അഭയാര്‍ത്ഥികള്‍ക്ക് വേണ്ടത് അഭയം

September 20, 2017, 1:47 pm


അഭയാര്‍ത്ഥികള്‍ക്ക് വേണ്ടത് അഭയം
Editorial
Editorial


അഭയാര്‍ത്ഥികള്‍ക്ക് വേണ്ടത് അഭയം

അഭയാര്‍ത്ഥികള്‍ക്ക് വേണ്ടത് അഭയം

മ്യാന്‍മറിലെ റാഖൈനില്‍നിന്ന് അഭയം തേടി ഇന്ത്യയിലെത്തിയവരാണ് രോഹിങ്ക്യകള്‍ എന്നറിയപ്പെടുന്ന മുസ്‌ലീങ്ങള്‍. അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്ന പാരമ്പര്യം ഉണ്ടായിരുന്നിട്ടും റാഖൈനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികളെ ദേശസുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന അപകടകാരികളായി ഇന്ത്യാ ഗവണ്‍മെന്റ് കാണുന്നു. നാളെ ഇവരെ പൂര്‍ണമായും ഗളഹസ്തം ചെയ്യുന്നതിന് ഇപ്പോഴേ കാരണം കണ്ടെത്തുന്നു. നാല്‍പതിനായിരത്തോളം രോഹിങ്ക്യകളാണ് മ്യാന്‍മറില്‍നിന്ന് ഇന്ത്യയിലെത്തിയിട്ടുള്ളത്. കുടിയേറ്റമായാലും കൈയേറ്റമായാലും അസാധാരണമായ നീക്കങ്ങളെ ജാഗ്രതയോടെ കാണണം. അതേസമയം ഒരു സമൂഹത്തെയാകെ സംശയദൃഷ്ടിയോടെ നോക്കുന്നത് ക്രൂരമാണ്. അഭയാര്‍ത്ഥികളെ സ്വീകരിച്ചാല്‍ നാട്ടുകാര്‍ക്ക് അവകാശപ്പെട്ടത് അവരുമായി പങ്കുവയ്‌ക്കേണ്ടിവരുമെന്ന ആശങ്ക ജനാധിപത്യ ഭരണകൂടത്തിനു ചേര്‍ന്നതല്ല.

അപ്രതീക്ഷിതമായെത്തുന്ന അതിഥിയുമായി ഉള്ളതു പങ്കുവയ്ക്കുന്ന രീതിയാണ് സാധാരണ മനുഷ്യര്‍ക്കുള്ളത്. ആട്ടിയിറക്കപ്പെടുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം ദൈവവും അതാതിടങ്ങള്‍ വിട്ടുപോകുന്നുവെന്ന് സിറിയന്‍ അഭയാര്‍ത്ഥികളെ നോക്കി മാര്‍പാപ്പ പറഞ്ഞത് രോഹിങ്ക്യകളുടെ കാര്യത്തിലും ബാധകമാണ്. റോഹിങ്ക്യകളെ സ്വന്തം ജനമായി കണക്കാക്കാന്‍ മ്യാന്‍മര്‍ തയാറാകുന്നില്ല. കൊടിയ പീഡനം ഭയന്ന് പലായനം ചെയ്യുന്ന രോഹിങ്ക്യകള്‍ ആദ്യമെത്തുന്നത് ബംഗ്‌ളദേശിലാണ്. അവിടെനിന്ന് അവര്‍ ഇന്ത്യയിലേക്ക് കടക്കുന്നു. വിഭജനം മുതല്‍ അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്ത പരിചയം ഇന്ത്യയ്ക്കുണ്ട്. എല്ലാ അയല്‍രാജ്യങ്ങളില്‍നിന്നും നമ്മള്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള 1951ലെ യുഎന്‍ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ചിട്ടില്ലെങ്കിലും ആ തത്വങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇന്ത്യ.

അഭയം തേടിയെത്തുന്നവരെ ആപത്തിലേക്ക് തള്ളിവിടുന്ന രീതി ശിബിയുടെ നാട്ടുകാര്‍ക്കില്ല. പ്രാവിന്റെ രൂപം പൂണ്ട അഗ്നിയെ പരുന്തിന്റെ രൂപത്തിലെത്തിയ ഇന്ദ്രനില്‍നിന്ന് ശിബി ചക്രവര്‍ത്തി രക്ഷിച്ചു. അതിന് പ്രാവിന്റെ തൂക്കത്തോളം മാംസം തന്റെ ശരീരത്തില്‍നിന്ന് നല്‍കേണ്ടി വന്നു. ശിബിയുടെ മഹനീയമായ മാതൃക അഭയാര്‍ത്ഥികളോടുള്ള പരിഷ്‌കൃതലോകത്തിന്റെ സമീപനത്തില്‍ കാണാന്‍ കഴിയും. നിയമവിരുദ്ധമായെത്തുന്ന കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ രാജ്യങ്ങള്‍ക്ക് അധികാരമുണ്ട്. രാജ്യത്തിനകത്ത് അധിവസിക്കുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുമുള്ള അവകാശം പൗരന്മാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ ഭരണഘടന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം പൗരത്വപരിഗണനയില്ലാതെ എല്ലാ മനുഷ്യര്‍ക്കുമായി നല്‍കിയിരിക്കുന്നു. നിയമാനുസൃതമായ നടപടിക്രമം അനുസരിച്ചു മാത്രമേ അവരെ തിരിച്ചയക്കാന്‍ കഴിയൂ.

ഇവിടെ അഭയം തേടിയെത്തിയ ഒരു സമൂഹത്തെയാകെ ആതിഥേയരാജ്യത്തിനു ഭീഷണിയായി മുദ്രകുത്തി പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. റാഖൈനിലെ വംശീയമായ നരവേട്ടയില്‍ പ്രതികരിക്കാതെ മ്യാന്‍മറിനൊപ്പം നില്‍ക്കുന്നതിന് ഇന്ത്യയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ മനുഷ്യത്വം വ്യത്യസ്തമായ ചില സമീപനങ്ങള്‍ ആവശ്യപ്പെടുന്നു. മനുഷ്യാവകാശധ്വംസനത്തിന്റെ ഇരയെന്ന നിലയില്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹയായ ഓങ്‌സാന്‍ സൂചിയാണ് ഇപ്പോള്‍ മ്യാന്‍മറിലെ ഭരണാധികാരി. ലോകത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ സൂചിക്കു കഴിയുന്നില്ല. മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ചുകൊണ്ട് ലോകത്തിന്റെ പ്രതീക്ഷകളെ ഇന്ത്യ തകര്‍ക്കരുത്. മുസ്‌ലീം എന്നതു തത്കാലം മറക്കുക. അഭയാര്‍ത്ഥികളെ മനുഷ്യരായി കാണുക. ഇപ്പോള്‍ അവര്‍ക്കു വേണ്ടത് സംരക്ഷണമാണ്. അതിനുശേഷം അവരെ എന്തുചെയ്യണം എന്നാലോചിക്കാം.