“സിനിമയെടുക്കും മുമ്പ് സ്‌ക്രിപ്റ്റ് കത്തിച്ചുകളയണം”

June 7, 2016, 12:13 pm
“സിനിമയെടുക്കും മുമ്പ് സ്‌ക്രിപ്റ്റ് കത്തിച്ചുകളയണം”
Interview
Interview
“സിനിമയെടുക്കും മുമ്പ് സ്‌ക്രിപ്റ്റ് കത്തിച്ചുകളയണം”

“സിനിമയെടുക്കും മുമ്പ് സ്‌ക്രിപ്റ്റ് കത്തിച്ചുകളയണം”

മുഖ്യധാരയില്‍ നിന്ന് വേറിട്ട് നടക്കുന്നവയാണ് രാജീവ് രവി സിനിമകള്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പശ്ചാത്തലം, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസം, ബോംബെ ജീവിതം.... വ്യത്യസ്തമായ വീക്ഷണം രൂപപ്പെടുത്തിയ ഘടകങ്ങള്‍ ഏതെല്ലാമാണ്?

സിനിമയെടുക്കണമെന്നാഗ്രഹിച്ചപ്പോഴും, സിനിമ പഠിക്കാന്‍ പോയപ്പോഴും എന്റര്‍ടെയ്ന്‍മെന്റ് എന്ന ഘടകം എന്നെ സ്വാധീനിച്ചിട്ടില്ല. എന്നെ എന്നും ആകര്‍ഷിച്ചിട്ടുള്ളത് വേദനിപ്പിക്കുന്ന സിനിമകളാണ്. പിന്നെ അതു മാത്രമല്ല, സ്‌കൂള്‍ തൊട്ട് കോളേജ് വരെ രാഷ്ട്രീയം ജീവിതത്തിലുണ്ടായിരുന്നു. പാര്‍ടി രാഷ്ട്രീയം മാത്രമല്ല, ഞങ്ങളുടെയൊക്കെ ചേട്ടന്‍മാര്‍, മുതിര്‍ന്നവര്‍ നല്ല ക്ലാരിറ്റി ഉള്ളവരായിരുന്നു. അവരുമായുള്ള സംസാരം പ്രധാനമായിരുന്നു. അവരുടെ നിലപാടുകള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നു. അന്ന് കോളേജുകളില്‍ എസ്.എഫ്.ഐക്കാര്‍ ഉണ്ടാകും. അവരെ വിമര്‍ശിക്കുന്ന വലിയ ഒരു ഗ്രൂപ്പുണ്ടാകും. ബുദ്ധിജീവികള്‍ ആണ്. നല്ല പോലെ പുസ്തകം വായിക്കും. അവര്‍ക്ക് എസ്.എഫ്.ഐക്കാരെ പുഛമാണ്. എന്നാലും അവരൊക്കെ സുഹൃത്തുക്കളായിരുന്നു. അവരുടെ കയ്യില്‍ നിന്ന് എനിക്ക് പലതും കിട്ടിയിട്ടുണ്ട്. സിസ്റ്റം, റെസിസ്റ്റന്‍സ് എന്നിങ്ങനെ വാക്കുകള്‍ ഉപയോഗിക്കുമായിരുന്നു. പക്ഷേ, എന്തിനെ റെസിസ്റ്റ് ചെയ്യണമെന്നെ് അന്നെനിക്കറിയില്ലായിരുന്നു. ഇതിനൊക്കെ ഒരു ക്ലാരിറ്റി വന്നത് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയ ശേഷമാണ്.

സിനിമയെന്തിനാണ് ചെയ്യുന്നത്? സിനിമ ഒരു എക്‌സ്പ്രഷന്‍ ആണല്ലോ. എന്തിന് എക്‌സ്പ്രസ് ചെയ്യണം? ഒരാളെ എന്‍ര്‍ടെയ്ന്‍ ചെയ്യാന്‍ വേണ്ടിയാണോ? എനിക്ക് തീര്‍ച്ചയായും ആരെയും എന്‍ര്‍ടെയ്ന്‍ ചെയ്യാന്‍ താത്പര്യമില്ല. വലിയ ഒരു ഫാക്ടറി, ആ ഫാക്ടറിയില്‍ ജോലി നോക്കുന്ന കുറേ ആള്‍ക്കാര്‍. ഇവര്‍ക്ക് തുഛമായ വേതനം കൊടുക്കുന്ന ഒരു സംഘം. ഈ ഫാക്ടറിയുടെ നേരെ പുറത്തേക്കിറങ്ങിയാല്‍ ഒരു വൈന്‍ ഷോപ്പ്, നേരേ മാറിയിട്ട് ഒരു തിയേറ്റര്‍. ഇവിടെ നിന്ന് കൊടുക്കുന്ന പൈസ കൃത്യമായിട്ട് ഇവിടെ തന്നെ തിരിച്ചു വരുന്ന അവസ്ഥ. സ്വപ്‌നങ്ങള്‍ വിറ്റ്, സ്വപ്നങ്ങള്‍ കണ്ട് പോയിക്കിടന്നുറങ്ങി പിറ്റേദിവസം പണിക്ക് വരുന്ന ഒരു അവസ്ഥ. വളരെ ഈസിയായിട്ട് ആരോ ഡിസൈന്‍ ചെയ്ത ഒരു മോഡല്‍ പോലെ തോന്നും നമുക്ക്. എന്നാലത് വളരെ സിംപിളായിട്ട് അവര്‍ പ്രായോഗികമാക്കിയ കാര്യമാണിത്. ഛത്തീസ്ഗഡില്‍ നിയോഗി എന്നൊരു ട്രേഡ് യൂണിയന്‍ നേതാവ് ഉണ്ടായിരുന്നു. അയാളവിടെ ചെന്ന് ഫൈറ്റ് ചെയ്ത സമയത്ത് ആദിവാസികളാണ് തൊഴിലാളികള്‍. ആദിവാസികള്‍ക്ക് പൈസ വേണ്ട. അവര്‍ ഹണ്ടേഴ്‌സ് ആന്‍ഡ് ഗാതെറേഴ്‌സ് ആണ്. ഇവര്‍ വലിയ ഫാക്ടറികളില്‍ പണിയെടുത്തിട്ട് കൂലിയായി കിട്ടുന്ന നോട്ടുകള്‍ അവര്‍ക്ക് വേണ്ട. പിന്നെ മുതലാളിമാര്‍ കണ്ടുപിടിച്ച സൂത്രമാണ് ഫാക്ടറിക്ക് പുറത്ത് ഒരു വൈന്‍ ഷോപ്പ് തുടങ്ങുക എന്നത്. കൊടുത്ത പൈസ അവിടെത്തന്നെ തീര്‍ന്നു കിട്ടി. മാത്രമല്ല, മദ്യം കഴിച്ച് അവര്‍ പതുക്കെ ഇല്ലാതായി.

ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ എങ്ങനെ എന്റര്‍ടെയ്‌നിങ് സിനിമകള്‍ ചെയ്യും? നമ്മള്‍ ജീവിതത്തില്‍ ഒബ്‌സര്‍വേഷന്‍ തുടങ്ങി ഒരു കാഴ്ചപ്പാട് രൂപീകരിച്ചു കഴിഞ്ഞാല്‍  പിന്നെ ഇത്തരം സിനിമകള്‍ ചെയ്യാന്‍ പോവില്ല. പിന്നെ പോവുന്നത് പൈസക്കു വേണ്ടിയാണ്. തത്കാലം എനിക്കതിന്റെ ആവശ്യമില്ല, കാരണം ഞാന്‍ പണിയെടുക്കുന്നുണ്ട്. മാത്രമല്ല, ചെയ്തു തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും അതില്‍ നിന്ന് പുറത്ത് വരാനാവില്ല. നമ്മള്‍ വേറേ എന്തെങ്കിലും പരീക്ഷിക്കുമ്പോഴാണ് സിനിമയുടെ ഭാഷ മെച്ചപ്പെടൂന്നത്. അതല്ലെങ്കില്‍ ഒരേ സാധനം അല്ലേ ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഒരു വ്യത്യാസവുമില്ലാത്ത ഫോര്‍മുലകള്‍. മലയാളസിനിമ കെ.പി.എ.സിയുടേയോ, ചങ്ങനാശേരി ഗീതയുടേയോ നാടകത്തില്‍ നിന്ന് മുന്നോട്ട് പോയിട്ടില്ല. അതായത് ഒരു സീന്‍ വരുന്നു, പ്രൊസീനിയത്തില്‍ ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ഡയലോഗടിച്ച് കാര്യങ്ങള്‍ തീര്‍ക്കുന്നു. സിനിമ ഒരു ദൃശൃമാധ്യമമല്ലേ? അപ്പോ അതിന്റെ പരമാവധി യൂട്ടിലൈസ് ചെയ്യുക. അത് പഠിച്ചു എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ശ്രമിക്കുന്നുണ്ട്, ഓരോ തവണയും. ഞാന്‍ സ്റ്റീവ് ലോപ്പസില്‍ പൊളിറ്റിക്കല്‍ ആയിട്ടുള്ള സംഗതികള്‍ എങ്ങനെ കാമെഫല്‍ഷ് ചെയ്ത് അവതരിപ്പിക്കാമെന്നാണ് നോക്കിയത്. എന്നിട്ട് ഒരു പത്തുപേര്‍ക്കെങ്കിലും അതൊരു രാഷ്ട്രീയ ചിത്രമായിട്ട് തോന്നിയാല്‍ എനിക്ക് സന്തോഷമേയുള്ളൂ. പൈസ കിട്ടാത്തതിന്റെ വിഷമമുണ്ട്. അത് വേറേ കാര്യം. പക്ഷേ, ആള്‍ക്കാര്‍ തിരിച്ചറിയുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ എന്തുചെയ്താലും അതില്‍ ഒരു രാഷ്ട്രീയം ഉണ്ടാവണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.  രാഷ്ട്രീയം എന്ന് പറയുമ്പോള്‍ വലത്ത് ഇടത്ത് അങ്ങനെയൊന്നുമില്ല. നമ്മുടെ നിരീക്ഷണത്തിലൂടെ നാം കണ്ടെത്തുന്ന ശരി, തെറ്റ് അത്തരം കാര്യങ്ങളെയാണ് ഞാന്‍ രാഷ്ട്രീയം എന്നു പറയുന്നത്.

അന്നയും റസൂലും കണ്ട ഒരാള്‍ പറഞ്ഞത് സിനിമ കണ്ടതായി തോന്നിയില്ല, ഫോര്‍ട്ട് കൊച്ചിയിലും, വൈപ്പിനിലും ഒന്ന് കറങ്ങി നടന്നതായേ തോന്നിയുള്ളു എന്ന്. അന്നയും റസൂലിലും എറണാകുളം, സ്റ്റീവ് ലോപ്പസില്‍ തിരുവനന്തപുരം, അടുത്ത സിനിമയില്‍ ബോംബെ. എല്ലാ സിനിമകളിലും കഥാപാത്രങ്ങള്‍ക്കൊപ്പം ആ പ്രദേശവും അതിന്റെ രാഷ്ട്രീയവും സംസ്‌ക്കാരവും സംഗീതവുമെല്ലാം അടയാളപ്പെടുത്തുന്നുണ്ട്. ഇത് ബോധപൂര്‍വ്വമാണോ?

ഞാന്‍ ബേസിക്കലി ഒരു സിനിമാറ്റോഗ്രാഫറാണല്ലോ. എന്റെ ട്രെയിനിംഗ് ഒബ്‌സര്‍വേഷനാണ്. റിയലിസ്റ്റിക് ആയ ചുറ്റുപാടുകളെയും മനുഷ്യരെയുമാണ് ഞാന്‍ നിരീക്ഷിക്കുന്നത്. സിനിമയ്ക്ക് പക്ഷേ വേറൊരു സ്വഭാവമുണ്ടല്ലോ. സ്വപ്നങ്ങള്‍ വില്‍ക്കുന്ന ഒരു ഏര്‍പ്പാട്. കേരളത്തില്‍ നടക്കുന്നവര്‍ യൂറോപ്പിലെ പോലത്തെ ഡ്രെസ്സ് ഒക്കെ ഇട്ട് മഫ്ലറും ജാക്കറ്റും ഷൂസും ഇട്ട് കണ്ണാടിയും വെച്ച് നടക്കും. അതൊരു ഭൂരിപക്ഷം വരുന്ന ജനതയെ കാണിച്ച് അവര്‍ക്ക് ആഗ്രഹങ്ങളും അഭിലാഷങ്ങളും കൊടുക്കാന്‍ വേണ്ടിയാണ്. അതില്‍ കാര്യമില്ല. റിയലിസം വളരെ ആവശ്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമുക്ക് ചുറ്റുമുള്ള കാര്യം കാണിച്ചാല്‍ അതിനകത്തുള്ള രാഷ്ട്രീയം തന്നത്താന്‍ വരും. പ്രൊപ്പഗാന്‍ഡ പോലെ കാണിക്കേണ്ട കാര്യമൊന്നുമില്ല. അവരവരുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അതൊന്നു ലൈനപ്പ് ചെയ്ത് കൊണ്ടുവന്നാല്‍ ആള്‍ക്കാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും. സിനിമയുടെ ലാംഗ്വേജില്‍ ഡോക്യുമെന്ററി, ഫിക്ഷന്‍ എന്നൊക്കെ പറയുന്നത് നേര്‍ത്ത വരയാണ്. അതെങ്ങനെ ബ്രേക്ക് ചെയ്യണമെന്നുള്ള ഒരാലോചനയുമുണ്ട്. അതായത് ആന്ത്രാപ്പോളജിക്കല്‍ ആയിട്ടുള്ള ഒരു സ്റ്റഡി എങ്ങനെ സിനിമയില്‍ കൊണ്ടുവരാമെന്ന്.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഡോക്യുമെന്ററി ഷൂട്ടുകളില്‍ കിട്ടുന്ന ഡ്രാമയുടെ ഒരു ശക്തിയില്ലേ? ആള്‍ക്കാരെ ഇരുത്തി ഡ്രാമ ക്രിയേറ്റ് ചെയ്യുമ്പോള്‍ ആ ഒരു എനര്‍ജി കിട്ടില്ല. റിയലില്‍ നിന്ന് കിട്ടുന്നതിന്റെ നൂറില്‍ ഒന്നുപോലും ഉണ്ടാവില്ല. ഡോക്യുമെന്ററി ചെയ്ത അനുഭവത്തില്‍ നിന്ന് ഞാന്‍ അനുഭവിച്ച സുഖമാണിത്. അത് തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്. വേറൊന്നുമല്ല. സെറ്റപ്പ് ചെയ്ത് ഷൂട്ട് ചെയ്യുന്നത് ബോറിങ്ങ് ആണ്. അതായത് നമ്മള്‍ ഒരു വികാരം എഴുതിയാല്‍ അതിങ്ങനെയാണെന്നും, ഇങ്ങനെയാണത് പിടിക്കേണ്ടതെന്നും ഒക്കെ പറയേണ്ടിവരുന്ന അവസ്ഥ. അത് എങ്ങനെയൊക്കെ ചെയ്യാമെന്നതിന് കുറെ ടെക്‌നിക്കുകളും ഗിമ്മിക്‌സും ഒക്കെയുണ്ടാവും. അത് ഉപയോഗിക്കാന്‍ അറിയാം. കുഴപ്പമൊന്നുമില്ല. എളുപ്പമാണ്. പക്ഷേ യാന്ത്രികമാണത്. നേരെ മറിച്ച് ഞാന്‍ മട്ടാഞ്ചേരി സീലാട്ടുപറമ്പില്‍ നില്‍ക്കുന്ന ആള്‍ക്കാരെയൊക്കെ വച്ചിട്ട്, അവിടുത്തെ റിയല്‍ ജനത്തിനെ വച്ച് എങ്ങനെ ആ ഡ്രാമ കൊണ്ടുവരാമെന്ന ശ്രമമുണ്ടല്ലോ, അതൊരു പരീക്ഷണമായിരുന്നു. അത് വര്‍ക്കൗട്ട് ആവണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പക്ഷേ അവരില്‍ നിന്നത് വരുമ്പോള്‍ അതിന്റെ പവര്‍ കൂടുതലാണ്. ആ പ്രോസസ് തന്നെ ഒരു എന്‍ജോയ്‌മെന്റാണ്.

നമ്മുടെ കമേഴ്‌സ്യല്‍ സിനിമയില്‍ ക്യാമറ ചെയ്യാന്‍ എന്നോട് പറഞ്ഞാല്‍ എനിക്ക് വേണമെങ്കില്‍ കണ്ണും പൂട്ടി പോയി ഒരു സിനിമ ചെയ്തിട്ട് വരാം. അഹങ്കാരം പറയുകയല്ല. ഞാന്‍ എന്റെ വേറൊരു വശം പറയുകയാണ്. കാരണം അവിടെ പോകുന്നതിന് മുമ്പ് ആലോചിക്കേണ്ട ആവശ്യം പോലും വരുന്നില്ല. ബോംബെയില്‍ ഞാന്‍ കഴിവതും ബോളിവുഡിന്റെ മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുകയാണ്. അവിടെയൊക്കെ ജോലിചെയ്യുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടെന്ന് പറയുന്നത്, കാര്യം എളുപ്പമാണ്, പക്ഷേ തല ഉപയോഗിക്കേണ്ട കാര്യമില്ല. കവിതയാണെങ്കിലും കഥയാണെങ്കിലും എഴുതുമ്പോള്‍ ഇങ്ങനെ വരികയല്ലേ. പ്രീ കണ്‍സീവ് ചെയ്യുന്നില്ലല്ലോ. ആ ഒരു സാധനം സിനിമയിലേക്ക കൊണ്ടുവരുവാന്‍ ശ്രമിക്കുകയാണ്. എഴുത്തുകാരനും ചിലപ്പോള്‍ ഹോം വര്‍ക്കുണ്ടാകും. നോവല്‍ എഴുതുന്നതിന് മുന്‍പ് പേപ്പറില്‍ ഇന്‍ഫോര്‍മേഷന്‍ എടുത്തുവെക്കും. കുത്തിക്കുറിക്കും. പിന്നെ ഒരു ടൈം ലൈനുണ്ടാകും. എന്നിട്ട് അയാളിരുന്ന ഒറ്റ എഴുത്തായിരിക്കും. അതിന് പിന്നെ ഒരു പോസ് ഒന്നുമുണ്ടാകില്ല. അതേ പോലെ എങ്ങനെ സിനിമചെയ്യാമെന്നാണ് ആലോചന. പ്രീ കണ്‍സീവ്ഡ് അല്ലാത്ത സിനിമ. ഷോര്‍ട്ട് ബ്രേക്ക് ഡൗണുകളില്ലാത്ത സിനിമ. ഞങ്ങള്‍ രണ്ടുമൂന്ന് സിനിമ അങ്ങനെ ചെയ്തു. ഐ.ഡി. എന്ന കളക്റ്റീവിന്റെ ആദ്യത്തെ സിനിമ അന്നയും റസൂലും, സ്റ്റീവ് ലോപ്പസ്. അന്നയും റസൂലിലും സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. ഒരുപാട് അട്ടിക്ക് എഴുതിവെച്ചിട്ടുണ്ടായിരുന്നു സന്തോഷ് ഏച്ചിക്കാനം. അതൊന്നുമല്ല ഷൂട്ട് ചെയ്തത്. ഡയലോഗ് പറഞ്ഞതും അതൊന്നുമല്ല. സിനിമ കണ്ടിട്ടാണ് തിരക്കഥ എഴുതി പ്രസിദ്ധീകരിച്ചത്.

ലയേഴ്‌സ് ഡൈസിന്റെ ചിത്രീകരണം ഒരു സിനിമാ നിര്‍മ്മാണത്തിലുപരി ഒരു യാത്രാനുഭവം ആയിരുന്നുവെന്ന് പറഞ്ഞുകേട്ടു. അതേ കുറിച്ച് പറയാമോ?

പ്രോസസ് ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത സിനിമയാണ്. അതുകൊണ്ട് ആ സിനിമക്ക് ഒരു ശക്തിയുണ്ട്. ഇവിടുത്തെ മെയിന്‍ സ്ട്രീമില്‍ കാണിക്കുമ്പോള്‍ ബോറിങ്ങ് ആയി തോന്നിയേക്കാം. പക്ഷേ പടത്തിന് എന്തോ ഒരു എലമെന്റുണ്ട്. ഞങ്ങള്‍ എന്‍ജോയ് ചെയ്തതുകൊണ്ട് ആയിരിക്കും. അതുകൊണ്ടാണ് ഇത്രയും അംഗീകാരം കിട്ടുന്നത്. ഞങ്ങള്‍ അത് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ പൈസയുണ്ടായിരുന്നില്ല. നാലഞ്ച് വര്‍ഷം സ്‌ക്രിപ്റ്റുമായി ഗീതു നടന്നു. പൈസ കിട്ടിയില്ല. അവസാനം ഞങ്ങള്‍ തന്നെ ചെയ്യാന്‍ തീരുമാനിച്ചു. സുഹൃത്തുക്കള്‍ ചേര്‍ന്ന്. ഹിമാചലിന്റെ ഏറ്റവും അങ്ങേ അറ്റത്ത് ഗ്രാമത്തില്‍ നിന്ന് രണ്ട് ടെമ്പോ ട്രാവലര്‍ എടുത്ത് ഇരുപത് പേര്‍. ഞാന്‍, പപ്പു, അങ്ങനെ എന്റെ ക്രൂ ഉണ്ട്. ഗീതുവിന്റെ കൂടെ രണ്ട് പിള്ളേരുണ്ടായിരുന്നു. മൂന്ന് ആക്‌ടേഴ്‌സും. പിന്നെ ചെല്ലുന്നിടത്തൊക്കെ അവിടുത്തെ ലോക്കല്‍ ആക്‌ടേഴ്‌സ്. യാത്ര ചെയ്ത് ഡല്‍ഹി വരെ വന്നു. ശരിക്കും ഒരു നാടകസംഘം നീങ്ങുന്നതുപോലെ. അത്രയ്ക്ക് സ്വാതന്ത്ര്യം. സിനിമയ്ക്ക് ഉണ്ടാകുന്ന നിയന്ത്രണങ്ങളൊന്നുമില്ല. സിനിമയ്ക്ക് ആവശ്യമുള്ള കുറേ പൈസയും പശ്ചാത്തലസൗകര്യങ്ങളും ഒന്നുമില്ലാതെ വളരെ ബേസിക്ക് ക്യാമറയും കുറച്ച് ആക്‌ടേഴ്‌സും ഒക്കെയായി അങ്ങനത്തെ ഒരു സിനിമ.

പലര്‍ക്കും മനസ്സിലുള്ള സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോഴും പ്രായോഗിക ബുദ്ധിമുട്ടുകള്‍ തടസ്സമാകാറുണ്ട്. പരമ്പരാഗത രീതിയില്‍ ആദ്യ സിനിമ ചെയ്ത് ചുവട് ഉറപ്പിച്ചശേഷം ഇഷ്ടമുള്ള രീതിയില്‍ പടമെടുക്കാം എന്ന് പറയുന്നവരുണ്ട്. പക്ഷേ താങ്കളുടെ ആദ്യ ചിത്രം തന്നെ മുഖ്യധാരയ്ക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്നതായിരുന്നു. എന്തുകൊണ്ട്?

അതിന്റെ ഒരു കാരണം ഞാന്‍ 10-15 വര്‍ഷമായിട്ട് ഇന്‍ഡസ്ട്രിയില്‍ ഉള്ള ഒരാളാണ് എന്നതായിരിക്കും. ഞാന്‍ ബോളിവുഡിലും, മലയാളത്തിലും, തമിഴിലുമൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്.  എനിക്ക് പരിചയമുണ്ട്. ഗുഡ്‌വില്ലുണ്ട്. ചെലവ് കുറച്ച് പടമെടുക്കാന്‍ അറിയാം. പിന്നെ അതുമാത്രമല്ല, ആദ്യം ചുവടുറപ്പിക്കാന്‍ ഒരു സിനിമ ചെയ്യുക എന്നു പറയില്ലേ, അത് വലിയ കെണിയാണ്. എണ്‍പതുകളില്‍ പറഞ്ഞിരുന്നത് സിസ്റ്റത്തെ തോല്‍പിക്കണമെങ്കില്‍ പുറത്തു നിന്നിട്ട കാര്യമില്ല, അതിനുളളില്‍ നിന്ന് ഫൈറ്റ് ചെയ്യണം എന്നാണ്. ജോണ്‍ എബ്രഹാമിനെ ഉദാഹരണമായി പറയും. ‘കുടിച്ചു മരിച്ചി്‌ല്ലേ’, എന്നൊക്കെ പറയും. പണ്ട് പാര്‍ടിക്കാരും ഇത് തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ലമെന്ററി ഡെമോക്രസിയുടെ ഉള്ളില്‍ കയറി നിന്ന് വേണം അതിനെ വിപ്ലവംത്തിലേക്ക് കൊണ്ടുവരാനെന്ന്. എന്നിട്ട് നടന്നോ? ഇല്ലല്ലോ. അതിനകത്ത് പെട്ടുപോയി. ഞാന്‍ പണ്ട് നേപ്പാളില്‍ മാവോയിസ്റ്റുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പോയി 10 ദിവസം താമസിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞത് ‘ഞങ്ങള്‍ക്ക് 8 ദിവസം, 8 ആഴ്ച, 8 മാസം, 8 കൊല്ലം... ഇത്രയും സമയം  കൊണ്ട് വേണമെങ്കില്‍ കാഠ്മണ്ഢു പിടിച്ചെടുക്കാം. പക്ഷേ, എങ്ങനെ രാജ്യം ഭരിക്കണമെന്നും, സിസ്റ്റം നടത്തണമെന്നും ഞങ്ങള്‍ പഠിക്കുകയാണ്.’ എന്നിട്ടെന്തു പറ്റി? അധികാരം അവരെ കറപ്റ്റ് ചെയ്ത് നശിപ്പിച്ചു കളഞ്ഞു. ഇപ്പോ അവിടെ മൂന്നായിട്ടാണ് അവര്‍ നില്‍ക്കുന്നത്. ഭട്ടാറായ് ലെഫ്റ്റ്, പ്രചണ്ഡ സെന്റര്‍, ഗൗരവ് ലെഫ്റ്റ്. പല ഗ്രൂപ്പുകളായി ചിതറിപ്പോയി. അവരുടെ കയ്യില്‍ പോലും ബദല്‍ മാര്‍ഗങ്ങളില്ല. സിസ്റ്റം ഭയങ്കര ഒഴുക്കുള്ള ഒരു മെഷീനാണ്. ചാപ്ലിന്റെ സിനിമയില്‍ കാണിക്കുന്നതുപോലെ അതിന്റെ ഉള്ളില്‍ കയറിയാല്‍ നമ്മള്‍ പെട്ട് പോകും. ഇതിന്റെ പുറത്ത് നിന്ന് വേണം നമ്മള്‍ കളിക്കാന്‍. അല്ലെങ്കില്‍ അതിന്റെയുളളില്‍ നിന്ന് അതിനെ ചീറ്റ് ചെയ്യാന്‍ പഠിക്കണം. അത്രയും മിടുക്കുണ്ടാകണം.

ഞാന്‍ അന്നയും റസൂലിലും ശ്രമിച്ചതെന്താണെന്നുവെച്ചാല്‍, ഉള്ളില്‍ നിന്ന് കൊണ്ട് എനിക്ക് കിട്ടുന്ന സൗകര്യങ്ങളുപയോഗിച്ചു. ഞാന്‍ വിളിച്ചാല്‍ ഫഹദ് ഫാസില്‍ അഭിനയിക്കാന്‍ വരും. എന്നിട്ട് എന്റെ രീതിയില്‍ ഒരു സിനിമ ചെയ്ത് വിജയിക്കുമോയെന്ന് നോക്കാമെന്ന് വിചാരിച്ചു. അന്നയും റസൂലും വിജയിച്ചു. പക്ഷേ കാശുണ്ടാക്കിയത് വേറെ ആള്‍ക്കാരാണ്. സ്റ്റീവ് വിജയിച്ചില്ല. എന്നാലും ഇനിയും സിനിമ ചെയ്യാനുളള ഒരു ഫുട്‌ഹോള്‍ഡ് എനിക്ക് കിട്ടി. ചിലപ്പോ ഞാന്‍ ഇന്‍ഡസ്ട്രിക്കാരന്‍ ആയതുകൊണ്ടായിരിക്കാം എനിക്കതു സാധിച്ചത്. മറ്റു പലര്‍ക്കും പറ്റിയെന്ന് വരില്ല അത്. പക്ഷേ, ആദ്യമായിട്ട് ഒരു ഫോര്‍മുല ചിത്രം ചെയ്താല്‍ പിന്നെയതില്‍ നിന്ന് പുറത്തുവരാന്‍ പറ്റില്ല. അങ്ങനെ ചെയ്ത ആരെങ്കിലുമുണ്ടോ? ആരുമില്ല. പിന്നെയും, പിന്നെയും ആ ഫോര്‍മുല തന്നെ ചെയ്തുകൊണ്ടിരിക്കണം. എനിക്കതില്‍ ഇന്‍സ്പയറിങ് ആയി തോന്നിയിട്ടുളളത് ജോണ്‍ എബ്രഹാം മാത്രമാണ്. നമുക്ക് ഇന്ത്യയില്‍ ആകെയുളള ഒരു ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കറാണദ്ദേഹം. വിക്കിപീഡിയയും അതുതന്നെയാണ് പറയുന്നത്. അയാളുടെ സിനിമയും, അതുണ്ടായ രീതിയും അങ്ങനെയായിരുന്നു. സിനിമ കാണിച്ചതും അങ്ങനെ തന്നെയായിരുന്നു. ഹോളിവുഡ് തൊട്ട് എക്‌സിബിറ്റേഴ്‌സ് ആണ് പവര്‍പോയിന്റ്.  അവരാണ് നിയന്ത്രിക്കുന്നത്. ആ തിയേറ്ററുകളിലേക്ക് നമ്മള്‍ സിനിമ കൊടുക്കാന്‍ പോയാല്‍ തീര്‍ന്നു.

നമ്മള്‍ ബദലുകള്‍ കണ്ടുപിടിക്കണം. ബദലായിട്ട് നമുക്ക് മുന്നിലുളളത് ഡിജിറ്റലാണ്. ഡിജിറ്റലും പക്ഷേ അവര്‍ അവിടെ ഇവിടെയൊക്കെ ബ്‌ളോക്ക് ചെയ്തുവെച്ചിരിക്കുകയാണ്. മൊത്തം എനിക്ക് പിടി കിട്ടുന്നില്ല. പക്ഷേ, എന്തൊക്കെയോ കുനിഷ്ഠ് ഉണ്ട് അതിനകത്ത്. ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ബദല്‍ വിതരണശ്യംഖല ഉണ്ടാക്കാനാണ്. അതായത് ആള്‍ക്കാരിലേക്ക് നേരിട്ട് സിനിമ എത്തിക്കുക. തീയേറ്ററിലേക്ക് പോയിട്ട് ഒരു കാര്യവുമില്ല. അങ്ങോട്ട് വിളിക്കുന്ന അതേ സ്‌നേഹത്തോടെ മൂന്നാമത്തെ ദിവസം അവന്‍മാരത് എടുത്ത് മാറ്റുകയും ചെയ്യും. പിന്നെ സിനിമ ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷനില്‍ ഉണ്ടായ സാധനമാണ്. എന്തൊക്കെ പറഞ്ഞാലും ഇന്‍ഡസ്ട്രിയുടെ ഒരു ഉല്പന്നമാണ്. അതിനെ ഒരു ആയുധമാക്കി മാറ്റുക. അവിടെ നിന്ന് അതിനെ സോഷ്യല്‍ ക്രിട്ടിക് ആയി അതിനെ ഉപയോഗിക്കുക എന്നൊക്കെ പറയുന്നത്..... വളരെ സങ്കീര്‍ണ്ണമായ ഒരു ഇടമാണത്. ശ്രീനിവാസന്റെ സിനിമകള്‍ എനിക്ക് ഭയങ്കര വെറുപ്പാണ്. അന്നും, ഇന്നും. മിഡില്‍ക്ലാസിന്റെ ചില സംഗതികള്‍ എടുത്തിട്ട് അതിനെ ചൂഷണം ചെയ്യുകയാണ്. വല്ലാത്തൊരു ഡെക്കഡെന്റ് സംഭവമല്ലേ അയാള്‍ പറയുന്നത്? അതുകൊണ്ടെന്തെങ്കിലും ഗുണമുണ്ടായോ സമൂഹത്തിന്? ഇല്ലല്ലോ? വെറുതേ പാര്‍ടിക്കാരെ കുറേ ചീത്ത പറഞ്ഞു, മറ്റു ചിലരെ കുറേ ചീത്ത പറഞ്ഞു. എന്നിട്ടയാള്‍ പൈസയുണ്ടാക്കി വീട്ടില്‍പോയിരുന്നു. അതുകൊണ്ടെന്ത്?

ബദലിനു വേണ്ടിയുളള ശ്രമത്തില്‍ നിന്നാണോ കളക്ടീവ് ഫേസ് വണ്‍ ഉണ്ടായത്? ഉടമസ്ഥരില്ലാത്ത സിനിമാകൂട്ടായ്മയാണെന്ന് കേട്ടിട്ടുണ്ട്.

കളക്ടീവ് ഫേസ് വണ്‍ പ്രൊഡക്ഷന്‍ സെറ്റപ്പാണ്. അതിപ്പോ സിനിമ മാത്രമല്ല, എന്തുമാകാം. ഞങ്ങള്‍ സിനിമ ചെയ്യുന്നവരായതുകൊണ്ട് സിനിമയില്‍ തുടങ്ങി, സമാന്തരമായി കൃഷിയും ചെയ്തു തുടങ്ങി. ഞങ്ങളുടെ ഉദ്ദേശ്യം എന്താണെന്നു വച്ചാല്‍ പ്രൊഡ്യൂസ് ചെയ്യുക... ഭക്ഷണസാധനങ്ങള്‍. എന്നിട്ടത് ഒരു കമ്യൂണിറ്റിക്കുളളില്‍ വിതരണം ചെയ്യും. ബാര്‍ട്ടര്‍ ഒന്നുമല്ല. പതുക്കെ പതുക്കെ കമ്യൂണിറ്റി വളരും. ആ പോയിന്റ് കഴിഞ്ഞാല്‍ പിന്നെ നമ്മളെയാര്‍ക്കുമങ്ങനെ അറ്റാക്ക് ചെയ്യാന്‍ പറ്റില്ല. ഒരു രീതിയിലും. അതൊരു സൈഡില്‍ക്കൂടി നടക്കുന്നുണ്ട്. സിനിമയും പിടിക്കുന്നുണ്ട്. ഉദ്ദേശ്യം സിനിമയുണ്ടാക്കി പൈസയുണ്ടാക്കി  ഭൂമി മേടിക്കുക എന്നതായിരുന്നു. സംഭവം നേരേ തിരിഞ്ഞു. കൃഷിയില്‍ നിന്ന് സിനിമയിലേക്കെടുക്കുക എന്നതായി അവസ്ഥ. ഭൂമി എന്തുചെയ്യണമെന്നുളള കൃത്യമായ പ്ലാന്‍ ഉണ്ട്. കളക്ടീവ് ഫേസ് ടു ഡിസ്ട്രിബ്യൂഷനാണ്. ക്യഷിയുടെ വിതരണമാണ് ആദ്യം ഉദ്ദേശിച്ചത്. വയനാട്ടില്‍ കുറച്ച് ഭൂമിയും കേരളം മുഴുവന്‍ കുറേ സുഹൃത്തുക്കളുമുണ്ട്. ഇവരെയൊക്കെ ഒന്നിപ്പിച്ചിട്ട് ഫൂഡ് ഡിസ്ട്രിബ്യൂഷന്‍ ചാനലൈസ് ചെയ്യണം. അത് ചെയ്തുകഴിഞ്ഞാല്‍ ബാക്കിയെല്ലാം ഡിസ്ട്രിബ്യൂട്ട് ചെയ്യാന്‍ പറ്റും. സിനിമയും ചെയ്യാന്‍ പറ്റും. ഞാനീ ക്യാംപസുകളില്‍ കയറിയിറങ്ങി നടക്കുന്നത് അതുകൊണ്ടാണ്. ഹൈദരാബാദിലും, ചെന്നൈയിലും, ദില്ലിയിലും പോയി.

ഇത്തവണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (പൂനെ) പോയപ്പോള്‍ കുറേ ദിവസം താമസിച്ചു. അവിടുത്തെ പുതിയ പിളേളരില്‍ പലരും പൊളിറ്റിക്കലി ആക്ടീവാണ്. അവരെയൊക്കെ ഇന്‍സ്പയര്‍ ചെയ്തിറക്കാനുളള പരിപാടിയാണ്. ക്യാംപസുകള്‍ തമ്മിലുളള നെറ്റ്‌വര്‍ക്കുണ്ടാക്കാന്‍ രണ്ട് മൂന്ന് വര്‍ഷമെടുക്കും. അതും വേണമെങ്കില്‍ ഒരു സമാന്തര വിതരണശൃംഖലയാക്കാം. പരീക്ഷണമാണ് കേട്ടോ. ആഗ്രഹങ്ങളാണ്. വേറൊന്നുമല്ല. ആലോചനകള്‍ നടക്കുന്നതേയുളളൂ. അതിനുവേണ്ടി ഒന്നു രണ്ടുപേര്‍ മുഴുവന്‍ സമയവുമിറങ്ങണം. ഇപ്പോ ഞാനടക്കമുളളവര്‍ പണിയെടുത്തുണ്ടാക്കുന്ന പൈസയാണ് അതിനകത്തേക്ക് ഇടുന്നത്. എനിക്ക് കുറച്ചുനാളത്തേക്ക് എങ്ങനെയായാലും പണിയെടുക്കേണ്ടിവരും. ഞാന്‍, മധു, അജിത്ത്, കമല്‍ അങ്ങനെയൊരു സംഘം ഉണ്ട്. എല്ലാവരും പണിയെടുക്കുന്നവരാണ്. ഞങ്ങള്‍ പണി നിര്‍ത്തിയാല്‍ ഇതെല്ലാം നിന്ന് പോകും. സിനിമ സൈഡാണ്. സിനിമ കൊണ്ട് വലിയ കാര്യമില്ലെന്ന് എനിക്കറിയാം. സിനിമ ഞാന്‍ പഠിച്ചിട്ടുണ്ട്. ഇഷ്ടമാണ്. ചെയ്യാന്‍ താത്പര്യവുമുണ്ട്. പക്ഷേ, ഒരു വിശാലമായ തലത്തില്‍ സിനിമ കൊണ്ട് വലിയ കാര്യമൊന്നുമില്ല. കുറേ ആളുകളെ വെറുതേ അനക്കാമെന്നല്ലാതെ ഗുണമൊന്നുമില്ല.

സിനിമയെ ഇപ്പോഴും എന്റര്‍ടെയ്ന്‍മെന്റ് മാത്രമായാണ് ആളുകള്‍ കാണുന്നത്. ഫീഡ് ചെയ്ത് ഫീഡ് ചെയ്ത് അങ്ങനെയായി. ബോംബേയിലൊക്കെ എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ് എന്നാണ് ആളുകള്‍ പറയുന്നത്. ആളുകളെ എന്‍ടര്‍ടെയ്ന്‍ ചെയ്യാന്‍ വേണ്ടി കുറേ ബഫൂണ്‍സ്. സിനിമ പോട്ടെ, എന്റെ ചേട്ടനൊക്കെ ട്വെല്‍ത് കഴിഞ്ഞിട്ട് എന്ത് ചെയ്യണമെന്ന് ചോദിച്ചാല്‍ ആദ്യം ജേണലിസ്റ്റ് ആകണമെന്ന് പറയും. ജേണലിസത്തിന് വലിയ പവര്‍ ആയിരുന്നു. ജേര്‍ണലിസ്റ്റ് ആകുക എന്നു പറഞ്ഞാല്‍ ആക്ടിവിസ്റ്റാകുക എന്നായിരുന്നു അര്‍ത്ഥം. ആ ജേണലിസം ഇപ്പോ എവിടെ നില്‍ക്കുന്നു? നമ്മുടെ പത്രങ്ങളില്‍ പൊളിറ്റിക്കല്‍ എന്നു പറയാവുന്ന ഒന്നുണ്ടോ? മനോരമ പറയാന്‍ പറ്റും. അവരുടെ രാഷ്ട്രീയം അവര്‍ മാറ്റിയിട്ടില്ല, ഇപ്പോഴും. ബാക്കിയെല്ലാവരും പോയില്ലേ? നമ്മുടെ ടി.വി ചാനലുകളെല്ലാം കുത്തകകളുടെയാ. സ്‌ററാര്‍, സി.എന്‍.എന്‍ഐ.ബി.എന്‍....  സി.എന്‍.എന്‍ ഐ.ബി.എന്‍ ഇയാളുടെയാ, അംബാനിയുടെ. മാധ്യമങ്ങള്‍ക്കെന്തെങ്കിലും വിലയുണ്ടോ? ഒരു വിലയും ഇല്ല. സിനിമയും ഈ കളിയുടെ ഒരു ഭാഗം ആണ്. ഇന്‍ഡിപെന്‍ഡന്റ് സിനിമകള്‍ക്ക് നിലനില്‍പ്പ് ഇല്ലാത്തത് വലിയ പ്രശ്‌നമാണ്. ബദല്‍ എന്നൊക്കെ പറഞ്ഞാല്‍ ജോണ്‍ എബ്രഹാം പറഞ്ഞതു പോലെ കൊണ്ടുപോയി കാണിക്കണം. പക്ഷേ, അതൊന്നും കാണാന്‍ ആരും വരില്ല. ക്യാംപസുകളില്‍ മാത്രമേ വരൂ. വേറേ ഓപ്ഷന്‍ ഒന്നും ഇല്ല ഇത് കാണിക്കാന്‍. പിന്നെ ഞങ്ങള്‍ ആലോചിച്ചത് എറണാകുളത്തൊക്കെ അപ്പാര്‍ട്‌മെന്റുകളില്‍ സ്ക്രീനിംഗ് റൂമുകളുണ്ട്. അവിടെ കാണിക്കാം എന്നാണ്. പക്ഷേ അതുകൊണ്ട് വല്ല കാര്യവുമുണ്ടോ? അവിടുത്തെ ക്രൗഡ് എന്നു പറയുന്നത് മൈഗ്രന്റ്, അഫ്ലുവെന്റ്‌ പാര്‍ടികളാണ്. അവര്‍ സിനിമ കണ്ടിട്ട്.... സിനിമ കൊണ്ട് അങ്ങനത്തെ യാതൊരു ഗുണവുമില്ല. എന്നാല്‍ ഉപയോഗിക്കാന്‍ പറ്റും. തികച്ചും നിരാശനൊന്നുമല്ല ഞാന്‍്. സിനിമ ചെയ്യാനും, ഉപയോഗിക്കാനും പറ്റും. പക്ഷേ, ഒരു ഇമ്മീഡിയറ്റ് ഇഫക്റ്റ് ഉണ്ടാകില്ല. ഒരിക്കലുമില്ല. വലിയ പാടാണത്. അത്രയധികം കണ്ട് ദൃശ്യങ്ങള്‍ ആളുകളുടെ തലയില്‍ വേറേ രീതിയില്‍ കയറിയിരിക്കുകയാണ്. സിനിമ ചെയ്യുന്നവരും ആവശ്യത്തിലധികം സിനിമ കണ്ട് കണ്ടതു തന്നെ റീപ്രൊഡ്യൂസ് ചെയ്യുകയാണ്. പണ്ട് കണ്ടതായിരിക്കും, പക്ഷേ, തലയുടെ ഉളളില്‍ കിടക്കും. സിനിമയല്ല മെയിന്‍ സാധനം. അതില്‍ സംശയമില്ല.


സൗഹൃദം-സിനിമ-കൃഷി കലയെ ഉല്പാദനമേഖലയുമായി ബന്ധിപ്പിക്കുക എന്നത് ഒരു പുതിയ ആശയമാണോ?

അല്ല. മുന്‍പും നടന്നിട്ടുണ്ട്. ഇഷ്ടം പോലെ. 1970കളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നിറങ്ങിയ വീരേന്ദ്രര്‍ സൈനി, ഹരിഹര്‍ തുടങ്ങിയ ഒരു സംഘം ഇതുപോലെ ഒരു കോഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയിട്ടുണ്ട്. എഴുപതുകളിലെ ഞങ്ങളുടെ സീനിയേഴ്‌സ്. എഫ്. ടി. ഐയുടെയൊക്കെ അന്നത്തെ ഗുണം ആര്‍ട് സ്‌കൂളായിരുന്നു എന്നതാണ്. 91ല്‍ ലിബറലൈസേഷന്‍ തുടങ്ങിയ ശേഷം ബി. ജെ. പി മന്ത്രിസഭ വന്നില്ലേ, ആ മന്ത്രിസഭയാണ് നയം മാറ്റിയത്. അതിനു മുന്‍പ് 90 ശതമാനത്തിലധികം സബ്‌സിഡൈസ്ഡ് ആയിരുന്നു. ഇതൊന്നും അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സ്വാശ്രയമാകണം, സ്വന്തമായി വരുമാനമുണ്ടാക്കണം എന്ന തിയറി വന്നു. സെലക്ഷന്‍ പോളിസിയില്‍ മാറ്റം കൊണ്ടുവന്നു. ആര്‍ട് സ്‌കൂളുകളെല്ലാം പോളിടെക്‌നിക്കുകളായി. ബോംബേ ഇന്‍ഡസ്ട്രിക്ക് സപ്‌ളൈ ചെയ്യാനുളള ട്രെയിനിങ് സെന്ററായി. 91 തൊട്ടാണ് മാറ്റങ്ങള്‍ വന്നത്. 90ല്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്തു. 96ന് ശേഷമാണ് കൊച്ചിയിലും, ബോംബേയിലുമടക്കം മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നത്. മാറ്റങ്ങള്‍ ദ്രുതഗതിയിലായിരുന്നു. പിന്നെ വെട്ടിയൊതുക്കി എല്ലാം.

ഞങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ബോംബേയില്‍ പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. അവരവരുടെ സ്ംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകും. ഇപ്പോള്‍ തിരിച്ചാണ്. ബോംബേയില്‍ ചെന്ന് കാറും, ഫ്ലാറ്റും വാങ്ങി കല്യാണം കഴിച്ച് പിന്നെയൊരു കണ്‍സ്യൂമര്‍ യൂണിറ്റാകും. ബേസിക്കലി നമ്മുടെ വിത്തുകളും കൃഷിയും നശിപ്പിച്ചു. ഭക്ഷണമില്ല. എല്ലാം പുറത്തു നിന്ന് വരണം. നമ്മള്‍ ഒരു വലിയ കണ്‍സ്യൂമര്‍ യൂണിറ്റായി. ഇഷ്ടം പോലെ ആള്‍ക്കാരുണ്ട്. ഹോളിവുഡ് പോലും അവരുടെ സാധനം വില്‍ക്കുന്നത് ഇവിടെയാണ്. ഫോക്‌സ്, വാര്‍ണര്‍ ബ്രദേഴ്‌സ്, ഡിസ്‌നി, വയാകോം, ഇവരെല്ലാവരും ഇവിടെ ഉണ്ട്. പക്ഷേ, ഇവിടുത്തെ ഉളളടക്കം മാറ്റില്ല. നമ്മള്‍ വിചാരിച്ച് അവര്‍ വരുമ്പോള്‍ നമ്മുടെ സിനിമകള്‍ അവരുടേത് പോലെയാകുമെന്ന്. അതാണല്ലോ വേണ്ടതെല്ലാവര്‍ക്കും. അമലിന്റെ പടം കണ്ടിട്ട് ഹോളിവുഡ് പോലെയുണ്ടെന്നാണ് പലരും പറയുന്നത്. ഹോളിവുഡ് പോലെയിരുന്നാല്‍ നമ്മുടെ സിനിമയാകുന്നതെങ്ങനെ? നമ്മുടെ സിനിമക്ക് ക്യാരക്ടര്‍ ഉണ്ട്. അതാണ് നമ്മള്‍ നിലനിര്‍ത്തേണ്ടത്. ഞാന്‍ ക്യാമറാമാന്‍ ആയതുകൊണ്ട് പലയിടത്തും പോകുമ്പോള്‍ നേരിടേണ്ടിവരുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് നിങ്ങളുടെ സിനിമ ഹോളിവുഡ് സിനിമ പോലെയല്ല? അതൊരു സ്റ്റുപ്പിഡ് ആയ ചോദ്യമാണ്. ഒന്ന് അവിടുത്തെ കാലാവസ്ഥ. പിന്നെ ആള്‍ക്കാരുടെ സ്‌കിന്നിന്റെ കളര്‍, അവിടുത്തെ ഡ്രസ്സിന്റെ കളര്‍, നിറങ്ങള്‍ വ്യത്യാസമുണ്ട് ഇതെല്ലാം. ഇവിടുന്ന് ഒരു ക്യാമറാമാന്‍ യൂറോപ്പില്‍ പോയി ഷൂട്ട് ചെയ്ത് വന്നാല്‍ അതുപോലെയിരിക്കും. ഒരു വ്യത്യാസവുമുണ്ടാവില്ല.

ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍ കോക്‌സ് പറഞ്ഞത്, ‘നിങ്ങള്‍ക്ക് ബര്‍ഗര്‍ കഴിക്കാം, കുഴപ്പമില്ല. വയര്‍ കേടാകുമെന്നേയുള്ളു. ഹോളിവുഡ് നിങ്ങളുടെ സംസ്‌കാരം നശിപ്പിക്കും, പ്രത്യേകിച്ച് ടരന്റീനോ സിനിമകള്‍’ എന്നാണ്.

ടരന്റീനോ ലോക ഫ്രോഡാണ്. ടരന്റീനോ പോട്ടെ, ഇന്ത്യന്‍ സിനിമ നശിപ്പിച്ചത് ആരാണെന്നറിയാമോ? തൊണ്ണൂറുകളില്‍ റോജാ എന്ന പടവുമായി ഒരു പാര്‍ട്ടി ഇറങ്ങി. അതുകഴിഞ്ഞിട്ട് അങ്ങിനെ ചിലരെല്ലാം കൂടി വന്ന് നമ്മുടെ സെന്‍സിബിലിറ്റി നശിപ്പിച്ചു. മണിരത്‌നത്തിന് ഉത്തരവാദിത്തമുണ്ട്. വലിയൊരു സംഘം ചെറുപ്പക്കാരെ നശിപ്പിച്ചു. ഒരു തരത്തിലുള്ള പൊളിറ്റിക്‌സുമില്ലാതെ റൂട്ടഡ് അല്ലാത്ത, ഒരു കാര്യവുമില്ലാത്ത സ്‌പെക്റ്റക്കിള്‍സ് സൃഷ്ടിച്ചു. എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. കാണുന്നത് ഭംഗിയുണ്ടാകണം. അത്രയെയൊള്ളു. അതിനൊരു വോളിയമില്ലെന്നു മാത്രമല്ല വളരെ തിന്‍ ആണ്. എനിക്ക് അയാളെ ഭയങ്കര ദേഷ്യമാണ്. ഞാന്‍ കാണാനേ പോകാറില്ല അയാളുടെ പടം. ഗിരീഷ് കാസറവള്ളിയെപോലുള്ളവര്‍ പ്യൂവര്‍ ആയിട്ടുള്ള ഫിലിം മേക്കേഴ്‌സ് ആണ്. ജെനുവിന്‍ ആണ്. കൃത്യമായ ഒരു ഭാഷ രൂപീകരിക്കാന്‍ ഓരോ പ്രാവശ്യവും ശ്രമിക്കുന്നുണ്ട്. ഹോളിവുഡ് കടന്നുകയറിയത് വേറൊരു തലത്തിലാണ്. ഏത് കടയില്‍ ചെന്നാലും ഹൗ റ്റു റൈറ്റ് എ സ്‌ക്രിപ്റ്റ് എന്ന് പറഞ്ഞൊരു പുസ്തകമുണ്ടാകും. എല്ലാം യു.എസില്‍ നിന്ന് വന്നിരിക്കുന്നതാണ്. ഇതിനൊരു ഫോര്‍മാറ്റുണ്ട്. ഹോളിവുഡ് സ്റ്റുഡിയോ ഫോര്‍മാററാണ്. ഞാന്‍ ചോദിക്കുന്നത് എന്തിനാണ് സ്‌ക്രിപ്റ്റ് എന്നാണ്.

ഒരു യഥാര്‍ത്ഥ ഫിലിം മേക്കര്‍ ആണെങ്കില്‍, അവന്റെ തലയില്‍ സിനിമയുണ്ടെങ്കില്‍ അവന് തിരക്കഥയുടെ ആവശ്യമൊന്നുമില്ല. 1, 2, 3 എന്നൊക്കെ പറഞ്ഞ് അവന്റെ തലയില്‍ ഒരു ധാരണ മതി. മിസ്സ് ആവാതിരിക്കാന്‍ എന്തെങ്കിലും എഴുതിവെക്കാം. അല്ലാതെ ഒരു പേജ് എന്ന് പറഞ്ഞാല്‍ ഇത്ര മിനിറ്റ്, മൂന്ന് പേജ് ഒരു ദിവസം ഷൂട്ട് ചെയ്യണം, 90 പേജ് ആയിരിക്കണം ഒരു സ്‌ക്രിപ്റ്റ് എന്നൊക്കെ പറഞ്ഞുള്ള ഒരു കണക്ക്. സ്റ്റുഡിയോവിനുള്ളില്‍ കലാകാരനെ പൂട്ടിയിടുന്ന ഒരേര്‍പ്പാടാണ്. തിരക്കഥ കത്തിച്ച് കളഞ്ഞിട്ട് വേണം ഒരു സിനിമയെടുക്കാന്‍ ഇറങ്ങാന്‍. എന്നാല്‍ ഇന്ത്യയില്‍ ബോളിവുഡ് ഉള്‍പ്പെടെ എല്ലാവരും പിന്തുടരുന്നത് ഹോളിവുഡ് സ്‌ക്രിപ്റ്റ് ഫോര്‍മാറ്റാണ്. ഒരു സഹസംവിധായകന്‍ വര്‍ക്ക് ചെയ്യാന്‍ പോകുമ്പോള്‍ അവന് ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ അറിയില്ലെങ്കില്‍ അവന് ജോലികിട്ടില്ല. ലാപ്‌ടോപ്പ് വേണം. എല്ലാവരും ലാപ്‌ടോപ്പ് തുറന്ന് വെച്ചാണ് പണിയെടുക്കുന്നത്. സംസാരിക്കുക പോലുമില്ല. കേരളത്തില്‍ ഇപ്പോഴുമുള്ള പരമ്പരാഗത രീതി ഇനിയെത്ര നാള്‍ നില്‍ക്കുമെന്ന് അറിയില്ല. കളസമിട്ട് ലാപ്‌ടോപ്പും തൂക്കിയിട്ട് നടക്കുന്ന പിള്ളേര്‍ ഇവിടെയും വന്നിറങ്ങും. കുറച്ച് നാള്‍ കഴിയുമ്പോള്‍. ലഗാന്‍ കഴിഞ്ഞപ്പോഴാണ് ബോളിവുഡില്‍ അത് വന്നത്. ഹോളിവുഡില്‍ വര്‍ക്ക് ചെയ്ത ഒരുത്തന്‍ വന്ന് സിസ്റ്റം മറിച്ചിടുകയായിരുന്നു.

സായിപ്പ് കാണിക്കുന്നത് കോപ്പിയടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്തിനാണ് അയാള്‍ അങ്ങനെ ചെയ്യുന്നത് എന്ന് നോക്കില്ലല്ലോ. അവര്‍ ഉപയോഗിക്കുന്ന വാക്കുകളും ഉപകരണങ്ങളും ഇവിടെ ഉപയോഗിക്കുക. അവരാണ് കാര്യപ്രാപ്തിയുള്ളവര്‍ എന്നൊരു ധാരണ ഉണ്ടാക്കുക. എന്നാല്‍ അവര്‍ 100 ദിവസം കൊണ്ട് ഷൂട്ട് ചെയ്യുന്നത് 10 ദിവസം കൊണ്ട് നാം ഇവിടെ ചെയ്ത് തീര്‍ക്കും. നമ്മുടെ നാട്ടില്‍ എല്ലാവരും റഫര്‍ ചെയ്യുന്നത് ഇവരുടെ സ്‌ക്രിപിറ്റാണ്. അതാണ് ബേസ്. ഫ്രഞ്ചോ, റഷ്യനോ ആ സൈഡിലേക്ക് ആരും തിരിഞ്ഞ് നോക്കുന്നില്ല. ഹോളിവുഡ് ഗ്ലോബലി എല്ലാ മാര്‍ക്കറ്റും കീഴ്‌പ്പെടുത്തി കഴിഞ്ഞു. ബോളിവുഡ് മാത്രമെ ഇനി അവരുടെ കൈയില്‍ കിട്ടാനുള്ളു. എന്നാല്‍ ബോളിവുഡുകാര്‍ അഭിമാനത്തോടെ പറയും, നമ്മുടെ പാരമ്പര്യം പാട്ടും ഡാന്‍സുമുള്ള സിനിമയാണെന്നും അതു നിലനിര്‍ത്തണമെന്നും. എന്തു പാരമ്പര്യം? എന്നാല്‍ അവര്‍ അറിയാതെ തന്നെ ഹോളിവുഡ് അവരെ കയറി പിടിച്ചുകഴിഞ്ഞു. അവര്‍ ഉള്ളടക്കം മാറ്റുന്നില്ല. പൈസ ഉണ്ടാക്കിയാല്‍ മതിയല്ലോ. അവര്‍ക്ക് മാര്‍ക്കറ്റ് മതി. നൈസ് ആയിട്ട് സിംഗ് ഈസ് കിംഗ് പോലത്തെ സിനിമ ചെയ്യും. തുടക്കത്തില്‍ കുറേ ചേട്ടന്‍മാര്‍ വിചാരിച്ചു, ഫോക്‌സുമൊക്കെ വന്നപ്പോള്‍ നല്ല സ്‌ക്രിപ്റ്റ് കൊണ്ടുപോയി കൊടുക്കാമെന്ന്. പക്ഷേ അവര്‍ പറഞ്ഞു. അതൊന്നും ഞങ്ങള്‍ക്ക് വേണ്ട. ഞങ്ങള്‍ക്ക് സിംഗ് ഈസ് കിംഗ് പോലത്തെ സാധനം മതി. ഡിസ്‌നിയുണ്ട് ഇന്ത്യയില്‍. അതറിയാമോ? അവര്‍ യു ടിവി വാങ്ങിച്ചു. അതിന് ശേഷമാണ് കുറേ അനിമേഷന്‍ പടങ്ങള്‍ വന്നത്. പക്ഷേ വന്നതെല്ലാം ഛോട്ടാ ഭീമും ഹനുമാനും പോലത്തെ തറ സാധനങ്ങളാണ്. ഒരു മാറ്റവുമില്ല. അപ്പോ അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. യു.പി. പഞ്ചാബ് പോലത്തെ വലിയ മാര്‍ക്കറ്റുകളില്‍ നിന്ന് പൈസ വാരണം. വേറൊന്നുമില്ല.

ബോളിവുഡില്‍ ബദല്‍ ശ്രമങ്ങളുണ്ടാകുന്നുണ്ടോ?

ചില ബദല്‍ ശ്രമങ്ങള്‍ നടന്നു. എവിടെയൊക്കെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ അവിടെയൊക്കെ ഇവന്മാര്‍ പിടിച്ചെടുത്തു. അട്ടിമറിച്ചു. അനുരാഗ്, ദിബാകര്‍, അങ്ങിനെയൊരു സംഘം ഉണ്ടായിരുന്നു. അവരൊക്കെ ഭയങ്കര സ്പീഡില്‍ വന്ന് അതേ സ്പീഡില്‍ ഉള്ളിലാവുകയും ചെയ്തു. കരണ്‍ ജോഹറും അവരുമൊക്കെ ഒരു ഗ്യാങ്ങ് ആയി. മാര്‍ക്കറ്റിന്റെ ഒരു ഗുണമെന്താണെന്ന് അറിയാമോ? മാര്‍ക്കറ്റ് ഇവരെയൊക്കെ എങ്ങനെയെങ്കിലും ഉള്ളിലാക്കും. പണ്ട് കെ.എ. അബ്ബാസ് ബ്ലിറ്റ്‌സില്‍ വര്‍ക്ക് ചെയ്തിരുന്ന സമയത്ത് ഉത്പല്‍ദത്ത് ‘കല്ലോല്‍’ എന്നൊരു നാടകം ചെയ്തു. കല്‍ക്കത്തയില്‍. അത് ബാന്‍ ചെയ്ത് ഉത്പലിനെ അറസ്റ്റ് ചെയ്തു. അബ്ബാസ് സ്റ്റേറ്റിനെ അഡ്രസ് ചെയ്ത് ഒരു എഡിറ്റോറിയല്‍ എഴുതി. അയാള്‍ പറഞ്ഞു. ‘’നിങ്ങള്‍ മണ്ടന്‍മാരാണ്. നിങ്ങള്‍ എന്തിനാണ് അയാളെ അറസ്റ്റ് ചെയ്തത്? നിങ്ങള്‍ അയാളെ വിളിച്ചുകൊണ്ടുപോയി ഒരു അവാര്‍ഡ് കൊടുക്കുക. എന്നിട്ട് ബോംബെയില്‍ കൊണ്ടുപോയി ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് റൈറ്ററാക്കുക. അങ്ങിനെയായി കഴിയുമ്പോള്‍ അയാള്‍ കുറച്ചുകൂടി നിങ്ങളുടെ ആളാകും. എനിക്ക് സംഭവിച്ചത് അതല്ലെ’’ എന്ന് ചോദിച്ച് അങ്ങനെയാണ് അത് അവസാനിച്ചത്. എന്നാല്‍ അയാള്‍ അത് പറഞ്ഞുതീര്‍ന്ന് ഒരു വര്‍ഷം കൊണ്ട് അത് സംഭവിച്ചു. ഉത്പല്‍ ദത്ത് ബോംബെയില്‍ വന്ന് നടനായി. ഹാപ്പിയായി ജീവിച്ചു. മരിച്ചു. ഒരു കുഴപ്പവും വന്നില്ല.

സിനിമയെടുക്കാന്‍ സിനിമ കണ്ടാല്‍ മതിയെന്ന വാദം ശക്തമാണ്. പല സംവിധായകരും ഈ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ഇതിനെ എങ്ങിനെ കാണുന്നു? സിനിമക്ക് മറ്റ് കലാസാഹിത്യരൂപങ്ങളുമായുള്ള ബന്ധത്തിന് ഇപ്പോഴും പ്രസക്തിയുണ്ടോ?

ഒരു കലാരൂപമെന്ന നിലയില്‍ സിനിമയെ നമുക്ക് പല രീതിയിലും കാണാന്‍ പറ്റും. നമ്മള്‍ സിനിമയെ കാണുന്നത് എങ്ങിനെയാണ്? മലയാള സിനിമയെന്ന് പറയുമ്പോള്‍ നമുക്ക് ഒരു ഐഡിയയില്ലേ? ഹിന്ദി സിനിമയെന്ന് പറയുമ്പോള്‍ മറ്റൊരു ഐഡിയ. ഇതെല്ലാം ശീലമായിപോയി നമുക്ക്. ഇതാണ് നമ്മള്‍ കാണാന്‍ പോകുന്നത് എന്ന ധാരണ. പക്ഷേ വേറെ രീതിയിലുള്ള സിനിമകള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ. പല തരത്തിലുള്ളത്? ഞങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കുമ്പോള്‍ രണ്ട് സിനിമ വച്ച് കാണുമായിരുന്നു. രാവിലെ ഒന്ന്, രാത്രി ഒന്ന്. ഞങ്ങള്‍ കണ്ടതെല്ലാം ഈസ്റ്റ് യൂറോപ്യന്‍, റഷ്യന്‍, ജാപ്പനീസ് സിനിമകളാണ്. ഈ സിനിമകള്‍ കണ്ടപ്പോള്‍ ഞങ്ങളുടെ ഒരു വിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്തത്. പക്ഷേ ഞങ്ങള്‍ കണ്ടതെല്ലാം അറുപതുകളിലെ സിനിമകളായിരുന്നു. ഞങ്ങള്‍ പഠിച്ചിരുന്നതോ തൊണ്ണൂറുകളിലും. ഞങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ സീന്‍ വേറെയാണ്. സിനിമക്ക് വളരെ ശക്തിയുള്ളതാണ്. ഒരു സംശയവും വേണ്ട. പക്ഷേ സിനിമ കാണണോ നോവല്‍ വായിക്കണോ എന്ന് ചോദിച്ചാല്‍ ഞാന്‍ നോവല്‍ വായിക്കണമെന്ന് പറയും. എനിക്ക് സാഹിത്യത്തില്‍ നിന്നാണ് ഇന്‍സ്പിറേഷന്‍ കിട്ടുന്നത്. അതു ചിലപ്പോള്‍ ഞങ്ങളുടെയൊരു തലമുറയുടെ പ്രത്യേകതയായിരിക്കും. സ്‌കൂള്‍ സമയത്തൊക്കെ കൂടുതലും പുസ്തകമാണ് വായിച്ചിരുന്നത്. ടി.വിപോലും കുറവായിരുന്നു. ആ ഒരു ശീലത്തിന്റെയായിരിക്കും ചിലപ്പോള്‍. ചിത്രകലയെ സിനിമയുമായി പല രീതിയിലും നമുക്ക് ബന്ധപ്പെടുത്താം.

ഞാന്‍ സിനിമാറ്റോഗ്രാഫറായിരുന്ന സമയത്ത് ഷൂട്ട് ചെയ്യാന്‍ പോകുമ്പോള്‍ പെയിന്റിംഗ് റഫര്‍ ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു. ഒരു ഇന്‍സ്പിറേഷന് വേണ്ടി വെറുതെ നോക്കും. ഇമേജസിന്റെ റഫറന്‍സിനും ഐഡിയക്കും വേണ്ടി. സിനിമയില്‍ ഇതെല്ലാം ഉപയോഗിക്കാം. ടെക്സ്റ്റ് ആയി ലിറ്ററേച്ചറും, ഇമേജ് ആയി വിഷ്വല്‍ ആര്‍ട്‌സും ഉപയോഗിക്കാം. സിനിമ ലെയര്‍ ചെയ്യാന്‍ പറ്റും. നമ്മുടെ അറിവും കഴിവും പോലെയിരിക്കും. ഇമേജ്, ടെക്സ്റ്റ്, മ്യൂസിക്, ഇതിനെല്ലാം റഫറന്‍സ് കൊടുക്കാന്‍ പറ്റും. സങ്കേതങ്ങള്‍ ഹിന്റുകള്‍ ഇവയിട്ട് പോകാം. മനസ്സിലാക്കാന്‍ പറ്റുന്നവര്‍ക്ക് മനസ്സിലാക്കാം. സിനിമയില്‍ അങ്ങനെയൊരു സാധ്യതയുണ്ട്. എല്ലാ കലാരൂപങ്ങളെയും കൊണ്ടുവന്ന് കള്‍മിനേറ്റ് ചെയ്ത് ഉപയോഗിക്കാന്‍ പറ്റിയ ഒരു മാധ്യമമാണ്. പക്ഷേ ഫിലിം മേക്കര്‍ അത്രയും ആഴത്തില്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ഫ്ലാറ്റായി സിനിമ മാത്രമായി നില്‍ക്കും. കുറേ ഡയലോഗുകള്‍ എഴുതിവച്ച് കട്ട് ചെയ്ത് വെക്കുന്ന ഒരു സാധനമായിരിക്കും. സിനിമയെ അങ്ങനെ എത്രപേര്‍ കാണുന്നുണ്ട്.? വളരെ കുറച്ചുപേര്‍. ഒരു ന്യൂനപക്ഷമാണത്. ആര്‍ട്ട് ഹൗസ് സിനിമകള്‍ എന്ന് മാറ്റിനിര്‍ത്തപ്പെട്ട ഒരു വിഭാഗമാണ്. സണ്‍ഡാന്‍സ് എന്നൊരു ഫെസ്റ്റിവല്‍ പണ്ട് റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് തുടങ്ങിയിരുന്നു. മുഖ്യധാരാ ഹോളിവുഡ് സിനിമകളില്‍ നിന്നുമാറി ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കേഴ്‌സിനെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് അത് തുടങ്ങിയത്. ടെറന്റിനോയൊക്കെ ആദ്യമവിടെയാണ് വന്നത്. റോബര്‍ട്ട് റെഡ്‌ഫോര്‍ഡ് കുറച്ചുനാള്‍ മുന്‍പ് പറഞ്ഞു, ഈ ഫെസ്റ്റിവല്‍ നിര്‍ത്തുകയാണ് എന്ന്. കാരണം ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കേഴ്‌സ് വന്ന് അവാര്‍ഡും വാങ്ങി തിരിച്ചുപോയി ചവര്‍ സിനിമകള്‍ ചെയ്യും. അതുകൊണ്ട് താനീ പരിപാടി നിറുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.


കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രമുണ്ട്. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും ഫിലിം ഫെസ്റ്റിവലുകളിലും കൂട്ടായ സിനിമാ കാഴ്ചയുടെ അനുഭവമാണുള്ളത്. എന്നാല്‍ ഇന്ന് ഡൗണ്‍ലോഡ് ചെയ്ത് ഒറ്റയ്ക്ക് സിനിമ കാണുന്ന ആളുകളുടെ എണ്ണം കൂടുതലാണ്. സിനിമയുമായി ബന്ധപ്പെട്ട കൂട്ടായതും ഒറ്റപ്പെട്ടതുമായ ഈ രണ്ട് അനുഭവങ്ങളെ എങ്ങനെ വിലയിരുത്താം?

അന്ന് ആളുകള്‍ക്ക് കുറച്ചുകൂടി സമയമുണ്ടായിരുന്നു. ഞങ്ങളുടെ സ്‌കൂള്‍ കോളേജ് സമയത്ത് ഞങ്ങള്‍ ഇവിടെനിന്ന് നടന്ന് കടവന്ത്ര ജംഗ്ഷനില്‍ ചെന്നിരുന്ന് കപ്പലണ്ടി കഴിച്ച്, സിഗരറ്റ് വലിച്ച്, ചായ കുടിച്ച് തിരിച്ചുപോരും. അങ്ങിനെയൊരു സ്‌പെയ്‌സ് ഉണ്ടായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം ആളുകള്‍ക്ക് അങ്ങിനെയൊരു സമയമില്ലാതെയായി. അങ്ങനെത്തെയൊരു ഗ്രൂപ്പായിട്ടൊരു കാര്യവും ഇല്ലാതെയായി. പിന്നെ രാഷ്ട്രീയ ചര്‍ച്ചകള്‍. പണ്ടൊക്കെ നമ്മള്‍ കള്ള് കുടിച്ചാല്‍ എന്താ ചെയ്യുക? രാഷ്ട്രീയം ചര്‍ച്ച ചെയ്യും. രാഷ്ട്രീയം സംസാരിച്ച് വഴക്കിട്ട് അവസാനം പാട്ടുപാടി പിരിയുക എന്നുള്ളതാണ്. ഇപ്പോഴത്തെ കള്ളുകുടി അങ്ങിനെയാണെന്ന് എനിക്ക് തോന്നുന്നില്ല. രാഷ്ട്രീയം ചര്‍ച്ച ചെയ്യാറേയില്ല എന്നാണ് എനിക്ക് തോന്നുന്നത്. കുഴപ്പം ഇപ്പോഴത്തെ പിള്ളേരുടേതല്ല. ഞങ്ങളുടെ ജനറേഷന്റെയും ഞങ്ങള്‍ക്ക് മുമ്പുള്ള ജനറേഷന്റെയും അതിന് കുറച്ച് മുമ്പുള്ളവരുടേതുമാണ്. എല്ലാവരും സോള്‍ഡ് ഔട്ടാണ്. അതായത് തൊണ്ണൂറുകളിലെ മാര്‍ക്കറ്റ് ഓപ്പണിംഗ് ഇല്ലേ. അതോടെ സൈക്കിള്‍ മേടിക്കാന്‍ പൈസയില്ലാത്തവന് സൈക്കിള്‍ മേടിക്കാനും, സ്‌കൂട്ടര്‍ മേടിക്കാന്‍ പൈസയില്ലാത്തവന്  സ്‌കൂട്ടര്‍ മേടിക്കാനുമുള്ള പൈസ കിട്ടിതുടങ്ങി. സ്‌കൂട്ടറുണ്ടായിരുന്നവന് കാര്‍ മേടിക്കുവാനുള്ള പൈസ കിട്ടിത്തുടങ്ങി. ഈയൊരു പ്രോസ്പിരിറ്റിയില്‍ എല്ലാവരും പതുക്കെ മതിമറന്നുതുടങ്ങി. അതായത് ബാക്കി കാര്യങ്ങളൊക്കെ വിട്ടു. എന്നിട്ട് അവരവരുടെ പ്രോസ്പിരിറ്റിക്ക് പുറകെ എല്ലാവരും ഓടിയെന്നുള്ളതാണ് സത്യം. അതിനകത്ത് പലരും കോമ്പ്രമൈസ് ചെയ്തു. പലരുമല്ല, ഒരു തൊണ്ണൂറ് ശതമാനവും.

ഇപ്പോ നാല്പത് വയസ്സില്‍ നില്‍ക്കുന്ന, നിങ്ങളെ ഇമ്പ്രസ് ചെയ്യിക്കുന്ന ഒരാളുടെ പേര് പറയാമോ? ഐഡിയല്‍ ആയി നിങ്ങള്‍ കാണുന്നത്. ഇല്ലല്ലോ? ഞങ്ങള്‍ക്ക് പക്ഷേ ആള്‍ക്കാരുണ്ടായിരുന്നു, അന്ന്. ഞങ്ങള്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ മുമ്പില്‍ പത്ത് പേരെങ്കിലും ഉണ്ടായിരുന്നു. ആ പത്ത് പേരിപ്പോള്‍ ഇല്ല. എല്ലാവരും തീര്‍ന്നു. ഇപ്പോ ഒറ്റ മനുഷ്യനില്ല. നമ്മള്‍ കഷ്ടപ്പെട്ട് ഒരാളുടെ പേര് പറയും. എന്നാല്‍ കുറച്ചുകഴിയുമ്പോള്‍ അയാളെ കുറിച്ചും നമുക്ക് അയ്യേ.. എന്ന് തോന്നും. എല്ലാവരും സ്വന്തം കാര്യങ്ങളുമായിട്ട് അങ്ങിനെ നില്‍ക്കുകയാണ്. ഇന്ന് എല്ലാവരും ഇന്റര്‍നെറ്റിലാണ്. സോഷ്യല്‍ മീഡിയയിലൊന്നും കേറിയിട്ട് ഒരു കാര്യവുമില്ല. അതൊരു മൈനോറിറ്റിയാണ്. ജനങ്ങളിലേക്ക് എത്തുന്നില്ല. ജനങ്ങള്‍ എന്നു പറയുന്നത് വലിയ ഒരു സാധനമാണ്. അതിനകത്തേക്ക് ഒരാളും പോകുന്നില്ലല്ലോ. ഞാന്‍ കഴിഞ്ഞ ദിവസം നില്‍പ് സമരത്തിന് പോയിരുന്നു. ഞാന്‍ കണ്ടത് മീഡിയാക്കാരെ നിര്‍ത്തിയിട്ട് സമരം ചെയ്യുന്നതാണ്. ജനങ്ങള്‍ക്ക് പകരം കുറേ ക്യാമറകള്‍. അതിലേക്ക് നോക്കിയിട്ടാണ് സമരം ചെയ്യുന്നത്. ക്യാമറക്ക് വേണ്ടിയുള്ള സമരം. ഈ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ കാണുമെന്നാണ് ധാരണ. പക്ഷേ മാധ്യമങ്ങള്‍ കാണിക്കുന്നതല്ലേ അവര്‍ കാണൂ. ഒരു അരിപ്പയിലൂടെ കയറിയിറങ്ങിയാണ് പോകുന്നത്. ഒരു ജനറേഷന്‍ ലോസ് ഉണ്ടവിടെ. ആദ്യം ഈ ക്യാമറക്കാരെ അടിച്ചോടിക്കണം അവിടന്ന്. നിങ്ങള്‍ വേണമെങ്കില്‍ ഷൂട്ട് ചെയ്യ് എന്ന് പറയാനുള്ള ധൈര്യമുണ്ടാവണം. അതില്ല. ഒരു ടിവി ചാനലുകാരന്‍ വന്നാല്‍ അത് നമുക്ക് നല്ലതാണെന്ന് പറയുന്ന രാഷ്ട്രീയക്കാരന്‍ വരെയാണ് ഇവിടെയുള്ളത്.


രാഷ്ട്രീയത്തില്‍ പോലും ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് ഉദാഹരണമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉള്ള ദൃശ്യങ്ങളുടെ ഈ ഉപയോഗത്തെ എങ്ങനെ കാണുന്നു?

കുന്തേരയുടെ ഇമ്മോര്‍ട്ടാലിറ്റി എന്ന പുസ്തകത്തില്‍ രസകരമായൊരു വരിയുണ്ട്. പണ്ട് കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ എനിക്കത് മനസ്സിലായിരുന്നില്ല. ഇപ്പോള്‍ എനിക്കത് കൃത്യമായി മനസ്സിലാകുന്നുണ്ട്.  ട്രൂത്ത് ഈസ് ആന്‍ ഐലന്റ് വിസിറ്റഡ് ബൈ ലെസ്സര്‍ ആന്റ് ലെസ്സര്‍ പീപ്പിള്‍. അതായത് ശരിക്കുള്ള സത്യാവസ്ഥ എന്താണെന്ന് ജനങ്ങള്‍ അറിയുന്നില്ല. ന്യൂസ് ഹാസ് നോ ട്രൂത്ത് ആന്റ് ട്രൂത്ത് ഹാസ് നോ ന്യൂസ്. പഴയ റഷ്യന്‍ പ്രയോഗമാണ്. മോദിയുടെ കാമ്പെയിന്‍ തികച്ചും അതു തന്നെയല്ലേ. നമ്മുടെ മുന്‍പില്‍ ഒന്നല്ല, പല പല കൂട്ടക്കൊലകള്‍ നടത്തിയ ഒരു സംഘം നില്‍ക്കുന്നു. അവര്‍ അധികാരത്തില്‍ വന്നാല്‍ അവരോട് ക്ഷമിക്കാന്‍ മാത്രം മണ്ടന്മാരാണോ നമ്മള്‍. ഗുജറാത്തില്‍ പോട്ടെ, അവിടെ ഇത്രയുമൊക്കെ ആയി. മുസഫര്‍നഗറില്‍ ചെയ്തതെന്താണ്?. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടിമാത്രം ചെയ്ത ഒരു വന്‍ കലാപമാണത്. അത് അറിയാം പലര്‍ക്കും. എന്നിട്ടും മീഡിയായിലൂടെ അച്ഛേ ദിന്‍ ആയേംഗേ എന്നു പറയുകയാണ്. എന്റെ കൂടെ ബോംബെയില്‍ വര്‍ക്ക് ചെയ്യുന്ന ലിബറല്‍ പ്രോഗ്രസ്സീവ് ആയിട്ടുള്ള ആളുകളുണ്ട്. യൂറോപ്പിലും മറ്റും യാത്ര ചെയ്യാന്‍ പോകുന്നവര്‍. അവരോട് ഇലക്ഷന്റെ തലേ ദിവസം വോട്ട് ചെയ്യാന്‍ പോകുന്നുണ്ടോ എന്ന് ചോദിച്ചു. അവര്‍ പറഞ്ഞു. പോകുന്നുണ്ട്. ആര്‍ക്ക് വോട്ട് ചെയ്യും? ബി.ജെ.പി.ക്ക്. എന്തിന്? മോദി. അപ്പോ തന്നെ ഞാന്‍ ഫോണ്‍ വെച്ചു. പിന്നെ നമുക്ക് സ്‌പെയ്‌സ് ഇല്ല അവിടെ സംസാരിക്കാന്‍. അതായത് അവരുപോലും അങ്ങനെത്തെ ഒന്നിലേക്ക് പോയാല്‍ പിന്നെ നിരാശാജനകമാണ് സിറ്റുവേഷന്‍.  ഒബാമയുടെ പി.ആര്‍. ടീമാണല്ലോ മോദിക്ക് വേണ്ടി ചെയ്തത്. പിന്നെ അതിനകത്ത് ഒന്നും പറയാനില്ല. അതു പോട്ടെ. നമ്മുടെ ലെഫ്റ്റ് ആളുകള്‍ പോലും അതിനകത്ത് പെട്ടുപോകുന്നു എന്നുള്ളതാണ് ഏറ്റവും സങ്കടമുള്ളകാര്യം.

ദൂരദര്‍ശനെയും ആകാശവാണിയെയും പോലും ഇത്തരത്തില്‍ പ്രചാരണായുധമാക്കുന്ന കാഴ്ച മുന്‍മാതൃകകളില്ലാത്തത് അല്ലേ?

പണ്ടൊക്കെ നമ്മള്‍ ഗീബല്‍സിനെക്കുറിച്ച് പറയുമല്ലോ. ഹിറ്റ്‌ലറിന് വേണ്ടി സിനിമയുണ്ടാക്കി എന്നെല്ലാം. സ്ട്രാറ്റെജി അതുതന്നെ. ഗീബല്‍സിന്റെ നേതൃത്വത്തില്‍ രണ്ടും മൂന്നും സിനിമയുണ്ടാക്കിയിട്ടുണ്ട്. ട്രയിംഫ് ഫോര്‍ വില്‍, അങ്ങനെ രണ്ടുമൂന്ന് പടമുണ്ട്. ബെര്‍ലിന്‍ ഒളിമ്പിക്‌സിന് വേണ്ടി ചെയ്തതാണ്.  സാങ്കേതികമായി സൂപ്പര്‍. ഗിമ്മിക്കുകളുടെ ബഹളം. വിഷ്വല്‍ മാജിക്കാണത്. ആ സിനിമ കണ്ടിട്ട് ഇത് നാസി റെജിമില്‍ നിന്ന് വരുന്ന സിനിമയാണെന്ന് ആരും വിശ്വസിക്കില്ല. ഞാന്‍ കണ്ട് ഇരുന്നുപോയിട്ടുണ്ട്. പക്ഷേ പൊളിറ്റിക്‌സ് വേറെയാണ്. ഗീബല്‍സിന്റെ തന്ത്രമാണത്. ഇഷ്ടം പോലെ ഗീബല്‍സുകള്‍ ഉണ്ട് നമ്മുടെയിടയില്‍. സ്റ്റീവ് ലോപ്പസിന്റെ പ്രദര്‍ശനവേളയിലാണ് ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന വിവാദവും കേസും ഉണ്ടായത്.

ഒരു യാദൃശ്ചികതയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ കൗതുകകരമായി തോന്നി.

ബോംബെയിലൊക്കെ സിനിമ കാണുമ്പോള്‍ ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കണ്ട എന്ന് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെ ചെയ്താല്‍ ആരെങ്കിലും പ്രതികരിക്കും. വന്നിരിക്കുന്നത് സിനിമ കാണാനാണ്. അവിടെ വെച്ചിട്ടൊരു വഴക്ക് ഉണ്ടാക്കിയാല്‍ ആര്‍ക്കാണ് ഗുണം. നമ്മുടെ നിലപാട് വ്യക്തമാക്കാന്‍ വേണ്ടി സിനിമ തടസ്സപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം. അത് ഭീരുത്വമായിരിക്കാം. പക്ഷേ സല്‍മാന്‍ അത് ചെയ്തു. ഒന്നു ജനഗണമന തീയേറ്ററില്‍ പ്ലേ ചെയ്യുന്നത് നിയമപരമായി ഫൈറ്റ് ചെയ്യാവുന്ന കാര്യമാണ്. ഇത് എഴുതിയത് ആര്‍ക്കുവേണ്ടിയാണ് ?. അധിനായക ജയഹേ! അത് വേറൊരു ചരിത്രം. ഇതെല്ലാം ജനങ്ങള്‍ക്ക് അറിയാം. ഇന്റര്‍നെറ്റില്‍ കിട്ടും. സല്‍മാന്റെ സംഭവത്തിലെ മീറ്റിംഗിന് ഞാന്‍ പോയിരുന്നു. പറ്റിയ കുഴപ്പം സംഭവം നടന്ന് മൂന്ന് മാസത്തിന് ശേഷമാണ് കണ്‍വെന്‍ഷന്‍ വിളിക്കുന്നത്. അത് ശുഷ്‌കമായിരുന്നു. അതില്‍ കുറേ പഴയ ബുദ്ധിജീവികളും മറ്റും വന്ന് മീറ്റിംഗ് നടത്തി പോയി. ഒരു കാര്യവുമില്ല. സല്‍മാന്റെ പേരില്‍ വലിയ രാജ്യദ്രോഹകുറ്റമാണ് അടിച്ചത്. അതിന്റെ ഏറ്റവും വലിയ രസം കേസ് കൊടുത്ത ആള്‍ക്കാരെ എനിക്കറിയാം. പാര്‍വ്വതി എന്ന് പറഞ്ഞ് സിനിമയിലും മറ്റും അഭിനയിക്കുന്ന ഒരാളുണ്ട്. ട്രിവാന്‍ഡ്രം വിമന്‍സ് കോളേജിലെ എസ്.എഫ്.ഐ.ക്കാരിയായിരുന്നു. അഭിനയ എന്ന് പറഞ്ഞ തീയേറ്റര്‍ ഗ്രൂപ്പിന്റെ ആള്‍ക്കാരാണ്. അവരും വളരെ പ്രോഗ്രസ്സീവ് ആയിട്ടുള്ള പാര്‍ട്ടികളാണ്. സല്‍മാന് പറ്റിയത് സല്‍മാന്‍ സല്‍മാനായി പോയി എന്നതാണ്. ഹിന്ദുവായിരുന്നെങ്കില്‍ രക്ഷപ്പെട്ടുപോയേനെ.

സമൂഹത്തില്‍ വര്‍ഗ്ഗീയത വളരുമ്പോള്‍ അത് സിനിമ പോലുള്ള സര്‍ഗ്ഗാത്മക മേഖലയെയും ബാധിക്കില്ലേ?

മലയാള സിനിമ വര്‍ഷങ്ങളായിട്ട് എങ്ങിനെയാണ് നടന്നുവരുന്നത്?. തിരുവനന്തപുരത്ത് ഒരു നായര്‍ സംഘമുണ്ട്. പിന്നെ ഒരു മുസ്ലിം സംഘം. പിന്നെ ഈഴവ, ക്രിസ്ത്യന്‍ എന്നൊക്കെ പറഞ്ഞ് വേറൊരു ലോബി. നമ്മള്‍ ഇലക്ഷനിലൊക്കെ കാണുന്ന ഏര്‍പ്പാട് തന്നെ. പക്ഷേ സിനിമയില്‍ അത് വളരെ ശക്തമായിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള ഒരു ക്രിസ്ത്യന്‍ അല്ലെങ്കില്‍ മുസ്ലിം ഫിലിം മേക്കറുടെ പേര് നിങ്ങള്‍ക്ക് പറയാമോ? ഉണ്ടാവില്ല. നായന്‍മാരായിരിക്കും മിക്കവാറും. തിരുവനന്തപുരം ഭയങ്കര രാജഭക്തിയുടെ ഒരു സ്ഥലമാണ്. ഇന്ത്യയിലെ ഏറ്റവും സുന്ദരവും കോംപാക്റ്റും ആയിട്ടുള്ള നഗരമാണ്. പക്ഷേ ഹിന്ദു സിറ്റിയാണ്. ഭാഗ്യത്തിനാണ് ഇത്തവണ രാജഗോപാല്‍ ജയിക്കാതിരുന്നത്. ഇത് എല്ലായിടത്തും ഉണ്ട്. കച്ചവടത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. പക്ഷേ പൈസയുടെ മുന്നില്‍ ഇതെല്ലാം ഇല്ലാതെയാകും. ബാല്‍താക്കറേ, രാജ് താക്കറെ ഇവര്‍ക്കെല്ലാവര്‍ക്കും പല മുസ്ലിം നേതാക്കളുമായും ബിസിനസ് ബന്ധങ്ങളുണ്ട്. പൈസയ്ക്ക് ഇതൊന്നും ബാധകമല്ല.

കേരളത്തില്‍ കലയും രാഷ്ട്രീയവും ഒരുമിച്ചാണ് വളര്‍ന്നത്. കെ.പി.എ.സി., ജനശക്തി ഫിലിംസ്, ഇതെല്ലാം ഉദാഹരണങ്ങളാണ്. ജനപക്ഷ കലയ്ക്ക് വേണ്ടി പുതിയ ഒരു സംസ്‌കാരം എങ്ങനെ രൂപപ്പെടുത്താം ?

എനിക്ക് ആകെ പോസിറ്റീവ് ആയി തോന്നിയത് ഇവിടുത്തെ പിള്ളേര് ചെയ്യുന്ന പണിയാണ്. അല്ലാതെ സംഘടനകളോ ഇന്‍സ്റ്റിറ്റ്യൂഷന്‍സോ നടത്തുന്ന ഒന്നുമല്ല. വളരെ സ്‌പൊണ്ടേനിയസ് ആയിട്ടുള്ള അവിടെയിവിടെയൊക്കെ പൊട്ടിപ്പുറപ്പെടുന്ന മൂവ്‌മെന്റുകള്‍. ഇത് പടരണം. പടര്‍ന്ന് പടര്‍ന്ന് തൊഴിലാളികള്‍ ഏറ്റെടുക്കണം. അതായത് ഞാന്‍ സ്വപ്നം കാണുന്നത് 1960കളില്‍ പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം പോലെയൊന്നാണ് പക്ഷേ, അതിനെ അടിച്ചമര്‍ത്തി തീര്‍ത്തുകളഞ്ഞു. എങ്കിലും അതിനുള്ളിലേക്ക് ഫിലിം മേക്കേഴ്‌സ് ഇറങ്ങിചെന്നു. ഗൊദാര്‍ദ് ഒക്കെ ഫുള്‍ട്ടൈം അവരുടെയൊപ്പമായിരുന്നു. ബാരിക്കേഡ്‌സ് ഒക്കെ ക്രിയേറ്റ് ചെയ്ത് എത്രദിവസം അത് നിലനിന്നു എന്ന് അറിയാമോ? അത് ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് തുടങ്ങിയത്.അതും ഇപ്പോഴത്തെ ചുംബനമോ, ആലിംഗനമോ അങ്ങനെ എന്തോ സംഗതിയില്‍ നിന്നാണ് തുടങ്ങിയത്. എന്നിട്ട് തീ പോലെ പടര്‍ന്നു കത്തി. അതൊക്കെ വലിയ സംഭവമല്ലേ. അത്തരം സ്‌പൊണ്ടേനിയസ് മൂവ്‌മെന്റുകളിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ വേറൊരു സംഘടനക്കോ, ഇന്‍സ്റ്റിറ്റ്യൂഷനോ ഒന്നും ചെയ്യാനാകില്ല. അത് കാമ്പസുകളില്‍ നിന്ന് തന്നെ വരണം. പിള്ളേര് തന്നെ ചെയ്യണം. കാമ്പസുകളില്‍ നിന്ന് വന്ന് തൊഴിലാളിയിലേക്ക് കടക്കണം.

ഈ ആശയമാണോ സ്റ്റീവ് ലോപ്പസില്‍ പ്രതിഫലിച്ചിട്ടുള്ളത്?

സ്റ്റീവ് ലോപ്പസ് ഞാന്‍ ചെയ്യാന്‍ കാരണമെന്താണെന്ന് അറിയാമോ? തൊണ്ണൂറ്റൊമ്പത് ശതമാനം പോലീസുകാരും കറപ്റ്റാണ്. ഞങ്ങളൊക്കെ ഈ കോളേജ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് പുതിയ പിള്ളേരെ പരിചയപ്പെടുമ്പോള്‍ ഞങ്ങള്‍ക്കൊരു വിചാരമുണ്ടായിരുന്നു. ഇവന്‍മാര്‍ക്കൊന്നും ഒരു ധാരണയില്ലായെന്ന്. വിവരവും വിദ്യാഭ്യാസവും ഇല്ല, പുസ്തകം വായിക്കില്ല എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. ഞാന്‍ അതിന്റെ കാരണം ആലോചിച്ച് നോക്കിയപ്പോള്‍.... അവര്‍ നോക്കുമ്പോള്‍ മുകളിലുള്ളവരൊക്കെ ഹാപ്പിയായിട്ട് അവിടുന്നും ഇവിടുന്നും പൈസ മേടിച്ച് ജീവിക്കുന്നു. ഞങ്ങള്‍ പഠിക്കുന്ന കാലത്ത് കമ്മീഷന്‍ എന്ന് പറഞ്ഞാല്‍, കമ്മീഷനടിക്കുന്ന ആളെന്നു പറഞ്ഞാല്‍ തെറി വിളിക്കുന്നതിന് തുല്ല്യമായിരുന്നു. ബ്രോക്കര്‍ എന്ന് പറയുന്നതും അങ്ങനെതന്നെ. പക്ഷേ ഇപ്പോള്‍ കോര്‍പ്പറേറ്റ് ലോകത്ത് ലീഗലൈസ് ചെയ്ത ഒരു പദമാണ് കമ്മീഷന്‍. ഒരുത്തന്റെ അച്ഛന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് ആയിരിക്കും. അല്ലെങ്കില്‍ സൈഡില്‍ കമ്മീഷന്‍ അടിക്കാന്‍ നില്‍ക്കുന്ന ആളായിരിക്കും. പക്ഷേ അവന്‍ ഹാപ്പിയായി പ്രിവിലേജ്ഡായി ജീവിക്കുകയാണ്. വീട്ടില്‍ നല്ല പൈസയുണ്ട്. അച്ഛനെന്താ പണി? ബിസിനസ്. പക്ഷേ തെറ്റായ വഴിക്കാണ് ഈ പണം വരുന്നതെന്ന് അറിയുമ്പോള്‍, അവന്‍ അത് കണ്ടുകഴിയുമ്പോള്‍ ഉള്ള അവസ്ഥ എന്തായിരിക്കും?. അത് ശരിയല്ലാ എന്ന് തോന്നുമ്പോള്‍ അവനുണ്ടാകുന്ന ട്രോമ വലുതായിരിക്കും. അച്ഛനാണ് ഒരു സമയം വരെ മക്കളുടെ ഏറ്റവും വലിയ ഹീറോ. അച്ഛന്റെ ഇമേജ് തകരുമ്പോള്‍ ഒരു പയ്യനുള്ള പ്രശ്‌നം എന്തായിരിക്കും? ഒരു തരം പേഴ്‌സണല്‍  പൊളിറ്റിക്കല്‍ തീം. അതാണ് സ്റ്റീവ് ലോപ്പസിന്റേത്. പല കാര്യങ്ങളും അവ്യക്തമായി വച്ചത് അതുകൊണ്ടാണ്. സ്റ്റീവ് കാണുന്നതുമാത്രമെ കാണിക്കുന്നുള്ളു. അവന്‍ മനസ്സിലാക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളു. അതു മതി. ഒരാളുടെ ചിന്തയില്‍ നിന്ന് വരുന്ന ഒരു രാഷ്ട്രീയമുണ്ടല്ലോ. അതായത് എന്റെ ചേട്ടന്‍, എന്റെ അച്ഛന്‍ കള്ളനാണെന്ന് തോന്നിയാല്‍ ഉള്ള ഒരു അവസ്ഥ. അവര്‍ക്ക് ഒരു ഡിസിഷന്‍ എടുക്കേണ്ടിവരും. അല്ലെങ്കില്‍ അച്ഛന്റെ ഒപ്പം നിന്ന് പൈസയൊക്കെയായി സുഖമായി ജീവിക്കാം. അല്ലെങ്കില്‍ അത് ബ്രേക്ക് ചെയ്ത് പുറത്തിറങ്ങാം. അത് ഒരു ഓപ്ഷനാണ്. നമ്മള്‍ ആ ഓപ്ഷനെങ്കിലും ആള്‍ക്കാര്‍ക്ക് കാണിച്ചുകൊടുക്കുക. ഇതാണ് സിറ്റുവേഷന്‍. ഇനി നിങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യം. എനിക്ക് സന്തോഷം തോന്നിയത് യൂണിവേഴ്‌സിറ്റികളിലും കാമ്പസുകളിലും ഇതും കൊണ്ട് ചെല്ലുമ്പോള്‍ അവര്‍ ആ രാഷ്ട്രീയം മനസ്സിലാക്കി എന്നുള്ളതാണ്. ഇത് രാഷ്ട്രീയ ചിത്രമാണെന്ന് പിള്ളേര് തന്നെ ഇങ്ങോട്ട് പറഞ്ഞു. അത് ഞാന്‍ പറയുന്നതില്‍ കാര്യമില്ലല്ലോ. ചെറുപ്പക്കാര്‍ക്കുവേണ്ടിയാണ് ആ പടം ചെയ്തത്. എന്ന് വെച്ചാല്‍ ഇവര്‍ മോശക്കാരല്ല, അവര്‍ മോശക്കാരാകുന്നത് കോമ്പ്രമൈസ് ചെയ്ത കറപ്റ്റ് ആയിട്ടുള്ള കുറേ ചേട്ടന്മാരും അച്ഛന്മാരും കാരണം മാത്രമാണെന്ന് പറയാന്‍ വേണ്ടി. പക്ഷേ സീനിയര്‍ ജനറേഷന്‍ അത് മനസ്സിലാക്കുന്നില്ല. അവരതിനെ കാണുന്നത് കുടുംബത്തിന് വേണ്ടിയുള്ള സാക്രിഫൈസ് ആയിട്ടാണ്. നിന്റെ മെച്ചത്തിന് വേണ്ടി, നിനക്ക് പഠിക്കാന്‍ വേണ്ടി. അങ്ങിനെ ആയിരിക്കും അവരതിനെ കാണുന്നത്. അവരുടെ ഭാഗത്ത് ന്യായമുണ്ട്. ഇങ്ങനെത്തെ ഒരു സൊസൈറ്റിയില്‍ അവര്‍ക്ക് അങ്ങനെയേ പറ്റുകയുള്ളു.

റസൂലും സ്റ്റീവും വ്യക്തമായ രാഷ്ട്രീയനിലപാടുകളുള്ളവരല്ല. പക്ഷേ അവരുടെ ജീവിതത്തിലെ പ്രതിസന്ധികളോട് അവര്‍ പ്രതികരിച്ചത് നിഷ്‌കളങ്കമായും രാഷ്ട്രീയമായുമാണ്. ഇന്നത്തെ കാമ്പസുകളില്‍ കാണാന്‍ കഴിഞ്ഞതും ഇതുപോലെയുള്ള യുവാക്കളെയാണോ?

എല്ലാ മനുഷ്യരിലും നന്മയുണ്ട്. കൊച്ചിലേ പറഞ്ഞുതരുന്ന പല കാര്യങ്ങളും നമ്മുടെ ഉള്ളിലുണ്ട്. നര്‍ച്ചര്‍ ചെയ്താല്‍ അത് വളരും. തല്ലിക്കെടുത്തിയാല്‍ ഇല്ലാതാകും. അത് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് ആ ഏജ് ഗ്രൂപ്പില്‍ ആണ്. നിഷ്‌കളങ്കമായിട്ടുള്ള, പ്രേമിക്കുന്ന സമയം. ഒരാളോട് ഇഷ്ടം തോന്നുക, ഒരാളെ കെട്ടിപ്പിടിക്കാന്‍ തോന്നുക, തൊടാന്‍ തോന്നുക എന്നൊക്കെ പറയുന്നത് മനോഹരമായ അവസ്ഥയാണ്. ഏറ്റവും സുന്ദരമായ വികാരവും ലഹരിയുമാണത്. അത് അനുഭവിക്കുന്നവര്‍ ആ പ്രായത്തിലുള്ളവരാണ്. മുതിര്‍ന്നവര്‍ അനുഭവിക്കുമായിരിക്കും. പക്ഷേ ചെറിയ പ്രായത്തില്‍ അനുഭവിക്കുന്നത് ഭയങ്കര ഒരു എക്‌സ്‌പ്ലോഷന്‍ അല്ലേ. അതിന്റെ സുഖം വേറെ ഒന്നിനും ഇല്ല. അനുഭവിച്ചാലേ അത് അറിയൂ. അത് നര്‍ച്ചര്‍ ചെയ്യാന്‍ പറ്റിയാല്‍ പ്രതീക്ഷ ഉണ്ടാക്കും. ജോണ്‍ ലെനന്‍ ഒക്കെ പറഞ്ഞ കാര്യങ്ങളാണ്. ഞാന്‍ പറയുന്നത് സ്റ്റീവിന്റെ ഇന്നസെന്‍സ് തീരുന്നത് അവന്റെ അച്ഛന്‍ കള്ളനാണെന്ന് മനസ്സിലാക്കുമ്പോഴാണ്. സ്റ്റീവ് എങ്ങനെ പ്രതികരിക്കാന്‍ പോകുന്നുവെന്നാണ് ഞാന്‍ നോക്കിയത്. ഒന്നുകില്‍ അച്ഛന്‍ പറഞ്ഞത് കേട്ട് മിണ്ടാതെ വീട്ടിലിരിക്കാം. കുറച്ച് ദിവസം പിണങ്ങിയിരിക്കാം. പിന്നെ വീട്ടില്‍ തിരിച്ചുചെല്ലാം. സാധാരണ ജീവിതത്തിലേക്ക് പോകാം. കാമുകിയുണ്ട്, പൈസയുണ്ട്. അങ്ങനെ ജീവിച്ച എത്രയോ പേരുണ്ട്. ചെറിയ ഒരു പിണക്കമുണ്ടാവുകയേയുള്ളു, അച്ഛന്റെയടുത്ത്. പിന്നെയത് മാറും. പക്ഷേ അങ്ങനെയാണെങ്കില്‍ കാര്യമില്ലല്ലോ. സ്റ്റീവ് അവിടെ ചെയ്യുന്നതും ഒട്ടും ഹീറോയിക് ആയിട്ടുള്ള കാര്യമല്ല. അവന്റെ ഉള്ളില്‍ തോന്നിയ ഒരു വിഷമം തീര്‍ക്കാനായിട്ട് അവന്‍ ആ വിവരം കാണാതായ ആളുടെ ഭാര്യയോട് പറയുന്നു. അതുമതി. അത്രയും മതി. ആ ഒരു എലമെന്റ് മതി ഒരാളുടെ ഉള്ളില്‍. എല്ലാ മനുഷ്യന്റെയും ഉള്ളില്‍. ഏതു വൃത്തികെട്ടവന്റെയും ഉള്ളിലുണ്ടാകും അത്. വൃത്തികെട്ടവന്‍ എന്ന് നമ്മള്‍ വിചാരിക്കുന്നവന്റെ ഉള്ളിലും അവന്റെ കൊച്ചിനോട് കാണിക്കുന്ന സ്‌നേഹമെങ്കിലുമുണ്ടാകും. അതിനെ പുറത്തേക്ക് കൊണ്ടുവരിക എന്നുള്ളത് സിനിമയ്ക്കും കലയ്ക്കും സംഗീതത്തിനുമൊക്കെ സാധിക്കുന്ന ഒരു കാര്യമാണ്. സിനിമയ്ക്ക് പറ്റും. ചില ഇമേജുകളുെട സ്വാധീനത്തില്‍ അത് വളരും. പക്ഷേ അവന്‍ കാണാന്‍ വരണം. നിര്‍ബന്ധിച്ച് കാണിക്കാന്‍ പറ്റില്ലല്ലോ.