‘മരണശേഷവും രോഹിത് തേജോവധം ചെയ്യപ്പെടുന്നു’: ശ്രീകാന്ത് ചിന്താല 

January 17, 2017, 9:07 pm


‘മരണശേഷവും രോഹിത് തേജോവധം ചെയ്യപ്പെടുന്നു’: ശ്രീകാന്ത് ചിന്താല 
Interview
Interview


‘മരണശേഷവും രോഹിത് തേജോവധം ചെയ്യപ്പെടുന്നു’: ശ്രീകാന്ത് ചിന്താല 

‘മരണശേഷവും രോഹിത് തേജോവധം ചെയ്യപ്പെടുന്നു’: ശ്രീകാന്ത് ചിന്താല 

രോഹിത് വെമുലയേക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക ഡോക്യുമെന്ററി രോഹിത് ജീവിതം അവസാനിപ്പിച്ച ജനുവരി 17ന് റിലീസ് ചെയ്തു. ചിത്രീകരണത്തിനിടയിലെ അനുഭവങ്ങള്‍ സംവിധായകന്‍ ശ്രീകാന്ത് ചിന്താല, ശ്രിജ നസ്‌കറുമായി പങ്കുവെയ്ക്കുന്നു.

ശ്രീകാന്ത് ചിന്താല ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു എഴുത്തുകാരനും ഡോക്യുമെന്ററി ഫിലിം നിര്‍മ്മാതാവുമാണ്. 'പബ്ലിക് ഇന്ററസ്റ്റ്' എന്ന സംഘടനയുടെ സ്ഥാപകനും മേധാവിയും കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ ബിഎഎംസിഇഎഫിന്റെ (അഖിലേന്ത്യാ പിന്നോക്ക-ന്യൂനപക്ഷ തൊഴിലാളി ഫെഡറേഷന്‍) ദേശീയ ജനറല്‍ സെക്രട്ടറിയാണ്. ബാബാ സാഹേബ് അംബേദ്കര്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് സന്ദര്‍ശിച്ചതിന്റെ നൂറാം വാര്‍ഷികത്തില്‍ 'മനുഷ്യാവകാശങ്ങളും തുല്യതയും' എന്ന വിഷയത്തില്‍ ബിഎഎംസിഇഎഫ് അന്താരാഷ്ട്ര സമ്മേളനം നടത്തിയിരുന്നു. 2016 ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ തന്നെയാണ് സമ്മേളനം നടത്തിയത്.

രോഹിത് വെമുലയെക്കുറിച്ചുള്ള ആദ്യ ഡോക്യുമന്ററിയാണോ ഇത്?

ഔദ്യോഗികമായിട്ടുള്ള ആദ്യ ഡോക്യുമെന്ററി. രോഹിത്തിന്റെ മരണശേഷം നടന്ന സമരപോരാട്ടങ്ങളില്‍ പങ്കെടുത്തവര്‍ ചെയ്ത ചെറിയ ഓണ്‍ലൈന്‍ വീഡിയോകള്‍ ഉണ്ട്. പക്ഷെ ഒരു ഡോക്യുമെന്ററി ഉണ്ടായിരുന്നില്ല.

യുട്യൂബില്‍ റിലീസ് ചെയ്യുന്നതിലുപരിയായി പ്രചാരണം വിപുലമാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചോ?

ഉവ്വ്, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ജനുവരി 17ന് പ്രദര്‍ശിപ്പിക്കാന്‍ ആലോചനയുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജെഎന്‍യുവില്‍ നിന്നും മറ്റു ചില കേന്ദ്ര-സംസ്ഥാന യൂണിവേഴ്‌സിറ്റികളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ക്ഷണിക്കുന്നുണ്ട്. എല്ലായിടത്തും പ്രദര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.ശ്രീകാന്ത് ചിന്താല
ശ്രീകാന്ത് ചിന്താല

ഡോക്യുമെന്ററിക്കായി എത്രസമയം ചിലഴിച്ചു?

രോഹിത്തിന്റെ മരണത്തിനു മുന്‍പ്, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎസ്എ) പ്രവര്‍ത്തകരായ അഞ്ച് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ തന്നെ ഡോക്യുമെന്ററി ചെയ്യാന്‍ ഞാന്‍ തീരുമാനമെടുത്തതാണ്. പെട്ടെന്നുള്ള രോഹിത്തിന്റെ മരണം ഞെട്ടിച്ചു കളഞ്ഞു. അപ്പോള്‍ മുതല്‍ രോഹിത്തിന്റെ ജീവിതത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങള്‍ 2-3 മാസങ്ങള്‍ കൊണ്ട് തയ്യാറാക്കിയെങ്കിലും ഞാന്‍ ക്ഷമയോടെ കാത്തിരുന്നു. മരണത്തേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരണമായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളും ഗവണ്‍മെന്റിന്റെ പ്രതികരണങ്ങളും അറിയണമായിരുന്നു. ഈ ഡോക്യുമെന്ററി പൂര്‍ത്തീകരിക്കാന്‍ 10 മാസമെടുത്തെന്ന് പറയാം.ഡോക്യുമെന്ററിയില്‍ നിന്ന്
ഡോക്യുമെന്ററിയില്‍ നിന്ന്

രോഹിത്തിനേക്കുറിച്ച് നടത്തിയ അന്വേഷണങ്ങള്‍ എങ്ങനെയായിരുന്നു?

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയ്ക്ക് പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കുനേരെയുണ്ടായിട്ടുള്ള ജാതി പീഡനങ്ങളേക്കുറിച്ചുള്ള പഠനങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പീഡനങ്ങള്‍ മൂലം ആത്മഹത്യയിലേക്ക് നയിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍, കോളേജിനും സ്റ്റാഫിനുമെതിരെ നല്‍കിയ പരാതികളുടെ എണ്ണം തുടങ്ങിയവ. എന്റെ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം രോഹിത് വെമുലയുള്‍പ്പെടെ ഒമ്പത് പേരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ എച്ച്‌സിയുവില്‍ മാത്രം ആത്മഹത്യ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എച്ച്‌സിയുവിലെ ചില വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും രോഹിത്തിന്റെ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും കാണുകയുണ്ടായി. അതില്‍ ചില ആളുകള്‍ ക്യാമറയുടെ മുമ്പില്‍ വരാന്‍ വിസമ്മതിച്ചു. പേരു പുറത്തുവിടില്ലെന്ന ഉറപ്പോടെ അവര്‍ക്ക് പറയാനുള്ളത് ശബ്ദമായിമാത്രം റെക്കോഡ് ചെയ്യേണ്ടിവന്നു.

രോഹിത്തിന്റെ ഗ്രാമമായ ഗൂണ്ടൂര്‍, പഠിച്ച കോളേജായ ഗുണ്ടൂര്‍ ഹിന്ദു കോളേജ് എന്നിവിടങ്ങളിലെല്ലാം പോയി. കോളേജില്‍ രോഹിത്തിന്റെ അടുത്ത സുഹൃത്തായിരുന്ന സയീദ് റിയാസിനെ സന്ദര്‍ശിച്ചു. രോഹിത്തിന്റെ മരണശേഷം ഭീക്ഷണികളുണ്ടായപ്പോള്‍ രോഹിതിന്റെ കുടുംബം ഒളിവില്‍ കഴിഞ്ഞത് റിയാസിന്റെ വീട്ടിലാണ്. രോഹിത്തിന്റെ കുടുംബാംഗങ്ങള്‍ക്കുപോലും അറിയാത്ത കാര്യങ്ങള്‍ രോഹിത്തിനേക്കുറിച്ച് റിയാസിനറിയാമായിരുന്നു. ഡോക്യുമെന്ററി കാണുമ്പോള്‍ നിങ്ങള്‍ക്കതു മനസ്സിലാകും. രോഹിത്തിന്റെ ഏറ്റവും അടുത്ത സ്‌നേഹിതനായിരുന്നു റിയാസ്.

ഗുണ്ടൂരില്‍ വീട് വാടകയ്ക്ക് കൊടുക്കുന്ന ചിലരേയും ഞാന്‍ കണ്ടിരുന്നു. തന്റെ വാടകക്കാര്‍ രോഹിത്തിന്റെ കുടുംബമാണെന്നറിഞ്ഞ അവര്‍ ഉടന്‍ ഒഴിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടത്. പലരും ഭയം കാരണം ക്യാമറയ്ക്കു മുന്‍പില്‍ സംസാരിക്കാന്‍ തയ്യാറായില്ല. ‘വലിയ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ള സംഭവമാണിത്. ഞങ്ങള്‍ സംസാരിക്കാനില്ല.’ അവര്‍ പറഞ്ഞു.

ചിത്രീകരണത്തിനിടയിലെ മറക്കാനാവാത്ത, താങ്കളുടെ മനസ്സിനെ ഉലച്ച ഒരു സംഭവത്തേക്കുറിച്ച്?

അവന്റെ കുട്ടിക്കാലത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ പലതവണ കരഞ്ഞു. രോഹിത്തിനെയും കുടുംബത്തെയും അച്ഛന്‍ ഉപേക്ഷിച്ചു പോയതിനു ശേഷം അവര്‍ ആശ്രയിച്ചത് അന്‍ജാനി ദേവിയെയാണ് (രോഹിത്തിന്റെ ചിറ്റമ്മൂമ്മ). അന്‍ജാനി ദേവിയുടെ കുടുംബാംഗങ്ങള്‍ കഴിച്ചു തീരാതെ രോഹിത്തിന്റെ വീട്ടുകാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ലായിരുന്നു. സ്‌കൂളില്‍ നിന്ന് വിശന്ന് ഭക്ഷണം ചോദിച്ച് വരുന്ന രോഹിത്തിനെ മന:പൂര്‍വ്വം കാത്തു നിര്‍ത്തുമായിരുന്നു. ചിലപ്പോഴൊക്കെ അമ്മ രാധിക വെമുല രഹസ്യമായി ഭക്ഷണം തരപ്പെടുത്തി കൊടുക്കുന്നത് രോഹിത് ആരും കാണാതെ കുളിമുറിയില്‍ ഇരുന്നായിരുന്നു കഴിച്ചത്. രോഹിത് പഠിച്ച ‘കന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളി’ലെ ചില അധ്യാപകര്‍ സഹപാഠികളായ മേല്‍ജാതിക്കാരോടൊപ്പം ഇരിക്കരുതെന്ന് രോഹിത്തിനോട് പറയുമായിരുന്നു.

അങ്ങനെയുള്ള ചില അധ്യാപകരുമായി ഞങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല. രോഹിത് മിടുക്കനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. പത്താം ക്ലാസ് പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുവാങ്ങിയാണ് രോഹിത് പാസായത്. പഠിപ്പിലെ മികവ് കണ്ട സ്‌കൂള്‍ അധികൃതര്‍ ഫീസിളവ് നല്‍കി. അവന് സൗജന്യ വിദ്യാഭ്യാസം ലഭിച്ചു. മരണശേഷവും രോഹിത് തേജോവധം ചെയ്യപ്പെടുന്നു എന്നതാണ് ഏറ്റവും നികൃഷ്ടമായ കാര്യം. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും കൊടിയ ജാതിപീഡനമാണ് രോഹിത്തിന്റേത്.

രോഹിത് വെമുല, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ത്ഥി 2016 ജനുവരി 17ന് സ്വയം ജീവനൊടുക്കി  
രോഹിത് വെമുല, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ത്ഥി 2016 ജനുവരി 17ന് സ്വയം ജീവനൊടുക്കി  

ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടയില്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?

ആളുകളുടെ സമീപനമാണ് ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഓരോരുത്തര്‍ക്കും അവരവരുടേതായ വിവരണങ്ങളുണ്ടായിരുന്നു. എച്ച്‌സിയുവിലെ വിദ്യാര്‍ത്ഥികളോട് സംസാരിച്ചപ്പോള്‍ ചിലര്‍ ഇതൊരു ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍’ ആണെന്നതിന് തെളിവുണ്ടെന്ന് പറഞ്ഞു. ചിലര്‍ വിഷാദമാണ് കാരണമെന്ന് പറഞ്ഞു. ഞാനൊരു തീര്‍പ്പു കല്‍പിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്നില്ല. എല്ലാറ്റിനും ഉപരിയായി ഞാന്‍ ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുന്നു. കാര്യങ്ങള്‍ പക്ഷപാതമില്ലാതെ ഉള്ളതുപോലെ പറയണമെന്നത് എന്റെ ഉത്തരവാദിത്തമാണ്.

സമാനമായ സംഭവങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതിരുന്നതാണ് ഞാന്‍ നേരിട്ട രണ്ടാമത്തെ വെല്ലുവിളി. ഔദ്യോഗികമായ രേഖപ്പെടുത്തല്‍ ഒന്നും തന്നെയില്ല. ജാതിവിവേചനവുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാര്‍ത്ഥി ആത്മഹത്യകളേക്കുറിച്ച്, അതിന്റെ കാരണങ്ങളേക്കുറിച്ച്, ഗവണ്‍മെന്റ് അല്ലെങ്കില്‍ സ്ഥാപനം ആത്മഹത്യയ്ക്കു ശേഷം കൈക്കൊണ്ട നടപടികളേക്കുറിച്ച് എല്ലാം തിരക്കി. ഒന്നും തന്നെയില്ല. ഞങ്ങള്‍ യൂണിവേഴ്‌സിറ്റിയിലും മാനവവിഭവശേഷി മന്ത്രാലയത്തിലും വിവരാവകാശപ്രകാരം അപേക്ഷകള്‍ നല്‍കി. രോഹിത്തിന്റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, എന്തിന്റെ അടിസ്ഥാനത്തിലാണ് എംഎച്ച്ആര്‍ഡി അന്വേഷണസംഘം ‘ജാതി അന്വേഷണം’ ആരംഭിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്. ഒന്നിനും ഞങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.

‘ഞങ്ങള്‍ക്ക് പറയാനുള്ളതെല്ലാം പറഞ്ഞുകഴിഞ്ഞു’ എന്നാണ് മന്ത്രിമാരോടും പോലീസുദ്യോഗസ്ഥരോടും സംസാരിച്ചപ്പോള്‍ കിട്ടിയ മറുപടി. ഞാനൊരു സംഭവം പറയാം. എച്ച്‌സിയുവില്‍ വെച്ച് ഞങ്ങള്‍ പലരില്‍ നിന്നായി മൊഴി എടുക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരനിയമനമുള്ള ഒരു അധ്യാപകന്‍ എന്റെ ക്യാമറാമാനെ ഭീക്ഷണിപ്പെടുത്തി. സംഭവസമയത്ത് ഞാനവിടെ ഉണ്ടായിരുന്നില്ല. ഇങ്ങനെയാണ് അയാള്‍ പറഞ്ഞത്: ‘രോഹിതിനെ വെച്ച് ബുദ്ധിജീവി ചമയുന്നത് നിര്‍ത്തൂ. ഞാനൊരു സയന്‍സ് പ്രൊഫസറാണ്. ബുദ്ധിജീവികള്‍ ആരാണെന്നും എന്താണെന്നും എനിക്ക് നന്നായറിയാം. ഈ അസംബന്ധങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ നിങ്ങള്‍ക്കും രോഹിത്തിന്റെ ഗതിയാകും.’

രോഹിത്തിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്ത് കാര്‍ത്തിക് ബിട്ടുവിനെ (രോഹിത്തിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സമരങ്ങള്‍ നടത്തിയതിന് ഗസ്റ്റ് ഫാക്വല്‍റ്റി സ്ഥാനത്ത് നിന്ന് ബിട്ടുവിനെ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്താക്കിയിരുന്നു.) ഡോക്യുമെന്ററിയുമായി പ്രവര്‍ത്തിക്കുന്ന ആരോടും സംസാരിക്കരുതെന്ന് വൈസ് ചാന്‍സലര്‍ അപ്പാറാവു താക്കീത് ചെയ്തിരുന്നു.ഡോക്യുമെന്ററിയില്‍ നിന്ന്
ഡോക്യുമെന്ററിയില്‍ നിന്ന്

നിങ്ങള്‍ക്ക് രോഹിത് വെമുലയെ വ്യക്തിപരമായി അറിയാമോ? രോഹിതുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

രോഹിത്തിനെ എനിക്കറിയാമായിരുന്നു. സസ്‌പെന്‍ഷനു ശേഷം വേളിവാഡയില്‍ വെച്ച് സംസാരിച്ചപ്പോള്‍ രോഹിത് പറഞ്ഞതിങ്ങനെയാണ്. ‘നിങ്ങള്‍ ബിഎഎംസിഇഎഫ് കാര്‍ മുസ്ലീങ്ങള്‍ക്കും പിന്നോക്കവിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ ദേശവിരുദ്ധരായി മുദ്ര കുത്തപ്പെടും. പക്ഷെ നിങ്ങള്‍ രാജ്യം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന ഒരു സംഘടനയായതുകൊണ്ട് നിങ്ങളെ പെട്ടെന്ന് ലക്ഷ്യം വെക്കില്ല.’ രോഹിത് ഏതെല്ലാം അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഈ പറഞ്ഞതിലൂടെ വ്യക്തമായിരുന്നു. എഎസ്എ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ ‘ദേശവിരുദ്ധതയും ജാതീയതയും’ സൃഷ്ടിക്കുന്നെന്ന് ആരോപിച്ച് ബന്ദാരു ദത്താത്രേയ മാനവവിഭവശേഷി മന്ത്രാലയത്തിനയച്ച കത്തിനു പിന്നാലെയാണ് രോഹിത് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്.

താന്‍ പറഞ്ഞതിനേക്കുറിച്ച് രോഹിത്തിന് വ്യക്തമായി അറിയാമായിരുന്നു. തന്റെ ചിന്തകളെക്കുറിച്ച് അയാള്‍ക്ക് വ്യക്തമായ ബോധ്യവും ഉണ്ടായിരുന്നു. ഹൈദരാബാദിന്റെ ജന്തര്‍ മന്തര്‍ എന്ന് വിളിക്കാവുന്ന ധര്‍ണ ചൗക്കില്‍ രോഹിതിനെ നിങ്ങള്‍ക്ക് മിക്കപ്പോഴും കാണാമായിരുന്നു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ എല്ലാ നാലാം ഗ്രേഡ് ജീവനക്കാര്‍ക്കും രോഹിത്തിനെ അറിയാം. വാച്ച്മാന്‍ മുതല്‍ തൂപ്പുകാരനു വരെ രോഹിത്തിനെ നന്നായറിയാം. അയാള്‍ അവരെ സഹായിക്കാറുണ്ടായിരുന്നു. ഡോക്യുമെന്റെറി ചിത്രീകരണത്തിനിടയില്‍ തൊഴിലാളി ദിനാഘോഷത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് ഞാന്‍ അറിയാനിടയായി. വിദ്യാര്‍ത്ഥികളെല്ലാം തൊഴിലാളികള്‍ക്ക് പഴയ തുണിയും പണവും നല്‍കിയപ്പോള്‍ രോഹിത്തിന് കൊടുക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. രോഹിത് അന്നത്തെ ദിവസം മുഴുവന്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനായി ചിലവിട്ടു. ജോലിക്കിടയില്‍ ഇടവേളയെടുക്കാന്‍ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ രോഹിത് പറഞ്ഞു. ‘നിര്‍ത്താതെ ജോലി ചെയ്യുന്നത് എങ്ങനെയാണെന്ന് എനിക്കറിയാം. ഞാനതിന്റെ വേദന അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഇടവേള വേണ്ട.’ ഡോക്യുമെന്ററിയുടെ നിര്‍മ്മാണത്തിനിടയ്ക്ക് രോഹിത്തിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എനിക്കു കഴിഞ്ഞു. ഡോക്യുമെന്ററി കാണുമ്പോള്‍ നിങ്ങള്‍ക്കും അത് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഡോക്യുമെന്ററിയുടെ ട്രെയിലര്‍

നേതൃത്വത്തില്‍ രോഹിത്തില്ലാതെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ്?

സമൂഹത്തിനും എഎസ്എയ്ക്കും പകരം വെയ്ക്കാനാവാത്ത നഷ്ടമാണ് രോഹിത്തിന്റേത്. മുന്‍പത്തേക്കാള്‍ രോഹിത് എഎസ്എയുടെ ഭാഗമായി എന്നാണ് എനിക്ക് തോന്നുന്നത്. എഎസ്എയുടെ എല്ലാ പരിപാടികളിലും ഇപ്പോള്‍ രോഹിത്തുണ്ട്. രോഹിത്തിന്റെ ചിത്രമുണ്ട്. ഡോണ്‍ത പ്രശാന്തും വിജയ് കുമാറും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. രോഹിത് ജീവിച്ചിരുന്നപ്പോള്‍ എഎസ്എയുടെ ഭാഗമായിരുന്നു. മരിച്ചതിനുശേഷം എഎസ്എ രോഹിത്തിന്റെ ഭാഗമായി.

(ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തകയാണ് ശ്രിജ നസ്‌കര്‍)