പാര്‍വതി അഭിമുഖം: പ്രതിഫലത്തിലും പ്രതിഭയാകണം പരിഗണന, അഭിനയിച്ച സിനിമ മോശമായാലും കൂടെയുണ്ടാകും

January 12, 2016, 10:44 pm
പാര്‍വതി അഭിമുഖം: പ്രതിഫലത്തിലും പ്രതിഭയാകണം പരിഗണന, അഭിനയിച്ച സിനിമ മോശമായാലും കൂടെയുണ്ടാകും
Interview
Interview
പാര്‍വതി അഭിമുഖം: പ്രതിഫലത്തിലും പ്രതിഭയാകണം പരിഗണന, അഭിനയിച്ച സിനിമ മോശമായാലും കൂടെയുണ്ടാകും

പാര്‍വതി അഭിമുഖം: പ്രതിഫലത്തിലും പ്രതിഭയാകണം പരിഗണന, അഭിനയിച്ച സിനിമ മോശമായാലും കൂടെയുണ്ടാകും

സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പാര്‍വതി. സിനിമകളുടെ എണ്ണപ്പെരുക്കത്തേക്കാള്‍ അഭിനേതാവ് എന്ന നിലയില്‍ വൈവിധ്യത നല്‍കിയ കഥാപാത്രങ്ങള്‍ക്കാണ് പ്രാമുഖ്യമെന്ന് പാര്‍വതി പറയുന്നു. എന്ന് നിന്റെ മൊയ്തീന്‍,ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്കൊപ്പം 2015ലും പ്രകടനത്തില്‍ മുന്‍നിരയിലായിരുന്നു ഈ അഭിനേത്രി.


കൂടുതല്‍ സെലക്ടീവാകാം എന്ന് തീരുമാനിച്ചത് എപ്പോള്‍ മുതലാണ്?

ഞാന്‍ സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷമാവുകയാണ്. പതിനേഴ് സിനിമകളാണ് ചെയ്തിട്ടുള്ളത്. പെട്ടെന്നൊരു ദിവസം സെല്കടീവായതല്ല. ആദ്യ ചിത്രം മുതല്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ എനിക്ക് ഇതേ നിലപാടായിരുന്നു.

ബാംഗ്ലൂര്‍ ഡേയ്‌സിലെ സേറാ, കാഞ്ചനാമാല ഇപ്പോള്‍ ടെസ്സ, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ടാഗിലുള്ള കഥാപാത്രങ്ങളെയാണ് നിര്‍ബന്ധമാക്കുന്നത്. സ്ത്രീ എന്ന നിലയിലും കഥാപാത്രമായും വ്യക്തിത്വമുള്ള നായികമാരാണ് ഇതുവരെ?

അത്തരം മുന്‍വിധിയൊന്നുമില്ല. ഞാന്‍ ചെയ്യുന്ന കഥാപാത്രവും, സിനിമയും, സമൂഹത്തോട് എന്ത് സംവദിക്കുന്നു എന്ന് കാര്യമായി നോക്കാറുണ്ട്. റോളുകള്‍ തെരഞ്ഞെടുക്കുന്നതിലും ഇക്കാര്യം പ്രധാന മാനദണ്ഡമാണ്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ ചെയ്തികള്‍ വ്യക്തി എന്ന നിലയില്‍ ചിലപ്പോള്‍ എനിക്ക് അംഗീകരിക്കാനാകാത്തതാകാം. പക്ഷേ ആ കഥാപാത്രം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തോട് എത്ര മാത്രം നീതി പുലര്‍ത്തുന്നു എന്നത് പരിഗണിച്ച് ആ റോള്‍ സ്വീകരിക്കും. കാരണം സമൂഹത്തിലെ സമൂഹത്തിലെ നല്ല കാര്യങ്ങള്‍ക്കൊപ്പം ചീത്ത വശവും സിനിമയില്‍ പ്രതിഫലിക്കണം. തിന്മകള്‍ കാണിക്കാം, സിനിമയിലൂടെ മഹത്വവല്‍ക്കാതിരുന്നാല്‍ മതി. അത്തരത്തില്‍ മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍ ഏറ്റെടുക്കില്ല എന്നും തീരുമാനിച്ചിട്ടുണ്ട്.

പത്ത് വര്‍ഷത്തിനുള്ളില്‍ പതിനേഴ് ചിത്രങ്ങള്‍ മാത്രം, സമകാലികരായ താരങ്ങള്‍ക്കിടയില്‍ വളരെ കുറഞ്ഞ എണ്ണമാണിത്. തെരഞ്ഞെടുപ്പില്‍ എണ്ണത്തേക്കാള്‍ നിലവാരത്തിന് പരിഗണന നല്‍കുമ്പോള്‍ പാര്‍വതി നേരിടുന്ന വെല്ലുവിളി എന്താണ്?

നമ്മള്‍ക്ക് എത്രത്തോളം വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ വരുന്നു എന്നതിനെ അനുസരിച്ചല്ലേ തിരഞ്ഞെടുക്കാന്‍ പറ്റൂ. ഒന്നാമത് അങ്ങനെയുള്ള റോളുകള്‍ വരുന്നത് കുറവാണ്. അതില്‍ നിന്ന് പിന്നെയും സെലക്ടീവാകാന്‍ തുനിഞ്ഞാല്‍ ജോലി ചെയ്യാനേ പറ്റില്ല എന്ന അവസ്ഥയാകും. എനിക്ക് വിശ്വസിക്കാനും, എനിക്ക് യോജിക്കാനും നൂറ് ശതമാനം തോന്നിയ സിനിമകളും കഥാപാത്രങ്ങളും മാത്രമാണ് ഞാന്‍ ഇതുവരെ ചെയ്തിരിക്കുന്നത്. സിനിമയുടെ ആകെത്തുക ഉള്‍ക്കൊണ്ടാണ് ഓരോ റോളും ഞാന്‍ സ്വീകരിക്കുന്നത്.

ചാര്‍ലി എന്ന സിനിമ തെരഞ്ഞെടുത്തതിന് കാരണം എന്തായിരുന്നു?

ഒരു പാട് കാരണങ്ങളുണ്ട്. കഥാപാത്രം എന്ന നിലയില്‍ ടെസ്സ ഞാന്‍ മുമ്പ് ചെയ്തിട്ടില്ലാത്ത ഒരു റോളാണ്. ചാര്‍ലിയുടെ കഥ കേട്ടതിന് ശേഷം ടെസ്സ എന്ന കഥാപാത്രത്തില്‍ പുതുതായി ചിലതൊക്കെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ആ ധാരണയില്‍ നിന്നാണ് കഥാപാത്രത്തിലെത്തുന്നത്.  ടെസ്സയായി മാറിയതും കഴിഞ്ഞ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി സ്വീകരിച്ച അതേ പ്രോസസ്സിലൂടെ അല്ല. മുമ്പ് ഒരു കഥാപാത്രത്തിന് വേണ്ടി സ്വീകരിച്ച രീതിയോ, പ്രക്രിയയോ അല്ല. ആവര്‍ത്തനം വ്യക്തി എന്ന നിലയിലും ആക്ടര്‍ എന്ന നിലയ്ക്കും എന്നെ മുന്നോട്ട് കൊണ്ടുപോവില്ലെന്ന ബോധ്യത്തില്‍ നിന്നാണ് ഓരോ കഥാപാത്രത്തിലും പുതുതായി എന്തെങ്കിലും കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഒരേ സ്വഭാവത്തിലുള്ള കഥാപാത്രത്തെ തന്നെ വീണ്ടും അവതരിപ്പിച്ചാല്‍ അത് ക്രിയേറ്റീവ്‌ലി പുതുതായി ഒന്നും പഠിക്കാനുമില്ല.  ഈ കഥ കേട്ടപ്പോള്‍ പുതിയ രീതിയിലുള്ള ആഖ്യാനത്തിന് ശ്രമിക്കുന്ന ഒരു ചിത്രമായും തോന്നിയിരുന്നു. ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്തും മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകനും ഈ ചിത്രം ഏറ്റെടുക്കാനുള്ള മറ്റ് ഘടകങ്ങളാണ്. ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ. ഷമീര്‍ എന്ന പുതിയ എഡിറ്റര്‍. കുറേ മികച്ച ടെക്‌നീഷന്‍സിനും മികച്ച അഭിനേതാക്കള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം എന്ന നിലയിലും താല്‍പ്പര്യം വര്‍ധിച്ചു.

കമേഴ്‌സ്യല്‍ സിനിമകളിലേക്ക് മാത്രമായി പാര്‍വതിയുടെ തെരഞ്ഞെടുപ്പ് ചുരുങ്ങുന്നില്ലേ? മരിയാന്‍,ബാംഗ്ലൂര്‍ ഡേയ്‌സ്,എന്ന് നിന്റെ മൊയ്തീന്‍, ഇപ്പോള്‍ ചാര്‍ലി. ഷോ ബിസിനസ് ലക്ഷ്യമാകുന്ന സിനിമകളിലെ അഭിനയസാധ്യതയുള്ള റോള്‍ മാത്രമല്ലേ പാര്‍വതി ഇതുവരെ സ്വീകരിച്ചിട്ടുള്ളത്? അഭിനയസാധ്യത എന്നതിനൊപ്പം കമേഴ്‌സ്യല്‍ സക്‌സസ് നിര്‍ബന്ധമാണോ?

അത് ശരിയല്ല, ബാംഗ്ലൂര്‍ ഡെയ്‌സും, എന്ന് നിന്റെ മൊയ്തീനും 2014ലും 2015ലും പുറത്തിറങ്ങിയവയാണ്. ഞാന്‍ അഭിനയം തുടങ്ങിയത് 2005ലാണ്. 2005 മുതല്‍ 2015 വരെയുള്ള എന്റെ കരിയര്‍ നോക്കൂ, അഭിനയിച്ച സിനിമകളില്‍ പലതും ഹിറ്റാകാതെ പോയിട്ടുണ്ട്. ചിലത് വലിയ സാമ്പത്തിക പരാജയമായി. ചില സിനിമകളൊക്കെ തിയറ്ററുകളിലെത്തിയത് പലരും അറിഞ്ഞിട്ട് പോലുമില്ല. ഹിറ്റുകളുടേത് മാത്രമല്ല എന്റെ കരിയര്‍. ബാംഗ്ലൂര്‍ ഡേയ്‌സും എന്ന് നിന്റെ മൊയ്തീനും ചാര്‍ലിയും വലിയ ശബ്ദമുണ്ടാക്കിയത് കൊണ്ട് നിങ്ങള്‍ക്ക് ഇത്തരത്തില്‍ വിലയിരുത്താനാകില്ല. കമേഴ്‌സ്യല്‍ ഹിറ്റുണ്ടാക്കണം എന്ന നിര്‍ബന്ധബുദ്ധിയോടെ അല്ല ഓരോ സിനിമയും തെരഞ്ഞെടുത്തതും പൂര്‍ത്തിയാക്കിയതും. അത്തരമൊരു ചിന്താഗതി ഇപ്പോഴും എന്നെ പിടികൂടിയിട്ടില്ല. ഔട്ട് ഓഫ് സിലബസ് എന്ന എന്റെ ആദ്യ ചിത്രം മുതല്‍ നോക്കിയാല്‍ ഇക്കാര്യം പിടികിട്ടും.

ഏറെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സിറ്റി ഓഫ് ഗോഡിലെ മരതകം പാര്‍വതിയുടെ മികച്ച പ്രകടനങ്ങളിലൊന്നാണ്, അതിന് മുമ്പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും, സിനിമകളില്‍
നിന്നുമൊക്കെ ബോധപൂര്‍വം ഒരു മേക്ക് ഓവറിന് വേണ്ടിയുളള ശ്രമമായിരുന്നോ
സിറ്റി ഓഫ് ഗോഡ്?

ഒരു സിനിമ എങ്ങനെ ചെയ്താലാണ് ഹിറ്റാവുകയെന്ന് ഫിലിംമേക്കേഴ്‌സിന് പോലും അറിയാന്‍ സാധിക്കില്ലെന്നിരിക്കെ  എന്നെപ്പോലെ ഒരു ആക്ടറിന് എങ്ങനെയാണ് മുന്‍കൂട്ടി ആലോചിച്ച് മേക്ക് ഓവര്‍ നടത്താനാവും?, സിനിമ പോലൊരു ക്രിയേറ്റീവ് ഫീല്‍ഡില്‍  ബോധപൂര്‍വം അത്തരമൊരു മേക്ക് ഓവര്‍ സാധ്യമല്ല. പത്താം വര്‍ഷമല്ലേ, ഒരു ബ്രേക്ക് ത്രൂ റോള്‍ ചെയ്‌തേക്കാം എന്നൊന്നും തീരുമാനമെടുക്കാന്‍ ഇപ്പോള്‍ വിചാരിച്ചാലും കഴിയില്ല. ഒരു സിനിമ ചെയ്യുമ്പോള്‍ സിനിമയുടെ റേഞ്ച് എന്താണ്, പ്രേക്ഷകര്‍ എന്നെ എങ്ങനെ കാണും എന്ന കാര്യങ്ങളൊക്കെ എന്റെ ആകുലത ആകാറില്ല. എനിക്ക് ഒറ്റ ഉദ്ദേശമേ ഉള്ളൂ, നല്ല സിനിമകളുടെ ഭാഗമാവുക, അത് ഉണ്ടാക്കുന്ന ടീമിനൊപ്പം നന്നായി പ്രവര്‍ത്തിക്കുക, വീട്ടില്‍ പോവുക, സിംപിള്‍. പത്ത് വര്‍ഷമായി ഇതേ നിലപാടാണ്, ഇനിയങ്ങോട്ടും മാറ്റമുണ്ടാകില്ല. ചെയ്യുന്ന സിനിമകളെല്ലാം കാഴ്ചക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നവയാവട്ടെ എന്ന് ആഗ്രഹിക്കുന്നു. അഥവാ ഞാന്‍ തെരഞ്ഞെടുത്ത സിനിമ മോശമായാലും ആ സിനിമയെ പൂര്‍ണമായും പിന്തുണച്ച് കൂടെ ഞാനുണ്ടാകും.

ഫാന്‍സി ഡ്രസ് പോലെ രൂപത്തില്‍ മാത്രം മാറ്റം വരുത്തുകയാണ് ഒരു കഥാപാത്രമാകാന്‍ വേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ശ്രമിച്ചിട്ടുള്ളതും കാരിക്കേച്ചര്‍ ചെയ്യാനല്ല. സമൂഹത്തിലുളള ഒരാളുടെയോ, ഒരു കമ്മ്യൂണിറ്റിയുടെയോ, ഒരു വിഭാഗത്തിന്റെയോ പ്രതിനിധിയാവുക എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ലഭിക്കുന്ന കഥാപാത്രത്തിലൂടെ ചെയ്യാനുള്ളത്. അവിടെ കൃത്യമായ ഒരു പ്രോസസ്സ് കൂടി നടക്കണം. കഥാപാത്രത്തിനായി ഗവേഷണവും നിരീക്ഷണം സാധ്യമാകണം. സിറ്റി ഓഫ് ഗോഡിന്റെ കാര്യമെടുത്താല്‍ മരതകത്തെ അവതരിപ്പിക്കാനായി തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനനുമായി കുറേ തവണ സംസാരിച്ചിരുന്നു. കാരണം പാര്‍വതി എന്ന വ്യക്തിക്ക് അത്രത്തോളം അറിവില്ല, അന്യസംസ്ഥാന തൊഴിലാളിയായ മരതകത്തെ മുന്‍പരിചയവുമില്ല. പലരില്‍ നിന്നും പലതില്‍ നിന്നും സ്വാധീനിക്കപ്പെട്ടാണ് ഒരു കഥാപാത്രമായി മാറുന്നത്. സമൂഹത്തിലെ പല ആളുകളിലൂടെയുള്ള ഒരു തരം വച്ചുമാറല്‍ ആണ് നടക്കുന്നത്. കടവന്ത്ര സൈഡിലൊക്കെ പോയി കഴിഞ്ഞാല്‍ രാവിലെ അഞ്ച് മണിക്കും ആറുമണിക്കുമൊക്കെ അന്യസംസ്ഥാന തൊഴിലാളികളുടെ നീണ്ട നിര കാണാം. കണ്‍സ്ട്രക്ഷന്‍ വര്‍ക്കിനൊക്കെ  തൊഴിലുടമകളെ കാത്തിരിക്കുന്നവരായിരിക്കും ഈ മനുഷ്യര്‍. രാവിലെ ഓരോ ട്രക്കുകള്‍ വന്ന് അവരെ വിളിച്ച് കയറ്റുന്നതും, വൈകിട്ട് തിരികെ ഇറക്കുന്നതും കാണാം. രാവിലെ മുതല്‍ വൈകിട്ട് വരെ എങ്ങനെയാണ് അവര്‍ ചെലവഴിക്കുന്നത്, വേഷവിതാനം എത്തരത്തിലാണ്, മുടി ചീകിയിരിക്കുന്നത് എങ്ങനെയാണ്, തലയില്‍ ഉപയോഗിച്ച എണ്ണ എതാണ് എന്നൊക്കെ മനസ്സിലാക്കിയാണ് മരതകമായി മാറിയത്.

കഥാപാത്രങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിനായി സമയം നീക്കി വയ്ക്കുന്നത് കൊണ്ടാണോ
ഓരോ സിനിമയ്ക്കും ശേഷം അടുത്ത ചിത്രത്തിലെത്താന്‍ വലിയ ഇടവേള ഉണ്ടാകുന്നത്?

കൃത്യമായ ഹോം വര്‍ക്ക് ഇതുവരെയുള്ള എല്ലാ സിനിമകള്‍ക്കും ഉണ്ടായിരുന്നു. കാരക്ടര്‍ ചെറുതായാലും, വലുതായാലും കഥാപാത്രത്തിനായുളള തയ്യാറെടുപ്പില്‍ നിന്ന് പിന്‍മാറാറില്ല. കഥാപാത്രത്തിന് വേണ്ടിയുള്ള മുന്നൊരുക്കവും റിസര്‍ച്ചും ഒരു ആക്ടര്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വമാണ്. സിനിമയില്‍ ഞാന്‍ മാത്രം ചെയ്യുന്ന കാര്യമായിട്ടല്ല ഇതെല്ലാം പറയുന്നത്. നേരെ ലൊക്കേഷനില്‍ ചെന്ന് സ്‌പൊണ്ടേനിയസ് ആയി ഒരു കാരക്ടര്‍ ആകാന്‍ കഴിവുള്ള നടിയല്ല ഞാന്‍. അങ്ങനെ സാധിക്കുന്ന നിരവധി പേരുണ്ട്. ഒരോ സിനിമയ്ക്കും ശേഷം അടുത്ത സിനിമയ്ക്ക് വേണ്ടി ഇത്ര ദിവസം ബ്രേക്ക് എടുക്കാം എന്ന് മുന്‍കൂട്ടി നിശ്ചയിക്കാറുമില്ല. ഒരു സിനിമ കഴിഞ്ഞാല്‍  കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഒരു ബ്രേക്ക് സ്വാഭാവികമായി ഉണ്ടാകും. ആ ഘട്ടത്തിലാണ് അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള കഥ കേള്‍ക്കേണ്ടി വരിക. എന്നെ കണ്‍വിന്‍സ് ചെയ്യുന്ന തിരക്കഥയിലേക്കും കഥാപാത്രത്തിലേക്കും എത്തിച്ചേരാന്‍ ചിലപ്പോള്‍ ഒരാഴ്ച മുതല്‍ ആറ് മാസം വരെ വേണ്ടി വന്നേക്കാം. അതൊരു ഓര്‍ഗാനിക് പ്രോസസ് ആണ്. ഒരു സിനിമ കഴിയുമ്പോള്‍ ഞാന്‍ മാനസികമായും ശാരീരികമായും പരിക്ഷീണയായിട്ടുണ്ടാകും. അപ്പോഴത്തെ മാനസികാവസ്ഥയില്‍ പെട്ടെന്ന് ഒരു കഥ കേട്ട് പ്രൊജക്ട് ഏറ്റെടുത്താല്‍ തീരുമാനം ശരിയാകണമെന്നില്ല. ഇതുവരെയുള്ളതില്‍ ഏറ്റവും നീണ്ട ഇടവേള സംഭവിച്ചത് മരിയാന്‍ ഒക്കെ ചെയ്യുന്നതിന് മുമ്പാണ്. സിറ്റി ഓഫ് ഗോഡ് കഴിഞ്ഞ് ഒന്നരവര്‍ഷമെടുത്തു മരിയാന്‍, ചെന്നൈയില്‍ ഒരു നാള്‍ എന്നീ സിനിമകളൊക്കെ ചെയ്യാന്‍.

സിനിമാമേഖലയില്‍ നായികാതാരത്തിന് പരിമിതമായ ആയുസ്സല്ലേ കല്‍പ്പിച്ചിട്ടുള്ളൂ, വിവാഹത്തിന് മുമ്പുള്ള കാലയളവില്‍ ചെയ്ത് തീര്‍ക്കാവുന്ന അത്രയും സിനിമകള്‍ എന്ന രീതിയിലാണ് നല്ലൊരു ശതമാനം അഭിനേത്രിമാരും സിനിമയെ സമീപിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഇതിന് മാറ്റം വന്നിട്ടുണ്ടോ? ഇക്കാര്യത്തില്‍ പാര്‍വതിയുടെ നിലപാടും കാഴ്ചപ്പാടും എന്താണ്?

ഈ പ്രവണത മാറി വരുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സ്വകാര്യ ജീവിതം ഒരിക്കലും ഈ തൊഴിലുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാണ് ഞാന്‍ സിനിമയിലെത്തിയത്. സ്വകാര്യതജീവിതം സ്വകാര്യതയായും, ജോലി ജോലിയായും വേറിട്ട് കാണണം എന്നാണ് എക്കാലത്തെയും എന്റെ നിലപാട്. പുതുതായി സിനിമയിലേക്ക് വരുന്ന ആക്ടേഴ്‌സില്‍ കൂടുതലും സമാന നിലപാടുള്ളവരാണ് .സ്വകാര്യതയും തൊഴിലും കൂട്ടിക്കുഴയ്ക്കാന്‍ അവരും താല്‍പ്പര്യപ്പെടുന്നില്ല. എന്റെ കാര്യത്തിലാണെങ്കില്‍ വിവാഹം മാത്രമല്ല വ്യക്തിജീവിതത്തിലെ ഒരു കാര്യവും പരസ്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വീകരിക്കുന്ന കഥാപാത്രത്തെ പൂര്‍ണതയിലെത്തിക്കുക എന്നത് മാത്രമാണ് പ്രേക്ഷകരുടെ മുന്നിലുള്ള ഉത്തരവാദിത്വം. അല്ലാതെ വ്യക്തിജീവിതത്തില്‍ എന്ത് ചെയ്യുന്നു എന്നതില്‍ അല്ല കാര്യം. ആക്ടര്‍ എന്ന നിലയില്‍ ഞാന്‍ ഒരു വിനോദോപാധിയോ പൊതുസ്വത്തോ അല്ല. ഞാന്‍ ആരെ കല്യാണം കഴിക്കുന്നു, കല്യാണം കഴിക്കുന്നുണ്ടോ, ആരോടൊക്കെ സൗഹൃദത്തിലാണ് ഇതെല്ലാം എന്റെ സ്വകാര്യതയാണ്. ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെയോ, ഐടി ജീവനക്കാരിയുടെയോ പോലെ തന്നെയാണ് ഒരു അഭിനേത്രിയുടെയും പേഴ്‌സണല്‍ ലൈഫ്. അതേ സമയം തന്നെ ഒരു പൗരന്‍ എന്ന നിലയിലും എന്റെ കാഴ്ചപ്പാടുകളും നിലപാടും ഞാന്‍ പരസ്യപ്പെടുത്തുന്നുണ്ടാകാം. വിവാഹം, വിവാഹത്തിന് ശേഷമുള്ള അഭിനയം എന്നിവയിലൊക്കെ സിനിമയിലുളള സ്ത്രീകളുടെ മാത്രമല്ല പുരുഷന്‍മാരുടെ വീക്ഷണത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. സിനിമാമേഖലയുടെ ചിന്താഗതി പൂര്‍ണമായും മാറിയിട്ടുണ്ടെന്നല്ല പറഞ്ഞത്, പതുക്കെ  പതുക്കെ മാറി വരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഓസ്‌കാര്‍ വേദിയിലും, ഈ വര്‍ഷത്തെ മുംബെ ചലച്ചിത്രോത്സവത്തിലും സിനിമയിലെ വേതന വിവേചനം ചര്‍ച്ചയായിരുന്നു. തുല്യ പ്രാധാന്യമുള്ള റോളുകളില്‍ സ്ത്രീ താരത്തിനും പുരുഷതാരത്തിനും നല്‍കുന്ന പ്രതിഫലത്തിലെ വിവേചനം മലയാളത്തിലും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍വതിയുടെ നിലപാട് എന്താണ്?

ഈ വിഷയത്തില്‍ രണ്ട് വശവും മനസ്സിലാക്കി മാത്രമേ എനിക്ക് ഉത്തരം നല്‍കാനാകൂ. ഒന്ന്, ഈ വിവേചനം ഇവിടെയും നിലനില്‍ക്കുന്നുണ്ട്. ഒരു പാട് കാലമായി തുടരുന്ന ഒന്ന് എല്ലാ കാലത്തേക്കുമുള്ള ശരിയാണെന്ന ചിന്താഗതി നമ്മുടെ സമൂഹത്തിലുണ്ട്. സ്ത്രീധനത്തിന്റെ
കാര്യമെടുക്കൂ, എത്രയോ കാലമായി സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു. അപ്പോള്‍ അതില്‍ തെറ്റ് കാണേണ്ടതില്ല എന്ന് വാദിക്കുന്നവരും വിശ്വസിക്കുന്നവരുമുണ്ട്. അത്തരമൊരു തെറ്റായ ധാരണയാണ് വേതന വിവേചനത്തിന്റെ കാര്യത്തിലും നിലനില്‍ക്കുന്നത്.
തുല്യകഥാപാത്രമാകുന്ന സാഹചര്യത്തില്‍ എനിക്കൊപ്പം അഭിനയിക്കുന്ന നായക താരത്തിന്റെ അതേ പ്രതിഫലം ഞാനും ആവശ്യപ്പെട്ടാല്‍ അതിന് ഒരിക്കലും നിങ്ങള്‍ അര്‍ഹയല്ല എന്ന പ്രതികരണമാണ് ഏറെക്കുറെ ലഭിക്കാറുള്ളത്. എനിക്ക് മാത്രമല്ല ഇതേ സാഹചര്യത്തില്‍ എല്ലാ ഫിമെയില്‍ ആക്ടേഴ്‌സിനും ഇതേ മറുപടിയാണ് ലഭിക്കുക. തുല്യപ്രാധാന്യമുള്ള റോളില്‍ പുരുഷതാരത്തെക്കാള്‍ കൂടുതല്‍ ദിവസം ചിലപ്പോള്‍ ഒരു നടിക്ക് അഭിനയിക്കേണ്ടി വന്നേക്കാം, അപ്പോഴും പ്രതിഫലം പുരുഷതാരത്തിന് തന്നെയാണ് കൂടുതല്‍ ലഭിക്കുക. നിങ്ങള്‍ക്ക് സാറ്റലൈറ്റ് റൈറ്റ്‌സ് ഇല്ല എന്നോ മാര്‍ക്കറ്റ് വാല്യു നായകതാരത്തോളം വരില്ല എന്നോ പറഞ്ഞുകൊണ്ടാകും ഈ സാഹചര്യത്തില്‍ ഫിമെയില്‍ ആക്ടറിനെ നേരിടുന്നത്.

സിനിമയിലെ ഒരു പുരുഷ സുഹൃത്ത് എന്നോട് പറഞ്ഞ കാര്യമുണ്ട്. ലീഡ് ആക്ടറാണ് അദ്ദേഹം. ഒരു സെറ്റുണ്ടാക്കാന്‍ 50 ലക്ഷം വേണമെന്ന് കരുതുക. നേര്‍പകുതി ചെലവഴിച്ചാല്‍ മതിയെന്ന് പ്രൊഡ്യൂസര്‍ നിര്‍ബന്ധം പിടിച്ചാലും സംവിധായകന്‍ അതിന് തയ്യാറാകണമെന്നില്ല. ഒടുവില്‍ നിര്‍മ്മാതാവ് ആദ്യത്തെ തുകയിലേക്ക് വഴങ്ങികൊടുക്കും. അതേ സമയം ഒരു നടി സിനിമയ്ക്കായി ചെലവഴിച്ച സമയത്തിനും, അവരുടെ ടാലന്റിനും വിലയിടുമ്പോള്‍, അത് മുന്‍നിര്‍ത്തി പ്രതിഫലം ചോദിക്കുമ്പോള്‍ വിവേചനമാകും നേരിടേണ്ടി വരിക. ഒരു സെറ്റിലെ പ്രോപ്പര്‍ട്ടിക്ക് കൊടുക്കുന്നതിനേക്കാള്‍ പരിഗണന ആ സിനിമയിലെ അഭിനേത്രിക്ക് നല്‍കിക്കൂടേ എന്നാണ് ആ സുഹൃത്ത് എന്നോട് ചോദിച്ചത്. അല്ലാത്തപക്ഷം സ്ത്രീ അഭിനേതാക്കള്‍ ഇല്ലാതെ സിനിമ എടുക്കാന്‍ ഇവര്‍ തയ്യാറാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ തുറന്നുപറച്ചില്‍ എനിക്ക് വല്ലാതെ സന്തോഷമേകിയ കാര്യമാണ്. കാരണം നടിമാരോട് വിവേചനം പാടില്ലെന്ന നിലപാടുള്ള പുരുഷതാരങ്ങളും ഉണ്ട്. അവരും സ്ത്രീ അഭിനേതാക്കള്‍ നേരിടുന്ന വിവേചനം തിരിച്ചറിഞ്ഞിട്ടുണ്ട്. നായികമാരുടെ കാര്യത്തില്‍ മാത്രമല്ല സപ്പോര്‍ട്ടിംഗ് ആക്ടേഴ്‌സ് ആയാലും ടെക്‌നീഷ്യന്‍സ് ആയാലും ലിംഗാടിസ്ഥാനത്തില്‍ അല്ലാതെ അവരുടെ ടാലന്റിനെ മുന്‍നിര്‍ത്തി വിലയിടുന്ന സാഹചര്യമുണ്ടാകണം. 

ഇനി രണ്ടാമത്തെ വശത്തിലേക്ക് വരാം, വേതന വിവേചനത്തില്‍ നിര്‍മ്മാതാക്കളുടെ നിലപാടിലും കാര്യമുണ്ട്. ഒരു ചിത്രത്തിനായി വലിയ മുതല്‍മുടക്ക് നടത്തുമ്പോള്‍ മാര്‍ക്കറ്റ് വാല്യു, സാറ്റലൈറ്റ് റൈറ്റ് എന്നിവയൊക്കെ പരിഗണിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. നമ്മുടെ സിനിമകള്‍ക്ക് വേണ്ടിയുള്ള കഥകളിലും കഥാപാത്രസൃഷ്ടിയിലും മാറ്റമുണ്ടാകുമ്പോള്‍ മാത്രമേ ഇതിന് കൃത്യമായ പരിഹാരമുണ്ടാകൂ. എല്ലാ സിനിമകളിലും നായകകഥാപാത്രത്തിനുള്ള അതേ പ്രാധാന്യം നായികാകഥാപാത്രത്തിനും വേണമെന്നല്ല. ആണിന്റെയും പെണ്ണിന്റെയും ട്രാന്‍സ്‌ജെന്റേഴ്‌സിന്റെയും പ്രാതിനിധ്യത്തില്‍ വിവേചനം പാടില്ലെന്നാണ് ആഗ്രഹിക്കുന്നത്. വൈവിധ്യതകളുള്ള സിനിമകള്‍ അപൂര്‍വ്വമായിട്ടാണ് ഇവിടെ സംഭവിക്കുന്നത്. ആണിനും പെണ്ണിനും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പ്രാതിനിധ്യമുള്ള കൂടുതല്‍ സിനിമകളുണ്ടാകട്ടെ. ഉദാഹരണത്തിന് ട്രാഫിക് എന്ന സിനിമ നോക്കൂ, ഏതെങ്കിലും ഒരു താരത്തിലൂന്നിയല്ല ആ ചിത്രം. എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ പ്രാധാന്യമുണ്ട്.

ലിംഗവിവേചനമില്ലാത്ത സിനിമകള്‍ വന്ന് തുടങ്ങിയാല്‍ മാത്രമേ സിനിമ എന്ന മാധ്യമത്തിലൂടെ സമൂഹത്തിലും മാറ്റം സാധ്യമാകൂ. ലിംഗവിവേചനത്തെ കുറിച്ചുള്ള ചര്‍ച്ച സിനിമയുടെ കാര്യത്തില്‍ മാത്രമായി ചുരുങ്ങേണ്ടതുമല്ല. എല്ലാ മേഖലയിലേക്കും വ്യാപിക്കേണ്ടതാണ്. അത്തരത്തിലൊരു മാറ്റം സാധ്യവുമാണ്. ഫിമെയില്‍ ഓറിയന്റഡ് സിനിമകള്‍ എന്ന വിശേഷണത്തോടും എനിക്ക് യോജിപ്പില്ല. ആണ്‍ താരങ്ങള്‍ ചെയ്യുന്ന സിനിമകളെ ഒരിക്കലും മെയില്‍ ഓറിയന്റഡ് എന്ന് വിളിക്കാറില്ല. സ്ത്രീ കേന്ദ്രകഥാപാത്രമാകുമ്പോള്‍ മാത്രം ഈ ടാഗ് എന്തുകൊണ്ടാണ് വരുന്നതെന്ന് മനസ്സിലാകുന്നില്ല. സിനിമകളെയും മനുഷ്യരുടെ കഥയായി മാത്രം പരിഗണിക്കുന്നതാകും നല്ലത്.

ഇപ്പോള്‍ മലയാളത്തിലെ നായികാ താരങ്ങളില്‍ ഒരാളാണ് പാര്‍വതി. കൂടുതല്‍ അഭിനയപ്രാധാന്യമുള്ള റോള്‍ ലഭിച്ചാല്‍ ലീഡ് റോള്‍ നിര്‍ബന്ധമില്ലാതെ സിനിമ ചെയ്യാന്‍ തയ്യാറാകുമോ?

നായികാ റോളുകള്‍ മാത്രമേ ചെയ്യൂ എന്ന് ഒരു ഘട്ടത്തിലും ഞാന്‍ നിര്‍ബന്ധം പിടിച്ചിട്ടില്ല. വിനോദയാത്രയിലും, ബാംഗ്ലൂര്‍ ഡേയ്‌സിലും, ഉത്തമവില്ലനിലും, ചെന്നൈയില്‍ ഒരു നാളിലും ഞാന്‍ നായികയായിരുന്നില്ല. വലിയ റോള്‍, ചെറിയ റോള്‍ എന്ന വ്യത്യാസം ആദ്യം മുതല്‍ക്കേ എന്റെ ചിന്തയില്‍ ഉണ്ടായിട്ടില്ല. പതിനെട്ടാം വയസ്സിലായിരുന്നു ആദ്യത്തെ സിനിമ. അപ്പോള്‍ മുതല്‍ ആക്ടര്‍ എന്ന നിലയില്‍ എന്നെ ആകര്‍ഷിക്കുന്ന സിനിമകള്‍ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. നടീനടന്‍മാരുടെ മൂല്യം നിശ്ചയിക്കപ്പെടുന്നത് താരപരിവേഷത്തിലൂടെയാണെന്ന്
ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു ആക്ടര്‍ മാത്രമായി നില്‍ക്കുകയാണെങ്കില്‍ നമുക്ക് ഒരിക്കലും പ്രേക്ഷകരെ മടുപ്പിക്കാനാകില്ല. വൈവിധ്യതയുള്ളതും പരീക്ഷണസ്വഭാവത്തിലുളളതുമായ പല കഥാപാത്രങ്ങള്‍ക്കും അവസരം ലഭിക്കുകയും ചെയ്യും. പക്ഷേ താരമായി തുടരുമ്പോള്‍ എല്ലായ്‌പ്പോഴും പരിമിതികള്‍ പിടികൂടും. പലപ്പോഴും റിസ്‌ക് എടുക്കാനാകില്ല. ഒരു 'ഇമേജ്'  നിലനിര്‍ത്തുന്നതിലായിരിക്കും കൂടുതല്‍ ഫോക്കസ്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ പരിമിതിയാണ്.

തുടര്‍ച്ചയായ മുന്ന് വിജയങ്ങള്‍, കഴിഞ്ഞ രണ്ട് വര്‍ഷം മാത്രമായി പരിഗണിച്ചാല്‍ മലയാളത്തിലെ ഒന്നാം നായികയായി പാര്‍വതി മാറിയിരിക്കുകയാണ്. അഭിനേത്രി എന്ന നിലയിലും താരമൂല്യത്തിലും  ഒന്നാം നിരയിലെത്തിയതിനെ എങ്ങനെ കാണുന്നു?


ഇത്തരം പ്രയോഗങ്ങളില്‍ നിന്നും വിശേഷങ്ങളില്‍ നിന്നുമൊക്കെ നമ്മള്‍ വിട്ടുനില്‍ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നമ്പര്‍ വണ്‍ ഹീറോ,നമ്പര്‍ വണ്‍ ഹീറോയിന്‍ എന്നൊക്കെയുള്ള സ്ഥാനപ്പെടുത്തല്‍ കൊണ്ട് ആര്‍ക്കും ഒരു പ്രയോജനവുമില്ല. ഒരാളുടെ അഭിനയമികവ് മാത്രം പരിഗണിച്ച് നമ്മള്‍ ആസ്വദിച്ച് പോയാല്‍ പോരേ. ഇന്ന് ഒരാളെ നമ്പര്‍ വണ്‍ എന്ന് വാഴ്ത്തിയാല്‍ നാളെ അതേ ആളെ തന്നെ ഒരു ഫ്‌ളോപ്പിനൊപ്പം ചേര്‍ത്ത് നമ്പര്‍ ടെന്‍ ആക്കിമാറ്റും. ഇത്തരമൊരു റാങ്കിംഗിലൂടെ ഇവിടെ ആര്‍ക്കും ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് ചരിത്രമെടുത്ത് നോക്കിയാല്‍ മനസിലാകും. ഒരു ആക്ടറുടെ വിജയത്തെ സിനിമയുടെ സാമ്പത്തിക വിജയത്തിലൂടെ നിര്‍വചിക്കുന്നതിനോട് എനിക്ക് തീരെ യോജിപ്പില്ല. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പത്ത് വര്‍ഷത്തെ അഭിനയജീവിതം നൂറ് ശതമാനം വിജയകരമാണ്. സക്‌സസ് എന്നതിന് എന്റെ മാതൃകയും കഴിഞ്ഞ പത്ത് വര്‍ഷമാണ്. വേറെ ഒരാള്‍ നോക്കികാണുമ്പോള്‍ അയ്യോ, കഴിഞ്ഞ മൂന്ന് സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ പാര്‍വതിക്ക് ഹിറ്റുകളില്ലല്ലോ എന്നാവും ചിന്തിക്കുന്നത്. ഒരു സിനിമ പൂര്‍ത്തിയാക്കുമ്പോള്‍ അതിലൂടെ ഞാന്‍ പഠിച്ച കാര്യങ്ങളും ആ സിനിമയിലൂടെ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും ഒരു നടിയെന്ന നിലയില്‍ എത്രത്തോളം മുന്നോട്ട് പോകാനായി എന്നതുമാണ് ഞാന്‍ നിര്‍വചിക്കുന്ന സക്‌സസ്. കഴിഞ്ഞ 10 വര്‍ഷമായി സിനിമയില്‍ ഞാന്‍ എന്തുകൊണ്ട് നിലനിന്നു എന്ന് നോക്കിയാല്‍ മാത്രം മതി. ഞാന്‍ മിണ്ടാതെ എന്റെ ജോലി ചെയ്തു പോവുകയായിരുന്നു. ഇനിയും അത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. നമ്പര്‍ വണ്‍ ആകാനോ നമ്പര്‍ ടെന്‍ ആകാനേ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഐ ഡോണ്ട് കെയര്‍ ഫോര്‍ ഇറ്റ്. എന്റെ ക്രിയേറ്റിവിറ്റിയെ ഒരു തരത്തിലും സ്വാധീനിക്കാത്ത കാര്യമാണിത്. ഭ്രമമുണ്ടാക്കുന്ന കുറേ സംഗതി മാത്രമാണ് ഇതെല്ലാം. എല്ലാത്തിനുമൊടുവില്‍, നമ്മുടെ മനസ്സാക്ഷിയോട് മാത്രമാണ് ഉത്തരമേകേണ്ടത്. മറ്റുള്ളവര്‍ നിര്‍ണ്ണയിച്ച് തരുന്നിടത്താണ് നമ്മുടെ വിജയവും പരാജയവും എങ്കില്‍ അത് എത്രമാത്രം സങ്കടകരമാണ്. സിനിമ ഹിറ്റോ ഫ്‌ളോപ്പോ ആയിട്ടുണ്ടാകാം. പക്ഷേ ഞാന്‍ ഓരോ സിനിമയ്ക്കും എന്റെ 110 ശതമാനം എഫര്‍ട്ട് നല്‍കിയിട്ടുണ്ട്

സിനിമാ മേഖല സോഷ്യല്‍ മീഡിയയെ കമ്മ്യൂണിക്കേഷനുള്ള പ്രധാന പ്ലാറ്റ് ഫോമുകളിലൊന്നായിട്ടാണ് പരിഗണിക്കുന്നത്. നടീനടന്‍മാര്‍ അവരുടെ സെല്‍ഫ് പ്രമോഷന് ഫേസ്ബുക്കിനെയും ട്വിറ്ററിനെയുമൊക്കെ ഉപയോഗിക്കുന്നുണ്ട്. ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോലും പാര്‍വതി അത്രയേറെ സജീവമല്ല. അപൂര്‍വമായാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതും എഴുതുന്നതും.
സോഷ്യല്‍ മീഡിയ ഇടപെടലിനെ പാര്‍വതി എങ്ങനെയാണ് പരിഗണിക്കുന്നത്?

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ വളരെ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ഇടം എന്ന നിലയിലാണ് ഞാന്‍ കാണുന്നത്. മനസ്സില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയേണ്ട സ്ഥലമല്ല ഈ പ്ലാറ്റ്‌ഫോം എന്നാണ് എന്റെ വിശ്വാസം. സമൂഹത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ നമുക്ക്
ചില പ്രതിബദ്ധത ഉണ്ട്. നമ്മളുടെ വാക്കുകളും ചെയ്തിയും ഒരിക്കലും മറ്റൊരാള്‍ക്ക് ഹാനികരമാകുന്ന തരത്തിലാവരുത്. നമ്മളെ വ്യക്തിപരമായി ഒട്ടും അറിയാത്ത ഒരാളാവും പലപ്പോഴും ഇന്ന കാര്യങ്ങള്‍ ചെയ്യണമെന്നും, ഇതേ പോലെ ഇനി ചെയ്താല്‍ മതിയെന്നുമൊക്കെ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. പരസ്പരബഹുമാനം നഷ്ടപ്പെടുത്തി നീങ്ങാനുള്ള സാധ്യത കൂടുതലായുള്ള ഇടവുമാണ് സോഷ്യല്‍ മീഡിയ. അവരവരുടെ ചിന്താഗതിയും അഭിപ്രായവും മാത്രമാണ് സത്യം എന്ന് വിശ്വസിക്കുന്നവര്‍ ഈ കൂട്ടത്തിലുണ്ട്.  ആ സ്ഥലത്ത് നിന്ന് മാറിനില്‍ക്കുകയല്ല പകരം എത്ര ഉത്തരവാദിത്വത്തോടെ സാമൂഹിക മാധ്യമത്തില്‍ ഇടപെടാനാകും എന്ന് നോക്കുകയാണ് ഞാന്‍. ഇതൊന്നും ലോകം മാറ്റിമറിച്ചേക്കാം എന്ന ധാരണയില്‍ അല്ല. മനസ്സാക്ഷിക്കുത്തില്ലാതെ എനിക്ക് ജീവിക്കാന്‍ വേണ്ടി മാത്രമാണ്. ഒരു നടി എന്ന നിലയിലോ സ്ത്രീ എന്ന നിലയിലോ അല്ല, ഒരു പൗരന്‍ എന്ന നിലയില്‍ എനിക്ക് ചില കാര്യങ്ങളില്‍ പ്രതികരിക്കാന്‍ തോന്നിയാല്‍ ഞാന്‍ സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്താറുണ്ട്. എനിക്ക് എന്റെ ടീമിനോട് നന്ദി പ്രകാശിപ്പിക്കാന്‍ ആ സ്‌പേസ് ഉപയോഗിക്കാറുണ്ട്. പത്ത് വര്‍ഷമായി മാധ്യമങ്ങള്‍ എന്റെ പേര് തെറ്റായി ഉപയോഗിച്ചപ്പോഴാണ് അത് വിശദീകരിക്കാന്‍ ഞാന്‍ ഫേസ്ബുക്കിനെ പ്രയോജനപ്പെടുത്തിയത്.
മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് അങ്ങനെ ചെയ്തത്. പാര്‍വതി എന്നാണ് എന്റെ യഥാര്‍ത്ഥ പേര് എന്ന് മാധ്യമങ്ങളോടും പൊതുസമൂഹത്തോടും തിരുത്തിപ്പറയാന്‍ നിര്‍ബന്ധിതയായ ഘട്ടത്തിലാണ് ഫേസ്ബുക്കില്‍ അക്കാര്യം എഴുതിയത്. ഒരു കാര്യം എനിക്ക് പബ്ലിക്കിനോട് പറയാനുണ്ടെങ്കില്‍ അത് നേരിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ യോജിച്ച ഇടമായി തന്നെയാണ് സോഷ്യല്‍ മീഡിയെ കാണുന്നത്. പ്രൊഫഷണല്‍ എത്തിക്‌സ് നോക്കി പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളെ ഒരു ശതമാനമേ ഞാന്‍ കണ്ടിട്ടുള്ളൂ. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായി പകര്‍ത്തുന്നതിനെക്കാള്‍ മറ്റൊരു സാഹചര്യത്തിലേക്ക് വ്യഖ്യാനിച്ച് പുതിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടാക്കാനാണ് കൂടുതല്‍ പേരും
ശ്രമിക്കുന്നത്. വര്‍ഷങ്ങളായി എന്റെ പേരും അങ്ങനെ പെട്ടുപോയതാണ്. അഭിമുഖങ്ങളിലാണെങ്കിലും ചോദ്യങ്ങളെക്കാള്‍ ഉത്തരങ്ങളിലാണ് ക്രിയേറ്റീവ് പ്രസിദ്ധീകരണഘട്ടത്തില്‍ ക്രിയേറ്റീവ് ആയി കാണാറുള്ളത്. പറഞ്ഞ കാര്യം അതേപടി പറയാതെ വാക്കുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഹെഡ്‌ലൈന്‍ ആക്കുകയും മറ്റൊരു സാഹചര്യത്തിലേക്ക് വ്യാഖ്യാനിക്കുന്നതും അധാര്‍മ്മികമായാണ് ഞാന്‍ കാണുന്നത്.

എന്റെ വാക്കുകളിലൂടെയോ ചെയ്തികളിലൂടെയോ ആരെങ്കിലും വഴിതെറ്റരുത് എന്ന നിര്‍ബന്ധം ഞാന്‍ ചെയ്യുന്ന എല്ലാ കാര്യത്തിലുമുണ്ട്. സോഷ്യല്‍ മീഡിയയുടെ കാര്യത്തിലും ഇതേ നിലപാടാണ്. ഭൂരിപക്ഷവും സോഷ്യല്‍ മീഡിയയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്ല, നമുക്ക് എത്ര ഉത്തരവാദിത്വത്തോടെ അവിടെ ഇടപെടാനാകും എന്ന് നോക്കിയാല്‍ മതി. സമൂഹത്തിലാണെങ്കിലും ഒരു തെറ്റായ കാര്യത്തെ ഭൂരിപക്ഷം പിന്തുടരുന്നുവെന്ന് കരുതി ഞാനും അത് ഫോളോ ചെയ്യാമെന്ന് ചിന്തിക്കാറില്ല. ദീപികാ പദുക്കോണിന്റെ മൈ ചോയിസ് എന്ന വീഡിയോയെ പരാമര്‍ശിച്ച് ദ ഹിന്ദുവില്‍ വേല The death of respectഎന്ന തലക്കെട്ടില്‍ എഴുതിയത് ഈ ആശയങ്ങളിലൂന്നിയാണ്.