ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഒരു ‘ദുബായ്ക്കാരൻ’

November 3, 2017, 3:44 pm
ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഒരു ‘ദുബായ്ക്കാരൻ’
Interview
Interview
ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഒരു ‘ദുബായ്ക്കാരൻ’

ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഒരു ‘ദുബായ്ക്കാരൻ’

ഇന്നത്തെ യുവതയുടെ പ്രതീകം ജാടയും ഗ്ലാമറും നിറഞ്ഞ  നടന്മാരാണ്  ഇതിൽ നിന്നെല്ലാം തികച്ചും വിഭിന്നനാണ് സ്‌ക്രീനുകൾക്കു അപ്പുറമുള്ള ആദിൽ ഇബ്രാഹിം. വസ്ത്രധാരണത്തിൽ പോലും അശ്രദ്ധനായ വിനയവാനായ ഒരു വ്യക്തി.  മഴവിൽ മനോരമയിലെ ‘സ്റ്റിൽ സ്റ്റാൻഡിങ്’ എന്ന ക്വിസ് പ്രോഗ്രാമിൽ മികച്ച അവതരണം കാഴ്ചവെക്കുന്ന ആദിൽ ഇബ്രഹാമിനെ  ശ്രദ്ധിക്കാത്തവർ  കുറവായിരിക്കും. മഴവിൽ മനോരമയിലെ ‘ഡി 4 ഡാൻസ്’ എന്ന റിയാലിറ്റി ഷോയുടെയും ഭാഗമായിരുന്നു ആദിൽ.  ടീവിയിൽ മാത്രമല്ല സിനിമയിലും സജീവം ആണ് ഈ  യുവകലാകാരൻ. നിർണായകം, കാപ്പിരിതുരുത്ത്, അച്ചായൻസ് തുടങ്ങിയ സിനിമകളിൽ  ശ്രദ്ധേയ സാന്നിധ്യമായി. കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയും  ക്രിയ  മീഡിയ, കേക്ക് ട്രീ എന്നീ  രണ്ടു ബിസിനസ് സംരംഭങ്ങളുടെ ഉടമയുമായ ആദിൽ, വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും സജീവമാണ്.സിനിമ പാരമ്പര്യം ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത, ചങ്കൂറ്റത്തോടെ ഏതു കാര്യവും വെട്ടിത്തുറന്നു പറയുന്ന,വായനയിലും എഴുത്തിലും തൽപരനായ  ആദിൽ ഇബ്രാഹിം തന്റെ 'ഹലോ ദുബായ്ക്കാരൻ ' എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും സാമൂഹ്യമായ കാഴ്ചപ്പാടുകളും ‘സൗത്ത് ലൈവ്’  പ്രതിനിധി  റിനി ആൻ ജോർജുമായി പങ്ക് വയ്ക്കുന്നു.

നിർണായകം, കാപ്പിരിതുരുത്തു പോലെയുള്ള സീരിയസ് ചിത്രങ്ങൾക്ക് ശേഷം അച്ചായൻസ്, ഹലോ ദുബായ്ക്കാരൻ  പോലുള്ള കൊമേഴ്‌സ്യൽ സിനിമകളിലേക്ക്, എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു മാറ്റം ?

മുൻപ് ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്ഥമായ കഥാപാത്രങ്ങൾ ചെയ്യാൻ ആണ് താല്പര്യം. അതിൽ കൊമേഴ്‌സ്യൽ, സീരിയസ് എന്നൊന്നും ഇല്ല. വളരെ സിമ്പിൾ ആയി കഥപറയുന്ന ചിത്രങ്ങൾ വിജയിക്കുന്നുണ്ട്. എന്നാൽ ഒരുപാടു സീരിയസ് ആയ ആശയങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങൾ വിജയിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. അതിനു വേണ്ടി എടുക്കുന്ന ശ്രമത്തിന്റെ അത്രയും റിസൽട് ഉണ്ടാകുന്നില്ല എന്നത് വാസ്തവമാണ്. എന്നാലും നല്ല സിനിമകളുടെ ഭാഗമാകാൻ താല്പര്യം തന്നെയാണ്.

'ഹലോ ദുബായ്ക്കാരൻ' എന്ന ചിത്രം  ഏറ്റെടുക്കാൻ പ്രേരണയായത് എന്താണ്?

ഹലോ ദുബായ്ക്കാരന്റെ  കഥ എന്നെ ആകർഷിച്ചു. ദുബായിൽ  പോകാൻ ആഗ്രഹിക്കുന്ന പ്രകാശൻ എന്ന ചെറുപ്പക്കാരന്റെ കഥ, ദുബായ് യിൽ ജനിച്ചു വളർന്ന ഞാൻ അഭിനയിക്കുന്നതിന്റെ ഒരു ത്രിൽ എനിക്ക് തോന്നി. എന്നെ പോലെ തന്നെ സ്വപ്നങ്ങൾ സത്യമാക്കാൻ കഠിന പ്രയത്നം നടത്തുന്ന ആളാണ് പ്രകാശൻ. അതിനാൽ തന്നെ  ആ കഥാപാത്രത്തോട് നീതി പുലർത്താൻ സാധിക്കും എന്ന് തോന്നി. നല്ല കോമഡി എലമെന്റ് ഉണ്ട് ചിത്രത്തിൽ. ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടമാണ്.

ഹലോ ദുബായ്ക്കാരനിലെ പ്രകാശനായി ആദിൽ
ഹലോ ദുബായ്ക്കാരനിലെ പ്രകാശനായി ആദിൽ

ചിത്രത്തിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ് ?

ചിത്രത്തിൽ സലിം കുമാറിന്റെ അസാധ്യമായ പെർഫോമൻസ് കാണാൻ കഴിയും. ധർമജനും വളരെ രസകരമായ ഒരു റോളിൽ ആണ് എത്തുന്നത്. ഒരുപാടു പ്രഗൽഭരായ നടിനടന്മാർ ചിത്രത്തിൽ ഉണ്ട്. എല്ലാവരും തന്നെ സീനിയേഴ്സ് ആണ്. അതിന്റെ ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ വളരെ കരുതലോടെയാണ് അഭിനയിച്ചത്.

ദുബായ്ക്കാരന് ‘കട്ടപ്പനയിലെ ഹൃതിക് റോഷനുമായി’ സാമ്യം ഉള്ളതായി പറയുന്നുണ്ടല്ലോ ?
ഒരിക്കലുമില്ല, സിനിമയുടെ പ്രമേയം  തികച്ചും വ്യത്യസ്ഥമാണ്.  തമാശ രൂപത്തിൽ നല്ലൊരു സാമൂഹ്യ സന്ദേശം ചിത്രം പങ്കുവെക്കുന്നുണ്ട്.

ഫേസ്ബുക്കിലൊക്കെ കാലിക പ്രസക്തിയുള്ള കാര്യങ്ങളിൽ താങ്കൾ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ടലോ ?
ഇപ്പോഴത്തെ യുവാക്കൾ പലരും പൊളിറ്റിക്സിൽ താല്പര്യം ഇല്ല  എന്ന് പറയുന്നവർ  ആണ്. എന്നാൽ എനിക്ക് പൊളിറ്റിക്സിൽ താല്പര്യം ഉണ്ട്. അത് എന്തെങ്കിലും സ്ഥാനങ്ങൾക്ക്  വേണ്ടി ഉള്ള പൊളിറ്റിക്സ് അല്ല ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനായി എന്ത് കോണ്ട്രിബൂഷൻ നല്കാൻ കഴിയും എന്നത് മാത്രമാണ് ചിന്തിക്കുന്നത്. എത്രത്തോളം പൊളിറ്റിക്സിൽ നിന്ന് നമ്മൾ അകലുന്നുവോ അത്രയും നാം രാജ്യത്തിൻറെ സന്തുലനത്തിൽ നിന്നുമാണ് അകലുന്നത്. പലപ്പോഴും ഫേസ്ബുക്കിലൂടെ ഞാൻ ഇത്തരം കാര്യങ്ങൾ പറയുന്നത് പലരും ആളാകാൻ വേണ്ടി എന്ന് തെറ്റിദ്ധരിക്കുന്നുണ്ട്.  നെഗറ്റീവ് കമ്മെന്റ്സ്  എനിക്ക് വരാറുണ്ട്. അത്തരം മെസ്സേജുകൾ എന്റെ മനസിനെ അസ്വസ്ഥമാക്കാറുണ്ട് .

ആദിൽ ഇബ്രാഹിം വേദിയിൽ
ആദിൽ ഇബ്രാഹിം വേദിയിൽ

രാഷ്ട്രീയത്തെ എങ്ങനെ വീക്ഷിക്കുന്നു ?

എന്റെ അഭിപ്രായത്തിൽ രാഷ്ട്രീയത്തിൽ മതം കൂട്ടികലർത്തരുത്. സെക്കുലർ ആയ ഒരു ഭരണത്തിന് ആണ് ഊന്നൽ കൊടുക്കേണ്ടത്. അല്ലാതെ ഭിന്നിപ്പിച്ചു ഭരിക്കുക എന്നതല്ല. ഏതു മതത്തെ സപ്പോർട് ചെയുന്ന പാർട്ടി ആണെങ്കിലും ശരി  അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കരുത്. എല്ലാവർക്കും  അവരുടെ ഇഷ്ടപെട്ട ഭക്ഷണം കഴിക്കാനുള്ള അവകാശം ഉണ്ട്. ഭക്ഷണത്തെ ചോയ്സ്  ആക്കി എടുക്കണം. പന്നി ഇറച്ചി ഇസ്ലാമിൽ നിഷിദ്ധമാണ് എന്ന് കരുതി അത് മറ്റുള്ളവരും കഴിക്കരുത് എന്ന് പറയുന്നതിൽ പ്രസക്തി ഉണ്ടോ ? അതുപോലെ തന്നെയല്ലേ ബീഫും. മെർസൽ എന്ന  സിനിമയും ആയി ബന്ധപ്പെട്ട വിവാദങ്ങളോടും യോജിക്കാൻ സാധിക്കില്ല. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാർക്കും ഒരുപോലെയാണ്. ഇതിനുമുൻപും ഇത്തരത്തിൽ ഉള്ള സിനിമകൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങൾ ആണ് ഇപ്പോൾ  ഉണ്ടായിരിക്കുന്നത്. ജി എസ് ടി യും നോട്ട് നിരോധനവും ജനങ്ങൾക്കു ബുദ്ധിമുട്ടു ഉണ്ടാക്കി. എന്നാൽ അതിന്റെ ഗുണഫലങ്ങൾ ഇതുവരെ ജനങ്ങളിൽ എത്തിയിട്ടില്ല. അത്  ഗുണമാണോ ദോഷമാണോ എന്നൊക്കെ അറിയാനിരിക്കുന്ന കാര്യങ്ങളാണ്. ഒരുപാടു നല്ല തീരുമാനങ്ങൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്,അതുപോലെ വിഡ്ഢിത്ത തീരുമാനങ്ങളും ഉണ്ട്. താജ്മഹൽ പോലെ തന്നെ  നമ്മുടെ ഏറ്റവും വലിയ പൈതൃകം തന്നെയാണ് പദമനാഭ സ്വാമി ക്ഷേത്രവും. എത്ര വലിയ സംസ്കാരം ആണ്  നമ്മുടേത്. ഒരുപാടു വൈവിധ്യങ്ങൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഈ  പൈതൃകത്തെ നമ്മൾ ഇതുപോലെ തന്നെ  സംരക്ഷിക്കണം. അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന  പാർട്ടികൾക്ക്  വോട്ട് ചെയ്യരുത് എന്നാണ് എന്റെ എളിയ അഭിപ്രായം. ഒരു കാര്യത്തിൽ സന്തോഷമുള്ളത്  കേരളത്തിലെ ജനങ്ങൾക്കു ഇതെല്ലാം മനസിലാക്കാനുള്ള ബുദ്ധിയും,വിശാലമനസ്കതയും ഉണ്ട് എന്നതാണ്.

മതത്തെ രാഷ്ട്രീയത്തിൽ കൂട്ടികലർത്തരുത് എന്ന് പറഞ്ഞല്ലോ, മതവുമായി ബന്ധപ്പെട്ട തീവ്രവാദത്തെ  കുറിച്ച് എന്താണ് അഭിപ്രായം ?
മതത്തിൽ തീവ്രവാദം ഇല്ല . തീവ്രവാദം എന്നത് ഹിംസയാണ്. ഒരു മതവും ഹിംസ പ്രോത്സാഹിപ്പിക്കുന്നില്ല. ഏതു മതസ്ഥർ അത് ഏറ്റെടുത്തലും അതിനെ യഥാർത്ഥ മതവിശ്വാസം എന്ന് പറയാൻ കഴിയില്ല. ഒരു മതവും തീവ്രവാദത്തെ സപ്പോർട്ട് ചെയ്യില്ല എന്നാണ് വിശ്വസിക്കുന്നത്.

മിഷേലിന്റെ മരണത്തിൽ നീതി ലഭിക്കാനായി സംഘടിപ്പിച്ച ക്യാമ്പയ്‌നിൽ  താങ്കൾ പങ്കെടുത്തല്ലോ. സ്ത്രീകളുടെ പ്രശ്നങ്ങളിൽ താങ്കളുടെ നിലപാട് എന്താണ് ?

സ്ത്രീകളെ അടിച്ചമർത്താൻ പാടില്ല എന്നാണ് ഞാൻ കരുതുന്നത്. അവർക്കു കരുതലും സ്നേഹവും എല്ലാം നൽകണം. സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാൻ അനുമതി കൊടുത്തു എന്നറിഞ്ഞു ഒരുപാടു സന്തോഷിച്ച ഒരാളാണ് ഞാൻ. സ്ത്രീകളെ  ഉപദ്രവിക്കാൻ ചിന്തിക്കുന്നത് പോലും തെറ്റാണു.കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. നിരപരാധികൾ ക്രൂശിക്കപ്പെടാനും പാടില്ല. സ്ത്രീകളെ എന്നല്ല ആരെ വേദനിപ്പിച്ചാലും അതിന്റെ തിരിച്ചടി നമ്മുക്ക് ഉണ്ടാകും അതുകൊണ്ടു സത്യസന്ധമായി ജീവിക്കുകയല്ലെ വേണ്ടത്.

ആരാധകരുമൊത്ത് ആദിൽ
ആരാധകരുമൊത്ത് ആദിൽ

പലപ്പോഴും ആരാധകർ താരങ്ങളിൽ  ഭ്രമിതരാകാറുണ്ടലോ ?അത്തരം അനുഭവങ്ങൾ ?

എല്ലാവരെയും പോലെ എനിക്കും ആരാധകരുണ്ട്. പ്രണയാഭ്യർത്ഥനകളും  ധാരാളം  വരാറുണ്ട് . പക്ഷെ അതൊക്കെ വെറുമൊരു ആകർഷണം ആയിട്ടു മാത്രമേ കാണാൻ സാധിച്ചിട്ടുള്ളു. ആകർഷണത്തിനു  അപ്പുറം സ്നേഹിക്കുന്നവരും ഉണ്ടാകാം.അവരുടെ സ്നേഹത്തെ ഞാൻ ബഹുമാനിക്കുന്നു. പക്ഷെ യഥാർത്ഥ വ്യക്തിയെ മനസിലാക്കാതെ ഉള്ള സ്നേഹം വ്യർത്ഥമാണ്. യഥാർത്ഥ ജീവിതത്തിൽ ഒരു  വ്യക്തി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലെ പ്രതികരണങ്ങൾ  ആണ്  വ്യക്തിയുടെ അന്തസത്ത തീരുമാനിക്കുന്നത്.  സ്‌ക്രീനിൽ കാണുന്നത് പലപ്പോഴും വേറെ ഒരു മുഖം ആയിരിക്കും.

അവതരണം, അഭിനയം രണ്ടിലും ഒരുപോലെ സജീവം ആണല്ലോ. ഏതാണ് കൂടുതൽ ഇഷ്ടപ്പെടുന്നത് ?

ആക്റ്റിംഗിൽ തന്നെയാണ് എനിക്ക് കൂടുതൽ താല്പര്യം.അഭിനയം  എന്ന പാഷനിലേക്കു എത്തിച്ചേരാൻ വഴിയൊരുക്കി തന്ന ഒന്നാണ് ആങ്കറിങ്. എന്നാൽ അവതരണം എന്നത് വളരെ എളുപ്പം ആണ് എന്ന് തോന്നുന്നില്ല.  വെറുതെ സംസാരിക്കുക എന്നതല്ല അവതരണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. സിനിമയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

പ്രണയം,വിവാഹം,ഭാവി പ്രതീക്ഷകൾ?

പ്രണയം നിസ്വാർത്ഥമായിരിക്കണം. സ്നേഹത്തിനേക്കാൾ ഉപരി പരസ്പരം മനസിലാക്കുക എന്നതാണ് പ്രധാനം. നല്ലൊരു മനസും  പോസിറ്റിവിറ്റിയും ആണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം എന്ന് വിശ്വസിക്കുന്നു. വിവാഹത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. സിനിമയാണ് എന്റെ പ്രണയിനി. യോജിച്ച വേഷങ്ങൾ വരണം നല്ല സിനിമകളുടെ ഭാഗമാകണം എന്നതാണ് പ്രതീക്ഷിക്കുന്നത്.

അവതാരകനായി ആദിൽ ഇബ്രാഹിം
അവതാരകനായി ആദിൽ ഇബ്രാഹിം