മലയാള സിനിമ നവാഗതരെ പ്രവേശിപ്പിക്കാത്ത കോട്ട,വിമര്‍ശനം ശത്രുതയുണ്ടാക്കുന്ന സാഹചര്യം:അഭിമുഖം സനല്‍കുമാര്‍ ശശിധരന്‍

September 4, 2015, 4:13 pm
മലയാള സിനിമ നവാഗതരെ പ്രവേശിപ്പിക്കാത്ത കോട്ട,വിമര്‍ശനം ശത്രുതയുണ്ടാക്കുന്ന സാഹചര്യം:അഭിമുഖം സനല്‍കുമാര്‍ ശശിധരന്‍
Interview
Interview
മലയാള സിനിമ നവാഗതരെ പ്രവേശിപ്പിക്കാത്ത കോട്ട,വിമര്‍ശനം ശത്രുതയുണ്ടാക്കുന്ന സാഹചര്യം:അഭിമുഖം സനല്‍കുമാര്‍ ശശിധരന്‍

മലയാള സിനിമ നവാഗതരെ പ്രവേശിപ്പിക്കാത്ത കോട്ട,വിമര്‍ശനം ശത്രുതയുണ്ടാക്കുന്ന സാഹചര്യം:അഭിമുഖം സനല്‍കുമാര്‍ ശശിധരന്‍


 മധ്യവര്‍ഗ ജീവിതത്തിനും താഴെയുളള ഒരുശരാശരി മലയാളി യുവാവിന്റെ സ്വപ്‌നങ്ങളിലേക്ക് എത്തിച്ചേര്‍ന്ന സിനിമയെ കേവല വിനോദത്തിനപ്പുറം സമാന്തരപാഥയിലേക്ക് കൈപിടിച്ച ഒരാള്‍പ്പൊക്കത്തിന്റെ സംവിധായകനായ സനല്‍കുമാര്‍ ശശിധരന്‍ സംസാരിക്കുന്നു


ഒരാള്‍പ്പൊക്കം വെറുമൊരു സമാന്തര സിനിമ മാത്രമല്ല, സമാന്തര സഞ്ചാരം കൂടിയായിരുന്നു. ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങ്, സിനിമയിലെ നായികയായി ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ മീന കന്തസ്വാമി, കൂടാതെ കേരളത്തിലങ്ങോളമിങ്ങോളം സിനിമ പ്രദര്‍ശിപ്പിക്കാന്‍ സിനിമാ വണ്ടി. എങ്ങനെയാണ് ഇതെല്ലാം സംഭവിച്ചത് ?

എന്റെ ആദ്യ ഷോര്‍ട്ട് ഫിലിം ഉണ്ടാവുന്നതു തന്നെ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ്. എനിക്ക് പ്രൊഡ്യൂസര്‍ എന്നയാളെ അന്നും ഇന്നും അറിയില്ല. പണം മുടക്കുന്ന ഒരു സുഹൃത്ത് അല്ലെങ്കില്‍ കുറച്ച് സുഹൃത്തുക്കള്‍ അതേയെനിക്കറിയു. ഒരു പ്രൊഡ്യൂസര്‍ പണം മുടക്കണമെങ്കില്‍ ഒരു താരത്തിന്റെ ഡേറ്റ് വേണം. താരത്തിന്റെ ഡേറ്റ് വേണമെങ്കില്‍ അയാളുടെ ഇമേജിന് കോട്ടം തട്ടാത്ത രീതിയില്‍ തിരക്കഥ വേണം. ഒരിക്കല്‍ ലാല്‍ സാറിനെ (സിദ്ധിഖ് ലാല്‍) ഒരു തിരക്കഥ ഏല്‍പിച്ചു. അദ്ദേഹം തിരക്കഥ വായിച്ച് കഴിഞ്ഞ് ക്രുദ്ധനായി എന്നെ വിളിച്ചു. നിങ്ങള്‍ക്ക് എങ്ങനെയാണ് എന്നെ ഇതില്‍ സങ്കല്‍പിക്കാനായത്. എനിക്ക് അഭിനയിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. ഒരു റേപിസ്റ്റായിരുന്നു അതില്‍ കഥാപാത്രം. എനിക്ക് വളരെ വലിയ തിരിച്ചറിവുകള്‍ തന്ന മനുഷ്യരാണ് പല താരങ്ങളും. ഒന്നുകില്‍ ഞാന്‍ സിനിമ എടുക്കില്ല. അല്ലെങ്കില്‍ താരങ്ങളൊന്നും ഇല്ലാതെ സിനിമ ചെയ്യാന്‍ എന്നെ സഹായിക്കുന്ന സുഹൃത്തുക്കള്‍ മുന്നോട്ടു വരും. അങ്ങനെയാണ് രണ്ടാമത്തെ വഴി ഞാന്‍ തെരെഞ്ഞെടുക്കുന്നത്.

മീനയും പ്രകാശ്ബാരെയും വെങ്കിടേഷ് രാമകൃഷ്ണനും ഒന്നും താരങ്ങളല്ല. എന്നാല്‍ അവരൊക്കെ ഒരുപാട് ചുഴികളും തിരമാലകളും ഉള്ള ജീവിതം നിറഞ്ഞ വലിയ മനുഷ്യരാണ്.അങ്ങനെയാണ് അവരൊക്കെ ഒരാള്‍പ്പൊക്കവുമായി സഹകരിക്കുന്നത്. സിനിമ എടുത്തുകഴിഞ്ഞാലും തിയേറ്റര്‍ കിട്ടില്ല എന്ന അവസ്ഥയായിരുന്നു, ഒരാള്‍പ്പൊക്കം പ്രദര്‍ശിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ആരായണം എന്ന ആലോചനയുണ്ടാക്കിയത്. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്നതാണ് സത്യം. ഒരുപാട് ശ്വാസം മുട്ടലുകള്‍ അനുഭവിച്ചിട്ടുണ്ട്. മുങ്ങിത്താഴുമ്പോള്‍ കിട്ടുന്ന മുള്ളുകളിലെല്ലാം പിടിക്കുക എന്ന ജന്മവാസനയുമുണ്ട്. അങ്ങനെ സംഭവിച്ചതാണ് എല്ലാം.

സമാന്തര സിനിമ / വാണിജ്യ സിനിമ എന്നിങ്ങനെയുളള തരംതിരിവുകളില്‍ ഒരാള്‍പ്പൊക്കത്തിന് അനുയോജ്യമായ ഇടം തന്നെയാണോ തെരഞ്ഞെടുത്തത് ? തുടര്‍ന്നും എന്റെ സിനിമകള്‍ ഇതെ പാതയിലൂടെ മാത്രമെ ഓടൂ എന്ന നിര്‍ബന്ധമുണ്ടോ ?

ടെലിവിഷനിലാണ് അടൂരിന്റെയും അരവിന്ദന്റെയുമൊക്കെ സിനിമകള്‍ ഞാന്‍ കാണുന്നത്. എന്റെ നാട്ടിലെ തിയേറ്ററില്‍ അത്തരം സിനിമകള്‍ വരാറില്ലായിരുന്നു. വീട്ടുകാര്‍ക്കൊന്നും ഇഷ്ടപ്പെടാത്ത ആര്‍ട്ട് സിനിമകള്‍ എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് വട്ടാണെന്നാണ് വീട്ടുകാര്‍ പറഞ്ഞിരുന്നത്. ആ സിനിമകള്‍ക്ക് ഏതെങ്കിലും പ്രേക്ഷകരുണ്ടെന്നോ അവയ്ക്ക് പ്രശസ്തിയുണ്ടെന്നോ ഒന്നും എനിക്കന്ന് അറിയില്ലായിരുന്നു. എന്നാലും എനിക്ക് അവയിലെ സിനിമ എന്ന മാജിക് വല്യ ഇഷ്ടമായിരുന്നു. അത്തരം എലമെന്റുകളെയാണ് എന്റെ സിനിമകളില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നത്.

എഴുതിയ സ്‌ക്രിപ്റ്റുകളൊന്നും നടക്കാതെ പോയതിനു കാരണവും അത്തരം എലമെന്റുകളാണ്. ഇപ്പോള്‍ അവയൊക്കെ വായിച്ചു നോക്കുമ്പോള്‍ അവയൊന്നും നടക്കാതെ പോയത് നന്നായി എന്നെനിക്ക് തോന്നുന്നുണ്ട്. കുതിരയും, കഴുതയും ഇണചേര്‍ന്നുണ്ടായ കോവര്‍കഴുത സ്‌ക്രിപ്റ്റുകളായിരുന്നു എല്ലാം. വഴിയുടെ പടം കണ്ടാല്‍ ഇത് ശരിയായ വഴിയാണോ എന്നറിയാന്‍ കഴിയില്ല. നടന്നു നോക്കണം. ഒന്നുകില്‍ ലക്ഷ്യത്തില്‍ എത്തണം അല്ലെങ്കില്‍ എത്താതിരിക്കണം. ഞാന്‍ നടന്നു നോക്കിയ ആളാണ്. കാലിലെ കുറേ തൊലി തേഞ്ഞു പോയെങ്കിലും ലക്ഷ്യം എനിക്കിപ്പോള്‍ കാണാം. എന്റെ സിനിമകള്‍ നിങ്ങളാരും കരുതുന്ന പാതയിലൂടെ അല്ല ഓടാന്‍ പോകുന്നത്. അതിന് ചില ഭ്രാന്തന്‍ ആശയങ്ങള്‍ എനിക്കുണ്ട്. വിജയിക്കുമോ പരാജയപ്പെടുമോ എന്നതൊക്കെ വേറെ കാര്യം.


സനലിന്റെ ഒരാള്‍പ്പൊക്കം, സജിന്‍ബാബുവിന്റെ അസ്തമയം വരെ എന്നീ സിനിമകള്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കുന്നതിന് മുന്‍പ് പലരെയും ഉള്‍പ്പെടുത്തി സമാന്തര സിനിമാ സംവിധായകരുടെ കൂട്ടായ്മക്കായുളള കൂടീയാലോചനകള്‍ പലവട്ടം നടന്നിരുന്നുവല്ലോ. അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴുമുണ്ടോ ?

ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ആവശ്യമുള്ളപ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ വീണ്ടും ഉണ്ടാവും. അന്ന് ഉണ്ടായ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിലതൊക്കെ സംഭവിച്ചു. അതില്‍ നിന്നും സിനിമയാണ് മുന്നോട്ട് പോകേണ്ടത്. സംഘടനയല്ല. പലപ്പോഴും സംഭവിക്കുന്നത് എന്തെങ്കിലും ഒരു ആവശ്യത്തിനു വേണ്ടി ഒരു കൂട്ടായ്മ ഉണ്ടാകും ആ സംഘടന ഒരു സ്ഥാപനമായി മാറും. അത് വളരെയധികം മുന്നോട്ട് പോകും. അത് ഉണ്ടാവാനിടയായ ആവശ്യം മറവിയിലേക്ക് വീഴും. ഇവിടെ സിനിമയായിരുന്നു കൂട്ടായ്മയുടെ ആവശ്യം. സിനിമ മുന്നോട്ട് പോകുന്നുണ്ട്. വീണ്ടും അതിനൊരു ആവശ്യമുണ്ടാവുമ്പോള്‍ കൂട്ടായ്മയുണ്ടാവും.

ഐഎഫ്എഫ്‌കെ 2014ലെ പ്രദര്‍ശനത്തിനും നെറ്റ്പാക്ക് ഫിപ്രസി പുരസ്‌കാരത്തിനും ശേഷം ഒരാള്‍പ്പൊക്കത്തെ പറ്റി കേട്ട രണ്ടഭിപ്രായങ്ങള്‍ സിനിമ ആത്മാന്വേഷണമല്ല, ആത്മീയാന്വേഷണമാണ് മുന്നോട്ട് വെക്കുന്നതെന്നും, വസ്തുരതിയില്‍ മുങ്ങി നിവരുന്ന ഒരാണ്‍പ്പൊക്കമാണെന്നുമായിരുന്നു. സംവിധായകനും, തിരക്കഥാകൃത്തുമെന്ന നിലയില്‍ വിയോജിപ്പുകളുണ്ടേലും അത്തരത്തിലുളള സിനിമാവായനകള്‍ പ്രസക്തമല്ലേ ?

പലരും കരുതുന്നപോലെ ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക രാഷ്ട്രീയവുമായോ നിലപാടുമായോ അല്ല ഭൂമിയില്‍ വന്നു വീഴുന്നത്. നമ്മള്‍ കണ്ടും കേട്ടും വായിച്ചും അറിഞ്ഞു അനുഭവിച്ചും മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. ഇന്ന് പറയുന്ന അഭിപ്രായം നാളെ അങ്ങനെ തന്നെ ഇരുന്നുകൊള്ളണമെന്നില്ല. ഇന്ന് ഒരാള്‍ എന്തെങ്കിലും വിമര്‍ശിച്ചു എങ്കില്‍ ചിലപ്പോള്‍ അതയാളുടെ ധാരണക്കുറവുകൊണ്ടാവാം. നാളെ അതയാള്‍ മാറ്റിയേക്കാം. ഇന്ന് ഞാന്‍ ഇഷ്ടപ്പെടുന്ന സിനിമ നാളെ എനിക്ക് ഫെയ്ക്ക് ആയി  തോന്നുകയോ മറിച്ചോ ആവാം. അജ്ഞതയാണ് യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യന്റെ ന്യൂട്രല്‍ പോയിന്റ്. അയാള്‍ക്ക് ആണിയടിച്ചപോലെ അഭിപ്രായങ്ങള്‍  പറയാനാവില്ല. വിജ്ഞനായ ഒരു മനുഷ്യനും അഭിപ്രായം ആണിയടിച്ചപോലെ പറയാനാവില്ല. അല്‍പജ്ഞരാണ് എല്ലാം ഉറപ്പിച്ച് വിധിയെഴുതുന്നത്. ഞാനും അത്തരത്തില്‍ അഭിപ്രായങ്ങള്‍ കല്ലേപ്പിളര്‍ക്കുന്ന കല്‍പനപോലെ പറയാറുണ്ട്. പിന്നീടാലോചിക്കുമ്പോള്‍ എനിക്കെന്നോട് സഹതാപം തോന്നും. പ്രസക്തമല്ലേ എന്ന് ചോദിച്ചാല്‍ ഈ ഭൂമിയിലുണ്ടാവുന്ന എല്ലാ ചലനവും പ്രസക്തമാണ്. ഇങ്ങനെ സിനിമയെടുക്കാന്‍ പാടില്ല എന്ന് ഒരാള്‍ പറയാത്തിടത്തോളം അയാളുടെ അഭിപ്രായങ്ങള്‍ മാനിക്കപ്പെടും. ഒരാള്‍പ്പൊക്കം ഏതെങ്കിലും ഒരു പോയിന്റ് മുന്നോട്ട് വെയ്ക്കുന്ന ഒന്നല്ല. അങ്ങനെയാണെങ്കില്‍ ഒരു വിഷയം നിശ്ചയിച്ചിട്ട് അതിന്മേല്‍ ഒരു ഡോക്യുമെന്ററി എടുത്താല്‍ മതിയല്ലോ.

 
സിനിമ എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നൊരുക്കമായിരുന്നോ 2001ല്‍ ഒരുക്കിയ ആദ്യഷോര്‍ട്ട് ഫിലിമായ വണ്ടര്‍ വേള്‍ഡ്? 

രണ്ടായിരത്തി എട്ടില്‍ കക്കൂസ് എന്ന പേരിലുള്ള എന്റെ ബ്ലോഗില്‍ എഴുതിയ ഒരു കവിതകൊണ്ട് മറുപടി തുടങ്ങാം. കുറ്റം എന്നായിരുന്നു കവിതയുടെ പേര്.'ഡോക്ടറാകാന്‍ കൊതിച്ച്/ ഭരതനാട്യം പഠിക്കുന്ന പെണ്‍കുട്ടീ /സിനിമാക്കാരനാകാന്‍ കൊതിച്ച്/ ജന്തുശാസ്ത്രം പഠിച്ച്/ വക്കീലായിത്തീര്‍ന്ന്/ ഗുമസ്തനായി ജീവിക്കുന്നവന്‍/ നിന്നെ കുറ്റപ്പെടുത്തുന്നതെങ്ങനെ?'. അതായിരുന്നു കവിത. ഇന്നിപ്പോള്‍ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നതും ഓര്‍മിക്കുന്നതുമൊക്കെ കുറ്റകരമായ പൈങ്കിളി ആയിപ്പോയ ഒരുകാലത്തിരുന്നാണ് ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം പറയുന്നത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്കത് പറയാതിരിക്കാനാവില്ല. എനിക്ക് കുട്ടിക്കാലമുണ്ടായിരുന്നു. ഇന്ന് ഞാനെന്തായോ അതിനൊക്കെ കാരണക്കാരന്‍ ആ കുട്ടിയും ആയിരുന്നു എന്നതാണ് കാരണം.

എന്റെ ഓര്‍മ തുടങ്ങുന്നതു തന്നെ പെരുങ്കടവിള എന്ന എന്റെ ഗ്രാമത്തിലെ ഗീത തിയേറ്ററിലെ സിനിമയും ഹിന്ദുമുന്നണിയ്ക്കായി താമര അടയാളം ചുവരില്‍ വരയ്ക്കുന്ന അച്ഛനും അച്ഛനോടൊത്ത് രാമായണം വായിക്കാന്‍ നടക്കുന്ന ഒരു കുട്ടിയും വേനലവധിക്ക് ഗീത തിയേറ്ററില്‍ നിന്ന് കിട്ടുന്ന പൊട്ടിയ ഫിലിം കൊണ്ട് ഇരുട്ടുള്ള മുറിയില്‍ സിനിമ കാണിക്കൂന്ന ഒരു കുട്ടിപ്പടയും ഒക്കെ ചേര്‍ന്ന ദൃശ്യങ്ങളിലാണ്. വീട് വളരെ ദരിദ്രമായ ഒരന്തരീക്ഷമായിരുന്നു. പക്ഷേ എനിക്ക് സിനിമയില്‍ എത്തിച്ചേരണം എന്നത് മാത്രമായിരുന്നു ആഗ്രഹം. അങ്ങനെ ഒരന്തരീക്ഷത്തില്‍ വളരുന്ന ഒരു കുട്ടിയെ സംബന്ധിച്ച് ഒരിക്കലും നടക്കാത്ത ഒരാഗ്രഹം ഭ്രാന്തുപോലെ പിടിപെട്ട ഒരുവനെന്ന നിലയില്‍ അച്ഛനും അമ്മയുമൊക്കെ പേടിയോടെ ആയിരുന്നു എന്നെ കണ്ടിരുന്നത്. എന്നെ ഡോക്ടറാക്കുക എന്നതായിരുന്നു അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം. ഏതൊരു ശരാശരി മലയാളിയും മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്നതുപോലെ അല്ലായിരുന്നു അത്.

പോളിയോ കുത്തിവെയ്‌പ്പെടുത്ത് വീട്ടില്‍ വന്ന എനിക്ക് പോളിയോ വന്നിരുന്നു. ആ സമയത്ത് കുത്തിവെയ്‌പ്പെടുത്ത ഒരുപാട് കുട്ടികള്‍ക്ക് പോളിയോ വന്നിരുന്നു. എന്റെ ചികിത്സക്കായി അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പണമില്ലാത്ത മനുഷ്യരോടുള്ള ഡോക്ടര്‍മാരുടെ പെരുമാറ്റം അന്നും ഇന്നും പൊതുവേ ഒന്നുതന്നെയാണല്ലോ. അന്ന് ഉണ്ടായ ദുരനുഭവങ്ങളില്‍ നിന്നാവണം മകനെ ഡോക്ടറാക്കണം എന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നത്. കൈക്കൂലി വാങ്ങാത്ത ഡോക്ടര്‍ അതായിരുന്നു അച്ഛന്‍ എന്നില്‍ കുത്തിവെയ്ക്കാന്‍ ശ്രമിച്ചിരുന്ന സ്വപ്നം. പക്ഷേ അച്ഛന്റെ സ്വപ്നത്തിന് എതിര്‍ ധ്രുവത്തില്‍ നില്‍ക്കുന്ന സിനിമയെന്ന സ്വപ്നം എന്റെ തലയില്‍ കയറ്റിയതിനും കാരണക്കാരന്‍ അച്ഛന്‍ തന്നെയായിരുന്നു. ഗീതാ തിയേറ്ററില്‍ എല്ലാ വെള്ളിയാഴ്ചയും മാറിവരുന്ന സിനിമകാണാന്‍ ഞങ്ങളെ കൊണ്ടുപോയിരുന്നത് അച്ഛനാണ്. ഈ രണ്ടു സ്വപ്നങ്ങളും തമ്മിലുള്ള പിടിവലിയായിരുന്നു എന്റെ കുട്ടിക്കാലം. ഒരുപക്ഷേ കൗമാരവും.

മെഡിക്കല്‍ എന്‍ട്രന്‍സിന് തോറ്റു തുന്നമ്പാടിയതോടെ ഞാന്‍ ഒരിക്കലും ജീവിതവിജയം കൈവരിക്കില്ലെന്ന് അച്ഛനു തോന്നിക്കാണും. അതിനു ശേഷം ബിരുദത്തിനു സുവോളജി പഠിക്കാന്‍ അച്ഛന്‍ എന്നെ പ്രേരിപ്പിച്ചതുപോലും മൂന്നുവര്‍ഷം കഴിഞ്ഞ് പൂര്‍വാധികം ശക്തിയോടെ എന്‍ട്രന്‍സ് എഴുതിയെടുക്കാന്‍ എനിക്ക് കഴിയുമെന്ന ആഗ്രഹത്തിന്റെ പേരിലായിരുന്നു. ബിരുദം കഴിഞ്ഞ് പക്ഷേ ഞാന്‍ അച്ഛന്റെ മുന്നില്‍ വെച്ച ആലോചന സിഡിറ്റില്‍ അന്നുണ്ടായിരുന്ന ഡോക്യുമെന്ററി മേക്കിങ്ങ് കോഴ്‌സില്‍ ചേരാനുള്ള ആഗ്രഹമാണ്. എന്നെപ്പോലെ ഒരു മധ്യവര്‍ഗജീവിതനിലവാരത്തിനും താഴെയുള്ള ഒരാള്‍ സിനിമ എന്ന് ഇന്നും സ്വപ്നമായി കണക്കാക്കുന്ന ഒരു മേഖലയില്‍ എത്തിച്ചേരുമെന്നോ എത്തിച്ചേര്‍ന്നാലും പിടിച്ചു നില്‍ക്കുമെന്നോ വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരു വിശ്വാസവുമില്ലായിരുന്നു.

സിനിമയാണ് ലക്ഷ്യമെങ്കില്‍ വീടുവിട്ടുപൊയ്‌ക്കോളാനായിരുന്നു അച്ഛന്റെ ആജ്ഞ. അന്ന് അത് ചെയ്യാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. നിയമബിരുദത്തിനു ചേരുക എന്ന ബദല്‍ ആയിരുന്നു ഭീരുവായ ഞാന്‍ തെരഞ്ഞെടുത്തത്. അപ്പോഴും എന്റെ തീരുമാനത്തിന്റെ പിന്നിലുള്ള ലക്ഷ്യം സിനിമയായിരുന്നു. വക്കീലായാല്‍ സംവിധായകരുടെ അടുത്ത് പോകുമ്പോള്‍ ഒരു വിലകിട്ടുമെന്നൊക്കെ ആയിരുന്നു ഞാന്‍ കരുതിയിരുന്നത്. മമ്മൂട്ടി സിനിമയിലേക്ക് പ്രവേശിക്കുന്നത് വക്കീല്‍ ആയതിനു ശേഷമായിരുന്നു എന്നൊക്കെയുള്ള വായനകള്‍ സമ്മാനിച്ച മണ്ടത്തരങ്ങളും കൂട്ടിനുണ്ടായിരുന്നു.

എല്‍എല്‍ബി കഴിഞ്ഞ ഉടനെയാണ് എനിക്ക് ഒരു സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആദ്യമായി അവസരം കിട്ടുന്നത്. സുബ്രഹ്മണ്യന്‍ ശാന്തകുമാര്‍ സംവിധാനം ചെയ്ത മണ്‍കോലങ്ങള്‍ എന്ന സിനിമയായിരുന്നു അത്. ആര്‍ട്ട് അസിസ്റ്റന്റായി ചേര്‍ന്ന എനിക്ക് സിനിമയില്‍ ആര്‍ട്ട് അസോസിയേറ്റ് എന്ന ടൈറ്റില്‍ കിട്ടി. ആ ടീം അടുത്തൊരു സിനിമ ചെയ്താല്‍ അതില്‍ പ്രവര്‍ത്തിക്കാന്‍ അവസരവും കിട്ടിയേനെ. പക്ഷേ ആ ടീം മറ്റൊരു സിനിമ ചെയ്തില്ല. അതിനു ശേഷമാണ് കാഴ്ച ചലച്ചിത്രവേദി രൂപീകരിക്കുന്നതും അതിശയലോകം സംവിധാനം ചെയ്യുന്നതും. അക്കാലത്ത് എനിക്ക് അധികം തിരസ്‌കാരങ്ങള്‍ നേരിടേണ്ടി വന്നിരുന്നില്ല. അതിശയലോകത്തിന്റെ ക്യാമറ ചെയ്യാമോ എന്ന് ചോദിച്ച് സ്റ്റോറി ബോര്‍ഡുമായി സണ്ണി ജോസഫിനെയാണ് കാണാന്‍ പോയത്. അദ്ദേഹം എന്നോടു കാണിച്ച സൗമനസ്യം ആയിരുന്നു അതിശയലോകം പൂര്‍ത്തിയാവാന്‍ കാരണം.

സിനിമ പഠിച്ചിട്ടില്ലാത്ത എനിക്ക് അദ്ദേഹമായിരുന്നു ആദ്യത്തെ ഗുരു. പിന്നീട് അതിശയലോകത്തിന്റെ എഡിറ്റിങ്ങിനായി ബീനാപോളിനെ കാണാന്‍ പറഞ്ഞതും അദ്ദേഹം തന്നെ. സത്യത്തില്‍ സ്വന്തമായ ആദ്യസിനിമാ സംരംഭത്തില്‍ തന്നെ സിനിമയെ ആഴത്തില്‍ അറിയുന്ന ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിയുക എന്ന പുരസ്‌കാരമായിരുന്നു എനിക്കു ലഭിച്ചത്. അതിശയലോകം കഴിഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു എന്ന് പറയാം. എന്നെ ഒരു അസിസ്റ്റന്റാക്കുമോ എന്ന് സണ്ണിജോസഫിനോട് തന്നെ ചോദിക്കുകയായിരുന്നു ഞാന്‍. ഇനി അസിസ്റ്റന്റൊന്നുമാവണ്ട ഒരു പ്രൊഡ്യൂസറെ കണ്ടുപിടിക്കാന്‍ നോക്കൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ പ്രൊഡ്യൂസര്‍ എന്ന ഒരാള്‍ ആരാണ്? എങ്ങനെയാണ് അയാളെ സമീപിക്കുക എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. സമീപിച്ചവരെല്ലാം കയ്യൊഴിയുകയും ചെയ്തു. അതിശയലോകം കഴിഞ്ഞുള്ള പതിമൂന്നുവര്‍ഷങ്ങള്‍ ആയിരുന്നു തിരസ്‌കാരങ്ങളുടെ കാലം. പ്രണയം, വിവാഹം, അലച്ചിലുകള്‍, പ്രവാസം അങ്ങനെ അടുക്കും ചിട്ടയോടും കൂടി ഓര്‍ത്തെടുക്കാന്‍ പോലും പറ്റാത്ത ഒരു കാലം. കവിതയില്‍ പറയുമ്പോലെ സിനിമാക്കാരനാകാന്‍ കൊതിച്ച് ജന്തുശാസ്ത്രം പഠിച്ച് വക്കീലായിമാറി ഗുമസ്ഥനായി ജീവിക്കാന്‍ തുടങ്ങിയ ഒരാളാണ് ഞാന്‍. പക്ഷേ ഞാന്‍ തിരിച്ചുവന്നു.

 ആദ്യഷോര്‍ട്ട് ഫിലിമിനുശേഷം  ഒരിടക്കാലത്തെ പ്രവാസജീവിതമുണ്ട് സനലിന്. ബെന്യാമിന്റെ ആടുജീവിതം പിടിച്ചുലച്ച നോവലാണെന്നും മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. ഒരാള്‍പ്പൊക്കം കഴിഞ്ഞതിനു ശേഷമുളള ആദ്യകാലങ്ങളില്‍ വീണ്ടുമൊരു പ്രവാസിയാകുമോ എന്നൊരു ആശങ്കയുണ്ടായിരുന്നോ ?

2001 ലെ ആദ്യ ഷോര്‍ട്ട് ഫിലിമിനു ശേഷം ആറു വര്‍ഷത്തോളം ഞാന്‍ മറ്റൊരു സിനിമ ചെയ്യാനുള്ള അലച്ചില്‍ നടത്തിയിട്ടുണ്ട്. അതിശയലോകം ചെയ്യുന്നത് ക്രൗഡ് ഫണ്ടഡ് ആയിട്ടായിരുന്നു. അന്നുണ്ടായിരുന്നതില്‍ നിന്നും കുറേയൊക്കെ മാറിനില്‍ക്കാനുള്ള ആഗ്രഹം കൊണ്ട് അത്തരത്തില്‍ അത് ഉരുത്തിരിഞ്ഞു വരികയും ചെയ്തിട്ടുണ്ട്. പക്ഷേ ആ ചെറു സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. വേറിട്ട എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതിനെ തമസ്‌കരിക്കുക എന്നത് സമൂഹത്തിന്റെ ഒരു വലിയ ആയുധമാണ്. ഒന്നിനെ കത്തിച്ചുകളയുന്നതിനെക്കാള്‍ എളുപ്പത്തില്‍ ബുദ്ധിപൂര്‍വം ഇരുട്ടില്‍ തള്ളിയിട്ടു കൊല്ലാം. അങ്ങനെ ഒന്ന് ഉണ്ടായി എന്ന് പോലും ആരും അറിയില്ല. അതിശയലോകത്തിനു സംഭവിച്ചത് അതായിരുന്നു. പലയിടത്തും ആ ഷോര്‍ട്ട് ഫിലിം അയച്ചു. മിക്കവാറും എല്ലായിടത്തു നിന്നും തിരസ്‌കരിക്കപ്പെട്ടു. ഒരാള്‍പോലും അതേക്കുറിച്ച് ഒരിടത്തും എഴുതിയില്ല. ഒടുവില്‍ 2003ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന അന്താരാഷ്ട്ര വീഡിയോ ഫിലിം ഫെസ്റ്റിവലില്‍ അതിശയലോകം മത്സര വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.

അന്ന് സിനിമ കണ്ടവരെല്ലാം നല്ലത് പറഞ്ഞു. പക്ഷേ അതിനുശേഷം മറ്റൊന്നുണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിനുള്ള സാഹചര്യം ഉണ്ടായി വന്നില്ല. ഇരുട്ടില്‍ വീണുപോയിരുന്നു അത്. അതൊരു പെര്‍ഫെക്ട് ആയ ഹ്രസ്വചിത്രം ആയിരുന്നില്ല. പക്ഷേ അതില്‍ ന്യായമായും ശ്രദ്ധിക്കപ്പെടേണ്ട ചിലതുണ്ടായിരുന്നു. ന്യായമായും ശ്രദ്ധിക്കപ്പെടേണ്ട ഒന്ന് തീര്‍ത്തും അവഗണിക്കപ്പെടുമ്പോള്‍ മനസുമടുക്കും. താന്‍ ചെയ്തത് ശരിതന്നെയോ എന്ന് കലാകാരന് തോന്നിത്തുടങ്ങും. അങ്ങനെ ഞാന്‍ വല്ലാത്ത ഒരു അവസ്ഥയിലേക്ക് വീണുപോയി. പ്രണയ വിവാഹത്തെത്തുടര്‍ന്നുണ്ടായ അലോസരങ്ങള്‍ ജീവിതഞെരുക്കങ്ങള്‍ എല്ലാം കൂടി അഭിഭാഷക വൃത്തിയില്‍ കൂടുതല്‍ ശ്രദ്ധിച്ചേ മതിയാവു എന്ന അവസ്ഥയുമുണ്ടാക്കി. അതിനിടയ്ക്ക് കുറേയേറെ സ്‌ക്രിപ്റ്റുകള്‍ എഴുതി. ഒരു ഭ്രാന്ത് വരുമ്പോള്‍ കുറേയേറെ ആളുകളെ വിളിക്കും. സ്‌ക്രിപ്റ്റ് അയച്ചുകൊടുക്കും. തിരസ്‌കരിക്കപ്പെടുമ്പോള്‍ വക്കീല്‍ കുപ്പായത്തിലേക്ക് വലിയും.

ആയിടയ്ക്ക് കാവാലം നാരായണപണിക്കരുടെ സ്വപാനം നാടക കളരിയില്‍ ചെന്നു ചേര്‍ന്നു. പുതുതായി ചെന്ന് ചേരുന്നവരെ പുകച്ച് പുറത്ത് ചാടിക്കുന്ന ഒരു അന്തരീക്ഷമായിരുന്നു അവിടെ. അവിടെ നിന്ന് രണ്ടുമാസത്തിനുള്ളില്‍ പുറത്തായി. വിജയകൃഷ്ണന്‍ സാറിന്റെ അസിസ്റ്റന്റായി ഒന്നു രണ്ട് ഷോര്‍ട്ട് ഫിലിമുകളില്‍ പ്രവര്‍ത്തിച്ചു. വയലാര്‍ മാധവന്‍ കുട്ടി എന്നൊരു സീരിയല്‍ ഡയറക്ടറുടെ അസിസ്റ്റന്റായി കുറച്ചു ദിവസം. പക്ഷേ മുന്നോട്ടുപോകാം എന്ന ആത്മവിശ്വാസം ഉണ്ടാക്കുന്ന ഒന്നും എവിടെയും ഉണ്ടായിരുന്നില്ല. വക്കീല്‍ പണിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചു വരുമ്പോള്‍ ഏതെങ്കിലും ഭാഗത്ത് നിന്ന് അസിസ്റ്റന്റാവാനോ സ്‌ക്രിപ്റ്റ് എഴുതാനോ ഉള്ള ഒരു അവസരം തുറക്കും. പണി ഉപേക്ഷിച്ച് ഞാന്‍ അങ്ങോട്ടു പോകും. ഇത് ഓഫീസിലും വീട്ടിലും ഒക്കെ പ്രശ്‌നമായി. ഇതിനിടയ്ക്ക് ഭാര്യ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചു. ഇവിടെ നിന്നാല്‍ സിനിമ എന്ന മരീചിക എന്നെ കൊന്നുകളയുമെന്ന പേടി തോന്നി. അങ്ങനെ ഒരു ജോലി തേടി ഡല്‍ഹിയിലേക്ക് പോയി.

അവിടെ ഒരു കമ്പനിയില്‍ ജോലിചെയ്ത് വരുമ്പോഴാണ് 2007ല്‍ ആദ്യം ഗള്‍ഫിലേക്ക് അവസരം വരുന്നത്. സൌദി അറേബ്യയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഒന്നരവര്‍ഷം ഞാന്‍ ജോലി ചെയ്തു. എന്നെ ഇന്നത്തെ ഞാനാക്കി മാറ്റുന്നതില്‍ ആ ചെറിയ കാലത്തെ പ്രവാസം വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. അക്കാലത്താണ് ഞാന്‍ ബ്ലോഗില്‍ സജീവമാകുന്നത്. സിമി നസ്രേത്തും നിഷാദ് കൈപ്പള്ളിയുമൊക്കെ വളരെ കുറച്ചുമാത്രം കണ്ടിട്ടുള്ള എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറി. എന്റെ രാഷ്ട്രീയം മാറുന്നതും ബലപ്പെടുന്നതും അക്കാലത്താണ്. ബ്ലോഗിലൂടെയുള്ള സൗഹൃദങ്ങളാണ് എന്നെ സിനിമയിലേക്ക് തിരികെ വിളിക്കുന്നത്. കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു ഞാനെങ്കിലും എന്റെ താമസം ലേബര്‍ ക്യാമ്പിലെ ഒരു ക്യാബിനിലായിരുന്നു. കൂടുതല്‍ സഹവാസം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അവിടത്തെ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു.

ആടുജീവിതം ഞാന്‍ വായിക്കുന്നതിനു മുന്‍പേ എനിക്കറിയാം. ലേബര്‍ ക്യാംപില്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്ന പപ്പുനന്‍ ദാസ് എന്ന തമിഴന്റെ ജീവിത കഥ സമാനമായിരുന്നു. അയാള്‍ പറയുന്നത് കേട്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. അതേകഥ കൂടുതല്‍ ഭ്രമാത്മകമായി ഞാന്‍ വായിക്കുകയായിരുന്നു ആടുജീവിതത്തില്‍. എന്റെ മനസിലെ ആടുജീവിതത്തില്‍ പപ്പുനന്‍ ദാസാണ് നായകന്‍. പപ്പുനന്‍ ദാസിന്റെ ജീവിത കഥ സിനിമയാക്കിയാല്‍ ആടുജീവിതം പോലിരിക്കും. നാട്ടിലെ ജീവിതവും സാമ്പത്തികവുമൊക്കെ ഒരുവിധം പച്ചപിടിച്ച് വരുമ്പോഴാണ് പരോള്‍ എന്ന തന്റെ തിരക്കഥ ഡയറക്ട് ചെയ്യാമോ എന്ന് ചോദിച്ച് കെ.വി മണികണ്ഠന്‍ എന്നെ വിളിക്കുന്നത്. അങ്ങനെയാണ് 2008ല്‍ ഞാന്‍ തിരികെ നാട്ടിലെത്തുന്നതും സിനിമക്കായുള്ള അലച്ചില്‍ വീണ്ടും തുടരുന്നതും. ഒരുവര്‍ഷം ആയിരുന്നു ആ അലച്ചിലിനായി ഞാനെടുത്ത പരോള്‍.  അതിനിടയില്‍ സിനിമ ചെയ്യും എന്നായിരുന്നു ഭാര്യക്ക് കൊടുത്ത വാക്ക്. പക്ഷേ ആ പരോള്‍ 2012 വരെ പലകാരണങ്ങള്‍ പറഞ്ഞ് ഞാന്‍ നീട്ടിക്കൊണ്ടിരുന്നു. അക്കാലത്ത് തിരക്കഥയെഴുത്തായിരുന്നു ഹോബി. ഏഴെട്ടു തിരക്കഥകള്‍ എഴുതി ശ്രീനിവാസനേയും ബിജു മേനോനേയും ശ്വേതയേയും ഒക്കെ പോയി കാണും. ഒന്നും നടക്കാതെ വന്നു. തിരികെ പോയേ മതിയാവൂ എന്ന അവസ്ഥയെ മറികടക്കാന്‍ എന്നെ സഹായിച്ചത് അമ്പിളിരാജേഷ് എന്ന സുഹൃത്താണ്. ട്രാന്‍സ്‌ലേഷന്‍ ആയിരുന്നു പരിപാടി. അവര്‍ കുറേക്കാലമായി ജോലിചെയ്യുന്ന ഒരു മേഖലയിലേക്ക് എന്നെയും പിടിച്ചു കയറ്റി. ഒരേയിരുപ്പിരുന്ന് നടുവുപോയി തുടങ്ങിയെങ്കിലും അത്യാവശ്യത്തിനു പണം കിട്ടിത്തുടങ്ങിയപ്പോഴാണ് ഫ്രോഗ് എന്ന ഷോര്‍ട്ട് ഫിലിം ചെയ്യാനായി അതും ഉപേക്ഷിക്കുന്നത്.

പ്രവാസം എല്ലായ്‌പ്പോഴും ഒരു അത്താണിയായി അവിടെയുണ്ട്. ഫ്രോഗ് ചെയ്തുകഴിഞ്ഞപ്പോഴും ഞാന്‍ കരുതിയത് ഉടന്‍ ഗള്‍ഫിലേക്ക് പോകേണ്ടിവരും എന്നാണ്. എല്ലാ മലയാളികളെയും പോലെ എന്നെയും പിടിച്ചു നിര്‍ത്തുന്ന പ്രതീക്ഷയുടെ ഒരു അത്താണിയാണ് ഗള്‍ഫ്. ഫ്രോഗിന് അവാര്‍ഡ് കിട്ടിയതോടെ സ്ഥിതിഗതികള്‍ മാറി. ഫ്രോഗിന് പണം മുടക്കിയവരില്‍ കൂടുതലും പ്രവാസം കൊണ്ട് പരിചയപ്പെട്ട സുഹൃത്തുക്കളോ നേരത്തേ എന്നെ അറിയാവുന്നവരും പ്രവാസികളായപ്പോള്‍ പണം തന്ന് സഹായിക്കാന്‍ കെല്‍പ് നേടിയ സുഹൃത്തുക്കളോ ആയിരുന്നു. ഒരാള്‍പ്പൊക്കത്തിന്റെ നിര്‍മാണത്തിലും പ്രവാസത്തിന്റെ പങ്കുണ്ട്. ഞാന്‍ വീണ്ടും പ്രവാസിയാകേണ്ടി വരുമോ എന്ന ആശങ്കയാണോ ഒന്നും ശരിയായില്ലെങ്കില്‍ പ്രവാസിയെങ്കിലും ആയി ജീവിക്കാം എന്ന ആശ്വാസമാണോ എനിക്കെന്ന് അറിയില്ല. ഒന്നും ശരിയാവില്ല എന്ന തോന്നല്‍ എന്നെ ഇടയ്ക്കിടെ വന്നു മൂടും. ഒരാള്‍പ്പൊക്കം കഴിഞ്ഞപ്പോള്‍ പലയിടത്തു നിന്നും തമസ്‌കരണമുണ്ടായി. സിനിമയെക്കുറിച്ച് കാര്യമായി ആരെങ്കിലും എഴുതുകയോ പറയുകയോ ചെയ്യാത്ത അവസ്ഥ, പനോരമയില്‍ നിന്നുള്ള തിരസ്‌കാരം അങ്ങനെ കുറേ തിക്താനുഭവങ്ങള്‍ എന്നെ നിരാശനാക്കിയിരുന്നു. സിനിമ നല്ലതായതുകൊണ്ടാണ് അത് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്. തിരസ്‌കരിക്കപ്പെടുമ്പോഴും അത് നല്ലതായിരുന്നു. പിന്നെ എന്തുകൊണ്ട് തിരസ്‌കരിക്കപ്പെടുന്നു എന്നതാണ് എന്നെ അലട്ടുന്ന ചോദ്യം. എല്ലാം ശരിയാവും കാത്തിരിക്കൂ എന്ന് പറയുന്ന ആളുകള്‍ എപ്പോഴും ഉണ്ട്.

ഒരിക്കല്‍ ഫഹദ് ഫാസിലിനെ ഒരു സ്‌ക്രിപ്റ്റുമായി പോയി കണ്ടു. അദ്ദേഹത്തിന് അത് ഇഷ്ടമായില്ല. അദ്ദേഹം പറഞ്ഞത് വിഷമിക്കണ്ട, കാത്തിരിക്കൂ. അദ്ദേഹത്തിന്റെ അച്ഛന്‍ ആദ്യ സിനിമ എടുക്കുമ്പോള്‍ മുപ്പത് വയസിനു മേലെ ഉണ്ടായിരുന്നു എന്നാണ്. എനിക്ക് പക്ഷേ മുപ്പത്തഞ്ചുവയസിനു മേലെയുണ്ടല്ലോ എന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം ഒന്നും മിണ്ടിയില്ല. നമ്മുടേതൊക്കെ ചെറിയ ജീവിതങ്ങളാണ്. മരണംവരെയല്ലേ നമുക്കൊക്കെ കാത്തിരിക്കാനാവൂ. സമ്പത്തുണ്ടെങ്കില്‍ ഈ കാത്തിരിപ്പ് അത്രയധികം വേണ്ടിവരില്ല. നമ്മുടേത്  കഴിവിനെ സമ്പത്ത് നയിക്കുന്ന ഒരു സമൂഹമായതുകൊണ്ടാണ് പ്രവാസം എന്ന അത്താണിയെ ആശ്രയിക്കാമെന്ന ചിന്ത വരുന്നത്.

ഫിക്ഷന്‍ എന്നുവെച്ചാല്‍ സംഗീതം പോലെയോ കവിത പോലെയോ ഒക്കെ വ്യാഖ്യാനസാധ്യതകളും വിവിധവിഷയങ്ങള്‍ നേരിട്ടും അല്ലാതെയും പരാമര്‍ശിക്കാന്‍ പഴുതുള്ളതുമായ ഒരു മീഡിയമാണ്. ഒരാള്‍പ്പൊക്കം ഒരു ഫിക്ഷനാണ്. അത് 'ഇത്' മാത്രമാണ് എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അയാള്‍ ശുദ്ധമണ്ടനാണ്. അത് 'ഇതുംകൂടി'യാണ് എന്നാണു പറയുന്നതെങ്കില്‍ അതില്‍ അര്‍ത്ഥമുണ്ട്. അത്തരം വ്യാഖ്യാനങ്ങള്‍ ഉണ്ടാവുന്നത് ഫിക്ഷനില്‍ അയാള്‍ സ്വന്തം ബോധത്തെയും അബോധത്തെയും ഒക്കെ പ്രയോഗിക്കുമ്പോഴാണ്. അങ്ങനെയുണ്ടാവുന്ന അഭിപ്രായം പറയാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

ആദ്യ സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകള്‍, മക്കളുടെ പേരുകള്‍ എന്നിവ സംവിധായകന്റെയും സിനിമയുടെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള സൂചന നല്‍കുന്നുണ്ടോ?

പേരുകള്‍ വെച്ച് ജാതി, മതം ഇതൊക്കെ കണ്ടുപിടിക്കാന്‍ നടക്കുന്ന നമ്മുടെ ഫേക്ക് പൊളിറ്റിക്‌സിന്റെ പ്രശ്‌നമാണിത്. ഖാന്‍ എന്നോ അബ്ദുള്ള എന്നോ അവസാനിക്കുന്ന പേരുള്ളതുകൊണ്ട് ഒരു മനുഷ്യന് വിമാനത്താവളത്തില്‍ കൂടുതല്‍ പരിശോധനകള്‍ നേരിടേണ്ടി വരുമ്പോള്‍ വര്‍ഗീയവിവേചനം എന്ന് ശബ്ദമുയര്‍ത്തുന്ന നമ്മളാണ് പേരിന്റെ അടിസ്ഥാനത്തില്‍ ഒരു സംവിധായകന്റെ പൊളിറ്റിക്കല്‍ നിലപാടുകള്‍ക്കായി സൂചനകള്‍ തേടുന്നത്. ഒരാളുടെ പൊളിറ്റിക്കല്‍ നിലപാടുകള്‍ തേടാന്‍ കണ്‍മുന്നിലുള്ള അയാളുടെ ജീവിതമാണ് ആദ്യം പരിശോധിക്കേണ്ടത്. അതു കഴിഞ്ഞുവേണം കുളിമുറിയില്‍ നനഞ്ഞുകിടക്കുന്ന കോണകത്തിന്റെ നിറം തേടിപ്പോകേണ്ടത്. മഹേന്ദ്രന്‍ എന്ന പേരിനു പകരം അലക്‌സാണ്ടര്‍ എന്നോ നാസര്‍ എന്നോ ആ കഥാപാത്രത്തെ വിളിച്ചിരുന്നെങ്കില്‍ ഈ സൂചനകളെ എനിക്ക് വഴിതെറ്റിക്കാമായിരുന്നു. മായ എന്നതിനു പകരം നാദിറ എന്നോ മറിയം എന്നോ വിളിക്കാമായിരുന്നു. പക്ഷേ എനിക്കത്തരം പേടികളില്ല കപടരാഷ്ട്രീയ വിമര്‍ശനങ്ങളെ കാപട്യം കൊണ്ട് എതിര്‍ക്കാന്‍ ശ്രമിക്കരുത് എന്നാണ് എന്റെ നിലപാട്.

ഭാരതീയ തത്വചിന്ത എന്ന ഒന്ന് ഇവിടെയുണ്ട്. അത് സംഘപരിവാറിന്റേയോ ഇന്ത്യയെന്ന വെട്ടിമുറിക്കപ്പെട്ട മണ്ണിന്റെയോ അവകാശമല്ല. അതിന് വളരെ വലിയ വ്യാപ്തികളുണ്ട്. ലോകത്തെമ്പാടും ഭാരതീയ തത്വചിന്ത ആലോചനകള്‍ക്ക് വിധേയമായിട്ടുണ്ട്. അതിനെ തള്ളിക്കളഞ്ഞാലേ അല്ലെങ്കില്‍ അതിനെ സ്പര്‍ശിക്കാതെ ഇരുന്നാലേ ഒരാള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് പുറത്ത് നില്‍ക്കുന്ന ആളാവൂ എന്ന അന്ധമായ കാഴ്ചപ്പാട് എനിക്കില്ല. കൂട്ടത്തില്‍ ഒന്നുകൂടി പറയേണ്ടതുണ്ട്. ഞാന്‍ ഒരു യാഥാസ്ഥിതികമായ ഹിന്ദു കുടുംബത്തില്‍ ജനിച്ച ആളാണ്. അച്ഛന്‍ ഹിന്ദുമുന്നണിക്കായി ചുവരില്‍ താമരവരയ്ക്കുന്നത് കണ്ട് വളര്‍ന്ന ആളാണ്. എനിക്ക് ആ രാഷ്ട്രീയത്തോട് അന്ധമായ ആഭിമുഖ്യമുണ്ടായിരുന്നു. തികച്ചും പിന്തിരിപ്പനായ ആശയങ്ങള്‍ മഹത്തരമെന്ന് ഏറെക്കാലം ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷേ അതില്‍ നിന്ന് ഞാന്‍ സ്വയം പറിച്ചെറിഞ്ഞു എന്നതില്‍ എനിക്ക് അഭിമാനവുമുണ്ട്. മതത്തില്‍ നിന്ന് ഒരാള്‍ അടര്‍ന്ന് പോരുക എന്നത് ശ്രമകരമായ ഒന്നാണ്. അത്രയ്ക്കും ആഴമുള്ളതാണ് അതിന്റെ വേരുകള്‍.അതുകൊണ്ട് എന്നെ സംശയിക്കരുതെന്നൊന്നും ഞാന്‍ പറയില്ല. മറ്റാരുടെയും അംഗീകാരത്തിനോ ബലേ ഭേഷ് വിളികള്‍ക്കോ വേണ്ടിയല്ല ഞാന്‍ എന്റെ നിലപാടുകളിലേക്ക് എത്തുന്നത്. എനിക്ക് എന്നെമാത്രം ബോധ്യപ്പെടുത്തിയാല്‍ മതി എന്ന ധാര്‍ഷ്ട്യം എനിക്കുണ്ട്.

ഇനി മക്കളുടെ പേരിനെക്കുറിച്ച്. മക്കളുടെ പേര് കൈലാസ്, ശൈലേന്ദ്രന്‍ എന്നല്ല. കൈലാസപതി, ശൈലേന്ദ്രപതി എന്നാണ്. പതി എന്താണ് എന്നതിനെക്കുറിച്ച് വേണമെങ്കില്‍ നിങ്ങള്‍ക്ക് റിസര്‍ച്ച് ചെയ്യാം. ചില കമ്യൂണിസ്റ്റുകാര്‍ മക്കള്‍ക്ക് സ്റ്റാലിന്‍ എന്നും ലെനിന്‍ എന്നുമൊക്കെ പേരിടുന്നത് കണ്ടിട്ടില്ലേ. അതുപോലെ എനിക്ക് ഉണ്ടായ ഒരു തന്തകോംപ്ലക്‌സായിരുന്നു അതെന്ന് കണ്ടാല്‍ മതി. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് അത് നല്ല പേരായി തോന്നുന്നു എന്നവര്‍ പറയുന്നത് കൊണ്ട് സന്തോഷമുണ്ട്. അവര്‍ പഠിക്കുന്ന സ്‌കൂളില്‍ അവരുടെ പേരുള്ള മറ്റൊരാളില്ല എന്നതാണ് കാരണം.

കഥ, തിരക്കഥ, സംവിധാനം എല്ലാമൊരുമിച്ച് ചെയ്യുമ്പോള്‍ ഉള്ളിലെ എഴുത്തുകാരനാണോ, സംവിധായകനാണോ പൂര്‍ണ തൃപ്തി കിട്ടാറുളളത് ? എഴുത്തിലുണ്ടാകുന്ന പോരായ്മകള്‍ സിനിമയിലേക്ക് എത്തുംനേരം മാറുന്നുണ്ടോ ? അതോ ക്യാമറയ്ക്ക് പകര്‍ത്താനാവുംവിധം കണക്കുകൂട്ടലുകളോടെ മാത്രമാണോ മഹീന്ദ്രനും, മായയുമൊക്കെ എഴുത്തിലും കൂടെ സഞ്ചരിച്ചത് ?

എന്റെ മനസില്‍ സിനിമയാണ് ആദ്യവും അവസാനവും ഉണ്ടാകുന്നത്. കഥയും തിരക്കഥയുമൊക്കെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താനായി ഞാന്‍ എഴുതിയുണ്ടാക്കുന്ന ഒരു ഉപാധിയാണ്. എന്നോട് ഒരാള്‍പ്പൊക്കത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ട് ചിലര്‍ പറഞ്ഞത് അത് നല്ല സ്‌ക്രിപ്റ്റ് എന്നാണ്. സിനിമ അവര്‍ക്കത്ര ഇഷ്ടപ്പെട്ടിട്ടില്ല. തിരക്കഥ മറ്റൊരു ക്രാഫ്റ്റാണ്. സിനിമയ്ക്ക് അത് അത്യാവശ്യമല്ലെന്ന തോന്നല്‍ എനിക്കുണ്ടാവുന്നതോടെ ഞാന്‍ തിരക്കഥാകൃത്തല്ലാതെ ആവും. പക്ഷേ കഥ എന്നെ സംബന്ധിച്ച് കവിത പോലെയൊക്കെ പറയാവുന്ന ഒരു ബീജമാണ്. കഥയെന്നല്ല അതിനെ വിളിക്കേണ്ടത് സിനിമയുടെ കവിത എന്ന് വിളിക്കണം. സിനിമയുടെ കവിത സീനുകളായി മാറുമ്പോള്‍ വളരെയധികം മാറുന്നുണ്ട്. ഒരു ആല്‍മരത്തിന്റെ വിത്തില്‍ നിന്നാണ് ആല്‍മരമുണ്ടായതെന്ന് പറഞ്ഞാല്‍ ആല്‍മരം പോലും വിശ്വസിക്കില്ലാത്തപോലെ ഒരു വളര്‍ച്ച സിനിമയുടെ മേക്കിങ്ങില്‍ സംഭവിക്കാറുണ്ട്. സ്‌പൊണ്ടേനിറ്റി ആണ് എന്റെ തത്വശാസ്ത്രം. ഒരാള്‍പ്പൊക്കത്തിന്റെ ചിത്രീകരണത്തില്‍ ആദ്യമൊക്കെ ഞാന്‍ എഴുതിവെച്ചതില്‍ നിന്നും ഡീവിയേറ്റ് ചെയ്യുന്നത് കാണുമ്പോള്‍ എന്റെ കൂടെയുള്ളവര്‍ സംശയിച്ചിരുന്നു.

പതിയെ എനിക്ക് ഭ്രാന്തല്ല എന്നവര്‍ക്ക് മനസിലായി. എന്റെ കൂടെ വര്‍ക്ക് ചെയ്യാത്തവര്‍ക്ക് ഒരുപക്ഷേ ഇപ്പോഴും എന്റെ ശൈലി ആദ്യമൊന്നും ദഹിക്കുമെന്ന് തോന്നുന്നില്ല. സിനിമയുടെ ഒരു മാജിക് എങ്ങനെയോ എനിക്കറിയാം എന്നൊരു കള്ളം ഞാന്‍ എന്നെ വിശ്വസിപ്പിച്ചിട്ടുണ്ട്. ആ കള്ളമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഒരാള്‍പ്പൊക്കത്തിന്റെ രണ്ടാം ഷെഡ്യൂളില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒരു ഷോട്ട് റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞ ശേഷം ഞാന്‍ മറ്റൊരു ഷോട്ടിനായി ക്യാമറാ പൊസിഷന്‍ പറഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു 'എങ്ങനെ ഇത് കട്ട് ചെയ്യും?' ഞാന്‍ ആകെ വിരണ്ടുപോയി. ഞാന്‍ ആകെ തകര്‍ന്നു പോയ അവസ്ഥയിലായി. എനിക്ക് ഒന്നും അറിയില്ല എന്ന് എല്ലാവര്‍ക്കും മനസിലായല്ലോ എന്നപോലെ ഞാന്‍ ആകെ വിയര്‍ത്തു. പിന്നെ കുറേ ഷോട്ടുകള്‍ പറഞ്ഞതും ക്യാമറ പൊസിഷന്‍ ചെയ്തതുമൊക്കെ ആ സുഹൃത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരുന്നു. ഏറെ നേരമെടുത്തു എനിക്ക് സമനില വീണ്ടെടുക്കാന്‍. ഞാന്‍ ചെയ്യുന്ന അബദ്ധം മനസിലായ ഉടന്‍ ഞാന്‍ എല്ലാം പൊളിച്ചു. എന്റെ കള്ളം എന്നെ വിശ്വസിപ്പിച്ചു കഴിഞ്ഞപ്പോള്‍ 'കട്ട് ചെയ്യാന്‍ പറ്റുമോ' എന്ന ചോദ്യത്തിന് ഞാന്‍ പറഞ്ഞു 'ഞാന്‍ കട്ട് ചെയ്‌തോളാം'. സുഹൃത്ത് ഷൂട്ട് ചെയ്ത ഷോട്ടുകളൊന്നും സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റിയില്ല. എന്റെ കള്ളമാണ് എന്റെ ക്രാഫ്റ്റ്.


മുന്‍പ് തിരക്കഥകള്‍ കത്തിച്ചുകളയണമെന്ന് സംവിധായകന്‍ രാജീവ് രവി പറഞ്ഞിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സനലിന്റെ പുതിയ ചിത്രമായ ഒഴിവുദിവസത്തെ കളിക്ക് സ്‌ക്രിപ്റ്റ് പോയിട്ട് സ്റ്റോറി ബോര്‍ഡ് പോലുമില്ലായിരുന്നെന്ന് കേട്ടു ? ശരിക്കും സംവിധായകന്റെ മാത്രമാണോ സിനിമ ?
 


തിരക്കഥ സിനിമയില്‍ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു മീഡിയമാണ്. സിനിമയെക്കാള്‍ വളരെ പഴക്കമുള്ള ഒരു സംവേദന മാധ്യമം. അതുകൊണ്ടുതന്നെ കഥയെയോ തിരക്കഥയെയോ അത്രയൊന്നും ആശ്ലേഷിക്കാതെ നില്‍ക്കുന്ന സിനിമകള്‍ വളരെ കുറച്ചു മാത്രമേ ആസ്വദിക്കപ്പെടുകയുള്ളു. എനിക്ക് പക്ഷേ സിനിമയോടാണ് കമ്പം. അത് തിരക്കഥയില്‍ നിന്നും വളരെ അകലെയാണ്. എന്റെ തിരക്കഥ വായിച്ച ഒരാള്‍ക്കും ഞാന്‍ അതെങ്ങനെ വിഷ്വലൈസ് ചെയ്യുന്നു എന്ന് ഊഹിക്കാന്‍ കഴിയില്ല എന്ന് എനിക്കുറപ്പുണ്ട്.

സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ തിരക്കഥ എന്റെ മനസിലെ ഉണ്ടാവില്ല. ഒരാള്‍പ്പൊക്കത്തിന് മുഴുവന്‍ സ്‌ക്രിപ്റ്റും ഉണ്ടായിരുന്നെങ്കിലും ഷൂട്ട് ചെയ്യുമ്പോള്‍ അതൊന്നുമല്ല ഉപയോഗിച്ചത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്ന വളര്‍ച്ച സിനിമയുടെതല്ലെന്ന് തോന്നിയിട്ടുണ്ട്. ഒരു തോന്നല്‍ അല്ലെങ്കില്‍ ഒരു വിഷ്വലൈസേഷന്‍ അതില്‍ നിന്ന് നേരിട്ട് സിനിമ എന്നതാണ് കുറച്ചുകൂടി നല്ലതെന്ന് തോന്നുന്നു. സ്‌പൊണ്ടേനിറ്റി ഉണ്ടാക്കുന്ന ത്രില്‍ വളരെ വലുതാണ്.  ഇപ്പോള്‍ തിരക്കഥ എഴുതണ്ട എന്ന ഒരു തീരുമാനത്തിലാണ് ഞാന്‍ എത്തിയിരിക്കുന്നത്. പകരം സ്‌ക്രീന്‍ ഇവന്റുകള്‍ നോട്ട് ചെയ്തു വെയ്ക്കും.

കഥാപാത്രങ്ങളെ ലൊക്കേഷനില്‍ നിര്‍ത്തിയ ശേഷം അവരെക്കൊണ്ട് സീന്‍ എനാക്ട് ചെയ്യിക്കും. ഒരാള്‍പ്പൊക്കത്തിന്റെ വളരെക്കുറച്ച് ഭാഗം അങ്ങനെ ഉണ്ടായതാണ്. ഒഴിവു ദിവസത്തെ കളി പൂര്‍ണമായും ചെയ്തിരിക്കുന്നത് ഇപ്പറഞ്ഞ രീതിയിലാണ്. വളരെ ചലനാത്മകമായ റിസള്‍ട്ട് ഉണ്ടായി വരുന്നതായാണ് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. പക്ഷേ ഇതൊക്കെ വളരെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്റെ അജ്ഞതയാണ് എന്നെ ഇങ്ങനെയൊക്കെ ചിന്തിക്കാനും ചെയ്യാനും പ്രേരിപ്പിക്കുന്നത്. അറിവുള്ള മറ്റൊരാള്‍ ഇങ്ങനെ ചെയ്തുകൊള്ളണമെന്നില്ല. ആത്യന്തികമായി എങ്ങനെ നെയ്യുന്നു എന്നതിലല്ല കമ്പളം ഗുണമുള്ളതായിരിക്കുമോ എന്നതില്‍ മാത്രമാണ് കാര്യം. സിനിമ എന്നത് എന്തായാലും സംവിധായകന്റെ മാത്രം രചയാണ്. പക്ഷേ അയാള്‍ മറ്റുള്ളവരെക്കൊണ്ട് രചന നടത്തുന്ന ആളാണ്. സിനിമയില്‍ പങ്കാളികളാവുന്ന ഓരോരുത്തരും അവരവരുടെ രചന നടത്തുന്നുണ്ട്.


ബ്ലോഗെഴുത്ത് കാലം മുതലെ കവിതകളിലൂടെയും, കുറിപ്പുകളിലൂടെയും സനല്‍ വേറൊരു ധൈര്യം കൂടി കാട്ടാറുണ്ട്. സിനിമാ നിരൂപണം. താരതമ്യേന സിനിമ ചെയ്യുന്നവരെല്ലാം കൈവെക്കാന്‍ മടിച്ചപ്പോഴും ഒരേ കടലും, പാപ്പീലിയോ ബുദ്ധയും, ഉസ്താദ് ഹോട്ടലും, അന്നയും റസൂലും, മുന്നറിയിപ്പുമെല്ലാം സവിസ്തരം മേന്മകളുള്‍പ്പെടെ പ്രതിപാദിച്ചിരുന്നു. ഇതില്‍ മമ്മൂട്ടി ചിത്രമായ മുന്നറിയിപ്പിന് എഴുതിയ വിയോജനക്കുറിപ്പ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മറ്റു മലയാള സിനിമകളെ എങ്ങനെയാണ് നോക്കിക്കാണുന്നത് ?

ഞാനൊരു ഫിലിം മേക്കര്‍ ആവുന്നത് ഞാനൊരു ആസ്വാദകനും മനുഷ്യനും ഒക്കെ ആയതിനു ശേഷമാണ്. ഫിലിം മേക്കര്‍ എന്ന പദവി ഈ അവസ്ഥകളെ  അട്ടിമറിക്കാന്‍ പാടില്ല എന്ന് എനിക്ക് ആഗ്രഹമുണ്ട്. മറ്റുള്ളവരുടെ സിനിമയെ വിമര്‍ശിച്ചാല്‍ അവര്‍ എന്റെ സിനിമയേയും വിമര്‍ശിക്കുമല്ലോ എന്ന പേടികൊണ്ട് ഞാന്‍ എഴുതാതിരിക്കാന്‍ പാടില്ല എന്ന് എനിക്കില്ല. പക്ഷേ സത്യസന്ധമായല്ല ഇവിടെ പല വിമര്‍ശനങ്ങളും സംഭവിക്കുന്നത്. വിമര്‍ശനം ശത്രുത ഉണ്ടാക്കുന്ന ഒരു സാഹചര്യമാണ് ഇവിടെ ഉള്ളത്.

ഒരാള്‍ അനുകൂലമായി ആസ്വാദനമെഴുതിയ ഒരു സിനിമയെക്കുറിച്ച് മറ്റൊരാള്‍ വിമര്‍ശനാത്മകമായി എഴുതിയാല്‍ ഉടന്‍ അനുകൂലിക്ക് വിമര്‍ശകനോട് ശത്രുത ഉണ്ടാവുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. വളരെ ഇടുങ്ങിയ മനസുള്ള ഇത്തരക്കാരെയാണ് നിരൂപകരെന്നും ആസ്വാദകരെന്നുമൊക്കെ പറഞ്ഞു പൊക്കിക്കൊണ്ട് നടക്കുന്നത്. എന്നെ സംബന്ധിച്ച് സത്യസന്ധമായ വിമര്‍ശനം ഒരു കലാകാരന് പ്രചോദനമാണ്. എനിക്ക് തമസ്‌കരണത്തെയാണ് കൂടുതല്‍ പേടി. കടലിളകി വന്നാലും ഒന്നും സംഭവിച്ചില്ലല്ലോ എന്ന മട്ടിലിരിക്കുന്ന അനങ്ങാപ്പാറകളെക്കാള്‍ പോസിറ്റീവാണ് ശത്രുതയോടെയാണെങ്കിലും വിമര്‍ശിക്കുന്നവര്‍. പക്ഷേ ഞാന്‍ പഴയപോലെ ഇനി തുറന്ന വിമര്‍ശനങ്ങള്‍ ഇനി നടത്തുമോ എന്നെനിക്കുറപ്പില്ല. കുറേയൊക്കെ കാപട്യം എന്നിലും അടിഞ്ഞുകൂടുന്നത് എനിക്കും അറിയാന്‍ കഴിയുന്നുണ്ട്. കുടഞ്ഞെറിഞ്ഞു കളയണമെന്നുണ്ട്. പറ്റുമോ എന്ന് കണ്ടറിയണം.

സമാന്തരസിനിമകളുടെ പ്രദര്‍ശനത്തിനായി സര്‍ക്കാര്‍ തിയേറ്ററുകള്‍ അനുവദിക്കുന്നു. ചുരുങ്ങിയ കാലത്തേക്കെങ്കിലും കാണികളുടെ ഒരു കൂട്ടം പലയിടങ്ങളില്‍ നിന്നായി സിനിമകള്‍ കാണുന്നു. ജനപ്രിയ, വാണിജ്യ സിനിമകളെ പിന്തള്ളി സമാന്തരസിനിമകള്‍ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടുന്നു. ഗവണ്‍മെന്റിന്റെ, പ്രേക്ഷകരുടെ മാറുന്ന മനസ്ഥിതി എന്താണ് സൂചിപ്പിക്കുന്നത് ?

കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു ഇത്. എന്തെങ്കിലും സംഭവിച്ചേ മതിയാകു എന്ന നിലയിലേക്ക് സംഗതികള്‍ സ്വാഭാവികമായി എത്തിച്ചേര്‍ന്നതാണ്. ഇന്ത്യന്‍ സിനിമയുടെ പ്രതിരൂപമായി മലയാളം സിനിമ ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നും എത്രയോ താഴ്ചയിലേക്ക് അത് വീണുപോയി. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രയോഗിച്ച് മൂര്‍ച്ചയില്ലാതായിപ്പോയ ആയുധം പോലെയായി മലയാള സിനിമ. പുതിയ ആളുകള്‍ക്ക് കടന്നുവരാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. സിനിമ എന്ന വ്യവസായം വലിയ ഒരു കോട്ടയ്ക്കുള്ളിലായിരുന്നു. അങ്ങോട്ട് ആര്‍ക്കും പ്രവേശനമില്ല. കോട്ട പഴയതായപ്പോള്‍ കല്ലുകള്‍ ഇളകിത്തുടങ്ങി. അതിലൂടെ ആളുകള്‍ ഉള്ളിലേക്ക് കടന്നു തുടങ്ങി. കോട്ടയ്ക്കുള്ളില്‍ കുടുങ്ങിപ്പോയവര്‍ക്കും ഇപ്പോള്‍ ആശ്വാസം തോന്നുന്നുണ്ടാവും. ഒരു പുതിയ കാറ്റ് വീശുന്നതിന്റെ ആശ്വാസം. താമസിയാതെ ഈ കോട്ട പൊളിയും പുതിയ ഒന്ന് എല്ലാവരും ചേര്‍ന്ന് കെട്ടിത്തുടങ്ങും. വീണ്ടും ഇതുതന്നെ ആവര്‍ത്തിക്കും.

ഒക്‌റ്റോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ഒരാള്‍പ്പൊക്കം തിയറ്ററുകളിലെത്തുകയാണല്ലോ. മലയാളി പ്രേക്ഷകരോട് എന്താണ് പറയാനുളളത് ? പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തെ സംബന്ധിച്ച് അവാര്‍ഡുകള്‍ നല്‍കുന്ന ഭാരമുണ്ടോ ?

ഒരാള്‍പ്പൊക്കം പ്രേക്ഷകര്‍ കണ്ടുപരിചയിച്ച ഒരു സിനിമയല്ല. പക്ഷേ അത് വ്യത്യസ്തമായ ഒരു സിനിമയാണ്. ഈ സിനിമയുടെ പ്രേക്ഷകരായി ഞാന്‍ കാണുന്നത് വിനോദത്തിനായി സിനിമയ്ക്ക് പോകുന്നവരെ അല്ല. ഒരു പുസ്തകം വായിക്കുന്നപോലെ, കവിത വായിക്കുന്ന പോലെ ഒക്കെ സിനിമ കാണുന്നവരെയാണ്. ഇത്തരം സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. പക്ഷേ അവര്‍ തിയേറ്ററില്‍ എത്തി സിനിമ കാണാന്‍ ശ്രമിക്കാത്തവരാണ്. അവര്‍ തിയേറ്ററില്‍ വന്നാല്‍ മാത്രമേ ഒരാള്‍പ്പൊക്കം എന്ന സിനിമ വന്നതുകൊണ്ട് കാര്യമുള്ളു. അവര്‍ക്കുവേണ്ടിയാണ് ഒരാള്‍പ്പൊക്കം തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ഒരു ഭാരവുമുണ്ടാക്കുന്നില്ല. കൂട്ടമായി ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു സിനിമ ആകില്ല എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. പക്ഷേ ഈ സിനിമയുടെ പ്രേക്ഷകര്‍ ഇന്നാട്ടിലുണ്ട്. അവര്‍ തിയേറ്ററിലെത്തിയാല്‍ ഇത് ഒരു വിജയമാവുകയും ചെയ്യും.


 ഉണ്ണി. ആറിന്റെ കഥയായ ഒഴിവുദിവസത്തെ കളിയിലേക്ക് എങ്ങനെയാണ് എത്തിയത് ? എപ്പോഴാണ് പുതിയ ചിത്രം പ്രദര്‍ശനത്തിനെത്തുക ?

ഒരാള്‍പ്പൊക്കത്തിനും വളരെ മുന്നേ ആലോചിച്ച സിനിമയാണ് ഒഴിവു ദിവസത്തെ കളി. കഥ വളരെ ചെറുതാണ് എന്നതുകൊണ്ടുതന്നെ അത് എങ്ങനെ ഒരു സിനിമയാക്കാന്‍ പറ്റുമെന്ന് ഞാന്‍ അത് സൂചിപ്പിച്ചപ്പോള്‍ എല്ലാവരും സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷേ എനിക്ക് കഥയല്ല അതിലെ കവിതയാണ് സിനിമയാക്കാന്‍ തോന്നിയ സംഗതി. കവിതയെ നമുക്ക് എത്രവേണമെങ്കിലും വലുതാക്കാം. ഒഴിവുദിവസത്തെ കളി ആറ്റിക്കുറുക്കിയ ഒരു കവിതയാണ്. എല്ലാ നല്ല കഥകളും കവിതകളാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കവിതയാണ് എല്ലാ കലാരൂപങ്ങളിലും ഉള്ള ആത്മാവ്. ഒരു ദിവസം തിരുവനന്തപുരത്ത് വെച്ച് ഉണ്ണി ആറിനെ കാണുകയായിരുന്നു. ഞാന്‍ കഥയുടെ എന്റെ വ്യാഖ്യാനം സൂചിപ്പിച്ചപ്പോള്‍ തന്നെ ചെയ്‌തോളാന്‍ പറഞ്ഞു. പിന്നീട് ഒരാള്‍പ്പൊക്കം വന്നു.

ഒഴിവു ദിവസത്തെ കളി വീണ്ടും വൈകിക്കാന്‍ എന്റെ മനസു പറഞ്ഞുകൊണ്ടിരുന്നു. ഒരാള്‍പ്പൊക്കത്തിനു ശേഷം ഞാന്‍ ഒരു മുഴുവന്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കി നിര്‍മാതാവിനെ കിട്ടി അഭിനേതാക്കളെ കണ്ടെത്തി ഷൂട്ടിങ്ങ് സമയം വരെ നിശ്ചയിച്ചു. പിന്നെപ്പിന്നെ എനിക്ക് ബോറടിച്ച് തുടങ്ങി. ആ തിരക്കഥ പൊളിക്കണം. എന്ന് തോന്നിത്തുടങ്ങി. അങ്ങനെ ഉടനെ അത് ചെയ്യണ്ട എന്ന് തീരുമാനിച്ചതും. ഒഴിവു ദിവസത്തെ കളി ഉടനെ ചെയ്യാന്‍ തീരുമാനിച്ചതും. ഈ വര്‍ഷം അവസാനത്തോടെ ഒഴിവു ദിവസത്തെ കളി പ്രദര്‍ശനത്തിനെത്തും.

സോഷ്യല്‍മീഡിയകളിലൂടെ വളരെ സ്പഷ്ടമായിതന്നെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ പങ്കുവെക്കാറുളള സിനിമാക്കാരനെന്ന നിലയ്ക്ക് പൂനെ ഫിലിം ഇന്‍സിസ്റ്റ്യൂട്ടില്‍ ഗജേന്ദ്ര ചൗഹാനെതിരെ നടക്കുന്ന സമരത്തെ, രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളെ ഇക്കാലത്ത് എങ്ങനെയാണ് വിലയിരുത്തുന്നത്?

നമ്മുടെ രാജ്യം ഭീകരമായ ഒരു പാരമ്പര്യവാദത്തിന്റെ പിടിയിലേക്ക് അമര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിജെപി അല്ല പ്രശ്‌നം. നമ്മുടെ സംസ്‌കാരം നമ്മുടെ പാരമ്പര്യം എന്ന ഭൂതമാണ് ഏറ്റവും വലിയ വിനാശകാരി. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം തകര്‍ന്നുപോയേക്കാം. പക്ഷേ ഇപ്പോള്‍ അവരുടെ കുടക്കീഴില്‍ നിന്ന് കുഴിച്ചെടുത്ത് പുറത്തിട്ടുകൊണ്ടിരിക്കുന്ന പഴഞ്ചന്‍ മൂല്യങ്ങളെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകള്‍ ആശ്ലേഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. സന്മാര്‍ഗസാരോപദേശം സിപിഎം ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര്‍ വിളമ്പുന്നതിന് കാരണം അവരും ഈ ഭൂതത്തിന്റെ പിടിയിലായതുകൊണ്ടാണ്. ഇത്തരം പഴഞ്ചന്‍ മൂല്യങ്ങളെ നവകാലത്തേക്ക് കടത്തിവിടാനുള്ള ഏറ്റവും നല്ല മാര്‍ഗം സിനിമയാണെന്നറിയാവുന്ന ഭരണകൂടം ബുദ്ധിപൂര്‍വം കളിക്കുന്ന കളിയിലെ ഒരു കരുവാണ് ഗജേന്ദ്ര ചൗഹാന്‍. പുതിയ ചിന്തകളെ നിയന്ത്രിക്കണം അതാണ് ലക്ഷ്യം. ഒരു വ്യക്തിക്കെതിരെ നടക്കുന്ന സമരമല്ല ഇത്. സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു പിന്തിരിപ്പന്‍ നയരൂപീകരണത്തിനെതിരെ നടക്കുന്ന സമരമാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം. അത് കൃത്യമായി അറിയാവുന്നതുകൊണ്ടാണ് അതിന് പിന്തുണയുമായി സമരങ്ങളുണ്ടാവുന്നത്. കേവലം സിനിമാക്കാരുടെ സമരമായി അത് ഒതുക്കിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കുകയാണ് ചെയ്യുന്നത്.

കാഴ്ച ഫിലിംഫോറത്തിന്റെ പുതിയ ചിത്രം ഏലി ഏലി ലമാസബക്താനിയുടെ പ്രമേയം വധശിക്ഷയാണെന്ന് കേട്ടിരുന്നു. കൂടെ സഹകരിക്കുന്നതും അറിഞ്ഞിരുന്നു. മൂലധനത്തിന്റെ, അരാഷ്ട്രീയത പകരുന്ന ജനപ്രിയ സിനിമാക്കാലത്ത് ക്രൗഡ്ഫണ്ടിങ്ങിനെ എപ്രകാരമാണ് ഏലി ഏലി ലമാസബക്താനി പൊളിറ്റിക്കല്‍ റ്റൂളാക്കുന്നത് ?

സിനിമ എക്കാലത്തും ജനക്കൂട്ടത്തിന്റെ പിന്തുണയോടെ മാത്രം നിലനില്‍ക്കുന്ന ഒന്നാണ്. എന്തൊക്കെത്തന്നെ പറഞ്ഞാലും സിനിമ ആളുകള്‍ക്ക് വേണ്ടെങ്കില്‍ അത് നിര്‍മിക്കാന്‍ ആരും മുന്നോട്ട് വരില്ല. എല്ലാവര്‍ക്കും ഇഷ്ടമായില്ലെങ്കിലും ഒരു മിനിമം ജനക്കൂട്ടത്തിനെങ്കിലും അത് ഇഷ്ടമാകണം. ആ മിനിമം ജനക്കൂട്ടത്തിന്റെ സാമ്പത്തിക സ്ഥിതി ആ സിനിമയെ സപ്പോര്‍ട്ട് ചെയ്യാന്‍ പ്രാപ്തമല്ലെങ്കില്‍ മറ്റൊരു സിനിമ അങ്ങനെ ഉണ്ടാവില്ല. അപ്പോള്‍ കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള വിഷയം, മേക്കിങ്ങ് ഒക്കെ ഉണ്ടാവേണ്ടി വരും. അപ്പോള്‍ കൂടുതല്‍ കൂടുതല്‍ അയഞ്ഞ മനോഭാവം സ്വീകരിക്കേണ്ടിവരും. അത് ഒരിക്കലും ശക്തമായ ഒരു പൊളിറ്റിക്കല്‍ നിലപാടുള്ള ഒന്നായിരിക്കില്ല. നമ്മുടെ രാജ്യത്ത് വധശിക്ഷയെ എതിര്‍ക്കുന്ന ഒരു സിനിമ സ്വീകരിക്കപ്പെടുക എന്നത് അസാധ്യമായ ഒന്നാണെന്ന് പറയേണ്ടിവരും.

പ്രതികാര മനോഭാവം കൊണ്ട് നിലനില്‍ക്കുന്ന ഒരു ദേശീയതയാണ് നമ്മുടേത്. പാക്കിസ്ഥാന്‍ എന്ന ചെറിയ രാജ്യം അപ്പുറത്തിരുന്ന് ഇടയ്ക്കിടെ വെടിപൊട്ടിക്കുന്നുണ്ടായിരുന്നില്ലെങ്കില്‍ നമ്മുടെ ദേശീയത കുറേയേറെ ദുര്‍ബലപ്പെട്ടുപോയേനെ. അടിച്ചാല്‍ അടിച്ചവനെ തിരിച്ചടിക്കണം എന്ന യുദ്ധമനസാണ് നമുക്കുള്ളത്. നമ്മുടെ പോലീസ് നമ്മളെ അടിക്കുമ്പോള്‍ അത് നമുക്ക് സ്വാഭാവികമായി തോന്നുന്നത് നമ്മുടെ ഉള്ളില്‍ തന്നെയുള്ള അക്രമവാസനകൊണ്ടാണ്. അതുകൊണ്ട് നമുക്ക് അക്രമത്തെ എതിര്‍ക്കാന്‍ കഴിയില്ല. വധശിക്ഷ അക്രമമാണെന്ന് പറഞ്ഞാല്‍ ജനക്കൂട്ടം നമ്മെ കല്ലെറിയും. ആ ഒരു സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ജനക്കൂട്ടമനസിനെതിരെ നില്‍ക്കുന്ന ഒരു സിനിമയുടെ ആശയവുമായി ഒരാള്‍ മുന്നോട്ട് വരുന്നത്. ജിജു ആന്റണിയുടെ ഈ സിനിമ ഒരു പ്രൊഡ്യൂസര്‍ക്ക് നിര്‍മിക്കാന്‍ സാധിക്കുന്നതല്ല. കാരണം പ്രൊഡ്യൂസര്‍ക്ക് ലാഭമുണ്ടാകില്ല. ചിലപ്പോള്‍ നഷ്ടം തന്നെയുണ്ടാവും.

പക്ഷേ സ്വന്തമായി ശബ്ദമുണ്ടെങ്കിലും ജനക്കൂട്ടത്തിന്റെ ശബ്ദത്തില്‍ നിശബ്ദരാക്കപ്പെട്ട ഒരു മൈനോരിറ്റിയുടെ കൂട്ടായ്മയ്ക്ക് അത് ചെയ്യാന്‍ കഴിയും. ഈ സിനിമയില്‍ നിന്ന് ലാഭമുണ്ടാകും എന്നാര്‍ക്കും പറയാന്‍ കഴിയില്ല. പറയാന്‍ കഴിയുന്നത് ഇത് കാലഘട്ടത്തിന്റെ ആവശ്യമായ ഒരു സിനിമയാണ് അതുകൊണ്ട് ഇതിന് സംഭാവന ചെയ്യൂ എന്നാണ്. അപ്പോള്‍ അത് ഒരു പ്ലാറ്റ് ഫോം ആയി മാറുകയാണ്. കച്ചവടതന്ത്രങ്ങള്‍ കെട്ടിയുയര്‍ത്തിയിട്ടുള്ള ജനപ്രിയതയുടെ ബൃഹത്തായ പ്ലാറ്റ്‌ഫോമിന് എതിര്‍വശത്തായി ന്യൂനപക്ഷമായ ആ ചെറിയ ജനക്കൂട്ടത്തിന് കയറി നില്‍ക്കാന്‍ ഒരു ചെറിയ പ്ലാറ്റ്‌ഫോം കെട്ടുകയാണ് ഞങ്ങള്‍. ഏലി ഏലി ലമാസബക്താനി എന്ന സിനിമ മാത്രമല്ല അതിന്റെ നിര്‍മാതാക്കള്‍ക്ക് നില്‍ക്കാനായി ഉണ്ടാക്കുന്ന ആ പ്ലാറ്റ്‌ഫോമും ഒരു പൊളിറ്റിക്കല്‍ റ്റൂളാണ്. ഒരു പൊളിറ്റിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. അതിന്റെ നിര്‍മാണത്തില്‍ ഭാഗമാകാന്‍ ഞാന്‍ ശ്രമിക്കുന്നത് എന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനുള്ള ഒരു അവസരം അതില്‍ ഞാന്‍ കണ്ടെത്തുന്നതുകൊണ്ടാണ്. എന്റെ മക്കള്‍ക്ക് ഇടുന്ന പേരിലും എന്റെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് കണ്ടെത്തുന്ന പേരിലും കേദാര്‍നാഥ് എന്ന ലൊക്കേഷനിലും ഒക്കെ എന്റെ രാഷ്ട്രീയം കണ്ടെത്തുന്നവരെ കൂസാതിരിക്കാന്‍ എനിക്ക് ബലം നല്‍കുന്നത് ഇത്തരം പങ്കാളിത്തങ്ങളാണ്.