ഗോപി സുന്ദര്‍ അഭിമുഖം: കോപ്പിയടിക്കുന്നത് എന്റെ കഴിവുകേടല്ല, ആ പാട്ടുകള്‍ കേള്‍ക്കണമെന്ന് ആരെയും നിര്‍ബന്ധിച്ചിട്ടുമില്ല

October 5, 2015, 3:55 pm
ഗോപി സുന്ദര്‍ അഭിമുഖം: കോപ്പിയടിക്കുന്നത് എന്റെ കഴിവുകേടല്ല,  ആ പാട്ടുകള്‍ കേള്‍ക്കണമെന്ന് ആരെയും നിര്‍ബന്ധിച്ചിട്ടുമില്ല
Interview
Interview
ഗോപി സുന്ദര്‍ അഭിമുഖം: കോപ്പിയടിക്കുന്നത് എന്റെ കഴിവുകേടല്ല,  ആ പാട്ടുകള്‍ കേള്‍ക്കണമെന്ന് ആരെയും നിര്‍ബന്ധിച്ചിട്ടുമില്ല

ഗോപി സുന്ദര്‍ അഭിമുഖം: കോപ്പിയടിക്കുന്നത് എന്റെ കഴിവുകേടല്ല, ആ പാട്ടുകള്‍ കേള്‍ക്കണമെന്ന് ആരെയും നിര്‍ബന്ധിച്ചിട്ടുമില്ല


മലയാളി സമീപകാലത്തു കേട്ട ഏറ്റവും ജനപ്രിയമായ ചില ഈണങ്ങള്‍ ഗോപി സുന്ദറിന്റേതാണ്. ചില ഗാനങ്ങളെ കോപ്പിയടിയുടെ പേരില്‍ വിമര്‍ശിക്കുന്നുണ്ട്, തുടര്‍ച്ചയായി ഹിറ്റ് ശ്രേണിയിലെത്തുന്ന സ്വന്തം പാട്ടുകളെക്കുറിച്ചും
പശ്ചാത്തല സംഗീതത്തെക്കുറിച്ചും മൗലികതയെ ചൊല്ലിയുള്ള വിമര്‍ശനത്തിനും ഗോ
പി സുന്ദറിന് പറയാനുള്ളത്. ഗോപി സുന്ദറുമായി നിര്‍മല്‍ നടത്തിയ അഭിമുഖം

യു ട്യൂബില്‍ പബ്ലിഷ് ചെയ്ത് രണ്ടാഴ്ച കഴിയുമ്പോള്‍ 13 ലക്ഷത്തിലേറെ ഹിറ്റുകളാണ് എന്നു നിന്റെ മൊയ്തീനിലെ 'മുക്കത്തെ പെണ്ണേ..' എന്ന ഗാനത്തിന് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്നോ ഇത്ര വലിയൊരു സ്വീകാര്യത?

പ്രതീക്ഷിച്ചിച്ചിരുന്നു. ജനങ്ങളുടെ പള്‍സ് നന്നായി അറിയാവുന്ന ആളാണ് ഞാന്‍. അവരുടെ കൂടെയാണ് നമ്മള്‍ നടക്കുന്നത്. ഒരു സാധാരണ പ്രേക്ഷകന്റെ ഭാഗത്തുനിന്നുകൊണ്ടാണ്  പാട്ടുകള്‍ ചെയ്യാറും. പബ്ലിക്കില്‍ നിന്ന് മാറിനിന്നുകൊണ്ട് നമ്മള്‍ ഒരു ക്രിയേഷന്‍ ചെയ്യുന്നില്ല. അവര്‍ക്കു വേണ്ടത് എന്താണെന്ന് വ്യക്തമായ ബോധ്യത്തോടെയാണ് വര്‍ക്ക് ചെയ്യുന്നത്. ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. ഇപ്പോള്‍ തീയേറ്ററുകളില്‍ മൊയ്തീന്‍ കണ്ട് പ്രേക്ഷകരുടെ കണ്ണുകള്‍ നനയുന്നുണ്ടെങ്കില്‍ അതിനു മുന്‍പ് എന്റെ കണ്ണുകളും നനഞ്ഞിട്ടുണ്ട്.


സംഗീതകാരന്മാര്‍ മാത്രമല്ല, കലാകാരന്മാരെ മൊത്തത്തിലെടുത്താലും അവര്‍ ഇന്‍സ്റ്റിങ്റ്റുകളില്‍ മുന്നോട്ടു പോകുന്നവരായിരിക്കും. ഗോപി സുന്ദറിനെക്കുറിച്ച് പ്രത്യേകിച്ചും അങ്ങനെ കേട്ടിട്ടുണ്ട്. അവിചാരിതമായി പൊടുന്നനെ സംഭവിച്ച പാട്ടുകളെക്കുറിച്ച്. മുക്കത്തെ പെണ്ണും അത്തരത്തില്‍, 5 മിനിറ്റുകൊണ്ട് സംഭവിച്ചതാണെന്ന് കേട്ടു. എന്താണ് സത്യാവസ്ഥ?

മുക്കത്തെ പെണ്ണിന്റെ കാര്യത്തില്‍ കേട്ടതു ശരിയാണ്. എന്നാല്‍ അതിനേക്കാള്‍ വേഗത്തില്‍ സംഭവിച്ച പാട്ടുകളുമുണ്ട്. ഉദാഹരണത്തിന് അന്‍വറിലെ 'ഖല്‍ബിലെത്തീ..' ഇതിലും വേഗത്തില്‍ വന്ന പാട്ടാണ്. ഒരു മൂന്നു മിനിറ്റെന്നൊക്കെ വേണമെങ്കില്‍ നമുക്കു പറയാം. പക്ഷേ ആ മൂന്നു മിനിറ്റിനുവേണ്ടി നമ്മളൊരു 20 വര്‍ഷം കാത്തിരുന്നിട്ടുണ്ട്. പാട്ടെന്നു പറയുന്നത് നേരിട്ട് മനസിലേക്കു കയറേണ്ട കാര്യമല്ലേ? അതുണ്ടാക്കാന്‍ തലച്ചോര്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ അത് ആസ്വാദകന്റെ മനസിലേക്കു കയറില്ല. മൂന്നു മിനിറ്റുകൊണ്ട് സംഭവിച്ചെന്നൊക്കെ പറയാമെങ്കിലും അതിനെ ഒരു ടൈം ഫ്രെയിമില്‍ ഒതുക്കാന്‍ കഴിയില്ല. അതങ്ങ് പെട്ടെന്നു സംഭവിക്കുകയാണ്. പാടുമ്പോള്‍ ഒറ്റയടിക്കങ്ങ് ടേക്ക് ചെയ്തുപോകുന്ന സംഗതിയാണ്. അതിന്റെ പിന്നില്‍ അതിഗാഢമായ ചിന്തയൊന്നുമില്ല. മനസില്‍ നിന്ന് മനസിലേക്കുള്ള ഒരു സഞ്ചാരമാണത്.

ഒരു സിനിമയ്ക്ക് സംഗീതം പകരുമ്പോള്‍ അതിന്റെ സംവിധായകന്റെ ബ്രീഫിങ് വളരെ പ്രധാനമല്ലേ? എന്തായിരുന്നു മൊയ്തീനെപ്പറ്റിയുള്ള ആര്‍.എസ്.വിമലിന്റെ ബ്രീഫിങ്? ഇന്നതിന്നത് കൃത്യമായി വേണമെന്ന് പറഞ്ഞിരുന്നോ?

ഇല്ല, അങ്ങനെ ഒന്നുമുണ്ടായില്ല. അതാണ് എന്നു നിന്റെ മൊയ്തീന്റെ പ്രത്യേകതയും. അതായത് ഡയറക്ടര്‍ നമ്മളിലേക്ക് വിഷ്വലിലൂടെ ആ സിനിമയെ എത്തിച്ചു. പിന്നെ നമ്മളെക്കൊണ്ടാവുന്നത് ചെയ്യുക എന്നുള്ളതാണ്. മരിച്ചുകിടന്ന് ചെയ്യുക എന്നതാണ്. ഇനി നമ്മള്‍ എന്തു ചെയ്താലും അതിനു വേണ്ടതേ വരുകയുള്ളുവെന്ന് അത്ര ബോധ്യമായിരുന്നു അയാള്‍ക്ക്. വിഷ്വലിലൂടെ അദ്ദേഹം കോണ്‍ഫിഡന്റായി കമ്യൂണിക്കേറ്റ് ചെയ്തുകഴിഞ്ഞു. അതു നമ്മളെ കാണിച്ചുതന്നിട്ട് നിങ്ങള്‍ അങ്ങു ചെയ്യൂ എന്നു പറയുകയാണ്. വിഷ്വലില്‍ അത് വളരെ ക്ലിയര്‍ പിക്ചറായി മുന്നില്‍ കിടപ്പുണ്ട്. പിന്നെ എന്റെയുള്ളില്‍ മൊയ്തീന്‍ ബാധിക്കാനുള്ള കാരണം, ആ ചിത്രം കണ്ടതിനുശേഷം മൊയ്തീന്‍ കാഞ്ചനമാലയെ സ്‌നേഹിച്ചതിനേക്കാള്‍ ഞാന്‍ കാഞ്ചനമാലയെ സ്‌നേഹിച്ചു എന്നതാണ്. നമ്മള്‍ അത്രയും സ്‌നേഹിച്ചുപോകുന്ന രീതിയിലാണ് വിമല്‍ അത് എടുത്തുവച്ചിരിക്കുന്നത്. ആ ലൈനിലാണ് ചിത്രത്തിന് ഞാന്‍ ചെയ്ത ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ സെറ്റ് ചെയ്തതും. പടം കണ്ടവരും അങ്ങനെ പറയുമ്പോള്‍ സന്തോഷം.

ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യാന്‍ മൊത്തം എടുത്തത് 10 ദിവസമാണ്. അതിനിടയിലെ 5 മിനിറ്റിലാണ് മുക്കത്തെ പെണ്ണ് ഉണ്ടായിരിക്കുന്നത്. വളരെ വേഗത്തില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. വളരെ വേഗത്തില്‍. അണ്‍ ഇമാജിനറി സ്പീഡ് എന്നൊക്കെ പറഞ്ഞാല്‍ അത് തെറ്റാവില്ല. അത് ചിലപ്പോള്‍ എക്‌സ്പീരിയന്‍സ് കൊണ്ടു സാധ്യമാവുന്നതായിരിക്കാം. പടം വന്നിട്ട് 20 ദിവസം എന്റെ കൈയില്‍ വെറുതെയിരിക്കുകയായിരുന്നു. ഒഴിവുസമയങ്ങളിലെ പ്രധാനപണി അത് കണ്ടിരിക്കലായിരുന്നു. അങ്ങനെ പടം മനസിലേക്ക് നന്നായി കയറിവന്നതുകൊണ്ട് വര്‍ക്ക് ചെയ്തത് 10 ദിവസം കൊണ്ടാണെങ്കിലും ഒരു 30 ദിവസം വര്‍ക്ക് ചെയ്തതിന്റെ ഇഫക്ട് അതിലുണ്ട്.

ആദ്യ ചിത്രമായ നോട്ട്ബുക്കിനു ശേഷം 9 വര്‍ഷത്തിനുള്ളില്‍ 70ലേറെ ചിത്രങ്ങള്‍. ഗോപിസുന്ദറിനെ ജോലി ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ ജനപ്രീതിയുടെ കാര്യത്തില്‍ പിന്നെ സംശയിക്കേണ്ട എന്ന വിശ്വാസത്തിലെത്തിയോ നമ്മുടെ സംവിധായകര്‍? 

അതിനെക്കുറിച്ച് ഞാന്‍ തന്നെ പറയുന്നത് ശരിയല്ലല്ലോ? അത് സംവിധായകരോട് ചോദിക്കേണ്ട ചോദ്യമാണ്. നമ്മളെ ജോലി ഏല്‍പ്പിക്കുന്നവരോടു ചോദിച്ചുകഴിഞ്ഞാല്‍ കൃത്യമായ മറുപടി കിട്ടും. എന്നിലേക്കെത്തുന്ന സിനിമകളോട് നീതി പുലര്‍ത്തുന്ന രീതിയില്‍ എല്ലാം ചെയ്യുന്നുണ്ട്. അതുകൊണ്ടായിരിക്കാം അവ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.


ഒരുക്കിയ ഗാനങ്ങള്‍ക്കൊപ്പം പശ്ചാത്തല സംഗീതത്തിന്റെ പേരിലും താങ്കള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇതിനുമുന്‍പും ഒട്ടേറെപ്പേര്‍ ഈ രണ്ട് സംഗീത വഴികളിലും പരിശ്രമം നടത്തിയിട്ടുണ്ടെങ്കിലും കൈയൊപ്പു ചാര്‍ത്തിയവര്‍ കുറവാണ്?

പശ്ചാത്തല സംഗീതം ഒരുക്കലും പാട്ടുകള്‍ ഉണ്ടാക്കലും തികച്ചും വ്യത്യസ്തമായ രണ്ട് ജോലികളാണ്. രണ്ടിലും കൈകാര്യം ചെയ്യുന്ന വിഷയം സംഗീതമാണ് എന്നേയുള്ളൂ. രണ്ടും രണ്ട് രീതിയാണ്. പാട്ടുകള്‍ ഉണ്ടാക്കാന്‍ എട്ടാം ക്ലാസില്‍ പഠിയിക്കുന്ന ഒരു കുട്ടിയ്ക്കും സാധിക്കും. പാട്ടുകള്‍ അപ്രധാനമാണെന്നല്ല, സിനിമയില്‍ ഒരു നാല് മിനിറ്റേ വരുന്നുള്ളുവെങ്കിലും. ഇപ്പോള്‍ തീയേറ്ററിലെ കാര്യം പറഞ്ഞാല്‍ പാട്ട് വരുമ്പോള്‍ പ്രേക്ഷകരെ ഫ്രീയാകാന്‍ വിടരുത്. പാട്ട് ഇന്ററസ്റ്റിങ് അല്ലെങ്കില്‍ അവര്‍ സിഗരറ്റ് വലിയ്ക്കാനോ റിഫ്രഷ്‌മെന്റിനോ ഒക്കെയായി പുറത്തേക്കൊക്കെ ഇറങ്ങിപ്പോകും. ഇത് നേരത്തെ ടിവിയില്‍ കണ്ടതല്ലേ എന്നൊക്കെ വിചാരിച്ചിട്ട്. സിനിമ കാണാന്‍ ടിക്കറ്റെടുത്ത് തീയേറ്ററില്‍ കയറുന്ന പ്രേക്ഷകന്റെ ശ്രദ്ധയെ മുറിയാതെ നോക്കുക എന്നത് ജോലി തന്നെയാണ്.

എന്നാല്‍ അതിലും ചാലഞ്ചിങ് ആയി എനിക്കു തോന്നുന്നത് ഒരു ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറിങ് ആണ്. കാരണം ആകെമൊത്തം അത് വേറൊരു ജോലിയാണ്. സിനിമയുടെ വിഷ്വലിനെ പ്രേക്ഷകനുമായി കമ്യൂണിക്കേറ്റ് ചെയ്യുന്ന, ചില കാര്യങ്ങളില്‍ ഒരു കണ്‍ഫര്‍മേഷന്‍ കൊടുക്കുന്ന, മറ്റു ചിലപ്പോള്‍ അണ്‍ കണ്‍ഫേംഡ് ആക്കി നിര്‍ത്തുന്ന ഒന്ന്. ഇത്തരത്തില്‍ ഒരു സിനിമയുടെ സ്വഭാവം തന്നെ നിര്‍ണയിക്കാന്‍ പശ്ചാത്തല സംഗീതത്തിനാകും, നന്നായി ചെയ്യാന്‍ കഴിയുമെങ്കില്‍. അതിനു കഴിയണമെങ്കില്‍ ഒരാളുടെ അടുത്ത് കുറേക്കാലം വര്‍ക്ക് ചെയ്യണം. എന്താണീ തൊഴില്‍ എന്ന് കണ്ടു മനസിലാക്കണം. ഒരുപാട് സിനിമകള്‍ കാണണം. അതേക്കുറിച്ച് അനുഭവസ്ഥരുമായി ചര്‍ച്ചകള്‍ നടത്തണം. അങ്ങനെ നടത്തുന്ന ഒരു വലിയ യാത്രയുടെ അവസാനമായിരിക്കും പശ്ചാത്തല സംഗീത നിര്‍വഹണത്തെക്കുറിച്ച് ഒരു ഏകദേശധാരണ കിട്ടുക. അതിനുശേഷമേ ഇത് ചെയ്തു തുടങ്ങാന്‍ പറ്റൂ. ഇക്കാര്യത്തില്‍ ഡയറക്ടറുമായുള്ള കമ്യൂണിക്കേഷന്‍ കൃത്യമായിരിക്കണം. ഒരു ദൃശ്യത്തിന് ഞാന്‍ അകമ്പടി നല്‍കിയ ഒരു സംഗീതശകലം അവിടെ യോജിക്കുന്നതല്ലെന്ന് വെറുതെ പറഞ്ഞാല്‍പ്പോര. മറിച്ച് എന്നെ അത് പറഞ്ഞു ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനാകണം. തിരിച്ചും അങ്ങനെതന്നെ. പാട്ടെന്നു പറഞ്ഞാല്‍ കേള്‍വിക്കാരന്റെ കാതിന് ഇമ്പം പകരുന്ന സംഗീതം ഒരുക്കുക എന്നതാണ്. അതിന് എഫര്‍ട്ട് വേണ്ടെന്നല്ല, പക്ഷേ അതിനായി നാം തെരഞ്ഞെടുക്കുന്ന ഒരു രാഗത്തിന്റെ പിന്തുണയും കാര്യങ്ങളും ഒക്കെയുണ്ട്. സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഒരു വിഷ്വല്‍ കമ്യൂണിക്കേഷന്റെ ഭാഗമായി വരുന്നതിനാല്‍ ഡയറക്ടര്‍, ക്യാമറാമാന്‍, എഡിറ്റര്‍ എന്നിവരോടൊക്കെ ഒപ്പമുള്ള സ്ഥാനമാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ആളിന്റേതും.

ഗോപി സുന്ദറിന്റെ ജനപ്രിയ ഗാനങ്ങള്‍ എടുത്തുനോക്കിയാല്‍ അതില്‍ മെലഡികളും ഫാസ്റ്റ് നമ്പരുകളുമുണ്ട്. ഏതെങ്കിലും ഒരു രീതിയില്‍ മാത്രം ഒതുങ്ങിപ്പോകാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ടോ?

ഇതില്‍ നമ്മുടെ തീരുമാനത്തിന്റെ വിഷയമൊന്നുമില്ല. നമ്മിലേക്ക് വന്നുചേരുന്നതാണ്. ഉദാഹരണത്തിന് ദിലീപേട്ടന്റെ റിങ്മാസ്റ്റര്‍ എന്ന സിനിമ ചെയ്യുന്ന സമയത്താണ് അരുണ്‍കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടു എന്ന ചിത്രവും ചെയ്യുന്നത്. ഒന്ന് വളരെ ഫണ്ണിയും മറ്റൊന്ന് വളരെ സീരിയസും. ബാംഗ്ലൂര്‍ ഡെയ്‌സ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളും അതേ സമയത്തുതന്നെയാണ് ചെയ്യേണ്ടിവരുന്നത്. ഒന്നോര്‍ത്തുനോക്കൂ. നാലും നാല് സ്വഭാവത്തിലുള്ള സിനിമകള്‍. കഴിഞ്ഞ വര്‍ഷത്തെ ഒരു അഞ്ച് മാസത്തിനിടയ്ക്ക് നമ്മള്‍ ചെയ്ത ഒരു വലിയനിര സിനിമകള്‍ റിലീസായി. കഴിഞ്ഞ വര്‍ഷം ആകെ 21 സിനിമകള്‍ ചെയ്തു. വ്യത്യസ്തമായ രീതികളിലുള്ള പാട്ടുകള്‍ ചെയ്യണമെന്നും വ്യത്യസ്ത സംവിധായകരുടെ കൂടെ ജോലി ചെയ്യണമെന്നും ഞാന്‍ വെറുതെ ആഗ്രഹിച്ചിട്ടു മാത്രം കാര്യമില്ലോ? പക്ഷേ അത്തരം ആഗ്രഹങ്ങള്‍ സാധിക്കുന്ന നിലയിലേക്ക് അവസരങ്ങള്‍ നമ്മളിലേക്ക് എത്തുകയാണ്. പല ചലച്ചിത്ര സംവിധായകരെയും ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പ്രത്യേതതരം പാട്ടുണ്ടാക്കാന്‍ അവര്‍ സ്ഥിരമായി സമീപിക്കുന്ന ഒരു മ്യൂസിക് ഡയറക്ടര്‍ ഉണ്ടാവും. കര്‍ണാടക സംഗീതമാണെങ്കില്‍ ഇന്നയാള്‍, അടിപൊളിക്ക് മറ്റൊരാള്‍, മെലഡിക്കു വേറൊരാള്‍ എന്നിങ്ങനെ. അങ്ങനെയൊരു ചട്ടക്കൂട് വളരെ വര്‍ഷങ്ങളായി കണ്ടുവരുന്നതാണ്. മലയാളത്തില്‍ മാത്രമല്ല, മിക്ക ഇന്റസ്ട്രികളിലും. ആ ചട്ടക്കൂട് പൊളിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു.  ഇന്നു ഞാന്‍ പല രീതികളിലും ഗ്രാഫിലുമുള്ള സിനിമകള്‍ ചെയ്യുന്നുണ്ട്. അതിന് ദൈവം ഒരുപാട് സഹായിക്കുന്നുണ്ട്.

വ്യത്യസ്ത മീറ്ററുകളിലുള്ള പാട്ടുകള്‍ ചെയ്യുന്നുണ്ടെങ്കിലും കംഫര്‍ട്ടബിള്‍ സോണ്‍ എന്നൊന്ന് ഉണ്ടാവില്ലേ? അങ്ങനെയുണ്ടോ?

മെലഡിയാണ് ചെയ്യാന്‍ കംഫര്‍ട്ടബിള്‍. താരതമ്യേന ചെയ്യാന്‍ എളുപ്പമാണത്. ആ സ്വഭാവത്തിലുള്ള പാട്ടുകള്‍ ചെയ്ത് ആളുകളെ മയക്കിയെടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു ഫാസ്റ്റ് നമ്പര്‍ വന്നാല്‍ മലയാളിയുടെ ആദ്യത്തെ നോട്ടം സംശയത്തോടെ ആയിരിക്കും. ഇതു കൊള്ളാമോ, ഇതാകെ ബഹളമാണല്ലോ എന്ന രീതിയിലായിരിക്കും പ്രതികരണം. അതിനാല്‍ത്തന്നെ ഇത്തരം പാട്ടുകള്‍ ചെയ്തു വിജയിപ്പിക്കുന്നയാളുടെ കഴിവിനെ അംഗീകരിക്കേണ്ടിവരും. മെലഡിക്ക് എക്കാലവും സ്വീകാര്യത കൂടുതലാണ്. പക്ഷേ ഒരു അടിപൊളി പാട്ട് ചെയ്ത്, അത് ഇന്നത്തെ യൂത്തിന്റെ സെന്‍സിബിലിറ്റിക്കനുസരിച്ച് കൊണ്ടുവരുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. പുതിയ ട്രെന്‍ഡില്‍ ഒരു പാട്ട് കൊടുക്കുമ്പോള്‍ വളരെ സെന്‍സിബിള്‍ ആയി കൊടുത്തില്ലെങ്കില്‍ വലിയ അപകടമാണ്. ആളുകള്‍ ചിലപ്പോള്‍ ഭയങ്കരമായിട്ട് ചീത്ത വിളിക്കും. അപ്പോള്‍ ആളുകളുടെ കൂടെനിന്ന് അവരിലൊരാളായി മാറി, ആ പള്‍സ് മനസിലാക്കി മാത്രമേ ഇത്തരം പാട്ടുകള്‍ ചെയ്യാന്‍ കഴിയൂ. ഉദാഹരണത്തിന് ജമ്‌നാ പ്യാരിയിലെ എന്തൂട്ടാ ക്ടാവേ, എന്തൂട്ടാ ദ് എന്ന പാട്ട്. തൃശൂര്‍ സ്ലാങില്‍ ചെയ്തിരിക്കുന്ന ഒരു പാട്ട്. നമ്മുടെ ഒരു സ്ലാങില്‍ ഒരു പാട്ട് വരുന്നത് ആദ്യമായിട്ടാണ്. അതൊരു പുതിയ ഐഡിയ ആയിരുന്നു. തൃശൂരിനെപ്പറ്റി ഒരുപാട് പാട്ടുകള്‍ ഉണ്ടാവാം. പക്ഷേ ഒരു ഭാഷാശൈലിയില്‍ ഒരു ട്യൂണ്‍ ഇതുവരെ ആരും ചെയ്തിട്ടില്ല. പിന്നെ, എബിസിഡിയിലെ ജോണീ മോനേ ജോണീ എന്ന പാട്ട്. അതിന്റെ നോട്ട്‌സ് എടുത്തുനോക്കിക്കഴിഞ്ഞാല്‍ ബുദ്ധിമുട്ടുള്ള നോട്ട്‌സ് ആണ്. പക്ഷേ പടം ഇറങ്ങിയ സമയത്ത് കുട്ടികളടക്കം അത് ഏറ്റുപാടി. അത് ആ വരികളുടെ പ്രത്യേകതയാണ്. പക്ഷേ അത്തരത്തില്‍ 'ഫങ്കി' ആയിട്ടുള്ള വരികളെഴുതാനൊന്നും ആളില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ മലയാളത്തില്‍. മെലഡി കൊടുത്തുകഴിഞ്ഞാല്‍ ഹാപ്പിയാണ് നമ്മുടെ പാട്ടെഴുത്തുകാര്‍. സാഹിത്യകാരന്മാരടക്കം. പക്ഷേ ഒരു ഫാസ്റ്റ് നമ്പര്‍ കൊടുത്താല്‍ അവരുടെ മുഖമൊന്ന് ചുളിയും. ഏയ്, ഇതെന്ത് എന്നൊരു പുച്ഛഭാവമാണ് അവരുടെ മുഖത്ത് തെളിയുക. ഫാസ്റ്റ് നമ്പരിനു വേണ്ടി എഴുതുന്നതും ഒരു എഴുത്താണെന്ന് അവര്‍ മനസിലാക്കുന്നില്ല. ആളില്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള പല പാട്ടുകള്‍ക്കും ഞാന്‍ തന്നെ വരികള്‍ എഴുതുന്നത്.

മുന്‍പ് വിജയിച്ച ഗാനങ്ങളുടെ ട്യൂണുകള്‍ ഉപയോഗിക്കുന്നതായി ഗോപി സുന്ദറിനു നേരെ പലപ്പോഴും ആരോപണം ഉയര്‍ന്നിട്ടുണ്ട്. താങ്കളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തിരിക്കുന്ന മുക്കത്തെ പെണ്ണിന്റെ വീഡിയോയ്ക്കു താഴെ ഒരു ചെറുപ്പക്കാരന്‍ കമന്റ് ചെയ്തിരിക്കുന്നത് കണ്ടു. ഇനിയെങ്കിലും കോപ്പിയടിയ്ക്കാതെ സ്വന്തം കഴിവ് പ്രയോജനപ്പെടുത്തുക എന്ന്. അതിന് താങ്കള്‍ നല്‍കിയിരിക്കുന്ന മറുപടി അതിനു വേറെ ചിലര്‍ കൂടി വിചാരിക്കണമെന്നാണ്. ആരാണ് ഈ വേറെ ചിലര്‍?

അതിപ്പോള്‍ നമുക്ക് അങ്ങനെയങ്ങ് പറയാന്‍ പറ്റില്ല. ഇന്റസ്ട്രിയുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങളുണ്ട്. പക്ഷേ ഒന്നു പറയാം. എന്റെ കഴിവുകേടു കൊണ്ടല്ല ഞാന്‍ കോപ്പിയടിച്ചത്. മറിച്ച് കോപ്പിയടിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയുന്നത് എനിക്ക് കഴിവുള്ളതുകൊണ്ടാണ്. ഞാനായിട്ട്, എന്നാല്‍ പിന്നെ കോപ്പിയടിച്ചേക്കാം എന്നു കരുതി ചെയ്യുന്നതല്ല ഇതൊന്നും. അങ്ങനെ ജീവിക്കാന്‍ താല്‍പര്യവുമില്ല. അതിനുള്ള തെളിവുകളാണ് കോപ്പിയടി ആരോപണമൊന്നുമേല്‍ക്കാതെ നമ്മള്‍ ചെയ്ത് ഹിറ്റായിട്ടുള്ള പാട്ടുകള്‍. പിന്നെ, കോപ്പിയടിച്ചെടുക്കുന്ന പാട്ടുകള്‍ കേട്ടുകൊള്ളണമെന്ന് ഞാന്‍ ആരോടും ശുപാര്‍ശ ചെയ്തിട്ടില്ല. അത് പല കാരണങ്ങളാല്‍ ഉണ്ടാവുന്നതാണ്, ഈ കോപ്പിയടി എന്നു പറയുന്നത്. പലപ്പോഴും നമ്മളെ അതില്‍ പെടുത്തുകയാണ്. അല്ലാതെ മന:പൂര്‍വം എവിടെനിന്നും കോപ്പിയടിച്ചിട്ടില്ല. ഒരു പാട്ട് കോപ്പിയടിയ്ക്കാതിരിയ്ക്കാന്‍വേണ്ടി 40 ട്യൂണുകള്‍ വരെ ഉണ്ടാക്കിയ ചരിത്രമുണ്ട്. പക്ഷേ എന്നാലും അവസാനം അപ്രൂവ് ചെയ്യപ്പെടുന്നത് കോപ്പിയടിയ്ക്കപ്പെട്ടു എന്ന് ആരോപിക്കപ്പെടുന്ന പാട്ടുകളോട് സാമ്യമുള്ള ട്യൂണുകളായിരിക്കും. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ഇതിന്റെ പിന്നില്‍.

ഇനി ബാക്ക്ഗ്രൗണ്ട് സ്‌കോറിന്റെ കാര്യം പറഞ്ഞാല്‍ എഡിറ്റര്‍മാര്‍ ചിലപ്പോള്‍ ഇതിനകം ജനപ്രീതിയാര്‍ജിച്ച ഏതെങ്കിലുമൊരു ഇംഗ്ലീഷ് ട്രാക്ക് എടുത്തുവച്ചിട്ടാകും എഡിറ്റ് ചെയ്യുന്നുണ്ടാവുക. അതിനനുസരിച്ച് വര്‍ക്ക് മുന്നോട്ടുപോകുമ്പോള്‍ എല്ലാവരും അതുമായി സിങ്ക് ആയിട്ടുണ്ടാകും. പിന്നെ നമ്മളായിട്ട് ഒരു ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ അതിന്റെ മുകളിലേക്ക് എത്ര മാറ്റി ചെയ്താലും നേരത്തെ സെറ്റ് ചെയ്തുവച്ചിരിക്കുന്നതിനാകും അപ്രൂവല്‍ ലഭിക്കുക. സിനിമയുടെ നിലനില്‍പ്പിനുവേണ്ടി, ഏറ്റെടുത്തിരിക്കുന്ന പ്രോജക്റ്റ് പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം കൊണ്ട് പലപ്പോഴും അങ്ങനെ ചെയ്യേണ്ടിവന്നിട്ടുണ്ട്. അതില്‍ ഖേദിക്കുന്നുമുണ്ട്. പക്ഷേ ആ പ്രവണത ഇല്ലാതിരിക്കണമെങ്കില്‍ സംഗീത സംവിധായകരല്ല വിചാരിക്കേണ്ടത്. മറിച്ച് നമ്മളെ വര്‍ക്ക് ചെയ്യിപ്പിക്കുന്നവരാണ്. പക്ഷേ അവസാനം ഇതിന്റെ പഴി ഏല്‍ക്കേണ്ടിവരുന്നത് പാവം മ്യൂസിക് ഡയറക്ടേഴ്‌സുമായിരിക്കും. പിന്നെ ഇങ്ങനെയുള്ള ആവശ്യങ്ങളുമായി ആളുകള്‍ സമീപിക്കുമ്പോള്‍ നമ്മളെപ്പോലുള്ളവര്‍ ചെയ്യുന്നത് എന്താണെന്നുവച്ചാല്‍ അതിന്റെ ഒറിജിനല്‍ ഫീല്‍ തോന്നിപ്പിക്കുന്ന രീതിയില്‍, എന്നാല്‍ നൊട്ടേഷന്‍സ് ഒക്കെ കുറച്ചുമാറ്റി നിയമപരമായി ഒരു പ്രശ്‌നം ഉണ്ടാകാത്ത രീതിയില്‍ ഹാന്‍ഡില്‍ ചെയ്യുക എന്നതാണ്. കോടതിയില്‍ നിയമമുണ്ട്. അതിന് ലൂപ്‌ഹോള്‍സുമുണ്ട്. കൊല ചെയ്ത എത്രയോപേര്‍ ഇവിടെ വെറുതെ നടപ്പുണ്ട്. അല്ലേ? ഒരുപാട് നിരപരാധികള്‍ അകത്തും കിടപ്പുണ്ട്.

സംവിധായകരുടെ ഭാഗത്തുനിന്നാണോ പലപ്പോഴും ഇത്തരം ആവശ്യങ്ങള്‍ ഉണ്ടാകാറ്?

ഡയറക്ടര്‍ എന്നു ഞാന്‍ പറയില്ല. ഡയറക്ടര്‍ ആയിക്കൊള്ളണമെന്നില്ല, പ്രൊഡ്യൂസര്‍ ആയിക്കൊള്ളണമെന്നില്ല, സിനിമാപ്രവര്‍ത്തകരില്‍ ആരുവേണമെങ്കില്‍ ആകാം. എഡിറ്റര്‍ ആകാം, ക്യാമറാമാനാകാം. ആരുമാകാം. ആരെയും എടുത്തുപറയാന്‍ കഴിയില്ല. സിനിമ ഒരു കൂട്ടായ്മയാണ്. ആ കൂട്ടായ്മയെ ഞാനൊരിക്കലും തള്ളിപ്പറയാന്‍ ആഗ്രഹിക്കുന്നില്ല.


പക്ഷേ മറ്റു പലരുടെയും താല്‍പര്യങ്ങള്‍ക്കുവേണ്ടി ചെയ്യേണ്ടിവരുന്ന കാര്യത്തിന് നിരന്തരം പഴിയേല്‍ക്കേണ്ടിവരുന്നത് ബുദ്ധിമുട്ടുണ്ടാക്കാറില്ലേ?

ഇല്ല, അങ്ങിനെ ബുദ്ധിമുട്ടൊന്നുമില്ല. സീ, ഇതിനെയൊക്കെ തരണം ചെയ്യാന്‍ കഴിയുന്നവര്‍ മാത്രം സിനിമ ചെയ്താല്‍ മതി. പിന്നെ, സിനിമയില്‍ നില്‍ക്കേണ്ടിവരുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരും. അതിനെ മറികടക്കുന്ന രീതിയില്‍ അടുത്തൊരു വര്‍ക്ക് ചെയ്തുകൊണ്ടാണ് അതിന് ഉത്തരം പറയേണ്ടത്. ഇപ്പോള്‍ എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വന്നുകിടക്കുന്ന മെസേജുകള്‍ രണ്ടായിരത്തിലേറെ വരും. അത് നോക്കാന്‍ പോയാല്‍ ഒരു കൊല്ലത്തെ പണിയുണ്ട്. അതുകൊണ്ട് ഞാന്‍ നോക്കില്ല. എനിക്ക് സമയമില്ല. പിന്നെ, വന്നിട്ടുള്ള മെസേജുകളില്‍ ചിലതെല്ലാം ഓപണ്‍ ചെയ്ത് നോക്കുമ്പോള്‍ പലരും മുന്‍പും എനിക്ക് മെസേജുകള്‍ അയച്ചിട്ടുള്ളവരാണ്. അവരില്‍ പലരും മുന്‍പെന്നെ തെറി വിളിച്ചിട്ടുള്ളവരാണ്. കോപ്പിയടിച്ചെന്നൊക്കെ പറഞ്ഞിട്ട്. അവരിപ്പോള്‍ പറയുന്നത്, സോറി ഗോപിച്ചേട്ടാ എന്നാണ്. ഞങ്ങള്‍ നിങ്ങളെ തെറ്റിധരിച്ചു. നിങ്ങള്‍ കോപ്പിയടി വീരനാണെന്നാണ് വിചാരിച്ചത്. പക്ഷേ മുക്കത്തെ പെണ്ണ് എന്ന പാട്ടിലൂടെ നിങ്ങള്‍ മനസിലേക്ക് അങ്ങു കയറി. ആ പാട്ട് ഒരു ഇമോഷണല്‍ ഹിറ്റാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പാട്ടുകള്‍ ഇഷ്ടപ്പെട്ടുണ്ടാകുന്ന ഹിറ്റ് വേറെ, കേള്‍ക്കുന്നവന് ഇമോഷണലി അറ്റാച്ച്‌മെന്റായിട്ട് ഹിറ്റാകുന്നത് വേറെ. ആദ്യമായാണ് ഞാന്‍ ചെയ്ത ഒരു പാട്ട് ആ രീതിയില്‍ സ്വീകരിക്കപ്പെടുന്നത്. എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും നന്ദി എന്നു പറഞ്ഞാണ് ആദ്യമായി ഈ പാട്ട് യു ട്യൂബില്‍ നമ്മള്‍ ആദ്യം അപ്‌ലോഡ് ചെയ്തത്.