ഡോ. ടി എം തോമസ് ഐസക് അഭിമുഖം: 'ജൈവകൃഷി മനുഷ്യരോട് നല്ലരാഷ്ട്രീയം പറയാനുള്ള മണ്ണൊരുക്കും'

September 19, 2015, 5:02 pm
ഡോ. ടി എം തോമസ് ഐസക് അഭിമുഖം: 'ജൈവകൃഷി മനുഷ്യരോട് നല്ലരാഷ്ട്രീയം പറയാനുള്ള മണ്ണൊരുക്കും'
Interview
Interview
ഡോ. ടി എം തോമസ് ഐസക് അഭിമുഖം: 'ജൈവകൃഷി മനുഷ്യരോട് നല്ലരാഷ്ട്രീയം പറയാനുള്ള മണ്ണൊരുക്കും'

ഡോ. ടി എം തോമസ് ഐസക് അഭിമുഖം: 'ജൈവകൃഷി മനുഷ്യരോട് നല്ലരാഷ്ട്രീയം പറയാനുള്ള മണ്ണൊരുക്കും'

സാധാരണഗതിയില്‍ ഒരു യുഡിഎഫ് സര്‍ക്കാര്‍ പകുതി സമയം പിന്നിടുമ്പോഴേക്കും കേരളം ഒരു ഭരണമാറ്റത്തിന് സജ്ജമായിരിക്കും. സര്‍ക്കാര്‍ അളിഞ്ഞു വീഴുന്നതിന്റെ ലക്ഷണങ്ങള്‍ അപ്പോഴേക്കും കണ്ടുതുടങ്ങും. ഇടതുപക്ഷത്തിന്റെ സമരവേലിയേറ്റത്തില്‍ ജനങ്ങള്‍ രാഷ്ട്രീയമാറ്റത്തിന് പാകപ്പെടുകയും, തെരഞ്ഞെടുപ്പില്‍ അത് സംഭവിക്കുകയും ചെയ്യും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും അധാര്‍മ്മിക ഭരണമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ സര്‍ക്കാര്‍ ഇത്രയേറെ ആരോപണങ്ങള്‍ക്ക് നടുവിലായിരുന്നിട്ടും ഇടതുപക്ഷത്ത് സമരവേലിയേറ്റമില്ല, ഭരണമാറ്റത്തെക്കുറിച്ചുള്ള ആത്മവിശ്വാസവുമില്ല. മറിച്ച്, യുഡിഎഫിനകത്ത് ഭരണത്തുടര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്. ഇടതുപക്ഷം രാഷ്ട്രീയമായി ക്ഷീണിച്ച അവസ്ഥയിലാണോ? 

യുഡിഎഫ് ജനങ്ങളില്‍ നിന്ന് അകലെത്തന്നെയാണ്. ഇത്രയും അപഹാസ്യമായൊരു സര്‍ക്കാര്‍ കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ കൂടുതല്‍ ഒറ്റപ്പെടുന്നു എന്നതിന് ഒടുവിലത്തെ തെളിവ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ അവര്‍ക്ക് കിട്ടിയ വോട്ട് പോലും ഇത്തവണ കിട്ടിയില്ല എന്നതാണ്. എന്നാല്‍ സാധാരണഗതിയില്‍ യുഡിഎഫിന് സംഭവിക്കുന്ന ഈ തകര്‍ച്ച എല്‍ഡിഎഫിന് നേട്ടമാവുകയും മുന്നണിയുടെ തിരിച്ചുവരവിന് അത് കാരണമാവുകയും ചെയ്യുകയാണ് പതിവ്. അരുവിക്കരയില്‍ നടന്നത് പക്ഷേ അതല്ല. ഈ നാട്ടില്‍ വര്‍ഗീയ അടിസ്ഥാനത്തില്‍ ഒരു ധ്രുവീകരണം നടക്കുന്നുണ്ട്. നേരത്തെ അത് മുസ്ലീം- ക്രിസ്ത്യന്‍ എന്ന അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇന്ന് ഹിന്ദു സമുദായത്തിനകത്തും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നു. മോഡി സര്‍ക്കാരിന്റെ വരവ് ഇതിന് ആക്കം കൂട്ടി. ബിജെപി കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ കേരളത്തിലെ ജാതിസംഘടനകളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നു. ചെറിയൊരളവുവരെ അത് വിജയം കാണുകയും ചെയ്യുന്നു.

എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം മതനിരപേക്ഷ നിലപാട് അടിസ്ഥാനപരമാണ്. ഒരു വര്‍ഗീയ പാര്‍ട്ടിയേയും ഭരണത്തില്‍ കൂട്ടാതിരിക്കുക, ഒരു ജാതീയ സംഘടനയുമായും സഖ്യമില്ലാതിരിക്കുക- ഇതാണ് ഞങ്ങളുടെ നയം. എന്നാല്‍ വര്‍ഗീയ അടിസ്ഥാനത്തില്‍ ഒരു ധ്രുവീകരണം സംഭവിക്കുമ്പോള്‍ മതനിരപേക്ഷ പക്ഷത്ത് നില്‍ക്കുന്നവര്‍ക്കാണ് ക്ഷീണം സംഭവിക്കുക. അരുവിക്കരയില്‍ യുഡിഎഫ് വിജയിച്ചത് അവര്‍ക്ക് വോട്ട് കൂടിയതുകൊണ്ടല്ല. അവരില്‍ നിന്നുമാറി എല്‍ഡിഎഫിലേക്ക് വരുമായിരുന്ന വോട്ട് ഈ ധ്രുവീകരണത്തില്‍ ബിജെപി പിടിച്ചതുകൊണ്ടാണ്. അവിടെ 'ഫെയ്റ്റ് അക്കംബ്ലി' ആയുള്ള വിജയമാണ് യുഡിഎഫിന് കിട്ടിയത്.

പരമ്പരാഗതമായി കേരളത്തിലെ ഹിന്ദുസമുദായം സെക്യുലറാണ്. അത് ഇവിടത്തെ നവോത്ഥാന മൂവ്‌മെന്റുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ നിന്നുണ്ടായതാണ്. അതുകൊണ്ട് ഹിന്ദുത്വവര്‍ഗീയതയ്ക്ക് ഇവിടെ ഒരിക്കലും വേരോട്ടമുണ്ടായിട്ടില്ല. എന്തൊക്കെ പ്രകോപനം ലീഗിന്റെയൊക്കെ ഭാഗത്ത് നിന്നുണ്ടായാലും ഹിന്ദുസമൂഹം പൊതുവെ മതനിരപേക്ഷ സ്വഭാവത്തില്‍ ഉറച്ചുനിന്നു. ആ നിലയില്‍ മാറ്റം വരുന്നോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

യഥാര്‍ത്ഥത്തില്‍ യുഡിഎഫ് തീര്‍ത്തും ദുര്‍ബലമാണ്. അരുവിക്കര ഒരു പൊതുചിത്രമല്ല. ഒന്നാമത് അതൊരു യുഡിഎഫ് മണ്ഡലമാണ്. മറ്റൊന്ന് രാജഗോപാലിനെ പോലൊരാളുടെ സ്ഥാനാര്‍ത്ഥിത്വം. അതോടൊപ്പം കാര്‍ത്തിയേകന്റെ മകന്റെ സ്ഥാനാര്‍ത്ഥിത്വവും-ഇതൊക്കെ എല്‍ഡിഎഫിന് എതിരായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നു പോകുന്ന രാഷ്ട്രീയ മുന്നേറ്റം വരേണ്ടതായിരുന്നു. അതിനുള്ള ശ്രമമാണ് ഇനി എല്‍ഡിഎഫ് നടത്തുക.

അരുവിക്കരയിലെ എല്‍ഡിഎഫിന്റെ ക്യാമ്പയിന്‍ പാളിയോ?

അവിടെ യുഡിഎഫ് നടത്തിയ പ്രചാരണം പ്രതിലോമകരമായിരുന്നു. യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞു. അതായത് രണ്ടാം സ്ഥാനത്ത് ബിജെപിയെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടന്നു. ബിജെപി ജയിക്കില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും അവര്‍ക്ക് സ്‌പോയിലറാകാന്‍ കഴിയുമെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. ഈ തന്ത്രം തന്നെയാണ് ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കാന്‍ പോകുന്നത്. പക്ഷേ അരുവിക്കരയല്ല കേരളം. യുഡിഎഫിനെ മാറ്റണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അതിന് ഏകവഴി എല്‍ഡിഎഫ് ആണെന്ന് ഞങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും.

ബിജെപി പ്രധാന എതിരാളിയാണെന്ന് യുഡിഎഫ് പറയുന്നു. ബിജെപിയുടെ സ്വാധീനത്തെ എല്‍ഡിഎഫ് എങ്ങനെയാണ് കാണുന്നത്? 

ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. അത് യുഡിഎഫിനുമറിയാം. എന്നാല്‍ ബിജെപി തങ്ങളെ വിജയിപ്പിക്കുമെന്ന് യുഡിഎഫ് കരുതുന്നു. അതായത്, അവര്‍ വിജയത്തിനു വേണ്ടി ബിജെപിയെ പ്രോത്സാഹിപ്പിക്കുന്നു. ബോധപൂര്‍വ്വം ചെയ്യുന്ന ഒരു കാര്യമാണത്. ഉദാഹരണത്തിന്, എസ്എന്‍ഡിപി യോഗവുമായി ബന്ധപ്പെട്ട പ്രശ്‌നം, അല്ലെങ്കില്‍ ഗുരുദേവ പ്രതിമ തകര്‍ത്ത പ്രശ്‌നം. ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ജാതി വിഷയങ്ങളെ വര്‍ഗീയവത്കരിക്കാനുള്ള ബിജെപിയുടെ ഗൂഢശ്രമങ്ങളെ ചെറുക്കാന്‍ ഞങ്ങള്‍ക്ക് മാത്രമാണോ ബാധ്യതയുള്ളത്? കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് അത്തരം രാഷ്ട്രീയ ബാധ്യതകളൊന്നുമില്ലേ? ഉമ്മന്‍ചാണ്ടി മിണ്ടാതിരിക്കുന്നത് മനസിലാക്കാം. അദ്ദേഹത്തില്‍ നിന്ന് ഒരു രാഷ്ട്രീയ നിലപാടും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിയെങ്കിലും നിലപാട് പറയേണ്ടതല്ലേ? ഈ വര്‍ഗീയ ധ്രുവീകരണം നടക്കട്ടെയെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ രാഷ്ട്രീയം മനസിലാക്കി ഇടതുപക്ഷം നല്ല പൊളിറ്റിക്കല്‍ ടാലന്റ് ഉപയോഗിക്കേണ്ട സമയമാണിത്.

ഇടതുപക്ഷത്തിന്റെ ഒരു കോര്‍ പോപ്പുലേഷനെയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. അവഗണിക്കാന്‍ കഴിയുന്നത്ര ചെറുതാണോ ഈ ഭീഷണി?

കോര്‍ എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ഒരു വിഭാഗത്തെ ഹിന്ദു വര്‍ഗീയത ലക്ഷ്യമിടുന്നുണ്ട്. ഈ കാര്യം മുന്നില്‍ വച്ചുള്ള തന്ത്രങ്ങള്‍ തന്നെ ഇടതുപക്ഷവും ആവിഷ്‌കരിക്കണം. ബിജെപിയുടെ വോട്ടിംഗ് ശതമാനം പത്ത് ശതമാനത്തില്‍ താഴെയാണങ്കില്‍ അത് എല്‍ഡിഎഫിന്റെ വിജയത്തെ ബാധിക്കില്ല. അതില്‍ കൂടുതലായാല്‍ പരമ്പരാഗതമായ റിയാക്ഷനറി ശക്തികള്‍ മാത്രമല്ല, വര്‍ഗീയ ധ്രുവീകരണത്തില്‍ മറ്റു ചിലര്‍കൂടി ആ വശത്തേക്ക് നീങ്ങുന്നു എന്ന സൂചനയായാണ് കാണേണ്ടത്. ബിജെപിയുടെ വോട്ട് ഒരു നിശ്ചിത ലിമിറ്റിനകത്ത് നിന്നാല്‍ അത് ഇടതുപക്ഷത്തിന് തലവേദനയല്ല. എന്നാല്‍ ഒരു ലിമിറ്റിന് അപ്പുറത്തേക്ക് പോയാല്‍ അത് ഇടതുപക്ഷത്തെയും ബാധിക്കും. സാധാരണഗതിയില്‍ ബിജെപിയുടെ വോട്ട് ഷെയര്‍ എട്ട് - ഒമ്പത് ശതമാനത്തിന് താഴെ നില്‍ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് പത്ത് ശതമാനത്തിന് മുകളിലേക്ക് പോകാനുള്ള പ്രവണത കാണിക്കുന്നു. പ്രത്യേകിച്ചും ചില കേന്ദ്രങ്ങളില്‍. അത് അപകടകരമാണ്. ഇക്കാര്യം കൂടി മുന്നില്‍ കണ്ടുള്ള പ്രചാരണം വേണം ഇടതുപക്ഷം ആവിഷ്‌കരിക്കാന്‍. ബിജെപിയെ മാത്രമല്ല, യുഡിഎഫിന്റെയും  ലീഗിന്റെയും വര്‍ഗീയത കൂടി തുറന്നു കാട്ടിക്കൊണ്ട് വേണം തന്ത്രങ്ങള്‍ തയ്യാറാക്കാന്‍.

ന്യൂനപക്ഷ വര്‍ഗീയതയോടുള്ള ഇടതുപക്ഷത്തിന്റെ മൃദുസമീപനമാണ് ഭൂരിപക്ഷസമുദായത്തെ ബിജെപിയോട് അടുപ്പിക്കുന്നത് എന്ന് കരുതാമോ? ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ പ്രീണനമാണോ ഹിന്ദു സമൂഹത്തെ ബിജെപിക്ക് വിട്ട് നല്‍കുന്നത്?

ഒരിക്കലുമല്ല. ബിജെപി എക്കാലത്തും ശത്രുവായി കണ്ടിട്ടുള്ളത്, കേരളത്തില്‍ എല്‍ഡിഎഫിനെയാണ്. എന്നും ബിജെപി യുഡിഎഫിന് അനുകൂലമായിരുന്നു. എല്ലാ കാലത്തും കോലീബി സഖ്യത്തെക്കുറിച്ചല്ലേ നമ്മള്‍ കേട്ടിട്ടുള്ളൂ. എല്‍ഡിഎഫ് എപ്പോഴെങ്കിലും ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇവിടത്തെ ന്യൂനപക്ഷ ജനസംഖ്യ കണക്കിലെടുത്താല്‍, ഉത്തരേന്ത്യയിലെ സ്ഥിതി വച്ച് നോക്കുകയാണെങ്കില്‍ ബിജെപിയും ന്യൂനപക്ഷ വിഭാഗങ്ങളും തമ്മിലാണല്ലോ സംഘര്‍ഷമുണ്ടാകേണ്ടത്? എന്നാല്‍ കേരളത്തില്‍ ബിജെപിയുടെ എല്ലാ കാലത്തെയും ശത്രു സിപിഐഎം മാത്രമാണ്. ഇത്രയും കാലം അവര്‍ യുഡിഎഫുമായി ചേര്‍ന്ന് ഞങ്ങള്‍ക്കെതിരെ നിന്നു. ഇപ്പോള്‍ അവരില്‍ നിന്ന് മാറി ഞങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ കാര്യം ജനങ്ങളോട് തുറന്നുപറയുകയാണ് വേണ്ടത്. അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. കേരളത്തില്‍ ബിജെപിയുടേയും ആര്‍എസ്എസിന്റേയും ശത്രു ലീഗല്ല സിപിഐഎമ്മാണ്. ഇവിടെ ഇടതുപക്ഷം രൂപപ്പെടുത്തിയ മതേതര ചേരിക്ക് ഹിന്ദു സമൂഹത്തിലുള്ള സ്വാധീനമാണ് ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ട നടപ്പാകാത്തതിന് കാരണം. എല്‍ഡിഎഫ് ന്യൂനപക്ഷ പ്രീണനം നടത്തുന്നത് കൊണ്ടല്ല, ഹിന്ദു ഭൂരിപക്ഷത്തെ വര്‍ഗീയതയ്ക്ക് വിട്ടുകൊടുക്കാത്തതുകൊണ്ടാണ് ആര്‍എസ്എസ് ഞങ്ങളെ എതിര്‍ക്കുന്നത്. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ലീഗിന്റെ കഷണത്തെപ്പോലും നിലപാടിന്റെ പേരില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് ന്യൂനപക്ഷങ്ങളുടെ പേരിലുള്ള സമ്മര്‍ദ്ദഗ്രൂപ്പുകളില്‍ നിന്നാണ്. പ്രീണനമാണെങ്കില്‍ അങ്ങനെയാണോ സംഭവിക്കുക?

എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ല. ന്യൂനപക്ഷങ്ങളെ തീരുമാനിക്കുന്നത് ഏതെങ്കിലും സംസ്ഥാനത്തിലെയോ പഞ്ചായത്തിലെയോ ജനസംഖ്യ നോക്കിയിട്ടല്ല. ഇന്ത്യന്‍ ഭരണഘടന അക്കാര്യം നിര്‍വചിച്ചിട്ടുണ്ട്. ഈ അഖിലേന്ത്യാ കാഴ്ചപ്പാട് അനുസരിച്ച് രാജ്യത്ത് 15 ശതമാനത്തിന് താഴെയുള്ള ജനവിഭാഗങ്ങളുടെ സവിശേഷ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ പ്രഖ്യാപിത നയമാണ്. അതുകൊണ്ടാണ്, ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഞങ്ങള്‍ ഒന്നാം യുപിഎ സര്‍ക്കാരിനെ നിരുപാധികം പിന്തുണച്ചത്. ആലോചിച്ച് നോക്കൂ, ബംഗാളിലും കേരളത്തിലും ത്രിപുരയിലും ഞങ്ങളുടെ പ്രധാന എതിരാളിയായ കോണ്‍ഗ്രസിനെ ഞങ്ങള്‍ പിന്തുണച്ചത് എന്തിനാണ്? രാഷ്ട്രീയത്തിലെ നിലപാടുകളാണ് ഇടതുപക്ഷത്തിന് പ്രധാനം. ഞങ്ങള്‍ക്ക് മുസ്ലീം- ക്രിസ്ത്യന്‍ ജനവിഭാഗങ്ങളോട് പറയാനുള്ളത് നിങ്ങള്‍ക്ക് വര്‍ഗീയമായ സംരക്ഷണം ആവശ്യമില്ല, നിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്നാണ്. എന്നാല്‍ ലീഗാവട്ടെ, മുമ്പെങ്ങുമില്ലാത്ത വിധം ആളുകളെ വെറുപ്പിക്കുന്നു. സിഎച്ചിന്റെ പാരമ്പര്യത്തില്‍ നിന്നൊക്കെ അവര്‍ ദൂരെയാണ്. അക്കാര്യം ബിജെപി മുതലെടുക്കുന്നു എന്നത് പോലും അവര്‍ അറിയുന്നില്ല. ഈ കലുഷമായ സാഹചര്യത്തില്‍ ഉറച്ച മതനിരപേക്ഷ നിലപാട് എടുക്കുക എന്നതാണ് കരണീയം. അതാണ് ഞങ്ങള്‍ ചെയ്യുന്നത്.

എല്ലാം ജനങ്ങളോട് തുറന്നുപറയുകയാണ് വേണ്ടതെന്ന് പറയുമ്പോള്‍ തന്നെ, തെരഞ്ഞെടുപ്പടുക്കുമ്പോള്‍ പതിവില്ലാത്ത പരിഭ്രമമുണ്ടോ സിപിഐഎമ്മിന്? കണ്ണൂരിലെ ക്രൂശിത ഗുരുദേവ ടാബ്ലോയുടെ കാര്യത്തില്‍ ധൃതിപ്പെട്ട് തിരുത്തിയത് ആ പരിഭ്രമത്തിന്റെ ലക്ഷണമാണോ? യഥാര്‍ത്ഥത്തില്‍ ദേശീയ നേതൃത്വംവരെ തിരുത്തിപ്പറയാന്‍ മാത്രം വലിയ പാതകം എന്തായിരുന്നു ആ ടാബ്ലോയില്‍? മനോരമയും യുഡിഎഫും ചേര്‍ന്ന് നടത്തുന്ന പ്രചാരണങ്ങളില്‍ പാര്‍ട്ടി നേതൃത്വം പതറിപ്പോകുന്നുണ്ടോ? അതല്ലെങ്കില്‍ പ്രാദേശിക പ്രവര്‍ത്തകര്‍ക്കുള്ള ആശയ ദൃഢത പോലും നേതൃത്വത്തിനില്ല എന്നാണോ?

വിശദീകരിക്കാം. നമ്മള്‍ ഒരു പ്രചാരണം നടത്തുന്നത് എന്തിനാണ്? ജനങ്ങളെ സ്വാധീനിക്കാനാണ്. എന്നാല്‍ ആ കാര്യത്തില്‍ ഈ ടാബ്ലോ ഫലപ്രദമായി കമ്മ്യൂണിക്കേറ്റ് ചെയ്തില്ല. ബിജെപി പറഞ്ഞത് ശരിയാണെന്ന് സമ്മതിച്ചുകൊണ്ടല്ല ആ ടാബ്ലോയെ നിരാകരിച്ചത്. അത് ബിജെപിക്ക് ആയുധമാകരുത് എന്ന് ഉദ്ദേശിച്ചുകൊണ്ടാണ്.

നോക്കൂ, ഇതൊരു പുതിയ സാഹചര്യമാണ്. ഇതിന്റെ എല്ലാ സങ്കീര്‍ണതകളോടും കൂടി അതിനെ മനസിലാക്കാനും ബദല്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇത് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ഫൈറ്റാണ്. അതിന്റെ ദിശമാറ്റി വിട്ട്, ബിജെപിയെ മുഖ്യധാരയില്‍ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ക്ക് ഞങ്ങള്‍ കൂട്ടുനില്‍ക്കണോ? യുഡിഎഫിനെ കാഴ്ചക്കായി നോക്കി നില്‍ക്കാന്‍ വിട്ട് ഞങ്ങള്‍ ബിജെപിക്ക് ഇല്ലാത്ത പ്രാധാന്യം നല്‍കാന്‍ സഹായിക്കണോ? വെറുതെ ഒരു ടാബ്ലോയില്‍ കെട്ടിപ്പിടിച്ച് ഞങ്ങള്‍ മറ്റാരുടെയോ അജണ്ട നടപ്പാക്കണമോ?

കേരളത്തിലെ ക്രിസ്ത്യന്‍ -മുസ്ലീം വിഭാഗങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി ആര്‍എസ്എസിന്റെ ഒരു കാമ്പയിന്‍ മെറ്റീരിയലാണ്. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാന്‍ എന്ത് പദ്ധതിയാണ് സിപിഐഎമ്മിനുള്ളത്?

ഞാന്‍ ചോദിക്കട്ടെ. ഇന്ത്യയിലെ കുത്തക മുതലാളിമാരില്‍ ആരെങ്കിലും മുസ്ലീംകളുണ്ടോ? വിഭജനത്തിന് ശേഷം ഇന്ത്യയില്‍ അവശേഷിച്ചത് ദരിദ്രരായ മുസ്ലീംകളാണ്. ഇന്ത്യയില്‍ കുത്തക മുതലാളിമാരിലും ജന്മിമാരിലും ഭൂരിപക്ഷം ആര്‍എസ്എസിനെ പിന്തുണക്കുന്നവരാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗമുണ്ടാക്കിയ സാമ്പത്തിക വളര്‍ച്ച വിദേശ കുടിയേറ്റത്തിന്റെയും മറ്റും ഭാഗമായുണ്ടായതാണ്. അതിനെ ചൂണ്ടിക്കാട്ടി വര്‍ഗീയ വേര്‍തിരിവുണ്ടാക്കുകയാണ് ബിജെപിയുടെയും മറ്റും ലക്ഷ്യം. അതിനോട് പ്രതികരിക്കാന്‍ ഞങ്ങളില്ല. ഞങ്ങളുടെ അജണ്ട, എല്ലാ മതവിഭാഗങ്ങളിലുംപെട്ട അടിസ്ഥാന ജനവിഭാഗത്തിന് ക്ഷേമകരമായ നയപരിപാടികള്‍ ആവിഷ്‌കരിക്കുകയാണ്. കേരളത്തില്‍ വളര്‍ന്നുവരുന്ന ഒരു ഇടത്തരം ജനവിഭാഗമുണ്ട്. അവരുടെ ജീവിതാഭിവൃദ്ധിയാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് പുതിയ വ്യവസായം വരേണ്ടതുണ്ടോ? വേണം. അതിന് മുതല്‍ മുടക്ക് വേണോ? വേണം.

അതോടൊപ്പം, കേരളത്തിലെ പൗരബോധത്തെ സ്വാധീനിക്കുന്ന പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം തുടങ്ങിയവ സംരക്ഷിക്കുന്ന നയമാകും ഞങ്ങളുടേത്. അത് യുഡിഎഫിന്റേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.

കേരളത്തിലെ ദളിത് കോളനികളാണ് ആര്‍എസ്എസിന്റെ ടാര്‍ഗറ്റ്. കേരളത്തിലെ ഭൂപരിഷ്‌കരണത്തിലെ ഫലപ്രാപ്തിയിലുണ്ടായ പോരായ്മകളാണ് ദളിത് വിഭാഗത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിലൊന്ന്. ഭൂപരിഷ്‌കരണത്തിന്റെ ഗുണഫലത്തെ സ്‌കെയില്‍ - അപ്പ് ചെയ്യാന്‍ ശ്രമമുണ്ടാകുമോ? അതോ ഭൂപരിഷ്‌കരണം നാം നേടിക്കഴിഞ്ഞ ലക്ഷ്യമാണ് എന്ന നിലപാടാണോ ഇപ്പോഴുമുള്ളത് ?

കേരളത്തിലെ ഭൂമി മുഴുവന്‍ കൈവശം വച്ചിരുന്ന അഞ്ചുശതമാനം ആളുകള്‍ക്കെതിരെ ഭൂമിയില്ലാത്ത 95 ശതമാനം ആളുകള്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട സമരത്തിനൊടുവിലാണ് ഭൂപരിഷ്‌കരണം വന്നത്. ഇന്നിപ്പോള്‍ ചിലര്‍ പറയുന്നത്, അങ്ങനെ ഭൂമി കിട്ടിയ ആളുകള്‍, വന്‍കിടക്കാര്‍ മാത്രമല്ല ചെറുകിട ഭൂവുടമകളും, ഭൂമിയില്‍ കൃഷി ചെയ്യുന്നില്ലെന്നും അതുകൊണ്ട് അത് പിടിച്ചെടുത്ത് മറ്റുള്ളവര്‍ക്ക് കൊടുക്കണമെന്നുമാണ്. അതാണ് പുതിയ ഭൂപരിഷ്‌കരണവാദം. അതായത് കേരളത്തിലെ ജനങ്ങളില്‍ 50 ശതമാനത്തിനെതിരെ മറ്റൊരു 50 ശതമാനത്തെ തിരിച്ചുവിടാനാണ് ഇതുകൊണ്ട് സാധിക്കുക. അതല്ല ഞങ്ങളുടെ നയം.

എന്നാല്‍ കേരളത്തില്‍ ഭൂമി കിട്ടാത്തവര്‍ക്ക് എന്തുകൊണ്ടാണ് കിട്ടാതെ പോയത് എന്നാലോചിക്കണം. കിട്ടാതെ പോയത്, കോണ്‍ഗ്രസും തല്‍പരകക്ഷികളും വിമോചനസമരം നടത്തി ഭൂപരിഷ്‌കരണം വൈകിപ്പിച്ച്, മിച്ചഭൂമി തിരിമറി ചെയ്ത് ആ മുന്നേറ്റത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചത് കൊണ്ടാണ്. 57-ലെ നിയമപ്രകാരം കേരളത്തില്‍ 15-16 ലക്ഷം ഏക്കര്‍ മിച്ചഭൂമിയുണ്ടായിരുന്നു. അതുമുഴുവന്‍ പില്‍ക്കാലത്ത് തിരിമറി ചെയ്യപ്പെട്ടു.

ഭൂമിയുടെ കാര്യത്തില്‍ ഇനിയെന്ത് എന്നതാണ് ചോദ്യം. ആദിവാസികള്‍ക്ക് അക്കാര്യത്തില്‍ മുന്‍ഗണന നല്‍കേണ്ടതുണ്ട്. ദളിത് ജനവിഭാഗങ്ങള്‍ക്ക് ഭൂമി കൊടുക്കാന്‍ കഴിയണം. മിച്ചഭൂമിയില്ലെങ്കില്‍ പൊന്നുംവിലക്ക് ഭൂമി അക്വയര്‍ ചെയ്തു കൊടുക്കണം എന്നതാണ് കാഴ്ചപ്പാട്.

സിപിഐഎമ്മിന്റെ ജനകീയ സമരങ്ങള്‍ പരാജയപ്പെട്ടേടത്താണ് ജൈവ കൃഷി പോലുള്ള കാര്യങ്ങളിലേക്ക് തിരിയുന്നത് എന്ന വിമര്‍ശനമുണ്ട്. രാഷ്ട്രീയ പരാജയങ്ങളില്‍ നിന്നാണോ ജൈവ കൃഷിയുള്‍പ്പെടെയുള്ള രാഷ്ട്രീയേതര സംരംഭങ്ങളിലേക്ക് സിപിഐഎം തിരിഞ്ഞത്?

യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷത്തിനു നേരെയുള്ള വിമര്‍ശനം രാഷ്ട്രീയ സമരങ്ങളുടെ വേലിയേറ്റമുണ്ടാകുന്നു എന്നാണ്. രാഷ്ട്രീയ സമരങ്ങളുടെ പ്രധാന പ്രശ്‌നം, അവയെല്ലാം വിജയിക്കാനുള്ളതല്ല, എന്നതാണ്. അവ പ്രചാരണപരമാണ്. രാഷ്ട്രീയ സമരങ്ങള്‍ വിജയിക്കണമെങ്കില്‍ രാഷ്ട്രീയം മാറണം. സോളാര്‍ കേസില്‍ രാഷ്ട്രീയ സമരമാണ് നടത്തിയത്. ആ സമരം വിജയിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മാറണം. അത് അദ്ദേഹത്തിന്റെ ധാര്‍മ്മികതയുടെ പ്രശ്‌നമാണ്. ഞങ്ങളുടെ സമരപരാജയത്തിന്റെ പ്രശ്‌നമല്ല. യഥാര്‍ത്ഥത്തില്‍ വിജയിച്ച ഒട്ടേറെ സമരങ്ങള്‍ ഉണ്ട്. തൊഴില്‍മേഖലുമായും കുടുംബശ്രീയുമായും ബന്ധപ്പെട്ട് നടന്ന സമരങ്ങള്‍ വിജയിച്ചവയാണ്. രണ്ട് വര്‍ഷം മുമ്പ് പാര്‍ട്ടി പ്ലീനം ചേര്‍ന്നപ്പോള്‍ വിലയിരുത്തിയത് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമരകേന്ദ്രീകൃതമാകുന്നുണ്ടോ എന്നാണ്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതുമാത്രമല്ല ചെയ്യേണ്ടത്. നേരത്തെ അങ്ങിനെയായിരുന്നില്ല. മനുഷ്യരുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടുമായിരുന്നു. നാട്ടില്‍ പകര്‍ച്ചവ്യാധി വന്നാല്‍ പാര്‍ട്ടി ഇടപെടും. ഇത്തരത്തിലുള്ള ജനകീയ കാര്യങ്ങളില്‍ വീണ്ടും പാര്‍ട്ടി സജീവമാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രവര്‍ത്തനമേഖലകളിലേക്ക് കടന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ ഇപ്പോള്‍ സാമുദായിക സംഘടനകളാണ് സജീവമായിട്ടുള്ളത്. അതുപോരെന്നും പാര്‍ട്ടി പഴയ പാരമ്പര്യത്തിലേക്ക് തിരികെ പോകണമെന്നും തീരുമാനിച്ചുകൊണ്ടാണ് പുതിയ മേഖലകളിലേക്ക് കടന്നത്. നാട്ടില്‍ ഒരോണാഘോഷം ഉണ്ടെങ്കില്‍ അത് അവിടത്തെ ക്ലബ് നടത്തണം, അതില്‍ അന്നാട്ടുകാരുടെ ഒരു നാടകം അരങ്ങേറണം. കല്യാണം മുതല്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ വരെ പാര്‍ട്ടിയുണ്ടാവണം.

അതുപോലെ, വിഷമുള്ള പച്ചക്കറി കേരളത്തിന്റെ ഒരു പൊതുവായ ആശങ്കയായിരുന്നു. ആ പ്രശ്‌നത്തോട് പ്രതികരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അത് ജനങ്ങള്‍ അംഗീകരിക്കുമെന്നതിന് തെളിവാണ് ഈ ജൈവപച്ചക്കറി കൃഷി യജ്ഞത്തിന് ജനങ്ങള്‍ നല്‍കിയ പിന്തുണ. മറ്റൊരു മാര്‍ഗ്ഗവും ഇല്ല എന്ന് വിചാരിച്ചിരിക്കുന്ന ജനത്തിന് മറ്റ് മാര്‍ഗ്ഗങ്ങളുണ്ട് എന്ന് കാട്ടിക്കൊടുക്കുകയാണ് പാര്‍ട്ടി ചെയ്തത്. അതിനര്‍ത്ഥം കേരളത്തിലെ കൃഷി മുഴുവന്‍ പാര്‍ട്ടി ഏറ്റെടുത്തു എന്നല്ല. മറ്റൊന്ന് ഇങ്ങനെയുള്ള, ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളിലാണ് എല്ലാ ജാതിയില്‍പെട്ടവരും എല്ലാ മതത്തില്‍പെട്ടവരും പങ്കെടുക്കുന്നത്. അത്തരത്തിലുള്ള വിശാലമായ യോജിപ്പ് ഇന്നത്തെ ഈ വര്‍ഗീയതയെയും ജാതിയതയെയും ചെറുക്കുന്നതില്‍ പ്രധാനമാണ്.

എന്റെ ഫേസ്ബുക്കില്‍ ആര്‍എസ്എസുകാര്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാന്‍ നിങ്ങള്‍ക്ക് ചിലത് വായിച്ച് കേള്‍പ്പിച്ചു തരാം. ഗുരുവായൂര്‍ അമ്പലത്തിലേക്ക് കദളിപ്പഴം എത്തിക്കാന്‍ ഞങ്ങള്‍ നടത്തിയൊരു ശ്രമത്തെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റിട്ടു. അതിനൊരു ആര്‍എസ്എസുകാരന്‍ നല്‍കുന്ന മറുപടി 'ഈ ക്രിസ്ത്യാനിക്ക് എന്താണ് ഗുരുവായൂര്‍ അമ്പലത്തില്‍ കാര്യം 'എന്ന മട്ടിലാണ്. ഇതൊരു ഭ്രാന്തിന്റെ ഭാഗമാണ്. ഇത്തരം ഭ്രാന്തന്മാരുടെ ഇടയില്‍ എത്രയോ നല്ല മനുഷ്യര്‍ ജാതിക്കും മതത്തിനും അതീതരായി ഒന്നിച്ച് നില്‍ക്കുന്നു എന്നതാണ് ഇത്തരം രാഷ്ട്രീയേതര പ്രവര്‍ത്തനങ്ങളിലൂടെ ഞങ്ങള്‍ സാധിക്കുന്നത്. ഇതുകൊണ്ട് രാഷ്ട്രീയം വരുമെന്നല്ല ഞാന്‍ പറയുന്നത്. മനുഷ്യരോട് നല്ല രാഷ്ട്രീയം പറയാനുള്ള അവസരം ഇതുണ്ടാക്കും.

കഴിഞ്ഞ പത്ത് വര്‍ഷമെങ്കിലുമായി പാര്‍ട്ടി ജനങ്ങളില്‍ നിന്നകലുന്നു, ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്നകലുന്നു എന്നൊക്കെ പരിതപിക്കുന്നവരുണ്ട്. അത്തരം ആശങ്കകള്‍ക്ക് ഈ പ്രവര്‍ത്തനം പരിഹാരമാകുമോ?

ഇത് മാത്രമായിട്ടല്ല. കുടുംബങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് പാര്‍ട്ടി പിന്‍വാങ്ങുമ്പോഴുണ്ടാകുന്ന വാക്വം ചിലയിടങ്ങളില്‍ - പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും- അനാര്‍ക്കിയിലേക്ക് വരെ നയിക്കുന്നു. മറ്റൊരു കാര്യം, ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേ ഉള്ളൂ എന്നതാണ്. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നാളെ ജനകീയാസൂത്രണം പുനരുജ്ജീവിപ്പിക്കുമെന്ന് പറഞ്ഞാല്‍, കാര്‍ഷിക സ്വാശ്രയത്വം കൊണ്ടുവരും എന്ന് പറഞ്ഞാല്‍ അതിന് വിശ്വാസ്യതയുണ്ടാകും.

മറ്റൊരു മേഖലയിലേക്ക് കടന്നാല്‍, മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫാസിസത്തിനെതിരായി നടന്ന സമരത്തില്‍ കേരളത്തിലെ യുവാക്കള്‍ നടത്തിയ ചുംബന സമരം ആ ഗണത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരമായിരുന്നു. ലോകമാകെ ശ്രദ്ധിക്കപ്പെട്ട സമരമായിരുന്നു. അത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ സമീപനം തെറ്റിപ്പോയി എന്ന് തോന്നുന്നില്ലേ?

ഞങ്ങള്‍ നടത്തുന്ന സമരമാര്‍ഗങ്ങള്‍ നാട്ടിലെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഏറ്റെുക്കാന്‍ പറ്റുന്നതാകണം എന്ന നിര്‍ബന്ധമുണ്ട്. ചുംബന സമരം ജനങ്ങളെ ആകെ അണിനിരത്താന്‍ പറ്റിയ ഒരു സമരമായിരുന്നില്ല. അതിനര്‍ത്ഥം ആ സമരത്തെ ഞങ്ങള്‍ അപഹസിച്ചുവെന്നോ തള്ളിക്കളഞ്ഞുവെന്നോ അല്ല. അതൊരു സമരമാര്‍ഗ്ഗം തന്നെയായിരുന്നു. അവര്‍ സമരം ചെയ്തത് നല്ല ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ്. പക്ഷേ സിപിഐഎം അത് ഏറ്റെടുക്കാനില്ല. കാരണം ഞങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ആ സമരത്തിനെതിരെ ആക്രോശിച്ച് നടന്ന ഭ്രാന്തന്മാരോടൊപ്പം നിന്നുകൊണ്ടല്ല ഞങ്ങളാ നിലപാടെടുത്തത്. ഞാന്‍ ഏതായാലും പരസ്യമായി ചുംബിക്കാനില്ല, എനിക്കത് ശീലമില്ല. എന്നാല്‍ എന്റെ മകള്‍ അങ്ങിനെ ചെയ്താല്‍ എനിക്ക് കുഴപ്പവുമില്ല. നിങ്ങള്‍ ചുംബിച്ചതുകൊണ്ട് എനിക്കെന്താ വല്ല പ്രശ്‌നവുമുണ്ടോ?

വീടിനകത്ത് ഭാര്യാഭര്‍ത്താക്കന്മാര്‍ ചെയ്യുന്നത്, നടുറോഡില്‍ ചെയ്യാനുള്ളതല്ല എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആ സമരത്തെ ഒറ്റുകൊടുക്കുന്നതു പോലെ തോന്നി...

ചില കള്‍ച്ചറല്‍ പ്രാക്ടീസസിനോട് കേരളം വളരെ കണ്‍സര്‍വേറ്റീവ് ആണ്. കേരളത്തിലെ 80 ശതമാനം ആളുകളുടെ മനോനില അങ്ങനെയാണ്. അതിലൊരു ഉടന്‍ തിരുത്തല്‍ ഞങ്ങളുടെ അജണ്ടയല്ല. അതില്‍ കൂടുതല്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങള്‍ ഞങ്ങള്‍ക്കു മുന്നിലുണ്ട്. സാര്‍വ്വത്രീകമായി സ്വീകരിക്കേണ്ട ഒരു സമരമാര്‍ഗ്ഗമായി അതുകൊണ്ടുതന്നെ ഞങ്ങള്‍ ചുംബന സമരത്തെ കണ്ടിട്ടില്ല. അങ്ങനെയൊരു സമരമേ പാടില്ല എന്ന നിലപാടുമില്ല.

മാധ്യമങ്ങളോടുള്ള സിപിഐഎം സമീപനം പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. കേരളത്തില്‍ വാര്‍ത്താ ടെലിവിഷന്‍ എമേര്‍ജ് ചെയ്തുവന്ന ഘട്ടത്തില്‍ ആ സാധ്യതയെ ഉപയോഗപ്പെടുന്നതിന് പകരം പ്രതിരോധത്തില്‍ പോയതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. നവമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇതേ തെറ്റ് ആവര്‍ത്തിക്കുകയാണോ? നവമാധ്യമങ്ങളോടുള്ള സമീപനത്തില്‍ എന്താണ് താങ്കളുടെ നിലപാട്?

ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങളില്‍  ഇടപെടുന്നതിന് വളരെ വളരെ പരിമിതിയുണ്ട്. എന്നാലും ഇടപെടാന്‍ കഴിയണം. എത്രമാത്രം ഉടമസ്ഥ നിയന്ത്രണവും സ്ഥാപിത താല്‍പര്യവും ഉണ്ടായാലും ചില എലമെന്റ് ഓഫ് ജേര്‍ണലിസ്റ്റിക് ഓട്ടോണമി മാധ്യമങ്ങളിലുണ്ട്. സിപിഐഎമ്മിന്റെ നിലപാടുകളെ അംഗീകരിക്കാത്ത പത്രങ്ങളില്‍ പോലും ചില സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. എന്നാല്‍ ഗൗരവതരത്തിലുള്ള ഇടപെടല്‍ സാധ്യമല്ല. ഇതിന് ബദലായുള്ള പാര്‍ട്ടി മാധ്യമങ്ങളിലാകട്ടെ നമ്മുടെ ആളുകള്‍ മാത്രമേ വായിക്കൂ എന്ന പരിമിതിയും ഉണ്ട്. ഈ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം വളരെ കൂടുതലാണ്. പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയില്‍.

എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഭാഷയുടെ കാര്യത്തില്‍ ഓരോരുത്തര്‍ക്ക് ഓരോ ശൈലി എന്ന് കണക്കാക്കുന്നതാണ് നല്ലത്. ധര്‍മ്മോപദേശം പോലെയാണ് (didactic) നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശം നല്‍കുന്നതെങ്കില്‍ അത് അധികം സ്വീകരിക്കപ്പെടില്ല. സംവാദങ്ങള്‍ ആകാം, പക്ഷേ ബഹുമാന പുരസരം സംസാരിക്കുന്നതാണ് നല്ലത്. കാരണം നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ആരെ വെല്ലുവിളിക്കുന്നുവോ അയാളോടല്ല യഥാര്‍ത്ഥത്തില്‍ സംസാരിക്കുന്നത്, മറ്റുള്ളവരോടാണ്. മൈക്ക് വെച്ചുള്ള പ്രചാരത്തില്‍ അങ്ങനെയല്ല. സിപിഐഎമ്മിന് ടെലിവിഷന്‍ വന്നപ്പോള്‍ ഉണ്ടായ ധാരണക്കുറവ് എത്രയോ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ കാര്യത്തിലും, നാം അതിനെ രാഷ്ട്രീയ ഉപകരണമായി എടുക്കുന്നുണ്ടെങ്കില്‍, സൂക്ഷ്മതോടെ ചെയ്യണം. പാര്‍ട്ടി നിലപാട് വിശ്വസിക്കുന്നവരിലേക്ക് എത്താനാണെങ്കില്‍ അതിന് ദേശാഭിമാനിയുണ്ട്. ഇവിടെ അതല്ല ലക്ഷ്യമെന്ന് അറിയണം.

സോഷ്യല്‍ മീഡിയയിലെ താങ്കളുടെ സമീപനം പാര്‍ട്ടിയുടെ ഒരു പൊതുരീതി ആകാത്തതെന്തുകൊണ്ടാണ്?

അതും സോഷ്യല്‍ മീഡീയയിലെ ഒരു പ്രശ്‌നമാണ്. അവിടെ എഴുതാന്‍ ആര്‍ക്കും ആരുടേയും അനുമതി വേണ്ട. പാര്‍ട്ടിയുടെ നിലപാട് ഞാന്‍ പറഞ്ഞതാണ്. അവനവന്റെ ആത്മസംതൃപ്തിക്ക് വേണ്ടിയാണ് പലരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. അത് നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ട്.

ഏതെങ്കിലും നേതാവിനെ മുന്‍നിര്‍ത്തി ക്യാമ്പയിനിലേക്ക് പോകുക എന്നത്  ഇലക്ഷനില്‍ സാധാരണമാണ്. അങ്ങിനെ ആരെയെങ്കിലും നേതാവായി പ്രഖ്യാപിച്ച് പോകുന്നതില്‍ പാര്‍ട്ടി ഇപ്പോള്‍ സങ്കോചം നേരിടുന്നുണ്ടോ?

അങ്ങനെയൊരു പാരമ്പര്യമൊന്നും ഞങ്ങള്‍ക്കില്ല.. അതൊക്കെ കോണ്‍ഗ്രസ് രീതിയാണ്......

താങ്കളിലാണ് ഭാവി കേരളത്തിന്റെ രക്ഷ എന്ന പ്രതീതി ജനിപ്പിക്കാനാണ് താങ്കള്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതെന്ന് വി ടി ബല്‍റാമിന്റെ വിമര്‍ശനമുണ്ട്. അതിനുള്ള മറുപടി?

അതൊന്നും മറുപടി അര്‍ഹിക്കുന്നില്ല.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തെ എങ്ങിനെയാണ് കാണുന്നത്?

ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കും. അതില്‍ സംശയം വേണ്ട. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജയീച്ചേ തീരൂ. കേരളത്തിന്റെ നിലനില്‍പിന് ഈ തെരഞ്ഞെടുപ്പ് നമുക്ക് ജയിച്ചേ പറ്റൂ.