ഡോ.ബിജു അഭിമുഖം: സാമൂഹ്യ വിഷയങ്ങളെ തൊടാന്‍ ധൈര്യമുള്ള ചലച്ചിത്രകാരന്‍മാര്‍ ഇല്ല, മേളയും അവാര്‍ഡും നിസ്സാരവല്‍ക്കരിക്കപ്പെട്ടു

December 8, 2015, 10:02 pm
ഡോ.ബിജു അഭിമുഖം: സാമൂഹ്യ വിഷയങ്ങളെ തൊടാന്‍ ധൈര്യമുള്ള ചലച്ചിത്രകാരന്‍മാര്‍ ഇല്ല, മേളയും അവാര്‍ഡും നിസ്സാരവല്‍ക്കരിക്കപ്പെട്ടു
Interview
Interview
ഡോ.ബിജു അഭിമുഖം: സാമൂഹ്യ വിഷയങ്ങളെ തൊടാന്‍ ധൈര്യമുള്ള ചലച്ചിത്രകാരന്‍മാര്‍ ഇല്ല, മേളയും അവാര്‍ഡും നിസ്സാരവല്‍ക്കരിക്കപ്പെട്ടു

ഡോ.ബിജു അഭിമുഖം: സാമൂഹ്യ വിഷയങ്ങളെ തൊടാന്‍ ധൈര്യമുള്ള ചലച്ചിത്രകാരന്‍മാര്‍ ഇല്ല, മേളയും അവാര്‍ഡും നിസ്സാരവല്‍ക്കരിക്കപ്പെട്ടു


എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കിയ വലിയ ചിറകുള്ള പക്ഷികള്‍ ഒരേ സമയം തിയറ്ററുകളിലും കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും കയ്യടി നേടുമ്പോള്‍ സംവിധായകന്‍ ഡോ.ബിജു സംസാരിക്കുന്നു.

എന്‍ഡോസള്‍ഫാന്‍ വിഷയം സിനിമയാക്കണമെന്ന് തോന്നിയത് എപ്പോഴാണ് ?

എന്‍ഡോസള്‍ഫാന്‍ വിഷയം സിനിമയാക്കണമെന്ന് വളരെ മുമ്പ് തന്നെ ആലോചിച്ചിരുന്നു. മാതൃഭൂമിയില്‍ മധുരാജിന്റെ ഫോട്ടോ ഫീച്ചര്‍ വന്നപ്പോള്‍ തിരക്കഥയുടെ രൂപം മനസ്സിലുണ്ടായി. ഒരു ഡോക്ടറുടെ കാഴ്ചപ്പാടിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയെ പരാമര്‍ശിക്കാനായിരുന്നു തുടക്കത്തിലെ ആലോചന. ഡോക്യുഫിക്ഷന്‍ സ്വഭാവമുണ്ടാകുമെന്ന കാരണത്താല്‍ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീടാണ് ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ചകളിലൂടെ ദുരന്തതീവ്രത പറയാമെന്ന് തീരുമാനിച്ചത്. പേരറിയാത്തവര്‍,ആകാശത്തിന്റെ നിറം എന്നീ സിനിമകള്‍ക്ക് മുമ്പേ തന്നെ ചെയ്യേണ്ടിയിരുന്നത് ഈ സിനിമ. പക്ഷേ സ്‌ക്രിപ്ടിംഗിന് കൂടുതല്‍ സമയമെടുത്തു. നമ്മുടെ സിനിമ എന്തുകൊണ്ട് കേരളം നേരിട്ട ഇത്ര വലിയൊരു ദുരന്തത്തെ സിനിമയില്‍ പരാമര്‍ശിക്കാതെ പോയി എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. സിനിമ എന്ന മാധ്യമം ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ വിഷദുരന്തം കൂടുതല്‍ പേരിലെത്തണമെന്ന് ആഗ്രഹിച്ച് തന്നെയാണ് ഞാന്‍ ഈ സിനിമയിലേക്ക് കടന്നത്.

രാഷ്ട്രീയ സാമൂഹ്യവിഷയങ്ങളെ തൊടാനുള്ള ധൈര്യമില്ലായ്മയാണോ അതോ അറിവില്ലായ്മയാണോ ഇത്തരം സിനിമകള്‍ കുറയുന്നതിന് കാരണം. ?

എന്‍ഡോസള്‍ഫാന്‍ വിഷയം സിനിമ ആയപ്പോള്‍ എന്തുകൊണ്ട് ഇത്തരം വിഷയങ്ങള്‍ മലയാള സിനിമ കൈകാര്യം ചെയ്യുന്നില്ല എന്ന ചോദ്യം ബാക്കിയാകുന്നുണ്ട്. മാര്‍ജിനലൈസ്ഡ് ആയ വിഷയങ്ങള്‍ സിനിമകള്‍ക്ക് പരിഗണനയാകുന്നില്ല. ഇവിടെ് ചെങ്ങറയും,കൂടംകുളവും മുത്തങ്ങയും സിനിമയ്ക്ക് വിഷയമായിട്ടില്ല. സിനിമയില്‍ ഇതിനെയൊന്നും തൊടാനുള്ള ധൈര്യം ആരും കാണിക്കാറില്ല. റിബല്‍ സിനിമകളെന്ന് പറയുന്നത് സത്രീപുരുഷ ബന്ധങ്ങളിലെ റിബലിസം മാത്രമാണ്. സാമൂഹ്യമായ വിഷയങ്ങളും സമരങ്ങളും ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ കഴിഞ്ഞ പത്ത് വര്‍ഷമായിട്ട് ഇവിടെ ഉണ്ടായിട്ടില്ല. നമ്മുടെ ഫിലിംമേക്കേഴ്‌സ് നട്ടെല്ലില്ലാത്തവരായി പോയല്ലോ എന്നതിലാണ് നിരാശ. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വലിയ അപകടാവസ്ഥയാണ് ഇത്. ഇവിടെയുള്ള ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടിയെ വിമര്‍ശിക്കാന്‍ ചലച്ചിത്രമേഖലയ്ക്ക് ധൈര്യമില്ല. ദളിത് വിഷയങ്ങളെ തൊടുന്നില്ല. സൗന്ദര്യാത്മകമായ വിഷയങ്ങളോട് മാത്രമാണ് എല്ലാവര്‍ക്കും കമ്പം. അവിടെ ഒരു കോര്‍ട്ടും ഫാന്‍ട്രിയും ഉണ്ടാകുമ്പോള്‍ ഇവിടെ ഒന്നും തന്നെ ഇല്ല.

ഡോക്ടര്‍ എന്ന നിലയ്ക്കുള്ള അനുഭവപരിചയം വലിയ ചിറകുള്ള പക്ഷികള്‍ ഒരുക്കുന്നതില്‍ സഹായകമായിട്ടുണ്ടോ?

ഡോക്ടര്‍ എന്ന നിലയില്‍ ദുരന്തതീവ്രത വിശദീകരിക്കാന്‍ കൂടുതല്‍ സൗകര്യമുണ്ടായി. ദുരന്തത്തെ ഇമോഷണലി മാത്രം സമീപിക്കാതെ സോഷ്യല്‍ ഇഷ്യൂ എന്ന നിലയ്ക്കും ശാസ്ത്രീയമായും കൂടി സമീപിക്കാനായി. സ്‌ക്രിപ്ടില്‍ ഡോക്ടര്‍ എന്നത് ഗുണമായിട്ടുണ്ട്. സമഗ്രമായി വിഷയത്തെ കൈകാര്യം ചെയ്തു എന്നാണ് സിനിമ കണ്ടവരും എന്നോട് പറഞ്ഞത്. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ സമയത്താണ് കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസറായി എത്തുന്നത്. സ്‌ക്പ്ടിംഗില്‍ ആധികാരികതയും കൃത്യതയുമുണ്ടാക്കാന്‍ പ്രൊഫഷന്‍ സഹായകമായിട്ടുണ്ട്. മറ്റൊരാളെയാണ് തിരക്കഥ ചെയ്തതെങ്കില്‍ സമഗ്രമായി പരാമര്‍ശിക്കാന്‍ പറ്റുമോ എന്ന് സംശയമാണ്.

പല തവണ വാര്‍ത്താചിത്രങ്ങളായവരിലേക്കാണ് മുവീ ക്യാമറയുമായി ചെന്നത്, ഇരകളെ തന്നെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണം ?

സിനിമയില്‍ കാണിക്കേണ്ട ഇരകള്‍ ആരായിരിക്കണമെന്നാണ് ആദ്യം തീരുമാനിച്ചത്. മാധ്യമങ്ങള്‍ അധികം വന്നിട്ടില്ലാത്ത ഇരകളെ കണ്ടെത്തുകയാണ് ചെയ്തത്. അവരുടെ മാതാപിതാക്കളുടെ പൂര്‍ണസമ്മതത്തോടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിച്ചത്. 25ഓളം പേരെയാണ് സിനിമയുടെ ഭാഗമാക്കിയത്. നൗഷാദ് മാധ്യമങ്ങളില്‍ വന്നതാണ്. അഭിലാഷ് എന്നൊരു കുട്ടിയുണ്ട്. ഇതുവരെ മാധ്യമങ്ങളില്‍ വന്നിട്ടില്ല. റിമോട്ട് ഏരിയയിലുള്ള ചില ഇരകളൊന്നും മാധ്യമങ്ങളില്‍ വന്നവരല്ല. അഭിലാഷിന്റെ മാതാപിതാക്കള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. ഞങ്ങളുടെ കുട്ടിയെ പ്രദര്‍ശന വസ്തുവാക്കില്ലെന്നാണ് പറഞ്ഞത്.
അതോടെ ഞങ്ങള്‍ തിരിച്ചുപോയി. രണ്ട് ദിവസം കഴിഞ്ഞ് അഭിലാഷിന്റെ അച്ഛന്‍ എന്നെ വിളിച്ചു. സമ്മതമാണെന്ന് അറിയിച്ചു. എന്‍ഡോസള്‍ഫാനെതിരെ ലോകശ്രദ്ധ ഉണര്‍ത്തുന്നതിനായാണ് വിഷമകരമാണെങ്കിലും അഭിലാഷിനെ ചിത്രീകരിക്കുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അന്ന് പറഞ്ഞ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. നിങ്ങള്‍ എന്റെ മകനെ ഷൂട്ട് ചെയ്‌തോളു,അവന്‍ ഏത് നിമിഷവും മരിക്കാം. എനിക്കവനെ സിനിമയിലൂടെയെങ്കിലും കാണാമല്ലോ എന്ന് പറഞ്ഞു. ഒരു ഫോട്ടോ എടുത്ത് തരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇനിയൊരിക്കലും ഇത് പോലൊരു കുട്ടി ഇനി ഉണ്ടാവരുത് അതിന് എന്റെ മകന്‍ നിമിത്തമാകട്ടെ എന്നാണ് ഷൂട്ടിംഗ് സമയത്ത് ആ അച്ഛന്‍ പറഞ്ഞത്. നമ്മളെല്ലാം തകര്‍ന്നുപോകുന്ന സാഹചര്യമാണ് ഷൂട്ടിംഗിലുടനീളമുണ്ടായത്. 20 പേരെ ചിത്രീകരിച്ചെങ്കിലും നാല് പേരെ മാത്രമാണ് സിനിമയില്‍ കാണിച്ചത്. ഇരകളുമായും അവരുടെ കുടുംബങ്ങളുമായി ഇടപെടുമ്പോഴാണ് ആ ദുരന്തത്തിന്റെ തീവ്രത ശരിക്കും അറിയാനായത്. എന്‍ഡോസള്‍ഫാന്റെ പേരില്‍ എന്നും വാര്‍ത്തയാവുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നതിനാല്‍ നിസ്സംഗതയിലേക്ക് അവരെത്തിയിരുന്നു. സിനിമ ഉദ്ദേശ്യശുദ്ധി അവരെ ധരിപ്പിക്കാന്‍ നന്നായി പണിപ്പെട്ടിട്ടുണ്ട്.

ഈ ചിത്രത്തിന് മുമ്പുള്ള രണ്ട് സിനിമകളിലും കഥ പറയുന്ന ഇടം,കഥാപാത്രങ്ങളുടെ പേരുകള്‍ എന്നിവ പരാമര്‍ശിച്ചിരുന്നില്ല. ദുരന്തഭൂമിയില്‍ ജീവിച്ചിരിക്കുന്നവരെ അവരായി തന്നെ സിനിമയാക്കിയപ്പോള്‍ സിനിമ എന്ന നിലയില്‍ നേരിട്ട പരിമിതി എന്തായിരുന്നു

എന്‍ഡോസള്‍ഫാന്‍ ദുരന്തം ഒരു സിനിമ എന്ന നിലയില്‍ നേരിട്ട പ്രധാന പരിമിതി യഥാര്‍ത്ഥ സംഭവങ്ങളെ ചിത്രീകരിക്കുമ്പോള്‍ ഡോക്യുഫിക്ഷന്‍ സ്വഭാവം കൈവരും എന്നത് തന്നെയായിരുന്നു. വേറൊരു തലത്തില്‍ ആലോചിക്കുമ്പോള്‍ നമ്മുടെ ജീവിതപരിസരത്ത് സംഭവിച്ച ഇത്ര വലിയ സാമൂഹ്യദുരന്തം നമ്മള്‍ അവഗണിക്കുകയാണെങ്കില്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ അതൊരു കുറ്റകൃത്യം തന്നെയാണ്. നമ്മളിപ്പോഴും ഭോപ്പാലും നാഗസാക്കിയും ഹിരോഷിമയും സംസാരിക്കാറുണ്ട്. ഒരു പാട് ലിറ്റററി വര്‍ക്കുകളും സിനിമയും ഡോക്യുമെന്ററിയും അവയെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. അപ്പോള്‍ സാമൂഹ്യജീവി എന്ന നിലയില്‍ നമ്മുടെ തൊട്ടടുത്തുള്ള സ്ഥലത്തുണ്ടായ വലിയ ദുരന്തം ചര്‍ച്ച ചെയ്യാതെ പോകുന്നതെങ്ങിനെയാണ്. കാസര്‍ഗോഡിനെ അറിയാതെ പോവുകയോ,മറന്ന് പോവുകയേ,അറിയാതെ പോവുകയോ ചെയ്യുന്നത് ശരികേടാണെന്ന് തോന്നി. ഹിരോഷിമയും നാഗസാക്കിയും ഭോപ്പാലും പോലെ തന്നെയാണ് കാസര്‍ഗോഡും. ദൃശ്യപരമായ പരിമിതിയെ മറികടക്കാന്‍ എങ്ങനെ സാധിക്കും എന്ന ആലോചനയില്‍ നിന്നാണ്
പരീക്ഷണ സ്വഭാവത്തിലുള്ള നരേഷന്‍ ഉപയോഗിച്ചത്. വലിയ ചിറകുള്ള പക്ഷികളില്‍ തന്നെ റിയല്‍ ആയ ആളുകള്‍ക്കൊപ്പം അണ്‍ റിയല്‍ ആയ ഫിക്ഷന്‍ കടന്നുവരുന്നുണ്ട്. സിനിമയുടെ ഒരു നിയതമായ രൂപം ഒഴിവാക്കിയുള്ള ശ്രമമാണ് വലിയ ചിറകുള്ള പക്ഷികള്‍. ഫിലിം മേക്കര്‍ എന്ന നിലയില്‍ ഒരു ചാലഞ്ച് ആയിരുന്നു ഈ ചിത്രം.

വിദേശത്താണ് ചിത്രം ആദ്യം സ്‌ക്രീന്‍ ചെയ്തത്? കേരളം പോലൊരു സ്ഥലത്തെ ദുരന്തത്തെ അവര്‍ സിനിമയിലൂടെ കണ്ടറിഞ്ഞത് എങ്ങനെയാണ്. അവരുടെ പ്രതികരണം എന്തായിരുന്നു.

ഒരു കീടനാശിനി ദുരന്തത്തെക്കുറിച്ചുള്ള സിനിമ എന്ന സാമാന്യധാരണയാണ് പ്രദര്‍ശിപ്പിച്ചപ്പോള്‍ മിക്കവര്‍ക്കും ഉണ്ടായിരുന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരമൊരു ഇഷ്യു സാമൂഹ്യഅനീതിയായി നിലനില്‍ക്കുന്നു എന്ന ഞെട്ടലിലേക്ക് സിനിമ കണ്ടവര്‍ എത്തിയെന്നാണ് പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കാനായത്. ഒരു സ്റ്റേറ്റ് ഉത്തരവാദിയായ ദുരന്തം ഇപ്പോഴും പരിഹരിക്കാതെ തുടരുന്നു എന്നത് ഒരു ബാര്‍ബേറിയന്‍ രീതിയായാണ് അവര്‍ കണ്ടത്. ഹിരോഷിമയ്ക്കും നാഗസാക്കിക്കും ശേഷം അവിടെയുള്ള സര്‍ക്കാര്‍ ചെലുത്തിയ ശ്രദ്ധയുടെ പാതി പോലും കൈക്കൊളളാതെ സര്‍ക്കാര്‍ നിരുത്തരവാദ പരമായി നില്‍ക്കുന്നുവെന്നതിലായിരുന്നു അവരുടെ അമ്പരപ്പ്. അതൊരു ഷോക്ക് തന്നെയാണ് ലോകരാജ്യങ്ങള്‍ക്ക്. യുഎന്‍ ആസ്ഥാനത്തെ പ്രദര്‍ശനത്തില്‍ നേരത്തെ ജനീവാ യുഎന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരില്‍ ചിലര്‍ ഉണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് നിലപാടെടുത്ത കണ്‍വെന്‍ഷനെ വളരെ പൊളൈറ്റായി അവതരിപ്പിച്ചെന്നാണ് അവര്‍ പറഞ്ഞത്. സിനിമയില്‍ പറയുന്നതിനെക്കാള്‍ നൂറിരട്ടി മോശമായി ഈ വിഷയത്തില്‍ ഇന്ത്യ നിലപാടെടുത്തത് എന്നാണ് അവര്‍ പറഞ്ഞത്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കോര്‍പ്പറേറ്റ് സ്‌പോണ്‍സേഡ് നിലപാടെടുത്ത സര്‍ക്കാരിനെ സിനിമയും വിമര്‍ശിക്കുന്നുണ്ടല്ലോ

അത് വസ്തുതാപരമായി തന്നെ അവതരിപ്പിക്കുകയായിരുന്നു. അന്നത്തെ യുഎന്‍ കോണ്‍ഫറന്‍സില്‍ പ്രതിനിധിയായി പങ്കെടുത്ത ലാറ്റിനമേരിക്കയില്‍ നിന്നുള്ളവര്‍
അക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. അന്ന് പങ്കെടുത്ത ഡോ.ജയകുമാറില്‍ നിന്നും ഡോ.അഷീലില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് ആ ഭാഗം സ്‌ക്രിപ്ട് ചെയ്തത്. മുഹമ്മദ് അഷീല്‍ സിനിമയില്‍ ആ കണ്‍വെന്‍ഷനിലെ പ്രതിനിധിയായി തന്നെ എത്തുന്നുമുണ്ട്. കീടനാശി കമ്പനിക്ക് വേണ്ടി സിനിമയില്‍ പറഞ്ഞതിനേക്കാള്‍ ശക്തമായാണ് സര്‍ക്കാരും കോര്‍പ്പറേറ്റുകളും വാദിച്ചത്. ഈ സിനിമയില്‍ ഉള്ള കാര്യങ്ങളെല്ലാം ചരിത്രത്തില്‍ സംഭവിച്ചതായതിനാല്‍ വളച്ചൊടിക്കുകയോ പെരുപ്പിച്ച് കാട്ടുകയോ ഉണ്ടായില്ല
ചരിത്രത്തോട് നീതി പുലര്‍ത്തുക എന്നൊന്നുണ്ടല്ലോ.?

എല്ലാ സിനിമകളും തിയറ്റര്‍ റിലീസിന് ശ്രമിക്കാറുണ്ട്. കിട്ടാവുന്നത്ര തിയറ്ററുകള്‍ ലഭ്യമാക്കാനും നോക്കാറുണ്ട്. തിയറ്ററുകളില്‍ വലിയൊരു വിഭാഗത്തെ ആകര്‍ഷിക്കാന്‍ ഇനിയും സമാന്തര സിനിമകള്‍ക്ക് കഴിഞ്ഞിട്ടില്ലല്ലോ?

വലിയ പ്രതീക്ഷ മുന്‍നിര്‍ത്തിയല്ല വലിയ ചിറകുള്ള പക്ഷികള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. പത്രം വായിക്കുന്ന,ഈ വിഷയത്തെ കുറിച്ച് അറിയുന്ന മലയാളികള്‍ സിനിമ കാണുമെന്ന വിശ്വാസത്തിലാണ് റിലീസ് ചെയ്തത്. കല എന്നാല്‍ വെറുമൊരു വിനോദോപാധി മാത്രമാണെന്ന് വിശ്വസിക്കാത്തവരെ തന്നെയാണ് തിയറ്ററുകളില്‍ പ്രതീക്ഷിക്കുന്നത്. ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം കൂടുതല്‍ പേരിലെത്തണമെന്ന ആഗ്രഹത്തിലാണ് തിയറ്ററുകളിലെത്തിച്ചത്. പുതിയ തലമുറ ഈ സിനിമയോടെ വലിയ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. ഗോവയിലെയും തിരുവനന്തപുരത്തെയും സ്‌ക്രീനിംഗില്‍ ഈ ചിത്രം കൈകാര്യം ചെയ്ത വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് പ്രതികരണങ്ങളുണ്ടായത്. ചെറുപ്പക്കാരെല്ലാം കമേഴ്‌സ്യല്‍ സിനിമയുടെ ഭാഗമായാണ് നമ്മള്‍ ചിത്രീകരിക്കുന്നത്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇതൊരു സമരം തന്നെയാണെന്ന രീതിയില്‍ പ്രസന്റ് ചെയ്തത് ചെറുപ്പക്കാരാണ്.

കൃത്യമായൊരു പ്രേക്ഷകര്‍ രൂപപ്പെട്ടുവരുന്നതായി തോന്നുന്നുണ്ടോ

അത് നല്ല മാറ്റമാണ്. എന്നാല്‍ ക്രൈം നമ്പര്‍ 89ഉം അസ്തമയം വരെയും റിലീസ് ആയപ്പോള്‍ സര്‍ക്കാര്‍ തിയറ്ററുകളില്‍ രണ്ടാഴ്ച പതിനാല് പ്രദര്‍ശനങ്ങള്‍ക്കടുത്ത് മാത്രമാണ് കിട്ടിയിരുന്നത്. ദിവസേന രണ്ട് ഷോകള്‍ മാത്രമാണ്. ഫിലിംമേക്കര്‍ പ്രത്യേക എഫര്‍ട്ട എടുത്ത് പ്രേക്ഷകരെ അവിടെ എത്തിക്കേണ്ടി വരികയാണ്. ഇത് മാറി പ്രധാന കേന്ദ്രങ്ങളിലെല്ലാം റിലീസ് അനുവദിക്കുന്ന സാഹചര്യമുണ്ടാകണം. കോഴിക്കോട്ട്,തൃശൂര്‍,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കെഎസ്എഫ്ഡിസി തിയറ്ററുകളില്‍ റിലീസ് ഉണ്ടാകുന്നത്.
ടാര്‍ഗറ്റ് ഓഡിയന്‍സിന്റെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നില്ല.

വാണിജ്യധാരയില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോഴും സമീപകാല സിനിമകളിലെല്ലാം മുന്‍നിര താരങ്ങളെയാണ് കേന്ദ്രകഥാപാത്രങ്ങളായി പരിഗണിക്കുന്നത്.

തിയറ്ററുകളില്‍ എന്റെ സിനിമയെത്തുമ്പോള്‍ കൂടുതല്‍ പ്രേക്ഷകരിലെത്തണം എന്ന നിലയില്‍ തന്നെയാണ് സ്വീകാര്യതയുള്ള ആക്ടറിനെ ഉപയോഗിക്കുന്നത്. അതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. നമ്മള്‍ സിനിമയില്‍ വെള്ളം ചേര്‍ക്കാതെ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെയാണ് സിനിമ ചെയ്യുന്നത്.അതുകൊണ്ട് അഭിനയിക്കുന്നയാള്‍ മുന്‍നിര താരമാണോ എന്നത് വിഷയമാകുന്നില്ല. എനിക്കൊപ്പം സഹകരിക്കുന്ന താരങ്ങളും മറ്റ് നിര്‍ബന്ധങ്ങളില്ലാതെ സിനിമയുടെ ഭാഗമാകാന്‍ തയ്യാറാകുന്നവരാണ്. വലിയ ചിറകുള്ള പക്ഷികളില്‍
ഈ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് ചാക്കോച്ചന്‍ സഹകരിക്കാന്‍ തയ്യാറായത്.

സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളിലാണെങ്കിലും ഫിലിം ഫെസ്റ്റിവലിലായാലും കമേഴ്‌സ്യല്‍ സിനിമ- സമാന്തര സിനിമ വേര്‍തിരിവ് ഇല്ലാതെയായിട്ടുണ്ട്. തിയറ്ററുകളില്‍ വലിയ ജനപ്രീതി നേടിയ സിനിമകള്‍ അവാര്‍ഡിലും മേളയിലും ഒരു പോലെ പ്രതിനിധീകരിക്കുന്നുണ്ട്

കേരളത്തിലാണ് അങ്ങനെ പ്രധാനമായും സംഭവിക്കുന്നത്. നമ്മുടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും കമേഴ്‌സ്യല്‍ സിനിമകള്‍ക്ക് അനാവശ്യമായ പരിഗണന ലഭിക്കുന്നുണ്ട്. ജൂറിയുടെ നിലവാരത്തകര്‍ച്ച സംഭവിക്കുമ്പോള്‍ പുരസ്‌കാരത്തിലും നിലവാരത്തകര്‍ച്ച സംഭവിക്കും എന്നതിനാലാണ്. ഗിരീഷ് കാസറവള്ളി പുരസ്‌കാര നിര്‍ണ്ണയം നടത്തുന്ന പോലെയല്ല ജോണ്‍ പോളും ഭാരതിരാജയും ഭാഗ്യരാജും നിര്‍ണ്ണയിക്കുമ്പോല്‍ സംഭവിക്കുന്നത്. ക്രെഡിബിള്‍ അല്ലാത്ത ജൂറികളെ ആശ്രയിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അവരുടെ ആസ്വാദന നിലവാരം അവാര്‍ഡിലും പ്രതിഫലിക്കും. ഈ വര്‍ഷത്തെ കേരളാ മേളയിലും ഒരു വലിയ കമേഴ്‌സ്യല്‍ സിനിമയുടെ പേരില്‍ തര്‍ക്കം നടന്നു. ഏത് തരത്തിലുള്ള സിനിമകളാണ് കാണിക്കേണ്ടത് എന്ന കാഴ്ചപ്പാട് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇല്ലാതെ പോകുമ്പോഴാണ് ഈ ദുരവസ്ഥ ഉണ്ടാകുന്നത്. ഒരു നിസ്സാരവല്‍ക്കരണത്തിലേക്ക് മേളയെയും സംസ്ഥാന പുരസ്‌കാരത്തെയും എത്തിക്കും. കമേഴ്‌സ്യല്‍ സിനിമയുടെ തള്ളിക്കയറ്റം മേളയിലും പുരസ്‌കാരത്തിലും ഉണ്ടാകുന്നത് കൂടുകയാണ്. ഏത് സിനിമയില്‍ അഭിനയിച്ചാലും, എത്ര തല്ലിപ്പൊളി റോള്‍ ചെയ്താലും അവാര്‍ഡ് കിട്ടുമെന്ന തോന്നല്‍ ഇവിടുള്ള അഭിനേതാക്കള്‍ക്കുണ്ടാകും.

കേരളാ ചലച്ചിത്രമേളയില്‍ ഒരു സിനിമയ്ക്ക് പ്രവേശനം കിട്ടിയാല്‍ അതിലും വലിയ മേളയില്‍ ആ സിനിമ എത്തുന്നിടത്താണ് ആ സിനിമയ്ക്ക് യോഗ്യതയുണ്ടാകുന്നത്. അവാര്‍ഡിന്റെ കാര്യത്തിലായാലും ഇങ്ങനെ തന്നെയാണ്. ആരുടെയോ ദയാദാക്ഷിണ്യം കൊണ്ട് അവാര്‍ഡ് കിട്ടുകയും മേളയിലെത്തുകയും ചെയ്യുന്നതില്‍ കാര്യമില്ല. കേരളത്തില്‍ തന്നെ ഉദിച്ച് ഒടുങ്ങുന്ന സിനിമകളായി അവാര്‍ഡിലെയും മേളയിലെയും തെരഞ്ഞെടുക്കപ്പെട്ടവ മാറരുത്. ലോകസിനിമകളോട് മത്സരിക്കുന്നില്ലെങ്കില്‍ എന്റെ സിനിമ പിന്‍വലിക്കുമെന്നൊക്കെ ഒരു സംവിധായകന്‍ പറയുന്നത് ഈ മേളയ്ക്കപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ ആണ്. ലോകസിനിമയെക്കുറിച്ച് ആ സംവിധായകന് ധാരണയില്ലാത്തതിനാലാണ് അത്തരമൊരു പരാമര്‍ശം വരുന്നത്.

ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രി നിശ്ചയിച്ച ജൂറിയംഗമായിരുന്നു താങ്കള്‍. ഓസ്‌കാറിലേക്ക് സിനിമ അയക്കുക എന്ന ഓരോ ചലച്ചിത്രകാരന്‍മാരുടെയും ആഗ്രഹമൊക്കെ സിനിമകളുടെ നിലവാരവും മത്സരസാധ്യതയും പരിഗണിച്ച് തന്നെയാണോ ഉണ്ടാകുന്നത്. നിരവധി ചിത്രങ്ങളുണ്ടായിരുന്നല്ലോ ഇത്തവണ

ഒരു ആഗ്രഹത്തിലൂന്നി മാത്രമാണ് എന്‍ട്രികള്‍ വരുന്നത്. ഓസ്‌കാറിന്റെ രീതി അനുസരിച്ച് ആര്‍ക്കും എന്‍ട്രി അയക്കാം. ഇവിടെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി എന്നത് ഇത്രയധികം ആഘോഷിക്കേണ്ട ഒന്നല്ല. നോമിനേഷന്‍ കിട്ടാത്തിടത്തോളം ഒരു സിനിമയും ഓസ്‌കാര്‍ എന്ന ബ്രാന്‍ഡില്‍ ആഘോഷിക്കപ്പെടേണ്ടവയല്ല.
സമര്‍പ്പിക്കപ്പെട്ടവയില്‍ നിന്ന് ഭേദപ്പെട്ട ഒരു ചിത്രം അയക്കുക എന്നതായിരുന്നു ഇത്തവണ ഞങ്ങളുടെ നിയോഗം. കോര്‍ട്ട് എല്ലാ അര്‍ത്ഥത്തില്‍ മത്സരയോഗ്യമായ സിനിമയെന്നാണ് തോന്നിയത്.

വിദേശത്ത് നിരവധി ചലച്ചിത്രമേളകളിലേക്ക് സിനിമയുമായി എത്തുന്നുണ്ട്. വിദേശ ചലച്ചിത്രലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയെ കാണുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ആഗോള ചലച്ചിത്രസമൂഹം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. ബോളിവുഡിനെയല്ല ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ അവര്‍ കാത്തിരിക്കുന്നത്. നമ്മുടെ പ്രാദേശിക സിനിമകളില്‍ നിന്ന് വരുന്ന പരീക്ഷണങ്ങളെ വലിയ ശ്രദ്ധയോടെയാണ് അവര്‍ കാണുന്നത്. മറാത്തി സിനിമകള്‍ക്കാണ് നിലവില്‍ അത്തരത്തിലൊരു സ്വീകാര്യത കൈവന്നിരിക്കുന്നത്. മലയാളം സിനിമകള്‍ ഇന്ത്യക്ക് പുറത്തേക്ക് മേളകളില്‍  വലിയ സാന്നിധ്യമാകുന്നില്ല. പക്ഷേ മറാത്തി ചിത്രങ്ങള്‍ എല്ലാ വര്‍ഷവും ഒന്നോ രണ്ടോ ചിത്രങ്ങള്‍ പേരെടുത്ത ചലച്ചിത്രമേളകളില്‍ എത്തുന്നുണ്ട്. പിന്നെയുള്ളത് ബംഗാളി സിനിമകളാണ്. ഇപ്പോള്‍ ബോളിവുഡില്‍ മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുന്ന ചിത്രങ്ങളും രാജ്യാന്തര തലത്തിലെത്തുന്നുണ്ട്. ഷിപ്പ് ഓഫ് തിസ്യൂസ്. കോര്‍ട്ട്,മസ്സാന്‍ ഒക്കെ അങ്ങനെ സാന്നിധ്യമറിയിച്ചവയാണ്. രാജ്യാന്തര തലത്തില്‍ മലയാള സിനിമ പരാജയമാണ് എന്ന് തന്നെയാണ് പറയാനാവുക
.