പോളക്കുളം കൃഷ്ണദാസ് സ്‌പോണ്‍സര്‍ ചെയ്ത കെ ബാബുവിന്റെ ജീവിതം

November 18, 2015, 2:22 pm
പോളക്കുളം കൃഷ്ണദാസ് സ്‌പോണ്‍സര്‍  ചെയ്ത കെ ബാബുവിന്റെ ജീവിതം
Interview
Interview
പോളക്കുളം കൃഷ്ണദാസ് സ്‌പോണ്‍സര്‍  ചെയ്ത കെ ബാബുവിന്റെ ജീവിതം

പോളക്കുളം കൃഷ്ണദാസ് സ്‌പോണ്‍സര്‍ ചെയ്ത കെ ബാബുവിന്റെ ജീവിതം

ബിജു, നിങ്ങള്‍ ഏതു സാഹചര്യത്തിലാണ് ഇതൊക്കെ വിളിച്ചു പറയാന്‍ തീരുമാനിച്ചത്? എന്താണതിന് പ്രേരണയായത്? അതിനുള്ള ധൈര്യം എങ്ങനെ വന്നു?

ഉള്ള കാര്യം പറയാല്ലോ, എന്റെ അമ്മ തന്നെ എന്നോട് ചോദിച്ചു. '' അവന്മാര് കക്കുവോ, മോട്ടിക്കുവോ എന്തുവേണേലും ചെയ്‌തോട്ടെ, നീയെന്തിനാ അതേറ്റുപിടിച്ച് പ്രശ്‌നത്തിന് പോണത്? അവന്മാര് ഗുണ്ടകളെ ഒക്കെ വച്ച് നിന്നെ ഉപദ്രവിക്കില്ലേ?' ഞാനമ്മയോട് പറഞ്ഞു, ''ആരേയും ഉപദ്രവിക്കണം എന്നുവിചാരിച്ച് പറഞ്ഞതല്ല ഒന്നും. പറയിപ്പിച്ചതാണ്. ഈ വിവാദത്തിന്റെ തുടക്ക സമയത്ത് ചാനല്‍ ചര്‍ച്ചകള്‍ക്ക് ചെന്നിരിക്കുമ്പോള്‍ അവിടെ പറയുന്നത് മുഴുവന്‍ കളവാണ്. രാഷ്ട്രീയ നേതാക്കള്‍ തോന്നിയതാണ് പറയുന്നത്. ഈ ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ബാര്‍ വിഷയത്തില്‍ പറഞ്ഞത് മുഴുവന്‍ കളവാണ്. ബാറുകള്‍ പൂട്ടണമെന്നോ വ്യവസായം പൊളിക്കണമെന്നോ ഉള്ള ഒരു ഉദ്ദേശ്യവും സത്യത്തില്‍ സര്‍ക്കാരിനില്ലായിരുന്നു. സര്‍ക്കാരിന്റെ മദ്യപോളിസി എങ്ങനെ ഉണ്ടായതാ?  ബാര്‍ അസോസിയേഷന്റെ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന്റെ മദ്യനയമായി പുറത്തുവന്നിരുന്നത്. 418 ബാറുകളുടെ വിഷയം തന്നെ വന്നത് പോളക്കുളം കൃഷ്ണദാസ് മൂലമാണ്. ഒരു ബാറില്‍ നിന്ന് മറ്റൊരു ബാറിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിക്കുന്നിടത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ആര്‍ക്കുവേണ്ടിയാണ് ഈ നയം കൊണ്ടുവന്നത് എന്നറിയാമോ? പോളക്കുളം കൃഷ്ണദാസിനുവേണ്ടി മാത്രം. കൃഷ്ണദാസിന്റെ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അടുത്ത് പുതുതായി ചില ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരുന്നുണ്ടായിരുന്നു. എറണാകുളത്തും തൃശൂരുമൊക്കെയായിട്ട്. ഇത് കൃഷ്ണദാസിന്റെ ബാര്‍ ഹോട്ടലുകളുടെ വരുമാനം കുറയുന്നതിലേക്ക് നയിക്കും. ഈ സ്വാര്‍ത്ഥ താല്‍പര്യം മാത്രമാണ് രണ്ട് കിലോമീറ്റര്‍ ദൂരപരിധി എന്ന നിയമം കൊണ്ടുവരാന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെ പ്രേരിപ്പിച്ച ഘടകം. പോളക്കുളം കൃഷ്ണദാസും മന്ത്രി ബാബുവും തമ്മിലുള്ള ബന്ധം എറണാകുളം, തൃശൂര്‍ ഭാഗത്തുള്ള എല്ലാവര്‍ക്കുമറിയാം. കൃഷ്ണദാസിന്റെ ഒരു ആശ്രിതനായിരുന്നു ബാബു. പിന്നെ കൃഷ്ണദാസിന്റെ കൂട്ടുകച്ചവടക്കാരനായി. അതുകൊണ്ടാണ് കൃഷ്ണദാസിന് ബാബുവുമായിട്ട് ഇത്ര അടുത്തബന്ധം ഉണ്ടാകുന്നത്. മന്ത്രി ബാബുവായിരുന്നെങ്കിലും വകുപ്പ് യഥാര്‍ത്ഥത്തില്‍ ഭരിച്ചിരുന്നത് കൃഷ്ണദാസാണ്. സ്വന്തം ബിസിനസ് താല്‍പര്യാര്‍ത്ഥം മാത്രമാണ് ബാബുവും കൃഷ്ണദാസും എക്‌സൈസ് പോളിസിയും നിയമങ്ങളും കൊണ്ടുവരുന്നത്.

കൃഷ്ണദാസാണ് ഈ പോളിസി എഴുതി ഉണ്ടാക്കിയത് ബാബു എന്റെ ഓഫീസില്‍ വന്നപ്പോള്‍ ഈ ദൂരപരിധി നിയമത്തെക്കുറിച്ച്, അതിന്റെ പ്രശ്‌നത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അമ്പലത്തില്‍ നിന്നോ പള്ളിയില്‍ നിന്നോ സ്‌കൂളില്‍ നിന്നോ ഇത്ര ദൂരം എന്നു പറയുന്നത് പോലെയല്ല ഒരു ബാറില്‍ നിന്ന് മറ്റൊരു ബാറിലേക്കുള്ള ദൂരം ഇത്ര വേണമെന്ന് പറയുന്നത്. യാതൊരു യുക്തിയും അതിനില്ലാ എന്നും ബാബുവിനോട് അന്നേ ഞാന്‍ പറഞ്ഞിരുന്നു. ഈ നിയമം ഉടനെയൊന്നും വരുന്നില്ലാ എന്നും നമുക്കതിനെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും ബാബു പറഞ്ഞു. ഈ വര്‍ഷം വരെ പുതുതായി പണി നടക്കുന്ന ബാര്‍ ഹോട്ടലുകളെ ഈ ദൂരപരിധിയില്‍ നിന്നൊഴിവാക്കി കൂടെ എന്നുഞാന്‍ ബാബുവിനോട് ചോദിച്ചിരുന്നു. അതുകഴിഞ്ഞ് ഇനി മുതല്‍ ബാര്‍ ലൈസന്‍സ് കൊടുക്കുന്നില്ലാ എന്നൊരു നയം സര്‍ക്കാരിന് എടുക്കാവുന്നതാണെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ ബാബു എന്നോട് പറഞ്ഞത്. '' നീ കൃഷ്ണദാസുമായി ഒന്നു സംസാരിക്കൂ'' എന്നാണ്. പിന്നീട് ഞങ്ങളുടെ അസോസിയേഷന്റെ സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗിനിടയില്‍ ഞാനിത് കൃഷ്ണദാസിനോട് പറഞ്ഞു. ഞാനിത് പറഞ്ഞപ്പോള്‍, കൃഷ്ണദാസ് എന്റെ കൈ പിടിച്ചിട്ട് പറഞ്ഞത്, 'അവിടെ പ്രശ്‌നമുണ്ടാക്കരുത്, അതിലിടപെടരുത്' എന്നാണ്. നിങ്ങളോര്‍ക്കണം, സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയമാണ് ഞങ്ങളവിടെ, ബാര്‍ അസോസിയേഷന്‍ സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗില്‍ തീരുമാനിച്ചത്. മദ്യനയത്തില്‍ സര്‍ക്കാര്‍ എന്തുചെയ്യണം, ചെയ്യണ്ടാ എന്നൊക്കെ അവിടെ ചര്‍ച്ച ചെയ്തു തീരുമാനിച്ച് ബാബു നടപ്പാക്കുകയാണ് ചെയ്യുക.

ഇത്തരം വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലല്ലോ? വിഎം സുധീരന്‍ മദ്യനയവുമായി ബന്ധപ്പെട്ട് എടുത്ത നിലപാടുകളുടെ പുറത്ത് വന്ന പ്രശ്‌നമായിട്ടാണല്ലോ നമ്മളിതുവരെ ഇത് ചര്‍ച്ച ചെയ്തത്? എന്താണ് വസ്തുത? 

ഒരിക്കലുമില്ല, സുധീരന്‍ ചിത്രത്തിലേക്ക് വരുന്നത് വളരെ പിന്നീടാണ്. ബാബു തന്നെ ഞങ്ങളോട് പറഞ്ഞതാണ്, കൃഷ്ണദാസിനോട് സംസാരിക്കൂ, എന്നിട്ട് നിങ്ങളൊരു തീരുമാനത്തിലെത്തൂ എന്ന്. കൃഷ്ണദാസ് പറയുന്നതിനപ്പുറത്തേക്ക് മന്ത്രി ബാബു പോകില്ല. അസോസിയേഷന്റെ ചര്‍ച്ചയില്‍ എന്നോട് ഇടപെടരുതെന്ന് കൃഷ്ണദാസ് ആവശ്യപ്പെട്ടതിനു ശേഷമാണ് ദുരപരിധി നിയമം കൊണ്ടുവരാന്‍ അസോസിയേഷന്‍ തീരുമാനിക്കുന്നതും സര്‍ക്കാര്‍ അത് കൊണ്ടുവന്നതും. അങ്ങനെ നിയമം വന്നപ്പോള്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകാര്‍ അതിനെതിരെ ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി ആ നിയമം സ്‌റ്റേ ചെയ്തപ്പോള്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. ഇനി മുതല്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കേ ബാര്‍ ലൈസന്‍സ് കൊടുക്കൂ എന്നായി നിയമം. അപ്പോള്‍ അതിനെതിരെ ത്രീ സ്റ്റാര്‍ ഹോട്ടലുകാര്‍ സുപ്രീംകോടതിയില്‍ പോയി.

ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കേ ഇനി ലൈസന്‍സ് കൊടുക്കൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നോ? 

ഇതൊന്നും സര്‍ക്കാര്‍ ഉണ്ടാക്കുന്നതല്ലാ എന്നുപറഞ്ഞല്ലോ. കൃഷ്ണദാസിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൃഷ്ണദാസ് ഉണ്ടാക്കിയതാണ് ഇതെല്ലാം. അയാളുടെ തീരുമാനങ്ങളാണ് സര്‍ക്കാര്‍ ഉത്തരവുകളായി ഈ വിഷയത്തില്‍ പുറത്തുവന്നിരുന്നത്. കോടതിയിലേക്ക് പോകുന്ന സമയത്ത് തന്നെ ത്രീ സ്റ്റാറുകാര് അവരുടെ ഹോട്ടലുകള്‍ ഫോര്‍ സ്റ്റാര്‍ ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഇവര്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം യാതൊരു സ്റ്റാറും ഇല്ലാത്ത, വൃത്തിഹീനമായ ബാറുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. എന്നിട്ടും ത്രീ സ്റ്റാര്‍ ഹോട്ടല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ഞങ്ങള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് 418 ബാറുകളെക്കുറിച്ചുള്ള കോടതി നിരീക്ഷണം വരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര് ലൈസന്‍സ് കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു. അപ്പോള്‍ സര്‍ക്കാര്‍ ഞങ്ങളിനി ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കേ ബാര്‍ ലൈസന്‍സ് കൊടുക്കൂ എന്ന് കോടതിയില്‍ അറിയിച്ചു. ആ പോളിസി കോടതി അംഗീകരിക്കുകയും ചെയ്തു. ഇതിനിടെ ത്രീ സ്റ്റാറുകാരെല്ലാം തങ്ങളുടെ ഹോട്ടലുകള്‍ ഫോര്‍ സ്റ്റാറാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. അപ്പോള്‍ സര്‍ക്കാര്‍ ഇനി ഫൈവ് സ്റ്റാറിനേ കൊടുക്കുന്നുള്ളൂ എന്ന പോളിസിയിലേക്ക് മാറി. ഇതിനുള്ള കാരണം കൃഷ്ണദാസിന്റെ ഹോട്ടലിനടുത്ത് ഹോട്ടലുള്ളവരെല്ലാം തങ്ങളുടെ ഹോട്ടലുകള്‍ ത്രീ സ്റ്റാറില്‍ നിന്ന് ഫോര്‍ സ്റ്റാറിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു എന്നതായിരുന്നു. ഈ നടക്കുന്ന കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ശ്രദ്ധയില്‍പെട്ടു. 418 ബാറുകളുടെ വൃത്തിഹീനതയെക്കുറിച്ചുള്ള കോടതി പരാമര്‍ശം ശ്രദ്ധയില്‍പെട്ട സുധീരന്‍ ലൈസന്‍സ് പുതുക്കുന്ന സമയമായപ്പോള്‍ സര്‍ക്കാര്‍ അത് പഠിച്ചിട്ടേ ചെയ്യാവൂ എന്ന് ആവശ്യപ്പെട്ടു.

ബാര്‍ വിവാദം കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള എന്തോ ധാരണാപിശകിന്റെ പുറത്ത് സംഭവിച്ചതാണ് എന്നാണ് പുറംലോകം കരുതുന്നത്. ഇത് അങ്ങനെയല്ലാ എന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്?

418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനെക്കുറിച്ച് സുധീരന്‍ ബാബുവിനോട് ഫോണില്‍ സംസാരിക്കുമ്പോള്‍ മാത്രമാണ് അത്തരത്തിലൊരു ക്ലാഷിലേക്ക് സുധീരന്‍ കടന്നുവരുന്നത്. അതുവരെ സുധീരന്‍ ചിത്രത്തില്‍ പ്രത്യക്ഷനായിരുന്നില്ല. സുധീരന്റെ ഇതിലെ താല്‍പര്യം വെള്ളാപ്പള്ളിക്കിട്ട് ഒരു പണികൊടുക്കുക എന്നതായിരുന്നു. 418 ബാറുകളില്‍ വെള്ളാപ്പള്ളിയുടെ കുറച്ച് ബാറുകളും ഉണ്ടായിരുന്നു. സുധീരനുമായി എനിക്ക് ഒരു പരിചയമുണ്ട്. അതുകൊണ്ട് ബാര്‍ അസോസിയേഷന്‍കാര്‍ ഒരു കത്ത് തയ്യാറാക്കി എന്നെ ഏല്‍പിച്ചു. ഞാന്‍ പോയി സുധീരനെ കണ്ടു. ഞാന്‍ 418 ബാറുകളുടെ വിഷയം സംസാരിക്കാനാണ് വന്നതെന്ന് സുധീരനോട് പറഞ്ഞപ്പോള്‍, ''ഓ, അതില്‍ ബിജുവിന്റെ ബാറുകളുമുണ്ടോ'' എന്നു സുധീരന്‍ തിരികെ ചോദിച്ചു. 'എന്റെ ബാറുകളുണ്ട്, പക്ഷേ അതല്ല വിഷയം. 418 ന്റെയും കാര്യം പറയാനാണ് ഞാന്‍ വന്നത് എന്ന് ഞാന്‍ സുധീരനോട് പറഞ്ഞു. ''അതിപ്പോ എങ്ങനെയാ? പ്രശ്‌നം കത്തിനില്‍ക്കുകയല്ലേ'' എന്നായിരുന്നു സുധീരന്റെ മറുപടി. ബിജുവിനെ സഹായിക്കാന്‍ പറ്റുമോ എന്നാണ് ഞാനാലോചിച്ചത് എന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.   

ഇതിന്റെ പിന്നില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കെപിസിസി പ്രസിഡന്റിന് അപ്പോള്‍ അറിയാമായിരുന്നോ?

എന്തൊക്കെയോ കച്ചവടം നടക്കുന്നുണ്ടെന്ന് സുധീരന് അറിയാമായിരുന്നു. ഈ പ്രശ്‌നം കലങ്ങി മറിഞ്ഞിരിക്കുമ്പോഴാണ് ഞാന്‍ സുധീരനെ കാണാന്‍ ചെല്ലുന്നത്. നേരത്തെ ചെന്നിരുന്നെങ്കില്‍ ഇത്രയും വഷളാകാതെ അവസാനിച്ചേനെ എന്നിപ്പോള്‍ തോന്നുന്നു. ബാര്‍ വിഷയം കാബിനറ്റില്‍ വക്കാന്‍ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. ബാര്‍ അസോസിയേഷന്‍കാരെ വിളിച്ച് ബാബു മുഖ്യമന്ത്രിയെ കാണണമെന്ന് നിര്‍ദ്ദേശിച്ചു. രാജ്കുമാര്‍ ഉണ്ണി, ധനേഷ്, കൃഷ്ണദാസ്, ഞാനും ഒക്കെ കൂടിപ്പോയി മുഖ്യമന്ത്രിയെ വീട്ടില്‍ പോയിക്കണ്ടു. മുഖ്യമന്ത്രി ഞങ്ങളോട് കുഞ്ഞാലിക്കുട്ടിയെയും മാണിയേയും വീട്ടില്‍പോയി കാണൂ എന്ന് നിര്‍ദ്ദേശിച്ചു. നിങ്ങളവരെ പോയി കണ്ടിട്ട് ഈ വിഷയം കാബിനറ്റില്‍ വച്ച് പാസാക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര് രണ്ടുപേരുമാണല്ലോ മുഖ്യമന്ത്രിയുടെ ബ്രാഞ്ച് ഓഫീസ്!! അവരാണല്ലോ പ്രധാന പിരിവുകാര്‍. മാണി- കുഞ്ഞാലിക്കുട്ടി-മുഖ്യമന്ത്രി ഇവര്‍ മൂന്നായിട്ട് കേരളത്തെ വിഭജിച്ചാണ് ഡീലുകള്‍ പങ്കുവെക്കുന്നത്. 2013 മാര്‍ച്ച് 22-നാണ് മുഖ്യമന്ത്രിയെ കാണുന്നത്. കയ്യും ഒരുപൈസയുമില്ലാതെ പൊടിയും തട്ടിപോയാണ് മുഖ്യമന്ത്രിയെ കണ്ടത്. മാണിയെ കാണാന്‍ പോകാന്‍ ബാര്‍ അസോസിയേഷന്‍കാര്‍ എന്നെയും വിളിച്ചു. പക്ഷേ ഞാന്‍ പോയില്ല. ഞങ്ങള് തമ്മില്‍ നല്ല ചേര്‍ച്ചയിലല്ലാ എന്നുപറഞ്ഞ് ഞാനൊഴിവായി. ഒന്ന് കണ്ട് നമ്മടെ മുഖം ഓര്‍ത്താല്‍ മാണി സാര്‍ അടുത്താഴ്ച നമ്മളെ വിളിക്കും. '' എന്തുണ്ട് ബിജു, സുഖമല്ലേ, ഒന്നിവിടം വരം വന്നേ'', എന്ന വിളി പേടിച്ചാണ് ഞാന്‍ പോവാഞ്ഞത്. ഇടശ്ശേരി ജോസിനേയും ജോണ്‍ കല്ലാട്ടിനേയും കൂട്ടിയാണ് അസോസിയേഷന്‍കാര്‍ മാണിയെ കാണാന്‍ പാലായിലേക്ക് പോയത്. അസോസിയേഷന്റെ സംസ്ഥാന ട്രഷററായ അംബാസിഡര്‍ ബാര്‍ ഓണര്‍ തങ്കച്ചനെ വിളിച്ച് പരമാവധി പൈസാ സംഘടിപ്പിച്ച് വരണമെന്ന് അസോസിയേഷന്‍കാര്‍ ആവശ്യപ്പെട്ടു. കോട്ടയം ജില്ലാപ്രസിഡന്റ് സാജുവിനോടും ഇതുതന്നെ പറഞ്ഞു. പത്ത് ലക്ഷം രൂപ കളക്ട് ചെയ്താണ് അവര്‍ വന്നത്. ഇതുമായി ചെന്നപ്പോ മാണി സാര്‍ ഡിമാന്റ് വച്ചു- അഞ്ച് കോടി രൂപ. കാബിനറ്റില്‍ ഈ വിഷയം വരുമ്പോള്‍ ഞങ്ങളെ സഹായിക്കുന്നതിനാണ് ഈ അഞ്ച് കോടി ആവശ്യപ്പെട്ടത്. അയ്യോ, അഞ്ച് കോടിയോ എന്നു ഞങ്ങള്‍ തിരിച്ച് ചോദിച്ചു. ''അഞ്ച് കോടി നിങ്ങള്‍ക്കൊരു പ്രശ്‌നമാണോ? ഓരോരുത്തരും ഓരോ ലക്ഷം വച്ച് ഇട്ടാപ്പോരേ''  എന്ന് മാണിസാര്‍. ഈ കാര്യങ്ങളെക്കുറിച്ചൊക്കെ മാണി സാറുമായി നടത്തിയ സംഭാഷണങ്ങള്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഓഡിയോ ടേപ്പ് എന്റെ കൈവശമുണ്ട്. അത് ഞാന്‍ നേരത്തെ തന്നെ മാധ്യമങ്ങള്‍ക്ക് കൊടുത്തിരുന്നു.

ഇതോടെയാണോ ബാര്‍ അസോസിയേഷനില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്? താങ്കളും രാജ്കുമാര്‍ ഉണ്ണിയും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധമല്ലല്ലോ?

ഞാന്‍ മാറിയതല്ല. പുള്ളി തന്നെയാണ് അതിന് കാരണം. ബാക്കിയുള്ളവരെയൊക്കെ സ്വാധീനിച്ച് ഈ കാര്യങ്ങള്‍ മൂടിവക്കുന്നതിനാണ് പുള്ളി ശ്രമിച്ചത്. ഇതുകൊണ്ട് ഉണ്ണിക്ക് എന്ത് നേട്ടമുണ്ടായി എന്നെനിക്കറിയില്ല. ചിലപ്പോള്‍ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടാവാം. അറിയില്ല. എനിക്ക് തന്നെ പത്ത് കോടി തരാമെന്നു പറഞ്ഞു. ഈ സംഭവങ്ങളുടെ വെളിപ്പെടുത്തല്‍ ഞാന്‍ നടത്തിയതിന്റെ മൂന്നാം ദിവസം ജോണ്‍ കല്ലാട്ട് എന്നെ ഫോണ്‍ ചെയ്തിരുന്നു. ''ബിജൂ, പറഞ്ഞതൊക്കെ പിന്‍വലിക്കണം. അവിടുന്നും ഇവിടുന്നും കേട്ടകാര്യങ്ങള്‍ പറഞ്ഞതാണ്, വസ്തുത എന്താണെന്നറിയില്ല. അതുകൊണ്ട് ഈ ആരോപണങ്ങള്‍ ഞാന്‍ പിന്‍വലിക്കുന്നു. ഇപ്പറഞ്ഞത് മൂലം മാണിസാറിന് എന്തെങ്കിലും ഖേദമുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും'' പറയാന്‍ ജോണ്‍ കല്ലാട്ട് ആവശ്യപ്പെട്ടു. അന്നേദിവസം മൂന്ന് മണിക്ക് മുമ്പ് ചാനലില്‍ പറയണം എന്നായിരുന്നു ആവശ്യം. ഇല്ലെങ്കില്‍ മറ്റവര്‍ എന്നെ ഉന്മൂലനം ചെയ്തുകളയുമെന്നും അവരൊക്കെ രാഷ്ട്രീയക്കാരായതുകൊണ്ട് എന്തും ചെയ്തുകളയാന്‍ ഇടയുണ്ടെന്നും ജോണ്‍ കല്ലാട്ട് പറഞ്ഞു. ഇതിനുശേഷമാണ് പത്ത് കോടി രൂപ തരാമെന്ന് പറഞ്ഞ് ജോണ്‍ കല്ലാട്ട് എന്നെ വിളിക്കുന്നത്. ജോസ് കെ മാണിയാണ് എനിക്ക് പത്ത് കോടി തരാമെന്ന് പറഞ്ഞതെന്ന് ജോണേട്ടന്‍ പറഞ്ഞു. ''എന്തിനാ ബിജൂ, പ്രശ്‌നമുണ്ടാക്കുന്നത്? നമുക്ക് ബാറും പോയി, ബിസിനസും പോയി. പത്ത് കോടി വാങ്ങി സെറ്റില്‍ ചെയ്യുന്നതല്ലേ നല്ലത്?  ഇങ്ങനെ പറയുന്നതുകൊണ്ട് ബിജുവിന് എന്തുനേട്ടമാണുള്ളത്? കുറേ ശത്രുക്കളെയും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടാക്കാമെന്നല്ലാതെ. അതിനേക്കാള്‍ നല്ലത് പത്ത് കോടി വാങ്ങി നമ്മുടെ പാട് നോക്കി പോകുന്നതാണ്.

ഞാനപ്പോള്‍ പറഞ്ഞു.'ജോണേട്ടാ, ഇതില്‍ കാശ് മാത്രമല്ല പ്രശ്‌നം. ജോണേട്ടന് ഇപ്പോ എത്ര വയസ്സായി. 70 കഴിഞ്ഞില്ലേ, ഞാനും ഇന്റര്‍വെല്‍ കഴിഞ്ഞിരിക്കയാണ്. നമ്മള് പോകുമ്പോ ഒന്നും കൊണ്ടുപോകാന്‍ പോണില്ല. ജോണേട്ടന് വല്ലതും പാക് ചെയ്ത് വച്ചിട്ടുണ്ടോ?  എന്ന് തിരിച്ച് ചോദിച്ചു. '' നമുക്കിനിയും ഓരോരോ കാര്യങ്ങള്‍ക്ക് ഇവരെത്തന്നെ പോയി കാണേണ്ടതല്ലേ'' എന്നായിരുന്നു ജോണേട്ടന്റെ മറുപടി. വക്കം പുരുഷോത്തമനും എന്നെകണ്ടപ്പോള്‍ ഇതുതന്നെ പറഞ്ഞു. ''അസോസിയേഷന്റെ കാര്യങ്ങളൊക്കെ താനല്ലേ പോയി സംസാരിക്കുന്നത്? ഇനി അതുംപറഞ്ഞ് അങ്ങോട്ട് പോകാന്‍ പറ്റുമോ?'' എന്ന്. സാധാരണ അങ്ങനെയാണ്. അസോസിയേഷനുവേണ്ടി മധ്യസ്ഥം നിന്ന് സംസാരിക്കുന്നത് ഞാനായിരുന്നു.

മുന്‍സര്‍ക്കാരുകളുടെ കാലത്ത് ഇത്തരം പിരിവുകള്‍ ഉണ്ടായിട്ടില്ലേ?

ഇതിനുമുമ്പും ഇതൊക്കെ സാധാരണയായിരുന്നു. പക്ഷേ അതിന്റെ മേലൊക്കെ ഞങ്ങള്‍ക്ക് ഒരു നിയന്ത്രണം ഉണ്ടായിരുന്നു. മുമ്പൊരു കോണ്‍ഗ്രസ് മന്ത്രി എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് പറഞ്ഞത് 'കെപിസിസി ഓഫീസില്‍ ഒരു 10 രൂപാ(ലക്ഷം) കൊടുക്കണം. അവിടെ കറന്റ് ചാര്‍ജ് അടച്ചിട്ടില്ല, ഫോണ്‍ ബില്ല് അടച്ചിട്ടില്ലാ. എവിടെ നിന്നെങ്കിലും പിരിച്ചു നല്‍കണം എന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോ നിങ്ങള്‍ 10 രൂപാ കൊടുക്കുമല്ലോ' 10 കൂടുതലായതിനാല്‍ ഞങ്ങളത് അഞ്ചില്‍ സെറ്റില്‍ ചെയ്തു. അന്നും ലൈസന്‍സിന്റെ ആവശ്യങ്ങള്‍ക്കായി എക്‌സൈസ് മന്ത്രിയുടെ ഓഫീസില്‍ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്. ഒരു നിശ്ചിത തുകയങ്ങ് കൊടുത്താല്‍ അപ്പോള്‍ തന്നെ ഫയല്‍ ഒപ്പിട്ട് വാങ്ങി നമുക്ക് പോരാം. പക്ഷേ ബാബു മന്ത്രിയായതിനുശേഷം 20 ലക്ഷം രൂപയും കൊടുത്ത് നാലഞ്ച് തവണ കയറി ഇറങ്ങിയാല്‍ മാത്രമേ ആഇ ഫയലില്‍ എന്തെങ്കിലുമൊന്നു സംഭവിക്കൂ.

എത്ര ബാറുകള്‍ക്ക് ബാബുവിന്റെ കാലത്ത് പുതുതായി ലൈസന്‍സ് കൊടുത്തിട്ടുണ്ട്?

പത്ത് നാല്‍പതെണ്ണം കൊടുത്തിട്ടുണ്ടാകും. ബാറിന് 20 ലക്ഷം രൂപയും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് 10 ലക്ഷം രൂപയുമാണ് കണക്ക്. ബിയര്‍-വൈന്‍ പാര്‍ലറിന്റെ പത്ത് ലക്ഷം രൂപ വീതമുള്ള പിരിവിന് ഇടനിലക്കാരായി നിന്നിരുന്നത് എലഗന്റ് ബിനോയി ആയിരുന്നു. അയാളത് പരോക്ഷമായി മുമ്പൊരു പരസ്യ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് കൊടുക്കലും പുതുക്കവും ഇങ്ങനെ തന്നെയാണോ നടന്നിരുന്നത്?

ഇടതുകാലത്ത് ഒരു ഡീലും ബാറിന്റെ പുറത്ത് നടന്നില്ല. ഒരു പൈസാ എന്റെ അറിവില്‍ ആര്‍ക്കും അതിന്റെ പേരില്‍ കൊടുക്കേണ്ടി വന്നിട്ടുമില്ല. ഹോട്ടലുകള്‍ക്ക് കിട്ടുന്ന നക്ഷത്ര കാറ്റഗറി അനുസരിച്ച് അവര്‍ അപ്ലൈ ചെയ്ത മദ്യലൈസന്‍സിന് മുകളിലൊരു തീരുമാനമെടുക്കുക എന്നതായിരുന്നു രീതി. ഹോട്ടലുകള്‍ക്ക് നക്ഷത്ര പദവികള്‍ നിശ്ചയിക്കുന്നത് പുറത്തുള്ള ഏജന്‍സിയാണല്ലോ. അപ്പോള്‍ സര്‍ക്കാരിന് അതിലും ഒന്നും ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ സുതാര്യമായിട്ടാണ് മദ്യനയം മുന്നോട്ട് കൊണ്ടുപോയത്. അക്കാലത്ത് എക്‌സൈസ് മന്ത്രിയുടെ മരുമകന്‍ ഒരു ബാറില്‍ കയറി മദ്യപിക്കുകയും തുടര്‍ന്ന് ചിലരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിലിടപെടാന്‍ ചെന്ന ബാര്‍ ജീവനക്കാരനെ മന്ത്രിയുടെ മരുമകന്‍ പിടിച്ചുതള്ളി. ബാര്‍ ജീവനക്കാര്‍ ആളാരാണെന്ന് അറിയാതെ അദ്ദേഹത്തെ തല്ലി പോലീസില്‍ ഏല്‍പിച്ചു. മന്ത്രിയുടെ മരുമകന്‍ ആണെന്നറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ബാര്‍ലൈസന്‍സിന്റെ പുറത്തുള്ള പുതുക്കലിനെക്കുറിച്ച് പേടിയുണ്ടായി. പ്രശ്‌നം ആയി എന്ന് ഞങ്ങള്‍ കരുതി. പക്ഷേ യാതൊരു പ്രശ്‌നവുമില്ലാതെ അതുകഴിഞ്ഞു. ബാര്‍ ലൈസന്‍സ് പുതുക്കുന്ന വേളയിലോ പിന്നിടോ എന്തെങ്കിലും തരത്തിലുള്ള ശത്രുതാ മനോഭാവം ആ ബാര്‍ മുതലാളിക്കോ അയാളുടെ ബാറുകള്‍ക്കോ ഉണ്ടായിട്ടില്ല.

ബാര്‍ അസോസിയേഷന്‍കാര്‍ പൈസ പിരിക്കുന്നതിനും കൊടുക്കുന്നതിനും അക്കൗണ്ടുകളില്‍ ഒരു രേഖയുമില്ലല്ലോ. എങ്ങനെയാണ് നിങ്ങള്‍ക്കിത് ചെയ്യാന്‍ കഴിയുക? ബ്ലാക്ക് മണി ആണോ ഇതിനായി ഉപയോഗിക്കുന്നത്?

ഈ കൊടുക്കുന്നതിനൊക്കെ കണക്കുണ്ട്. പക്ഷേയിത് പ്രത്യേകം കണക്കുപുസ്തകത്തിലാക്കി വേറെ സൂക്ഷിക്കും. ഇതൊരു നിയമവിരുദ്ധമായ ക്രയവിക്രയമാണ്. ഓരോരുത്തരും ബാങ്കുകളില്‍ നിന്ന് അവരവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്ന രീതിയില്‍ പണം പിന്‍വലിച്ച് അത് ഒന്നിച്ച് ചേര്‍ത്ത് ലിക്വിഡ് കാഷായിട്ടാണ് മന്ത്രിമാര്‍ക്കും മറ്റുള്ളവര്‍ക്കും കൊടുക്കുക. അങ്ങനെ അത് വാങ്ങുന്ന ആളും യാതൊരു നിയമസാധ്യതയും ഇല്ലാത്ത ഒരു ക്രയവിക്രയമാണ് നടത്തുന്നത്. അപ്പോള്‍ അങ്ങനെയുള്ള പണം സൂക്ഷിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളായിരിക്കുമല്ലോ ഉപയോഗിക്കുക.

2007 -2008 കാലത്താണ് 18 ലക്ഷമായിരുന്നു ബാര്‍ ലൈസന്‍സ് ഫീസ് 22 ലക്ഷമാക്കി ഉയര്‍ത്തിയത്. നാല് ലക്ഷം കൂട്ടി. അന്ന് ഗുരുദാസന്‍ സാറായിരുന്നു എക്‌സൈസ് മന്ത്രി. കൂട്ടട്ടേ കൂട്ടട്ടേ എന്നൊന്നും ഞങ്ങളോട് ചോദിച്ചില്ല. ഞങ്ങളോടി ചെന്നു, ഒറ്റയടിക്ക് നാല് ലക്ഷം കൂട്ടിയല്ലോ എന്നു മന്ത്രിയോട് ചോദിച്ചു. അപ്പോ ഗുരുദാസന്‍ സാര്‍ പറഞ്ഞു. ''കൂട്ടി, അടുത്ത നാല് വര്‍ഷത്തേക്ക് ഇനി കൂട്ടലുണ്ടാവില്ല. പ്രശ്‌നം തീര്‍ന്നില്ലേ'' അടുത്ത നാല് വര്‍ഷത്തേക്ക് അവര്‍ കൂട്ടിയതുമില്ല. പിന്നീട് യുഡിഎഫ് മിനിസ്ട്രി വന്നിട്ടാണ് കൂട്ടുന്നത്.

ലൈസന്‍സ് ഫീസ് കൂട്ടാന്‍ പോകുന്ന കാര്യം മന്ത്രി ബാബു ഒരു മീറ്റിംഗിലാണ് ഞങ്ങളോട് പറയുന്നത്. 30 ലക്ഷം രൂപാ ലൈസന്‍സ് ഫീസായി കൂട്ടാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ബാബു പറഞ്ഞത്.

യഥാര്‍ത്ഥത്തില്‍ എത്ര രൂപാ കൂട്ടാനായിരുന്നു തീരുമാനം?

ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തതായി പിന്നീട് അറിഞ്ഞത്. 22-ല്‍ നിന്ന് 25 ആക്കി ഉയര്‍ത്തണം എന്നാണ്. ഇതുതന്നെയായിരുന്നു ഔദ്യോഗിക ശുപാര്‍ശയും. ഇതുസംബന്ധിച്ച കടലാസ് ഞങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടാണ് കാണുന്നത്. 30ല്‍ നിന്ന് 25 ആയി ഫീസ് കുറച്ച സന്തോഷത്തിലായിരുന്നു ഞങ്ങള്‍ പിന്നീടാണറിയുന്നത് 30 ലക്ഷം എന്നൊരു പ്രൊപ്പോസല്‍ പോലും ഉണ്ടായിരുന്നില്ല എന്ന്. മന്ത്രി ഉദ്യോഗസ്ഥരേയും കൂട്ടിയിരുത്തിയാണ് 30 ലക്ഷത്തിന്റെ കാര്യം പറഞ്ഞത്. അവര്‍ക്ക് സത്യം അറിയാമെങ്കിലും വായ തുറക്കാന്‍ പറ്റില്ലല്ലോ. അധ്യക്ഷനാണല്ലോ സംസാരിക്കേണ്ടത്. മന്ത്രി ബാബു പറയുകയാണ് '' 30 ലക്ഷം ആയി ഫീസ് ഉയര്‍ത്താന്‍ പോകുന്നു, നിങ്ങളെന്തു പറയുന്നു എന്ന്''? ഞങ്ങള് പറഞ്ഞു, ''ഇപ്പോ തന്നെ ബാറിന്റെ പ്രവര്‍ത്തന സമയം ഒരുപാട് കുറച്ചു. പഴയതുപോലെ കച്ചവടവുമില്ല. അതുകൊണ്ട് ടാക്‌സ് 18 ലക്ഷമായി കുറച്ചുതരണം''.

ആ മീറ്റിംഗിന് മിനിട്‌സ് ഉണ്ടാകുമല്ലോ?

ഉണ്ടാകേണ്ടതാണ്. മീറ്റിംഗിന്റെ മിനിട്‌സ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആര്‍ടിഐ കൊടുത്തു. അപ്പോ മന്ത്രിയുടെ ഓഫീസില്‍ അതില്ല. നികുതി വകുപ്പില്‍ അന്വേഷിക്കാന്‍ പറഞ്ഞു. അവിടെ അന്വേഷിച്ചപ്പോള്‍ അവിടെ അതു സൂക്ഷിക്കാറില്ല. എക്‌സൈസ് വകുപ്പില്‍ അന്വേഷിക്കാന്‍ പറഞ്ഞു. അവിടെ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു മീറ്റിംഗേ നടന്നിട്ടില്ലാ എന്നാണവര്‍ പറയുന്നത്. അതിനുശേഷം ഞങ്ങള്‍ മിനിട്‌സ് ലഭ്യമാക്കാനായി വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ കൊടുത്തു. അതിന്റെ മറുപടി വന്നിട്ടില്ല.

ആ മീറ്റിംഗ് എപ്പോഴാണ് നടന്നത്?

2013 ഫെബ്രുവരിയിലായിരുന്നു. 2013 പ്രീ ബഡ്ജറ്റ് മീറ്റിംഗ് ആയിരുന്നല്ലോ.

അപ്പോ 30 ലക്ഷം കാണിച്ച് 25-ല്‍ നിന്ന് സെറ്റില്‍ ചെയ്യുകയാണ് എന്നാണ് മന്ത്രി നിങ്ങളെ ധരിപ്പിച്ചത്?

അതെ. പ്രീ ബഡ്ജറ്റ് മീറ്റിംഗ് എന്നാല്‍ മന്ത്രിയും സെക്രട്ടറിമാരും നമ്മള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുകയാണ് ചെയ്യുക. നികുതി കൂട്ടുന്നതിനെയോ കുറയ്ക്കുന്നതിനെയോ കുറിട്ട് അവര്‍ നമ്മളോട് പറയാറില്ല. എന്നാല്‍ ഈ മീറ്റിംഗില്‍ അങ്ങനെയല്ലാ നടന്നത്. 30 ലക്ഷമാക്കാന്‍ പോകുന്നു എന്നവര്‍ പറയുന്നു. 18 ആക്കി തരണമെന്ന് ഞങ്ങള്‍ പറയുന്നു. അവസാനം 25 ആക്കാമെന്ന് പറഞ്ഞ് മീറ്റിംഗ് അവസാനിപ്പിക്കുന്നു. മീറ്റിംഗിന് ശേഷം ഉദ്യോഗസ്ഥര്‍ പോയി കഴിഞ്ഞിട്ട് ഞങ്ങള് കുറച്ച് പേരോട് അവിടെ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. ഞാന്‍, രാജ്കുമാര്‍ ഉണ്ണി, ധനേഷ്, കൃഷ്ണദാസ്, ബിനോയി തുടങ്ങിയവര്‍ അവിടെ ഇരുന്നു.

മീറ്റിംഗില്‍ കൃഷ്ണദാസ് ഉണ്ടായിരുന്നല്ലോ ഇല്ലേ?  

പിന്നേ, ചോദിക്കാനുണ്ടോ? കൃഷ്ണദാസ് ഇല്ലാത്ത കാര്യമുണ്ടോ? ബാബുവിന്റെ ജീവിതം തന്നെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് കൃഷ്ണദാസല്ലേ, ബാബു പോളക്കുളം ഗ്രൂപ്പിന്റെ ആശ്രിതനായിരുന്ന കാര്യം നേരത്തെ പറഞ്ഞല്ലോ... ബാബുവിന്റെ അച്ഛന്‍ പോലീസ് സ്‌റ്റേഷന് മുമ്പിലുള്ള പുറമ്പോക്കില്‍ കാപ്പിക്കട(തട്ടുകട) നടത്തിയിരുന്ന ആളാണ്. നമ്മളാരെയും കുറ്റംപറയുകയല്ല. ബാബു എന്ത് തരം സാമ്പത്തികാവസ്ഥയില്‍ നിന്ന് വരുന്നു എന്നുപറയാന്‍ വേണ്ടി സൂചിപ്പിച്ചതാണ്. പോലീസ് സ്‌റ്റേഷന് മുന്നിലായിരുന്നതുകൊണ്ട് ബാബുവിന്റെ അച്ഛന്‍ പരാതികള്‍ അത്യാവശ്യം എഴുതിക്കൊടുത്തിരുന്നു. ഇതാണ് ബാബുവിന്റെ കുടുംബ പശ്ചാത്തലം. സാമ്പത്തികമായി ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങിയതാണ്. ഇന്ന് 200 കോടിയുടെ അടുത്ത് ആസ്തിയുണ്ട്. എന്തെങ്കിലും തരത്തിലുള്ള വ്യവസായം നടത്തിയതായോ ബിസിനസില്‍ ഏര്‍പ്പെട്ടതായോ ആര്‍ക്കും ഒരറിവുമില്ല. പിന്നീട് ഈ സ്വത്തൊക്കെ എവിടെ നിന്നുവന്നു? സ്വന്തം പേരിലും മക്കളുടെയും മരുമക്കളുടെയും പേരിലുമായിട്ടാണ് ഇത്രയും സ്വത്തുള്ളത്. പൂജാ ഡയറീസ് എന്ന സ്ഥാപനം അടുത്തിടെ മരുമകന്റെ പേരിര്‍ വാങ്ങി. എറണാകുളം കേന്ദ്രീകരിച്ചുള്ള ഈ സ്ഥാപനം നല്ല വില കൊടുത്തിട്ടാണ് വാങ്ങിയതെന്നാണ് കേട്ടത്.

മക്കള്‍ക്കും മരുമക്കള്‍ക്കും ഇതുപോലുള്ളത് വാങ്ങാന്‍ ആസ്തിയില്ലാ എന്നാണോ പറഞ്ഞുവരുന്നത്?

അവരെയെല്ലാം എനിക്കറിയാം. വളരെ മിഡില്‍ ക്ലാസുകാരായ ആള്‍ക്കാരാണ്. ഇത്രയും സ്വത്തുകള്‍ അവര്‍ക്കുണ്ടായത് അടുത്തകാലത്താണ്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ടാണ് ഇത് കയറി വന്നത്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ടുണ്ടായ വളര്‍ച്ച അത്ഭുതാവഹമാണ്.

എന്തടിസ്ഥാനത്തിലാണ് നിങ്ങളിതു പറയുന്നത്? തെളിവെന്തെങ്കിലും ഉണ്ടോ?

തെളിവുകള്‍ ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്. മക്കളുടെയും മരുമക്കളുടെയും കൂടെയുള്ള മറ്റ് ചിലരുടെയും പേരിലുള്ള സ്വത്ത് വകകളുടെ ഡീറ്റെയില്‍സ്, പ്രോപ്പര്‍ട്ടി സര്‍വ്വെ നമ്പര്‍, അംശം, ദേശം അടക്കം.... സമയമാകുമ്പോള്‍ പുറത്തുവിടും.

മന്ത്രി ബാബു പങ്കെടുത്ത യോഗത്തിന്റെ ഓഡിയോ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടോ?

ബാബു അസോസിയേഷന്റെ സ്വന്തം ആളല്ലേ... അപ്പോ..

മന്ത്രി കെ ബാബു അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ ബാര്‍ അസോസിയേഷന്‍കാരുടെ പക്കല്‍ നിന്നും കാശ് വാങ്ങുന്നുണ്ടായിരുന്നോ?

മന്ത്രിയായി കയറിയതിന്റെ അടുത്തുതന്നെ 50 ലക്ഷം രൂപാ വേണമെന്ന് പറഞ്ഞു. ഞങ്ങളപ്പോള്‍ തന്നെ പിരിവെടുത്തു കൊടുത്തു.

അത് എന്തിനായിരുന്നു?

(ചിരിക്കുന്നു)... 50 ലക്ഷം ആവശ്യമുണ്ടെന്ന് പറഞ്ഞു. ഞങ്ങളപ്പോള്‍ തന്നെ പതിനായിരം വെച്ച് കളക്ട് ചെയ്യാന്‍ തുടങ്ങി.

ഇദ്ദേഹം ഇടയ്ക്കിടക്ക് പൈസാ ചോദിച്ചുകൊണ്ടിരിക്കുമോ?

പിന്നല്ലാതെ..

ബാബുവിന് ഇപ്പോള്‍ എത്ര കൊടുത്തിട്ടുണ്ടാവും?

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടക്ക് 25 കോടി രൂപാ ഞങ്ങള്‍ ഇതിനായി പിരിച്ചു. ഇതില്‍ 10 കോടി ലൈസന്‍സ് ഫീസിനത്തിന് മാത്രമാണ് പിരിച്ചത്.

അങ്ങനെ പിരിച്ച 25 കോടിയുടെ മുഴുവന്‍ കണക്കുകളും കാണിക്കണം എന്നല്ലേ ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്?

അതെ.

ഇതിലെത്ര തുക ബാബുവിന് മാത്രം കൊടുത്തിട്ടുണ്ട്?

ഈ തുകയുടെ ഭൂരിപക്ഷവും ബാബുവിനും ബാബു പറഞ്ഞ ആളുകള്‍ക്കുമാണ് കൊടുത്തിരിക്കുന്നത്. അതൊക്കെ കൃഷ്ണദാസാണ് കൈകാര്യം ചെയ്തത്. ഈ കാശ് മുഴുവനും ആര്‍ക്കൊക്കെ, എങ്ങനെയൊക്കെ കൊടുത്തു എന്നതിന്റെ കണക്ക് അവതരിപ്പിക്കണം എന്നുപറഞ്ഞ് അസോസിയേഷനില്‍ ഇപ്പോള്‍ നല്ല പ്രശ്‌നമുണ്ട്.

ഇതിന്റെ വ്യക്തമായ കണക്കുകള്‍ പറയാന്‍ പറ്റുമോ?

ഇതെല്ലാം കൂടി ഞാന്‍ പറഞ്ഞാല്‍ ബാബു അടുത്ത മാനനഷ്ടക്കേസ് എനിക്കെതിരേ കൊടുക്കും. ഞാന്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ. മറ്റുള്ളവരും കൂടെ നില്‍ക്കണ്ടെ. അല്ലെങ്കിലത് ഞാന്‍ കള്ളത്തരം പറഞ്ഞു എന്നാകില്ലേ. ബാബു ഇപ്പോ തന്നെ എനിക്കെതിരെ ഒരു മാനനഷ്ടക്കേസ് കൊടുക്കുകയും വേറൊന്ന് കൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടും നില്‍ക്കുകയാണ്. ഇതിന്റെയൊക്കെ പിന്നാലെ നടക്കല്‍ വളരെ പ്രയാസം പിടിച്ച കാര്യമാണ്.

എന്തുപറഞ്ഞാണ് ബാബു മാനനഷ്ടം കൊടുത്തിരിക്കുന്നത്?

ഞാന്‍ പറഞ്ഞത് മാനഹാനിയുണ്ടാക്കിയെന്നും പകരമായി 25 ലക്ഷം രൂപാ നഷ്ടപരിഹാരം കൊടുക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

25 ലക്ഷം രൂപയാണോ മന്ത്രി ബാബു അദ്ദേഹത്തിന് ഇട്ടിരിക്കുന്ന വില?

ചിരിക്കുന്നു...

വിജിലന്‍സിന് നിങ്ങള്‍ കൊടുത്ത മൊഴിയില്‍ ബാബുവിനെയാണ് നേരിട്ട് പണം കൊടുത്തതായി പരാമര്‍ശിക്കുന്നത്. പക്ഷേ, മാണിക്കെതിരെ മാത്രമാണ് അന്വേഷണപുരോഗതി ഉണ്ടായതായി കാണുന്നത്. എന്തുകൊണ്ടാണ് അങ്ങനെ?

അതെ. മാണിയുടെ കാര്യത്തില്‍ മാത്രമാണ് ക്വിക്ക് വേരിഫിക്കേഷന്‍ നടന്നതും എഫ്‌ഐആര്‍ ഇട്ടതും. ബാബുവിന്റെ കാര്യത്തില്‍ ക്വിക്ക് വേരിഫിക്കേഷന്‍ ഇതുവരെ നടന്നിട്ടില്ല. പ്രാഥമിക മൊഴി എടുക്കല്‍ പ്രക്രിയയില്‍ വിജിലന്‍സ് മനപൂര്‍വ്വം മൊഴികള്‍ തെറ്റിച്ചെടുക്കുകയാണ് ചെയ്തത്. മൊഴി രേഖപ്പെടുത്തുക ആയിരുന്നില്ല വിജിലന്‍സ് ചെയ്തത്. അവരുടെ ചോദ്യങ്ങള്‍, ഉദാഹരണത്തിന് നിങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക് പോയോ? ബാബുവിന്റെ മുറിയിലേക്ക് കയറിയ പടികള്‍ മൊസൈക്ക് ആയിരുന്നോ, ഗ്രാനൈറ്റ് ആയിരുന്നോ, മന്ത്രിയുടെ പി എ സുരേഷ് പൈ ഇട്ടിരുന്ന ഷര്‍ട്ടിന്റെ നിറമെന്തായിരുന്നു? എന്ന മാതിരി ചോദ്യങ്ങള്‍ - ഷര്‍ട്ടിന്റെ നിറം ഓര്‍മ്മയില്ല എന്നുപറഞ്ഞപ്പോള്‍ കാശ് കൊടുത്ത കാര്യമൊക്കെ ഓര്‍മ്മയുണ്ടല്ലോ എന്നായി അന്വേഷണ ഉദ്യോഗസ്ഥര്‍. സെക്രട്ടറിയേറ്റില്‍ നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തത് ബാബുവിന്റെ കാറില്‍ നിന്ന് എത്ര ദൂരത്താണ്? എന്നതുപോലെ വളരെ ഇന്‍ഡിഫറന്റായ ചോദ്യങ്ങള്‍. മറ്റൊരു ചോദ്യം മന്ത്രിയുടെ മുറി സെക്രട്ടറിയേറ്റിന്റെ കിഴക്കുവശത്താണോ വടക്കുവശത്താണോ എന്നതായിരുന്നു? കര്‍ട്ടന്റെ നിറമെന്ത്? പടിയുടെ കളറെന്ത്? പെട്ടി വലത് കൈ കൊണ്ടാണോ ഇടതുകൈ കൊണ്ടാണോ കൊടുത്തത്?  ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.

നിങ്ങളുടെ സാക്ഷി മൊഴി എടുക്കുന്നതിനു പകരം നിങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു എന്നാണോ പറയുന്നത്?

മൊഴി എടുക്കുകയായിരുന്നില്ല അവര്‍ ചെയ്തത്. പകരം പ്രതികളെന്നപോലെ ചോദ്യം ചെയ്യുകയായിരുന്നു. ഞങ്ങളാണ് പരാതിക്കാര്‍. ചോദ്യം ചെയ്യുന്നതും ഞങ്ങളെത്തന്നെ. ബാബുവിനോട് ചോദ്യവുമില്ല. അതുകൊണ്ട് തന്നെ ഉത്തരവുമില്ല. ഇതൊക്കെ ചൂണ്ടിക്കാട്ടി ഞാന്‍ വിജിലന്‍സ് ഡിജിപിയായിരുന്ന വിന്‍സന്റ് പോളിന് പരാതി കൊടുത്തു. ഒരു നടപടിയും ഉണ്ടായില്ല.

മാണിയും ബാബുമൊക്ക ഇങ്ങനെ സമ്പാദിക്കുന്ന പൈസാ എങ്ങനെയാണ് ചെലവഴിക്കുന്നത്? ഈ പണം കൊണ്ട് നിയമപരമായ ഒരു പ്രവൃത്തിയും ഇവിടെ ചെയ്യാന്‍ പറ്റില്ലല്ലോ?

അതിനാണോ ബുദ്ധിമുട്ട്. 800 കോടി ചെലവഴിച്ച് കെ എം മാണി ഒരു ആശുപത്രി സമുച്ചയം ദുബായില്‍ കെട്ടിപ്പൊക്കുന്നില്ലേ. മക്കള്‍ക്കും മരുമക്കള്‍ക്കുമായി അവിടെ പല ബിസിനസുകളുമുണ്ടല്ലോ. പണമൊക്കെ അങ്ങോട്ട് ഒഴുകും. പിന്നെ പണം വെളുപ്പിക്കാന്‍ പലതരത്തിലുള്ള ബിസിനസുകള്‍ കേരളത്തില്‍ തന്നെ ഉണ്ട്. ഉദാഹരണത്തിന്, പോളക്കുളം കൃഷ്ണദാസിന് മത്സ്യബന്ധന ബോട്ടുകള്‍ ഉണ്ട്. വലിയ ലാഭം ഒന്നും ഇല്ലാതിരുന്നിട്ടും പലപ്പോഴും നഷ്ടത്തിലായിരുന്നിട്ടും അതെന്തിനാ ഇങ്ങനെ കൊണ്ട് നടക്കുന്നതെന്ന് ഞാനൊരിക്കല്‍ ചോദിച്ചിരുന്നു. കടലില്‍ പോയില്ലെങ്കിലും കയ്യിലുള്ള പൈസക്ക് സമാനമായ മീന്‍ കിട്ടി എന്നുപറഞ്ഞാല്‍ മതിയല്ലോ. നമ്മുടെ കയ്യിലിരിക്കുന്ന പൈസ നിയമപരമായില്ലേ?

പത്ത് ലക്ഷം രൂപയുടെ മീന്‍ പിടിച്ചു എന്ന് ബോട്ടുടമ പറഞ്ഞാല്‍ അതാണ് കണക്ക്. യഥാര്‍ത്ഥത്തില്‍ എത്ര പിടിച്ചു പിടിച്ചില്ല എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. മാത്രവുമല്ല ഇങ്ങനെ പിടിക്കുന്ന മീനിന് നികുതിയുമില്ല. എങ്ങനെ നോക്കിയാലും ലാഭം. ബാബുവിന്റെ പണം വെളുപ്പിക്കുന്നതിനും ഇതുപയോഗിക്കുന്നതായിട്ടാണ് ഞാനറിഞ്ഞത്. ഇങ്ങനെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം വെളുപ്പിക്കാന്‍ ഇവിടെ ഒട്ടനവധി മാര്‍ഗങ്ങളുണ്ട്. പിന്നെന്താ പ്രശ്‌നം?

മന്ത്രിമാര്‍ നേരിട്ട് പണം ചോദിക്കുന്നു എന്നു പറയുന്നത് അവിശ്വസനീയമായി തോന്നുന്നുണ്ട്?

വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരിക്കല്‍ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടതിനെ കുറിച്ച് ഞാന്‍ മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. ഇതേ മുഖ്യമന്ത്രി തന്നെ കെപിസിസി പ്രസിഡന്റിന് ഒരിക്കല്‍ രണ്ടു രൂപ (രണ്ട് കോടി) കൊടുക്കാന്‍ ബാബു വഴി ആവശ്യപ്പെട്ടു.

ഇത്രയും വലിയ തീവെട്ടി കൊളള നടന്നിട്ടും എന്തുകൊണ്ടാണ് ആരും ഇതുവരെ പുറത്തുപറയാത്തതും പ്രതികരിക്കാത്തതും?

സെയില്‍ ടാക്‌സിന്റേയും മറ്റ് ഗവണ്‍മെന്റ് വകുപ്പുകളുടെയും റെയ്ഡുകള്‍ കാട്ടിയാണ് സര്‍ക്കാര്‍ പലപ്പോഴും നമ്മളെ ഭീഷണിപ്പെടുത്തുന്നത്. വകുപ്പ് മന്ത്രിമാര്‍ ഒരു ഡിമാന്റ് വച്ചു- നമ്മളത് ചെയ്തില്ലാന്ന് ഉണ്ടെങ്കില്‍ ഉടന്‍ ഒരു റെയ്ഡ് പ്രതീക്ഷിക്കാം. അങ്ങനെ ഉണ്ടാകാതിരിക്കാനാണ് ഞങ്ങള്‍ കോംപൗഡ്ഡിംഗ് ആവശ്യപ്പെട്ടത്. അത്തരം റെയ്ഡ് ഒഴിവാക്കാനാണ് സ്വര്‍ണകടക്കാര് കഴിഞ്ഞ പ്രാവശ്യം 22 കോടി മാണിക്ക് കൊടുത്തത്. കോംപൗഡ്ഡിംഗ് ആക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അത് പിസി ജോര്‍ജ് പറഞ്ഞിരുന്നല്ലോ..30 കോടി ജ്വല്ലറിക്കാരുമായി ഫിക്‌സ് ചെയ്തു വച്ചിരിക്കുകയാണെന്ന്. അതും കൂടി വാങ്ങി കൊണ്ടുപോകാന്‍ തയ്യാറെടുത്തു ഇരിക്കുകയായിരുന്നു എന്നും മറ്റും.

1970-കളില്‍ ചെമ്മീന്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിലെ ചെമ്മീന്‍ മുതലാളിമാരില്‍ നിന്ന് മാണി 10 ലക്ഷം രൂപ വാങ്ങിയെന്ന കഥ തിരുവനന്തപുരത്ത് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. വേറൊരു ഉദാഹരണം കൂടി പറയാം. ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് സുധീഷ് ഒരിക്കല്‍ വിഴിഞ്ഞത്ത് പ്രസംഗിക്കുന്നതിനിടയില്‍ വിഴിഞ്ഞത്തെ റിസോര്‍ട്ടുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പോര്‍ട്ട് മന്ത്രി കൂടിയായ ബാബുവിനെ വിഴിഞ്ഞത്ത് കയറാന്‍ അനുവദിക്കില്ലാ എന്ന് പറഞ്ഞു. അധികകാലം താമസിയാതെ അയാളുടെ ബാര്‍ ഹോട്ടലില്‍ ഒരു റെയ്ഡ് നടക്കുകയും തൊഴിലാളികള്‍ക്കായി പണിത ബാത്ത് റൂമിന്റെ ഡോര്‍ പ്ലാനില്‍ പറഞ്ഞതില്‍ നിന്ന് വ്യത്യാസമുണ്ടെന്ന് ആരോപിച്ച് ബാര്‍ അടച്ചുപൂട്ടുകയും ലൈസന്‍സ് സസ്‌പെന്റു ചെയ്യുകയും ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ബാബുവിനെ കാണാന്‍ ചെന്ന സുധീഷിനെ കേട്ടാലറക്കുന്ന തെറി വിളിച്ചാണ് ബാബു നേരിട്ടത്. സുധീഷിന്റെ പ്രസംഗമായിരുന്നു പ്രകോപനമെന്ന് വ്യക്തമായിരുന്നു. എന്റെ തന്നെ കാര്യം നോക്കു..ഓപ്പറേഷന്‍ അനന്ത ഉണ്ടാക്കി എടുത്തത് തന്നെ എന്നെ എങ്ങനെ തകര്‍ക്കാമെന്ന ചിന്തയില്‍ നിന്നാണ്. ഡിസാസ്റ്റര്‍ മാനേജുമെന്റ് ആക്റ്റ് ഉപയോഗിച്ച് കിഴക്കേകോട്ടയിലുളള എന്റെ വസ്തു വകകള്‍ ഇടിച്ചുനിരത്താനായിരുന്നു പരിപാടി. ഒടുവില്‍ കോടതി പറഞ്ഞു, പ്രൈവറ്റ് പ്രോപ്പര്‍ട്ടിയില്‍ ഇത് പറ്റില്ലാ എന്ന്. മാത്രമല്ല സര്‍ക്കാര്‍ നടപടി തടയുകയും ചെയ്തു.

ഈ സംഭവങ്ങള്‍ക്കിടയില്‍ എനിക്ക് നേരെ ഒരിക്കല്‍ വധശ്രമമുണ്ടായി. എന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന മൂന്ന് പേരില്‍ ഒരാളെ പോലീസിന് പിടിച്ചുനല്‍കി. യാതൊരു കേസും ചാര്‍ജ് ചെയ്യാതെ ഇയാളെ പിന്നീട് വിട്ടയച്ചു എന്നാണ് ഞാനറിഞ്ഞത്. എനിക്ക് നേരെ ഇനിയും കൊലപാതക ശ്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ മന്ത്രിസഭയില്‍ അഴിമതിപ്പണം കൈപ്പറ്റാത്ത ആരെങ്കിലും ഉണ്ടോ?

കേരളം ഇതുവരെ കണ്ടതില്‍ വച്ച് അടിമുടി അഴിമതിയില്‍ മുങ്ങിയ ഒരു മന്ത്രിസഭ വേറെ ഉണ്ടായിട്ടില്ല.

(NB; ലേഖകന്‍ കേരളത്തിലെ അഴിമതിക്കേസുകളുടെ രീതികളെക്കുറിച്ച് നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമായാണ് ഈ അഭിമുഖം തയ്യാറാക്കിയത്.)