ഷാജി എന്‍ കരുണ്‍ അഭിമുഖം: ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ലോകസിനിമകള്‍ കണ്ട് മടങ്ങാം, മേളയുടെ നിലവാരം ആസ്വാദകരുടെയും ഉത്തരവാദിത്വം

December 4, 2015, 5:24 pm
ഷാജി എന്‍ കരുണ്‍  അഭിമുഖം: ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ലോകസിനിമകള്‍ കണ്ട് മടങ്ങാം, മേളയുടെ നിലവാരം ആസ്വാദകരുടെയും ഉത്തരവാദിത്വം
Interview
Interview
ഷാജി എന്‍ കരുണ്‍  അഭിമുഖം: ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ലോകസിനിമകള്‍ കണ്ട് മടങ്ങാം, മേളയുടെ നിലവാരം ആസ്വാദകരുടെയും ഉത്തരവാദിത്വം

ഷാജി എന്‍ കരുണ്‍ അഭിമുഖം: ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച ലോകസിനിമകള്‍ കണ്ട് മടങ്ങാം, മേളയുടെ നിലവാരം ആസ്വാദകരുടെയും ഉത്തരവാദിത്വം

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇരുപതാം പതിപ്പിനെക്കുറിച്ച് ഫെസ്റ്റിവല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഷാജി എന്‍ കരുണുമായി അഭിമുഖം

ചലച്ചിത്രഅക്കാദമിയുടെ ആദ്യ ചെയര്‍മാനായിരുന്നു താങ്കള്‍, കേരളാ രാജ്യാന്തര ചലച്ചിത്രമേള ഇരുപതാം വര്‍ഷത്തിലെത്തിയിരിക്കുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേള എന്ന നിലയില്‍ ലോക മേളകളോട് കിടപിടിക്കുന്ന കാരക്ടര്‍ മേളയ്ക്ക് കൈ വന്നിട്ടുണ്ടോ?

തീര്‍ച്ചയായും, കാര്കടര്‍ ആണ് ഓരോ മേളയെയും വേറിട്ടു നിര്‍ത്തുന്നത്. ലോക മേളകളോടൊപ്പം നില്‍ക്കാവുന്ന സ്വഭാവം രൂപപ്പെടുത്തുക തന്നെയാണ് ഇരുപതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന ദൗത്യം. കാന്‍,വെനീസ് മേളകള്‍ സവിശേഷമായി നില്‍ക്കുന്നത് ചലച്ചിത്രോത്സവത്തിന്റെ സ്വഭാവം കൊണ്ടാണ്. ഐഎഫ്എഫ്‌കെയ്ക്കുള്ള ഒരു അഡ്വാന്റേജ് എന്താണെന്ന് വച്ചാല്‍ മികച്ചൊരു പ്രേക്ഷകസമൂഹം നമ്മുടെ മേളയ്ക്കുണ്ട്. നല്ല സിനിമകളിലൂടെ ആ പ്രേക്ഷകരുടെ ചലച്ചിത്രസാക്ഷരത ഉയര്‍ത്തുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുതുതായി ഉണ്ടായ മികച്ച സിനിമകള്‍ അവര്‍ക്ക് മുന്നിലെത്തിക്കാനാണ് ഇത്തവണ ശ്രമിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ മിക്ക നല്ല സിനിമകളുടെയും ആസ്വാദകരാകാനാകും എന്നത് തന്നെയാണ്  ഇത്തവണ കേരളാ രാജ്യാന്തര ചലച്ചിത്രമേള നല്‍കുന്ന ഉറപ്പ്.

പതിനയ്യായിരം ഡെലിഗേറ്റുകളെത്തുന്ന മേള, മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടിയാവുകയാണ് പങ്കാളിത്തം. പ്രാതിനിധ്യക്കൂടുതലിനെ ഉള്‍ക്കൊള്ളാവുന്ന സജ്ജീകരണങ്ങള്‍ ഇക്കുറിയുണ്ടോ?

ഈ വര്‍ഷം രണ്ട് തിയറ്ററുകള്‍ അധികമായി വന്നിട്ടുണ്ട്.  ടാഗോര്‍ തിയറ്റര്‍ 900 പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ പ്രദര്‍ശന സജ്ജമായിട്ടുണ്ട്. നിശാഗന്ധിയില്‍ പകലും സിനിമകള്‍ കാണിക്കാവുന്ന വിധത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. അവിടെ നിലത്തിരുന്ന് ആളുകള്‍ സിനിമ കാണുന്ന സ്ഥലത്താണ് ആയിരത്തിലധികം സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രതിനിധികളെ എണ്ണക്കൂടുതല്‍ പരിഗണിച്ചാണ് ഈ ക്രമീകരണം. നല്ല സിനിമകള്‍ നമ്മള്‍ മേളയില്‍ കൊണ്ടുവരുമ്പോള്‍ അതിന് നല്ലൊരു തുക ഫിലിം മേക്കേഴ്‌സ് ഈടാക്കുന്നുണ്ട്. രണ്ട് ഷോകളില്‍ കൂടുതല്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും. അതിന് നമ്മുടെ പരിമിതി അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഒറ്റ പ്രദര്‍ശനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കാണാവുന്ന സൗകര്യത്തിനായി ശ്രമിക്കുന്നത്. പല തിയറ്ററുകളും മള്‍ട്ടിപ്‌ളെക്‌സായി 1200 സീറ്റുകളുള്ള തിയറ്ററൊക്കെ രണ്ടും മൂന്നും സ്‌ക്രീനായി മാറി.

അപ്പോഴും പാതിയിലേറെ പേര്‍ തിയറ്ററുകള്‍ക്ക് പുറത്താവുന്ന സാഹചര്യം നിലനില്‍ക്കുകയല്ലേ?

ഈ ഫെസ്റ്റിവലില്‍ ഏതൊക്കെ സിനിമ കാണണം ഡെലഗേറ്റുകള്‍ക്ക് മുന്‍കൂട്ടി തീരുമാനിക്കാം. വളരെ നേരത്തെ തന്നെ ഫെസ്റ്റിവല്‍ ഷെഡ്യൂള്‍ വെബ്‌സൈറ്റിലൂടെം പുറത്തുവിട്ടിരുന്നു.
ഓണ്‍ലൈന്‍ വഴി ബുക്കിംഗും ഉണ്ട്. മേളയുടെ അച്ചടക്കം നമ്മള്‍ തന്നെ രൂപപ്പെടുത്തിയെടുക്കേണ്ടതാണ്. തളളിക്കയറ്റത്തിന് പകരം റിസര്‍വേഷന്‍ സൗകര്യം സാധാരണ തിയറ്ററുകളില്‍ നിന്ന് സിനിമ കാണുന്നത് പോലെ ഉപയോഗിക്കണം. ടിക്കറ്റെടുത്തവര്‍ക്ക് മാത്രമല്ലേ അവിടെയും പ്രവേശനമുള്ളൂ. പിന്നെ റിപ്പീറ്റ് സ്‌ക്രീനിംഗ് എല്ലാവര്‍ക്കും ഷെഡ്യൂളില്‍ നിന്ന് മനസ്സിലാകും. രണ്ട് ദിവസത്തിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സാങ്കേതിക നിലവാരം ഉറപ്പുവരുത്തിയത് താങ്കളുടെ നേതൃത്വത്തിലുള്ള ടീം ആയിരുന്നു. ഐഎഫ്എഫ്‌കെയുടെ പ്രദര്‍ശന നിലവാരം മിക്കപ്പോഴും പരാതികള്‍ക്കിടയാക്കാറുണ്ട്. പ്രൊജക്ഷന്‍, ശബ്ദം,എന്നിവയുടെ കാര്യത്തില്‍ ഗുണനിലവാരം ഉറപ്പാക്കാനായിട്ടുണ്ടോ?

ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ടെക്‌നിക്കല്‍ പാര്‍ട്‌ണേഴ്‌സ് ആയ അതേ ടീമിനെ തന്നെയാണ് തിരുവനന്തപുരത്ത് കൊണ്ടുവന്നിരിക്കുന്നത്. ഡിജിറ്റല്‍ സിനിമാ മേക്കിംഗില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്പനിയായ ബാര്‍കോയാണ് കേരളാ മേളയുടെ പാര്‍ട്ണര്‍. പിന്നെ ഡോള്‍ബി,ക്യൂബിന്റെ റീഡ് ഇമേജ് എന്നിവരും ടെക്‌നിക്കല്‍ പിന്തുണ നല്‍കുന്നുണ്ട്. പ്രൊജക്ഷനും സ്‌ക്രീനിന്റെ കാര്യങ്ങളും മികച്ച നിലവാരത്തിലാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ തയ്യാറെടുപ്പ് നടത്തിയിരുന്നു. ഫിലിംമേക്കര്‍ ഉണ്ടാക്കിയ അതേ ക്വാളിറ്റിയില്‍ തന്നെ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. പക്ഷേ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സൗകര്യക്കൂടുതല്‍ ഉണ്ട്. മേള പ്രധാനമായും ഐനോക്‌സ് മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനിലാണ് നടക്കുന്നത്. സാങ്കേതിക നിലവാരം ഉറപ്പുവരുത്തുക എളുപ്പമാണ്. പ്രശ്‌നങ്ങളെല്ലാം എളുപ്പം പരിഹരിക്കാന്‍ പറ്റും. ഇവിടെ പല ഉടമസ്ഥരുടെ കീഴിലുളള തിയറ്ററുകളിലാണ് ചലച്ചിത്രമേള. എങ്കില്‍ പോലും നാല് മാസം മുമ്പ് തന്നെ മേളയിലെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളില്‍ ടെക്‌നിക്കല്‍ ടീം സാങ്കേതിക നിലവാര പരിശോധന നടത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച പ്രൊജക്ഷനിലും മികച്ച ശബ്ദസംവിധാനത്തിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഇത്തവണ സാധിക്കുമെന്നാണ് വിശ്വാസം.

എല്ലാ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളും പരിഗണിച്ചാല്‍ ഫെസ്റ്റിവല്‍ കലണ്ടറില്‍ വര്‍ഷാന്ത്യത്തിലെത്തുന്ന മേളയാണ് കേരളത്തിലേത്. മികച്ച വിദേശ സിനിമകള്‍ ലഭിക്കുന്നതിന് ഇതൊരു തടസ്സമാകുന്നുണ്ടോ

മറ്റൊരു തരത്തില്‍ നോക്കിയാല്‍ അതൊരു സൗകര്യം കൂടിയാണ്. ലോകത്തെ വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഏറ്റവും മികച്ച സിനിമകള്‍ തെരഞ്ഞെടുത്ത് സ്‌ക്രീന്‍ ചെയ്യാന്‍ നമുക്ക് അവസരം കിട്ടും. കാന്‍ ചലച്ചിത്രമേളയിലും,വെനീസിലും,ടൊറന്റോയിലും,ലൊക്കാര്‍ണോയിലും പുസാനിലും പ്രദര്‍ശിപ്പിച്ച നല്ല സിനിമകള്‍ ഇത്തവണത്തെ മേളയിലുണ്ട്. ഒടുവില്‍ നടന്ന
ഗോവാ ചലച്ചിത്രമേളയിലെ പുരസ്‌കാരാര്‍ഹമായ സിനിമകളും മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളും ഇവിടെ എത്തിക്കാനായിട്ടുണ്ട്. വൈകിയത് കൊണ്ട് കുറച്ചുകൂടെ സെലക്ടീവാകാനാണ് പറ്റിയത്. ഒരാള്‍ക്ക് മാക്‌സിമം 21 ചിത്രങ്ങളാണ് ചുരുങ്ങിയത് കാണാനാവുക. അപ്പോള്‍ പ്രേക്ഷകര്‍ക്കും സെല്ക്ട് ചെയ്ത് സിനിമ കാണാനാകും. ചലച്ചിത്രമേളയ്ക്ക് ഇനിയും വളരാനുണ്ട്. നമ്മുടെ മത്സരവിഭാഗത്തിലെ സിനിമകള്‍ എല്ലാം തന്നെ ആദ്യമായി ഇവിടെ സ്‌ക്രീന്‍ ചെയ്യുന്നതാകേണ്ടതുണ്ട്. ഇരുപത് വര്‍ഷം കഴിഞ്ഞാലും ആ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് ഇവിടെയാണ് എന്ന നിലയുണ്ടാവണം

മുന്‍വര്‍ഷങ്ങളില്‍ വ്യത്യസ്ഥമായി കൂടുതല്‍ ആദ്യപ്രദര്‍ശനങ്ങള്‍ ഇക്കുറിയുണ്ടെന്ന് കേട്ടിരുന്നു. വേള്‍ഡ് പ്രിമിയര്‍,ഏഷ്യന്‍ പ്രിമിയര്‍ എന്ന നിലയിലൊക്കെ കുറേ സിനിമകള്‍.

ഇന്ത്യയിലെ തന്നെ മറ്റ് ഫെസ്റ്റിവലുകളായ ഗോവാ,മുംബൈ,കൊല്‍ക്കത്ത എന്നിവയ്ക്ക് ശേഷമാണല്ലോ നമ്മുടേത്. അതുകൊണ്ട് തന്നെ ഇവിടൊന്നും കാണിക്കാത്ത കുറേ സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്പതോളം ചിത്രങ്ങള്‍ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നവയാണ്. വിദേശ ഭാഷാ വിഭാഗത്തില്‍ ഓസ്‌കാറിന് വിവിധ രാജ്യങ്ങള്‍ നല്‍കിയ 19 സിനിമകള്‍ ഇവിടെ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. പിന്നെ ആദ്യസംവിധായകരുടെ നല്ല ഏഴ് ചിത്രങ്ങളുണ്ട്. അവ വിവിധ ചലച്ചിത്രമേളകളില്‍ നവാഗത പുരസ്‌കാരം ലഭിച്ചവയാണ്. പിന്നെ വിമണ്‍ ഇഷ്യൂസ് കൈകാര്യം ചെയ്ത സിനിമകളുണ്ട്.

മേളയ്ക്ക് ആതിഥ്യം വഹിക്കുന്ന ഇടത്തെ ചലച്ചിത്രമേഖലയെ കൃത്യമായി പരിഗണിക്കാന്‍ നമ്മുടെ ചലച്ചിത്രമേളയ്ക്ക് സാധിക്കാറില്ല. മലയാള സിനിമയ്ക്ക് രാജ്യാന്തര വിപണി കണ്ടെത്തുന്ന നിലയിലും നിര്‍മ്മാണപങ്കാളിത്തം ലഭിക്കാനുമൊക്കെ മേള എന്താണ് ചെയ്യുന്നത് ?

മലയാള സിനിമാ മേഖലയുമായി സഹകരിച്ച് മൂന്ന് വര്‍ക് ഷോപ്പുകള്‍ മേളയ്ക്ക് മുമ്പേ നടത്തിയിരുന്നു. വര്‍ക്ക് ഷോപ്പിലൂടെ നല്ല സിനിമകള്‍ എന്താണ് എന്ന നിലയിലുള്ള ധാരണ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. പുറത്ത് വിപണനം സാധ്യമാകുന്ന തരത്തില്‍ മലയാളത്തില്‍ സിനിമ ഒരുക്കുക എന്ന ലക്ഷ്യമാണ് ഞാന്‍ ഈ വര്‍ക്ക് ഷോപ്പിലൂടെ ആലോചിച്ചത്. ചിലപ്പോള്‍ ഇത് യാഥാര്‍ത്ഥ്യമാകാന്‍ അഞ്ച് വര്‍ഷം വേണ്ടിവന്നേക്കാം. കതിരിന് വളമിടുന്നതിലും നല്ലത് നടുന്നതിന് മുമ്പേ വളമിടുന്നതല്ലേ.

ഓപ്പണ്‍ ഫോറം പോലുള്ള തുറന്ന ചര്‍ച്ചകളെ നിയന്ത്രിക്കുന്ന സാഹചര്യം മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്നു

ഓപ്പണ്‍ ഫോറമൊക്കെ നിയന്ത്രിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയായിരുന്നു. ഓപ്പണ്‍ ഫോറം എന്നത് വ്യക്തികള്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്ക് കടന്ന ഘട്ടത്തിലാണ് അത്തരം നിയന്ത്രണങ്ങള്‍ വന്നത്. ചലച്ചിത്രലോകത്തിനും ആസ്വാദനത്തിനും ഒരു പോലെ ഗുണം ചെയ്യുന്ന ആരോഗ്യകരമായ വേദിയായി ഓപ്പണ്‍ ഫോറത്തെ വളര്‍ത്തിയെടുക്കുകയാണ് ചെയ്യേണ്ടത്. ഓപ്പണ്‍ ഫോറവും,ഡിബേറ്റുകളും,ഫിലിം മേക്കേഴ്‌സുമായി ഇന്ററാക്ഷനുമൊക്കെ ഇത്തവണ ഉണ്ടാകും. അതിനൊന്നും നിയന്ത്രണമില്ല.

മൂന്നാം ലോകരാജ്യങ്ങളിലെ നടപ്പുകാലത്തെ രാഷ്ട്രീയവും ഉത്കണ്ഠകളുമൊക്കെ മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്നു. ഈ വര്‍ഷം അത്തരത്തില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള സിനിമകള്‍ക്ക് ഇടമുണ്ടോ?

പല മൂന്നാം ലോകരാജ്യങ്ങളുടെയും ആശങ്കളെ അവതരിപ്പിച്ച ഒരു പാട് സിനിമകളുണ്ട്. പൊളിറ്റിക്കല്‍ മെസ്സേജ് എന്നത് ഒരു വിഷന്റെ ഭാഗമായി ഒരു കലാകാരന്‍ മുന്നോട്ട് വയ്ക്കുന്നത് കൂടിയാണ്. നമ്മളെ പോലുള്ള വികസ്വര രാജ്യങ്ങളുടെ കാലിക രാഷ്ട്രീയമുള്ള മികച്ച സിനിമകള്‍ തന്നെയാണ് എത്തിയിരിക്കുന്നത്. പക്ഷേ പറയുന്ന വിധത്തില്‍ സിനിമ എന്ന മീഡിയത്തെ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്.