‘ഓരോ വില്ലനിലും ഒരു നായകനുണ്ട്; നായകനില്‍ ഒരു വില്ലനും’

October 25, 2017, 7:36 pm
‘ഓരോ വില്ലനിലും ഒരു നായകനുണ്ട്; നായകനില്‍ ഒരു വില്ലനും’
Interview
Interview
‘ഓരോ വില്ലനിലും ഒരു നായകനുണ്ട്; നായകനില്‍ ഒരു വില്ലനും’

‘ഓരോ വില്ലനിലും ഒരു നായകനുണ്ട്; നായകനില്‍ ഒരു വില്ലനും’

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന നാലാമത്തെ ചിത്രമാണ് ‘വില്ലന്‍’. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളും ആകാംക്ഷയും നല്‍കി റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ്‌ലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ റെക്കോര്‍ഡ് നേട്ടത്തോടെ തരംഗമായിക്കഴിഞ്ഞു. ഇന്ത്യന്‍ സിനിമ മേഖലയില്‍ ചരിത്ര മുഹൂര്‍ത്തം കുറിക്കാനൊരുങ്ങുന്ന വില്ലന്റെ വരവിനായി പ്രേക്ഷകര്‍ ആവേശത്തിലാണ്.

മഞ്ജു വാര്യര്‍ നായികാ വേഷത്തിലെത്തുമ്പോള്‍ തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മികച്ച സാങ്കേതിക നിലവാരത്തിലും വമ്പന്‍ പ്രതിഭകളെ അണിനിരത്തിയുമാണ് ബി ഉണ്ണിക്കൃഷ്ണന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്നത്. ‘ഓരോ വില്ലനിലും ഒരു നായകനുണ്ട്, അതേപോലെ ഓരോ നായകനിലും ഒരു വില്ലനുണ്ട്’ എന്നതാണ് സിനിമയുടെ പ്രമേയം. വില്ലനാര് എന്നത് ഒരു ചോദ്യ ചിഹ്നമാണ്? വില്ലന്റെ സിനിമാ വിശേഷങ്ങള്‍ സൗത്ത് ലൈവുമായി പങ്കുവെച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

മോഹന്‍ലാലുമായുള്ള താങ്കളുടെ നാലാമത്തെ ചിത്രമാണല്ലോ വില്ലന്‍. കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു?

ആദ്യം കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു. അത്രയും സങ്കീര്‍ണ്ണമായ ഒരു കഥയായത് കൊണ്ട് ഒരുപാട് സംശയങ്ങള്‍ ചോദിച്ചു. സംശയം തീരും വരെ അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അത് ലാല്‍ സാറിന്റെ ശൈലിയാണ്. പൂര്‍ണമായിട്ട് മനസിലാക്കിയതിന് ശേഷമേ സിനിമ ചെയ്യൂ. ചെയ്താല്‍ ആ അധ്വാനത്തിന്റെ ഫലം സിനിമയില്‍ പ്രതിഫലിക്കും. കഥ പൂര്‍ണമായും കേട്ടപ്പോള്‍ നമുക്കിത് ചെയ്യാം, തികച്ചും വ്യത്യസ്തമായ ഒരു കഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

 ചിത്രീകരണ വേളയിൽ  മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ,വിശാൽ 
ചിത്രീകരണ വേളയിൽ മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ,വിശാൽ 

‘വില്ലനെ’ കേരളത്തിന് പുറത്തേക്ക് സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണോ തമിഴ് താരം വിശാലും ഹന്‍സികയും തെലുങ്ക് താരങ്ങളായ ശ്രീകാന്തിന്റെയും റാഫി ഘന്നയുടെയും സാന്നിധ്യം ഉറപ്പാക്കിയത്?

കഥാപാത്രത്തിന് ചേര്‍ന്ന താരങ്ങളെ തെരഞ്ഞെടുക്കുക എന്നതാണല്ലോ പ്രധാനം, തീര്‍ച്ചയായും അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നു. അതാണ് അങ്ങനെയൊരു തീരുമാനത്തിന് കാരണം. ഇന്ത്യയിലെ തന്നെ മികച്ച നിര്‍മാതാക്കളില്‍ ഒരാളായ റോക്ക്‌ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മാതാവിന്റെ ആദ്യത്തെ മലയാള സിനിമയും കൂടിയാണിത്. സിനിമയുടെ പ്രമേയത്തിന്റെ വലിപ്പം വെച്ച് നമുക്കിത് എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലേക്കും എത്തിക്കേണ്ടതുണ്ടെന്നും അതുകൊണ്ട് അങ്ങനെയൊരു കാസ്റ്റിങ് നടത്തണമെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. എന്നാല്‍ വിശാല്‍ മാത്രം പൂര്‍ണമായും എന്റെ സെലക്ഷന്‍ ആയിരുന്നു. കഥയെഴുതി പൂര്‍ത്തിയായി വന്നപ്പോള്‍ വിശാല്‍ ചെയ്താല്‍ ഭംഗിയായിരിക്കും എന്നെനിക്ക് തോന്നി. കൂടാതെ കഥ കേട്ട ഉടനെ ചെയ്യാമെന്ന് ഇങ്ങോട്ട് പറയുകയും ഏറ്റിരുന്ന മറ്റ് ചിത്രങ്ങളുടെ തീയതി അഡ്ജസ്റ്റ് ചെയ്തിട്ടുമാണ് അദ്ദേഹം ഞങ്ങളുടെ കൂടെ സഹകരിച്ചത്. വില്ലന്റെ അന്യ ഭാഷാ റിലീസ് നവംബറില്‍ ഉണ്ടാകും.

മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ, മഞ്ജു വാരിയർ 
മോഹൻലാൽ, ബി ഉണ്ണികൃഷ്ണൻ, മഞ്ജു വാരിയർ 

വില്ലന്റെ പിറവി ?

എല്ലാ വില്ലനിലും ഒരു നായകനുണ്ട്! എല്ലാ നായകനിലും ഒരു വില്ലനുമുണ്ട്. അങ്ങനെയുള്ളൊരു പ്രമേയം നമുക്കെങ്ങനെ തിരക്കഥയാക്കാം എന്നൊരു അന്വേഷണത്തിന്റെ ഭാഗമാണ് വില്ലന്‍ എന്ന സിനിമയുടെ പിറവി.

വില്ലനിലെ വി.എഫ്.എക്‌സ് പ്രത്യേകത നിറഞ്ഞതാണോ ..?

വിഎഫ്എക്‌സ് പ്രത്യേകതയുള്ളതാണ്. പക്ഷേ വിഷയവുമായി ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ അത് വിഎഫ്എക്‌സ് ആയി തോന്നില്ല. ഒരുപക്ഷേ ഒരു സെറ്റിന്റെ എക്സ്റ്റന്‍ഷന്‍ ആയിരിക്കും അത്. വില്ലനില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്ന ഒരു സീക്വൻസ്‌ മുഴുവനും ‘മാറ്റ് പെയിന്റിംഗ്’ ഉപയോഗപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഫ്‌ളോര്‍ മുഴുവന്‍ പച്ച നിറം അടിച്ചതിന് ശേഷം നമുക്ക് ആവശ്യമുള്ള ഭൂപ്രകൃതി വിഷ്വലിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. കൂടാതെ വില്ലനില്‍ സീനുകളുടെ മിഴിവിന് വേണ്ടി പുതിയ സാങ്കേതിക തികവാര്‍ന്ന രീതിയില്‍ വി.എഫ്.എക്‌സ് ഉപയോഗിച്ചിട്ടുണ്ട്.

4കെ തീയേറ്ററുകള്‍ കുറവായ കേരളത്തില്‍ മുഴുവനായും 8 കെയില്‍ ചിത്രീകരിച്ച സിനിമ പ്രേക്ഷകരില്‍ ആശങ്കയുണര്‍ത്തുമോ?

പലരും എന്നോട് ചോദിച്ച ഒരു സംശയമാണിത്. എന്നാല്‍ അങ്ങനെയൊരു ആശങ്ക വെച്ചുപുലര്‍ത്തേണ്ട കാര്യമില്ല. വില്ലനില്‍ ചെയ്തിരിയ്ക്കുന്നത് 8കെയില്‍ ചിത്രീകരിച്ചതിന് ശേഷം 2കെയിലേക്കും 4കെയിലേക്കും ഡൗണ്‍സ്‌കെയില്‍ (ഉീംിരെമഹല) ചെയ്യുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ റെസൊല്യൂഷന്‍ ‘ലോസ്’ ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല ലഭിക്കുന്ന ദൃശ്യങ്ങള്‍ വളരെ ‘ഷാര്‍പ്പും’ ആയിരിക്കും. 8കെയില്‍ ചിത്രീകരിക്കുമ്പോഴുള്ള ഒരു നേട്ടം എന്നുവെച്ചാല്‍ അത് നല്‍കുന്ന ‘ഫീല്‍ഡ് ഓഫ് വിഷന്‍’ മറ്റ് ക്യാമറകളെ അപേക്ഷിച്ച് ഉയര്‍ന്നതാണ്. ഈ ചിത്രത്തിന്റെ മേക്കിംഗുമായി അടുത്തുനില്‍ക്കുന്ന വിഷ്വല്‍ പാറ്റേണിന് സഹായകരമാണ് ഇതെല്ലാം. വില്ലനില്‍ നമ്മള്‍ ഉപയോഗിക്കുന്ന റെഡ് ഹീലിയം വെപ്പണ്‍ തന്നെ രണ്ട് വെര്‍ഷനുകളിലുണ്ട്. 120 ഫ്രെയിം ഹൈ എന്‍ഡ് ക്യാമറകള്‍ രണ്ടെണ്ണമാണ് ഇന്ത്യയിലുള്ളത്. അതിലൊരെണ്ണമാണ് വില്ലനില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്.

 ചിത്രീകരണ വേളയിൽ ബി ഉണ്ണികൃഷ്ണൻ, ചെമ്പൻ വിനോദ്, മോഹൻലാൽ 
ചിത്രീകരണ വേളയിൽ ബി ഉണ്ണികൃഷ്ണൻ, ചെമ്പൻ വിനോദ്, മോഹൻലാൽ 

വില്ലന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റ് പ്രധാന സാങ്കേതിക പ്രതിഭകള്‍ ആരൊക്കെയാണ്? മറ്റ് പ്രത്യേകതകള്‍

അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാം ചരണ്‍ എന്നിവരുടെയൊക്കെ പടങ്ങള്‍ ചെയ്ത തെലുങ്കിലെ ഏറ്റവും മികച്ച സ്റ്റണ്ട് മാസ്റ്റര്‍മാരായ റാം ലക്ഷ്മണ്‍ ഇരട്ട സഹോദരങ്ങളാണ് വില്ലനിലെ സംഘട്ടനമൊരുക്കിയിരിയ്ക്കുന്നത്. കൂടാതെ സല്‍മാന്‍ ഖാന്റെ ജയ് ഹോ എന്ന ചിത്രത്തിലൂടെയും ഷാരൂഖിന്റെ റേയ്സിലൂടെയും ശ്രദ്ധേയനായ കൊറിയോഗ്രാഫര്‍ രവി വര്‍മ്മന്‍ ടീമിന്റെ കൊറിയോഗ്രാഫിയും മികച്ച സാങ്കേതികത പുലര്‍ത്തുന്നു. അതേപോലെ മലയാളത്തിലുണ്ടാകുന്ന ഏറ്റവും വലിയ റിലീസ് കൂടിയാണ് വില്ലന്റേത്. സിനിമയുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും ഞാന്‍ പൂര്‍ണമായും പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്തിരിയ്ക്കുകയാണ്. അവരാണ് സിനിമ എങ്ങനെയുണ്ട് എന്ന് തീരുമാനിക്കേണ്ടത്.