കമല്‍ അഭിമുഖം: ഫാസിസത്തിനെതിരെ മിണ്ടാത്തവര്‍ സിനിമയില്‍ കൂടുതലാണ്

December 20, 2016, 7:00 pm
കമല്‍ അഭിമുഖം: ഫാസിസത്തിനെതിരെ മിണ്ടാത്തവര്‍ സിനിമയില്‍ കൂടുതലാണ്
Interview
Interview
കമല്‍ അഭിമുഖം: ഫാസിസത്തിനെതിരെ മിണ്ടാത്തവര്‍ സിനിമയില്‍ കൂടുതലാണ്

കമല്‍ അഭിമുഖം: ഫാസിസത്തിനെതിരെ മിണ്ടാത്തവര്‍ സിനിമയില്‍ കൂടുതലാണ്

ഈ ചലച്ചിത്ര മേളയുടെ സംഘാടനം കഴിഞ്ഞപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് മാത്രമല്ല, കേരളത്തെക്കുറിച്ചും കേരളത്തിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചും താങ്കള്‍ക്കുണ്ടായ പ്രധാനപ്പെട്ട ചിന്തകള്‍ എന്തൊക്കെയാണ്.?

സാമുദായിക സ്പര്‍ധകളില്‍ നിന്നും മതധ്രുവീകരണ ശക്തികളില്‍ നിന്നും നമ്മളെ മാറ്റിനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചവയാണ് ചലച്ചിത്രോല്‍സവങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികള്‍. ആര്‍ എസ് എസോ മറ്റ് ജാതി-മത-വര്‍ഗീയ സംഘടനകളോ ഇത്തരം സാംസ്‌കാരിക കൂട്ടായ്മകളില്‍ നടക്കുന്ന കാര്യത്തില്‍ ഇടപെട്ടിരുന്നില്ല. ചലച്ചിത്രമേളയുടെയോ നാടകമേളയുടെയോ സ്വഭാവമോ അവിടെ പ്രദര്‍ശിപ്പിക്കുന്നവയുടെ പ്രമേയങ്ങളോ ഒന്നും ഇവരുടെ ശ്രദ്ധയെത്തുന്ന കാര്യങ്ങളായിരുന്നില്ല. ഇന്ന് നേരേ തിരിച്ചാണ്. കലാ, സാംസ്‌കാരിക കൂട്ടായ്മയില്‍ എന്ത് നടക്കുന്നു, എന്തെല്ലാം ചര്‍ച്ച ചെയ്യുന്നു എന്നെല്ലാം സംഘപരിവാര്‍ സംഘടനകള്‍ നിരീക്ഷിക്കുകയാണ്. അവിടങ്ങളില്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തതിനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ചലച്ചിത്രമേളയിലെ സിനിമകളിലും അവയുടെ പ്രമേയങ്ങളിലുമെല്ലാം വര്‍ഗീയ ധ്രുവീകരണ മനസ്സോടെ ഇവര്‍ ഇടപെടുകയാണ്. അവരുടെ നിലപാടുകള്‍ക്കൊപ്പം നീങ്ങാത്ത സംഗതികള്‍ക്കെതിരെ പ്രതിഷേധിക്കാനും അസഹിഷ്ണുത പ്രകടിപ്പിക്കാനും ശ്രമിക്കുകയാണ്. ഈ അസഹിഷ്ണുതയാണ് സമീപകാലത്തെ ഏറ്റവും വലിയ ദുരന്തം.

കേരളത്തിന്റെ സാംസ്‌കാരിക ചിന്ത പോഷിപ്പിക്കുന്നതില്‍ നിര്‍ണായ പങ്ക് ചലച്ചിത്രമേളകള്‍ക്കുണ്ട്. ആ ഇടങ്ങളെ ആക്രമിക്കുക എന്ന ലക്ഷ്യത്തിന് പിന്നില്‍ എന്തായിരിക്കാം? സെന്‍സറിംങ് നിയമങ്ങള്‍ പോലും ബാധകമല്ലാത്ത കലയുടെ സ്വച്ഛന്ദമായ വിഹാരരംഗമാണ് ഫെസ്റ്റിവല്‍ വേദികള്‍. അവിടെ തീയറ്റേറില്‍ പോലീസ് കയറുക, ചിലരെ പിടിച്ചുകൊണ്ടുപോകുകയെന്നതൊക്കെ സംഭവിക്കുമ്പോള്‍ ഒരു കലാകാരനെ നിലയില്‍ യഥാര്‍ത്ഥത്തില്‍ താങ്കള്‍ എങ്ങനെയാണ് ഈ സംഭവങ്ങളെ ഉള്‍ക്കൊള്ളുന്നത്?

നിങ്ങള്‍ പറഞ്ഞ കാരണം കൊണ്ടുതന്നെയാകും സംഘപരിവാര്‍ ശക്തികള്‍ അവരുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള വേദിയായി ചലച്ചിത്രമേളയെ മാറ്റാന്‍ ശ്രമിക്കുന്നത്. അതില്‍ അവര്‍ കുറേയധികം വിജയിച്ചു. അതിന്റെ ഭാഗമായാണ് ദേശഭക്തിയും ദേശീയ ഗാനവും മുന്‍നിര്‍ത്തിയുള്ള മുതലെടുപ്പ്. തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി വിധി അവരുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കി. പോലീസ് നടപടിയും അവര്‍ക്ക് ഗുണകരമായി. ചലച്ചിത്രോത്സവ വേദിയിലെ പോലീസ് നടപടി ദൗര്‍ഭാഗ്യകരമായി എന്നുതന്നെയാണ് എന്റെ ഇപ്പോഴത്തെയും അഭിപ്രായം. ഫിലിം ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ അവിടെയൊരു സംഘര്‍ഷം ഉണ്ടായാല്‍ പോലും പോലീസ് ഇടപെടുന്ന സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. ദേശീയ ഗാനത്തില്‍ പോലീസ് നടപടിയുണ്ടായ ദിവസം രാവിലെ നടന്ന കാര്യങ്ങള്‍ നമ്മുക്കറിയാം. കൈരളിയില്‍ ‘ക്ലാഷ്’ പ്രദര്‍ശിപ്പിക്കുന്നതില്‍ തര്‍ക്കമുണ്ടായിരുന്നു. പ്രദര്‍ശനം മുടങ്ങിയിട്ടും കാണികള്‍ പ്രകോപിതരായിട്ടും പോലീസിനെ ഇടപെടുത്താതെ ഞങ്ങള്‍ തന്നെ പ്രശ്‌നപരിഹാരമുണ്ടാക്കുകയാണ് ചെയ്തത്. ഞാനും ബീനാ പോളും പ്രതിഷേധിച്ച കാണികളെ ശാന്തരാക്കാന്‍ നല്ല സമയമെടുത്തു. രണ്ട് മണിക്കൂറോളമെടുത്താണ് എല്ലാവരെയും ശാന്തമാക്കിയത്. ഒരിക്കല്‍ പോലും പോലീസിനെ അവിടേക്ക് വിളിക്കാനും ഇടപെടല്‍ നടത്താനും ഞങ്ങള്‍ മുതിര്‍ന്നില്ല. ക്രമസമാധാനപ്രശ്‌നമെന്നോ മറ്റോ പറഞ്ഞ് അവിടെയുള്ള പോലീസിന് ഇടപെടാവുന്ന സാഹചര്യമുണ്ട്. പക്ഷേ ആ സ്‌പേസില്‍ പോലീസ് ഇടപെടല്‍ അക്കാദമിയോ ഞാനോ ആഗ്രഹിക്കുന്നില്ല. ആ സ്ഥാനത്താണ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്ന് ആരോ പരാതിപ്പെട്ടപ്പോള്‍ പോലീസ് ഇടപെടല്‍ ഉണ്ടായത്. അത് ഞങ്ങളെ ഭയപ്പെടുത്തുന്നതാണ്. വലതുപക്ഷവല്‍ക്കരണം എല്ലാ മേഖലകളെയും വരുതിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

ചലച്ചിത്രോത്സവ വേദിയില്‍ കമല്‍ 
ചലച്ചിത്രോത്സവ വേദിയില്‍ കമല്‍ 

പൊതുജീവിതത്തില്‍ ഒരിക്കലും താങ്കള്‍ കമാലുദ്ദീന്‍ എന്ന പേരുപയോഗിച്ചിട്ടില്ല. ബിജെപി-സംഘപരിവാര്‍ സംഘടനകള്‍ താങ്കള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയ രണ്ട് വേളകളിലും കമാലുദ്ദീന്‍ എന്ന മുസ്ലീം സ്വത്വത്തിനെ മുന്‍നിര്‍ത്തിയാണ് ആക്രമിച്ചത്. കലാകാരന്‍ എന്ന നിലയിലും സാധാരണ പൗരന്‍ എന്ന നിലയിലും എന്തൊക്കെ ചിന്തകളാണ് ഉണര്‍ത്തിയത്?

മുസ്ലീം സ്വത്വത്തില്‍ അറിയപ്പെടാന്‍ ഒരു കാലത്തും ആഗ്രഹിച്ചിരുന്ന ആളല്ല ഞാന്‍. കമാലുദ്ദീന്‍ എന്ന പേര് എസ് എസ് എല്‍ സി ബുക്കില്‍ ഉള്ളതാണ്. ചെറുപ്പത്തില്‍ ആ പേരായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാല്‍ ആ പേര് ഞാന്‍ ചലച്ചിത്രജീവിതത്തിലോ പൊതുജീവിതത്തിലോ എനിക്കൊപ്പം കൊണ്ടുനടന്നിട്ടുള്ളതല്ല. അച്ഛന്‍ എനിക്കിട്ട പേരായതിനാല്‍ ആ പേര് വന്നുവെന്നല്ലാതെ ഞാനായിട്ട് എവിടെയും ആ പേര് ഉപയോഗിച്ചിട്ടില്ല. അങ്ങനെ വരുമ്പോള്‍ എന്നെ ഒരു മുസ്ലീം ഐഡന്റിറ്റിയുടെ ഭാഗമാക്കാനാണ് ആ പേര് ഉപയോഗപ്പെടുത്തുന്നത്. അന്നും ഇന്നും എനിക്ക് ആ സ്വത്വത്തില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ല. അതിലൊരു ടാര്‍ഗറ്റ് ചെയ്യലുണ്ട്. അല്ലേല്‍ അവര്‍ക്ക് കമല്‍ ദേശവിരുദ്ധനോ തീവ്രവാദിയോ ആണെന്ന് പറയാം. പക്ഷേ കമാലുദ്ദീന്‍ എന്ന പേരിനൊപ്പം ഈ ആരോപണങ്ങളെ കെട്ടിവയ്ക്കുന്നത് കൃത്യമായ ഗൂഢോദ്ദേശ്യത്തോടെയാണ്. അതൊരിക്കലും യാദൃശ്ചികമായി അവര്‍ ഉപയോഗിക്കുന്നതാകില്ല. അതാണ് എന്നെ ഭയപ്പെടുത്തുന്നത്. എന്റെ പേരിലല്ല, നാളെ ആര്‍ക്ക് നേരെയും ഉപയോഗിക്കാവുന്ന, ആരെയും ദേശദ്രോഹിയായി മുദ്രകുത്താനുള്ള തന്ത്രമായി ഇവര്‍ ഇതുപയോഗിക്കും. ഏത് മുസ്ലീം നാമധാരിക്ക് നേരെയും ഈ വിരല്‍ ചൂണ്ടാം. നമ്മളെ ഒരു മതത്തിന്റെയോ ജാതിയുടെ പേരില്‍ കള്ളി തിരിച്ച് മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥ ഉണ്ടല്ലോ, അത് വലിയ ദുര്യോഗമാണ്. അത് മുന്‍കാലങ്ങളില്‍ ഒരിക്കലും ഉണ്ടാവാത്ത ഒന്നാണ്. കമല്‍ എന്ന ചലച്ചിത്രകാരനായാണ് പൊതുസമൂഹത്തില്‍ ഞാന്‍ നിലനില്‍ക്കുന്നത്. കമല്‍ എന്നതിന് പകരം കമാലുദ്ദീനാക്കി മതപക്ഷത്ത് നിര്‍ത്തുന്നതിലാണ് എനിക്ക് വിയോജിപ്പ്. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് നടത്തിയ രാഷ്ട്രീയ പ്രതികരണത്തിന്റെ പേരിലാണ് ഇവര്‍ കമാലുദ്ദീനെന്ന പേരുയര്‍ത്തി ആദ്യം പ്രതിഷേധിക്കുന്നത്. എന്റെ ഐഡന്റിറ്റി കമല്‍ എന്നാണ്.

സേതുമാധവനും മമ്മൂട്ടിക്കുമൊപ്പം കമല്‍. ഒരു പഴയ ചിത്രം 
സേതുമാധവനും മമ്മൂട്ടിക്കുമൊപ്പം കമല്‍. ഒരു പഴയ ചിത്രം 

അസഹിഷ്ണുതയുടെ രാഷ്ട്രീയം രാജ്യത്ത് പല സ്വഭാവങ്ങളില്‍ പ്രതിഫലിച്ചപ്പോള്‍, പലരും ആക്രമിക്കപ്പെട്ടപ്പോള്‍, എതിര്‍സ്വരം ഉയര്‍ത്തിയവരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ പണ്ടത്തെ പോലെ പ്രതികരിക്കാന്‍ ഒരുക്കമായിരുന്നില്ല സാംസ്‌കാരിക കേരളം. ഇപ്പോഴൊരു നിസംഗഭാവം സാംസ്‌കാരിക രംഗത്തെ പിടിമുറുക്കിയിട്ടുണ്ടോ?

തീര്‍ച്ചയായും ഉണ്ട്, സിനിമാ രംഗത്ത് കുറച്ച് കൂടുതലാണ്. എല്ലാവരും അവസരവാദികളാണ്. ഞാന്‍ ഇത്തരമൊരു വിഷയത്തില്‍ ഇടപെട്ട് എനിക്ക് മുന്നിലുള്ള സാധ്യത നഷ്ടപ്പെടുത്തണോ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷം. ഇത് വളരെ കഷ്ടമാണ്. എന്നോടും പലരും ചോദിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ചാടിക്കേറി പ്രതികരിച്ച് നമ്മുക്ക് കിട്ടിയേക്കാവുന്ന ദേശീയ അവാര്‍ഡിനുള്ള സാധ്യത നഷ്ടപ്പെടുത്തണോ എന്ന് ചോദിക്കുന്നവരുമുണ്ട്. എന്റെ സുഹൃത്തുക്കളാണ് ചോദിച്ചത്. പേരൊന്നും ഞാന്‍ പറയുന്നില്ല. വേണ്ടാത്ത പ്രശ്‌നങ്ങളില്‍ തലയിടണോ എന്നാണ് അവരുടെ ചോദ്യം. സിനിമാക്കാര്‍ മാത്രമല്ല സാഹിത്യമേഖലയിലും ഇത്തരമാളുകളുണ്ട്. എല്ലാ മേഖലയിലും ഒരു വലതുപക്ഷവ്യതിയാനം പ്രകടമാണ്. സ്വാര്‍ത്ഥവും സങ്കുചിതവുമായ ചിന്തയിലേക്ക് നമ്മുടെ കലാകാരന്‍മാരും ചിന്തകരുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. അത് അപകടകരമാണ്. താല്‍ക്കാലിക ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള മൗനം അത്രമേല്‍ അപകടരമാണെന്ന് നമ്മള്‍ തിരിച്ചറിയണം

നവോത്ഥാന മുന്നേറ്റത്തിലൂടെ നമുക്കിടയില്‍ നിന്ന് അപ്രത്യക്ഷമായെന്ന് കരുതിയ മത-ജാതി-വംശീയ ചിന്തകള്‍ തിരികെ വരികയാണോ?

ജാതിക്കാര്‍ഡ് കളിക്കുക എന്നൊക്കെ ഒരു കാലത്ത് നീചമായ കാര്യമായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അത് കുറേക്കൂടി സ്വീകാര്യമാകുന്ന സാഹചര്യമാണ്. ജാതിയും മതവുമൊക്കെ വേര്‍തിരിച്ച് ചിന്തിക്കുകയും തുറന്ന് പ്രകടിപ്പിക്കുയും ചെയ്യുന്നവര്‍ക്ക് വലിയ മറയില്ലാതായി. രാഷ്ട്രീയത്തിലായാലും സാഹിത്യത്തിലായാലും കലാകാരന്‍മാരായാലും പണ്ട് കൂടുതല്‍പേരും സ്വന്തം പേരിലെ ജാതിപ്പേര് മുറിച്ച് കളഞ്ഞവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ പേരിനൊപ്പം ജാതിപ്പേര് കൂട്ടിച്ചേര്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഒരു ഫാഷനായി ജാതിപ്പേര് കൂടെക്കൂട്ടുന്നതാവില്ല, ജാതിബോധം തന്നെയാവും അവര്‍ പേരിനൊപ്പം പേറുന്നത്.

മഴയെത്തും മുന്‍പെ ലൊക്കേഷനില്‍ മമ്മൂട്ടിക്ക് നിര്‍ദേശം കൊടുക്കുന്ന കമല്‍ 
മഴയെത്തും മുന്‍പെ ലൊക്കേഷനില്‍ മമ്മൂട്ടിക്ക് നിര്‍ദേശം കൊടുക്കുന്ന കമല്‍ 

കമല്‍ എന്ന സംവിധായകന്‍ സ്വന്തം സൃഷ്ടികളുടെ പേരില്‍ നേരത്തെയും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഭൂമിഗീതം എന്ന സിനിമയും ഗദ്ദാമയും ഗസലും പെരുമഴക്കാലവുമൊക്കെ മതശക്തികളുടെ അപ്രീതിക്കും എതിര്‍പ്പിനും ഇരയായിട്ടുണ്ട്. പക്ഷേ ഇപ്പോഴുണ്ടായ എതിര്‍പ്പും ആക്രമണവും അറബിനാട്ടിലേക്ക് വണ്ടി കയറട്ടെയെന്ന ആഹ്വാനവുമൊക്കെ നേരത്തെയുള്ളതിനേക്കാള്‍ എത്രമാത്രം വ്യത്യസ്ഥമാണ്?

അന്ന് തീവ്രസ്വഭാവമുള്ള മുസ്ലീം സംഘടനകളാണ് എന്റെ സിനിമകള്‍ക്കെതിരെ എതിര്‍പ്പുയര്‍ത്തിയത്. ഇന്ന് അങ്ങനെയല്ല. സാമാന്യവല്‍ക്കരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തി. ജാതിക്കാര്‍ഡ് ഉപയോഗിക്കുന്നവരാണെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മറയില്ലാതെ എനിക്കെതിരെ ആക്രമണം നടത്തുകയാണ് ചെയ്തത്. ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണമായിരുന്നു അസഹിഷ്ണുതയുടെ പേരില്‍ നേരത്തെ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ആ മറ നീങ്ങി. അതുകൊണ്ടാണ് എന്റെ വീടിന് മുന്നിലേക്ക് പ്രതിഷേധമെത്തിയത്. എന്റെ കാര്യത്തില്‍ മാത്രമല്ല ഏത് കലാകാരനെതിരെയും ഇതേ തരത്തിലാണ് അസഹിഷ്ണുതയുടെ രാഷ്ട്രീയം ആക്രമണം നടത്തുന്നത്. ഇസ്ലാമിക മതമൗലികവാദവും ഇതേ രീതിയിലാണ്. മമ്മൂട്ടിയുടെ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന നോക്കൂ, അതിന്റെ പേരില്‍ മമ്മൂട്ടിയെ മുസ്ലീം സംഘടനകള്‍ ആക്രമിച്ചു. വ്യക്തിപരമായി അധിക്ഷേപിച്ചു. വിളക്ക് കൊളുത്തണമോ വേണ്ടയോ എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. ഒരു ഭയം സൃഷ്ടിച്ചെടുക്കാനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നത്. പല രീതിയിലുള്ള ഭയപ്പെടുത്തലുണ്ട്. സാംസ്‌കാരിക ഫാസിസം തന്നെയാണ് നടക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചാല്‍ തങ്ങള്‍ക്കുള്ള സാധ്യതയോ അവസരമോ നഷ്ടപ്പെടുമെന്ന ഭീതി സൃഷ്ടിക്കലുമുണ്ട്. മറ്റൊന്ന് ശാരീരികമോ മാനസികമായോ ഉള്ള ആക്രമണമാണ്. അതിന്റെ ഉദാഹരണമാണ് കല്‍ബുര്‍ഗിയും പന്‍സാരേയും ഉള്‍പ്പെടെയുള്ളവരുടെ കൊല. ഇത്തരമൊരു ഭയാനക സാഹചര്യം മുന്നില്‍ ഉള്ളപ്പോള്‍ തുറന്ന് സംസാരിക്കാന്‍ പലരും ഭയപ്പെടും. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമോ, സ്റ്റേറ്റില്‍ നിന്നും സമൂഹത്തില്‍ നിന്നും പരിരക്ഷ ലഭിക്കുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ടാകും. അധ്യാപകന്റെ കൈവെട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും സമാനമായ രീതിയാണ്. നമ്മളെന്തെങ്കിലും പറഞ്ഞാല്‍, പ്രതികരിച്ചാല്‍ നമ്മുടെയും കൈവെട്ടുമോ എന്ന ഭീതി സൃഷ്ടിക്കുന്നു. ഏത് തീവ്രവാദ സംഘടനയായാലും അവരുടെ ഒരു രീതി സമൂഹത്തെ ഭയപ്പെടുത്തി നിര്‍ത്തുകയാണ്.

പിന്നെ പാക്കിസ്ഥാനിലേക്കോ അറബിനാടുകളിലേക്ക് പോകണമെന്ന ആഹ്വാനം. ഞാന്‍ ഇവിടെ ജനിച്ച് വളര്‍ന്ന് ഇവിടെ ജീവിച്ചയാളാണ്. അങ്ങനെയൊരാള്‍ക്ക് സ്വന്തം രാജ്യം ഉപേക്ഷിച്ച് പോകേണ്ട കാര്യമില്ല. പ്രതികരിക്കുന്നവരെയൊക്കെ നാട് കടത്തി ഇവരെന്താണ് ഇവിടെ നടത്താന്‍ പോകുന്നത്.

ഒരിക്കലും ഉപയോഗിക്കാത്ത മതസ്വത്വം അടിച്ചേല്‍പ്പിച്ചുള്ള ആക്രമണവും പ്രതിഷേധവും വ്യക്തിപരമായി വേദനിപ്പിച്ചോ?

വ്യക്തിപരമായി ഇതെന്നെ ബാധിക്കില്ല. ഞാന്‍ കാണുന്നത് മതസ്വത്വത്തിലേക്ക് ചേര്‍ത്തുനിര്‍ത്തി ഒരാളെ ടാര്‍ഗറ്റ് ചെയ്യുമ്പോഴുള്ള ഭയപ്പെടുത്തുന്ന സാഹചര്യമാണ്. ഈ രീതി സമൂഹത്തിലേക്ക് പടരും. എന്നെ അധിക്ഷേപിക്കുന്നതല്ല ആശങ്കപ്പെടുത്തുന്നത്. ആരുടെ നേരെയും ഇത്തരം ആക്രമണങ്ങള്‍ ഉയരാം എന്നതാണ് ഭയപ്പെടുത്തുന്നത്. ഞാനെപ്പോഴും പറയാറുണ്ട്. നമ്മുടെ ഗ്രാമങ്ങളിലും കൊച്ചുപട്ടണങ്ങളിലും ചെറുപ്പക്കാരുടെ കൂട്ടായ്മ ഇപ്പോള്‍ രൂപപ്പെടുന്നത് മതത്തെയും ജാതിയെയും അടിസ്ഥാനപ്പെടുത്തിയാണ്. അമ്പലത്തെയോ പളളിയെയോ ചുറ്റിപ്പറ്റിയാണ് ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍. പണ്ട് ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട് ക്ലബ്ബുകളോ വായനശാലകളോ ഫിലിം സൊസൈറ്റികളോ ആയിരുന്നു ഇവരുടെ ഇടം. അവിടെ നിന്നാണ് മാറ്റം സംഭവിച്ചത്. ഇത് അപകടകരമാണ്. ഒരു തലമുറയുടെ ചിന്തയും കാഴ്ചപ്പാടും രൂപപ്പെടുന്നതും പരുവപ്പെട്ടതും സ്വതന്ത്രമായ ഇത്തരം ഇടങ്ങളിലൂടെയാണ്. അതാണ് നമുക്ക് നഷ്ടമായത്.

ഇത്തരം നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കാനാകുമെന്നാണ് കരുതുന്നത്?

വളരെ ശക്തമായ പ്രതിരോധം നമുക്കിടയില്‍ രൂപപ്പെടണം. ഒരു കാലഘട്ടത്തില്‍ നവോത്ഥാന വഴിയില്‍ നമ്മുടെ സാഹിത്യത്തിലും രാഷ്ട്രീയത്തിലും സിനിമയിലും ഉണ്ടായ വലിയ മുന്നേറ്റത്തിന് ശക്തമായ തുടര്‍ച്ച വേണം. രാഷ്ട്രീയ ഇടതുപക്ഷത്തിന്റെ ശക്തിയും വര്‍ധിക്കണം. കമ്മ്യൂണിസ്റ്റ് -കര്‍ഷകപ്രസ്ഥാനങ്ങളും ഒരു കാലത്ത് കാണിച്ച ആര്‍ജ്ജവം അതേ പടി നിലനിര്‍ത്തണം. ചിലപ്പോ മറ്റൊരു ശ്രീനാരായണഗുരുവൊക്കെ ഇനിയും ജനിക്കേണ്ടി വരും ഇതൊക്കെ തിരിച്ചുപിടിക്കാന്‍. നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പുരോഗമന സംഘടനകളുമെല്ലാം കേരളത്തിന്റെ നവോത്ഥാന നേട്ടം നിലനിര്‍ത്താന്‍ ശക്തമായ ശ്രമം തുടരണം. ഫാസിസം അത്ര കണ്ട് കടന്നുകയറി ശക്തിപ്പെടുന്ന കാലത്ത് ഇതെല്ലാം ശ്രമകരമാണ്.

സെന്‍സര്‍ ക്ലിയറന്‍സ് ലഭിക്കാത്ത രണ്ട് സിനിമകളില്‍ ഒന്ന് മാത്രം പ്രദര്‍ശിപ്പിച്ചുവെന്ന പ്രചരണമാണ് സംഘപരിവാര്‍ അനുഭാവികള്‍ സോഷ്യല്‍ മീഡിയയിലൂടെ താങ്കള്‍ക്കെതിരെ നടത്തിയത്. ഹനുമാനെ അപമാനിക്കുന്നുവെന്ന ആരോപണമുള്ള കാ ബോഡിസ്‌കേപ്പ് പ്രദര്‍ശിപ്പിച്ചപ്പോള്‍ മുഹമ്മദ് നബിയുടെ ജീവിതകഥയായ മുഹമ്മദ് ദ മെസഞ്ചര്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായില്ല എന്നാണ് താങ്കള്‍ക്കെതിരായ കാമ്പയിനില്‍ ഉയരുന്നത്?

തീര്‍ത്തും തെറ്റിദ്ധാരണാജനകമായ പ്രചരണമാണ് ഇതെന്ന് ആ വാദത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയമാണ് സിനിമകളുടെ പ്രദര്‍ശനത്തിന് സെന്‍സര്‍ ക്ലിയറന്‍സ് നല്‍കേണ്ടത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ വിതരണമന്ത്രാലയമാണ് കാ ബോഡിസ്‌കേപ് പ്രദര്‍ശനത്തിന് അനുമതി തന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും കാ ബോഡിസ്‌കേപിന് അനുമതി മന്ത്രാലയം തന്നില്ലെങ്കില്‍ ആ സിനിമ കാണിക്കുമായിരുന്നില്ല. ഇതേ മന്ത്രാലയമാണ് മുഹദമ്മദ് ദ മെസഞ്ചറിന് പ്രദര്‍ശന അനുമതി നല്‍കാതിരുന്നത്. ബിജെപിയുടെ കേന്ദ്രസര്‍ക്കാരാണ് ഒരു സിനിമ കാണിക്കാമെന്നും മറ്റൊരു സിനിമ കാണിക്കേണ്ടതില്ലെന്നും അറിയിച്ചത്. അവരുടെ പ്രചരണം വ്യാജമാണെന്ന് അവിടെ തന്നെ പിടികിട്ടില്ലേ. അല്ലാതെ ചലച്ചിത്ര അക്കാദമിയല്ല ഈ രണ്ട് സിനിമകളുടെയും കാര്യത്തില്‍ തീരുമാനമെടുത്തത്.

മാധവിക്കുട്ടിയുടെ ജീവിതമാണ് ആമി എന്ന അടുത്ത ചിത്രം. കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ മതജീവിതവും സിനിമയുടെ പ്രമേയമാകുന്നുണ്ട്. നിലവിലുള്ള സംഭവവികാസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആ സിനിമയും വിവിധ കോണുകളില്‍ നിന്ന് അസഹിഷ്ണുതയ്ക്ക് പാത്രമാകുമെന്ന ആശങ്കയുണ്ടോ?

ഇപ്പോഴത്തെ നിലയ്ക്കാണെങ്കില്‍ ആ സിനിമയ്‌ക്കെതിരെയും അസഹിഷ്ണുത ഉയരുമെന്നാണ് തോന്നുന്നത്. അതിനെ കലാകാരന്‍ എന്ന രീതിയില്‍ പ്രതിരോധിക്കും. ആരെയെങ്കിലും ഭയന്ന് സിനിമയെടുക്കാതിരിക്കാന്‍ കലാകാരന്‍ എന്ന രീതിയില്‍ എനിക്കാവില്ല.

ജീവചരിത്രസിനിമകള്‍ പലപ്പോഴും ആധാരമാകുന്ന വ്യക്തിയുടെ കേവലമായ വാഴ്ത്തലുകളായി മാറാറുണ്ട്, ആമിയില്‍ കമലാ സുരയ്യ/മാധവിക്കുട്ടിയെ കമല്‍ എന്ന ചലച്ചിത്രകാരന്‍ സമീപിക്കുന്നത് എങ്ങനെയാണ്?

ചലച്ചിത്രകാരന്‍ എന്ന നിലയില്‍ മാധവിക്കുട്ടിയുടെ ജീവിതത്തില്‍ നിന്ന് എനിക്ക് ബോധ്യമായ കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊരു ഫിക്ഷന്‍ ആണ്. ഫിക്ഷന്‍ എന്ന രീതിയിലുള്ള സ്വാതന്ത്ര്യം ഞാനെടുക്കും. അല്ലെങ്കില്‍ എനിക്ക് ആ സിനിമ ചെയ്യാന്‍ കഴിയില്ല. ഫിക്ഷന്‍ എന്ന നിലയ്ക്കുള്ള ഇടപെടലുകളെ അങ്ങനെ ആളുകള്‍ കണ്ടില്ലെങ്കില്‍ കുഴപ്പമായേക്കും.