ജോര്‍ജ്ജ് തോമസ് അഭിമുഖം: നേതാക്കള്‍ അഴിമതി ആരോപണങ്ങള്‍ നേരിടുമ്പോള്‍ ജെഡിയു ഇടതുമുന്നണിയില്‍ വരുന്നത് ശുഭകരമാവില്ല

January 11, 2016, 6:27 pm
ജോര്‍ജ്ജ് തോമസ് അഭിമുഖം: നേതാക്കള്‍ അഴിമതി ആരോപണങ്ങള്‍ നേരിടുമ്പോള്‍ ജെഡിയു ഇടതുമുന്നണിയില്‍ വരുന്നത് ശുഭകരമാവില്ല
Interview
Interview
ജോര്‍ജ്ജ് തോമസ് അഭിമുഖം: നേതാക്കള്‍ അഴിമതി ആരോപണങ്ങള്‍ നേരിടുമ്പോള്‍ ജെഡിയു ഇടതുമുന്നണിയില്‍ വരുന്നത് ശുഭകരമാവില്ല

ജോര്‍ജ്ജ് തോമസ് അഭിമുഖം: നേതാക്കള്‍ അഴിമതി ആരോപണങ്ങള്‍ നേരിടുമ്പോള്‍ ജെഡിയു ഇടതുമുന്നണിയില്‍ വരുന്നത് ശുഭകരമാവില്ല


എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു, യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വരാന്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയ സാഹചര്യത്തില്‍ നിലവിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചും  പാര്‍ട്ടിയുടെ നിലപാടുകളെക്കുറിച്ചും ജനതാദള്‍ എസ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് സൗത്ത് ലൈവിനോട് സംസാരിക്കുന്നു.

ആര്‍എസ്പിയും  ജെഡിയുവുമില്ലാതെ തന്നെ ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പെ ജെഡിയുവിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം, തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഇടതുമുന്നണിയുടെ ആത്മവിശ്വാസക്കുറവുകൊണ്ടാണോ?

ചില സാഹചര്യങ്ങളാല്‍ ഇടതുമുന്നണി വിട്ടുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ചവരാണ് ജെഡിയുവില്‍ ഉള്ളത്. അതുകൊണ്ട് തന്നെ  അവര്‍ തിരിച്ചുവരണം എന്നത് സന്തോഷകരമാണ്.  ഇടതുമുന്നണി മനഃപൂര്‍വ്വമായി ചവിട്ടിപുറത്താക്കി എന്ന തോന്നലുള്ളവരാണ് ജെഡിയുവിലേക്ക് പോയത്. അന്ന് ഇടതുമുന്നണി വിടാന്‍ അവര്‍ പറഞ്ഞകാര്യം കോഴിക്കോട് പാര്‍ലമെന്റ് സീറ്റ് നിഷേധിച്ചുവെന്നാണ്. കുറേ അണികള്‍ നേതൃത്വത്തിന്റെ വാക്കുകളില്‍ വിശ്വസിച്ചു. സോഷ്യലിസ്റ്റുപാര്‍ട്ടികളുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഇതിനുമുമ്പും ഇത്തരത്തില്‍ പലവിഷയങ്ങളും ഉണ്ടായിട്ടുണ്ട്. വീരേന്ദ്രകുമാറിനെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളുമുണ്ടായിരിക്കാം. പക്ഷെ വീരേന്ദ്രകുമാറിന്റെ കൂടെ പോയ അണികളെ ഇടതുമുന്നണിയിലേക്ക് എത്തിക്കുക എന്നത് സ്വാഭാവികം മാത്രം.

കഴിഞ്ഞ നാലരവര്‍ഷക്കാലമായി യുഡിഎഫില്‍ തുടരുന്ന ജെഡിയു, ഈ കാലങ്ങളിലൊന്നും വര്‍ഗീയതയ്‌ക്കെതിരെയും അഴിമതിക്കെതിരെയും ശബ്ദമുയര്‍ത്താതിരിക്കുകയും യുഡിഎഫിലെ തന്നെ നിരവധി അഴിമതി ആരോപണങ്ങളും സ്വന്തം മന്ത്രിക്കുനേരെ അഴിമതിക്കേസുകളുണ്ടായിട്ടും മൗനം പാലിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇപ്പോള്‍ ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുമ്പോള്‍ അത് അവരുടെ വിശ്വാസ്യതയെ ബാധിക്കില്ലേ?

വളരെ ശരിയാണ്. യുഡിഎഫില്‍ ഇത്രയധികം അഴിമതി ആരോപണം നേരിട്ട സമയത്തും മുന്നണിയുടെ ഭാഗമായി നിന്ന വീരേന്ദ്രകുമാര്‍ ചെറു പ്രതികരണം പോലും നടത്തിയിട്ടില്ല. അവരുടെ മന്ത്രിയായ കെ.പി മോഹനനെതിരെ തന്നെ അഴിമതി ആരോപണങ്ങളും വിജിലന്‍സ് അന്വേഷണവും നേരിടുന്ന സാഹചര്യത്തില്‍ അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ നിലപാടെടുത്താണ് ഇടതുമുന്നണിയിലേക്ക് തിരിച്ചുവരാന്‍ കാരണം എന്നൊക്കെ പറയുമ്പോള്‍ ജനം വിശ്വസിക്കില്ല.  ആളുകള്‍ക്ക് സംശയമുണ്ടാവും. വീരേന്ദ്രകുമാര്‍, മകന്‍ ശ്രേയാംസ്‌കുമാര്‍ കൂടാതെ ജെഡിയുവിലെ മറ്റ് പല ഉന്നതരായ നേതാക്കള്‍ക്കെതിരായെല്ലാം നിലവില്‍ ഗുരുതരമായ നിരവധി ആരോപണങ്ങളുണ്ട്. ഇതെല്ലാം നിലനില്‍ക്കുന്നതാണ്. ഇതൊക്കെ ചെയ്യുന്നത് വീരനും കൂടെയുള്ള ചില വ്യക്തികളുമാണ്. അതുകൊണ്ട് തന്നെ വീരന്റെ കൂടെ വഴിതെറ്റി, മുഖം മൂടി ധരിപ്പിച്ച് കൊണ്ടുപോയവരെല്ലാം തിരിച്ചുവരണം എന്നതാണ് ഞങ്ങളുടെയൊക്കെ ആഗ്രഹം.

ജെഡിയു ഇടതുമുന്നണിയിലേക്ക് വരുന്നത് ആര്‍ക്കാണ് ഗുണം ചെയ്യുക? തെരഞ്ഞെടുപ്പില്‍ അത് മുന്നണികളെ എങ്ങനെയാണ് ബാധിക്കുക?

നിലവിലെ സാഹചര്യത്തില്‍ ജെഡിയു ഇടതുമുന്നണിയിലേക്ക് വരുന്നത് ശുഭകരമല്ല. കാരണം. വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിട്ട് പോവുന്ന സമയത്ത് കൂത്തുപറമ്പ്, വടകര, ചിറ്റൂര്‍ എന്നീ മൂന്ന് നിയോജകമണ്ഡലങ്ങളിലടക്കം വ്യക്തമായ ആധിപത്യം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കൃഷ്ണന്‍ കുട്ടിയുടെ കൂടെ ഒരുപാട് പേര്‍ ജെഡിയു വിട്ടതോടെ ചിറ്റൂരില്‍ അവര്‍ക്കുള്ള ആധിപത്യം നഷ്ടമായി. കൂത്തുപറമ്പിനെ സംബന്ധിച്ച് കെപി മോഹനന്‍ വീരന്റെ കൂടെ വരാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ അവര്‍ക്ക് വലിയോ കോട്ടം തന്നെ സംഭവിക്കും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഇത് മനസിലാക്കാന്‍ കഴിയും. ഈ സ്ഥലങ്ങളില്ലെല്ലാം ജനതാദള്‍ എസിന് വ്യക്തമായ ആധിപത്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  വീരന്റെ കൂടെ ആളുകള്‍ കുറഞ്ഞതുകൊണ്ട് തന്നെ ഇടതുമുന്നണി പ്രവേശനം ശുഭകരമല്ല.

നിലവില്‍ ജെഡിയുവിന് രണ്ട് എംഎല്‍എമാരണല്ലോ ഉള്ളത്. രണ്ട് എംഎല്‍എമാരില്ലാതെ യുഡിഫ് വിടാന്‍ ജെഡിയു തയ്യാറാകുമോ? അഥവാ ജെഡിയു യുഡിഎഫ് വിടാന്‍ തയ്യാറായാല്‍ എന്തായിരിക്കും നിങ്ങള്‍ക്ക് അവരോടുള്ള സമീപനം?

മുന്നണി വിടുന്നുണ്ടെങ്കില്‍ പിളരാതെ പോവണം എന്നാണ് ജെഡിയു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം . രണ്ട് എംഎല്‍എമാര്‍ രണ്ട് വഴിക്ക് പോകുന്നതിനോട് കേന്ദ്ര നേതൃത്വത്തിന് യോജിപ്പില്ല. മുന്‍ കാലങ്ങളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളില്‍ പല ഭിന്നിപ്പുകളും ഉണ്ടായിട്ടുണ്ടെങ്കിലും  അന്നൊക്കെ അവര്‍ സ്വീകരിച്ച നിലപാടിന് ഒരു വിശ്വാസ്യതയുണ്ടായിരുന്നു. വീരന്‍ പ്രസിഡന്റായിരുന്ന കാലത്ത് 12 നിയമസഭാ സീറ്റുകളും രണ്ട് പാര്‍ലമെന്റ് സീറ്റുകളും ജനതാദളിനുണ്ടായിരുന്നു. എന്നാല്‍ അത്  പിന്നീട് നിയമസഭയിലേക്ക് എട്ടും ലോക്സഭയിലേക്ക് ഒന്നുമായി ചുരുങ്ങിയപ്പോള്‍ മുന്നണിക്കുള്ളില്‍ യാതൊരു പ്രതിഷേധ സ്വരങ്ങളും രേഖപ്പെടുത്താത്ത വീരന്‍ കോഴിക്കോട് അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് മുന്നണി വിട്ടത്. ഇതൊക്കെ ആസൂത്രിതമാണെന്നും സംശയകരമാണെന്നും ചിന്തിക്കുന്നതില്‍ തെറ്റില്ല. സീറ്റിന്റെ എണ്ണം കുറഞ്ഞപ്പോള്‍ പ്രതിഷേധങ്ങളോ ഭിന്നിപ്പുകളോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സീറ്റില്ല എന്നു പറഞ്ഞ് അന്ന് മുന്നണി വിട്ടത് ആസൂത്രിതവും സംശയകരവും തന്നെയാണ്.

ഐഎന്‍എല്‍, സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് , ജെഎസ്എസ്, പിസി ജോര്‍ജ്ജിന്റെ കേരള കോണ്‍ഗ്രസ് സെക്കുലര്‍, ബാലകൃഷ്ണപ്പിള്ളയുടെ പാര്‍ട്ടി തുടങ്ങിയവരെല്ലാം ഇടതുമുന്നണി പ്രവേശനം കാത്തിരിക്കുന്ന സാഹചര്യത്തില്‍ ജെഡിയുവിനെ ഉപാധികളില്ലാതെ തിടുക്കത്തില്‍ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് മുന്നണി സംവിധാനത്തെ എങ്ങനെയാണ് ബാധിക്കാന്‍ പോവുന്നത്?

ഐഎന്‍എല്‍, സിഎംപി, ഫോര്‍വേഡ് ബ്ലോക്ക്, ജെഎസ്എസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് നിലവില്‍ എംഎംല്‍എ മാരില്ല. ജെഡിയുവിന് രണ്ട് എംഎല്‍എമാരാണ് ഉള്ളത്.  വീരന് എത്ര സീറ്റ് കൊടുക്കണം അല്ലെങ്കില്‍ ഇനി ആരെയൊക്കെ ഇടതുമുന്നണിയിലേക്കെടുക്കണം എന്ന വിഷയത്തിലൊന്നും ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. അവര്‍ വരുന്ന സാഹചര്യവും മറ്റ് കാര്യങ്ങളൊക്കെ  മുന്നണി ചര്‍ച്ചചെയ്ത് തീരുമാനിക്കും. 

അഴിമതി മുഖ്യവിഷയമാക്കി പ്രചരണം നടത്തുന്ന ഇടതുമുന്നണിക്ക്, മന്ത്രി കെപി മോഹനനെതിരെ നിരവധി കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, എങ്ങനെയാണ് ജെഡിയുവിനെ കൂടെ കൂട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുക?

കെപി മോഹനനെതിരെ അഴിമതി ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ജനങ്ങള്‍ക്കറിയാം. ഇത് തെളിയിക്കേണ്ട ബാധ്യത ആരോപണ വിധേയര്‍ക്കുണ്ട്. കെപി മോഹനന് എതിരെ മാത്രമല്ല. അതിലൊക്കെ ജെഡിയുവിലെ മറ്റ് പല ഉന്നത നേതാക്കള്‍ക്കും പങ്കുണ്ട്. അതുകൊണ്ട് തന്നെയായിരിക്കാം യുഡിഎഫ് വിട്ട് വരാന്‍ മോഹനന്‍ മടിക്കുന്നത്. 

ജെഡിയുവിലെ മറ്റ് അഴിമതി നേതാക്കള്‍ ആരൊക്കെയാണ്?

അതൊക്കെ പുറത്തുവരും. അതൊക്കെ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ഇടതുമുന്നണിയ്ക്ക് ക്ഷീണം ചെയ്യും. ഇവരൊക്കെ അഗ്നിശുദ്ധിവരുത്തിയല്ലാതെ ഇടതുമുന്നണിയിലേക്ക് വന്നിട്ട് കാര്യമില്ല. കാപട്യത്തിന്റെ മുഖമില്ലാതെ വേണം വരാന്‍. പഴയ കാലമൊന്നുമല്ല. മാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള കാലഘട്ടമാണിത്. ഒന്നും മറച്ചുവെക്കാന്‍ കഴിയില്ല. അഴിമതിക്ക് കൂട്ടു നില്‍ക്കുന്നവരെ കൂടെ നിര്‍ത്തി ഒരു മത്സരത്തിനും ഇടതുമുന്നണി തയ്യാറാവില്ല.  അധാര്‍മ്മികമായി നിലപാടെടുത്തവരെ കൂടെകൂട്ടാനുള്ളബുദ്ധിമോശം ഇടതുമുന്നണി കാണിക്കില്ല.

അങ്ങനെയാണെങ്കില്‍ അഴിമതിക്കരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും പറയുന്ന സിപിഐഎം എന്തു കൊണ്ടാണ് വീരേന്ദ്രകുമാറിന്റെ വിഷയത്തില്‍ നിലപാട് തിരുത്താന്‍ തയ്യാറാവുന്നത്?

സിപിഐഎം നിലപാട് അവരാണ് പറയേണ്ടത്. സിപിഐഎം നയം തന്നെ ജനങ്ങളുടെ കൂടെ നില്‍ക്കുക എന്നതാണ്. വീരന്‍ വന്നാലും ഇല്ലെങ്കിലൂം  ഇടതു മതേതര നിലപാടെടുത്ത് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ട് വലിയ വിജയം നേടുക തന്നെ ചെയ്യും. ജനങ്ങള്‍ക്കൊപ്പം നിന്നാലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളു.

ജെഡിയു മുന്നണി വിടില്ല എന്നു തന്നെയാണല്ലോ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അവരുടെ നിലപാട് വ്യക്തമാക്കുകയും ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഭയമുള്ളതായും ആവര്‍ത്തിക്കുകയും ചെയ്യുന്നു?

വിഎം സുധീരന്‍ ചിന്തിക്കേണ്ടത് എന്തുകൊണ്ടാണ് യുഡിഎഫില്‍ നിന്നും ഘടകകക്ഷികള്‍ മുന്നണിവിടുന്നത് എന്ന കാര്യമാണ്. കോണ്‍ഗ്രസിന് എല്ലാ വിഷയത്തിലും ഇരട്ടത്താപ്പാണ്  എസ്എന്‍ഡിപി- ബിജെപി ബന്ധത്തെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് എതിര്‍ക്കുന്നത്. കൂടാതെ രാജന്‍ബാബു വിഷയത്തില്‍ സ്വീകരിച്ചതും ഇരട്ടത്താപ്പാണ് കപില്‍ സിബല്‍ ബാര്‍ കേസില്‍ ഹാജരായതും വെള്ളാപ്പള്ളിക്കു വേണ്ടി രാജന്‍ബാബു പോയതും ഒരേ വിഷയം തന്നെയാണ്. എന്നാല്‍ രാജന്‍ബാബു ചെറിയ പാര്‍ട്ടിയുടെ ആളായതിനാലാണ് ആ അവഹേളനം. ഇതൊക്കെയാണ് കോണ്‍ഗ്രസിന്റെ ഘടകകക്ഷികളോടുള്ള സമീപനം

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍മാത്രമേ ബാക്കിയുള്ളു. എല്ലാ അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ തെരഞ്ഞെടുപ്പിനു മുന്‍പ്  ജെഡിയുവിന് ഇടതുപക്ഷ പ്രവേശനം സാധ്യമായാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയാവുമോ, നേട്ടമാകുമോ?

തിരിച്ചടി എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നില്ല. ജനം വിലയിരുത്തട്ടെ..