കാരായി രാജന്‍ അഭിമുഖം: നീതി നടപ്പിലാകുമെന്ന് വിശ്വാസം; വേദനിപ്പിച്ചത് മകളുടെ വിവാഹത്തിന് സന്ദര്‍ശകനായി പോകേണ്ടിവന്നത്‌

December 16, 2016, 4:03 pm
കാരായി രാജന്‍ അഭിമുഖം: നീതി നടപ്പിലാകുമെന്ന് വിശ്വാസം; വേദനിപ്പിച്ചത് മകളുടെ വിവാഹത്തിന് സന്ദര്‍ശകനായി പോകേണ്ടിവന്നത്‌
Interview
Interview
കാരായി രാജന്‍ അഭിമുഖം: നീതി നടപ്പിലാകുമെന്ന് വിശ്വാസം; വേദനിപ്പിച്ചത് മകളുടെ വിവാഹത്തിന് സന്ദര്‍ശകനായി പോകേണ്ടിവന്നത്‌

കാരായി രാജന്‍ അഭിമുഖം: നീതി നടപ്പിലാകുമെന്ന് വിശ്വാസം; വേദനിപ്പിച്ചത് മകളുടെ വിവാഹത്തിന് സന്ദര്‍ശകനായി പോകേണ്ടിവന്നത്‌

തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസില്‍ സിബിഐ കുറ്റപത്രത്തിലെ എട്ടാം പ്രതിയാണ് താങ്കള്‍. ആ വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്ര സുബീഷ് പൊലീസിന് മൊഴി നല്‍കിയെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ഉപാധിയോടെയുള്ള ജാമ്യമാണ് ഹൈക്കോടതി താങ്കള്‍ക്ക് അനുവദിച്ചിട്ടുള്ളത്. വ്യക്തി, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നാടിന് പുറത്തുള്ള ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ്?

നാലുവര്‍ഷത്തെ ജീവിതം സങ്കടകരമായ ഒരു അവസ്ഥയാണ്. പക്ഷെ, ഒരു കമ്യൂണിസ്റ്റ്, ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായതുകൊണ്ട് ഇതെല്ലാം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഞങ്ങളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന കുതന്ത്രങ്ങളാണെന്ന തിരിച്ചറിവുണ്ട്. അതുകൊണ്ടുതന്നെ ഈ പ്രയാസങ്ങളെ രാഷ്ട്രീയമായി അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഫസല്‍ വധക്കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത് മുതല്‍ നിരപരാധിത്വം പൊതുസമൂഹത്തെയും അന്വേഷണ സംവിധാനത്തെയും ബോധ്യപ്പെടുത്താന്‍ നിരന്തരം ശ്രമിച്ചിരുന്നു. 2006 ഒക്ടോബര്‍ 22നാണ് ഫസല്‍ കൊല്ലപ്പെടുന്നത്. ഉത്തരവാദികള്‍ ആര്‍എസ്എസ് ആണെന്ന് ആദ്യം വ്യക്തമാക്കുന്നത് എന്‍ഡിഫിന്റെ ജില്ല കണ്‍വീനറായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരോടും പൊതുസമൂഹത്തോടും സിപിഐഎം നേതാക്കളോടും അവര്‍ ഇക്കാര്യം പറഞ്ഞിരുന്നു. കൊലപാതകം നടന്നതിന് അടുത്തുള്ള സ്ഥലമായ മാടപ്പീടികയില്‍ ആര്‍എസ്എസ്-എന്‍ഡിഎഫ് സംഘട്ടനങ്ങള്‍ അതിന് മുമ്പ് നടന്നിരുന്നു. ആ കേസുകളില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജയിലിലായി. ആ മാസം 18ാം തീയ്യതിയാണ് അവര്‍ ജയില്‍വിട്ട് പുറത്തുവന്നത്. ഇത്തരം തുടര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഫസല്‍വധത്തിന് പിന്നില്‍ ആര്‍എസഎസ് ആണെന്ന സിപിഐഎം പറഞ്ഞത്.

ഒരു പെരുന്നാള്‍ വെള്ളിയാഴ്ചയായിരുന്നു ഫസല്‍ കൊല്ലപ്പെടുന്നത്. സാമുദായിക സ്പര്‍ദയുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയുള്ള സംഭവമാണെന്ന് അന്ന് സിപിഐഎം വിലയിരുത്തുകയും അഭിപ്രായപ്പെടുകയും ചെയ്തു. അന്ന് ഉച്ചയ്ക്ക് തലശേരി ആര്‍ഡിഒ ഓഫീസില്‍ സബ് കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എന്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇവര്‍ പങ്കെടുക്കുന്ന ഒരു യോഗത്തില്‍ സമാധാനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല, ഇറങ്ങിപ്പോകുന്നു എന്നായിരുന്നു എന്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞത്. ആര്‍എസ്എസിന്റെ പങ്ക് അവര്‍ക്ക് അന്നുതന്നെ അത്ര ഉറപ്പുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരോടെല്ലാം ഇക്കാര്യം ഞങ്ങള്‍ പറഞ്ഞു. തലശ്ശേരി ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി സിബിഐ ഞങ്ങളെ മണിക്കൂറുകള്‍ ചോദ്യം ചെയ്തു. ഞങ്ങളില്‍നിന്ന് അവര്‍ക്ക് ഒന്നും കിട്ടിയില്ല. നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ഞാന്‍ സിബിഐക്ക് എഴുതിക്കൊടുത്തു. ഈ കേസില്‍ പ്രതികളാക്കപ്പെട്ടവരെല്ലാം ഇതുപോലെ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സിബിഐയെ രേഖാമൂലം അറിയിച്ചു. സിപിഐഎമ്മിന് ഒരുതരത്തിലും ബന്ധമില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുള്ള ഈ കേസില്‍ തുടക്കം മുതല്‍ ഞങ്ങള്‍ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അത് കോടതികള്‍ക്കെല്ലാം ബോധ്യപ്പെടേണ്ടതായിരുന്നു. കോടതികളിലുള്ള വിശ്വാസം ഇപ്പോഴും ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ല. നീതി ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസമുണ്ട്. പക്ഷെ, ഒന്നര വര്‍ഷം ജയിലിലും മൂന്ന് വര്‍ഷത്തിലേറെയായി ഒരര്‍ത്ഥത്തിലുള്ള നാടുകടത്തലിനും വിധേയമായി ഞങ്ങള്‍ എറണാകുളത്ത് കഴിയുന്നു. നീതിയുടെയും മനുഷ്യാവകാശത്തിന്റെയും നിഷേധം ഇതിലുണ്ട്. ആ കൊലപാതകത്തില്‍ പങ്കെടുത്ത ആര്‍എസ്എസുകാരന്‍ ഇപ്പോള്‍ അത് ഏറ്റുപറഞ്ഞ് വസ്തുതകള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കോടതിയില്‍നിന്ന് അനുകൂല വിധി ഞാന്‍ ആഗ്രഹിക്കുനന്നു.

കേസ് സിബിഐയാണ് ഒടുവില്‍ അന്വേഷിച്ചത്. സുബീഷിന്റെ പുതിയ മൊഴി പൊലീസിന്റെ കയ്യിലാണ്. അതുകൊണ്ടുതന്നെ ഈ പുതിയ വെളിപ്പെടുത്തലിന് എത്രത്തോളം നിയമസാധുതയുണ്ട്.

അത് നിയമജ്ഞരാണ് പരിശോധിക്കേണ്ടത്. നിയമത്തിന്റെയും ധാര്‍മികതയുടെയും സത്യത്തിന്റെ ഭാഗത്തുനിന്നാണ് ഞാന്‍ ഇതിനെ കുറിച്ച് ചിന്തിക്കുന്നത്. ആര്‍ക്കും തെറ്റുപറ്റാം. ഏത് അന്വേഷണ സംവിധാനത്തിനും തെറ്റുപറ്റാം. കുറേ മനുഷ്യര്‍ ഇല്ലാത്ത ഒരു കുറ്റത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയാണ്. അതിലാണ് ഒരു തീരുമാനം ഉണ്ടാകേണ്ടത്. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമാണ്. അതില്‍ സത്യത്തിന്റെ കൂടെ നില്‍ക്കാന്‍ സമൂഹം തയ്യാറാകുമെന്നാണ് എന്റെ പ്രതീക്ഷ.

സംഭവം നടക്കുമ്പോള്‍ എല്‍ഡിഎഫ് ആണ് ഭരണത്തില്‍. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും. എല്‍ഡിഎഫ് ഭരണത്തില്‍ സംസ്ഥാന പൊലീസ് അന്വേഷിച്ച് കണ്ടെത്തിയതും പിന്നീട് സിബിഐയുടെ കണ്ടെത്തലും ഒന്നുതന്നെയാണ്. അപ്പോള്‍ എങ്ങനെയാണ് സിബിഐയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് പറയാന്‍ കഴിയുക. സിപിഐഎം ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴും എന്തുകൊണ്ട് ശരിയായ അന്വേഷണം നടന്നില്ല?

ഒരുകാര്യം പറയാം. കേരളാ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ല എന്നുപറഞ്ഞുകൊണ്ടാണല്ലോ ഫസലിന്റെ ഭാര്യയും എന്‍ഡിഎഫും കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടതും സിബിഐ അന്വേഷിച്ചതും. കേരളാ പൊലീസിനേക്കാള്‍ എന്തുകൊണ്ടും അന്വേഷണ മികവ് കൂടുതലുളള ഏജന്‍സിയാണ് സിബിഐ. ഏതെങ്കിലും ഒരു അന്വേഷണ ഏജന്‍സിക്ക് തെറ്റുപറ്റിയാല്‍ അത് തിരുത്താന്‍ സാധിക്കണം. തെറ്റുപറ്റിയെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമുള്ളതാണല്ലോ. നേരത്തേയുള്ള കണ്ടെത്തല്‍ തെറ്റായിരുന്നുവെന്ന് രണ്ട് വര്‍ഷം മുമ്പേ ബോധ്യപ്പെട്ടതാണ്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ പിടിച്ചപ്പോള്‍ മാത്രമല്ല അക്കാര്യം പുറത്തുവരുന്നത്. ആര്‍എസ്എസിന്റെ കണ്ണൂര്‍ ജില്ലയിലെ നേതൃത്വത്തിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ഈ കൊലപാതകത്തിന് പിന്നിണ്ടായിരുന്നവര്‍ ആരാണെന്ന വിവരം അന്ന് തന്നെ പുറത്തുവന്നിരുന്നു. പത്രസമ്മേളനങ്ങളും പല പൊതുയോഗങ്ങളിലും ഇത് പരസ്യപ്പെടുത്തിയിരുന്നു. നേരത്തേ എന്തു ചെയ്തു എന്നല്ല, പുതിയ വെളിപ്പെടുത്തല്‍ വരുമ്പോള്‍ എന്താണ് ഇനി ചെയ്യേണ്ടത് എന്നതാണ് പ്രധാനം. എറണാകുളം വരാപ്പുഴയില്‍ നിരപരാധിയായ രാധ എന്ന സ്ത്രീയെ മോഷണക്കുറ്റം ചുമത്തി അവരുടെ സ്വത്ത് വില്‍പ്പിച്ചല്ലേ പൊലീസ് പീഡിപ്പച്ചത്. മറ്റൊരു കേസ് അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കള്ളനെ കിട്ടിയപ്പോള്‍ സത്യം പുറത്തുന്നു. ഇങ്ങനെ നൂറായിരം സംഭവങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടില്ലേ. അന്വേഷിക്കുന്നവര്‍ക്ക് പല തെറ്റുകളും പറ്റിയിട്ടുണ്ടാകും. അത് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറാകണം.

സിപിഐഎം ഭരണത്തിന് കീഴില്‍ ഒന്നല്ല, വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിച്ചിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും. ഇവര്‍ക്കെല്ലാം തെറ്റിയെന്നാണോ?

തെറ്റായി എന്നാണല്ലോ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളില്‍ ബോധ്യമാകുന്നത്. ഞങ്ങള്‍ ഇക്കാര്യം തുടക്കം മുതല്‍ പറഞ്ഞിരുന്നു. കേരളത്തിലെ അന്വേഷണങ്ങളുടെ ചരിത്രമെടുത്താല്‍ എത്രയെത്ര നിരപരാധികളെ ഇങ്ങനെ കേസില്‍ പെടുത്തിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട കഴിയുന്ന കുറ്റവാളികള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെട്ടവരാണ്, പക്ഷെ അവരില്‍ പലരും കുറ്റവാളികല്ല എന്ന് കോടതികള്‍ക്ക് അറിയാമായിരുന്നു എന്ന് ഒരു ജഡ്ജി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞു. ഒരു കേസിന്റെ എല്ലാ നടപടികളും പൂര്‍ത്തിയാകുന്നതിന് മുമ്പേ, വസ്തുത പുറത്തുവരുമ്പോള്‍, വെളിപ്പെടുത്തലുകള്‍ വരുമ്പോള്‍, ആ സത്യം അംഗീകരിക്കാന്‍ തയ്യാറാകണം. അതേ ഞങ്ങള്‍ പറയുന്നുള്ളൂ.

സുബീഷിന്റെ വെളിപ്പെടുത്തലിന് മുമ്പേ തന്നെ ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നില്‍ എന്ന് സിപിഐഎം പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്?

മാടപീടികയില്‍ ആര്‍എസ്എസുകാരെ എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതില്‍ ജയിലില്‍ കിടന്ന അഞ്ച് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ 2006 ഒക്ടോബര്‍ 16നാണ് പുറത്തിറങ്ങിയത്. സിബിഐക്ക് കൊടുത്ത മൊഴികളില്‍ എന്‍ഡിഎഫുകാരും ആര്‍എസ്എസുകാരും തമ്മിലുള്ള ഈ പരസ്പര സംഘട്ടനത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഫസലിനെ കാണുമ്പോള്‍ കൊടുവാളെടുത്ത് കല്ലിലുരച്ച് ഇത് നിനക്ക് വെച്ചതാണ് എന്ന് ആര്‍എസ്എസുകാര്‍ പറഞ്ഞത് എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ സാക്ഷി മൊഴികളിലുണ്ട്. ആര്‍എസ്എസും എന്‍ഡിഎഫും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു എന്ന് ആര്‍എസ്എസിന്റെ കൗണ്‍സിലര്‍ നല്‍കിയ മൊഴിയുണ്ട്. അതുകൊണ്ടാണല്ലോ എന്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് തുടക്കത്തില്‍ തന്നെ പറഞ്ഞത്.

സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫിലേക്ക് പോയതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ആരോപണം. എന്തുകൊണ്ടാണ് ഫസലിനെ പോലുള്ള ഒരാള്‍ സിപിഐഎമ്മില്‍നിന്ന് അകന്നുപോയത്?

പലകാരണങ്ങള്‍കൊണ്ട് ആളുകള്‍ അകന്നുപോകാറുണ്ട്. ഫസലിന്റെ കുടുംബത്തിലെ മറ്റെല്ലാവരും സിപിഐഎം കാരാണ്. ഫസലിന്റെ വ്യത്യസ്തമായ രാഷ്ട്രീയ ചിന്തയുണ്ടാകുമ്പോള്‍ പലരും പാര്‍ട്ടിമാറാറുണ്ട്. ചിലര്‍ സിപിഐഎമ്മിലേക്ക് വരും, തെറ്റിദ്ധാരണകൊണ്ട് ചിലര്‍ സിപിഐഎം വിട്ടുപോയെന്നുവരും. അതൊക്കെ സാധാരണമാണ്. ഒരുവിശ്വാസത്തില്‍ തന്നെ ഒരാള്‍ പിടിച്ചുനില്‍ക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല. സിപിഐഎം വിട്ട് ഫസല്‍ പോയതുകൊണ്ടാണ് കൊല്ലപ്പെട്ടത് എന്ന ഒരു കഥയുണ്ടാക്കിയതാണ്. ആര്‍എസ്എസിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നു എന്ന് പറഞ്ഞ്, ആര്‍എസ്എസ് തന്നെ എന്‍ഡിഎഫിനെതിരെ പൊലീസിന് മൊഴികൊടുത്തിരുന്നു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഈ ഭാഗങ്ങളുണ്ട്. ആര്‍എസ്എസുകാര്‍ കൊടുവാളുമായി വരാറുണ്ടെന്ന് ഫസലിന്റെ ബന്ധു അജിനാസ് കൊടുത്ത മൊഴി കുറ്റപത്രത്തിലുണ്ട്. അതിലേക്കൊന്നും അന്വേഷണം വന്നില്ല.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഫസലിന്റെ കുടുംബാംഗങ്ങളാണ്

അങ്ങനെയല്ല. ഫസലിന്റെ ജ്യേഷ്ഠന്മാര്‍ക്കെല്ലാം വ്യക്തമായ ധാരണയുണ്ട്. സിപിഐഎമ്മിനെ സംശയത്തിന്റെ നിഴലില്‍ അവരാരും നിര്‍ത്തിയിട്ടില്ല. ഫസലിന്റെ ഭാര്യയാണ് അതാവശ്യപ്പെട്ടത്. അത് പലരുടെയും സമ്മര്‍ദത്തെ തുടര്‍ന്നായിരിക്കാം.

സുപ്രിം കോടതിയില്‍നിന്ന് പോലും ജാമ്യ വ്യവസ്ഥയില്‍ ഇളവ് കിട്ടിയില്ല. സുപ്രിം കോടതിയില്‍ സ്വന്തം ഭാഗം ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയാത്തതാണോ തിരിച്ചടിയായത്?

ഞങ്ങള്‍ നീതിയില്‍ വിശ്വാസം അര്‍പ്പിച്ചവരാണ്. നീതി കിട്ടും എന്നുതന്നെയായിരുന്നു പ്രതീക്ഷ. സുപ്രിം കോടതി എന്തുകൊണ്ട് അനുകൂലമായി തീരുമാനമെടുത്തില്ല എന്നത് കൃത്യമായി പറയാന്‍ കഴിയില്ല. നിയമജ്ഞന്മാരൊക്കെ ഇളവ് കിട്ടുന്നതിന് നന്നായി ശ്രമിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉള്‍ക്കൊള്ളേണ്ടവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല എന്നേ പറയാന്‍ പറ്റൂ.

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ്‌കാരന്റെ വെളിപ്പെടുത്തല്‍ പൊലീസ് പീഡിപ്പിച്ച് പറയിപ്പിച്ചതാണെന്ന് ആര്‍എസ്എസ് പറയുന്നു. അവര്‍ കോടതിയെ സമീപിക്കുന്നു?

പത്രങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമാണ് അക്കാര്യത്തില്‍ എനിക്കുള്ള അറിവ്. പൊലീസ് മര്‍ദിച്ചു എന്ന വിവരങ്ങളൊന്നും പത്രങ്ങളില്‍ കണ്ടില്ല. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മൊഴിനല്‍കിയ ശേഷം ജയിലില്‍നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ നല്‍കിയിട്ടുണ്ട്. മര്‍ദനമുണ്ടായോ എന്ന കാര്യം അതില്‍നിന്ന് പരിശോധിക്കാവുന്നതല്ലേ.

രാഷ്ട്രീയത്തില്‍ നേതൃത്വത്തിലുള്ള ഒരാള്‍ എന്ന നിലയില്‍ സ്വന്തം നാട്ടില്‍നിന് മാറി നില്‍ക്കുമ്പോള്‍ പൊതുരംഗത്ത് എത്രത്തോളം ഇടപെടാന്‍ കഴിയുന്നുണ്ട്?

നാട്, നാട്ടിലെ വീട്, ജനിച്ചുവളര്‍ന്ന സ്വന്തം കുടുംബം ഇവയില്‍നിന്നെല്ലാം അകറ്റിനിര്‍ത്തപ്പെടുക എന്നത് ഒരു കാടന്‍ രീതിയാണ്. വിവരസാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് ലോകത്ത് എവിടെ നിന്നാലും എന്തും ചെയ്യാന്‍ കഴിയും. ആരെയെങ്കിലും സ്വാധീനിക്കേണ്ടതുണ്ടെങ്കില്‍ അതിന് ഞങ്ങളാരും പോകണമെന്നില്ല. അതുകൊണ്ടുതന്നെ ഇത് ഒരു പ്രാകൃത രീതിയാണ്. വ്യക്തിപരമായി നോക്കിയാല്‍ കുടുംബവും മക്കളുടെ വിദ്യാഭ്യാസം അവരുടെ മറ്റ് കാര്യങ്ങള്‍ എന്നിവയൊന്നും ശ്രദ്ധിക്കാന്‍ പറ്റത്തത്ത് പ്രയാസമുണ്ടാക്കുന്നുണ്ട്. അത് നീതി നിഷേധം തന്നെയാണ്.

പാര്‍ട്ടിക്ക് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞാലും കുടുംബത്തില്‍ അത് സാധ്യമാകില്ല എന്നല്ലേ. വീട് എങ്ങനെ കൈകാര്യം ചെയ്തു?

മക്കള്‍ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്. ഞങ്ങളൊക്കെ നാട്ടില്‍ വലിയ പേരുദോഷമുണ്ടാക്കാതെയാണ് ഇതുവരെ പ്രവര്‍ത്തിച്ചത്. കൊലയാളി എന്ന നിലയില്‍ ഞങ്ങളെ അവതരിപ്പിച്ചപ്പോള്‍ അത് മക്കളിലുണ്ടാക്കിയ പ്രയാസം വലുതാണ്. മകളുടെ വിവാഹത്തിന് പോലും ഞാന്‍ ഒരു സന്ദര്‍ശകനെ പോലെയാണ് പോയത്. മറ്റ് പലരെയും പോലെ വിവാഹത്തിന്റെ രണ്ട് ദിവസം മുമ്പ് വീട്ടിലെത്തുന്നു. വിവാഹത്തില്‍ പങ്കെടുത്ത് ഉടന്‍ തിരിച്ചുവരുന്നു. കുടുംബത്തിലെ ഇതുപോലുള്ള സന്തോഷകരമായ കാര്യങ്ങളില്‍ പോലും ഇടപെടാന്‍ കഴിഞ്ഞില്ല എന്നത് സാധാരണ ഒരു അച്ഛനെന്ന നിലയില്‍ പ്രയാസമുണ്ടാക്കിയതാണ്. എന്റെ അഭാവത്തിലെ മറ്റ് പ്രയാസങ്ങളെല്ലാം പാര്‍ട്ടിയും സഹപ്രവര്‍ത്തകരും കുടുംബാഗങ്ങളുമെല്ലാം ചേര്‍ന്ന് പരിഹരിച്ചു.

കാരായിമാര്‍ എന്നത് പാര്‍ട്ടി ഗ്രാമത്തെ നിയന്ത്രിക്കുന്ന ഭീകരന്മാരായ ക്രിമിനല്‍ നേതാക്കള്‍ എന്ന രൂപമാണ് കണ്ണൂരിന് പുറത്തുള്ള പ്രതിച്ഛായ?

പലര്‍ക്കും പറ്റിയ അബദ്ധങ്ങളിലൊന്നാണ് ‘കാരായി ബ്രദേഴ്സ്’ എന്ന പ്രയോഗം. ഞങ്ങള്‍ കുടുംബ ബന്ധമുള്ളവരൊന്നുമല്ല. കാരായി എന്നത് ഒരു വീട്ടുപേരാണ്. കൊലയാലികള്‍ എന്ന് മുദ്രകുത്തി ഞങ്ങളെ വേട്ടയാടിയപ്പോഴും നാട്ടിലെ ജനങ്ങള്‍ക്കും ഞങ്ങളെ അറിയുന്നവര്‍ക്കും ഞങ്ങള്‍ എന്തായിരുന്നു എന്ന കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതിന്റെ തെളിവായിരുന്നു ജില്ലാ പഞ്ചായത്തില്‍ മത്സരിച്ചപ്പോള്‍ എനിക്ക് ലഭിച്ച ഭൂരിപക്ഷം. കേരളത്തില്‍തന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്ന് ജില്ലാ പഞ്ചായത്തില്‍ എനിക്ക് ലഭിച്ചു. തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പോലും ഞാന്‍ പോയിരുന്നില്ല. ജനങ്ങള്‍ എല്ലാം വിലയിരുത്തുന്നുണ്ട്. അവര്‍ക്ക് കാര്യങ്ങളെല്ലാം നന്നായി അറിയാം. ഒരു അനുഭവം പറയാം. കോടതിയുടെ അനുമതിയോടെ ഒരു ദിവസം വീട്ടില്‍ പോയപ്പോള്‍ കാണാന്‍ ഒരുപാടാളുകള്‍ വന്നു. പ്രായമായ മുസ്ലീം സ്ത്രീകളുമുണ്ടായിരുന്നു. പ്രായമായ ഉമ്മമാര്‍ വന്ന് കയില്‍ കരുതിയ പൈസയെടുത്ത് എന്റെ തലയില്‍ ഉഴിഞ്ഞു. ഉള്ളാളം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനാണ് ഇത് എന്നായിരുന്നു അവര്‍ പറഞ്ഞത്. നിന്നെ കള്ളക്കേസില്‍ പെടുത്തി ഉപദ്രവിച്ചവര്‍ക്ക് ദൈവം കൊടുക്കും എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവരുടെ മടക്കം. വ്യക്തിപരമായ മനുഷ്യന്റെ ബന്ധങ്ങളാണ് അവരെകൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ഞാന്‍ ദൈവവിശ്വാസിയല്ല. വിശ്വസിക്കുന്നവര്‍ ഒരുപാടുപേരുണ്ട്. അവര്‍ ഇങ്ങനെയാണ് ചെയ്തത്. നിരവധി സ്ത്രീകള്‍, ഉമ്മമാരടക്കം, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്നിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍പോലും ജയിലിന് അടുത്തുപോകാന്‍ കഴിയാത്തവര്‍ വരെ ഞങ്ങളെ കാണാന്‍ വന്നു. ഞങ്ങളെ ക്രിമിനുകളെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴും അവര്‍ക്കറിയാം ഞങ്ങള്‍ അത്തരക്കാരല്ലന്ന്. എങ്കിലും കുറേയാളുകളെയൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ പ്രചാരണം കൊണ്ട് പറ്റിയിട്ടുണ്ടാകും.

പാര്‍ട്ടി ഗ്രാമങ്ങളില്‍ ഭയക്കേണ്ട ഒന്നുമില്ലെന്നാണോ?

പാര്‍ട്ടി ഗ്രാമം എന്ന് മുദ്രകുത്തിയ ഒരു പഞ്ചായത്തിലാണ് ഞാന്‍ ജീവിക്കുന്നത്. അവിടെ 18വാര്‍ഡിലും സിപിഐഎം ആണ് ജയിക്കുന്നത്. അവിടെ രണ്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുണ്ട്. രണ്ടിടത്തും നൂറ് ശതമാനമാണ് വിജയം. പ്ലസ്ടു പരീക്ഷാഫലവും ഇതുപോലെ തന്നെ. കേരളത്തില്‍ അഴിമതിയില്ലാത്ത വില്ലേജ് ഓഫീസ് എന്ന അവാര്‍ഡ് കിട്ടിയത് എന്റെ പഞ്ചായത്തിലെ വില്ലേജ് ഓഫീസിനാണ്. കൃത്യമായി സര്‍വീസ് നടത്തുന്ന, കൈക്കൂലി കൊടുക്കാതെ കാര്യങ്ങള്‍ നടത്താന്‍ കഴിയുന്ന കെഎസ്ഇബി ഓഫീസ് ഈ പഞ്ചായത്തിലാണ്. കേരളത്തിലെ മാതൃകാ ബാങ്ക് എന്ന സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ഇന്ത്യയിലെ സഹകരണ ബാങ്കിനെ കുറിച്ച് പഠിക്കാന്‍ ആര്‍ബിഐ സംഘത്തെ അയക്കുമ്പോള്‍ എത്തുന്നത് കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്കാണ്. ഇങ്ങനെയുള്ള ഈ ഗ്രാമത്തില്‍ ചിത്രകാരന്മാര്‍, സാഹിത്യകാരന്മാര്‍, ചിത്രഗ്രാമം ഇതൊക്കെയുള്ള നാടിനെ കുറിച്ചാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നത്. അവിടെ സംസ്‌കാരമുണ്ട്. സമാധാനമുണ്ട്. എന്റെ വീട്ടുപറമ്പിന്റെ ഒരു മൂലയില്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡച്ചാണ് കച്ചവടം നടത്തുന്നത്. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനോട് ചേര്‍ന്നാണ് ഇത്. ഈ പാര്‍ട്ടി ഗ്രാമത്തില്‍ 80 ശതമാനം പേരും ഇടതുപക്ഷത്തും സിപിഐഎമ്മിനൊപ്പവുമാണ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും അവരുടെ അച്ഛനും മുത്തച്ഛനുമെല്ലാം കച്ചവടം നടത്തിയത് ഇതേ കടയിലാണ്. കതിരൂര്‍ സഹകരണ ബാങ്കിന് ഒരു ഷോപ്പിങ് കോംപ്ലകസ് ഉണ്ട്. അവിടെയുളള കച്ചവടക്കാരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് അനുഭാവികളാണ്. ഇത്തരം വസ്തുതള്‍ നിഷേധിച്ചാണ് പാര്‍ട്ടി ഗ്രാമം എന്ന മുദ്ര പതിക്കുന്നത്. ആ പ്രദേശത്ത് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ളത് ജനങ്ങളുടെ എല്ലാ ജീവല്‍പ്രശ്നങ്ങളിലും ഇടപെടുന്നതുകൊണ്ടാണ്. അവര്‍ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കുന്നതുകൊണ്ടാണ്. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരുമുണ്ട്. ആര്‍എസ്എസിന്റെ ശാഖപോലും നടക്കുന്നുണ്ട്. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന് പറയപ്പെടുന്ന എല്ലാ പ്രദേശത്തിന്റെയും അവസ്ഥ ഇതാണ്. 25 വായനശാലകളും 15 ഗ്രന്ഥാലയങ്ങളുമുണ്ട്. നൂറുകണക്കിന് ക്ലബുകളുണ്ട്. ഇതെല്ലാം ഏത് ഗ്രാമത്തിലാണുണ്ടാവുക. ഇങ്ങനെയുള്ള ഗ്രാമങ്ങളെയാണ് കരിതേച്ചുകാണിക്കുന്നത്.

ആ പ്രദേശത്ത് ഇത്രയും സ്വാധീനമുള്ള ഓരു പാര്‍ട്ടി എന്ന നിലയില്‍ സിപിഐഎമ്മിനല്ലേ സമാധാനം ഉറപ്പുവരുത്തതില്‍ മറ്റുള്ളവരേക്കാള്‍ ഉത്തരവാദിത്തം.?

ഏറ്റവും അവസാനം പരിശോധിച്ചാല്‍, കുറേക്കാലത്തിന് ശേഷം നടന്ന കൊലപാതകം തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പിണറായിയില്‍ രവീന്ദ്രനെ കൊലപ്പെടുത്തിയതായിരുന്നു. അത് ഏകപക്ഷീയമായ ഒന്നായിരുന്നു. പയ്യന്നൂരില്‍ ധനരാജിന്റെയും പിന്നീട് പടുവിലായിലിലെ മോഹനനും. ഇതും ഏകപക്ഷീയമായിരുന്നു. ഇങ്ങനെയാണ് സംഭവങ്ങള്‍ പലതും നടക്കുന്നത്. എന്നിട്ട് അക്രമം മുഴുവന്‍ സിപിഐഎം ആണെന്ന് പ്രചരിപ്പിക്കുന്നു.

ഏകപക്ഷീയമെന്ന് വാദിക്കുമ്പോഴും സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകുന്നു. രാജ്യത്തെ നിലവിലുള്ള നിയമസംവിധാനമനുസരിച്ച് കുറ്റവാളികളെ ശിക്ഷിക്കാന്‍ ശ്രമിക്കാം എന്ന പക്വതയുള്ള ഒരു സമീപനത്തിലേക്ക് സിപിഐഎന്റെ മാനസികാവസ്ഥ മാറാത്തത് എന്തുകൊണ്ടാണ്?

ഒരുകാരണവശാലം ആക്രമണങ്ങളെ സിപിഐഎം പ്രോത്സാഹിപ്പിക്കുന്നില്ല. സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് സിപിഐഎം ആഗ്രഹിക്കുന്നത്. ആതാണ് നാടിനും ജനങ്ങള്‍ക്കും നല്ലത്. മറുവശത്ത് കായികമായി പരിശീലനം നേടുന്ന രീതിയാണ് ആര്‍എസ്എസ് ചെയ്യുന്നത്.

ആര്‍എസ്എസാണ് അക്രമം നടത്തുന്നത് എന്ന് പറയുമ്പോള്‍ കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളിലും ആര്‍എസ്എസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നു എന്ന് അവര്‍ അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് സിപിഐഎമ്മിന് സ്വാധീനമുള്ള മേഖലകളില്‍ ആര്‍എസ്എസിന് വളരാന്‍ കഴിയുന്നത്.?

തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണ്‍ പരിശോധിച്ചാല്‍ അത് ശരിയല്ലെന്ന് മനസ്സിലാകും. കേരളത്തില്‍ ചിലയിടങ്ങളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും കണ്ണൂരില്‍ വോട്ടിങില്‍ അവര്‍ അവകാശപ്പെടുന്ന രീതിയില്‍ പ്രകടമായ വളര്‍ച്ചയുണ്ടായിട്ടില്ല. ബിജെപിയും ആര്‍എസ്എസും വിട്ട് കുറേ പേര്‍ സിപിഐഎമ്മിലേക്കാണ് വന്നത്. കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനം ഉയര്‍ന്നിട്ടുണ്ടെങ്കിലും കണ്ണൂര്‍ ജില്ലയില്‍ മുന്‍കാലത്ത് അവര്‍ക്ക് ലഭിച്ച വോട്ടുമായി താരമ്യം ചെയ്യുമ്പോള്‍ മറ്റിടങ്ങളിലുണ്ടായ വളര്‍ച്ച ഉണ്ടായില്ലെന്ന് വ്യക്തമാകും.