ഗോവിന്ദ ചാമിയുടെ ഒഴിവാക്കപ്പെട്ട വധശിക്ഷ പുനഃസ്ഥാപിക്കാന്‍ സിപിഐ(എം) ശ്രമിക്കരുത്

September 17, 2016, 5:33 pm


ഗോവിന്ദ ചാമിയുടെ ഒഴിവാക്കപ്പെട്ട വധശിക്ഷ പുനഃസ്ഥാപിക്കാന്‍ സിപിഐ(എം) ശ്രമിക്കരുത്
Editorial
Editorial


ഗോവിന്ദ ചാമിയുടെ ഒഴിവാക്കപ്പെട്ട വധശിക്ഷ പുനഃസ്ഥാപിക്കാന്‍ സിപിഐ(എം) ശ്രമിക്കരുത്

ഗോവിന്ദ ചാമിയുടെ ഒഴിവാക്കപ്പെട്ട വധശിക്ഷ പുനഃസ്ഥാപിക്കാന്‍ സിപിഐ(എം) ശ്രമിക്കരുത്

സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധി ചാനലുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഞാന്‍ മൂന്ന് കാര്യങ്ങള്‍ വ്യക്തമാക്കി.

1. ഹൈക്കോടതി സ്ഥിരീകരിച്ച വധശിക്ഷ സുപ്രീം കോടതി ഒഴിവാക്കിയത് നന്നായി.

2. സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കി ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം സ്ഥാപിക്കാമായിരുന്നു.

3. ബലാത്സംഗത്തിന് ജീവപര്യന്തം തടവ്ശിക്ഷ നല്‍കാമായിരുന്നു.

കൊലക്കുറ്റത്തിനല്ലെങ്കിലും ജീവപര്യന്തം തടവ് തന്നെയാണ് സുപ്രീം കോടതി നല്‍കിയ ശിക്ഷയെന്ന് പിന്നീട് വ്യക്തമായി. എന്നിട്ടും ആര്‍ക്കും തൃപ്തിയായില്ല. തെളിയാത്ത കൊലക്കുറ്റം തെളിയിക്കുന്നതിനും തെളിഞ്ഞ കുറ്റത്തിന് വധശിക്ഷ നല്‍കുന്നതിനുംവേണ്ടി സുപ്രീം കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

കൊലക്കുറ്റം സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞാലും വധശിക്ഷയ്ക്കുവേണ്ടി വാദിക്കരുത്.

1. വധശിക്ഷ പ്രാകൃതവും ഒഴിവാക്കപ്പെടേണ്ടതുമാണ്.

2. നമ്മുടെ ശിക്ഷാനിയമത്തില്‍നിന്നുതന്നെ അത് ഒഴിവാക്കണം.

3. കഴിയുന്നതും വധശിക്ഷ നല്‍കാതിരിക്കുകയെന്നതാണ് സുപ്രീം കോടതിയുടെ നയം.

അതാണ് ശരി. പരിഷ്‌കൃതസമൂഹം വധശിക്ഷയ്‌ക്കെതിരാണ്. ക്രിസ്‌റ്റോഫ് കീസ്‌ലോവിസ്‌കിയുടെ ചെറിയ ഒരു സിനിമയുണ്ട്. (A Short Film About Killing) വധശിക്ഷയാണ് പ്രമേയം. വലിയ പുസ്തകങ്ങളും നോവലുകളും വായിക്കാന്‍ മടിയുള്ളവര്‍ ഈ സിനിമ കണ്ടാല്‍ മതി. വധശിക്ഷയ്ക്കനുകൂലമായ നിലപാടില്‍ മാറ്റം വരും.


സൗമ്യയോട് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു തൂക്കുകയറില്ല എന്ന വാര്‍ത്ത മനോരമ നല്‍കിയത്. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് വ്യക്തമായ നിലപാട് വേണം. നിങ്ങള്‍ വധശിക്ഷയ്ക്ക് അനുകൂലമാണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വേണം. അപ്രകാരം വ്യക്തതയുള്ള പത്രമാണ് ദ ഹിന്ദു. ഓരോ കേസിലും താത്പര്യങ്ങളെ അടിസ്ഥാനമാക്കി നിലപാടില്‍ മാറ്റം ഉണ്ടാകരുത്. അഫ്‌സല്‍ ഗുരുവായാലും അജ്മല്‍ കസബായാലും യാക്കൂബ് മേമനായാലും എന്റെ നിലപാടില്‍ മാറ്റമില്ല.

തങ്ങള്‍ ശരിവച്ച വധശിക്ഷകളില്‍ പതിമൂന്നെണ്ണം തെറ്റായിരുന്നുവെന്ന് പതിന്നാല് മുന്‍ ന്യായാധിപന്മാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കെഴുതിയ അസാധാരണമായ സാഹചര്യമുണ്ടായി. ആ പതിമൂന്നില്‍ രണ്ടു പേരെ തൂക്കിലേറ്റിക്കഴിഞ്ഞിരുന്നു. തിരുത്താന്‍ കഴിയാതെപോയ ഒരു തെറ്റിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടനില്‍ വധശിക്ഷ നിര്‍ത്തലാക്കിയത്.

തൂക്കുമരങ്ങള്‍ ഇലാതാകുന്ന കാലം വരണം. രാഷ്ട്രത്തിന്റെ പ്രതിരോധവും വ്യക്തിയുടെ സുരക്ഷിതത്വവും തൂക്കുകയറില്‍ ഉറപ്പിക്കാനാവില്ല. അവനെ ക്രൂശിക്കുകയെന്ന ആക്രോശത്തില്‍നിന്ന് ആള്‍ക്കൂട്ടത്തെ പിന്തിരിപ്പിക്കണം. വധശിക്ഷയില്‍ സംതൃപ്തിയടയുന്ന സമൂഹത്തിന് എന്തോ പ്രശ്‌നമുണ്ട്.

വധശിക്ഷ സമ്പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് തത്വാധിഷ്ഠിതമായി നിലപാട് സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഐ(എം). പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണത്തില്‍ വ്യത്യസ്തമായ അഭിപ്രായം ഉണ്ടാകരുത്. യാക്കുബ് മേമന്റെ വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട പാര്‍ട്ടി ഗോവിന്ദച്ചാമിയുടെ കാര്യത്തില്‍ ഒഴിവാക്കപ്പെട്ട വധശിക്ഷ പുന:സ്ഥാപിക്കാന്‍ ശ്രമിക്കരുത്.

കൊടുംപാതകിയുടേതായാലും ജീവന്‍ മൂല്യമുള്ളതാണ്. കുറ്റവാളി പരാജിതനാണ്. ഏതു പരാജിതനും രണ്ടാമൂഴത്തിന് അവകാശമുണ്ട്. ഒന്നു പിഴച്ചാലും ഏഴു വരെ ആകാമെന്ന പാഠമാണ് റോബര്‍ട് ബ്രൂസിനെ ചിലന്തി പഠിപ്പിച്ചത്.

പശ്ചാത്തപിക്കുന്നതിനുള്ള അവസരം പാപിക്ക് നല്‍കണം. പശ്ചാത്തപിക്കുന്ന പാപി ചിലപ്പോള്‍ സമൂഹത്തിന് പ്രയോജനമായി മാറിയേക്കാം. അത് അയാളുടെ പ്രായശ്ചിത്തമാകും.

ഗോവിന്ദച്ചാമിക്ക് നല്‍കിയതും നല്‍കാനിരിക്കുന്നതുമായ ഭക്ഷണത്തിന്റെ കണക്ക് പറയുന്നവര്‍ വികലമായ വികല്പങ്ങളിലാണ് കഴിയുന്നത്. കുറ്റവാളികളില്‍നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതുപോലെതന്നെ തടവുകാരെ സംരക്ഷിക്കുകയെന്നതും സ്‌റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്.