വഞ്ചിയൂര്‍ വഴിയും ഫാഷിസത്തിന് കടന്നു വരാം  

June 14, 2017, 11:37 am
വഞ്ചിയൂര്‍ വഴിയും ഫാഷിസത്തിന് കടന്നു വരാം  
Editorial
Editorial
വഞ്ചിയൂര്‍ വഴിയും ഫാഷിസത്തിന് കടന്നു വരാം  

വഞ്ചിയൂര്‍ വഴിയും ഫാഷിസത്തിന് കടന്നു വരാം  

കോടതികളില്‍ അഭിഭാഷകര്‍ ഏര്‍പ്പെടുത്തിയ അന്യായമായ മാധ്യമഉപരോധം ആണ്ടറുതിയിലെത്തുമ്പോഴും അയവില്ലാതെ തുടരുന്നുവെന്നാണ് തിരുവനന്തപുരത്തുനിന്ന് കേട്ട വാര്‍ത്ത സൂചിപ്പിക്കുന്നത്. സൗത്ത്‌ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റിയന്‍ പോള്‍ ഉള്‍പ്പെടെ 55 പേര്‍ക്കെതിരെ ഒരു അഭിഭാഷകന്‍ വഞ്ചിയൂര്‍ കോടതിയില്‍ ഫയല്‍ചെയ്ത അപകീര്‍ത്തിക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ ഒന്‍പത് അഭിഭാഷകരെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തതായാണ് വാര്‍ത്ത. വീക്ഷണത്തെ പ്രതിനിധീകരിക്കുന്ന പി ടി തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്. നിയമസഹായം ഏതു പ്രതിയുടെയും ഭരണഘടനാപരമായ അവകാശമാണ്. അത് ആര്‍ക്കും നിഷേധിക്കരുതെന്ന് അഭിഭാഷകരോട് നിയമം ആജ്ഞാപിക്കുന്നു. മൗലികമായ ഈ തത്വം വിസ്മരിക്കുന്ന അഭിഭാഷകര്‍ നിയമവാഴ്ചയുടെ അടിത്തറയാണ് തോണ്ടുന്നത്.

നിയമത്തിന്റെ കാലാള്‍പ്പടയാണ് അഭിഭാഷകര്‍. അവര്‍ സംഘം ചേര്‍ന്ന് ഫാഷിസ്റ്റ് പ്രവണത കാണിക്കുന്നത് വലിയ അപകടമാണ്. സെബാസ്റ്റിയന്‍ പോളിന് നെയ്യാറ്റിന്‍കര കോടതിയിലും ഇതേ അനുഭവമുണ്ടായി. അവിടെ വക്കാലത്തിട്ട വനിതാ അഭിഭാഷകയ്ക്ക് സമ്മര്‍ദം സഹിക്കാനാവാതെ ഒഴിയേണ്ടിവന്നു. അഭിഭാഷകരുടെ സംഘടിതമായ വിധ്വംസകപ്രവൃത്തി തടയുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്വം ബാര്‍ കൗണ്‍സിലിനുണ്ട്. കേരളത്തില്‍ അഡ്വക്കറ്റ് ജനറല്‍ നേതൃത്വം നല്‍കുന്ന മാര്‍ക്‌സിസ്റ്റ് ആഭിമുഖ്യമുള്ള അഭിഭാഷകസംഘടനയാണ് അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍. നിയമവാഴ്ച വെല്ലുവിളിക്കപ്പെടുമ്പോള്‍ ഇടപെടുന്നതിനുള്ള ഉത്തരവാദിത്വം ലോയേഴ്‌സ് യൂണിയനുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ക്കെതിരെ എല്ലാവരും ഒരുമിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഫാഷിസത്തിന് കടന്നുവരാന്‍ നിരവധി വാതിലുകളുണ്ട്. അടുക്കള അതിലൊന്നു മാത്രം. എല്ലാ വാതിലുകളിലും കരുതലുണ്ടാകുമ്പോള്‍ ദ്വാരപാലകരാകേണ്ട അഭിഭാഷകര്‍ അറിയാത്ത വാതിലുകള്‍ തുറന്നുകൊടുക്കുന്നത് കഷ്ടമാണ്. ഇപ്രകാരം തുറന്നുകൊടുക്കപ്പെട്ട വാതിലിലൂടെയാണ് പണ്ട് ട്രോജന്‍ കുതിര അകത്തുകടന്നത്. അഭിഭാഷകരുടെ ആക്രമണം ഭയക്കാതെ തന്നെ സമീപിച്ച കക്ഷിയുടെ വക്കാലത്തിട്ട കീര്‍ത്തി ഉമ്മന്‍ രാജന്‍ എന്ന യുവ അഭിഭാഷക ഉള്‍പ്പെടെയുള്ളവരുടെ തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശത്തെയാണ് അഭിഭാഷകര്‍ സംഘംചേര്‍ന്ന് നിഷേധിക്കുന്നത്. ഈ അവകാശനിഷേധത്തിനെതിരെ ഉറച്ചുനിന്ന് പൊരുതുന്നതിനുള്ള ചരിത്രപരമായ ഉത്തരവാദിത്വം വഞ്ചിയൂരിലെ ഒന്‍പത് അഭിഭാഷകര്‍ക്കുണ്ട്. പൊതുസമൂഹം അവര്‍ക്കൊപ്പമുണ്ടാകണം.