അമല്‍ അഭിമുഖം: ‘പഴയ ഹാങ്ങോവറില്‍ നിന്നും എസ്എഫ്‌ഐ മുക്തി നേടണം’ 

September 12, 2016, 5:57 pm
അമല്‍ അഭിമുഖം: ‘പഴയ ഹാങ്ങോവറില്‍ നിന്നും എസ്എഫ്‌ഐ മുക്തി നേടണം’ 
Interview
Interview
അമല്‍ അഭിമുഖം: ‘പഴയ ഹാങ്ങോവറില്‍ നിന്നും എസ്എഫ്‌ഐ മുക്തി നേടണം’ 

അമല്‍ അഭിമുഖം: ‘പഴയ ഹാങ്ങോവറില്‍ നിന്നും എസ്എഫ്‌ഐ മുക്തി നേടണം’ 

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സെപ്റ്റംബര്‍ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പില്‍ യൂണിയന്റെ വൈസ് പ്രസിഡന്റായി എറണാകുളം സ്വദേശിയും റഷ്യന്‍ ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസില്‍ ഗവേഷകനുമായ പി.പി അമല്‍ 1304 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.യുണൈറ്റഡ് ലെഫ്റ്റ് സഖ്യത്തെക്കുറിച്ചും എസ്എഫ്‌ഐയെക്കുറിച്ചും ജെഎന്‍യുവിനെക്കുറിച്ചുമെല്ലാം അമല്‍ സൗത്ത് ലൈവിനോട് സംസാരിക്കുന്നു.

ജെഎന്‍യുവിലെ ഇടതുസഖ്യത്തിന്റെ വിജയം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ അര്‍ത്ഥം എന്താണ്?

ജെഎന്‍യുവിന്റെ മാത്രം വിജയമായിട്ടല്ല ഇതിനെ കാണേണ്ടതും മനസിലാക്കേണ്ടതും. രാജ്യത്തെ ക്യാംപസുകളിലൊക്കെ ഇത്തരത്തിലുളള ഐക്യത്തിന്റെ ആവശ്യകതയുണ്ട്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലൊക്കെ ഇത്തരം കൂട്ടായ്മകളുടെ ആവശ്യകത നമ്മള്‍ കണ്ടതാണ്. ആശയപരമായി പല അഭിപ്രായ ഭിന്നതകളും സഖ്യത്തിലെ സംഘടനകള്‍ക്കിടയില്‍ ഉണ്ടാകും. എന്നാല്‍ ഇത്തരം സഖ്യങ്ങള്‍ നേടുന്ന വിജയം അത് പ്രധാനമായും ലെഫ്റ്റ് യൂണിറ്റിയുടെതാണ്. അത്തരം ലെഫ്റ്റ് യൂണിറ്റി എബിവിപിക്കെതിരെയുളള സഖ്യമായി മാത്രമല്ല ഉയരേണ്ടത്. ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ അടക്കം കേന്ദ്ര സര്‍ക്കാര്‍ ഫെല്ലോഷിപ്പുകള്‍ ഉള്‍പ്പെടെ വെട്ടിക്കുറക്കുന്നു. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുളള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതിനെയെല്ലാം നേരിടാനുളള രാഷ്ട്രീയ മുന്നേറ്റമാണ് യുണൈറ്റഡ് ലെഫ്റ്റിന്റെ വിജയം.

ജെഎന്‍യുവിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഐസ-എസ്എഫ്‌ഐ സഖ്യമായ യുണൈറ്റഡ് ലെഫ്റ്റിന്‍റെ സ്ഥാനാര്‍ത്ഥികള്‍.
ജെഎന്‍യുവിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഐസ-എസ്എഫ്‌ഐ സഖ്യമായ യുണൈറ്റഡ് ലെഫ്റ്റിന്‍റെ സ്ഥാനാര്‍ത്ഥികള്‍.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് ആശയങ്ങള്‍ നടപ്പിലാക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടയിലാണ് ജെഎന്‍യുവിലെ വിജയം. ഇത് സാധ്യമാക്കിയത് എന്ത് ഘടകങ്ങളാണ്?

ഏറ്റവും പ്രധാനപ്പെട്ട ഘടകം ഫെബ്രുവരി ഒന്‍പതിന് ക്യാംപസിലുണ്ടായ സമരങ്ങളും തുടര്‍ന്ന് രാജ്യവ്യാപകമായി മോഡി സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്. കൂടാതെ ഷട്ട് ഡൗണ്‍ ജെഎന്‍യു എന്ന പേരില്‍ എബിവിപി നടത്തിയ ക്യാംപെയ്‌നുകള്‍ അവര്‍ക്ക് തിരിച്ചടിയാകുകയും നമുക്ക് ഗുണകരമാകുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നടത്തിയ പ്രതിഷേധങ്ങളും ഫലം കണ്ടു. കൂടാതെ ക്യാംപസിനുളളില്‍ നടത്തിയ ഡിബേറ്റുകളും സഖ്യം ഉയര്‍ത്തിയ വാദങ്ങളും വിദ്യാര്‍ഥികള്‍ അംഗീകരിച്ചെന്നാണ് വിജയം മനസിലാക്കി തരുന്നത്.

നേരത്തെ ഇടതുതീവ്രവാദ സംഘടനയായി എസ്എഫ്‌ഐ വിലയിരുത്തിയ ഐസയുടെ സഹായത്തോടെയാണ് ഈ വിജയം സാധ്യമായത്. ഇത് യഥാര്‍ത്ഥത്തില്‍ എസ്എഫ്‌ഐയുടെ സ്വാധീനക്കുറവിന്റെ കൂടി ലക്ഷണമല്ലേ?

എസ്എഫ്‌ഐയുടെ സ്വാധീനക്കുറവിന്റെ ലക്ഷണമല്ല. ഈ ചോദ്യം തന്നെ തെറ്റായ പരാമര്‍ശമാണ് ഉന്നയിക്കുന്നത്. കാരണം യുണൈറ്റഡ് ലെഫ്റ്റ് എന്ന സഖ്യത്തില്‍ മത്സരിച്ച എസ്എഫ്‌ഐ-ഐസ സ്ഥാനാര്‍ത്ഥികളില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ചത് എസ്എഫ്‌ഐയുടെ സ്ഥാനാര്‍ത്ഥികളാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ശതരൂപ ചക്രവര്‍ത്തിയുടെ ഭൂരിപക്ഷം 1094 ആണ്. 1304 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാന്‍ വിജയിച്ചതും. പിന്നെ സഖ്യമെന്ന ആശയവുമായി ഞങ്ങളാണ് ഐസയെയും എസ്എഫ്‌ഐയെയും ആദ്യം സമീപിച്ചത്. അതില്‍ എഐഎസ്എഫ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്ന് പുറത്തുനിന്നും പിന്തുണച്ചു. സഖ്യത്തില്‍ നില്‍ക്കുമ്പോളും ഐസയുമായി ഒരുപാട് ഐഡിയോളജിക്കല്‍ ഡിഫറന്‍സുകളുണ്ടെന്ന കാര്യം ഞങ്ങള്‍ വിട്ടുകളയുന്നില്ല. ഇപ്പോള്‍ പ്രധാന ശത്രു എബിവിപിയാണ്. അവരെ നേരിടാനായി എസ്എഫ്‌ഐയും-ഐസയും ഒരുമിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ അതിനെ സ്വാഗതം ചെയ്തു. ഇതില്‍ വലുപ്പചെറുപ്പത്തിന്റെ കാര്യങ്ങളൊന്നും ഇല്ല.ജെഎന്‍യുവിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബാപ്സയുടെ സ്ഥാനാര്‍ത്ഥികള്‍ പ്രകടനത്തിനിടെ.
ജെഎന്‍യുവിലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബാപ്സയുടെ സ്ഥാനാര്‍ത്ഥികള്‍ പ്രകടനത്തിനിടെ.

ബാപ്സയുടെ മികച്ച പ്രകടനം ചില വിലയിരുത്തലുകളിലേക്ക് നയിക്കുന്നുണ്ട്. ഒന്ന് പരമ്പരാഗതവും യാന്ത്രികവുമായ രാഷ്ട്രീയത്തിനപ്പുറം ചിലത് ക്യാംപസുകളില്‍ സംഭവിക്കുന്നുണ്ട്. ഹൈദരാബാദ് സര്‍വകലാശാലയിലും ഇത് തന്നെയാണ് കണ്ടത്. ഇവിടെയൊക്കെ ചില രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാക്കിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നത്. ഇതിനപ്പുറം പുതിയ രാഷ്ട്രീയത്തെ എങ്ങനെയാണ് എസ്എഫ്‌ഐ മനസിലാക്കുന്നത്?

ഇടതുപക്ഷ സംഘടനകള്‍ പരസ്പരം മത്സരിച്ചുകൊണ്ടിരുന്ന സാഹചര്യങ്ങള്‍ മാറിവരുകയാണ്. ആ അവസരത്തില്‍ തന്നെ ബാപ്‌സ അടക്കമുളള അംബേദ്കറൈറ്റ് രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന സംഘടനകള്‍ ഇടതുപക്ഷത്തെയാണ് ക്യാംപസുകളില്‍ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുന്നത്. അതിനുശേഷമാണ് ഇവരെല്ലാം എബിവിപിയടക്കമുളള സംഘടനകള്‍ക്കെതിരെ തിരിയുന്നത്. ചില ക്യാംപെയ്‌നുകളില്‍ ഇവര്‍ പറയുന്നത് സിപിഐഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്നൊക്കെയാണ്. നീല്‍സലാം-ലാല്‍സലാം മുദ്രാവാക്യം ഉയര്‍ത്തി ഇടതുസംഘടനകള്‍ ഐക്യപ്പെടുമ്പോള്‍ ബാപ്‌സ പോലുളള പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് പിന്തുണ കിട്ടുന്നത് അങ്ങേയറ്റം വലതുപക്ഷവാദികളായ എസ്‌ഐഒയില്‍ നിന്നൊക്കെയാണെന്നത് സങ്കടകരമാണ്. അതിവിദൂരമല്ലാത്ത ഭാവിയില്‍ വിവിധ വിഷയങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന വലിയ ഇടങ്ങള്‍ തമ്മിലുണ്ട്. അതിലേക്ക് ബാപ്‌സയും വന്നുചേരുമെന്നാണ് കരുതുന്നത്.

ജെഎന്‍യുവിലെ യൂണിയന്‍ തെരഞ്ഞെടുപ്പിന്‍റെ റിസല്‍ട്ട്.
ജെഎന്‍യുവിലെ യൂണിയന്‍ തെരഞ്ഞെടുപ്പിന്‍റെ റിസല്‍ട്ട്.

ഇന്ത്യയില്‍ ഇപ്പോഴുള്ള സംവിധാനത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ ജനാധിപത്യം എന്ന ആശയം വളരെ പ്രധാനമാണ്. എതിര്‍ ശബ്ദങ്ങളെ മുദ്രയടിച്ചും അക്രമിച്ചും ഇല്ലാതാക്കുന്ന പ്രവണതയ്ക്കെതിരായ ചെറുത്തുനില്‍പ്പാണ് ഇതിന്റെ അടിസ്ഥാനം. എസ്എഫ്‌ഐയ്ക്ക് അങ്ങേയറ്റം സ്വാധീനമുള്ള ക്യാമ്പസുകളില്‍ എതിര്‍ ശബ്ദങ്ങളെ കായികമാണ് സംഘടനയും നേരിടുന്നതെന്ന വിമര്‍ശനം വ്യാപകമായി ഉണ്ട്. അത്തരത്തിലുളള രാഷ്ട്രീയ പ്രവര്‍ത്തനം സംഘടനയുടെ മുന്നോട്ടുപോക്കിനെ സഹായിക്കുമോ?

എതിര്‍ശബ്ദങ്ങളെ കായികമായി നേരിടുന്നത് മുന്നോട്ടുളള സംഘടനയുടെ പോക്കിനെ പുരോഗമനപരമായി സഹായിക്കും എന്ന് കരുതുന്നില്ല. പക്ഷെ മറ്റൊരു വസ്തുതയും മനസിലാക്കേണ്ടതുണ്ട്. ഞാന്‍ തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസിലും എറണാകുളം മഹാരാജാസ് കോളെജിലും പഠിച്ചിരുന്നതാണ്. രണ്ടിടങ്ങളിലും യൂണിയന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ വരാറില്ല എന്നുളളതും ഒരു വസ്തുതയാണ്. ഞാന്‍ പഠിച്ച സമയത്ത് കെഎസ്‌യു പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പ് നടക്കാന്‍ നോമിനേഷന്‍ കൊടുക്കാന്‍ വരെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പിന്നെ ഏകപക്ഷീയമായി മാത്രമല്ല കാര്യങ്ങളെ വിലയിരുത്തേണ്ടത്. ഇരുവശങ്ങളില്‍ നിന്നും കായികമായി നേരിടുന്ന പ്രവണതയുണ്ട്. മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് എബിവിപിയും-കെഎസ്‌യുവും എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഒരുമിച്ച നേരിട്ട വിഷയങ്ങളുണ്ട്. കേരളത്തില്‍ എസ്എഫ്‌ഐ ഏറ്റെടുക്കുന്ന വിഷയങ്ങളെ ചര്‍ച്ചയാക്കുകയും പൊതുസമൂഹത്തിന്റെ ഇടപെടലിന്റെ ഭാഗമാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയാണ് ക്യാംപസുകളില്‍ ഇന്നു കാണുന്ന സ്വാധീനം എസ്എഫ്‌ഐക്ക് ഉണ്ടായത്. അതെപോലെ മറ്റു വിദ്യാര്‍ഥി സംഘടനകളും സജീവമായി വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് വരണമെന്ന് തന്നെയാണ് അഭിപ്രായം. കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ചില രീതികള്‍ മാറ്റേണ്ടതുണ്ട്. ചില ഹാങ്ഓവറുകളില്‍ നിന്നും വിടുതല്‍ നേടേണ്ടതുണ്ട്. ഈ കാലത്തും വരുംകാലത്തും ജനാധിപത്യം തന്നെയാണ് എല്ലാത്തിനുമുളള പരിഹാരമെന്ന് കരുതുന്നയാളാണ് ഞാന്‍.

ജാതിയെന്ന സംജ്ഞയില്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകളെ എങ്ങനെയൊക്കെ ഉള്‍ക്കൊള്ളാനാണ് വര്‍ഗരാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന ഒരു സംഘടനയെന്ന നിലയില്‍ എസ്എഫ്‌ഐ ചെയ്യുക?

ജാതിയും ജാതി വിവേചനവും ഇപ്പോഴും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്. ഒരുപാട് പ്രശ്‌നങ്ങള്‍ ജാതിയെ അഭിസംബോധന ചെയ്യുമ്പോള്‍ നേരിടുന്നുണ്ട്. ഇതില്‍ നിന്നൊഴിഞ്ഞ് മാറി എസ്എഫ്‌ഐക്ക് പോകാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് നീല്‍ സലാം, ലാല്‍സലാം മുദ്രാവാക്യം ഉയര്‍ത്തി ക്യാംപസില്‍ എസ്എഫ്‌ഐയും സഖ്യവും തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം ജാതി ഉന്നയിക്കുന്ന, അതിനെ രാഷ്ട്രീയ ചര്‍ച്ചയായി ഉയര്‍ത്തുന്നവര്‍ തന്നെ തികച്ചും കമ്മ്യൂണലായ നിലപാടുകള്‍ കൈക്കൊള്ളുന്ന എസ്‌ഐഒ അടക്കമുളളവരുടെ പിന്തുണയാണ് സ്വീകരിക്കുന്നതും. ഇത്തരം സമീപനങ്ങളെ അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റി ജാതി ഉയര്‍ത്തിയുളള രാഷ്ട്രീയ ചര്‍ച്ചകളുടെ സമീപകാല ഉദാഹരണമാണ്.

തെരഞ്ഞെടുപ്പില്‍ വിജയിച്ച ഐസ-എസ്എഫ്‌ഐ സഖ്യത്തിന് കന്നയ്യകുമാര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു. പിന്നാലെ മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ ഐസയുടെ മുന്നില്‍ എസ്എഫ്‌ഐ അടിയറവ് പറഞ്ഞതായും കന്നയ്യ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നോ?

വളരെ നിരാശജനകമാണ് എഐഎസ്എഫിന്റെയും അവരുടെ നേതാവായ കന്നയ്യകുമാറിന്റെയും ഇത്തരം നിലപാടുകള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നുപറഞ്ഞ് മാറിനില്‍ക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും മാത്രമാണ് എഐഎസ്എഫ് അവിടെ ചെയ്തിട്ടുളളത്. യൂണിവേഴ്‌സിറ്റിയില്‍ ചരിത്രപരമായ വിജയം ഇടത് സംഘടനകളുടെ മുന്നണി നേടുമ്പോള്‍, ഇത്തരത്തിലൊരു ലെഫ്റ്റ് യൂണിറ്റി ഉയര്‍ന്നു വരുമ്പോള്‍ മാറി നിന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമല്ല. അത് ഇടതുപക്ഷ ഐക്യത്തിന് തന്നെ കോട്ടം തട്ടുന്ന കാര്യമാണ്. ഇടതുപക്ഷ ഐക്യം എന്ന ആശയവുമായി എസ്എഫ്‌ഐയാണ് എഐഎസ്എഫിനെയും ഐസയെയും സമീപിക്കുന്നത്. എന്നാല്‍ എഐഎസ്എഫ് മാറി നില്‍ക്കുകയും ആദ്യഘട്ടത്തില്‍ ക്യാംപസില്‍ അത്രമേല്‍ പരിചയമല്ലാത്ത ചില വിദ്യാര്‍ഥികളുടെ പേരില്‍ നോമിനേഷനുകള്‍ കൊടുക്കുകയുണ്ടായി. പിന്നാലെ അത് പിന്‍വലിക്കുകയും ചെയ്തു. എസ്എഫ്‌ഐ ഒരു ഘട്ടത്തിലും ആരെയും മാറ്റി നിര്‍ത്താനും ഇല്ലാതാക്കാനും ശ്രമിച്ചിട്ടില്ല. പിന്നെ എസ്എഫ്‌ഐ അടിയറവ് പറഞ്ഞതായുളള കന്നയ്യകുമാറിന്റെ പ്രസ്താവനയോട് വിയോജിക്കുകയും ചെയ്യുന്നു.

തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പ്രകടനം.
തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷ പ്രകടനം.

ജെഎന്‍യുവിലെ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റുകള്‍ എബിവിപിക്ക് ആധിപത്യം ഉള്ളവയാണെന്ന് കേള്‍ക്കാറുണ്ട്. ഇത്തവണ യുണൈറ്റഡ് ലെഫ്റ്റ് സഖ്യം അത് പിടിച്ചെടുത്തു. പ്രത്യേകിച്ചും സയന്‍സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ എങ്ങനെയാണ് എബിവിപി പോലുളള വിദ്യാര്‍ഥിസംഘടനയ്ക്ക് ഇത്രയും പിന്തുണ കിട്ടുന്നത് ?

സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും എബിവിപിക്ക് വോട്ടുകിട്ടുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. അത് വളരെ ശരിയാണ്. ഇവിടെ പുതിയതായി എത്തുന്ന വിദ്യാര്‍ഥികളോട് തങ്ങള്‍ക്ക് കീഴിലാണ് നിങ്ങള്‍ പഠിക്കേണ്ടതെന്നും ലാബ് ഉപയോഗിക്കേണ്ടതെന്നും സീനിയറായ വിദ്യാര്‍ഥികള്‍ പറയാറുണ്ട്. ലാബ് സൗകര്യത്തിന്റെ കാര്യവും അധ്യാപക ഇടപെടലുകളുമാണ് സയന്‍സ് ബ്ലോക്കിനെ എബിവിപിയുടെ വോട്ടുബാങ്കാക്കി മാറ്റിയിരുന്നത്. കൂടാതെ സയന്‍സ് ബ്ലോക്കിലെ ചില അധ്യാപകര്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂല നിലപാട് കൈക്കൊള്ളുന്നവരാണ്. പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് ഇവരുടെയൊക്കെ തീരുമാനങ്ങളാണ് സയന്‍സ് ബ്ലോക്കിലെ വിദ്യാര്‍ഥികളെ എബിവിപിക്ക് വോട്ടുചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആ അവസ്ഥ മാറിയിട്ടുണ്ട്. അക്കാദമിക് ആണെങ്കില്‍പോലും സയന്‍സ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും ധാരാളം അന്ധവിശ്വാസികള്‍ ജെഎന്‍യുവിലും ഉണ്ടാകുന്നുണ്ട്.

എബിവിപിക്ക് ആധിപത്യമുളള ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 17,712 വോട്ടുകള്‍ നോട്ടക്കാണ് ലഭിച്ചിരിക്കുന്നത്. ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ അമലിനെതിരെയാണ് ഏറ്റവുമധികം നോട്ട ലഭിച്ചതും. നോട്ടക്ക് പോകുന്ന വോട്ടുകളെ എങ്ങനെയാണ് നോക്കി കാണുന്നത്?

താരതമ്യേന ജെഎന്‍യുവില്‍ നോട്ടക്ക് ലഭിക്കുന്ന വോട്ടുകള്‍ കുറവാണ്. ജെഎന്‍യുവില്‍ ഇത്തവണ റെക്കോഡ് പോളിങ്ങാണ് നടന്നത്. ജെഎന്‍യുവിന്റെ സമീപ കാലത്തെങ്ങും ഇത്രയധികം ഭൂരിപക്ഷം ഇവിടെ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നോട്ടക്ക് പോകുന്ന വോട്ടുകളെ തത്കാലം പേടിക്കേണ്ടതില്ല.