരുന്നു. അതിന് വേണ്ടി ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. വോട്ടുകിട്ടുമെന്ന് കരുതിയാവും അങ്ങനെ ചെയ്തത്. എന്നാല്‍ അത് ലഭിച്ചില്ലെന്ന് പിന്നീട് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് തെളിയിക്കുകയും ചെയ്തു. പരിസ്ഥിതി സമരങ്ങളിലെല്ലാം, സി പി ഐ എമ്മിന്റെ നിലപാടുകള്‍ ഇതുപോലെ, വേട്ടകാര്‍ക്കൊപ്പമായി. കാതികൂടത്ത് ഒരു നാട് മുഴുവന്‍ സമരത്തിനിറങ്ങിയപ്പോള്‍ സി പി ഐ എം യാന്ത്രികമായി തൊഴില്‍ കാര്യം പറഞ്ഞ്  ഫലത്തില്‍ നീറ്റാ ജെലാറ്റിന്‍ കമ്പനിക്കൊപ്പം നില്‍ക്കുകയാണ് ചെയ്തത്. തൊഴിലാവകാശങ്ങള്‍ മുഴുവന്‍ സംഘടിത വിഭാഗങ്ങള്‍ക്കുള്ളതാണെന്ന തോന്നലാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍നിന്നുള്ള അനുഭവം. ടെക്‌സ്‌റ്റൈല്‍ മേഖലയിലെ സ്ത്രീകള്‍ ഇരിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തുന്ന സമരം വ്യാപകമായിട്ടും, സി പി ഐ എമ്മിന് അവരോട് ഐക്യപെടണമെന്ന തോന്നല്‍ ഇതുവരെ ഉണ്ടായിട്ടില്ല.

മാന്യമായ വേതനത്തിനുവേണ്ടി നഴ്‌സുമാര്‍ കേരളത്തില്‍ സമരത്തിനിറങ്ങിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഫാസിസത്തിനെതിരായ നവസമരമുറയായിരുന്ന ചുംബന സമരത്തോട് പാര്‍ട്ടി സ്വീകരിച്ച സമീപനവും ഇതിന്റെ ഭാഗമായി തന്നെയാണ് കാണേണ്ടത്.
ആഗോളവല്‍ക്കരണവും ജനാധിപത്യവും ഒന്നിച്ചുപോകില്ലെന്നതിന്റെ ഉദാഹരണങ്ങള്‍ ലോകത്തെമ്പാടുമുണ്ട്. ഇന്ത്യയില്‍ അധികാര രാഷ്ട്രീയത്തെ എതിര്‍ക്കുന്ന, ഭിന്ന നിലപാടുകളെടുക്കുന്നവര്‍ക്കെതിരായ ഭരണകൂട നടപടികളും ഇതിന്റെ ഉദാഹരണമാണ്. കിരാതമായ യു എ പി എ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെടുകയാണ്. കേരളത്തിലും ഇത്  സംഭവിക്കുന്നു.  ഇതിനെതിരെ ഉയര്‍ന്നുവരുന്ന വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത് സി പി ഐ എം അടക്കമുള്ള ഇടതുപാര്‍ട്ടികളായിരുന്നു. എന്നാല്‍ സി പി ഐ എമ്മിന് പങ്കുണ്ടെന്ന് സംശയിക്കാവുന്ന ഒരു രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ യു എ പി എ ചുമത്തിയപ്പോള്‍ മാത്രമാണ് ആ നിയമം ശക്തമായി എതിര്‍ക്കേണ്ട ഒന്നാണ് എന്ന തോന്നല്‍ പാര്‍ട്ടിക്കുണ്ടായത്.

എന്നാല്‍ ആ പ്രതിഷേധവും പെട്ടന്ന് സി പി ഐ എം തണുപ്പിക്കുകയാണ് ചെയ്തത്.  ഇങ്ങനെ പറയാന്‍ ഇനിയും കാണും, മുഖ്യധാരയ്ക്ക് പുറത്ത് വ്യാപകമാകുന്ന പ്രതിരോധങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്ന സി പി ഐ എമ്മിനെകുറിച്ച് പറയാന്‍. നേതൃത്വം മാറുമ്പോള്‍, ഇത്തരത്തില്‍ നിഷേധാത്മക സമീപനവും കൈയൊഴിയാന്‍ തയ്യാറാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് സി പി ഐ എം നല്‍കേണ്ടത്.  അരികിലേക്ക് തള്ളപ്പെടുന്നവരോട് ഐക്യപെടാതെയുള്ള സംഘടനയുടെ കരുത്ത് സമ്മേളനങ്ങളെ വലിയ വിജയമാക്കാന്‍ മാത്രമെ ഉപകാരപ്പെടുവെന്ന കാര്യം ഇനിയും ബോധ്യപ്പെട്ടില്ലെങ്കില്‍ മുഖ്യധാര ഇടതുപക്ഷത്തിന്റെ പൂര്‍ണമായ ശോഷണമാണ് സംഭവിക്കുക. ആ രാഷ്ട്രീയ ഇടം കൈയടക്കിയേക്കാവുന്ന വര്‍ഗീയവാദികളും, മറ്റ് ശക്തികളും അവരുടെ വലതുപക്ഷ രാഷ്ട്രീയ പ്രയോഗത്തിനുള്ള ഇടമാക്കി അതിനെ മാറ്റുകയാണ് ചെയ്യുക. അതുകൊണ്ട് ആലപ്പുഴയിലും പിന്നെ വിശാഖപട്ടണത്തും, സി പി ഐ എമ്മിലുണ്ടാകുന്ന നേതൃമാറ്റം, സമീപനങ്ങളിലുള്ള മാറ്റം കൂടിയാവുമോ എന്നതാണ് പ്രധാന ചോദ്യം. ആഗോളവല്‍ക്കരണത്തിന്റെ തേരോട്ടത്തെ ചെറുക്കേണ്ടത്, അതിനെ ഉള്‍ക്കൊണ്ടല്ല, മറിച്ച് ബഹുമുഖമായ ചെറുത്തുനില്‍്പ്പിലൂടെയാവണമെന്ന പ്രയോഗരീതിയിലേക്ക് കൂടി നേതൃമാറ്റത്തോടൊപ്പം സി പി ഐ എം മാറുമെന്ന പ്രതീക്ഷയാണ് അരികിലേക്ക് തള്ളപ്പെടുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഇപ്പോഴുമുള്ളത്. മുഖ്യധാര ഇടതുപക്ഷത്തിന്റെ പ്രസക്തി തന്നെ ഈ പ്രതീക്ഷ സാക്ഷല്‍ക്കരിക്കപെടുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.