ലിജോ പെല്ലിശേരി അഭിമുഖം : പരീക്ഷണങ്ങളില്‍ തിരിച്ചടിയുണ്ടായാലും ഒരേതരം സിനിമകള്‍ ആവര്‍ത്തിക്കാനില്ല: 

September 1, 2015, 4:18 pm
ലിജോ പെല്ലിശേരി അഭിമുഖം : പരീക്ഷണങ്ങളില്‍ തിരിച്ചടിയുണ്ടായാലും ഒരേതരം സിനിമകള്‍ ആവര്‍ത്തിക്കാനില്ല: 
Interview
Interview
ലിജോ പെല്ലിശേരി അഭിമുഖം : പരീക്ഷണങ്ങളില്‍ തിരിച്ചടിയുണ്ടായാലും ഒരേതരം സിനിമകള്‍ ആവര്‍ത്തിക്കാനില്ല: 

ലിജോ പെല്ലിശേരി അഭിമുഖം : പരീക്ഷണങ്ങളില്‍ തിരിച്ചടിയുണ്ടായാലും ഒരേതരം സിനിമകള്‍ ആവര്‍ത്തിക്കാനില്ല: 

തിയറ്ററുകളില്‍ സമ്മിശ്രപ്രതികരണം നേടുമ്പോള്‍ പരീക്ഷണം എന്ന നിലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഓണച്ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ഡബിള്‍ ബാരല്‍. ഡബിള്‍ ബാരലിന് എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനാകാത്തതിനെ കുറിച്ചും,എഡിറ്റ് ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ചും ലിജോ പെല്ലിശേരി മനീഷ് നാരായണനോട് സംസാരിക്കുന്നു.

ഡബിള്‍ ബാരല്‍ പ്രേക്ഷകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തിയില്ല,ഇത്തരമൊരു റിസല്‍ട്ട് പ്രതീക്ഷിച്ചിരുന്നോ?

എന്റെ ആദ്യ സിനിമയായ 'നായകന്‍' ചെയ്യുമ്പോഴുള്ള അതേ മനോഭാവത്തോടെയാണ് ഡബിള്‍ ബാരലും ഞാന്‍ ചെയ്തത്. ഡബിള്‍ ബാരലിനെക്കുറിച്ച് നെഗറ്റീവ് റിവ്യൂസ് കിട്ടിയതിന്റെ ഇരട്ടിയോളം പോസിറ്റീവായ പ്രതികരണങ്ങള്‍ എനിക്ക് നേരിട്ട് ലഭിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ യോജിപ്പുകളെയും വിയോജിപ്പുകളെയും പോസിറ്റീവായി തന്നെയാണ് ഞാന്‍ കാണുന്നത്. ഇവിടെ ഇനിയുള്ള കാലത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ആളുകള്‍ക്ക് സ്‌പേസ് ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പുതുമ വേണം,പുതിയ വിഷ്വല്‍ ലാംഗ്വേജ് വേണം,പുതിയ ചിന്തകള്‍ സിനിമയില്‍ ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ഒരു പാട് പ്രേക്ഷകരുണ്ട്. പരീക്ഷണത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ സാധ്യമാക്കാനാകൂ. നമ്മള്‍ കുറേക്കാലമായി കണ്ട ഹ്യൂമറും അവതരണരീതിയും അതേ പോലെ തന്നെ കാണണം എന്ന ആഗ്രഹത്തില്‍ ഡബിള്‍ ബാരല്‍ കാണാനാകില്ല. അത്തരം ശൈലിയില്‍ നിന്ന് മാറി ഹ്യൂമറിനെയും സിനിമയെയും സമീപിക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തിയിരിക്കുന്നത്. ആളുകള്‍ പ്രതീക്ഷിക്കുന്നത് അത് പോലെ ഉണ്ടാക്കിക്കൊടുക്കുക എന്ന  സിനിമാ സംസ്‌കാരമാണ് നമ്മുടെ ഇന്‍ഡസ്ട്രിയുടെ ഏറ്റവും വലിയ പരാജയം. ഒരേ സ്വഭാവത്തിലുളള സിനിമകള്‍ വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്നിടത്ത് നമ്മള്‍ പ്രേക്ഷകരോടും അനീതിയാണ് കാട്ടുന്നത്. പരമ്പരാഗത ശൈലി മറികടക്കുന്നിടത്താണ് പുതിയ ചലച്ചിത്രസംസ്‌കാരം രൂപപ്പെടുന്നത്.

പ്രേക്ഷകര്‍ക്ക് എന്താണ് ഇഷ്ടമാവുക എന്നറിഞ്ഞ് സിനിമ ചെയ്യണമെന്ന ആലോചനയിലേക്കോ,പരീക്ഷണങ്ങള്‍ക്ക് ഇനി മുതിരേണ്ടെന്ന തീരുമാനത്തിലേക്കോ ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ?

ഒരിക്കലുമില്ല, അങ്ങനെയാണെങ്കില്‍ ആമേന് ശേഷം അതുപോലൊരു സിനിമ ചെയ്യാനായിരുന്നു എനിക്ക് കൂടുതല്‍ സൗകര്യം. വീണ്ടും ആമേന്‍ പോലൊരു സിനിമ ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പവും കംഫര്‍ട്ടബിളുമാണ്.  ആമേന്‍ എന്ന ചിത്രം വിജയമായപ്പോള്‍ എന്നെ സമീപിച്ച നിര്‍മ്മാതാക്കളും അത് പോലൊരു സിനിമ ചെയ്യാമോ എന്ന ആവശ്യമാണ് പ്രകടിപ്പിച്ചത്. പക്ഷേ ഒരിക്കല്‍ കണ്ടത് തന്നെ വീണ്ടും വീണ്ടും കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിപ്പിച്ച് കൊണ്ടിരിക്കാന്‍ ഞാന്‍ ഒരിക്കലും തയ്യാറല്ല. അതുകൊണ്ടാണ് അടുത്ത ചിത്രമായി മുന്‍സിനിമകളില്‍ നിന്ന് തീര്‍ത്തും മാറി നില്‍ക്കുന്ന ഒരു genre തെരഞ്ഞെടുത്തത്. ആമേന്‍ പോലെ വീണ്ടും രണ്ടോ മൂന്നോ സിനിമകള്‍ ഞാന്‍ എടുത്തുകഴിഞ്ഞാല്‍ ആളുകള്‍ അതില്‍ സെറ്റ് ആകും. മറ്റൊരു ശൈലിയിലുള്ള സിനിമകള്‍ എനിക്ക് എടുക്കാനുമാകില്ല. എന്ത് തന്നെ സംഭവിച്ചാലും ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഒരു കൂട്ടില്‍ സേഫ് ആയി ഇരിക്കാനും, ഒരു പ്രത്യേക ചട്ടക്കൂടില്‍ തുടര്‍ച്ചയായി സിനിമ എടുക്കാനും ഞാന്‍ ഒരുക്കമല്ല.

Sorry guys ....no plans to change, no plans to impress  എന്ന് ഫേസ്ബുക്കില്‍ നിലപാട് വ്യക്തമാക്കിയ ശേഷം ഒരു ദിവസത്തിനകം തന്നെ ഡബിള്‍ ബാരല്‍ എഡിറ്റ് ചെയ്ത് ചുരുക്കി തിയറ്ററുകളിലെത്തിക്കുന്നു? എന്ത് കൊണ്ടാണ് ഇങ്ങനെയൊരു നിലപാട് മാറ്റം.

ഞാന്‍ എന്റെ നിലപാട് മാറ്റിയിട്ടില്ല. Sorry guys ....no plans to change, no plans to impress  എന്ന് ഞാന്‍ പറഞ്ഞത് ഇനി ഞാന്‍ ഉണ്ടാക്കാന്‍ പോകുന്ന സിനിമകളെ കുറിച്ചാണ്. ഡബിള്‍ ബാരലിന് തിരിച്ചടി ഉണ്ടായത് കൊണ്ട് നാളെ ഞാന്‍ വളരെ കംഫര്‍ട്ടബിളായ ഫോര്‍മുലാ സിനിമകളിലേക്ക് വഴിമാറാനില്ല എന്നാണ് ഞാന്‍ പറയാനുദ്ദേശിച്ചത്. സേഫ് ആയ ഒരു കുടുംബചിത്രമൊരുക്കാമെന്നോ ആമേന്‍ പോലൊരു സിനിമ ചെയ്യാനോ പോകില്ല എന്നാണ് ഞാനുദ്ദേശിച്ചത്. കുടുംബചിത്രം ഉണ്ടാക്കില്ല എന്നല്ല ഞാന്‍ പറയുന്നത്, അത്തരമൊരു സിനിമ എടുത്താലും അത് എന്റെ ശൈലിയിലുള്ളതായിരിക്കും. നിര്‍മ്മാതാവായും സംവിധായകനായും എന്നെ സേഫ് ആക്കുന്ന സിനിമകളെക്കാള്‍ എന്നെ സന്തോഷവാനാക്കുന്ന പരീക്ഷണങ്ങള്‍ ചെയ്യാന്‍ തന്നെയാണ് തുടര്‍ന്നും തീരുമാനം. അതില്‍ ഒരു മാറ്റവുമില്ല.

പ്രേക്ഷരുടെ ആഗ്രഹത്തിനനുസരിച്ചുള്ള മാറ്റം തന്നെയല്ലേ എഡിറ്റ് ചെയ്ത ശേഷമുള്ള പതിപ്പ്?

ഞാന്‍ തിയറ്ററുകളില്‍ ഇരുന്ന് സിനിമ കണ്ടിരുന്നു. ചില ഭാഗങ്ങങ്ങളില്‍ പ്രേക്ഷകര്‍ക്ക് വിരസതയുണ്ടായതിന് കാരണം ചില എപ്പിസോഡുകള്‍ കണക്ട് ചെയ്യാനാകാത്തത് കൊണ്ടാണെന്ന് മനസ്സിലായി. ഉദാഹരണത്തിന് സോംബി സീക്വന്‍സിലേക്കെത്തുമ്പോള്‍ അതുവരെ എന്‍ജോയ് ചെയ്തവരും ആശയക്കുഴപ്പത്തിലാകുന്നുണ്ട്. അത് അത്തരത്തിലുള്ള സിനിമകള്‍ ഇവിടെ വരാതിരുന്നത് മൂലമാണ്. അത്തരത്തിലുള്ള ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് പടം കൂടുതല്‍ കണക്ട് ചെയ്യുക എന്നതിന് പ്രാധാന്യം കൊടുത്താണ് ട്രിം ചെയ്തത്. ഡബിള്‍ ബാരല്‍ എന്ന സിനിമയുടെ സ്വഭാവം നഷ്ടപ്പെടുത്താതെ പല എപ്പിസോഡുകള്‍ തമ്മിലുള്ള കണക്ടിംഗ് എളുപ്പമാക്കുക മാത്രമാണ് എഡിറ്റിംഗിലൂടെ ചെയ്തത്. ദൈര്‍ഘ്യമാണ് കുറയ്ക്കുന്നത് സിനിമയുടെ ട്രീറ്റ്‌മെന്റും സ്വഭാവം മാറ്റുകയല്ല ചെയ്തത്. ആദ്യം തിയറ്ററുകളിലെത്തിയ പതിപ്പ് തന്നെയാണ് എന്റെ വേര്‍ഷനിലുള്ള ഡബിള്‍ ബാരല്‍.


പ്രേക്ഷകര്‍ ഈ സിനിമ ഇത്തരത്തിലാണ്, അല്ലെങ്കില്‍ ഇത്തരത്തില്‍ ആയിരിക്കണം എന്ന മുന്‍വിധിയോടെ സിനിമയെ സമീപിച്ചുവെന്ന് തോന്നുന്നുണ്ടോ?

വളരെ പ്രബുദ്ധരാണെന്ന് അവകാശപ്പെടുന്ന പ്രേക്ഷകസമൂഹമാണ് നമ്മുടേതാണ്. സിനിമയെ ഗൗരവമായി കാണുകയും വിലയിരുത്തുകയും ചെയ്യുന്നു എന്ന് വിശ്വസിക്കുന്നവര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമ കാണുന്ന ആളുകളുമുണ്ട്. പക്ഷേ എന്തുകൊണ്ടാണ് ഇതേ പ്രേക്ഷകസമൂഹം പതിവ് സ്വഭാവത്തില്‍ നിന്ന് പൂര്‍ണ്ണമായും വേറിട്ട ശൈലിയുള്ള ഒരു സിനിമ വരുമ്പോള്‍ കണ്ടുനോക്കാന്‍ പോലും തയ്യാറാകാതെ തള്ളിക്കളയാന്‍ ശ്രമിക്കുന്നത്. സിനിമയെ കലാരൂപം എന്ന നിലയില്‍ മാത്രം കാണാന്‍ തീരുമാനിച്ചാല്‍ ഇത്തരം മുന്‍വിധികള്‍ ഇല്ലാതാകും. സിനിമ കാണുന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് അവരവരുടെ ചോയ്‌സ് ഉണ്ട്. ഡബിള്‍ ബാരല്‍ വരുമ്പോള്‍ തന്നെ വേറെയും സിനിമ തിയറ്ററുകളിലുണ്ട്. പിന്നെ ഞാന്‍ ചെയ്ത സിനിമ ഏതെങ്കിലും ഒരാള്‍ക്ക് പൂര്‍ണ്ണമായും ആസ്വദിക്കാനും മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ അത് അവരുടെ കുറ്റമല്ലല്ലോ. പ്രതീക്ഷിക്കുന്ന തരത്തില്‍ മാത്രം സിനിമകള്‍ വരണം എന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു കാലത്തും വ്യത്യസ്ഥതയുള്ള സിനിമകള്‍ ഉണ്ടാകില്ല. എന്നും ഒരേ തരത്തിലുള്ള സിനിമകള്‍ തന്നെ വന്നുകൊണ്ടിരിക്കും, അത് തന്നെ എന്നും അവര്‍ കണ്ടുകൊണ്ടുമിരിക്കും.


ലിജോ തന്നെയാണ് തിരക്കഥാകൃത്തും, തിരക്കഥയുടെ പോരായ്മ വിമര്‍ശനമായി വന്നിട്ടുണ്ട്?

നിയതമായ ഒരു കഥാരൂപം എല്ലാ സിനിമയിലും ഉണ്ടായിരിക്കണം എന്ന വാശി എന്തിനാണ്? ആര്‍ട്ടിസ്റ്റിക് റെപ്രസെന്റേഷന്‍ കൂടിയാണ് സിനിമ. ഒരിടത്ത് നിന്ന് കഥ തുടങ്ങി മറ്റൊരിടത്ത് അവസാനിപ്പിച്ചേ പറ്റൂ എന്ന നിര്‍ബന്ധത്തില്‍ ഒരു കാര്യവുമില്ല. അഭിരുചികളും നിലപാടുകളും മാറാം. ഇന്ന് മോശം എന്ന് പറയുന്നത് നാളെ അംഗീകരിക്കപ്പെട്ടേക്കാം.ഇന്ന് ആഘോഷിക്കപ്പെടുന്നവ നാളെ ചോദ്യം ചെയ്യപ്പെട്ടേക്കാം.

പതിനഞ്ച് കോടിയിലേറെ ബജറ്റിലാണ് ഡബിള്‍ ബാരല്‍ എന്ന് കേട്ടിരുന്നു, മലയാളം പോലെ നൂറ് തിയറ്ററുകളില്‍ നിന്ന് വരുമാനമുണ്ടാക്കേണ്ടതും സാറ്റലൈറ്റ് കേന്ദ്രീകൃതവുമായ ഒരു സിനിമാ മേഖലയില്‍ പണം മുടക്കിയുള്ള പരീക്ഷണങ്ങള്‍ക്ക് സാധ്യത ഇല്ലെന്ന് തോന്നുന്നുണ്ടോ?

എന്നോടും പലരും പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ ചട്ടക്കൂടിനകത്ത് നിന്ന് വേണം ഒരു സിനിമയാക്കുണ്ടാക്കാന്‍, മലയാളത്തനിമയുള്ള കഥ വേണം സിനിമയാക്കാന്‍ എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും. ഒരു കുടുംബത്തിന്റെ കഥയോ, അല്ലെങ്കില്‍ ഒരാള്‍ നേരിടുന്ന വ്യക്തിഗതമായ പ്രതിസന്ധിയോ അതുമല്ലെങ്കില്‍ അയാളുടെ ജീവിതത്തിലെ ട്രാജഡിയോ ആയിരിക്കണം സിനിമയാക്കേണ്ടത് എന്നൊക്കെയുള്ളതും മലയാളിയുടെയും മലയാളത്തിന്റെയും ചട്ടക്കൂടില്‍ നിന്ന് മാത്രം സിനിമ ചെയ്യണം എന്നൊക്കെയുള്ളത് എത്ര വികലമായ വാദമാണ്. ഒരു ചലച്ചിത്രകാരന്റെ ക്രിയേറ്റിവിറ്റിയെ തളച്ചിടുന്ന തരത്തിലുള്ള ചിന്തകളാണ് ഇതെല്ലാം. കുടുംബകഥ മാത്രം വേണം പറയാന്‍ എന്നുള്ളതും കുടുംബങ്ങളെ മുന്നില്‍ കണ്ട് വേണം സിനിമ ചെയ്യാന്‍ എന്നുളളതുമൊക്കെ കാലഹരണപ്പെട്ട ചിന്തകളാണ്. സിനിമയ്ക്ക് മുന്നില്‍ പ്രേക്ഷകര്‍ മാത്രമാണുള്ളത്, അവിടെ മലയാളി, കുടുംബം, കുട്ടികള്‍ എന്ന തരംതിരിവില്ല. ദൃശ്യമാധ്യമം എന്ന നിലയില്‍ പ്രേക്ഷകരെ കാലത്തിനൊപ്പം നടത്തുന്ന സിനിമകളാണ് ഉണ്ടാകേണ്ടത് എന്നാണ് എന്റെ അഭിപ്രായം

ഗാംഗ്‌സ്റ്റര്‍ കോമഡി ഇന്ത്യയില്‍ ആരും പരീക്ഷിച്ച ശൈലിയല്ല, വലിയ വിഭാഗം പ്രേക്ഷകര്‍ അത്ര എളുപ്പം സ്വീകരിക്കാത്ത ശൈലിയാണ് സിനിമയുടേതെന്ന് തോന്നിയിട്ടില്ലേ?

ഡബിള്‍ ബാരല്‍ ഇന്ത്യയിലെ ആദ്യത്തെ ഗാംഗ്സ്റ്റര്‍ കോമഡിയാണെന്ന അവകാശവാദമൊന്നും എനിക്കില്ല. ഗാംഗ്‌സ്റ്റര്‍ കോമഡി ഈ സ്വഭാവത്തില്‍ കൈകാര്യം ചെയ്ത മറ്റൊരു സിനിമ ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. മിക്കപ്പോഴും റിയലിസ്റ്റിക് പശ്ചാത്തലത്തില്‍ നിന്ന് ഗാംഗ്സ്റ്റര്‍ കോമഡികള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്. ഡബിള്‍ ബാരല്‍ പോലെ എക്‌സ്ട്രീം ആയ കോസ്റ്റിയൂം ഡ്രാമയും, കോമിക്കല്‍ സ്വഭാവവും നേരത്തെ ഇവിടെ പരീക്ഷിച്ചിട്ടില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. കൃത്യമായ ഒരു മുന്‍മാതൃകയില്‍ നിന്ന് അതേ പടി ഉണ്ടാക്കിയ ഒന്നല്ല ഡബിള്‍ ബാരല്‍ എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും

എമിര്‍ കുസ്തുറിക്കയുടെയും ഗയ് റിച്ചിയുടെയും ആഖ്യാനശൈലികളോടുള്ള അടുപ്പം ഡബിള്‍ ബാരലിനുണ്ട്. കൃത്യമായൊരു മുന്‍മാതൃകയില്‍ അല്ലേ ഈ സിനിമ ചെയ്തത്?

ഒരു കലാകാരനും ചുറ്റുപാടിനോട് കണ്ണടച്ച് ഒന്നും സൃഷ്ടിക്കുന്നില്ല. എഴുത്തുകാരനായാലും ചലച്ചിത്രകാരനായാലും ഫോട്ടോഗ്രാഫറായാലും ചുറ്റുമുള്ള അനുഭവങ്ങളും, അയാള്‍ ഇടപെടുന്ന ആളുകളും, വായിക്കുന്ന പുസ്തകങ്ങളും, കാണുന്ന സിനിമകളും തന്നെയാണ് അയാളുടെ സൃഷ്ടിക്ക് പ്രചോദനം. അങ്ങനെയാണ് സിനിമയും ഉണ്ടാകുന്നത്. മഹാഭാരതം മുന്നില്‍ ഇല്ലാതെ എം.ടി സാറിന് രണ്ടാമൂഴം എഴുതാന്‍ സാധിക്കുമായിരുന്നില്ല. വടക്കന്‍ പാട്ടുകളില്ലാതെ ഒരു വടക്കന്‍ വീരഗാഥ ഇല്ലല്ലോ. എല്ലാത്തിനും മുന്‍മാതൃകയായി ഒന്ന് സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ അത്തരത്തിലൊന്നിനെ നമ്മള്‍ കണ്ടിട്ടുണ്ട്. ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്നും ആസ്വദിച്ച സിനിമകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പ്രചോദിതനായാണ് ഞാന്‍ എന്റേതായ ഒരു സിനിമ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എല്ലാ കാലത്തും അങ്ങനെയാണ്. നാളെ ആമേന്‍ പോലൊരു സിനിമയോ തീമോ ട്രീറ്റ്‌മെന്റോ ഉണ്ടായാല്‍ എനിക്ക് അതില്‍ സന്തോഷമേ ഉണ്ടാകൂ. ഒരു സിനിമ എടുക്കുന്നത് കണ്ട് നൂറ് പേര്‍ അത്തരത്തിലൊരു സിനിമ അവരുടെ ശൈലിയില്‍ സാധ്യമാക്കാന്‍ ശ്രമിച്ചാല്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയുമാണ് വേണ്ടത്

ഡബിള്‍ ബാരല്‍ തിയറ്ററുകളിലെത്തുമ്പോള്‍ ലിജോയുടെയും ടീമിന്റെയും പ്രതീക്ഷ എന്തായിരുന്നു?

ഈ സിനിമ ഇറങ്ങുന്നതിന്റെ തലേ ദിവസം പൃഥ്വി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ സിനിമ എക്സ്ട്രീം ആയിട്ടുള്ള പരീക്ഷണമാണ്. ഇതിലെ കഥയിലെയും കഥാപാത്രങ്ങളുടെയും തലയും വാലും തേടിപ്പോകരുതെന്നും കോമിക് ബുക്ക് എക്‌സ്പീരിയന്‍സാണ് പ്രതീക്ഷിക്കേണ്ടതെന്നും അതില്‍ പറഞ്ഞിരുന്നു. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ഞാനുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും സിനിമയുടെ സ്വഭാവം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.

പൃഥ്വിരാജിനെ ഹാസ്യം വഴങ്ങുമെന്ന് അനുഭവപ്പെടുത്തിയ ചിത്രമാണ് ഡബിള്‍ ബാരല്‍, പൃഥ്വിരാജ്-ഇന്ദ്രജിത്ത് കെമിസ്ട്രി നന്നായി രസിപ്പിക്കുന്നുണ്ട്. പൃഥ്വിയെ ഇത്ര റിലാക്‌സ് ചെയ്ത് അഭിനയിപ്പിച്ചത് എങ്ങനെയാണ്?

പൃഥ്വിരാജ് എനിക്ക് വ്യക്തിപരമായി അടുത്തറിയാവുന്ന ആളാണ്. അയാള്‍ നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ള കോമിക് ടൈം ഉള്ള ആളാണ്. നന്നായി സര്‍ക്കാസവും ബ്ലാക്ക് ഹ്യൂമറും എന്‍ജോയ് ചെയ്യുന്ന ആളുമാണ്. അത്തരത്തിലുള്ള ഒരാളെ മുന്‍പ് നമ്മള്‍ കണ്ടിട്ടില്ല എന്നതിന്റെ പേരില്‍ കോമഡി വഴങ്ങില്ല എന്ന് പറയരുത്. നമ്മള്‍ അത് കണ്ട് ശീലിക്കുക എന്നത് തന്നെയാണ്. മമ്മൂട്ടിക്ക് ഹ്യൂമര്‍ വഴങ്ങില്ല എന്ന് നേരത്തെ പറഞ്ഞിരുന്നത് പോലെയാണ് ഇത്. പിന്നീട് എത്രയോ സിനിമകളില്‍ മമ്മൂട്ടി ഹ്യൂമര്‍ വളരെ നന്നായി കൈകാര്യം ചെയ്തത് നമ്മള്‍ കണ്ടതാണ്.


ഹോളിവുഡ് സിനിമകളുടെ മലയാളം ഡബ്ബിംഗ്  എന്നത് വെറുതെ ഒരു തമാശാമട്ടിലാണോ അതോ സ്പൂഫിംഗ് എന്ന രീതിയില്‍ ബോധപൂര്‍വ്വം ഉപയോഗിച്ചതാണോ?

പൂര്‍ണ്ണമായും ഒരു സ്പൂഫ് സിനിമ എന്ന് ഡബിള്‍ ബാരലിനെക്കുറിച്ച് പറയാന്‍ പറ്റില്ല. ചില രംഗങ്ങളില്‍ സ്പൂഫ് ഉണ്ടെന്ന് മാത്രം. കുറെ സിനിമകളില്‍ കണ്ട രംഗങ്ങളുടെ സ്പൂഫിംഗ് എന്ന രീതിയില്‍ അല്ല ഫോര്‍മാറ്റ് ഉണ്ടാക്കിയത്. ഇംഗ്ളീഷ് സിനിമകളുടെ മലയാളത്തിലെയും തമിഴിലെയും ഡബ്ബിംഗ് എന്നത് ഞാന്‍ പലയിടത്തും സംസാരിക്കുകയും രസിക്കുകയും ചെയ്ത സംഭവമാണ്. സ്പൂഫിംഗ് എന്ന രീതിയില്‍ പരിഗണിച്ചാണ് ഡബിള്‍ ബാരലില്‍ അത് ചെയ്തത്. ഓഡിയന്‍സ് അത് നന്നായി എന്‍ജോയ് ചെയ്തിട്ടുമുണ്ട്.

നമ്മുടെ സിനിമാ മേഖലയില്‍ നിന്നുളള പ്രതികരണം എന്തായിരുന്നു?

ചിലയാളുകള്‍ എന്നെ വിളിച്ച് സിനിമ നന്നായി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞിരുന്നു. ഒരു പാട് പേരൊന്നും എന്നോട് സംസാരിച്ചിട്ടില്ല.

മലയാള സിനിമയില്‍ ചില കൂട്ടായ്മകളും കുട്ടൂകെട്ടുകളുമുണ്ട്. ലിജോ പെല്ലിശ്ശേരി മലയാള സിനിമയുടെ ഈ കുട്ടുകെട്ടുകള്‍ക്ക് പുറത്തുള്ള ആളാണോ? അല്ലെങ്കില്‍ ഒരു ഗ്രൂപ്പുകളിലും
ഭാഗമാകാത്ത സംവിധായകനാണോ?

ഞാന്‍ വിശ്വസിക്കുന്ന സിനിമ ഞാന്‍ ചെയ്യുന്നു എന്നതിനപ്പുറം ഇന്‍ഡസ്ട്രിക്ക് അകത്തോ പുറത്തോ എന്നൊന്നും ഞാന്‍ നോക്കുന്നില്ല. എനിക്ക് വേണ്ടി ഗ്രൂപ്പ് ഉണ്ടാക്കുന്നതിനോ അതിനകത്ത് പൊളിറ്റിക്‌സ് ഉണ്ടാക്കുന്നതിനോ, എനിക്ക് വേണ്ടി സേഫ് ആയ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്ണറെ ഉണ്ടാക്കുന്നതിനോ ഒന്നും എനിക്ക് താല്‍പ്പര്യമില്ല. ഡബിള്‍ ബാരലിന്റെ നിര്‍മ്മാണപങ്കാളിയായ ആമേന്‍ മുവീ മൊണാസ്ട്രി എന്നത് ഈ സിനിമയില്‍ എന്റെ കൂടെയുണ്ടായിരുന്ന ടെക്‌നീഷ്യന്‍സും ഞാനും ഉള്‍പ്പെടുന്ന ബാനറാണ്. വലിയ ലാഭം എന്ന ലക്ഷ്യത്തില്‍ അല്ല ഈ സിനിമയില്‍ നിര്‍മ്മാണപങ്കാളിയായത്

ഡബിള്‍ ബാരലിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ്, തിയറ്ററുകളിലെ പ്രതികരണം നന്നായി ബാധിച്ചോ?

റിലീസിന് ശേഷം ആദ്യ ഒന്ന് രണ്ട് ദിവസമുണ്ടായ തിരിച്ചടി ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ ആഘാതം തന്നെയായിരുന്നു. പക്ഷേ ഇത് പോലൊരു സിനിമ പ്രേക്ഷകരിലേക്കെത്താന്‍ കൂടുതല്‍ സമയം വേണ്ടിവരും എന്ന് തന്നെയാണ് എനിക്ക് തോന്നിയത്. ഞാന്‍ സഹകരിക്കുന്ന നിര്‍മ്മാതാക്കളും എന്റെ ചിത്രത്തിന്റെ ഭാഗമാകുന്ന ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സും എന്തായിരിക്കും ആ സിനിമയെന്ന ഉത്തമബോധ്യത്തിലാണ് കൂടെ നില്‍ക്കുന്നത്. ആരെയും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിട്ടല്ല സിനിമയിലേക്ക് ക്ഷണിക്കുന്നത്. ആര്യയും പൃഥ്വിയും ഇന്ദ്രജിത്തുമെല്ലാം ഈ സിനിമയുടെ ഭാഗമായതും നിര്‍മ്മാണപങ്കാളിയായതും ഇപ്പോഴും കൂടെനില്‍ക്കുന്നതുമെല്ലാം ഞങ്ങള്‍ ചെയ്ത സിനിമ എന്താണെന്ന് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടത് കൊണ്ടാണ്. ഇനിയങ്ങോട്ടും ആമേന്‍ മൂവീ മൊണാസ്ട്രിയുടെ പങ്കാളിത്തത്തിലായിരിക്കും സിനിമ. സിനിമയുടെ എല്ലാ കാര്യത്തിലും തുല്യ ഉത്തരവാദിത്വം വേണമെന്നതിനാലും സംവിധായകന്‍ എന്ന നിലയില്‍ കുടുതല്‍ സ്വാതന്ത്ര്യം വേണമെന്ന ചിന്തയിലുമാണ് ഇത്.

ആര്യയും പൃഥ്വിരാജും ഈ സിനിമയിലെ പ്രധാന താരങ്ങളും നിര്‍മ്മാണപങ്കാളികളുമാണ്, എന്താണ് അവരുടെ പ്രതികരണം.

ഞങ്ങളെല്ലാം വ്യക്തിപരമായി വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ് ഡബിള്‍ ബാരല്‍. തുടക്കത്തിലെ പ്രതികരണങ്ങള്‍ രാജുവിനെയും ആര്യയെയും മാത്രമല്ല ഞങ്ങളെ എല്ലാവരെയും ചെറുതായി നിരാശപ്പെടുത്തിയിരുന്നു. പക്ഷേ ഈ സിനിമ എന്താണെന്നും, ബോക്‌സ് ഓഫീസ് വിജയം മാത്രം പരിഗണിച്ചുള്ള ഒരു സിനിമ അല്ലെന്നും എല്ലാവര്‍ക്കും കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഈ സിനിമ കുറച്ച് സമയമെടുത്താണെങ്കില്‍ സ്വീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

പ്രേക്ഷകര്‍ക്ക് സൂപ്പര്‍താരചിത്രമുള്‍പ്പെടെ അഞ്ചോളം ഓപ്ഷനുകള്‍ ഉള്ളിടത്താണ് ഡബിള്‍ ബാരല്‍ വരുന്നത്, ഓണം റിലീസ് എന്നത് ദോഷമായോ?

ഞാന്‍ മാത്രം തീരുമാനിക്കുന്നതല്ല സിനിമയുടെ റിലീസ് കാര്യം. റിലീസ് സംബന്ധിച്ച് പരിചയസമ്പന്നരായ ആളുകളെല്ലാം ചേര്‍ന്ന് എടുത്ത തീരുമാനമാണ്. ഓണം കേരളത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമാണ് സമയമാണെന്നാണ് ഞാന്‍ കരുതുന്നത്. കൂടുതല്‍ പേര്‍ തിയറ്ററുകളിലെത്തുന്ന സമയവുമാണ്. പിന്നെ സിംഗിള്‍ റിലീസ് എന്ന രീതിയില്‍ ആയിരുന്നെങ്കില്‍ ഈ സിനിമ കാണണം എന്ന രീതിയിലേക്ക് കൃത്യമായി ആളുകള്‍ ഉണ്ടാകുമായിരുന്നു എന്ന് മാത്രം.

തമിഴിലും ഒരേ സമയം റിലീസ് ചെയ്യാനായിരുന്നില്ലേ ആലോചന?

അല്ല, മലയാളത്തിന് ശേഷം തമിഴ് റിലീസ് എന്ന് തന്നെയായിരുന്നു പ്ളാന്‍. തമിഴ് ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ഒരു മാസത്തിനകം റിലീസ് ചെയ്യും.

അടുത്ത സിനിമയുടെ ആലോചനയിലേക്ക് കടന്നോ?

അടുത്ത സിനിമ ഏതാണെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഏതായാലും ഞാന്‍ ചെയ്ത് നാല് സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്ന് ആയിരിക്കും അടുത്ത സിനിമ. ചെയ്ത സിനിമ തന്നെ വീണ്ടും ചെയ്ത് കൊണ്ടിരിക്കുന്നതില്‍ ഒരു ആനന്ദവും ഞാന്‍ കാണുന്നില്ല.