ഒരു കനാല്‍ പുറമ്പോക്കില്‍, തകര ഷീറ്റിട്ട ഒറ്റമുറി വീട്ടില്‍, ജിഷയെ തനിച്ചാക്കിയ കേരളം

May 3, 2016, 3:51 pm
ഒരു കനാല്‍ പുറമ്പോക്കില്‍, തകര ഷീറ്റിട്ട ഒറ്റമുറി വീട്ടില്‍, ജിഷയെ തനിച്ചാക്കിയ കേരളം
Editorial
Editorial
ഒരു കനാല്‍ പുറമ്പോക്കില്‍, തകര ഷീറ്റിട്ട ഒറ്റമുറി വീട്ടില്‍, ജിഷയെ തനിച്ചാക്കിയ കേരളം

ഒരു കനാല്‍ പുറമ്പോക്കില്‍, തകര ഷീറ്റിട്ട ഒറ്റമുറി വീട്ടില്‍, ജിഷയെ തനിച്ചാക്കിയ കേരളം

ഒരു ദളിത് പെണ്‍കുട്ടി നമുക്കിടയില്‍ അതിദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ അഞ്ചു ദിവസം വേണ്ടിവന്നു കേരളത്തിന് നടുങ്ങാന്‍. അതും ഒരു തെരഞ്ഞെടുപ്പുകാലത്ത്. അയല്‍വാസികള്‍, പൊലീസ്, രാഷ്ട്രീയപാര്‍ട്ടികള്‍, മാധ്യമങ്ങള്‍. ഒരു കൊലപാതകവും അതിന്റെ ഗൗരവവും ദളിതനോട് കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അയിത്തത്തില്‍ ഒരു മാറ്റവും വന്നില്ലെന്ന് തെളിയിക്കുന്നു. ‘മാപ്പ്, ലജ്ജയോടെ തലതാഴ്ത്തുന്നു’ എന്നിങ്ങനെയുള്ള കുമ്പസാരങ്ങള്‍കൊണ്ട് കുറ്റബോധം സ്വയമേറ്റെടുത്തുള്ള ഒരു താല്‍ക്കാലിക ദൗത്യപൂര്‍ത്തികരണം നടത്തും എല്ലാവരും. ഇത്തരം ഏറ്റുപറച്ചിലുകള്‍ മുമ്പും ഉണ്ടായതാണ്. ഒരാഴ്ച ചൊരിയുന്ന അനുകമ്പയ്ക്കപ്പുറം ദളിതരുടെ സാമൂഹിക ജീവിതാവസ്ഥയില്‍ ഒരുമാറ്റവും വരുത്താതെ ഇതും പതിവ് പോലെ ഇല്ലാതാകും.

എന്തുമാത്രം ഒറ്റപ്പെട്ടതാണ് കേരളത്തിലെ ദളിതാവസ്ഥയെന്ന് കാണിക്കുന്നതാണ് പെരുമ്പാവൂരിലെ ജിഷയുടെ ജിവിതവും. ഒരു കനാല്‍ പുറമ്പോക്കില്‍, തകരഷീറ്റിട്ട, വീട് എന്ന് പറയാന്‍ പോലും കഴിയാത്ത നാലുവരി ചുവരാണ് അവരുടെ ‘സുരക്ഷിത’ താവളം.  ആരുമായും അടുപ്പമില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. അവരോട് അടുക്കാന്‍ സമൂഹത്തിന് കഴിയുമായിരുന്നു. അതും ഉണ്ടായില്ലെന്ന് നാട്ടുകാരുടെ വാക്കുകള്‍ തന്നെ തെളിയിക്കുന്നു. അമ്മയുടെ മാനസികാസ്വാസ്ഥ്യം, വഴക്കാളിയായ അമ്മ, അയല്‍വാസികളെ അസഭ്യം പറയുന്ന സ്ത്രീ ഇങ്ങനെ എന്തുകൊണ്ട് തങ്ങള്‍ അടുത്തില്ലെന്ന കാരണത്തിന് ന്യായവാദങ്ങള്‍ ഏറെയുണ്ട് പൊതുസമൂഹത്തിന്. ദളിതല്ലാത്ത കുടുംബമായിരുന്നുവെങ്കില്‍ ഇതേ ചുറ്റുപാടില്‍തന്നെ അവര്‍ക്കൊപ്പം നില്‍ക്കാനും താങ്ങാകാനും ഉണ്ടാകുമായിരുന്നു ഈ പൊതുസമൂഹത്തില്‍ കുറച്ചെങ്കിലും പേര്‍. ദളിതായപ്പോള്‍, അകറ്റിനിര്‍ത്താനുള്ള മറ്റ് അനവധി കാരണങ്ങള്‍ ആദ്യമേ കണ്ടെത്തി അകന്നുമാറി എല്ലാവരും. ഒരു കക്കൂസ് പോലുമില്ലായിരുന്നു ആ കുടുംബത്തിന്. വെളിക്കിരുന്ന് ദിനചര്യ തുടങ്ങിയ അവരെ സമൂഹം വെളിക്ക് പുറത്ത് നിര്‍ത്തുക തന്നെയായിരുന്നു. മരണം, അല്ലെങ്കില്‍ പട്ടിണി ഇത് മുഖ്യചര്‍ച്ചയാകുമ്പോഴാണ് പൊതുസമൂഹത്തിന്റെ ഇടപടെല്‍. അത് കേവലം എത്തിനോക്കല്‍ മാത്രവും.

തെരഞ്ഞെടുപ്പ് കാലമാണ് രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരുമായി ബന്ധപ്പെടുന്ന കാലം. ഒരുമാസം മുമ്പേ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പെരുമ്പാവൂരിലെ എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ജിഷയുടെ ഈ കുടിലിലും എത്തിയിരിക്കണം. അല്ലെങ്കില്‍ അതുവഴി നടന്നുപോയിരിക്കണം. ‘വളരണം ഈ നാട്, തുടരണം ഈ ഭരണം’, ‘എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും’, ‘വഴിമുട്ടിയ കേരളം, വഴികാട്ടാന്‍ ബിജെപി’ എന്നീ പ്രചോദിത മുദ്രാവാക്യങ്ങളടങ്ങിയ ലഘുലേഖകള്‍ ആ കുടിലിലും എത്തിയിട്ടുണ്ടാകും. ദൈന്യതയേറിയ ജീവിതാവസ്ഥയെ കുറിച്ച് നേരിട്ട് മനസ്സിലാക്കിയിട്ടുണ്ടാകണം ഇവരെല്ലാം. അപ്പോഴൊന്നും ഈ കുടുംബം നേരിട്ട ഒറ്റപ്പെടലിന്റെയോ അനുഭവിച്ച ദുരിതജീവിതത്തിന്റെ ആഴത്തെയോ തൊട്ടറിയാന്‍ കഴിഞ്ഞില്ല ഇവര്‍ക്കാര്‍ക്കും. ക്രൂരമായ കൊലപാതകം നടന്നപ്പോള്‍പോലും അതിന്റെ ഗൗരവം മനസ്സിലാക്കി പ്രതികരിക്കാന്‍ അഞ്ച് ദിവസം വേണ്ടിവന്നു.

പത്രമാധ്യമങ്ങള്‍, പ്രാദേശിക ലേഖകരാല്‍ സമ്പുഷ്ടമാണ് കേരളം. ചരമവാര്‍ത്തകള്‍ ഒന്നുപോലും ഒഴിയാതെ റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദേശമുണ്ട് പ്രാദേശിക ലേഖകര്‍ക്ക്. ചരമവാര്‍ത്തയില്‍നിന്ന്  വിലാസം വേര്‍തിരിച്ചെടുത്ത് ആണ്ടോര്‍മകളിലെ ശ്രാദ്ധപരസ്യത്തിനായി  കുടുംബാംഗങ്ങളെ ഓര്‍മ്മിപ്പിച്ച് കത്തെഴുതാറുണ്ട് മുഖ്യധാര പത്രങ്ങള്‍. സ്വാഭാവിക ചരമത്തെ പോലും തുടര്‍ വര്‍ഷങ്ങളിലെ പരസ്യവരുമാനത്തിന്റെ സാധ്യതയായി കൃത്യമായി ബിസിനസ് ആസൂത്രണം ചെയ്യുന്നതിലെ ഉത്സാഹം ഒരു ദളിത് കുടുംബത്തിന്റെ കൊലപാതകത്തോട് കാണിക്കേണ്ടതില്ലെന്ന് നിശ്ചയിച്ചുകാണും. കാരണം, ദളിത് കുടുംബങ്ങള്‍ ശ്രാദ്ധപരസ്യം ചെയ്യാറില്ലല്ലോ. തെരഞ്ഞെടുപ്പ് കാലത്തെ ന്യൂസ് റുമുകള്‍ പൂര്‍ണമായി അതിലേക്ക് പരിവര്‍ത്തനം ചെയ്തതുകൊണ്ട് മാത്രം സംഭവിച്ച ഒരു വിട്ടുപോകലല്ല പെരുമ്പാവൂര്‍ കൊലപാതകം. പൊതുസമൂഹത്തിന്റെ മാനസികാവസ്ഥയുടെ യഥാര്‍ത്ഥ പരിച്ഛേദമാണ് മലയാള മാധ്യമങ്ങളുടെ ചിന്താധാരയും. കാരണം, ദളിതര്‍ പത്രവരിക്കാരുമല്ലല്ലോ.


ഒരുകാര്യം വിസ്മരിക്കരുത്. കൂലിവേലക്കാരിയെന്നും വഴക്കാളിയെന്നും മാനസികാസ്വാസ്ഥ്യമുള്ളവരെന്നും പൊതുസമൂഹം പഴിചാരുന്ന ആ അമ്മയുടെ മകള്‍, ഈ ദുരിതങ്ങള്‍ക്കിടയില്‍ നിയമബിരുദം നേടാനായി വരെ പഠിച്ചുയര്‍ന്നിട്ടുണ്ട്. ആ ജിവിത സമരത്തിന്റെ നൂറയലത്തുപോലും വെക്കാവുന്നതല്ല കേരളത്തിലെ സമൂഹം മേനിനടിക്കുന്ന മറ്റെല്ലാ അവകാശപ്രഖ്യാപനങ്ങളും. സ്വാതന്ത്ര്യവും നീതിയും മുകളില്‍നിന്ന് ഇറ്റുവീഴുന്ന ഔദാര്യമാണെന്ന തോന്നല്‍ ഇപ്പോഴുമുണ്ട് സമൂഹത്തില്‍. ജനാധിപത്യ ഭരണകൂടവും സാമൂഹിക ശ്രേണീഘടനയില്‍ ഉന്നതശീര്‍ഷപട്ടം സ്വയം അമലങ്കരിക്കുന്നവരും ഇപ്പോഴും ധരിച്ചുവെച്ചിരിക്കുന്നത് അങ്ങനെ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ‘ദളിതര്‍ക്കെന്താ  എല്ലാം കൊടുക്കുന്നില്ലേ, എത്ര കൊടുത്താലും അവര്‍ക്ക് ഇങ്ങനയെ ജീവിക്കൂ’ എന്ന സ്ഥിരം തീര്‍പ്പുകളിലെത്തുന്നത്. മേലാള അധികാരത്തിന്റെ മാനസികാവസ്ഥയില്‍നിന്ന് തികട്ടിവരുന്നതാണ് ഇത്തരം ഔദ്ധത്യചിന്ത. ഇതിന്റെ ബഹിര്‍സ്പുരണമാണ് ജിഷയുടെ ജിവിതവും മരണവും അതിനോടുണ്ടായ പ്രതികരണവും.