ആദ്യകമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 60-ാം വാര്‍ഷികത്തില്‍ പിണറായി സര്‍ക്കാര്‍ മകന്‍ നഷ്ടപ്പെട്ട അമ്മയോട് ചെയ്യുന്നത് 

April 5, 2017, 1:45 pm
ആദ്യകമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 60-ാം വാര്‍ഷികത്തില്‍ പിണറായി സര്‍ക്കാര്‍ മകന്‍ നഷ്ടപ്പെട്ട അമ്മയോട് ചെയ്യുന്നത് 
Editorial
Editorial
ആദ്യകമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 60-ാം വാര്‍ഷികത്തില്‍ പിണറായി സര്‍ക്കാര്‍ മകന്‍ നഷ്ടപ്പെട്ട അമ്മയോട് ചെയ്യുന്നത് 

ആദ്യകമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 60-ാം വാര്‍ഷികത്തില്‍ പിണറായി സര്‍ക്കാര്‍ മകന്‍ നഷ്ടപ്പെട്ട അമ്മയോട് ചെയ്യുന്നത് 

ജനാധിപത്യപാതയില്‍ കേരളത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റതിന്റെ അറുപതാം വാര്‍ഷിക ദിനത്തിലാണ് ആഘോഷപൂര്‍വ്വം സ്മരിക്കപ്പെടുന്ന 'കേരളമാതൃകയെ' അവഹേളിച്ച നീതിനിഷേധത്തിന് കേരള ജനത സാക്ഷിയായിരിക്കുന്നത്. ഇടിമുറിയും കൊലവിളിയുമായി നടന്ന സ്വാശ്രയ മാനേജ്‌മെന്റ് നടത്തിയ കൊലയെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിന്റെ രക്തസാക്ഷി ജിഷ്ണു പ്രണോയ് എന്ന പത്തൊമ്പതുകാരന് നീതി വൈകിയതില്‍ പ്രതിഷേധിച്ച അമ്മയെയും കുടുംബാംഗങ്ങളെയും പോലീസ് മനസാക്ഷിയെ മരവിപ്പിക്കും വിധം നേരിട്ടത്. നീതിനിഷേധമെന്ന് തോന്നുന്ന സാഹചര്യത്തില്‍ ജനാധിപത്യമാര്‍ഗ്ഗത്തില്‍ സമരം ചെയ്യുകയെന്ന സ്വാതന്ത്ര്യമാണ് ജിഷ്ണു പ്രണോയുടെ മാതാവ് മഹിജയും കുടുംബാംഗങ്ങളും വിനിയോഗിച്ചത്. അടിയന്തരാവസ്ഥയുടെ ഭീതിതദിനങ്ങളില്‍ കോഴിക്കോട് ആര്‍സിസിയില്‍ നിന്ന് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ രാജന് വേണ്ടി രാപ്പകലില്ലാതെ അലഞ്ഞ ഈച്ചരവാര്യര്‍ എന്ന അച്ഛനൊപ്പമാണ് കേരളാ സമൂഹം ജിഷ്ണു പ്രണോയിയുടെ അമ്മയായ മഹിജയെ ചേര്‍ത്തുവയ്ക്കുന്നത്. പോലീസ് നായാട്ടില്‍ പിടഞ്ഞൊടുങ്ങിയ മകനെ തിരിച്ചുകിട്ടുന്നതിനല്ല അവന് എന്ത് സംഭവിച്ചതാണെന്നറിയാനായിരുന്നു മരണം വരെ ഈച്ചരവാര്യരുടെ യാത്ര.

മകനെ കാണാതെ, അലഞ്ഞുനടന്ന രാജന്റെ അച്ഛന്‍ ഈച്ചരവാര്യരോട് സി അച്യുതമേനോന്‍ സര്‍ക്കാര്‍ കാണിച്ച മനുഷ്യത്വ രാഹിത്യമാണ്, ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ മകന്‍ നഷ്ടപ്പെട്ട മഹിജയോട് കാണിക്കുന്നത്. രണ്ടിലും തെളിയുന്നത് ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം മാത്രം

ജന്മത്വത്തിനെതിരെയും അടിസ്ഥാനവര്‍ഗ്ഗത്തെ നിരന്തരം ചൂഷണം ചെയ്ത അധികാരവാഴ്ചയ്‌ക്കെതിരെയും മഹിജയെ പോലുള്ള ഒരു പാട് അമ്മമാരും അതിസാധാരണക്കാരും നടത്തിയ സഹനസമരങ്ങളുടെ സാക്ഷാല്‍ക്കാരമായിരുന്നു 1957ല്‍ രൂപം കൊണ്ട് ഇഎംസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. ജനാധിപത്യ കേരളത്തിന് പുതിയ ദിശാബോധമേകിയ സര്‍ക്കാരില്‍ നിന്ന് അറുപത് വര്‍ഷത്തിനിപ്പുറം അതേ രാഷ്ട്രീയ പ്രസ്ഥാനം നയിക്കുന്ന പിണറായി സര്‍ക്കാരിലെത്തുമ്പോള്‍ സ്വാശ്രയ കൊലയില്‍ രക്തസാക്ഷിയായ മകന് വേണ്ടി, പത്തൊമ്പത് കാരനോടുള്ള നീതിനിഷേധത്തിനെതിരെ ഒരു അമ്മയ്ക്ക തെരുവിലിറങ്ങേണ്ടി വന്നു. അടിസ്ഥാന വര്‍ഗ്ഗത്തിനെതിരെയുള്ള ചൂഷണങ്ങളെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച, എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാരിന്റെ പോലീസ് ആ അമ്മയെ തെരുവില്‍ വലിച്ചിഴയ്ക്കുന്നു


'അങ്ങ് ജിഷ്ണു പ്രണോയിയുടെ ഫെയ്സ് ബുക്ക് പേജ് ഒന്ന് കാണണം. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നു. അവസാനമായി അവന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇടതുമുന്നണിയുടെ മനുഷ്യചങ്ങലയില്‍ കണ്ണിചേര്‍ന്ന് അനിയത്തിയുടെ കൈയ്യില്‍ ചെങ്കൊടി ചെങ്കൊടി പിടിപ്പിച്ച ഫോട്ടോ ആയിരുന്നു.' ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു. പിണറായി വിജയന്‍ എന്ന നേതാവിലും അദ്ദേഹം നയിക്കുന്ന സര്‍ക്കാരിലും അചഞ്ചല വിശ്വാസമര്‍പ്പിച്ച ചെറുപ്പക്കാരന് നിഷേധിക്കപ്പെട്ട നീതിയില്‍ പ്രതിഷേധിച്ചാണ് അവന്റെ അമ്മയ്ക്ക് നിരാഹാരമിരിക്കേണ്ടി വന്നത്, തെരുവിലിറങ്ങേണ്ടി വന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ജിഷ്ണു പ്രണോയിയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളിലും ഒരു കാര്യം വ്യക്തമാണ്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ നടപ്പാക്കുന്ന മനുഷ്യത്വരഹിത അജണ്ടകള്‍ക്കെതിരെ മുന്നില്‍ നിന്ന് എതിര്‍ത്തയാളാണ് ഈ പത്തൊമ്പതുകാരന്‍. പരീക്ഷയ്ക്ക് തയ്യാറെടുക്കാനും പഠനത്തിനുമായി കൂടുതല്‍ സമയം വേണ്ടതുണ്ടെന്ന് കാട്ടി അത് നേടിയെടുക്കുന്നതിനും ഒപ്പമുള്ളവരെ സംഘടിപ്പിക്കാനും അത് അധികാരകേന്ദ്രങ്ങളിലെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആളായിരുന്നു ജിഷ്ണു. എസ് എഫ് ഐയെയും മാധ്യമങ്ങളെയും വിദ്യാഭ്യാസ മന്ത്രിയെയും ഇക്കാര്യത്തിനായി ജിഷ്ണു സമീപിച്ചിരുന്നു. മികച്ച രീതിയില്‍ പഠിച്ചുമുന്നേറി തന്നെ ലക്ഷ്യങ്ങളിലെത്തുന്നതിന് വേണ്ടിയായിരുന്നു ഈ ശ്രമങ്ങളെന്ന് ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഇഎംഎസ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ ലേഖനമെഴുതിയിട്ടുണ്ട്. നന്മയുടെ മഹാമാതൃക എന്ന തലക്കെട്ടിലാണ് ആ ലേഖനം. ''മുതലാളിത്ത വ്യവസ്ഥയില്‍ സര്‍ക്കാര്‍ സംവിധാനവും പൊലീസും തൊഴിലാളികളെ മര്‍ദിക്കാനുള്ള മുതലാളിമാരുടെ കൈയിലെ ഉപകരണമാണ്. എന്നാല്‍, ആ വ്യവസ്ഥയ്ക്കുള്ളില്‍ അധികാരത്തില്‍വന്ന ഒന്നാം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴിലാളി സമരങ്ങളില്‍ പൊലീസ് ഇടപെടില്ലെന്ന് പ്രഖ്യാപിക്കുകയും ആ നയം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ന്യായമായ സമരങ്ങള്‍ നടത്തുമ്പോള്‍ അതിനെ അടിച്ചമര്‍ത്താനുള്ള ഒരു ഉപകരണമായി പൊലീസിനെ ഉപയോഗിക്കില്ലെന്ന് ഇ എം എസ് മന്ത്രിസഭ പ്രഖ്യാപിച്ചു. പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാര്‍ക്ക് ഇരിക്കാന്‍ ഒരു ബഞ്ച് എല്ലാ സ്റ്റേഷനിലും ഇട്ട പരിഷ്‌കാരവും ഈ സര്‍ക്കാരിന്റേതായിരുന്നു. അതിനെ പരിഹസിച്ചുകൊണ്ടുവന്ന പ്രസംഗങ്ങള്‍ക്കും കാര്‍ട്ടൂണുകള്‍ക്കും കണക്കില്ല. കമ്യൂണിസ്റ്റുകാര്‍ പൊലീസിനെ നിര്‍വീര്യമാക്കുകയാണെന്നും സെല്‍ ഭരണവും കേഡര്‍രാജും അഴിച്ചുവിട്ടിരിക്കുകയാണെന്നും ആക്ഷേപമുയര്‍ത്തി. എന്നാല്‍, ഇത്തരം ആക്ഷേപങ്ങള്‍ക്കു മുന്നില്‍ കൂസാതെ ഇ എം എസ് അന്ന് വ്യക്തമാക്കിയത് ഇപ്രകാരമാണ് 'ട്രേഡ് യൂണിയനുകളുടെയും കൃഷിക്കാരുടെയും മറ്റ് ബഹുജന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തലല്ല പൊലീസിന്റെ ജോലി. മറിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പിടികൂടി ശിക്ഷിപ്പിക്കുകയെന്നതാണ്''. ഈ നയം കേരളത്തിലെ സാമൂഹികജീവിതത്തില്‍ വരുത്തിയ ഗുണപരമായ പരിവര്‍ത്തനം ചെറുതല്ല. ഇതിലൂടെ തൊഴിലാളിവര്‍ഗങ്ങളുടെ ജീവിതപരിതസ്ഥിതി മെച്ചപ്പെടുത്താന്‍ ഉതകുന്ന നയങ്ങള്‍ ആവിഷ്‌കരിക്കാനും നടപടികള്‍ കൈക്കൊള്ളാനും ഒരു സംസ്ഥാന സര്‍ക്കാരിന് സാധ്യമാണെന്ന് ഒന്നാമത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് തങ്ങളുടെ ഭരണനടപടികളിലൂടെ തെളിയിച്ചു''

കേരളത്തെ നവോത്ഥാന പാതയിലേക്ക് നയിച്ച സര്‍ക്കാരിനെ വജ്രജൂബിലി വേളയില്‍ കമാനങ്ങളിലെയും ലേഖനങ്ങളിലെയും നീട്ടിയെഴുത്തുകളിലൂടെയല്ല സ്മരിക്കേണ്ടത്, ആറ് പതിറ്റാണ്ടിനിപ്പുറം ഒന്നാം ജനകീയ സര്‍ക്കാരിന്റെ നേരവകാശികളായി സിപിഐഎം വിലയിരുത്തുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ നയങ്ങളിലാണ് ആദ്യസര്‍ക്കാരിന്റെ തുടര്‍ച്ച അനുഭവപ്പെടേണ്ടത്. ജിഷ്ണുവും ആ കുട്ടിയുടെ അമ്മയും അടിയുറച്ചുവിശ്വസിച്ചിരുന്ന പ്രസ്ഥാനം നയിക്കുന്ന സര്‍ക്കാരിലും പോലീസിലും അവിശ്വാസം തോന്നിയപ്പോഴാണ് മഹിജയെന്ന അമ്മയ്ക്ക് തെരുവിലിറങ്ങേണ്ടി വന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ആക്ഷേപ വിധേയമാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന പോലീസ് വകുപ്പ്. ഇടതുപക്ഷമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സര്‍ക്കാരിന്റെ നയമല്ല ഈ 10 മാസവും കേരളത്തില്‍ നടപ്പിലായത്. മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുകയും അതില്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്ത ഒരു ഡി ജി പി. വ്യവസ്ഥയോട് അവരുടെതായ രീതിയില്‍ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ, ബി ജെ പിയേയും ആര്‍ എസ് എസ്സിനെയും മോഹിപ്പിക്കുന്ന രീതിയില്‍ കിരാത വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയുന്ന സര്‍ക്കാര്‍. ആക്ഷേപമുണ്ടാകുമ്പോള്‍ ഭരണകൂടത്തെക്കുറിച്ചുള്ള ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ്് പുസ്തകങ്ങള്‍ ഉദ്ധരിച്ച് സ്വയംപരിഹാസരാകുന്ന നേതാക്കള്‍. ഇവരെല്ലാവരും ചേര്‍ന്നാണ് ഇന്ന് ഒരു അമ്മയുടെ ദുഃഖത്തെ ലാത്തികൊണ്ടും ബൂട്ട് കൊണ്ടും നേരിട്ടത്. വി എസ് ചിന്തിക്കുന്നത് പോലെ ഇത് സര്‍ക്കാരിനെ നാറ്റിക്കാനുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നീക്കമായി ലഘൂകരിച്ച് കാണാന്‍ കഴിയില്ല. പിണറായി വിജയനെ പോലെ ഒരു നേതാവ് അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നയം നടപ്പിലാക്കാന്‍ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്്‌റ. ഇനി ഒരു ഉപദേശകനെ ആഭ്യന്തര വകുപ്പിലും നിയമിച്ചാല്‍ തീരാവുന്നതല്ല ഈ വകുപ്പ് ഇക്കാലമത്രയും ഉണ്ടാക്കിയ ദുരന്തങ്ങള്‍. തിരുത്തല്‍ പ്രക്രിയ ആലോചിക്കുന്നെങ്കില്‍ ചെയ്യേണ്ടത് പിണറായി വിജയന്‍ ആദ്യം ആഭ്യന്തര വകുപ്പ് ഒഴിയുകയാണ്. ചങ്കുകളുടെ എണ്ണം പറഞ്ഞ് സോഷ്യല്‍മീഡിയയിലും പുറത്തുമുള്ള വൈതാളിക സംഘത്തിന്റെ തന്നാരം പാടലുകളില്‍ അഭിരമിച്ചിരിക്കാനാണ് തീരുമാനമെങ്കില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല.