രാജീവ് രവി പറഞ്ഞതെന്ത്, ചിലര്‍ കേട്ടതെന്ത്? സൗത്ത്‌ലൈവിന്റെ വിശദീകരണം

December 15, 2014, 5:02 pm
രാജീവ് രവി പറഞ്ഞതെന്ത്, ചിലര്‍ കേട്ടതെന്ത്? സൗത്ത്‌ലൈവിന്റെ വിശദീകരണം
Editorial
Editorial
രാജീവ് രവി പറഞ്ഞതെന്ത്, ചിലര്‍ കേട്ടതെന്ത്? സൗത്ത്‌ലൈവിന്റെ വിശദീകരണം

രാജീവ് രവി പറഞ്ഞതെന്ത്, ചിലര്‍ കേട്ടതെന്ത്? സൗത്ത്‌ലൈവിന്റെ വിശദീകരണം

സംവിധായകന്‍ രാജീവ് രവിയുമായി റോണ്‍ ബാസ്റ്റിയന്‍ നടത്തിയ അഭിമുഖം സിനിമാ മേഖലയിലുണ്ടാക്കിയ ഒച്ചപ്പാടുകള്‍ ഒടുങ്ങും മുമ്പ് ചെറിയൊരു വിശദീകരണം വേണ്ടതുണ്ടെന്ന് തോന്നുന്നു. ‘ ഒരു രാത്രികൊണ്ട് പ്രശസ്തി നേടാന്‍ മാത്രം ഉതകുന്ന മാധ്യമ കളികള്‍’ എന്നും ‘ ഔട്ട് ഓഫ് കോണ്ടക്‌സ്റ്റ് ആയി എഴുതുന്നതാണോ മാധ്യമധര്‍മ്മം? ‘ എന്നും രാജീവിന്റെ ഭാര്യയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഗീതു മോഹന്‍ദാസ് പ്രതികരിച്ചതായി മലയാള മനോരമ തെറ്റായി റിപ്പോര്‍ട്ട് ചെയ്തതു കൂടി കണക്കിലെടുത്താണ് ഇതെഴുതുന്നത്.

ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും അഭിഭാഷകനുമായ റോണ്‍ ബാസ്റ്റിയന്‍ രാജീവ് രവിയുമായി നടത്തിയ അഭിമുഖം ഡിസംബര്‍ 12നാണ് സൗത്ത്‌ലൈവ് പ്രസിദ്ധീകരിച്ചത്. റോണ്‍ സൗത്ത്‌ലൈവിന്റെ സ്റ്റാഫ് ജേണലിസ്റ്റല്ല.( സൗത്ത്‌ലൈവ് ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോളിന്റെ മകനാണ് എന്ന ബന്ധം മറച്ചുവെക്കുന്നുമില്ല.) വ്യക്തിപരമായി രാജീവുമായ അടുപ്പം സൂക്ഷിക്കുന്നയാളാണ് താനെന്ന് റോണ്‍ പറയുന്നു. അഭിമുഖത്തിനിടയിലും അതിനുശേഷം രാജീവ് തിരുത്താനും ഒഴിവാക്കാനും ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും നീക്കിയ ശേഷമാണ് റോണ്‍ ഇത് പ്രസിദ്ധീകരണത്തിന് തന്നത്. റോണ്‍ പറഞ്ഞതനുസരിച്ച് ഒരു ജേണലിസ്റ്റിനെ കൊതിപ്പിക്കുന്ന കുറെയേറെ തലക്കെട്ടുകള്‍ അച്ചടിച്ചുവരാത്തതായി അഭിമുഖത്തിലുണ്ട്. അത് ഞങ്ങളോടും റോണ്‍ പറഞ്ഞില്ല എന്നത് അയാളും രാജീവും തമ്മിലുള്ള വ്യക്തിബന്ധത്തിന് തെളിവായാണ് കാണുന്നത്.

എല്ലാ ഒഴിവാക്കലുകള്‍ക്ക് ശേഷവും തലക്കെട്ടിനു സാധ്യതയുള്ള വാക്യങ്ങളാല്‍ സമൃദ്ധമായിരുന്നു റോണ്‍ നല്‍കിയ അഭിമുഖ പകര്‍പ്പ്. മലയാളസിനിമയിലെ രാഷ്ട്രീയ ശൂന്യതയെക്കുറിച്ച്, ബോളിവുഡിന്റെ മാനസികാടിമത്തത്തെക്കുറിച്ച്, നരേന്ദ്ര മോഡിയുടെ പ്രചാരണത്തില്‍ പെട്ടുപോകുന്ന ഇടത് അനുഭാവികളെക്കുറിച്ച്, മലയാള സിനിമയിലെ ജാതി-മത ക്ലിക്കുകളെ കുറിച്ച് അങ്ങനെ പലതും. ഏതൊരു മാധ്യമപ്രവര്‍ത്തകന്റെ കൈയിലും ഇത്തരമൊരു അഭിമുഖം കിട്ടിയാല്‍ തെരഞ്ഞെടുക്കാവുന്ന തലക്കെട്ട് തന്നെയാണ് ഞങ്ങളും ഇട്ടത്. അതില്‍ ഏതെങ്കിലും ഒരു വിഷയത്തെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തു എന്ന് പറയുന്നത് ശരിയല്ലെന്ന് അഭിമുഖം വായിക്കുന്ന ആര്‍ക്കും മനസ്സിലാകാവുന്നതെയുള്ളൂ. സിനിമയുടെ രാഷ്ട്രീയവല്‍ക്കരണവും അരാഷ്ട്രീയവല്‍ക്കരണവും എന്നിവ ഞങ്ങള്‍ അഭിപ്രായം പറയേണ്ട വിഷയങ്ങളാണെന്ന് കരുതുന്നില്ല. അതു സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് പറയാവുന്ന അഭിപ്രായങ്ങളാണ്. ഞങ്ങള്‍ അത് വായനക്കാരോട് അറിയിക്കുന്നുവെന്നെയുള്ളൂ.

ഇപ്പോള്‍ വിവാദമായിരിക്കുന്ന ശ്രീനിവാസന്‍- മണിരത്‌നം പരാമര്‍ശങ്ങള്‍ റോണ്‍ ചോദിച്ചുണ്ടാക്കിയതല്ല. ബദല്‍ സിനിമാ സാധ്യതകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് വിശാലമായി മറുപടി പറയുന്നതിനിടയില്‍ രാജീവ്, ശ്രീനിവാസന്‍ സിനിമകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം പറയുകയായിരുന്നു. ആ ചോദ്യവും ഉത്തരവും ആവശ്യക്കാര്‍ക്ക് വായിക്കാം:

പലര്‍ക്കും മനസ്സിലുള്ള സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും പ്രായോഗിക ബുദ്ധിമുട്ടുകള്‍ തടസ്സമാകാറുണ്ട്. പരമ്പരാഗത രീതിയില്‍ ആദ്യ സിനിമ ചെയ്ത് ചുവട് ഉറപ്പിച്ചശേഷം ഇഷ്ടമുള്ള രീതിയില്‍ പടമെടുക്കാം എന്ന് പറയുന്നവരുണ്ട്. പക്ഷേ താങ്കളുടെ ആദ്യ ചിത്രം തന്നെ മുഖ്യധാരയ്ക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്നതായിരുന്നു. എന്തുകൊണ്ട്?

അതിന്റെ ഒരു കാരണം ഞാന്‍ 10,15 വര്‍ഷമായിട്ട് ഇന്‍ഡസ്ട്രിയില്‍ ഉള്ള ഒരാളാണ് എന്നതായിരിക്കും. ഞാന്‍ ബോളിവുഡിലും, മലയാളത്തിലും, തമിഴിലുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്.  എനിക്ക് പരിചയമുണ്ട്. ഗുഡ്‌വില്ലുണ്ട്. ചെലവ് കുറച്ച് പടമെടുക്കാന്‍ അറിയാം. പിന്നെ അതുമാത്രമല്ല, ആദ്യം ചുവടുറപ്പിക്കാന്‍ ഒരു സിനിമ ചെയ്യുക എന്നു പറയില്ലേ, അത് വലിയ കെണിയാണ്. എണ്‍പതുകളില്‍ പറഞ്ഞിരുന്നത് സിസ്റ്റത്തെ തോല്‍പിക്കണമെങ്കില്‍ പുറത്തു നിന്നിട്ട കാര്യമില്ല, അതിനുളളില്‍ നിന്ന് ഫൈറ്റ് ചെയ്യണം എന്നാണ്. ജോണ്‍ എബ്രഹാമിനെ ഉദാഹരണമായി പറയും. ‘കുടിച്ചു മരിച്ചില്ലേ’, എന്നൊക്കെ പറയും. പണ്ട് പാര്‍ടിക്കാരും ഇത് തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്ററി ഡെമോക്രസിയുടെ ഉള്ളില്‍ കയറി നിന്ന് വേണം അതിനെ വിപ്ലവംത്തിലേക്ക് കൊണ്ടുവരാനെന്ന്. എന്നിട്ട് നടന്നോ? ഇല്ലല്ലോ. അതിനകത്ത് പെട്ടുപോയി. ഞാന്‍ പണ്ട് നേപ്പാളില്‍ മാവോയിസ്റ്റുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പോയി 10 ദിവസം താമസിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞത് ‘ഞങ്ങള്‍ക്ക് 8 ദിവസം, 8 ആഴ്ച, 8 മാസം, 8 കൊല്ലം... ഇത്രയും സമയം  കൊണ്ട് വേണമെങ്കില്‍ കാഠ്മണ്ഢു പിടിച്ചെടുക്കാം. പക്ഷേ, എങ്ങനെ രാജ്യം ഭരിക്കണമെന്നും, സിസ്റ്റം നടത്തണമെന്നും ഞങ്ങള്‍ പഠിക്കുകയാണ്.’ എന്നിട്ടെന്തു പറ്റി? അധികാരം അവരെ കറപ്റ്റ് ചെയ്ത് നശിപ്പിച്ചു കളഞ്ഞു. ഇപ്പോ അവിടെ മൂന്നായിട്ടാണ് അവര്‍ നില്‍ക്കുന്നത്. ഭട്ടാറായ് ലെഫ്റ്റ്, പ്രചണ്ഡ സെന്റര്‍, ഗൗരവ് ലെഫ്റ്റ്. പല ഗ്രൂപ്പുകളായി ചിതറിപ്പോയി. അവരുടെ കയ്യില്‍ പോലും ബദല്‍ മാര്‍ഗങ്ങളില്ല. സിസ്റ്റം ഭയങ്കര ഒഴുക്കുള്ള ഒരു മെഷീനാണ്. ചാപ്ലിന്റെ സിനിമയില്‍ കാണിക്കുന്നതുപോലെ അതിന്റെ ഉള്ളില്‍ കയറിയാല്‍ നമ്മള്‍ പെട്ട് പോകും. ഇതിന്റെ പുറത്ത് നിന്ന് വേണം നമ്മള്‍ കളിക്കാന്‍. അല്ലെങ്കില്‍ അതിന്റെയുളളില്‍ നിന്ന് അതിനെ ചീറ്റ് ചെയ്യാന്‍ പഠിക്കണം. അത്രയും മിടുക്കുണ്ടാകണം.

ഞാന്‍ അന്നയും റസൂലിലും ശ്രമിച്ചതെന്താണെന്നുവെച്ചാല്‍, ഉള്ളില്‍ നിന്ന് കൊണ്ട് എനിക്ക് കിട്ടുന്ന സൗകര്യങ്ങളുപയോഗിച്ചു. ഞാന്‍ വിളിച്ചാല്‍ ഫഹദ് ഫാസില്‍ അഭിനയിക്കാന്‍ വരും. എന്നിട്ട് എന്റെ രീതിയില്‍ ഒരു സിനിമ ചെയ്ത് വിജയിക്കുമോയെന്ന് നോക്കാമെന്ന് വിചാരിച്ചു. അന്നയും റസൂലും വിജയിച്ചു. പക്ഷേ കാശുണ്ടാക്കിയത് വേറെ ആള്‍ക്കാരാണ്. സ്റ്റീവ് വിജയിച്ചില്ല. എന്നാലും ഇനിയും സിനിമ ചെയ്യാനുളള ഒരു ഫുട്‌ഹോള്‍ഡ് എനിക്ക് കിട്ടി. ചിലപ്പോ ഞാന്‍ ഇന്‍ഡസ്ട്രിക്കാരന്‍ ആയതുകൊണ്ടായിരിക്കാം എനിക്കതു സാധിച്ചത്. മറ്റു പലര്‍ക്കും പറ്റിയെന്ന് വരില്ല അത്. പക്ഷേ, ആദ്യമായിട്ട് ഒരു ഫോര്‍മുല ചിത്രം ചെയ്താല്‍ പിന്നെയതില്‍ നിന്ന് പുറത്തുവരാന്‍ പറ്റില്ല. അങ്ങനെ ചെയ്ത ആരെങ്കിലുമുണ്ടോ? ആരുമില്ല. പിന്നെയും, പിന്നെയും ആ ഫോര്‍മുല തന്നെ ചെയ്തുകൊണ്ടിരിക്കണം. എനിക്കതില്‍ ഇന്‍സ്പയറിങ് ആയി തോന്നിയിട്ടുളളത് ജോണ്‍ എബ്രഹാം മാത്രമാണ്. നമുക്ക് ഇന്ത്യയില്‍ ആകെയുളള ഒരു ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കറാണദ്ദേഹം. വിക്കിപീഡിയയും അതുതന്നെയാണ് പറയുന്നത്. അയാളുടെ സിനിമയും, അതുണ്ടായ രീതിയും അങ്ങനെയായിരുന്നു. സിനിമ കാണിച്ചതും അങ്ങനെ തന്നെയായിരുന്നു. ഹോളിവുഡ് തൊട്ട് എക്‌സിബിറ്റേഴ്‌സ് ആണ് പവര്‍പോയിന്റ്.  അവരാണ് നിയന്ത്രിക്കുന്നത്. ആ തിയേറ്ററുകളിലേക്ക് നമ്മള്‍ സിനിമ കൊടുക്കാന്‍ പോയാല്‍ തീര്‍ന്നു.

നമ്മള്‍ ബദലുകള്‍ കണ്ടുപിടിക്കണം. ബദലായിട്ട് നമുക്ക് മുന്നിലുളളത് ഡിജിറ്റലാണ്. ഡിജിറ്റലും പക്ഷേ അവര്‍ അവിടെ ഇവിടെയൊക്കെ ബ്‌ളോക്ക് ചെയ്തുവെച്ചിരിക്കുകയാണ്. മൊത്തം എനിക്ക് പിടി കിട്ടുന്നില്ല. പക്ഷേ, എന്തൊക്കെയോ കുനിഷ്ഠ് ഉണ്ട് അതിനകത്ത്. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ബദല്‍ വിതരണശ്യംഖല ഉണ്ടാക്കാനാണ്. അതായത് ആള്‍ക്കാരിലേക്ക് നേരിട്ട് സിനിമ എത്തിക്കുക. തീയേറ്ററിലേക്ക് പോയിട്ട് ഒരു കാര്യവുമില്ല. അങ്ങോട്ട് വിളിക്കുന്ന അതേ സ്‌നേഹത്തോടെ മൂന്നാമത്തെ ദിവസം അവന്‍മാരത് എടുത്ത് മാറ്റുകയും ചെയ്യും. പിന്നെ സിനിമ ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷനില്‍ ഉണ്ടായ സാധനമാണ്. എന്തൊക്കെ പറഞ്ഞാലും ഇന്‍ഡസ്ട്രിയുടെ ഒരു ഉല്പന്നമാണ്. അതിനെ ഒരു ആയുധമാക്കി മാറ്റുക. അവിടെ നിന്ന് അതിനെ സോഷ്യല്‍ ക്രിട്ടിക് ആയി അതിനെ ഉപയോഗിക്കുക എന്നൊക്കെ പറയുന്നത്..... വളരെ സങ്കീര്‍ണ്ണമായ ഒരു ഇടമാണത്. ശ്രീനിവാസന്റെ സിനിമകള്‍ എനിക്ക് ഭയങ്കര വെറുപ്പാണ്. അന്നും, ഇന്നും. മിഡില്‍ക്ലാസിന്റെ ചില സംഗതികള്‍ എടുത്തിട്ട് അതിനെ ചൂഷണം ചെയ്യുകയാണ്. വല്ലാത്തൊരു ഡെക്കഡെന്റ് സംഭവമല്ലേ അയാള്‍ പറയുന്നത്? അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടായോ സമൂഹത്തിന്? ഇല്ലല്ലോ? വെറുതേ പാര്‍ടിക്കാരെ കുറേ ചീത്ത പറഞ്ഞു, മറ്റു ചിലരെ കുറേ ചീത്ത പറഞ്ഞു. എന്നിട്ടയാള്‍ പൈസയുണ്ടാക്കി വീട്ടില്‍പോയിരുന്നു. അതുകൊണ്ടെന്ത്?’

എന്നാല്‍ ശ്രീനിവാസന്റെ മക്കള്‍ ഈ അഭിമുഖത്തോട് പ്രതികരിച്ചത് വല്ലാതെ വൈകാരികമായാണ്. വിനീതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:

‘സ്‌ക്രിപ്റ്റ് ഇല്ലാതെ സിനിമ എടുക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്നു കേട്ടു. ആശയം വിപ്ലവകരമാണ്. സ്‌ക്രിപ്റ്റ് എഴുതി ആയുസ്സിന്റെ ഒരു നല്ല ഭാഗം നഷ്ടപ്പെടുത്തേണ്ടല്ലോ. ഈ പുതിയ വിദ്യ ഒന്നു പഠിച്ചാല്‍ കൊള്ളാം. ഒപ്പം, ചുവരില്ലാതെ ചിത്രം വരക്കാനും തറ കെട്ടാതെ വീടുണ്ടാക്കാനും കൂടി ആരെങ്കിലും ഒന്നു പഠിപ്പിച്ചു തരുമോ?

അടിക്കുറിപ്പ് : വിഘടനവാദികളും പ്രതിക്രിയാവാദികളും കൂടി എന്നെ തെറി വിളിക്കരുത്. ഞാന്‍ ഒരു പാവമാണ്. എന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയ ചില ചോദ്യങ്ങള്‍ പങ്കു വെച്ചു എന്നേ ഉള്ളൂ!!’

വിനീതിന്റെ കുറിപ്പ് ഇവിടെകൊണ്ട് അവസാനിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചുപോവുകയാണ്. കാരണം, രാജീവ് രവിക്കെന്നപോലെ വിനീതിനും അദ്ദേഹത്തിന് പറയാനുള്ളത് പറയാന്‍ കഴിയണം. എന്നാല്‍ അടുത്ത വാക്യത്തില്‍ ‘ശ്രീനിവാസന്റെ മകന്‍ ഒപ്പ്’  എന്ന് വിനീത് എഴുതുന്നതോടെ ചര്‍ച്ച വഴി തെറ്റി. അതാണ് ശ്രീനിവാസനോട് ചെയ്ത യഥാര്‍ത്ഥ അനീതി. അച്ഛനെ പറഞ്ഞാല്‍ ആരു സഹിക്കും എന്ന് വിനീതിന്റെ അനിയന്‍ കൂടി ചോദിച്ചതോടെ ഈ പ്രശ്‌നം കൈവിട്ടുപോയി. ‘ഉദയനാണ് താരം’ പോലൊരു സിനിമയുടെ പേരിലെങ്കിലും മക്കള്‍ അച്ഛനെ ഓര്‍ക്കണമായിരുന്നു.

ശ്രീനിവാസനും മണിരത്‌നത്തിനും അപ്പുറം, മലയാള സിനിമയുടെ അരാഷ്ട്രീയ അരങ്ങുകളെക്കുറിച്ചുള്ള ഗൗരവമേറിയ ഒരു ചര്‍ച്ചയ്ക്ക് രാജീവിന്റെ അഭിമുഖം വഴിവെക്കേണ്ടതായിരുന്നു. ഒരു തൊഴുത്തില്‍ ഉറങ്ങുന്നവര്‍ പരസ്പരം പൊറുക്കണം എന്ന ലളിതയുക്തിവച്ച് ഇത്തരം ചര്‍ച്ചകളെ തടഞ്ഞിടുകയാണ് മലയാള സിനിമ ചെയ്യുന്നത്. അതിലൊരു മാറ്റമായിരുന്നു രാജീവിന്റെ അഭിമുഖം. രാജീവിനോടുള്ള വ്യക്തിപരമായ കരുതലോടെ ഒരു എഴുത്തുകാരന്‍ തയ്യാറാക്കിയ അഭിമുഖമാണ് ഞങ്ങള്‍ പ്രസിദ്ധീകരിച്ചത്. അത് മുഴുവന്‍ സമയം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രാജീവ് രവിയും റോണ്‍ ബാസ്റ്റിയനും തീരുമാനിച്ചാല്‍ ആ ശബ്ദരേഖ പ്രസിദ്ധീകരിക്കാന്‍ സൗത്ത്‌ലൈവിന് സന്തോഷമേയുള്ളൂ.

ഇനി അവശേഷിക്കുന്നത് ഗീതുമോഹന്‍ദാസ് പറഞ്ഞതായി മലയാള മനോരമ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത ചില കാര്യങ്ങളാണ്. മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു:

ശ്രീനിവാസനെക്കുറിച്ചു രാജീവ് രവി പറഞ്ഞതൊന്നും സത്യസന്ധമായ വാര്‍ത്തകളല്ലെന്ന് രാജീവിന്റെ ഭാര്യയും സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. രാജീവ് പറഞ്ഞ കാര്യങ്ങള്‍ വളച്ചോടിച്ചതാവാനാണ് സാധ്യതയെന്നും അവര്‍ പറഞ്ഞു.

ഒരു വ്യക്തി ഒരു മാധ്യമത്തോടു സംസാരിച്ച കാര്യങ്ങള്‍ വളച്ചൊടിച്ചു ‘ഔട്ട് ഓഫ് കോണ്ടക്‌സ്റ്റ് ആയി എഴുതുന്നതാണോ മാധ്യമ ധര്‍മ്മം? ഒരു രാത്രി കൊണ്ടു പ്രശസ്തി നേടാന്‍ മാത്രം ഉതകുന്ന ഇത്തരം മാധ്യമ കളികള്‍ തീരെ തണംതാഴ്ന്നതാണ്. വ്യക്തികളുടെ ഇമോഷണല്‍ സെന്റിമെന്റ്‌സിനെ ആക്രമിക്കുന്ന രീതിയിലുള്ള ഇത്തരം മാധ്യമ പ്രവര്‍ത്തികളോട് എനിക്കെതിര്‍പ്പാണ്- ഗീതു പറഞ്ഞു.

കേവല പ്രശസ്തിക്കു വേണ്ടി മാധ്യമങ്ങള്‍ എന്തെങ്കിലും എഴുതുമ്പോള്‍ അതിനെതിരെ എടുത്തുചാടി പ്രതികരിക്കുന്നത് പക്വതയില്ലായ്മയാണ്. അങ്ങനെ ചെയ്തവര്‍ വസ്തുതകളുടെ ആധികാരികത അന്വേഷിച്ചിട്ടു വേണമായിരുന്നു പ്രതികരിക്കാന്‍. ഗീതു കൂട്ടിച്ചേര്‍ത്തു.

സിനിമയെടുക്കും മുമ്പ് സ്‌ക്രിപ്റ്റ് കത്തിച്ചു കളയണമെന്നും ശ്രീനിവാസന്റെ സിനിമകളെ വെറുപ്പാണെന്നും രാജീവ് പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ വിനീത് ശ്രീനിവാസന്‍ ഉള്‍പ്പടെ പലരും രംഗത്ത് വരുകയും ചെയ്തിരുന്നു.

മലയാള മനോരമയില്‍ അല്ലാതെ മറ്റെവിടേയും ഈ വാര്‍ത്ത കണ്ടില്ല. ഇത് മനോരമ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിക്കുന്നതിനിടയില്‍ തന്നെ ഗീതുവിന്റെ വിശദീകരണം വന്നു. അത് ഇങ്ങനെയായിരുന്നു.

മലയാള സിനിമയില്‍ രാഷ്ട്രീയ ഉള്ളടക്കം പുലര്‍ത്തുന്ന ചുരുക്കം സംവിധായകരില്‍ ഒരാളായ രാജീവ് രവി പറഞ്ഞ കാര്യങ്ങള്‍ അതിന്റെ സാമൂഹികപ്രസക്തി മുന്‍നിര്‍ത്തി പ്രസിദ്ധീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. സൗത്ത്‌ലൈവ് പോലെ മലയാള മാധ്യമരംഗത്തെ ഏറ്റവും ചെറിയതും പുതിയതുമായൊരു സംരഭത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ മനോരമ പോലൊരു വലിയ സ്ഥാപനം എന്തിന് ശ്രമിച്ചു എന്നാണ് ഇനി വിശദീകരിക്കപ്പെടേണ്ടത്. ഈ വിവാദത്തിലെ തീര്‍പ്പ് ഞങ്ങള്‍ വായനക്കാര്‍ക്ക് വിടുകയാണ്.