ലോ അക്കാദമി എകെജി സെന്ററിലെ ഇടനാഴിക്കാര്യമല്ല  

February 5, 2017, 11:42 am
ലോ അക്കാദമി എകെജി സെന്ററിലെ ഇടനാഴിക്കാര്യമല്ല  
Editorial
Editorial
ലോ അക്കാദമി എകെജി സെന്ററിലെ ഇടനാഴിക്കാര്യമല്ല  

ലോ അക്കാദമി എകെജി സെന്ററിലെ ഇടനാഴിക്കാര്യമല്ല  

തിരുവനന്തപുരം ലോ അക്കാദമിയിലെ സമരത്തിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയിലൂടെ ഒരു പരിഹാരം ഉണ്ടാകേണ്ടതായിരുന്നു. സങ്കീര്‍ണമായ ഏത് പ്രശ്നത്തിനും പരിഹാരം കണ്ടെത്താനുള്ള ജനാധിപത്യസംവിധാനത്തിലെ അംഗീകൃത മാധ്യസ്ഥനാണ് സര്‍ക്കാര്‍. ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ല. പകരം വിദ്യാര്‍ഥികളോട് ക്ഷോഭിച്ച് മന്ത്രി യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോയി. ക്ഷോഭം ഒരു അതിവൈകാരിക പ്രകടനമാണ്. മാധ്യസ്ഥന്റെ വഴി ക്ഷോഭം കൊണ്ട് ആവലാതിക്കാരുടെ വായടപ്പിക്കലല്ല. അത്തരം ശ്രമങ്ങള്‍ അപക്വമാണ്. അക്കാദമിയിലെ കുട്ടികള്‍ എത്രയോ കാലമായി നേരിട്ട് അനുഭവിക്കുന്ന ഗുരുതര പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് സമരവഴി സ്വീകരിച്ചത്. അതുവരെ അവര്‍ ക്ഷോഭിച്ചിരുന്നില്ല. സഹിക്കുകയായിരുന്നു. ഒരുസാധാരണ സമരമെന്നതില്‍ കവിഞ്ഞുള്ള ഒരുക്ഷോഭവും ഈ ഒരുമാസത്തിനിടയിലും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കാമ്പസില്‍ മാസങ്ങളായി സഹിക്കുന്ന കുട്ടികള്‍ക്കില്ലാത്ത ക്ഷോഭമാണ് അവരുടെ പ്രശ്നങ്ങള്‍ അരമണിക്കൂര്‍ മാത്രം നേരിട്ട് കേട്ടപ്പോള്‍ വിദ്യാഭ്യാസ മന്ത്രിക്കുണ്ടായത്. അങ്ങനെ ക്ഷോഭിക്കാന്‍ മാത്രം ലോ അക്കാദമിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏത് മുട്ടയാണാവോ വിരിയാന്‍ അടവച്ചിരിക്കുന്നത്?

മിതഭാഷിയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ കുഴപ്പങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ പ്രാപ്തനായ ധിഷണാശാലിയായ അധ്യാപകനും എന്നതായിരുന്നു മന്ത്രിയാകുന്ന വേളയില്‍ പ്രൊഫ സി രവീന്ദ്രനാഥിനെ കുറിച്ച് കേട്ട വിശേഷണം. അത് പറഞ്ഞവരുടെ നാവ് പൊന്നായില്ല. ചെമ്പ് എങ്കിലുമാക്കാന്‍ ചര്‍ച്ചയിലൂടെ മന്ത്രിക്ക് സാധിക്കുമായിരുന്നു. ആ സാധ്യതയോടാണ് മന്ത്രിയും അദ്ദേഹം പ്രതിനിധീകരിച്ച സര്‍ക്കാരും മുഖം തിരിച്ചത്. ക്ഷോഭിക്കുന്ന അധ്യാപകനല്ല, സംശയങ്ങളും ആവലാതികളും സമചിത്തതയോടെ കേട്ട് നിവര്‍ത്തിക്കുന്ന അധ്യാപകനാണ് വിദ്യാര്‍ഥികളുടെ ഇടയിലെ ചിരഞ്ചീവി.

പ്രിന്‍സിപ്പാള്‍ ഡോ. ലക്ഷ്മി നായരുടെ സമീപനങ്ങള്‍ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചത്. ഇന്റേണണല്‍ അസസ്മെന്റ് മുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം വരെ അവരുന്നയിച്ചു. പ്രമാണിത്തം കൈവിടാത്ത ലക്ഷ്മിനായരുടെ ജാതിയധിക്ഷേപം എഴുതിനല്‍കി. കാമ്പസിലെ വിവേചനങ്ങള്‍ എണ്ണിപ്പറഞ്ഞു. അന്ന് തന്നെ സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ കേവലം അരമണിക്കൂര്‍ ചര്‍ച്ചയിലൂടെ പരിഹാരമുണ്ടായേനെ. നിസംഗത അനുഗ്രഹമാകുന്ന അപൂര്‍വ്വം സന്ദര്‍ഭങ്ങളിലൊന്നാണിത്. സര്‍ക്കാര്‍ പ്രകടിപ്പിച്ച ആ നിസംഗതയിലൂടെയാണ് ലോ അക്കാദമിക്ക് ഭൂമി പതിച്ചുനല്‍കിയതിലെ ക്രമവിരുദ്ധകാര്യങ്ങളുടെ മറപിടിച്ചയാഥാര്‍ഥ്യങ്ങള്‍ ഇപ്പോഴെങ്കിലും പുറത്തുവന്നത്.

ഒരുസമരമുഖത്ത് ഉണ്ടാകേണ്ട ഒത്തുതീര്‍പ്പുകള്‍ ശാശ്വത പരിഹാരമാകണമെന്ന് നിര്‍ബന്ധമില്ല. അതിനുള്ള വാതില്‍ തുറക്കുന്നതാകണം. സമരം അവസാനിപ്പിക്കാന്‍ അതിലൂടെയേ സാധിക്കൂ. ആവലാതിക്കാരന് നീതി കിട്ടിയെന്ന് ബോധ്യമാകുന്നിടത്തേ അത്തരം പരിഹാരം സാധ്യമാകൂ. ഉത്തരവാദപ്പെട്ട മാധ്യസ്ഥന്‍ ആരോപണവിധേയരായവരുടെ പക്ഷം ചേര്‍ന്നാല്‍ ആവലാതിക്കാരന് സ്വാഭാവിക നീതി നിഷേധിക്കപ്പെടും. ലോ അക്കാദമിയിലെ മന്ത്രിയിടപെട്ട ചര്‍ച്ചയ്ക്ക് ശേഷമുള്ള സാഹചര്യം അതാണ്. അവിടെ പരാതിക്കാര്‍ എസ്എഫ്‌ഐ മാത്രമല്ല. എസ്എഫ്ഐയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തു എന്നതിനാല്‍ മറ്റുള്ളവര്‍ക്ക് പരാതിപ്പെടാനുള്ള അവകാശം പോലുമില്ലെന്ന സമീപനം ഒരു സര്‍ക്കാരിന് ഭൂഷണമല്ല.

പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഡോ. ലക്ഷ്മി നായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റാന്‍ സാധിച്ച ഒരു സമരവിജയത്തിന്റെ പൂമരച്ചോട്ടിലാണ് എസ്എഫ്ഐ. പാതിവഴിയില്‍ വന്ന് വിജയത്തിന്റെ നൂറുമേനി നേരത്തേ ആഘോഷിച്ച് ആരവം മുഴക്കി. മറ്റുള്ളവര്‍ വേര്‍തിരിച്ചെടുത്തപ്പോള്‍ കിട്ടിയത് വിടര്‍ന്ന പൂവിനേക്കാള്‍ അളിഞ്ഞ പൂമൊട്ടുകളും. എസ്എഫ്ഐക്ക് ഇനി ഒരു ഡിമാന്റുമാത്രമേയുള്ളൂ. ഈ ധര്‍മ്മസമരത്തില്‍ മറ്റാരും ജയിക്കരുത്. പുതിയ അവകാശിവന്നാല്‍, നേരത്തെ ഉയര്‍ത്തിയ വെന്നിക്കൊടി താഴ്ത്തിക്കെട്ടേണ്ടിവരും. അതുകൊണ്ട് ആ ജയഭേരി അഭംഗുരം തുടരണം. സാധ്യമാകുന്ന ലക്ഷ്യങ്ങള്‍ ക്ലേശകരമായി എത്തിപ്പിടിക്കുമ്പോഴാണ് സമരങ്ങള്‍ പ്രോജ്വലവിജയമാകുന്നത് എന്നത് ഒരു പ്രായോഗികരാഷ്ട്രീയം. അത് അറിയാത്തവര്‍ക്ക് സുസ്മേര നമസ്‌കാരം എന്നതാവാം ഒരുപക്ഷെ എസ്എഫ്ഐ നിലപാട്. അത് നൈതികത മാറ്റിനിര്‍ത്തിയ അവരുടെ കേവല രാഷ്ട്രീയം. എകെജി സെന്ററില്‍നിന്ന് പറത്തുന്ന ഒരു പട്ടം മാത്രമാണ് എസ്എഫ്ഐ. ചരടുപൊട്ടിച്ച് സ്വയം പറക്കാന്‍ ഇതുവരെയായിട്ടില്ല. ഇനിയൊട്ടാവുകയുമില്ല.

എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തുണ്ടായ ഒരു സമരത്തിന്റെ പരിഹാരമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തത് എകെജി സെന്ററിലായിരുന്നു. സര്‍ക്കാര്‍ ആ ഭാഗത്തേക്ക് ആദ്യ ആഴ്ചകളില്‍ നോക്കിയതേയില്ല. സംഘര്‍ഷമുടലെടുത്തപ്പോഴും ഇടപെട്ടില്ല. മാനേജുമെന്റ് പ്രതിനിധികളെ എകെജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ആലോചിച്ചത്. വിദ്യാര്‍ത്ഥി പ്രശ്നം മാത്രമാണെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ പൊതുപ്രശ്നമാണെന്ന് തിരുത്തിക്കാന്‍ ഭരണപക്ഷത്തുനിന്ന് വിഎസ് അച്യുതാനന്ദനും സിപിഐയും വേണ്ടിവന്നു. വിദ്യാര്‍ത്ഥി പ്രശ്നമായാല്‍ സര്‍ക്കാര്‍ ഇടപെടേണ്ടതില്ലെന്നും എകെജി സെന്ററിലെ ചര്‍ച്ചകളില്‍ തീരുമാനിച്ചാല്‍ മതിയെന്നുമുള്ളത് സിപിഐഎമ്മിന്റെ ഏത് രാഷ്ട്രീയബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഒരു വിദ്യാര്‍ത്ഥിയുടേതായാലും ഒരു പ്രിന്‍സിപ്പാളിന്റേതായാലും ചിലപ്പോള്‍ പൊതുപ്രശ്നമായി മാറും. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് നിര്‍മ്മല്‍ മാധവന്‍ എന്ന ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശനത്തില്‍ സംസ്ഥാനമൊട്ടാകെ പ്രക്ഷോഭവേലിയേറ്റം സൃഷ്ടിച്ച് പൊതുപ്രശ്നമാക്കിയെടുത്തവരാണ് എസ്എഫ്ഐ. അന്നുണ്ടായ സമരമുറിവുകള്‍ ഉയര്‍ത്തിക്കാട്ടി വീരസ്യം പ്രകടിപ്പിക്കുന്ന ഇപ്പോഴത്തെ എംഎല്‍എമാരായ എം സ്വരാജിനും എഎന്‍ ഷംസീറിനും ലോ അക്കാദമിയിലെ സമരം ഇപ്പോള്‍ 'കൊച്ചുകാര്യം' മാത്രമാകുന്നതിനെ പരിഹാസ്യമെന്ന വിശേഷിപ്പിച്ചാല്‍ മതിയാകില്ല.

രാഷ്ട്രീയ നേതൃത്വത്തോടും ഭരണ സംവിധാനത്തോടും ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതാണ് ലോ അക്കാദമി മാനേജുമെന്റ്. മറ്റ് തിരക്കുകള്‍ക്കിടയിലും നിയമബിരുദം സമ്പാദിക്കാനുള്ള സൗകര്യമുള്ള കാമ്പസ്. ഭരണനേതൃത്വത്തിലുള്ളവരെല്ലാം ആ സൗകര്യം എപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങളോട് വിധേയത്വം കാണിക്കുന്നതാകരുത് അതിനുള്ള കൃതജ്ഞത. എല്ലാവരില്‍നിന്നുമായി അത് ലഭിക്കുന്നു എന്നതാണ് അക്കാദമി തലപ്പത്തുള്ളവരുടെ ഹുങ്ക്. നിയമപരമായ പരിമിതികള്‍ പരിചയാക്കിവെച്ചാണ് സിപിഐഎം നേതൃത്വം അക്കാദമിക്ക് ഗര്‍വ് കാണിക്കാനുള്ള സൗകര്യമൊരുക്കുന്നത്. പരിമിതികളെ മറികടക്കാനുള്ള ചുമതലയാണ് ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നതിലൂടെ ജനങ്ങള്‍ നല്‍കുന്നത്. ആ ഉത്തരവാദിത്തം നിറവേറ്റാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എകെജി സെന്ററില്‍വച്ച് ആരോപണ വിധേയരും പരാതിക്കാരിലെ തങ്ങളുടെ ഇളം പൈതലുകളെയും മാത്രം വിളിച്ചുചേര്‍ത്തുണ്ടാക്കുന്ന ഒത്തുതീര്‍പ്പുകള്‍ പുറത്തുള്ളവര്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥരല്ല. ഇടനാഴി ചര്‍ച്ചകളിലെ കൊടുക്കല്‍ വാങ്ങലുകളുടെ ലാഭനഷ്ടം വിധേയത്വത്തോടെ ഏറ്റെടുക്കേണ്ടവരല്ല പുറത്തുള്ളവര്‍. സാമാന്യയുക്തിക്ക് നിരക്കാത്തതാണ് അത്തരം ഒത്തുതീര്‍പ്പുകളെങ്കില്‍ അതിനെ ചോദ്യം ചെയ്തേ പറ്റൂ. മാനേജുമെന്റും എസ്എഫ്‌ഐയും ഉണ്ടാക്കിയ ധാരണ പ്രശ്നപരിഹാരമാകാത്തത് അതുകൊണ്ടാണ്. ആരോപണവിധേയനും പരാതിക്കാരിലെ ഒരാളും മാത്രമുണ്ടാക്കുന്ന അധാര്‍മിക കൂട്ടുകെട്ടായി അത് പരിമിതപ്പെടും. സര്‍ക്കാറിന്റെ മാധ്യസ്ഥത ആവശ്യമുള്ളത് അവിടെയാണ്. ആ ചുമതലയാണ് സര്‍ക്കാര്‍ ഏറ്റെടുക്കാതെ മാറിനിന്നത്.

സങ്കീര്‍ണമായ ഏത് പ്രശ്നങ്ങള്‍ക്കും സാന്നിധ്യം കൊണ്ടും ഒരു നോട്ടത്തിലെ ആജ്ഞാശക്തികൊണ്ടും തീര്‍പ്പുകല്‍പ്പിക്കുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വൈഭവമെന്ന വായ്ത്താരി കേള്‍ക്കാത്തവരുണ്ടാകില്ല. എല്ലാം ശരിയാക്കാനുള്ള മറ്റ് തിരക്കുകളിലേക്ക് ഓടിനടക്കുന്നതിനിടയില്‍ ഭരണകേന്ദ്രത്തിന് തൊട്ടടുത്ത് നടക്കുന്ന ഒരു പ്രശ്നത്തില്‍ മുഖ്യമന്ത്രിക്ക് ഇതിന് മുമ്പേ ഇടപെടാന്‍ സൗകര്യം കിട്ടില്ലായിരിക്കും. എങ്കിലും എല്ലാവരാലും ചാര്‍ത്തിക്കിട്ടി അദ്ദേഹം ഉള്ളാലെ ആസ്വദിച്ച് കൊണ്ടാടുന്ന സ്വതസിദ്ധമായ താന്‍പോരിമാ ഉടയാട അല്‍പനേരം മാറ്റിവെച്ചിരുന്നെങ്കില്‍ അതും സാധ്യമായേനെ. അതുണ്ടായില്ലെന്ന് മാത്രമല്ല, റവന്യൂ മന്ത്രി അന്വേഷണം നടക്കുന്നുവെന്ന് പ്രഖ്യാപിച്ച ഒരു കാര്യത്തില്‍ അത് തിരുത്തി താന്‍ 'സുപ്പര്‍ മുഖ്യമന്ത്രി'യാണെന്ന് ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്തിരിക്കുന്നു. എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുമ്പോള്‍ ആരോപണവിധേയര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി സംരക്ഷിച്ചുനിര്‍ത്തിയ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല മുഖ്യമന്ത്രിയുടെ ഈ സമീപനം.