ഒരു മലിന രാഷ്ട്രീയത്തെ കേരളം കുഴിച്ചുമൂടുമ്പോള്‍

May 19, 2016, 11:20 am
ഒരു മലിന രാഷ്ട്രീയത്തെ കേരളം കുഴിച്ചുമൂടുമ്പോള്‍
Editorial
Editorial
ഒരു മലിന രാഷ്ട്രീയത്തെ കേരളം കുഴിച്ചുമൂടുമ്പോള്‍

ഒരു മലിന രാഷ്ട്രീയത്തെ കേരളം കുഴിച്ചുമൂടുമ്പോള്‍


14-ാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നിരിക്കുന്നു. സി.പി.ഐ.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി 90 സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് തീരുമാനമായിരിക്കുന്നു. ഈ ജനവിധി മറ്റെന്തിനേക്കാളുമേറെ സ്വന്തം അഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിന് കേരളത്തിലെ വോട്ടര്‍മാര്‍ കാത്തുവച്ച വിധി തീര്‍പ്പാണ്. ഇത് പിണറായി വിജയനു വേണ്ടിയോ വി.എസ്. അച്യുതാനന്ദനുവേണ്ടിയോ ഉയര്‍ന്ന ആരവമല്ല. ഇത് സുധീരനോടോ രമേശ് ചെന്നിത്തലയോടോ ഉള്ള ഈര്‍ഷ്യയുമല്ല. ദേഹത്താകെ പടര്‍ന്ന പോലെ മലയാളികളെയാകെ അസ്വസ്ഥമാക്കിയ ഒരു രാഷ്ട്രീയ മാലിന്യത്തെ കഴുകിക്കളയാനുള്ള ആദ്യ അവസരം മലയാളികള്‍ വിനിയോഗിക്കുകയായിരുന്നു. പച്ചില കൂട്ടിപ്പിടിച്ച് ഓരത്തേക്ക് കളയേണ്ട ആ ജീര്‍ണതയ്ക്ക് നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവാണ്.

രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ, പത്തിലധികം തവണ ഒരേ പ്രദേശത്തു നിന്ന് ജനപ്രതിനിധിയായ ഒരാളും അയാളുടെ രാഷ്ട്രീയ പ്രതിനിധാനവും ഇങ്ങനെ വിവരിക്കപ്പെടുന്നത് ഖേദകരമാണ്. പക്ഷേ, പറയാതെ വയ്യ. കാരണം, കേരളത്തിന്റെ രാഷ്ട്രീയ മനോഭാവത്തെ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലം അത്രമേല്‍ അധമമാക്കിയിരിക്കുന്നു. ഒരു നാടിന്റെ അന്തസിനെ ആ രാഷ്ട്രീയം മുറിവേല്‍പ്പിച്ചിരുന്നു.

2011-ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. അധികാരത്തില്‍ വന്നത് നിര്‍ണ്ണായകമായ ഒരു ജനവിധിയുടെ പിന്തുണയോടെയല്ല. മൂന്നു മണ്ഡലങ്ങളിലായി 1000 വോട്ട് മറിഞ്ഞിരുന്നെങ്കില്‍ 2011ല്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ഉറപ്പായിരുന്നു. അത്രയ്ക്ക് സൂക്ഷ്മവും ദുര്‍ബലവുമായ ഒരു ജനഹിതത്താല്‍ അധികാരത്തിലേറിയ സര്‍ക്കാരിന് കരുത്തും ഈടും നല്‍കേണ്ടിയിരുന്നത് ഭരണത്തിന്റെ സുതാര്യതയും അതിന് നേതൃത്വം നല്‍കുന്നവരുടെ നീതിഷ്ഠയുമായിരുന്നു. എന്നാല്‍, രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിലെ ഒട്ടും നീതി ബോധമില്ലാത്ത മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറി. നമ്മുടെ മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ധാരയിലുള്ളവര്‍ പോലും ഉയര്‍ത്തിപിടിച്ച മിനിമം ധാര്‍മ്മികത ഉമ്മന്‍ചാണ്ടി തുടക്കം മുതല്‍ കൈവിട്ടു. ഭാവിയില്‍ ഭരണത്തിലിരുന്ന് ഏത് അപരാധം ചെയ്യുന്നവര്‍ക്കും കടിച്ചുതൂങ്ങാനും പിടിവള്ളിയാക്കാനും പോന്ന ഡസന്‍ കണക്കിന് മുന്‍വഴക്കങ്ങളും ഉദാഹരണങ്ങളും ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചു.

കേസുകളും ഉദാഹരണങ്ങളും വിസ്തരിക്കേണ്ടതില്ല. കാസര്‍ഗോഡ് വെടിവെപ്പ് കേസ് അന്വേഷിക്കാന്‍ നിയുക്തമായ ജുഡിഷ്യല്‍ കമ്മീഷനെ പിരിച്ചുവിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി ഭരണം തുടങ്ങിയത്. കമ്മീഷനായി പ്രവര്‍ത്തിച്ച ന്യായാധിപനുമേല്‍ സ്വന്തം കിങ്കരന്മാരെ കൊണ്ട് അധിക്ഷേപം ചൊരിഞ്ഞാണ് കേരളത്തിന്റെ മുഖ്യമന്ത്രി ആ അധാര്‍മ്മികതയെ ന്യായീകരിച്ചത്. അധികം വൈകാതെ പാമോലിന്‍ കേസിന്റെ അന്വേഷണത്തിന്റെ സാധുത സംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിധി വന്നു. കാസര്‍ഗോഡ് കമ്മീഷനു നേരെ കാണിച്ച അതേ തന്ത്രം ഉമ്മന്‍ചാണ്ടിയുടെ വാലാത്തന്മാര്‍ വിജിലന്‍സ് കോടതി മജിസ്‌ട്രേറ്റിനോടും കാണിച്ചു. സ്വന്തം കയ്യിലിരുന്ന വിജിലന്‍സ് വകുപ്പ്, തോട്ടക്കാരനായ തിരുവഞ്ചൂരിനെ ഏല്‍പ്പിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി ജനത്തെ കളിയാക്കി. അധികം വൈകാതെ സോളാര്‍ കേസ് പുറത്തായി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത മുഖ്യമന്ത്രിയുടെ ഫോണ്‍ ഉപയോഗിക്കുന്ന അഞ്ചു സഹായികളുമായി ആയിരക്കണക്കിന് തവണ സരിത എസ്.നായര്‍ എന്ന വിവാദ സംരംഭക ഫോണില്‍ ബന്ധപ്പെട്ടതായി തെളിഞ്ഞു. കോടാനുകോടി രൂപ മുടക്കി കേരളത്തിന്റെ വഴിയോരങ്ങളാകെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള ഒരു പദ്ധതിയുടെ അഴിമതി സാധ്യത ആരായുകയാണ് മുഖ്യമന്ത്രിയുടെ ആദ്യ രണ്ടു വര്‍ഷം പ്രധാനമായും ചെയ്തതെന്ന് വ്യക്തമായി. ഗൂഢാലോചനയുടെയും തെളിവ് നശിപ്പിക്കലിന്റെയും എണ്ണമറ്റ കഥകള്‍ മാധ്യമങ്ങളില്‍ വന്നിട്ടും മുഖ്യമന്ത്രി ധാര്‍മ്മികമായി പ്രതികരിച്ചില്ല.

സംസ്ഥാനം ഭരിച്ച ഒരു മുഖ്യമന്ത്രിക്ക് നേരെയും ഇത്രയേറെ അധാര്‍മ്മിമായ കേസുകള്‍ ആരോപിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയില്‍ നിന്ന് അനുഭവമുള്‍ക്കൊണ്ട് മന്ത്രിസഭയിലെ ഏറെക്കുറെ എല്ലാവരും അഴിമതിയില്‍ മുഴുകി. ഒരു കൊള്ള സംഘത്താല്‍ ഭരിക്കപ്പെട്ടുന്ന നിസ്സഹായരായ ജനതയായി മലയാളികല്‍ മാറി. ഭിന്ന രാഷ്ട്രീയ താല്‍പ്പര്യങ്ങളുള്ള ഘടക കക്ഷി മന്ത്രിമാരെ നിയന്ത്രിച്ച് സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട മുഖ്യമന്ത്രി എല്ലാ കള്ളന്‍മാര്‍ക്കും കഞ്ഞിവച്ചു വിളമ്പി ഒരു തസ്‌ക്കര സംഘത്തിന്റെ ഊട്ടുകാരനായി. നിയമസംവിധാനത്തിന്റെ എല്ലാ ശാഖകളെയും വരിഞ്ഞുമുറിക്കിയ ശേഷം, നിയമം നിയമത്തിന്റെ വഴിക്ക് എന്ന് ഉമ്മന്‍ചാണ്ടി അശ്ലീലം പറഞ്ഞു.

ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു പറഞ്ഞ വികസനവും കരുതലും എന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥം അഴിമതിയും ആശ്രിതവാത്സല്യവുമാണെന്ന് ഭരണത്തിന്റെ തുടക്കം മുതല്‍ വെളിവാക്കപ്പെട്ടിരുന്നു. മന്ത്രിസഭയുടെ അവസാന കാലത്ത് വെട്ടിയൊഴിഞ്ഞു പോകുന്ന തോട്ടങ്ങളില്‍ കടുംവെട്ട് വെട്ടുന്ന പോലെ ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും നടത്തിയ ഭൂദാനങ്ങളായിരുന്നു സ്വന്തക്കാര്‍ക്ക് വേണ്ടിയുള്ള അവസാനത്തെ ‘കരുതല്‍’.

ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലവും അതിന്റെ ഫലശ്രുതിയും ഉയര്‍ത്തിയ ഏറ്റവും വലിയ ആശങ്ക കേരളത്തില്‍ ബിജെപിക്കുണ്ടായ വളര്‍ച്ചയെക്കുറിച്ചാണ്. വോട്ടെണ്ണലിന്റെ സൂക്ഷ്മവിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ വോട്ടുകള്‍ അപ്രത്യക്ഷമായത് കാണാം. ബിജെപിയെ നേരിടേണ്ട ഭീഷണിയായി ഉമ്മന്‍ചാണ്ടി കരുതിയിരുന്നുവെങ്കില്‍ നേമത്ത് സ്വന്തം വോട്ടുകള്‍ നിലനിര്‍ത്താവുന്ന ഒരു സ്ഥാനാര്‍ത്ഥിയെ എങ്കിലും യുഡിഎഫ് കണ്ടെത്തേണ്ടിയിരുന്നു. അതുണ്ടായില്ല. മറ്റുപല മണ്ഡലങ്ങളിലും ഈ കൂട്ടുകെട്ട് പ്രകടമായി കാണാം. ഇടതുപക്ഷത്തെ നേരിടാനുള്ള വ്യഗ്രതയില്‍ അരുവിക്കരയിലും അതിനുശേഷവും ബിജെപിയെ രണ്ടാം സ്ഥാനത്ത് പ്രതിഷ്ഠിച്ച ഉമ്മന്‍ചാണ്ടിയില്‍ നിന്ന് രാഷ്ട്രീയമായ നിശ്ചയദാര്‍ഢ്യം പ്രതീക്ഷിക്കാനാകില്ല. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഈ വീഴ്ചയ്ക്ക് നല്‍കേണ്ട വില വലുതായിരിക്കും. അതായത് ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരുടെയും സ്ഥാപിത താല്‍പര്യങ്ങള്‍ അല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല ചിന്തിക്കാന്‍. അധാര്‍മ്മിക രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ സൗകര്യം അത് കാര്യമായ ആലോചനകളോ ധര്‍മ്മസങ്കടങ്ങളോ നേരിടേണ്ടി വരുന്നില്ല എന്നതാണ്.

ഇന്ത്യയില്‍ രാഷ്ട്രീയ അഴിമതി താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ ബോധമുള്ള ഒരു പൊതു സമൂഹത്തിന്റെ നിതാന്ത ജാഗ്രതയാണ് അതിനുള്ള കാരണം. ആ പൊതു ജനത്തിന്റെ തീഷ്ണനോട്ടങ്ങളെ പേടിക്കാത്ത ഭരണാധികാരികള്‍ നമുക്കുണ്ടായിട്ടില്ല ഉമ്മന്‍ചാണ്ടിയൊഴികെ. ‘എന്റെ മനസാക്ഷി’ എന്നപേരില്‍ ഉമ്മന്‍ചാണ്ടി മുന്നോട്ടുവച്ച പ്രതിരോധം നിയമത്തെ മറികടക്കാനുള്ള ഒരു പുഴ്ത്തിവപ്പുകാരന്റെ തന്ത്രം മാത്രമായിരുന്നു. അതുകൊണ്ടാണ് ആ രാഷ്ട്രീയം പടിയിറങ്ങുമ്പോള്‍ ജനങ്ങള്‍ ഒരു നെടുവീര്‍പ്പോടെ അതൊരു ആഘോഷമാക്കുന്നത്.