തന്നിഷ്ടം നടപ്പാക്കാനുള്ള കൈയൊപ്പല്ല, ജനവിധി

March 24, 2017, 11:12 am


തന്നിഷ്ടം നടപ്പാക്കാനുള്ള കൈയൊപ്പല്ല, ജനവിധി
Editorial
Editorial


തന്നിഷ്ടം നടപ്പാക്കാനുള്ള കൈയൊപ്പല്ല, ജനവിധി

തന്നിഷ്ടം നടപ്പാക്കാനുള്ള കൈയൊപ്പല്ല, ജനവിധി

അഞ്ചുവര്‍ഷം കേരളത്തെ ഗ്രസിച്ച മലിനരാഷ്ട്രീയത്തെ കഴുകിക്കളഞ്ഞതായിരുന്നു 2016ലെ ജനവിധി. അത് പുതിയ മുഖ്യമന്ത്രിക്കോ, ഒരു മന്ത്രിസഭയ്ക്കോ, ഭരണപക്ഷത്തിനോ, തെരഞ്ഞെടുക്കപ്പെട്ട 140 എംഎല്‍എമാര്‍ക്കോ തന്നിഷ്ടം നടപ്പാക്കാനുള്ള കണ്ണടച്ചുള്ള കയ്യൊപ്പ് ചാര്‍ത്തലായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഐഎമ്മിനും അങ്ങനെ ധരിച്ചുവെക്കാന്‍ മാത്രം കേരളത്തില്‍ ഏക പാര്‍ട്ടി സര്‍വാധിപത്യമോ, ഉത്തരകൊറിയന്‍ സ്വേച്ഛാധിപത്യമോ യാഥാര്‍ഥ്യമായിട്ടുമില്ല-അത് സിപിഐഎമ്മിന്റെ ദിവാസ്വപ്ന സങ്കല്പസ്വര്‍ഗരാജ്യമായി ഇപ്പോഴും തുടരുന്നുണ്ടെങ്കിലും.

ഭീതിയോ പ്രീതിയോ ഇല്ലാതെ ഭരണചുമതല നിര്‍വഹിക്കുമെന്നാണ് ഗവര്‍ണര്‍ക്ക് മുമ്പാകെയുള്ള സത്യവാചകം ചൊല്ലല്‍. അതിന് ആലങ്കാരിക അര്‍ത്ഥവും നാട്ടുനടപ്പിന്റെ കേവല ലാഘവത്വവും മാത്രമേയുള്ളൂവെങ്കില്‍ അതൊരു അനാചാരമായി പ്രഖ്യാപിച്ച് നിര്‍ത്തലാക്കുന്നതാണ് ഭംഗി.

കൊടുംകുറ്റവാളികളായി ശിക്ഷിക്കപ്പെട്ട 1911 പേരെ കേരളപ്പിറവിയുടെ 60ാമാണ്ടില്‍ ശിക്ഷായിളവ് പ്രഖ്യാപിച്ച് വിട്ടയക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അത്ഭുതപ്പെടുത്തുന്നതാണ്. നിയമാനുസൃത അര്‍ഹതപ്പെട്ടവര്‍ക്കിടയില്‍ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ച് മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തിയത് രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തിന് മേലെ പാര്‍ട്ടി കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തുല്യമാണ്. ഗവര്‍ണര്‍ പി സദാശിവവും രാജ്ഭവനും നോട്ടപിശക് കാണിക്കാത്തതിനാല്‍ മാത്രം അന്തിമ ഉത്തരവായി പുറത്തിറങ്ങിയില്ലെന്നേയുള്ളൂ.വിവിധ കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരാവകാശരേഖ
വിവിധ കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരാവകാശരേഖ

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികളും തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വധിച്ച നിഷാമും ഉള്‍പ്പടെ 1911 പേരുടെ പട്ടികയാണ് വിട്ടയക്കാന്‍ ജയില്‍ വകുപ്പ് തയ്യാറാക്കിയത്. ഇതില്‍ ചന്ദ്രശേഖരന്‍ വധക്കേസ് കുറ്റവാളികളും നിസാമുമടക്കം 61 പേരെ ഒഴിവാക്കിയാണ് അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 'ഒഴിവാക്കി' എന്ന വിശദീകരണത്തിന്റെ അര്‍ത്ഥം അങ്ങനെ തയ്യാറാക്കിയ പട്ടികയില്‍ അവര്‍ ആദ്യം ഉള്‍പ്പെട്ടിരുന്നു എന്നുതന്നെയാണ്. പിറന്നുവീണ എല്ലാവരുടെയും പേരുള്‍പ്പെടുത്തിയ കാനേഷുമാരി പട്ടികയില്‍നിന്നോ, പ്രായപൂര്‍ത്തിയായ എല്ലാവരെയും ഉള്‍പ്പെടുത്തിയ വോട്ടര്‍പട്ടികയില്‍നിന്നോ അല്ല ഈ 61 പേരെ ഒഴിവാക്കിയത്. വിട്ടയക്കാന്‍ തെരഞ്ഞെടുത്ത കുറ്റവാളികളുടെ പ്രത്യേക പട്ടികയില്‍നിന്നാണ്. വിട്ടയക്കേണ്ടവരുടെ ജംബോ പട്ടിക തയ്യാറാക്കിയത് സര്‍ക്കാരിന് പുറത്തുള്ള ഏതെങ്കിലും ഏജന്‍സിയല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ജയില്‍ വകുപ്പാണ്. അതിന് മാത്രമായി ഒരു ഡിജിപിയുണ്ട്. വലിയ ഉദ്യോഗസ്ഥനിരയുണ്ട്. അതില്‍ സാധാരണ ക്ലാര്‍ക്ക് മുതല്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെ വരും. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് വന്ന കൈപ്പിഴയാണ് ആദ്യം തയ്യാറാക്കിയ പട്ടികയെന്ന് വിശ്വസിക്കുക ഒരുപക്ഷെ സിപിഐഎം സംസ്ഥാന സമിതിയിലെ യജമാനഭക്തി കാണിക്കുന്ന വിനീത വിധേയരായ അംഗങ്ങള്‍ മാത്രമായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ 'ഒഴിവാക്കി' എന്ന വിശദീകരണം അവരെ പോലും തൃപ്തിപ്പെടുത്തുമെന്ന് തോന്നുന്നില്ല.

സ്ഥാപിത താല്‍പര്യങ്ങള്‍ ദുരൂഹമായി ഒളിച്ചുകടത്താനുള്ള സംവിധാനമല്ല ഭരണക്രമം. കേരളപിറവിയുടെ 60ാമാണ്ടില്‍ കുറ്റവാളികളെ വിട്ടയക്കാനെടുക്കുന്ന തീരുമാനം ജയില്‍ വകുപ്പിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനില്‍നിന്നുണ്ടാകുന്ന കേവലാശയമല്ല. ഭരണതലത്തിലെ സുചിന്തിത തീരുമാനമാണ്. ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെയും മുന്നണിയുടെയും രാഷ്ട്രീയ തീരുമാനമാണ്. അത് നടപ്പാക്കാനുള്ള ചുമതല മാത്രമാണ് ഉദ്യോഗസ്ഥരുടേത്. രജത ജൂബിലിയും സുവര്‍ണജൂബിലിയും അറുപതാണ്ടും ഏഴുപതാണ്ടുമെല്ലാം ഏത് ചരിത്രസംഭവങ്ങള്‍ക്കുമുണ്ടാകും. 49മാണ്ടില്‍നിന്ന് 50ലെത്തുമ്പോഴും 59ല്‍നിന്ന് 60ലെത്തുമ്പോഴും സവിശേഷമായി ഒന്നും അതിലുണ്ടാകുന്നില്ല. സ്മരണപുതുക്കാനുള്ള ഭാഷാപ്രയോഗം മാത്രമേ ആകുന്നുള്ളൂ. നിയമവ്യവസ്ഥ നിര്‍ലജ്ജം മറികടന്ന് കുറ്റവാളികളെ വിട്ടയക്കാനുള്ള കുറുക്കുവഴിയല്ല അത്. കുറ്റവാളിയുടെ തടവ് ജീവിതമോ, വ്യക്തിജീവിതമോ ആയ ഒന്നിനോടും ബന്ധപ്പെടാത്ത ഒരു സന്ദര്‍ഭം ചുണ്ടിക്കാട്ടിയാണ് ഈ ഇളവുകള്‍ക്ക് സര്‍ക്കാര്‍ തുനിഞ്ഞത്. തടവ് ശിക്ഷയനുഭവിക്കുന്നവരെ വിട്ടയക്കുന്നതിന് സര്‍ക്കാരിനെ അധികാരപ്പെടുത്തിയ വ്യവസ്ഥയില്‍, അതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. സ്ഥാപിതതാല്‍പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ചരിത്രസംഭവങ്ങളുടെ സ്വാഭാവിക കാലഗണനയിലെ ഏതെങ്കിലും സന്ദര്‍ഭങ്ങളെ അടര്‍ത്തിയെടുക്കുന്നത് ജനാധിപത്യത്തിലെ അതിക്രമമാണ്.

കുറ്റവാളികളെ വിട്ടയക്കാനുള്ള രാഷ്ട്രീയ തീരുമാനമാണ് ആദ്യമുണ്ടാകുന്നത്. അതിന് ശേഷമേ ഉദ്യോഗസ്ഥ തലത്തില്‍ പട്ടിക തയ്യാറാക്കുന്നുള്ളൂ. സംസ്ഥാനത്തെ ജയിലുകളില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ആകെ തടവുകാരില്‍നിന്ന് 1911 പേരുടെ പട്ടികയാണ് തെരഞ്ഞെടുത്ത്. അത് ഒരു തെരഞ്ഞെടുപ്പാണ്. കുറ്റവും ശിക്ഷയും പ്രായവും ശിക്ഷാകാലയളവിലെ മാനസാന്തരവും എല്ലാം കണക്കിലെടുത്താകേണ്ട തെരഞ്ഞെടുപ്പ്. ആജീവനാന്ത തടവെന്ന് സുപ്രീം കോടതി പലതവണ ആവര്‍ത്തിച്ച ജീവപര്യന്തം വിധികളിലും അപ്പീലുകളില്‍ മേല്‍ക്കോടതി ഇപ്പോഴും അന്തിമ തീര്‍പ്പ് കല്‍പ്പിക്കാത്ത കേസുകളിലുമാണ് പിണറായി സര്‍ക്കാരിന്റെ ഗൂഢോദേശ്യതീരുമാനമുണ്ടായത്. അത് ഭാഗ്യനിധിപോലെ നറുക്കുവീണതല്ല. സിപിഐഎമ്മിന് വേണ്ടപ്പെട്ടവരും ധനാഢ്യരും ആ പട്ടികയില്‍ അനായാസം ഇടം കണ്ടെത്തി. അത് ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥന്റെ മാത്രം പിഴവുകൊണ്ടല്ല. ജയില്‍ ഡിജിപിക്ക് അതില്‍ അസ്വാഭാവികതയൊന്നും തോന്നാതെ ഒപ്പുവെച്ച് കൈമാറാന്‍ തോന്നുന്നതും കേവലം പിഴവുമാത്രമല്ല. ജയില്‍ ഉപദേശക സമിതി നിര്‍ദോഷമായി എഴുതിയതല്ല. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഷീലാ റാണിയും നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാറും ദക്ഷിണമേഖലാ ജയില്‍ ഡിഐജിയും അടങ്ങിയ സമിതി കൊച്ചുവര്‍ത്തമാനം പറഞ്ഞ് തയ്യാറാക്കിയതുമല്ല. ആഭ്യന്തര വകുപ്പിലെ 'സൂക്ഷ്മ പരിശോധനയില്‍' 61 അനര്‍ഹരെ കണ്ടെത്തിയത് മഹത്തരമെന്ന് വിശ്വസിക്കുന്നവരും കുറ്റവാളികള്‍ക്ക് ഇളവ് നല്‍കാനുള്ള വ്യവസ്ഥകളുടെ നൂലിഴകീറി ന്യായവാദം നിരത്തുന്നവരും സര്‍ക്കാര്‍ സംവിധാനത്തിന് കീഴിലെ ഈ വഴിയും യാഥാര്‍ഥ്യവും കണ്ടില്ലെന്ന് നടിക്കരുത്. നിയമാനുസൃതമായ ഇളവിന് ഈ കുറ്റവാളികള്‍ക്കും അര്‍ഹതയുണ്ടെന്നതാണ് വാദം. നല്ലനടപ്പ് ഇളവ് ആദ്യം അതുകഴിഞ്ഞ് ശിക്ഷ എന്ന സംവിധാനം രാജ്യത്ത് നടപ്പായിട്ടില്ല- കുറ്റവാളികള്‍ക്കും കുറ്റകൃത്യതാല്‍പര്യമുള്ളവര്‍ക്കും അത് ആനന്ദകരമാണെങ്കില്‍പോലും.

ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികള്‍ തടവില്‍ കഴിയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാസ്ഥ്യം കെടുത്തിയേക്കാം. അടിത്തട്ടില്‍ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ തടവറയില്‍ കിടക്കുമ്പോള്‍ മുഖ്യമന്ത്രി കസേരയിലിരുന്നുള്ള വെണ്‍ചാമരകാറ്റിന് അത്യുഷ്ണം അനുഭപ്പെടുന്നത് സ്വാഭാവികം. അത് ഇല്ലെങ്കിലേ അത്ഭുതമുള്ളൂ. അത് വിജയന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും മാത്രം ആകുലതയാണ്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ഉത്കണ്ഠയല്ല. പൊതുസമൂഹത്തെ കുറ്റവാളികളില്‍നിന്ന് സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ സൃഷ്ടിക്കേണ്ട മാതൃകയുമല്ല. അനാവശ്യ കീഴ്‌വഴക്കങ്ങള്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുമെന്ന് ഓര്‍ക്കണം. സിപിഐഎം എത്തിച്ചേരുന്ന ശരി മാത്രമല്ല ജനാധിപത്യത്തിലെ ശരി. തെരുവോര നീതി നടപ്പാക്കുന്ന ആള്‍ക്കൂട്ട മാനസികാവസ്ഥയിലേക്ക് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധഃപതിക്കരുത്.

വിവരാവകാശ നിയമത്തിന്റെ കഴുത്തില്‍ കത്തിവെച്ച് ജനാധിപത്യബോധം ഉദ്ഘോഷിക്കുന്ന സര്‍ക്കാരില്‍നിന്ന് ഇത്തരം തീരുമാനങ്ങള്‍ ഇനിയുമുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല. തീരുമാനങ്ങളെല്ലാം എടുത്ത ശേഷം മാത്രം ജനങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന പിടിവാശിയില്‍ തന്നെയാണ് സര്‍ക്കാര്‍. എടുത്ത തീരുമാനം ജനങ്ങളെ അറിയിക്കുക എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല. അത് ജനങ്ങളുടെ അവകാശമാണ്. തീരുമാനത്തിലേക്ക് നയിച്ച കുറുക്കുവഴികളും മൂടിവെച്ച രഹസ്യങ്ങളും അറിയാനുള്ള സംവിധാനമാണ് വിവരാവകാശം. വിവരാവകാശ നിയമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് ഞെരിച്ചുകൊല്ലുന്നുവെന്നതിന്റെ കാരണം കൂടുതല്‍ ബോധ്യമാകുന്നതാണ് കുറ്റവാളികളെ വിട്ടയക്കാനുള്ള നടപടി ക്രമം.

നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ആരൊക്കെയുണ്ടെന്ന് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അതൊരു ഒളിച്ചുകളിയായിരുന്നു. പൊതുജനത്തോട് ഒന്നും പറയാത്ത മുഖ്യമന്ത്രി സഭയിലും സത്യം മറച്ചുപിടിച്ചു. ഇവരുടെ പേര് ആ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ഉറപ്പുള്ള സര്‍ക്കാരും പാര്‍ട്ടിയും ചെയ്യേണ്ടത് ആദ്യം തയ്യാറാക്കിയ 1911 പേരുടെ പട്ടിക വെട്ടിമാറ്റലും കൂട്ടിച്ചേര്‍ക്കലും ഇല്ലാതെ പരസ്യപ്പെടുത്തുകയാണ്. എന്തിനും പോന്ന ധീരനെന്ന വിശേഷണം ആസ്വദിച്ച് അനുഭവിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനുള്ള ധൈര്യമാണ് പ്രകടിപ്പിക്കേണ്ടത്. ഇല്ലെങ്കില്‍ ആ 'സൂര്യതേജസിനെ പഴമുറങ്ങള്‍' മറച്ചുകൊണ്ടേയിരിക്കും. എന്തിന് അത്തരമൊരു അപഖ്യാതി സ്വീകരിക്കണം.