ഗവര്‍ണര്‍ തേഡ് അംപയറല്ല; ഉയര്‍ത്തിപ്പിടിക്കേണ്ടത് ജനാധിപത്യം

February 13, 2017, 1:01 pm
ഗവര്‍ണര്‍ തേഡ് അംപയറല്ല; ഉയര്‍ത്തിപ്പിടിക്കേണ്ടത് ജനാധിപത്യം
Editorial
Editorial
ഗവര്‍ണര്‍ തേഡ് അംപയറല്ല; ഉയര്‍ത്തിപ്പിടിക്കേണ്ടത് ജനാധിപത്യം

ഗവര്‍ണര്‍ തേഡ് അംപയറല്ല; ഉയര്‍ത്തിപ്പിടിക്കേണ്ടത് ജനാധിപത്യം

'അമ്മ' എന്നത് എഐഎഡിഎംകെ അണികളിലേക്ക് ജയലളിത ബോധപൂര്‍വം അടിച്ചേല്‍പ്പിച്ച ഒരു വികാരം മാത്രമാണ്. അവരുടെ മരണം തമിഴ്‌നാടിനെ രാഷ്ട്രീയ അനാഥത്വത്തിലേക്ക് തള്ളേണ്ടതല്ല. 'അമ്മ'യുടെ മൃതദേഹത്തില്‍ ആശുപത്രിയില്‍ അവസാന കെട്ടിടും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സത്യവാചകം ചൊല്ലുമ്പോള്‍ ഒ പനീര്‍ശെല്‍വത്തിന്റെ കണ്ഠമിടറിയിരുന്നില്ല. പതിവ് വെള്ളക്കുപ്പായത്തിന്റെ പോക്കറ്റില്‍ ഒരു അമ്മ ചിത്രം പതിച്ചതല്ലാതെ. അന്ന് അര്‍ദ്ധരാത്രിയില്‍ രാജ്ഭവനില്‍ സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുക്കുമ്പോള്‍ അസമയത്തെ അനൗചിത്യമായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് തോന്നിയതുമില്ല. മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് അരമണിക്കൂറിന്റെ അന്തരമേ അപ്പോഴുണ്ടായിട്ടുള്ളൂ. അതിവേഗം തീരുമാനമെടുക്കേണ്ട അസാധാരണമായ രാഷ്ട്രീയ അനാഥത്വം അപ്പോള്‍ തമിഴ്‌നാട്ടിലുണ്ടായിട്ടില്ല. എന്നിട്ടും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആ പാതിരാത്രിയില്‍ ഉറക്കമൊഴിഞ്ഞു. നിമിഷാര്‍ദ്ധ വേഗത്തില്‍ തീരുമാനമെടുത്തു. 'അസാധാരണമായ' രാഷ്ട്രീയ അനിശ്ചിതത്വം മാറ്റി.

ഒ പനീര്‍ശെല്‍വം രാജിവെച്ച് ഒരാഴ്ച പിന്നിട്ടിട്ടും അര്‍ദ്ധരാത്രിയില്‍ അനുഭവപ്പെട്ട രാഷ്ട്രീയ അനാഥത്വത്തിന്റെ വേവലാതി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനില്ല. പനീര്‍സെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചതിലൂടെ ഒരു യാഥാര്‍ഥ്യമായതാണ്. അതിനെ അയഥാര്‍ത്ഥമാക്കുകയെന്നത് ജനാധിപത്യത്തിലെ അസാധാരണതയും. ആ ആസാധാരണത്തിലേക്കുള്ള പഴുത് തേടുകയാണ് ഭരണതലത്തിലെ അനിശ്ചിത്വം ഒഴിവാക്കാന്‍ ബാധ്യസ്ഥനായ ഗവര്‍ണര്‍. മുഖ്യമന്ത്രി ഒഴിഞ്ഞാല്‍ പകരം സംവിധാനം ഉണ്ടായേപറ്റൂ. ആരെ മുഖ്യമന്ത്രിയായി ക്ഷണിക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം ഗവര്‍ണര്‍ക്കുണ്ട്. വിവേചനാധികാരം അവിവേകമാകരുത്. എഐഎഡിഎംകെ പാര്‍ട്ടി വികെ ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത കാര്യം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ള കത്ത് ശശികല ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു.

ഇന്ത്യന്‍ ജനാധിപത്യത്തിലെ സ്വാഭാവികമായ കരണീയമാര്‍ഗം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കുക എന്നതാണ്. മുഖ്യമന്ത്രിയായി ഒരാളെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച ശേഷമേ അത് സാധ്യമാകൂ. ഒന്നുകില്‍ ശശികല, അല്ലെങ്കില്‍ ഒ പനീര്‍ശെല്‍വം. അതുമല്ലെങ്കില്‍ ഗവര്‍ണറുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തി മറ്റാരെയെങ്കിലും. അത് ആര്‍എസ്എസ് ശിക്ഷണശാലയില്‍നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹത്തിന്റെ ജനാധിപത്യബോധ പരിമിതികള്‍ക്ക്‌ ഉതകുംവിധം ബിജെപി നേതാവ് പൊന്‍ രാധാകൃഷ്ണനെയുമാകാം. ആരായാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയ്ക്കുള്ളിലാണ്. അതാണ് ഇന്ത്യന്‍ ജനാധിപത്യം അംഗീകരിച്ച് അനുവദിച്ച രീതി. ആ ഉത്തരവാദിത്തം ഗവര്‍ണര്‍ നിര്‍വഹിക്കാതെ ഒഴിഞ്ഞുമാറുന്നത് അപകടകരമായ പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കലാണ്. അത് ജനാധിപത്യ വിരുദ്ധമാണ്.

ഭൂരിപക്ഷത്തിന്റെ പിന്തുണക്കത്ത് നല്‍കിയ ശശികലയെ മുഖ്യമന്ത്രിയായി ക്ഷണിക്കാതിരിക്കാനുള്ള കാരണങ്ങള്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടില്ല. രാജ്ഭവനില്‍നിന്ന് അനൗപചാരികമായി പുറത്തുവിട്ടതാണ് ഗവര്‍ണറുടെ 'അതൃപ്തി'. അനധികൃത സ്വത്ത് സമ്പാദന കേസില്‍ സുപ്രിം കോടതിയില്‍ വരാനിരിക്കുന്ന ഒരു വിധിയാണ് ശശികലയ്ക്ക് മുന്നില്‍ ഗവര്‍ണര്‍ വെച്ച മാര്‍ഗ തടസ്സം. മണ്‍സൂണ്‍ വരുമെന്ന ആകുലതയില്‍ വേനലില്‍ കുട പിടിക്കേണ്ടതില്ല. വിധി വന്നതിന് ശേഷമേ മുഖ്യമന്ത്രി സ്ഥാനത്ത് ശശികലയുടെ തടസ്സത്തിന്റെ ഭരണഘടനാപരമായ സാംഗത്യം ഗവര്‍ണര്‍ പരിശോധിക്കേണ്ടതുള്ളൂ. അയോഗ്യയാക്കാന്‍ മാത്രമുള്ളതാണ് വിധിയെങ്കില്‍ സ്വാഭാവികമായി അവര്‍ സ്ഥാനമൊഴിഞ്ഞേപറ്റൂ. അല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് പുറത്താക്കാം. ശിക്ഷയല്ല, ശിക്ഷാകാലയളവ് കൂടി അയോഗ്യതയ്ക്കുള്ള മാനദണ്ഡമാകയാല്‍ ഗവര്‍ണറുടെത് അപക്വമായ ആകുലതയാണ്.

ഈ അനധികൃത സ്വത്ത് സമ്പാദന കേസിലെ വിചാരണകോടതി വിധി ബാംഗ്ലൂര്‍ ഹൈക്കോടതി റദ്ദാക്കിയതാണെന്ന കാര്യം ഗവര്‍ണര്‍ വിസ്മരിച്ചുകൂട. നിയമത്തിന്റെ മുന്നില്‍ ശശികല ഇപ്പോള്‍ കുറ്റവിമുക്തയാണ്. സുപ്രീം കോടതി മറിച്ച് ഒരു തീരുമാനമെടുക്കും വരെ. ഭരണഘടനാ ചുമതല നിര്‍വഹിക്കുന്ന ഗവര്‍ണര്‍, നിയമം അനുശാസിക്കുന്ന സ്വാഭാവിക നീതി നിഷേധിച്ച്, സുപ്രീംകോടതിയില്‍ വരാനിരിക്കുന്ന ഒരു വിധിയെ മുന്‍കൂര്‍ നിശ്ചയം ചെയ്യുന്നത് നീതി നിഷേധമാണ്. ആ പദവിക്ക് മഹത്വം കല്‍പിക്കുന്നുണ്ടെങ്കില്‍ അത് കളയലാണ്.

ശശികല എംഎല്‍എ അല്ല എന്നതാണ് രണ്ടാമത്തെ തടസ്സം. ആറ് മാസത്തിനുള്ളില്‍ സഭാംഗമായാല്‍ മതിയെന്ന ജനപ്രാതിനിധ്യനിയമത്തിലെ ഇളവിനെ ഗവര്‍ണര്‍ മറ്റേതോ ലക്ഷ്യത്തിനായി ഇവിടെ ഉല്ലംഘിക്കുന്നു. നിലനില്‍ക്കുന്ന നിയമത്തെ പാടെ റദ്ദ് ചെയ്യുകയാണ് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമ്പോള്‍ ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ എംജിആറിന്റെ മരണശേഷം 1988ല്‍ ഭാര്യ വിഎന്‍ ജാനകിയെയാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും നിയമസഭാ കക്ഷി നേതാവുമായി തെരഞ്ഞെടുത്തത്. അവര്‍ എംഎല്‍എ ആയിരുന്നില്ല. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അത് തടസ്സമായില്ല. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനും അവര്‍ക്കായി. 24 ദിവസം മാത്രമേ ആ സര്‍ക്കാരുണ്ടായുള്ളൂ. രാജീവ്ഗാന്ധിയുടെ കേന്ദ്രസര്‍ക്കാര്‍ 356ാം വകുപ്പ് ഉപയോഗിച്ച് സര്‍ക്കാരിനെ പിരിച്ചുവിട്ടു. അനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ ജാനകി രാമചന്ദ്രന്‍ അപ്രസക്തയായി എന്നത് ചരിത്രം. ജാനകിയുടെ രാഷ്ട്രീയ ഭാവിക്ക് തീര്‍പ്പ് കല്‍പ്പിച്ചത് ജനങ്ങളായിരുന്നു. ഗവര്‍ണര്‍ ജ്യോതിഷിയായി ഗണിച്ച് നിശ്ചയിച്ചതല്ല.

എച്ച്ഡി ദേവെ ഗൗഡ 1996ല്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അദ്ദേഹം പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമല്ലല്ലോ എന്ന ചോദ്യം രാഷ്ട്രപതിയില്‍നിന്ന് ഉണ്ടായില്ല. അക്കൊല്ലം തന്നെ ഇകെ നായനാര്‍ കേരളത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും എംഎല്‍എ അല്ലല്ലോ എന്ന ചോദ്യം കേരള ഗവര്‍ണറും ഉന്നയിച്ചില്ല. ആറുമാസത്തിനകം ജനവിധി നേടണമെന്ന വ്യവസ്ഥ ആലങ്കാരികമായി ഭരണഘടനയില്‍ ചേര്‍ത്തതല്ല. രാഷ്ട്രീയ അനിശ്ചിതത്വവും ഭരണസ്തംഭനവും ഒഴിവാക്കാനുള്ള ഒരു പ്രായോഗിക ഉപായമാണ്. അത് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന അവകാശമാണ്. ശശികലയലാണ് എന്നതിനാല്‍ മാത്രം തമിഴ്‌നാടിന് ആ അവകാശം നിഷേധിക്കപ്പെട്ടുകൂട.

തീരുമാനമെടുക്കേണ്ട ഗവര്‍ണര്‍ ധ്യാനമൗനത്തിലാകരുത്. ജ്ഞാനോദയം ലഭിച്ചിരുന്നില്ലെങ്കില്‍ ഗൗതമബുദ്ധന്റെ ധ്യാനം വ്യര്‍ത്ഥമാകുമായിരുന്നു. ഗവര്‍ണര്‍ക്ക് ആലോചിക്കാം. ഉപദേശം തേടാം. അത് അനന്തമാകരുത്. ഉത്തരം ഉണ്ടാകണം. രാഷ്ട്രീയത്തില്‍ ദീര്‍ഘമൗനത്തിലാകുന്നവര്‍ അപ്രസക്തരാകും. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്ക് മൗനം ഭൂഷണമല്ല. വിദ്വാന് മൗനം ഭൂഷണമെന്നത് അലങ്കാര പ്രയോഗം മാത്രമാണ്. സമസ്യകളെ മറികടക്കാനാകാത്ത നിസ്സഹായപരാജയത്തിനുള്ള ഒരു ബൗദ്ധിക പരിഹാസം. അത് യുക്തിസഹമല്ല. ഗവര്‍ണറുടെ ഈ മൗനം കുതിരക്കച്ചടവത്തിന് അരങ്ങൊരുക്കുന്ന തലപൂഴ്ത്തലാണ്. ജനാധിപത്യത്തിന്റെ പച്ചപ്പില്‍ അത്തരം ഒട്ടകപക്ഷികളുടെ സാന്നിധ്യം അലോസരമാണ്. പലവട്ടം സ്‌ക്രീന്‍ നോക്കി സാധ്യതകള്‍ വിശകലനം ചെയ്ത് തീരുമാനിക്കുന്ന ക്രിക്കറ്റ് മത്സരത്തിലെ തേഡ് അംപയറല്ല ഗവര്‍ണര്‍. അങ്ങനെ നിശ്ചയിക്കേണ്ടതല്ല ജനാധിപത്യത്തിലെ തീര്‍പ്പുകള്‍.

എണ്ണം കൂടുതല്‍ ആരുടെയും പക്ഷത്താകാം. അത് തീരുമാനിക്കേണ്ടത് സഭയിലാണെന്ന കാര്യം സുപ്രിം കോടതി പലവട്ടം വിധികളിലൂടെ കേന്ദ്രസര്‍ക്കാരിനെയും ഗവര്‍ണര്‍മാരെയും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. അതാണ് സുതാര്യത. ജനാധിപത്യമാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്നതല്ല ഗവര്‍ണര്‍ പദവി. പക്ഷെ ആ പദവിയിലിരുന്ന ചെയ്യേണ്ടത് ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുക എന്ന് തന്നെയാണ്. ശശികലയും പനീര്‍ശെല്‍വവും ചെയ്യുന്നതിനേക്കാള്‍ മലീമസമായ രാഷ്ട്രീയമാണ് നിസ്സംഗതയിലൂടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിര്‍വഹിക്കേണ്ട ചുമതലയല്ല വിദ്യാസാഗര്‍ റാവുവിന്റേത്. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തിരിക്കുന്നത് ഇപ്പോള്‍ ഗവര്‍ണറാണ്.