കെ സുധാകരന്‍ അഭിമുഖം: കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി അഴിമതി; സ്വന്തം മനഃസാക്ഷിക്ക് മുന്നില്‍ ക്ലീനാണ് എന്നതിന് ജനാധിപത്യത്തില്‍ പ്രസക്തിയില്ല

November 25, 2015, 2:01 pm
കെ സുധാകരന്‍ അഭിമുഖം: കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി അഴിമതി; സ്വന്തം മനഃസാക്ഷിക്ക് മുന്നില്‍ ക്ലീനാണ് എന്നതിന് ജനാധിപത്യത്തില്‍ പ്രസക്തിയില്ല
Interview
Interview
കെ സുധാകരന്‍ അഭിമുഖം: കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി അഴിമതി; സ്വന്തം മനഃസാക്ഷിക്ക് മുന്നില്‍ ക്ലീനാണ് എന്നതിന് ജനാധിപത്യത്തില്‍ പ്രസക്തിയില്ല

കെ സുധാകരന്‍ അഭിമുഖം: കോണ്‍ഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധി അഴിമതി; സ്വന്തം മനഃസാക്ഷിക്ക് മുന്നില്‍ ക്ലീനാണ് എന്നതിന് ജനാധിപത്യത്തില്‍ പ്രസക്തിയില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തോല്‍വിക്ക് ശേഷം കണ്ണൂര്‍ കോര്‍പ്പറേഷനും കോണ്‍ഗ്രസിന് നഷ്ടമായി. നഗരസഭയിലേത് പാര്‍ട്ടിയെ സംബന്ധിച്ച് അസാധാരണമായ തിരിച്ചടിയാണ്. ഈ രണ്ട് പരാജയങ്ങള്‍ക്കും കാരണമായ രാഷ്ട്രീയ തന്ത്രങ്ങളില്‍ പിഴച്ചത് കെ സുധാകരന്‍ എന്ന നേതാവിനാണോ പാര്‍ട്ടിക്കാണോ?

എനിക്കും പങ്കുണ്ട്. ഒരു പരാജയം വരുമ്പോള്‍ എനിക്കതില്‍ പങ്കില്ല എന്നുപറയുന്നത് രാഷ്ട്രീയമായി ശരിയല്ല. പക്ഷെ ഉത്തരവാദിത്തം ഒറ്റയ്ക്കാണ് എന്നുപറയുന്നതിനോട് യോജിക്കാനാവില്ല. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. കെപിസിസി നിര്‍ദേശിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും തരിമ്പുപോലും വ്യത്യാസമില്ലാതെയാണ് ഇവിടെ നടപ്പാക്കിയത്. സ്ഥാനാര്‍ത്ഥി  നിര്‍ണയം പോലും അങ്ങനെയായിരുന്നു.  വാര്‍ഡ് ഡിവിഷനില്‍നിന്ന് വരുന്ന പേരുകള്‍ പരിഗണിക്കണമെന്നായിരുന്നു ഒരു നിര്‍ദേശം. ചിലയിടത്ത് ഒരു പേര് മാത്രം വന്നു. ചിലയിടങ്ങളില്‍ ഒന്നിലധികം പേരുകള്‍ വന്നു. ഈ പട്ടികയില്‍ നിന്നല്ലാതെ ഒരു സ്ഥാനാര്‍ത്ഥിയെയും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നിശ്ചയിച്ചിട്ടില്ല. ഇതിനൊക്കെ മിനുട്‌സ് ഉണ്ട്. ചിലയാളുകള്‍ പരാതി പറയുമ്പോള്‍ അവര്‍ ഒപ്പിട്ട മിനുട്‌സും ആ യോഗത്തിലെടുത്ത തീരുമാനങ്ങളും ഡിസിസിയുടെ പക്കലുണ്ടെന്ന് ഓര്‍ക്കണം. കെപിസിസി പരിശോധിക്കുമ്പോള്‍ ഡിസിസി ഇതെല്ലാം നല്‍കും. We are going with all relevent records. മിനുട്‌സില്‍ ഒപ്പിട്ടവര്‍ക്ക് യോഗത്തില്‍ പങ്കെടുത്തില്ല എന്ന് പറയാന്‍ കഴിയുമോ? തോല്‍ക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഒരാളുടെ ചുമലില്‍ കെട്ടിവെക്കാന്‍ നടത്തുന്ന ശ്രമം രാഷ്ട്രീയത്തില്‍ അപലപനീയമാണ്. കൂട്ടായി തീരുമാനമെടുത്തു, കൂട്ടായി പ്രവര്‍ത്തിച്ചു. ഫലം വന്നപ്പോള്‍ ഉത്തരവാദിത്തം ഒരാളുടേത് മാത്രമാകുന്നില്ല. ഞാന്‍ ഒരുകാര്യം പറയാം. ഈ തെരഞ്ഞെടുപ്പില്‍ നമുക്ക് സാരമായ ഒരുപാട് വൈകല്യങ്ങളുണ്ടായി. അത് ഒരുപക്ഷെ നമ്മുടെ തലത്തിലല്ല. ഡിവിഷനിലെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം ഞങ്ങള്‍ നേരിട്ട് നടത്തുന്ന പ്രവര്‍ത്തനമല്ല. താഴെയുള്ള നേതൃത്വം ചെയ്യുന്നതാണ്. പരാജയത്തിന്റെ അവലോകനം ഏതാണ്ട് പകുതി നടത്തിയപ്പോള്‍ തന്നെ ബോധ്യമായത് മേല്‍നോട്ടത്തിന്റെ അഭാവം വളരെ വളരെ വലുതാണെന്നതാണ്. മേല്‍നോട്ടമുണ്ടായിരുന്നുവെങ്കില്‍ തിരുത്താന്‍ കഴിയുമായിരുന്ന രണ്ടുമൂന്ന് ഡിവിഷനുകളെങ്കിലുമുണ്ടായിരുന്നു. ഇന്ന പോരായ്മയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍, ഒരുപക്ഷെ അവര്‍ക്ക് തിരുത്താന്‍ കഴിയാത്ത കാര്യം നമുക്ക് ഇടപെട്ട് പരിഹരിക്കാമായിരുന്നു. താഴെ തലങ്ങളില്‍നിന്ന് അങ്ങനെ ഒരു പ്രശ്‌നവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഞങ്ങള്‍ക്ക് അതനുസരിച്ച് ഇടപെടേണ്ടിയും വന്നില്ല. 16 വോട്ടിനും 23 വോട്ടിനും തോറ്റ ഡിവിഷനുകളുണ്ട്. രണ്ട് വീടുകളിലെ വോട്ടുമതി ഫലം മാറ്റാന്‍. ഇത്തരം നേരിയ വ്യത്യാസത്തില്‍ ഫലം നിര്‍ണയിച്ച ഡിവിഷനുകളില്‍ നമ്മുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഫലം മറിച്ചായേനെ. യഥാസമയത്ത് നടത്തേണ്ടിയിരുന്ന ഇത്തരം ഇടപെടലിലെ പോരായ്മ നികത്താന്‍ സാധിക്കാത്തതാണ്. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പല്ലല്ലോ. ഡിവിഷനുകളിലെ ഫലം നിര്‍ണയിക്കുന്നത് നേരിയ ഭൂരിപക്ഷത്തിലാണ്. ഒന്ന് മുതല്‍ 200 വോട്ടിന്റെ വ്യത്യാസത്തിലാണ് ഫലം നിര്‍ണയിക്കുന്നത്. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിലാണ് ഏറ്റവും മികച്ച സുപ്പര്‍വൈസറി പ്രവര്‍ത്തനം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. സത്യം പറയാം, ആ പ്രവര്‍ത്തനത്തില്‍ കണ്ണൂരില്‍ നമുക്ക് വലിയ അടിപറ്റിയിട്ടുണ്ട്.

രാജ്യത്തെ കോണ്‍ഗ്രസിനെ നയിക്കാന്‍ കരുത്തുറ്റ നേതൃത്വമില്ലെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പാര്‍ട്ടി കണ്‍വന്‍ഷനില്‍ താങ്കള്‍ വിമര്‍ശിക്കുകയുണ്ടായി. ദേശീയതലത്തിലെ തെരഞ്ഞെടുപ്പില്‍ വിമര്‍ശനം കേന്ദ്രനേതൃത്വത്തിനെതിരെ ഉയര്‍ത്താം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേതൃത്വം എന്നത് ഇവിടെയുള്ളതാണല്ലോ. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ നട്ടെല്ല് എന്നത് താങ്കളാണല്ലോ. അപ്പോള്‍, ഇപ്പോള്‍ പറഞ്ഞ സൂപ്പര്‍വൈസറി റോള്‍ നിര്‍വഹിക്കാതെ പോയത് താങ്കള്‍തന്നെയല്ലേ?

അല്ല, എന്റെ തെറ്റെന്ന് മാത്രമല്ല. ഞങ്ങള്‍ മേലെ ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ സ്വാഭാവികമായും അത് നടപ്പാക്കേണ്ടത് ഡിസിസിയും ബ്ലോക്ക് കമ്മിറ്റിയും മറ്റ് കീഴ്ഘടകങ്ങളുമാണ്. ഞങ്ങള്‍ ഇടപെടേണ്ട ഒരു വിഷയമുണ്ടെങ്കില്‍ അതാരെങ്കിലും റിപ്പോര്‍ട്ട് ചെയ്യണം. ഇന്ന വീട്ടുകാര്‍ വോട്ട് ചെയ്യില്ല, സ്ഥാനാര്‍ത്ഥിക്ക് ഇന്ന കുഴപ്പമുണ്ട്, നാട്ടില്‍ ഇന്ന പ്രശ്നമുണ്ട് എന്നിങ്ങനെ. ഓരോ ചെറിയ പ്രശ്‌നവും പ്രതിഫലിക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ജാതി, മതം, ബന്ധം, വ്യക്തി എന്ന നിലയിലുള്ള സ്ഥാനാര്‍ത്ഥിയുടെ ക്രഡിബിലിറ്റി, വ്യക്തിത്വം, വയസ്സ്... ഇതിന്റെയെല്ലാം പ്ലസും മൈനസ്സും  വിലയിരുത്തുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഇത്തരം പാകപ്പിഴകള്‍ നമ്മുടെ മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നതാണ് രസകരമായ വിഷയം. നമ്മള്‍ ചുമതലയേല്‍പ്പിച്ചവര്‍ ആ ഉത്തരവാദിത്തം ചെയ്യാത്തതിന്റെ ധാര്‍മിക ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. ആ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.

അഭിമുഖം ഓഡിയോ കേള്‍ക്കാം

ധാര്‍മിക ഉത്തരവാദിത്തം എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല ഇത് ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂരിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ, സിപിഐഎമ്മിനെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരാന്‍ ഒരുകാലത്ത് കെ സുധാകരന്റെ ഗ്രൂപ്പിന് സാധിച്ചിരുന്നു. താങ്കള്‍ക്കൊപ്പം സഞ്ചരിക്കുന്ന എന്തിനും പോന്ന സംഘം തന്നെയുണ്ടായിരുന്നു. താങ്കളുടെ അണികളില്‍പോലും ആ ഊര്‍ജസ്വലത ഇപ്പോള്‍ ഇല്ലാതെ പോയി എന്നത് ഒരു യാഥാര്‍ഥ്യമല്ലേ?

അന്ന് ഉണ്ടായിരുന്ന കേഡര്‍ സ്വഭാവം ഇന്ന് ഒരുപാട് ചോര്‍ന്നുപോയിരിക്കുന്നു. നിരന്തരമായി സംഘര്‍ഷവും സംഘട്ടനവും നടക്കുന്ന കാലമായിരുന്നു അത്. സിപിഐഎമ്മിന്റെ അക്രമങ്ങള്‍ നേരിടുന്ന കാലത്തെ സ്ഥിരതയും കാര്യക്ഷമതയും കേഡര്‍ സ്വഭാവവും ഇപ്പോള്‍ ഇല്ല. അവരുടെ അക്രമം കുറഞ്ഞപ്പോള്‍ അതിനനുസരിച്ച് നമ്മളും കുറേ അയഞ്ഞുപോയി എന്നത് ഒരു സത്യമാണ്. അത് സ്വാഭാവികമല്ലേ. ഒരു എതിരാളി വരുമ്പോഴാണല്ലോ എനിക്ക് എന്റെ കരുത്ത് പ്രകടിപ്പിക്കാനാവുക. ഒരു ശത്രുവുണ്ടാകുമ്പോഴേ ഞാന്‍ എന്റെ കഴിവ് തിരിച്ചറിയൂ. ഇപ്പോള്‍ ആ രംഗത്ത് അവര്‍ അത്രവലിയ ശത്രുവല്ല. കാരണം, കുറേ സ്ഥലങ്ങളില്‍ വളരെയേറെ ഫ്‌ലക്‌സിബിളായി വന്നു. അതുകൊണ്ട് മനസ്സിനകത്ത് നിതാന്തമായി കാത്തുസൂക്ഷിച്ചിരുന്ന ജാഗ്രതയ്ക്ക് തേയ്മാനം വന്നു.

രാഷ്ട്രീയ എതിരാളികളുടെ ശക്തി ക്ഷയിക്കുകയും പാര്‍ട്ടിക്കകത്ത് പുതിയ ശത്രുക്കള്‍ ഉണ്ടാവുകയുമാണോ ഇപ്പോള്‍?

പാര്‍ട്ടിക്കകത്ത് നേരത്തെ ശത്രുക്കളുണ്ട്. കോണ്‍ഗ്രസിനെ പോലെ ഒരു പാര്‍ട്ടിയില്‍ അതില്‍ വലിയ അത്ഭുതമില്ല. ഗ്രൂപ്പുകള്‍ തന്നെ അതിന്റെ ഒരു ഘടകങ്ങളാണ്. കണ്ണൂരിലെ കോണ്‍ഗ്രസില്‍ ഞാന്‍ കടന്നുവരുന്നത് 1984ലാണ്. എന്റെ കുട്ടിക്കാലം മുതല്‍ കോണ്‍ഗ്രസാണ്. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഞങ്ങളെല്ലാം സംഘടനാ കോണ്‍ഗ്രസ് ആയി. പി ജയരാജന്‍ ഇപ്പോള്‍ പറയുന്നുണ്ട് 1973ല്‍ കെഎസ്‌യു സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരനെതിരെ ഞാന്‍ റിബലായി നിന്നുവെന്ന്. അത് അയാള്‍ക്ക് വിവരമില്ലാത്തതുകൊണ്ടാണ്. '73ല്‍ ഞാന്‍ സംഘടനാ കോണ്‍ഗ്രസിന്റെ എന്‍എസ്ഒ എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എംഎ രണ്ടാം വര്‍ഷം. ദിവാകരന്‍ ബ്രണ്ണനിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി, കെഎസ്‌യു സ്ഥാനാര്‍ത്ഥി. ഞാന്‍ സംഘടനാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. എകെ ബാലന്‍ എസ്എഫ്‌ഐയുടെ സ്ഥാനാര്‍ത്ഥി. ഞാന്‍ കെഎസ് യുവില്‍ അല്ല, ഇന്നുവരെ റിബലായി മത്സരിച്ചിട്ടുമില്ല. പി ജയരാജന്‍ ഇത് അറിയാത്തതുകൊണ്ട് പറഞ്ഞതാണ്. അന്ന് എകെ ബാലന്‍ ജയിച്ച ശേഷം ദിവാകരനെ തല്ലാന്‍ വന്നപ്പോള്‍ ഞാനാണ് ദിവാകരനെ എന്റെ എംഎ ക്ലാസില്‍ കയറ്റി വാതലിടച്ച് പുറത്തുനിന്ന് രണ്ടു കയ്യും ഉയര്‍ത്തി ബാലനെ തടഞ്ഞത്. അന്ന് ഞാന്‍ പറഞ്ഞു: 'ബാലാ നിങ്ങള്‍ ജയിച്ചയാളുകളാണ്. തിരിച്ചുപോകണം, പ്രശ്‌നങ്ങളുണ്ടാക്കി ഇതിനകത്ത് കയറാനാണ് ഉദ്ദേശ്യമെങ്കില്‍ എന്റെ ശവത്തില്‍ ചവിട്ടിയേ കയറാന്‍ പറ്റൂ.' ബാലനും സംഘവും തിരിച്ചുപോവുകയും ചെയ്തു. ബാലനും ഞാനും രണ്ട് വ്യത്യസ്തമായ ധ്രുവങ്ങളിലാണെങ്കിലും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളാണ്. അന്നും ഇന്നും. ഇന്നും എന്ന് ഞാന്‍ പറയുമ്പോള്‍ ചിലപ്പോള്‍ ബാലന് അത് ഒരു മൈനസ് പോയിന്റ് ആകാം. പക്ഷെ അന്ന് ആയിരുന്നു.

ഞാന്‍ പറഞ്ഞുവന്നത് പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടായതിനെ കുറിച്ചാണ്. സംഘടനാ കോണ്‍ഗ്രസില്‍നിന്ന് ഞാന്‍ ജനതാപാര്‍ട്ടിയായി. ജനതയില്‍ കെ ഗോപാലന്‍, കമലം തുടങ്ങിയവര്‍ ചേര്‍ന്ന് ജനത (ജി) ആയി. ഇതൊന്നും ഞാനായി എടുത്ത തീരുമാനമല്ല. ഞാനറിയാതെ ഇതിലൂടെ നയിക്കപ്പെടുകയാണ്. ഞങ്ങള്‍ പാര്‍ട്ടിയിലെ അച്ചടക്കത്തിലൂന്നിയാണ് നിലകൊണ്ടത്. അതൊരു എത്തിക്‌സ് ആയിരുന്നു. ഇന്ദിരാഗാന്ധിയോടുള്ള വ്യക്തിപരമായ കൂറിനേക്കാളേറെ പാര്‍ട്ടിയോടുള്ള കൂറിന്റെ പുറത്താണ് ഞങ്ങളൊക്കെ സംഘടനാ കോണ്‍ഗ്രസ് ആയത്. സംഘടനാ കോണ്‍ഗ്രസിനെ ജനം അംഗീകരിക്കാതെ വന്നപ്പോള്‍ അത് ജനതാ പാര്‍ട്ടിയായി. ജനതാപാര്‍ട്ടി കൂടുതല്‍ ദുര്‍ബലമായി. 1980ലെ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിക്കത്ത് ഞങ്ങള്‍ തര്‍ക്കിച്ചു. ഇന്ദിരാഗാന്ധിക്കൊപ്പം നില്‍ക്കണമെന്നും ഒരുകാരണവശാലും സിപിഐഎമ്മിനൊപ്പം നില്‍ക്കരുതെന്നുമായിരുന്നു ഞങ്ങളുടെ വാദം. അതിന്റെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ സെക്രട്ടറി ബാബു കല്‍ദാത്തെ കേരളത്തില്‍  വന്നു. മാള ടൂറിസ്റ്റ് ഹോമില്‍വച്ച് രണ്ടുദിവസത്തെ വിശാലമായ യോഗം ചേര്‍ന്നു. മഹാഭൂരിപക്ഷം ആളുകളെ കൊണ്ട് ഞങ്ങള്‍ റാലി ചെയ്യിപ്പിച്ച് പറഞ്ഞു: ഇവിടെ കോണ്‍ഗ്രസ് അല്ല സിപിഐഎം ആണ് ഒന്നാം നമ്പര്‍ ശത്രു'. ഞങ്ങള്‍ ജയിച്ചാല്‍ കേന്ദ്രത്തില്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയാകും. അല്ലെങ്കില്‍ ഇന്ദിരാഗാന്ധിയാകും. ആ തെരഞ്ഞെടുപ്പില്‍ പോലും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്നവരാണ് ഞങ്ങള്‍. അരങ്ങില്‍ ശ്രീധരന്‍ എന്ന കോഴിക്കോട്ടെ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി ഇന്ദിരാഗാന്ധി പ്രസംഗിച്ചു. അരങ്ങില്‍ ഡല്‍ഹിയിലെത്തിയാല്‍ മൊറാര്‍ജി ദേശായിയുടെ കൂടെയാണ് നില്‍ക്കുക. എന്നിട്ടും ഇവിടുത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. അതിന് ശേഷം ഞങ്ങളൊക്കെ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് താല്‍പര്യപ്പെട്ടു.

1984ല്‍ കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ ഞാനൊക്കൊ ഒരു നവഅതിഥിയാണ് ഇവിടെ. 69ല്‍നിന്ന് 84ലേക്കുള്ള വലിയ ഗ്യാപ്പ്. പുതിയ തലമുറയിലുള്ളവരുമായി വളരെയടുത്ത ബന്ധമൊന്നുമുണ്ടായില്ലെങ്കിലും അവരുടെയെല്ലാം മനസ്സില്‍ ഞാനുണ്ടായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കിയത്.  ഞാന്‍ ജനതാപാര്‍ട്ടിയുള്ളപ്പോള്‍ തന്നെ എടക്കാട് പ്രദേശങ്ങളില്‍ സിപിഐഎമ്മിന്റെ അക്രമത്തിനരയാകുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നെ കാണാന്‍ വരുമായിരുന്നു. ഞാന്‍ അവരെ സഹായിക്കും. സിപിഐഎമ്മിനൊപ്പം സഖ്യം തുടരുമ്പോഴും അവരുടെ അക്രമത്തിനെതിരായിരുന്നു. ഞാന്‍ കോണ്‍ഗ്രസില്‍ കടന്നുവരുമ്പോള്‍ എന്നെ ഭയപ്പാടോടെ കണ്ടവരായിരുന്നു കോണ്‍ഗ്രസുകാര്‍. ഐയും എയും എന്ന രണ്ട് ഗ്രൂപ്പ് അന്നുമുണ്ട്. രണ്ടുഗ്രൂപ്പുകാരും ഒരുമിച്ച് എടുത്ത തീരുമാനം എന്നെ അകത്ത് കയറ്റരുതെന്നാണ്. ഡിസിസി ഓഫീസിന്റെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും മുറിക്കടത്ത് എന്നും രാവിലെ പത്തുപത്തരയോടെ ഞാനെത്തും, ഒരു ഒറ്റയാനെ പോലെ.  കെപിസിസി നിര്‍വ്വാഹക സമിതി അംഗമാക്കിയത് കെ കരുണാകരനായിരുന്നു. പക്ഷെ അതൊന്നും കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വിലയുള്ള സംഗതിയല്ല. പക്ഷെ ഏറെ കാലമൊന്നും കാത്തിരിക്കേണ്ടിവന്നില്ല. അന്ന് കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് ഭേദമന്യേ ഒരു നല്ല നേതാവിനെ ആഗ്രഹിച്ചിരുന്നതുകൊണ്ട് എയിലെയും ഐ യിലെയും പ്രത്യേകിച്ച് യുവാക്കള്‍ എന്നെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു.  അങ്ങനെയാണ് ഞാന്‍ കോണ്‍ഗ്രസിനകത്ത് വേരോട്ടമുണ്ടാക്കിയത്. അതി ശക്തമായിരുന്നു രണ്ട് ഗ്രൂപ്പുകളും. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമായില്ലെങ്കില്‍ അസ്ഥിത്വമില്ല എന്നതുകൊണ്ട് രണ്ട് ഗ്രൂപ്പിന്റെ നേതാക്കളെയും മാറിമാറി കണ്ടു. ആര്‍ക്കും എന്നെ വേണ്ട. എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നിയ കാലമായിരുന്നു അത്. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ആരെയങ്കിലും കിട്ടിയാല്‍ എടുക്കുകയല്ലേ ചെയ്യുക. എന്നെ രണ്ടുപേര്‍ക്കും വേണ്ട എന്ന് പറഞ്ഞാല്‍, ആര്‍ക്കും വേണ്ടാത്ത ഒരു കാഷ്ഠം എന്ന നിലയില്‍ എനിക്ക് എന്നോടുതന്നെ രാഷ്ട്രീയപൊതുജീവിതത്തില്‍ പുച്ഛം തോന്നിയ കാലമായിരുന്നു അത്. ലീഡര്‍ കരുണാകരനോട് പറയുമ്പോള്‍ അദ്ദേഹം എന്‍ രാമകൃഷ്ണനെ കാണാന്‍ പറയും. ഉമ്മന്‍ചാണ്ടിയെ കാണുമ്പോള്‍ അദ്ദേഹം കെപി നൂറുദ്ദീനെ കാണാന്‍ പറയും. ഇവര്‍ രണ്ടുപേരും എന്ന കാണാന്‍ തയ്യാറാകില്ല. അന്ന്  സിപിഐഎമ്മുമായി കണ്ണൂരില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയമാണ്. ആ ഘട്ടത്തില്‍ പ്രശ്‌നങ്ങളില്‍പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് അവര്‍ക്ക് സഹായം ചെയ്ത് ഒരു ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയ പാഠം കണ്ണൂര്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നുനല്‍കി. അക്രമികളാകാനായിരുന്നില്ല, ഞങ്ങളുടെ മൗലികാവകാശം സംരക്ഷിക്കാനുള്ള ചെറുത്തുനില്‍പ്പ്. ഇങ്ങോട്ടുവന്നാല്‍ പിടിച്ചുനില്‍ക്കണം. ആ പിടിച്ചുനില്‍ക്കുന്നതിന്റെ ത്രാണി നിങ്ങളുണ്ടാക്കണം. അതിനുവേണ്ട എല്ലാ സഹായങ്ങളും മനക്കരുത്തും ഒത്താശയും ഞങ്ങള്‍ പകര്‍ന്നുകൊടുത്തപ്പോള്‍ കണ്ണൂരില്‍ യാന്ത്രികമായി ഒരു പ്രതിരോധം വന്നുതുടങ്ങി. സിപിഐഎമ്മിനെതിരെയുള്ള റസിസ്റ്റന്‍സ്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഓടിയൊളിക്കുന്ന പ്രവര്‍ത്തകന്മാര്‍ക്ക് പകരം എതിര്‍ത്തുനില്‍ക്കുന്നവരുണ്ടായി. അവരുടെ എണ്ണം കൂടിയപ്പോള്‍ രാഷ്ട്രീയത്തില്‍ എന്റെ കരുത്തും വര്‍ധിച്ചു. 1991ലെ തെരഞ്ഞെടുപ്പിലാണ് ഞാന്‍ ഡിസിസി പ്രസിഡന്റാകുന്നത്. പിവി നരസിംഹ റാവു പാര്‍ട്ടി അധ്യക്ഷനായിരിക്കെ നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെ. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ എനിക്കിവിടെ ഗ്രൂപ്പില്ല, നിറഞ്ഞുകളിക്കുന്നുവെന്ന് മാത്രം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ലീഡറെ കാണാന്‍ പോയി കൂടെ നിര്‍ത്തണമെന്നാവശ്യപ്പെട്ടു. ലീഡര്‍ക്ക് നിര്‍ത്തണമെന്നുണ്ട് പക്ഷെ അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്ക് അതില്ല. മൂന്നുനാലു ദിവസം ക്ലിഫ് ഹൗസില്‍ അദ്ദേഹത്തെ കാണാന്‍ പോവുക, നിരാശനായി വരിക. ഇതായിരുന്ന രീതി. നാലാം ദിവസം ഞാന്‍ പറഞ്ഞു: 'ഇനി ലീഡറെ കാണാന്‍ വരുന്നില്ല. 30-32 ദിവസമേയുള്ളൂ ബൂത്ത് തെരഞ്ഞെടുപ്പ് തുടങ്ങാന്‍. ഞാന്‍ കണ്ണൂരില്‍പോയി എന്റെ പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് എടുക്കുകയാണ്. നിങ്ങളോടൊപ്പം നില്‍ക്കണമെന്നാണ് താല്‍പര്യം. പക്ഷെ നിങ്ങളുടെ പ്രയാസം എനിക്കറിയാം. എത്രയോവര്‍ഷം ഒപ്പം നില്‍ക്കുന്നവരെ തള്ളി നിങ്ങള്‍ക്കെന്നെ സ്വീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ലീഡറേ ഞാന്‍ തോറ്റാലും ജയിച്ചാലും കണ്ണൂരില്‍ നിങ്ങളോടൊപ്പം ഇങ്ങനെയൊരാളുണ്ട് എന്ന് മനസ്സില്‍ കരുതിയാല്‍ മതി.' ഇത്രയും പറഞ്ഞ് ഞാനൊന്നു തിരിഞ്ഞു. തിരിഞ്ഞപ്പോള്‍ തോന്നി ഒന്നുകൂടി പറയണമെന്ന്. അദ്ദേഹം എന്നെ നോക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു: ഒരു കാര്യം ചെയ്താല്‍ മതി. ഞാന്‍ നിങ്ങളുടെ ഗ്രൂപ്പാണെന്ന് പറയേണ്ട. പക്ഷെ നിങ്ങളുടെ ഗ്രൂപ്പ് അല്ല എന്ന് ആരോടും പറയരുത്'

ഇതും പറഞ്ഞ് ഞാന്‍ ഉണ്ടാക്കിയ ഒരു ടീമാണ് ഇവിടുത്തെ എന്റെ അണികള്‍. പിന്നെ ഞാന്‍ ഉറങ്ങിയിട്ടില്ല. 32 ദിവസം ബാക്കി നില്‍ക്കെ ഒരു ജീപ്പും പെട്ടിയില്‍ വസ്ത്രം, കുപ്പിയില്‍ വെള്ളം. എല്ലാ സാധങ്ങളുമെടുത്ത് ഒരു യാത്രയാണ്. എല്ലായിടത്തും സഞ്ചരിച്ച് 21 സംഘടാന ബ്ലോക്കിനകത്ത് 16 ബ്ലോക്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഏഴിടങ്ങളില്‍ എന്നെ ഇങ്ങോട്ടു കാണാന്‍ വന്നവരോട് എന്റെ പേരില്‍ ടീമാകാന്‍ പറഞ്ഞു. അവര്‍ ദ്രോണാചാര്യനില്‍നിന്ന് ശിഷ്യത്വം സ്വീകരിച്ചതുപോലെ എന്റെ ശിഷ്യത്വം സ്വീകരിച്ച് യുദ്ധം ചെയ്തു. അങ്ങനെ കുറേ സ്ഥലത്ത് ജയിച്ചു. ഞാന്‍ ശ്രദ്ധകൊടുത്ത 16 ഇടങ്ങളില്‍ 11ലും ജയിച്ചു. അങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ രണ്ടുഗ്രൂപ്പുമല്ലാത്ത ഞാന്‍ മുന്നിലെത്തുന്നത്. ഇവിടെ എയും ഐയും ഒരുമിച്ചാണ് മത്സരം. എന്റെ അണികള്‍ ബൂത്ത് പോലും കണ്ടെത്താതെ അലയുമ്പോള്‍ ഐയും ഐയും ഒരുമിച്ചിരുന്ന് രജിസ്റ്ററുണ്ടാക്കി പ്രതിനിധികളെ തീരുമാനിക്കുകയായിരുന്നു. ഞാന്‍ അന്നത്തെ റിട്ടേണിങ് ഓഫീസര്‍, ഒരു വനിതയായിരുന്നു, അവരോട് പറഞ്ഞു ഇവിടെ രണ്ട് ഗ്രൂപ്പല്ല മൂന്ന് ഗ്രൂപ്പുണ്ടെന്ന്. അവര്‍ പറഞ്ഞു: 'ഇല്ല, ഞാന്‍ കരുണാകരനുമായും ആന്റണിയുമായും ചര്‍ച്ച ചെയ്തിരുന്നു. അവര്‍ രണ്ടുപേരും രണ്ട് ഗ്രൂപ്പിന്റെ കാര്യമേ പറഞ്ഞുള്ളൂ.' റിട്ടേണിങ് ഓഫീസര്‍ എ, ഒബ്‌സര്‍വര്‍ ഐ. മറിച്ചും. ഇങ്ങനെയായിരുന്നു തെരഞ്ഞെടുപ്പ്. എനിക്ക് ആരുമില്ല. എന്നിട്ടും ഞാന്‍ ജയിച്ചു. ഗ്രൂപ്പ് രഹിതനായ നേതാവ് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടെങ്കില്‍ അത് കണ്ണൂരില്‍നിന്ന് ജയിച്ച സുധാകരനാണെന്ന് അന്ന് ബോംബെയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള കൗമുദി പത്രമെഴുതി.  അന്നുമുതല്‍ അസ്ഥിത്വം തകരുമെന്ന് ഭയപ്പെട്ടവര്‍ എനിക്കെതിരെയാണ്. ആശങ്കകളാണല്ലോ എതിരാളിയെ ഉണ്ടാക്കുന്നത്. നിങ്ങള്‍ പ്രതിയോഗിയായി വരുമെന്നറിയുമ്പോഴാണല്ലോ നിങ്ങളോട് എതിര്‍പ്പുണ്ടാവുക. വഴിമുടക്കും കസേര തട്ടിയെടുക്കും എന്ന് തോന്നുമ്പോള്‍ ഒരാള്‍  യാന്ത്രികമായി  ശത്രുവായി മാറും. ആ തോന്നലുണ്ടായവരില്‍നിന്ന് എനിക്ക് വലിയ തോതിലുള്ള ശത്രുതയുണ്ടായി. പി രാമകൃഷ്ണനൊക്കെ പരസ്യമായി എന്നെ അപമാനിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഒരുതവണ രണ്ട് ഗ്രൂപ്പും ചേര്‍ന്ന് സുധാകരന്‍ ഡിസിസി സെക്രട്ടറിയാകട്ടെ എന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ പട്ടിക വന്നപ്പോള്‍ സുധാകരന്‍ പുറത്തായി. കാരണം 15 ഭാരവാഹികളേ പാടുള്ളൂ. എട്ടും എട്ടും കിട്ടാന്‍ രണ്ടുപേരും ശ്രമിച്ചപ്പോള്‍ ഞാന്‍ അപ്രസക്തനും പുറത്തുമായി. ഇതിന്റെ പേരില്‍ പാര്‍ട്ടി ഓഫീസില്‍ വരെ ബഹളമുണ്ടായി. പലഭാഗത്തുനിന്നും ചെറുപ്പക്കാരെത്തി. എന്റെ പേരില്‍ ആരും ഗ്രൂപ്പ് കളിക്കേണ്ട എന്ന് ഞാന്‍ പത്രപ്രസ്താവന നടത്തി.  അതിനെ കുറിച്ച് ഞാനിരിക്കുന്ന ഡിസിസി യോഗത്തില്‍ രാമകൃഷ്ണന്റെ ഒരു പരിഹാസ്യമായ പ്രയോഗമുണ്ടായിരുന്നു. രാമകൃഷ്ണന്‍ പറഞ്ഞു: ' പുതിയ പുതിയ ചേകവന്മാര്‍ വരികയാണിവിടെ. ആരാണീ ചേകവന്‍. കെ കരുണാകരനോ? എകെ ആന്റണിയോ? അണികളോട് ഗ്രൂപ്പ് കളിക്കേണ്ട എന്നു പറയാന്‍ ആരാണിദ്ദേഹം? '  ഞാന്‍ ഒന്നും പ്രതികരിച്ചില്ല. പിന്നീടൊരിക്കല്‍ പാനൂരിലെ ഒരു ക്യാമ്പില്‍ വച്ച് അദ്ദേഹം വളരെയേറെ അപമാനിച്ച് സംസാരിച്ചു. 'ഇയാളും പിആര്‍ കുറുപ്പും പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ ലീഡറോട് ഞാന്‍ പറഞ്ഞിരുന്നു ഇയാല്‍ പാര്‍ട്ടിക്ക് ബാധ്യതയാകുമെന്ന്. പക്ഷെ ലീഡര്‍ക്ക് മനസ്സിലായില്ല. പിആര്‍ കുറുപ്പിനെ സ്വീകരിച്ചു, കൊണ്ടുനടന്നു. ഇപ്പോള്‍ കുറുപ്പില്‍നിന്ന് കിട്ടിയില്ലേ, ലീഡര്‍ക്ക് മനസ്സിലായില്ലേ, ഇതുപോലെ ചില പിആര്‍ കുറുപ്പന്മാര്‍ ഈ പാര്‍ട്ടികത്ത് ഇപ്പോഴുണ്ട്'. ഇങ്ങനെയൊക്കെ അപമാനിച്ചപ്പോഴെല്ലാം ഞാന്‍ ശാന്തനായി കേട്ടുനിന്നു. ഞാന്‍ പ്രതികരിച്ചില്ല. കാരണം എനിക്ക് ഒരു പൊളിറ്റിക്കല്‍ എത്തിക്‌സ് ഉണ്ട്. ഏത് രാഷ്ട്രീയ നേതാവിനെ കുറിച്ച് പറയുമ്പോഴും, അദ്ദേഹം എത്ര ചെറുതായാലും വലുതായാലും അദ്ദേഹത്തിന്റെ വ്യക്തിത്വം പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ അസറ്റാണെന്ന് കരുതുന്നയാളാണ് ഞാന്‍. കോണ്‍ഗ്രസിനെ പോലുള്ള ഒരു മാസ് പാര്‍ട്ടിയെന്നത് പ്രത്യയശാസ്ത്രത്തിന്റെ പുറത്തല്ല പാര്‍ട്ടിയുടെ ഏകീകരണം. നേതാക്കളുടെ ബന്ധങ്ങളുടെ പുറത്താണ്. ഒരോ നേതാവിനോടുമുള്ള അണികളുടെ കൂറാണ് പാര്‍ട്ടിയുടെ കരുത്ത്. സിപിഐഎമ്മിന് അങ്ങനെയല്ല. ഒരുരാഷ്ട്രീയ വീക്ഷണമുണ്ട്. അണികള്‍ക്ക്‌പോലും. നമുക്ക് അതില്ല. അതുകൊണ്ട് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ ആരുടെയും വ്യക്തിത്വത്തെ മുറിവേല്‍പ്പിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ആരെയും പരസ്യമായി ആക്ഷേപിക്കാറില്ല. എന്നാല്‍, എനിക്ക് ശരിയെന്ന് തോന്നുന്നകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇനിയും പറയുകയും ചെയ്യും. അതൊന്നും ആരെയും വ്യക്തിപരമായി ആക്ഷേപിച്ചുകൊണ്ടല്ല. അത് എന്റെ എത്തിക്‌സ് ആണ്. എനിക്ക് സ്വകാര്യ ദൂഷ്യങ്ങളൊന്നുമില്ല. അതുകൊണ്ട് എനിക്ക് ആരുടെ മുമ്പിലും എന്തും പറയാം. അത് പലര്‍ക്കും സഹിക്കാത്ത കാര്യമാണ്. ഞാന്‍ ഇങ്ങനെ തുറന്നുപറയുമ്പോള്‍ പാര്‍ട്ടിയില്‍ ചിലര്‍ക്ക് അന്നുണ്ടായിരുന്ന ശത്രുത ഇപ്പോഴും ഇതിനകത്ത് നിലനില്‍ക്കുകയാണ്.

സിപിഐഎമ്മിനെ ശക്തമായി എതിര്‍ത്തിരുന്ന ഐ ഗ്രൂപ്പിലെ കരുത്തനായ എന്‍ രാമകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എസ്ആര്‍ ആന്റണി ഇവരുടെ നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍തന്നെ അടിച്ചൊതുക്കിയാണ് താങ്കള്‍ പാര്‍ട്ടിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. അന്ന് മുറിവേറ്റവര്‍ ഇപ്പോഴും പകവച്ച് നേരിടുന്നു എന്നാണോ?

പക പോവില്ല. അതുപോലെയോ ചിലപ്പോള്‍ അതില്‍കൂടിയോ ഉള്ള പകയാണ് എന്നോട്. എന്‍ആര്‍ (എന്‍ രാമകൃഷ്ണന്‍) ഇന്നില്ല. എ പി ജയശീലന്‍ മരിച്ചു. അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്ന പലരും പിന്നീട് എനിക്കൊപ്പം ചേര്‍ന്നു. എ ഗ്രൂപ്പിലും അന്നുണ്ടായിരുന്ന കുറച്ചാളുകള്‍ എനിക്കൊപ്പം ചേര്‍ന്നു. പാര്‍ട്ടിക്കകത്തെ ശത്രുക്കള്‍ എത്രയോ ദുര്‍ബലരാണിപ്പോള്‍. നാമമാത്രമാണ്. ഇപ്പോഴും ഞാന്‍ പറയും ഒരു സംഘടനാ തെരഞ്ഞെടുപ്പ് നടന്നാല്‍ 23 സംഘടനാ ബ്ലോക്കില്‍ 22ഉം ഞങ്ങള്‍ ജയിക്കും. ഡിസിസി അനായാസമായി ഞങ്ങള്‍ പിടിക്കും. അതിനുള്ള ജനപിന്തുണ നമുക്ക് ഇപ്പോഴും ജില്ലയിലുണ്ട്. പക്ഷേ നേതൃരംഗത്ത്, പന്തലുണ്ടാക്കുമ്പോള്‍ നിറയെ തൂണുകള്‍ എന്നതുപോലെ എവിടെ ചെന്നാലും നേതാക്കന്മാരുണ്ട്. അതുകാണുമ്പോള്‍ അവര്‍ വലിയ ഫോഴ്‌സ് ആണെന്ന് തോന്നും. ഇവിടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷനില്‍ എയ്ക്ക് സീറ്റ് ഇല്ലെന്നതാണ് ഏറ്റവും വലിയ പരാതി. എയ്ക്ക് ഒരു സീറ്റേയുള്ളൂ. എന്താ അതിന്റെ കാരണം, കോര്‍പ്പറേഷന്‍ പരിധിയില്‍ എ ഗ്രൂപ്പ് വേണ്ട. അതില്ല. ഇതിനൊപ്പം കൂട്ടിവന്ന പള്ളിക്കുന്ന് പഞ്ചായത്താണ്. അവിടെയിപ്പം രാഗേഷിന്റെ ഒപ്പം കൂട്ടിയപ്പോഴാണ് അവര്‍ക്ക് ഒരാളുണ്ടായത്. അതുവരെ അവര്‍ക്കാളില്ല. കക്കാട് അവര്‍ക്ക് ആളില്ല. എളയാവൂര്‍ മാധവന്‍ മാസ്റ്റര്‍ ജില്ലാപഞ്ചായത്തിലേക്ക് വന്നു. അത് ഞങ്ങള്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയാണ്. പഞ്ചായത്തിലേക്ക് ഒരു എക്കാരന്‍ ജയിച്ചിട്ടില്ല, ചേലോറയിലും എക്കാരന്‍ ജയിച്ചിട്ടില്ല. ഏഴാതി പഞ്ചായത്തില്‍ ഒരു എക്കാരന്‍ ജയിച്ചിട്ടില്ല. അപ്പോള്‍ ഇവര്‍ ഈ കോര്‍പ്പറേഷന്‍ പരിധിയില്‍ എ എന്നൊരു വിഭാഗമില്ല. ഇല്ലാത്തിടത്ത് പിന്നെ ആര്‍ക്കാണ് സീറ്റ് കൊടുക്കേണ്ടത്. ഒരു ഭാഗത്ത് കെപിസിസി കര്‍ശനമായി പറയുന്നു വാര്‍ഡുകളില്‍ നിന്ന് വരുന്ന ലിസ്റ്റ് ആയിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ മാനദണ്ഡമെന്ന്. ഒരിടത്തുനിന്നും ഇവരുടെ പേരുകള്‍ വന്നില്ല. ചേലോറയില്‍ നിന്ന് ഇപ്രാവശ്യവും പ്രകാശന്‍ മാസ്റ്ററുടെ പേര് വന്നു. അത് എയാണ്. സുഗമായി ജയിക്കുന്ന സീറ്റ് കൊടുത്തു. പള്ളിക്കുന്ന് നിന്ന് രാഗേഷിന്റെ പേരുവന്നു. ജയിക്കാവുന്ന സീറ്റ് കൊടുത്തു. രാഗേഷ് നിര്‍ദ്ദേശിച്ചതും പാര്‍ട്ടി കമ്മിറ്റിയില്‍ ഉയര്‍ന്നതുമായ പേര് പ്രേമവല്ലിയുടേതായിരുന്നു. അവര്‍ക്കും സീറ്റ് കൊടുത്തു. പേരില്ലാത്ത സ്ഥലങ്ങള്‍ എങ്ങനെ സീറ്റ് വീതിക്കും. അത് പാടില്ലെന്നാണ് കെപിസിസി നിര്‍ദ്ദേശം. എയ്ക്ക് ഇത്ര ഐക്ക് ഇത്ര എന്ന് പറഞ്ഞാല്‍ പോലും അവര്‍ക്ക് ഇവിടെ സ്ഥാനാര്‍ത്ഥിയെ കിട്ടില്ല. കോര്‍പ്പറേഷന്‍ സുധാകരന്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു എന്നുപറയുന്നതിന്റെ കാരണം ഇതാണ്. ഞാന്‍ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചു. നിങ്ങള്‍ക്കിവിടെ ആളുകളെ ഉണ്ടാക്കി തന്നിട്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ എനിക്ക് പറ്റുമോ എന്ന്. ആളുവേണ്ടേ സിഎംഎ എന്ന് ചോദിച്ചു. കെ സി ജോസഫിനോടും ചോദിച്ചു. കെ സി നിങ്ങള്‍ വസ്തുത കാണുന്നില്ലേ. കെ സി തന്നെ സമ്മതിച്ചു.

യഥാര്‍ത്ഥത്തില്‍ ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് ദുര്‍ബലരായ എ, ഐ ഗ്രൂപ്പുകള്‍ കണ്ണൂര്‍ പാര്‍ട്ടി പിടിക്കാനുള്ള ശ്രമമാണോ നടത്തുന്നത്. അതില്‍ വിജയിക്കാനാവില്ലേ?

ശ്രമം നന്നായി നടത്തും. ശ്ര

മം നടക്കേണ്ടേ. എല്ലാവരുടെയും നിലനില്‍പ്പിന്റെ പ്രശ്‌നമല്ലേ. കോണ്‍ഗ്രസിന്റെ കണ്ണൂരിലെ ഇന്നത്തെ സാഹചര്യം പരിശോധിച്ചാല്‍ അടുത്ത കാലത്തൊന്നും ശ്രമം നടക്കില്ല. എല്ലാ ആളുകള്‍ക്കും ഒരു സമയമുണ്ടല്ലോ. ഞാനൊക്കെ വ്യക്തിപരമായി പറഞ്ഞാല്‍ രാഷ്ട്രീയത്തില്‍ ഏറ്റെടുത്തത് ഒരു റിസ്‌കി പൊളിറ്റിക്‌സായിരുന്നു. എത്ര മത്സരം ഞാന്‍ നടത്തി. ഒന്‍പത് മത്സരങ്ങള്‍. 1980ല്‍ എടക്കാട് അസംബ്ലിയില്‍ എകെജിയുടെ നാട്ടില്‍ കന്നിയങ്കം. 16,000 -18,000 വോട്ട് വ്യത്യാസത്തില്‍ എല്‍

ഡിഎഫ് ജയിക്കുന്ന മണ്ഡലത്തിലാണ് എന്റെ കന്നിയങ്കം. അവിടെ തന്നെ 80, 82, 87, 91 നാല് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അങ്ങനെയാണ് 90ലെ തെരഞ്ഞെടുപ്പില്‍ 219 വോട്ടിന് ഞാന്‍ തോല്‍ക്കുന്നത്. ഒരു കാര്യം മനസിലായി. 15,000 ലേറെ കള്ളവോട്ടുകള്‍ ഉണ്ടെന്ന്. ആ തെരഞ്ഞെടുപ്പില്‍ വളരെ മുന്‍കൂട്ടി കള്ള വോട്ടിന്റെ ലിസ്റ്റ് ഉണ്ടാക്കി. കള്ളവോട്ട് കണ്ടെത്തുകയെന്നത് ഒരു ഹിമാലയന്‍ ടാസ്‌ക് ആയിരുന്നു. 129 ബൂത്തുകളിലെയും ആളുകളെ വിളിച്ചുവരുത്തി മൈക്കിലൂടെ ഓരോ ബൂത്തിലെയും പേര് വിളിച്ചുപറയും. മറ്റ് ബൂത്തുകളില്‍ ആ പേര് ഉണ്ടോ എന്ന് നോക്കും. അങ്ങനെ 3,000 കള്ളവോട്ടുകള്‍ കണ്ടെത്തി. അത്രയേ ആയുള്ളു. ആ 3000 പേര്‍ക്കും തെരഞ്ഞെടുപ്പിന് മുമ്പ് വക്കീല്‍ നോട്ടീസ് അയച്ചു. ഒന്നിലേറെ വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അഞ്ചുകൊല്ലം തടവ് ലഭിക്കും. 5000 രൂപ പിഴയിടും. ചിലപ്പോള്‍ ഇത് രണ്ടും കൂടി വരും. അതുകൊണ്ട് ഒന്നിലേറെ വോട്ട് ചെയ്യരുതെന്ന് ഇതിനാല്‍ താല്‍പര്യപ്പെടുത്തുന്നു. കുറേയാളുകള്‍ വക്കീല്‍ നോട്ടീസ് സ്വീകരിച്ചു. കുറേപ്പേര്‍ സ്വീകരിച്ചില്ല. തെരഞ്ഞെടുപ്പില്‍ 219 വോട്ടിന് ഞാന്‍ തോറ്റു. ഒ. ഭരതന്‍ ജയിച്ചു. ഞാന്‍ കിട്ടിയ വോട്ടിന് നന്ദിയും പറഞ്ഞ് പോയി. അവിടെയൊക്കെ ഞാന്‍ പറഞ്ഞു. ഈ രാജ്യത്ത് നീതിന്യായവ്യവസ്ഥയുണ്ടെങ്കില്‍ ഈ നിയമസഭയില്‍ തന്നെ നിങ്ങളെ പ്രതിനിധീകരിക്കാന്‍ ഞാന്‍ വരുമെന്ന് പറഞ്ഞു. അന്നുരാത്രി ഞാന്‍ കയറിയത് എറണാകുളത്തേക്കാണ്. ഫയലുകളെല്ലാം നേരത്തെ നോക്കി വച്ചിരുന്നു. അഡ്വ. രാംകുമാറിനെ കണ്ടു. കേസ് നടത്തി. ആയിരത്തിന്റെ ഒരു കെട്ടില്‍ 600 വോട്ട് അവര്‍ ചെയ്തത് അസാധുവെന്ന് തെളിയിച്ചാണ് ഞാന്‍ അസംബ്ലിയിലേക്ക് പോയത്. നിങ്ങള്‍ ഓര്‍ക്കേണ്ടത് എന്റെ റിസ്‌കി പൊളിറ്റിക്‌സിന്റെ വലിപ്പമാണ്.

അതിനിടയില്‍ എന്റെ

 11 ആളുകള്‍ എടക്കാട് മണ്ഡലത്തില്‍ കൊല്ലപ്പെട്ടു. പത്ത് മുപ്പതാളുകളുടെ കയ്യും കാലും വെട്ടി. നൂറുകണക്കിനാളുകളുടെ കൃഷി നശിപ്പിച്ചു. ഭീഷണി, കിണറില്‍ മുടി മുറിച്ചിടുക, ഓയില്‍ ഒഴിക്കുക. പാമ്പിനെയും പട്ടിയെയും കൊന്നിടുക. കല്യാണങ്ങള്‍ മുടക്കുക, മരിച്ച വീടുകള്‍ പോലും സാമൂഹ്യ ഭ്രഷ്ട് കല്പിക്കുക. ഇതെല്ലാം നേരിട്ടാണ് എടക്കാട് മാറ്റിമാറ്റിയെടുത്തത്. ഒരു പുരുഷായുസ്സിന്റെ പോരാട്ടമാണത്. 80 മുതല്‍ 91 വരെ എന്നത് 11 കൊല്ലമാണെങ്കില്‍ എന്റെ പുരുഷായുസിന്റെ പോരാട്ടം. ഞാന്‍ 18,000 വോട്ടിന് തോല്‍ക്കുന്നിടത്ത് മത്സരിക്കുമ്പോള്‍ പി രാമകൃഷ്ണന്‍ കൂത്തുപറമ്പില്‍ തോറ്റത് 4,000 വോട്ടിനാണ്. പക്ഷെ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ എന്റെ മണ്ഡലത്തിലെ തോല്‍വി 219 വോട്ടിലേക്ക് ചുരുങ്ങുമ്പോള്‍ കൂത്തുപറമ്പ് 35,000 വോട്ടിന്റെ മാര്‍ജിനില്‍ ഞങ്ങള്‍ പിന്നോട്ടുപോയി. ഞാന്‍ 80ല്‍ മത്സരിക്കുമ്പോള്‍, ഓര്‍മ്മ ശരിയെങ്കില്‍ പയ്യന്നൂരില്‍ മത്സരിച്ചത് നാരായണന്‍കുട്ടിയായിരുന്നു. അന്ന് നമ്മള്‍ തോറ്റത് 6,000 വോട്ടിനാണ്. ഞാന്‍ 219ലെത്തിച്ചപ്പോള്‍ അവിടെ പിന്നീട് 38,000 വോട്ടിന്റെ ഭൂരിപക്ഷമായി സിപിഐഎമ്മിന് മാറി. എന്തുകൊണ്ട്. ഇവിടെ ഞാനെടുത്ത റിസ്‌ക് എടുക്കാന്‍ അവിടെയൊന്നും ആരുമുണ്ടായിരുന്നില്ല. അവിടെയുള്ള നേതാക്കന്മാരെല്ലാം ഉറച്ച സീറ്റില്‍ മത്സരിക്കാന്‍ പോയി. കെ പി നൂറുദ്ദീനും കെ സി വേണുഗോപാലും എം കെ രാഘവനുമടക്കം മറ്റുസ്ഥലത്ത് കുടിയേറിപ്പാര്‍ത്ത് അവിടുത്തെ സ്ഥാനമാനങ്ങള്‍ വാങ്ങിച്ചപ്പോള്‍ ഞാനിവിടെ ചോരകൊടുത്ത് ഉണ്ടാക്കുകയായിരുന്നു പാര്‍ട്ടി. എന്റെ കുട്ടികളെ ബലികൊടുത്തുണ്ടാക്കുകയായിരുന്നു പാര്‍ട്ടി. ഇന്നുമുണ്ട് കയ്യും കാലും നഷ്ടപ്പെട്ട കുട്ടികള്‍. ഒരു മണിക്കൂര്‍ സമയം തന്നാല്‍ 15 പേരെ ഞാന്‍ നിങ്ങളുടെ മുന്നിലെത്തിക്കാം. അവരുടെ ചികിത്സ, കുടുംബത്തിന്റെ സംരക്ഷണം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജോലി, കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം, കേ

സ് നടത്തേണ്ട സഹായം ഇങ്ങനെ എല്ലാം ചെയ്യണം. ഒരു വക്കീലിനെ പോലെ കേസ് നടത്തുന്ന ശ്രീനിവാസന്‍ എന്ന പാര്‍ട്ടി നേതാവുണ്ടായിരുന്നു. എല്ലാ ദിവസവും വക്കീല്‍ പോകുന്നതുപോലെ ഫയല്‍ എടുത്ത് തലശ്ശേരിയിലും കണ്ണൂരിലുമുള്ള കോടതിയിലെത്തും. കേസ് വാദിക്കും. പ്രതികളായ എന്റെ ഒരൊറ്റകുട്ടിയും കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. സിപിഐഎം കാര്‍ പ്രതികളായ 40 കേസുകളിലേറെ ഞങ്ങള്‍ ശിക്ഷിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ ചെയ്താണ് ഞങ്ങള്‍ പാര്‍ട്ടിയുണ്ടാക്കിയത്. ഇതൊന്നും ചെയ്യാത്തവര്‍ക്ക് എന്തും പറയാം. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ നോമിനേഷന്‍ കൊടുത്തില്ല എന്ന് പറഞ്ഞില്ലേ. ആന്തൂര്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലാണ്. അവിടെ നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയാണ് സതീശന്‍ പാച്ചേനി. അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പറ്റാത്തതിന്റെ ബാധ്യത അദ്ദേഹത്തിനില്ലേ? അദ്ദേഹത്തിന്റെ എ വിഭാഗത്തിന്റെ ബ്ലോക്ക് കമ്മിറ്റിയാണ് തളിപ്പറമ്പിലുള്ളത്. ആ കമ്മിറ്റിക്ക് ബാധ്യതയില്ലേ. ആന്തൂരില്‍ പത്തുപേര്‍ മത്സരിച്ചു. ആ പത്തുപേരും എന്റെ കുട്ടികളാണ്, ഞാന്‍ പറഞ്ഞ് മത്സരിച്ചവരാണ്. അവിടെ ഒരുപാട് നേതാക്കന്മാരുണ്ടെങ്കിലും ഒരാള്‍ പോലും മത്സരിക്കാന്‍ തയ്യാറായില്ല. ഇവിടെ അടികൊള്ളുന്നതും വെട്ടുകൊള്ളുന്നതും എന്റെ കുട്ടികളാണ്. കേസില്‍ പ്രതികളാകുന്നതും എന്റെ കുട്ടികളാണ്. നിങ്ങള്‍ കണ്ണൂരില്‍ ഒരു സര്‍വ്വെ നടത്തിക്കോളൂ. കോണ്‍ഗ്രസില്‍ വെട്ടുകൊണ്ട എത്ര എ ക്കാരുണ്ടെന്ന് നോക്കൂ. കേസില്‍ പ്രതികളായ എത്ര എ കാരുണ്ടെന്ന് നോക്കൂ. നാമമാത്രമായ ചിലര്‍ എവിടെയെങ്കിലുമുണ്ടാകും. എന്റെ 28 കുട്ടികളാണ് ഇവിടെ കൊല്ല

പ്പെട്ടത്. എന്റെ നൂറുകണക്കിന് കുട്ടികള്‍ക്കാണ് കയ്യുംകാലും നഷ്ടമായത്. വികലാംഗരായി ഇപ്പോഴും ജീവിക്കുന്നുണ്ട് നൂറുകണക്കിനുപേര്‍. ഇതെല്ലാം നേരിടേണ്ടിവന്നത് എന്നോട് കൂറുപുലര്‍ത്തുന്നവര്‍ക്ക് മാത്രമാണ്. കാരണം ഇവിടെ സിപിഐഎമ്മിന്റെ ശത്രു ഞങ്ങള്‍ മാത്രമാണ്. മറ്റാരും ശത്രുക്കളല്ല.

സിപിഐഎമ്മിനെതിരെ ഇത്ര വലിയ ഒരു പോരാട്ടം, പാര്‍ട്ടിയുടെ പിന്തുണയില്ലാതെ നടത്തി കണ്ണൂരിലെ തലയെടുപ്പുള്ള നേതാവായി താങ്കള്‍ മാറിയിരിക്കുന്നു. പക്ഷെ കണ്ണൂരിന് പുറത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതാവായി ഉയരാന്‍ എന്തുകൊണ്ടാണ് സാധിക്കാത്തത്?

കണ്ണൂരിന് പുറത്തും 

നല്ല റാങ്ക് ആന്‍ഡ് ഫയല്‍ എല്ലാ ജില്ലകളിലുമുണ്ട്. മറ്റ് ജില്ലകളില്‍ അന്വേഷിച്ചാല്‍ അത് മനസ്സിലാകും. ഞാന്‍ ഒരു ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നതുപോലെ കേരളത്തില്‍ മറ്റാര് ചെയ്യുമെന്ന് പരിശോധിച്ച് നോക്കൂ. ഉമ്മന്‍ചാണ്ടി പോയാല്‍ കിട്ടുന്നതിനേക്കാള്‍ വലിയ സ്വീകരണം ഒരുപാട് ജില്ലകളില്‍ എനിക്ക് ഇപ്പോള്‍ കിട്ടുന്നുണ്ട്. എനിക്ക് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല. എംപിയും എംഎല്‍എയും മന്ത്രിയുമല്ല. പക്ഷെ കെ സുധാകരന്‍ എന്നുപറയുന്ന പച്ചയായ ഒരു കോണ്‍ഗ്രസുകാരന് കേരളത്തില്‍ എവിടെയും വിലയുണ്ട്. നിങ്ങള്‍ പറയുന്ന പരിവേഷം തൊപ്പിയാണ്. തൊപ്പി എനിക്കില്ല, അത് പിടിച്ചുവാങ്ങാന്‍ പറ്റുമോ? കണ്ണൂരില്‍ അന്ന് നടന്നതുപോലെ ഒരു സംഘടനാ തെരഞ്ഞെടുപ്പ് നടക്കട്ടെ. അപ്പോള്‍ പറയാം. ഇപ്പോള്‍ വീതംവെക്കലാണ്. വീതം വെക്കുന്നവര്‍ നമുക്ക് തരേണ്ടേ. അവര്‍ രണ്ടുപേരും തരില്ല എന്ന് പറഞ്ഞതുകൊണ്ടല്ലേ കണ്ണൂരില്‍ പോരാട്ടം നടത്തേണ്ടിവന്നത്.

താങ്കളെ സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് മാറ്റുന്നതിന്റെ ഭാഗമായിരുന്നു പാര്‍ലമെന്റിലേക്ക് അയച്ചതെന്ന് എന്നതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ?

അങ്ങനെ പറയുന്നവരുണ്ട്. വസ്തുതയുണ്ടാകാം ചിലപ്പോള്‍ ഇല്ലാതിരിക്കാം. എനിക്ക് താല്‍പര്യമില്ലാത്ത ഒരു ഒന്നായിരുന്നു ദേശീയ രാഷ്ട്രീയം. നമ്മുടെ കള്‍ച്ചറുമായി, ലീഡര്‍ഷിപ്പ് കള്‍ച്ചറുമായി പൊരുത്തപ്പെട്ടുപോകാന്‍ പ്രയാസമാണ്. റാന്‍ മൂളുന്ന ഒരു രാഷ്ട്രീയക്കാരനാകാന്‍ എനിക്ക് പറ്റില്ല. തെറ്റെന്ന് കണ്ടാല്‍ ഞാന്‍ ആരുടെ മുഖത്തുനോക്കിയും പറയും. രാഹുല്‍ഗാന്ധിയും ഞാനും തമ്മില്‍ അഞ്ചുകൊല്ലത്തിനിടയില്‍ മൂന്നു തവണയേ കണ്ടുള്ളൂ. ജയിച്ചുപോയ ഉടനെ അദ്ദേഹത്തെ കണ്ടു. Taken only three or four minutes. രണ്ടാം തവണ കണ്ടത് രജിസ്റ്ററില്‍ ഒപ്പുവെക്കുന്ന ഇടനാഴിയില്‍ വച്ചാണ്. മൂന്നാമത്തെ തവണ കണ്ടത് കേരളത്തിലെ എംഎല്‍എമാരുടെ യോഗത്തിലാണ്. വയലാര്‍ രവിയൂടെ കൂടി സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വരുത്തേണ്ട മാറ്റത്തെ കുറിച്ച് സംസാരിക്കണം എന്ന് തീരുമാനിച്ചു. ഇത് ആര് അവതരിപ്പിക്കണം എന്ന ചോദ്യം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, വയലാര്‍ജിയല്ലേ അത് പറയേണ്ടത് എന്ന്. വയലാര്‍ജി അത് പറഞ്ഞപ്പോള്‍ രാഹുല്‍ജി

ക്ക് അത് ഇഷ്ടപ്പെട്ടില്ല. കാരണം നേതൃത്വത്തിന്റെ ഒരു തീരുമാനത്തെ ചോദ്യം ചെയ്യുന്നു എന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായി. അദ്ദേഹം അന്ന് ഇത്രയൊന്നും മെച്വറിറ്റി എത്താത്ത സമയമായിരുന്നു. അതൊരു കുറ്റമല്ല. സ്വാഭാവികമായി അങ്ങനയെ ഒരാള്‍ വളരൂ. ഇപ്പോള്‍ അങ്ങനെയല്ല. വയലാര്‍ജി പ്രശ്‌നം അവതരിപ്പിച്ചോള്‍ അദ്ദേഹം അതിനെ എതിര്‍ത്തു. ഒരിക്കല്‍ കൂടി വയലാര്‍ജി പറഞ്ഞപ്പോള്‍ അദ്ദേഹം ചൂടായി. അതോടെ വയലാര്‍ജിയും നിര്‍ത്തി. പിന്നീട് ഊഴംതിരിഞ്ഞ് എന്റെ അടുത്ത് എത്തിയപ്പോള്‍ ഞാന്‍ അതേക്കുറിച്ച് സംസാരിച്ചു. ഇതിനകം അത് ചര്‍ച്ച ചെയ്താണെന്ന് രാഹുല്‍ പറഞ്ഞു. സംസാരിച്ചുവെന്നല്ലാതെ ചര്‍ച്ച ചെയ്തില്ലെന്ന് ഞാനും പറഞ്ഞു. അദ്ദേഹം എന്നെയും ഞാന്‍ അദ്ദേഹത്തെയും എതിര്‍ത്തുകൊണ്ടായി സംസാരം. പറഞ്ഞു പറഞ്ഞുവന്നപ്പോള്‍ എന്റെ ശബ്ദം ഉയര്‍ന്നു. അത് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. എന്നെ അറിയാത്തവര്‍ ഇത് കേട്ടാല്‍ പറയും ഞാന്‍ ധിക്കാരിയാണെന്ന്. ഉള്ളില്‍തട്ടി പറയുന്നതുകൊണ്ടാണ് ശബ്ദം കൂടിവരുന്നത്. അവസാനം ഞാന്‍ പറഞ്ഞതിലും കുറേ കാര്യങ്ങള്‍ ശരിയുണ്ടെന്ന് രാഹുലിന് തന്നെ തോന്നി.  എല്ലാവരും രണ്ടോ മൂന്നോ മിനുട്ട് സംസാരിച്ചപ്പോള്‍ അന്ന് പത്തൊന്‍പത് മിനുട്ടായിരുന്നു എന്റെ സംസാരം. പിന്നീട് വിശദമായി സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അതൊന്നും ഉണ്ടായില്ല. ചില കുറിപ്പ് കൊടുത്തുവെന്ന് മാത്രം. പക്ഷെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇത്തവണ കുറേ മാറ്റങ്ങളുണ്ടായിരുന്നു. ഞാന്‍ പറഞ്ഞത് മാത്രമല്ല, May he got from various sources. നമുക്കൊന്നും അവിടെയുള്ള ഇങ്ങനെയുള്ള നേതൃത്വത്തിന് മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ കഴിയില്ല. ചിലപ്പോള്‍ പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്ത് ആയിപ്പോകും. പാര്‍ട്ടിയില്‍ നില്‍ക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ ഈ കുഴപ്പത്തിന് പോകാതിരിക്കുകയല്ലേ അതിലും നല്ലത്. അതുകൊണ്ട് കേരളത്തിലാണ് എനിക്ക് താല്‍പര്യം.

അത് ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യം. പക്ഷെ താങ്കള്‍ പറഞ്ഞ ഈ ധിക്കാരവും താന്‍പോരിമയും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളിലും ഭയമുണ്ടാക്കുന്നുണ്ടോ?

ഭയക്കേണ്ട കാര്യമില്ല. ഒരുപക്ഷെ ഞാന്‍ അണികളില്‍ ഉണ്ടാക്കുന്ന ഒരു ചലനമുണ്ടല്ലോ അത് പ്രശ്‌നമായേക്കാം. അത് എന്നോടുള്ള വിരോധം കൊണ്ടാകണമെന്നില്ല. അവനവന്റെ താല്‍പര്യങ്ങളുണ്ടല്ലോ, അത് നഷ്ടപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കേണ്ട എന്ന് കരുതുന്നുണ്ടാകും. എന്തിനാണ് പാമ്പിനെ പിടിച്ച് മടിയില്‍വെക്കുന്നത് എന്ന ചിന്ത മനസ്സില്‍ ഉണ്ടായിക്കൂടെന്നില്ല. അതുണ്ടാകാം.

എ, ഐ ഗ്രൂപ്പുകളില്‍നിന്ന് ഭിന്നമായി കേരളത്തിലാദ്യമായി മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കി. വയലാര്‍ രവിയുമായി സഹകരിച്ച് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു. ഇതിന് ശേഷം ഇപ്പോള്‍ വിശാല ഐ ഗ്രൂപ്പ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. പക്ഷെ സംസ്ഥാനത്തെ എ ഗ്രൂപ്പിന് മേല്‍ ഒരു ആധിപത്യം സ്ഥാപിക്കാന്‍ എന്തുകൊണ്ടാണ് വിശാല ഐഗ്രൂപ്പിന് സാധിക്കാത്തത്?

അതിന് ഒരുപാട് കാരണങ്ങളുണ്ട്. എല്ലാ നേതാക്കന്മാരുടെ അവരുടെ സ്ഥാപിത താല്‍പര്യങ്ങളുമായാണ് നില്‍ക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃരംഗത്തുള്ള എല്ലാ നേതാക്കന്മാര്‍ക്കും അവരവരുടേതായ ഒരു പൊളിറ്റിക്കല്‍ കലണ്ടറുണ്ട്. ഇന്ന കൊല്ലം തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ ഇന്ന സ്ഥാനം എന്ന രീതിയില്‍. ഒട്ടുമിക്കയാളുകളും അടക്ക പറിച്ചെടുക്കാന്‍ കമുകില്‍ കയറുന്നവരെ പോലെയാണ്. ആദ്യം ഒന്നില്‍ കയറും. പിന്നെ ആട്ടിയാട്ടി അടുത്തതില്‍പിടിച്ച് ഏറ്റവും അവസാനത്തേതില്‍നിന്നാണ് താഴെയിറങ്ങുക. കേരളത്തിലെ കോണ്‍ഗ്രസില്‍ ഏതാണ്ട് എല്ലാം നോമിനേഷന്‍ രീതിയായതുകൊണ്ട് ഇങ്ങനെയാണ് കാര്യങ്ങള്‍. പുതിയ ആളുകള്‍ക്ക് കമുകില്‍ കയറാന്‍ സമയവും സാഹചര്യവുമില്ല. ഒരാള്‍ ഇറങ്ങിയിട്ടുവേണ്ടേ മറ്റൊരാള്‍ കയറാന്‍. അതിന്റെ ഒരു ദുരന്തം ഞാന്‍ മാത്രമല്ല, പാര്‍ട്ടിയിലെ വലിയൊരു ശതമാനം ആളുകള്‍ അനുഭവിക്കുന്നുണ്ട്. കൊള്ളാവുന്ന നല്ല ഡൈനമിക് ആയ, കമ്മിറ്റഡ് ആയ നിരവധി നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. കുടിയിരിപ്പന്മാരെ പോലെ ചിലയാളുകള്‍ ഇരിക്കുമ്പോള്‍ പുതിയ തലമുറയ്ക്ക് വരാന്‍ പറ്റുന്നില്ല. കഴിവുള്ളവര്‍ മാറിനില്‍ക്കുന്നു, അവരുടെ കഴിവ് തിരിച്ചറിയാന്‍ പറ്റുന്നില്ല. അത് മാറ്റുരയ്ക്കാന്‍ അവസരമുണ്ടാകുന്നില്ല. പൊതുജനങ്ങളുടെ മനസ്സിനകത്ത് വ്യകിത്വമുള്ള പല നേതാക്കളും തമസ്‌കരിക്കപ്പെട്ടിരിക്കുന്നു. വെണ്ണീറില്‍ പൊതിഞ്ഞുകിടക്കുന്ന തീക്കനല്‍ പോലെ കേരളത്തില്‍ ഒരുപാടാളുകളുണ്ട്. അവര്‍ക്ക് അവസരം വേണമെങ്കില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കണം. ഞാന്‍ ദേശീയ നേതൃത്വത്തെ, സോണിയാ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും എന്നൊക്കെ കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സംഘടനാ തെരഞ്ഞെടുപ്പ് നടത്തമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയേ കോണ്‍ഗ്രസിനെ റിവൈവ് ചെയ്യാന്‍ കഴിയൂ. ഇപ്പോള്‍ തളം കെട്ടിനില്‍ക്കുന്ന, പൂപ്പല്‍കെട്ടിനില്‍ക്കുന്ന വെള്ളമാണ്.ആ പൂപ്പല്‍ നീക്കണമെങ്കില്‍ വെള്ളം ഒഴുകണം.

പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്  സംഘടനാ തെരഞ്ഞെടുപ്പിന്റെ സാധ്യതയുണ്ടോ?

ഒരിക്കലും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഉള്ളതുകൊണ്ടുതന്നെ സംഘടനാ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംഘര്‍ഷമുണ്ടാകുമെന്ന് പറഞ്ഞ് അത് നീട്ടിവെക്കാനാണ് നോക്കുന്നത്. അതൊക്കെ ഒരു തന്ത്രമാണ്. ഇച്ഛാശക്തിയുണ്ടെങ്കില്‍ നടത്താം. അതിനൊക്കെ ചെറിയ വേദനയുണ്ടാകാം. A small pain. രണ്ട് പ്രസവം നടന്നാല്‍ പിന്നെ വേദനയുണ്ടാകില്ലെന്നാണ് അനുഭവ സമ്പത്തുള്ള സ്ത്രീകള്‍ പറയുന്നത്. അതുപോലെയാണ് ഇത്. Just like a birth. ഒരു Pain ഉണ്ടാകും. അത് നേരിടാന്‍ തയ്യാറാവണം, നാളെയ്ക്കുള്ള ഒരു കുഞ്ഞിന് വേണ്ടി.

കെപിസിസി പ്രസിഡന്റ് പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട് സംഘടനാ തെരഞ്ഞെടുപ്പിനെ കുറിച്ച്. അദ്ദേഹം ആത്മാര്‍ത്ഥമായി പറയുന്നതല്ലേ?

ആണോ? (ചിരിക്കുന്നു)

കേരളത്തിലെ കോണ്‍ഗ്രസില്‍, എ, ഐ ഗ്രൂപ്പുകള്‍, കരുണാകരനുള്ള ഘട്ടത്തില്‍ ഒരു സാമുദായിക സന്തുലനത്തിന്റെ ഘടകം കൂടിയായിരുന്നു എന്ന വിലയിരുത്തലുണ്ട്. ഇന്ന് ആ സന്തുലനത്തിന് എന്തെങ്കിലും കോട്ടം സംഭവിച്ചു എന്ന് കരുതുന്നുണ്ടോ?

ഒരുപാട് കോട്ടം സംഭവിച്ചിട്ടുണ്ട്. കരുണാകരന്‍ ഒരേപോലെ ചങ്ങനാശേരിയെയും ചേര്‍ത്തലയെയും അദ്ദേഹം മാനേജ് ചെയ്തിട്ടുണ്ട്. It is an art. ഇവിടെ അത് നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. ഇതേകുറിച്ചുള്ള സാമുദായിക സംഘടനകളുടെ പരാതികള്‍ അര്‍ത്ഥമുള്ളതാണ്. ആ പരാതികള്‍ക്ക് അടിസ്ഥാനമുണ്ട്. നമ്മുടെ നേതാക്കളുടെ ദൂരക്കാഴ്ച ഇല്ലായ്മയ്മയിലൂടെ ഉണ്ടാകുന്ന ചെറിയ അവഗണനയുടെ ഫലമാണ് ഈ വിഷയങ്ങളൊക്കെ. എസ്എന്‍ഡിപി-ബിജെപി സഖ്യം കടന്നുവന്നതില്‍ കോണ്‍ഗ്രസിന്റെ നേതൃപരമായ അനാസ്ഥ വലിയൊരു ഘടകം തന്നെയാണ്. ബിജെപി പോലുള്ള ഒരു വര്‍ഗീയ സംഘടനയുമായി എസ്എന്‍ഡിപി കൂട്ടുകൂടാന്‍ പോകുമ്പോള്‍ ആ മുന്നണിയെ നമ്മള്‍ തമാശയാക്കുകയാണ്. We were not taken it serious. വരാന്‍ പോകുന്നതിന്റെ ഫലം ചൂണ്ടിക്കാണിച്ചിട്ടുപോലും അത് ദീര്‍ഘദൃഷ്ടിയോടെ നോക്കിക്കാണാന്‍ സാധിച്ചില്ല. നമ്മളെ പോലുള്ളവര്‍ പലവട്ടം ഇത് പറഞ്ഞിട്ടുണ്ട്. പക്ഷെ ഗൗരവമായി എടുത്തില്ല. 'ആ മുന്നണി ഇവിടെ പച്ചപിടിക്കില്ല, ഇതൊക്കെ നമ്മള്‍ കുറേ കണ്ടതാണ്, ഈ പരീക്ഷണമൊക്കെ കേരള ജനത തള്ളിയതാണ്' എന്നൊക്കെ പറഞ്ഞാല്‍ ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഇല്ലാതാകുമോ? ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ അതിന് ജാഗ്രത വേണം. ശരിയായ വിലയിരുത്തല്‍ വേണം. പ്രത്യാഘാതങ്ങളെ മുന്‍കൂട്ടി കാണാനുള്ള ഗ്രാഹ്യശക്തിവേണം. അതൊന്നും നമ്മള്‍ കാട്ടിയില്ലെന്നതാണ് സത്യം. അതുകൊണ്ടാണ് ഈ സഖ്യം ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

ജാഗ്രത കാണിക്കാഞ്ഞതുകൊണ്ടാണോ, സഖ്യത്തിലൂടെ വോട്ട് ചോരുന്നത് സിപിഐഎമ്മിന്റേതാണെന്ന ഉമ്മന്‍ചാണ്ടിയെടുത്ത വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണോ?

ആ ഒരു തോന്നല്‍ പൊതുവെ കോണ്‍ഗ്രസിലുണ്ട്. ഈഴവ സമുദായങ്ങളെല്ലാം കമ്യൂണിസ്റ്റുകാരാണ് എന്ന തോന്നല്‍. അതില്‍ വല്ല യാഥാര്‍ത്ഥ്യവുമുണ്ടോ?  ഒരുപക്ഷെ ഭൂരിപക്ഷവും ആയിരിക്കാം. ഭൂരിപക്ഷം അങ്ങനെ ആവുന്നത് എന്തുകൊണ്ടാണ്. അതിനൊരു കാരണമുണ്ടാകില്ലേ.  ഭൂരിപക്ഷം ഈഴവരും സിപിഐഎമ്മിലേക്ക് പോകുന്നത് ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണെങ്കില്‍ ഞാനത് അംഗീകരിക്കും. പക്ഷെ ആ പൊളിറ്റിക്കല്‍ റിയാലിറ്റി എന്നും റിയാലിറ്റിയായി നിലനിര്‍ത്തലാണോ ഒരു പാര്‍ട്ടിയുടെ ഉത്തരവാദിത്തം. ക്രമേണ അത് തകര്‍ക്കേണ്ടേ. അതിനുള്ള തന്ത്രങ്ങളും തീരുമാനങ്ങളും വേണ്ടേ. അതെന്തുകൊണ്ടാണ് ഇല്ലാത്തത്. അതുണ്ടാകുന്നില്ല എന്നതാണ് പ്രശ്‌നം. അതുകൊണ്ട് ആ സമുദായം ഇപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കുന്നത്. ശരിക്കും സോഷ്യല്‍ ഇംബാലന്‍സ് കോണ്‍ഗ്രസിനകത്ത് പ്രകടമാണ്. ഇപ്പോള്‍ അതേകുറിച്ച് ഞാന്‍ അത്രയേ പറയൂ.

ഈ അസന്തുലിതാവസ്ഥ ചിലപ്പോള്‍ നേതൃതലത്തിലായിരിക്കാം. അണികള്‍ക്കിടയില്‍ അങ്ങനെയുണ്ടെന്ന് പറയാന്‍ സാധിക്കുമോ?

അടിത്തട്ടിലുമുണ്ട്. ഈഴവ സമുദായം ഭൂരിഭാഗവും സിപിഐഎമ്മിനൊപ്പമാണ്. അത് ഇംബാലന്‍സ് തന്നെയല്ലേ. പക്ഷെ ആ ഇംബാലന്‍സ് നമ്മള്‍ ഇല്ലാതാക്കണം. അതിന് തലങ്ങും വിലങ്ങും ചര്‍ച്ച നടത്തണം. ഒരു തന്ത്രം കണ്ടെത്തണം. രാഷ്ട്രീയ തീരുമാനം വേണം. ഒരു പൊളിറ്റിക്കല്‍ കണ്‍വിക്ഷന്‍ വേണം. Fight for it. We have to retain, we have to regain them. വേണ്ടേ? അങ്ങനെയുള്ള ഒരു പ്രവര്‍ത്തനം കോണ്‍ഗ്രസിനകത്ത് ഇന്നുവരെ നടന്നിട്ടുണ്ടോ.

പാര്‍ട്ടിക്കകത്ത് എ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വളരെ ശക്തവും സംഘടിതവുമായി നില്‍ക്കുന്നു. വിശാല ഐ ഗ്രൂപ്പിന് ഒരു വലിയ ജനവിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിലും, എ വിഭാഗത്തെ ചെറുക്കാനുള്ള ഒരു ശക്തിയായി ഉയരാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?

അതിന് കാരണങ്ങളുണ്ട്. വിശാല ഐ ഗ്രൂപ്പ് രൂപപ്പെട്ടതിന്റെ സാഹചര്യം നോക്കണം. കരുണാകരനുള്ളപ്പോള്‍ ഐ ഗ്രൂപ്പാണ് ശക്തം. കരുണാകരന്‍ പോയപ്പോള്‍ അത് ഛിന്നഭിന്നമായി. പലവഴിക്ക് പോയ ഐക്കാരെ ഒരുമിപ്പിക്കാന്‍ മുന്‍കൈ എടുത്ത ഒരാളാണ് ഞാന്‍. ഞാനും പിപി തങ്കച്ചനും ഇഎം അസ്തിയും കെസി രാജനും അഡ്വ. കടവൂര്‍ ശിവദാസനുമാണ് ആദ്യം യോഗം വിളിച്ചത്. കടവൂര്‍ ശിവദാസന്റെ മുറിയില്‍ ആദ്യം യോഗം വിളിച്ചപ്പോള്‍ പലരും അന്ന് പുച്ഛിച്ചിട്ടുണ്ട്. സുധാകരനാണ് ഇനി കരുണാകരന്റെ ഐ ഗ്രൂപ്പിന്റെ നേതാവാകാന്‍ പോകുന്നതെന്ന് പറഞ്ഞായിരുന്നു പരിഹാസം. ഐയില്‍നിന്ന് പലരും എയില്‍ പോയി ലയിച്ചിരുന്നു. എംഎ വാഹിദിനെയും വര്‍ക്കല കഹാറിനെയും പോലെ. ഈ പഴയ ഐക്കാര്‍ സാഹിബിനേക്കാള്‍ വലിയ രാജഭക്തികാണിച്ച് എ യുടെ ആളുകളായി മാറി. മറ്റുള്ളവരെ ഏകോപിപ്പിക്കാന്‍ ഒരുപാട് ശ്രമം തന്നെ നടത്തിയാണ് ഈ രീതിയില്‍ വിശാല ഐഗ്രൂപ്പ് ഉണ്ടായത്. ഇതൊരു ഗ്രൂപ്പായി മുന്നോട്ടുപോകണമെങ്കില്‍ അഖിലേന്ത്യാ തലത്തില്‍ സ്വാധീനമുള്ള ഒരു നേതാവിനെ വേണമെന്ന് പിന്നെ മനസ്സിലാക്കി. വയലാര്‍ രവിയെ ആലോചിച്ചുവെങ്കിലും അദ്ദേഹം സമ്മതം തന്നില്ല. രമേശ് ചെന്നിത്തലയെ ഞങ്ങള്‍, ഞാനും ഇഎം അസ്തിയും കെസി രാജും നേരില്‍ കണ്ടാണ് തിരുത്തല്‍വാദി ഗ്രൂപ്പ് അവസാനിപ്പിച്ച് ഇതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ആദ്യം ആവശ്യപ്പെട്ടത്. ഇതുകാരണം ഞങ്ങളോടൊ

പ്പമുള്ള പലരും എതിരായി. പിപി തങ്കച്ചനടക്കം എതിരായിരുന്നു. കടവൂര്‍ ശിവദാസന്‍ തീര്‍ത്തും എതിരായിരുന്നു. പോയിട്ട് വല്ല ഗുണമുണ്ടായോ വല്ലതും കിട്ടിയോ എന്ന് ഇപ്പോഴും ശിവദാസന്‍വക്കീല്‍ ചോദിക്കുന്നുണ്ട്. (ചിരിക്കുന്നു)

അതൊരു യാഥാര്‍ത്ഥ്യമല്ലേ? രമേശ് ചെന്നിത്തലയ്ക്ക് അതിന്റെ നേതാവെന്ന നിലയില്‍ യഥാര്‍ത്ഥത്തില്‍ ഉയരാന്‍ കഴിഞ്ഞിട്ടുണ്ടോ?

രമേശിനെ പോലുള്ള നേതാവിന് പരിമിതികളുണ്ടാകാം. പക്ഷെ പരിമിതികളുണ്ടെങ്കിലും അതിന് പരിഹാരം കാണാന്‍ ശ്രമിക്കണമായിരുന്നു. അദ്ദേഹം ഇപ്പോള്‍ ആഭ്യന്തര മന്ത്രിയാണ്. ഗ്രൂപ്പിന്റെ തലപ്പത്തിരുന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. എ വിഭാഗം അങ്ങനെയല്ല. എ വിഭാഗം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്റ്റാബ്ലിഷ്ഡ് ആണ്. അവര്‍ക്ക് ആന്റണിയെ കാണിച്ച് ഗ്രൂപ്പ് ഉണ്ടാക്കുമ്പോള്‍ അതിന്റെ കോ ഓഡിനേറ്റര്‍ പൂര്‍ണമായും ഉമ്മന്‍ചാണ്ടിയാണ്. ഉമ്മന്‍ചാണ്ടിയുടെ കുശാഗ്രബുദ്ധിയാണ് എ യുടെ ഏറ്റവും വലിയ ആയുധം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമ്പോഴും ആ ഗ്രൂപ്പിന്റെ സ്പിരിറ്റില്‍ ഒരു തളര്‍ച്ചയും വരാതെ അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്. എ ഗ്രൂപ്പിലെ ഏത് സാധാരണ പ്രവര്‍ത്തകനും ഉമ്മന്‍ചാണ്ടിയുടെ അടുത്ത് ഫ്രീഡമുണ്ട്. മുഖ്യമന്ത്രി, ശക്തികാണിച്ച ഗ്രൂപ്പിന്റെ നേതാവ്. ഇത് ഒരുഭാഗത്ത്. മറുഭാഗത്ത് ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല. പക്ഷെ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി ചിലവഴിക്കുന്നത്രയും സമയം ഗ്രൂപ്പിന് വേണ്ടി ചെലവഴിക്കാറില്ല. അതൊരു കുറ്റപ്പെടുത്തലല്ല. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് അത്രയേ സമയമുള്ളൂ. പക്ഷെ അതിന് അദ്ദേഹം ഒരു സബ്‌സിസ്റ്റിറ്റ്യൂട്ടിനെ (പകരക്കാരന്‍) അദ്ദേഹത്തിന് താഴെ രണ്ടാമനായി കണ്ടെത്തണമായിരുന്നു. അത് ചെയ്തില്ല. ഇപ്പോള്‍ ഈ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പോരായ്മ ഇതിനെ നയിക്കാന്‍ മുഴുവന്‍ സമയമായി ഒരാളില്ല എന്നതാണ്.

ആ സ്ഥാനത്ത് താങ്കള്‍ എത്തുമോ?

അത് ഞാന്‍ പറയേണ്ടതല്ല. എന്റെ ടീം പറയേണ്ടതാണ്. ഞാനാണ് വരേണ്ടത് എന്ന് ഞാന്‍ തന്നെ പറയുന്നതില്‍ യുക്തിയില്ല. ഞാനല്ലെങ്കിലും അതിന് പ്രാപ്തിയുള്ള ഒരാളെ കണ്ടെത്തണം. എങ്കിലേ ഗ്രൂപ്പിന് ശക്തമായി മുന്നോട്ടുപോകാനാകൂ.

കണ്ണൂരില്‍ ഒരു ഗ്രൂപ്പുണ്ടാക്കുമ്പോള്‍ ഇങ്ങനെ ആരുടെയും സഹായം ഉണ്ടായിരുന്നില്ലല്ലോ?

ഇല്ല, അങ്ങനെയൊരു സാഹചര്യമുണ്ടാക്കണമെങ്കില്‍ ഇപ്പോഴുള്ള ഈ വൃത്തത്തെ ഞാന്‍ പൊട്ടിക്കണം. ഞാന്‍ പുറത്തേക്ക് വരണം. അത് വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

കെ സുധാകരനെ ഇനി കാണേണ്ടത് കെപിസിസി പ്രസിഡന്റ് സ്ഥാനത്താണോ, നിയമസഭയിലാണോ?

ഞാന്‍ ഒരുകാര്യം ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്ററി രംഗത്തേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് സംഘടനാ രംഗമാണ്. ഞാന്‍തിരിച്ചറിയുന്നു. സംഘടനാ രംഗത്ത് I can contribute a lot. Atleast I can make confidence among youngsters. അങ്ങനെയൊരു സാഹചര്യത്തില്‍ പാര്‍ട്ടി ശക്തമാകുമെന്നാണ് എന്റെ വിശ്വാസം. അതിനൊരവസരം. അത് കിട്ടുമോ എന്ന് എനിക്കറിയില്ല. കിട്ടാന്‍ സാധ്യത കുറവാണ്. കാരണം ഇതിലൊരു സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ് ഇല്ലാതെ, എല്ലാവരും സഹകരിച്ച് ഒരു കെപിസിസി പ്രസിഡന്റാകുക എന്നത് എന്നെപോലെ, നേതൃനിരയില്‍നിന്നുതന്നെ എതിര്‍പ്പും വികാരവുമുള്ള ജില്ലയിലും സംസ്ഥാനതലത്തിലമുള്ള ഒരാള്‍ക്ക്, അതിനെയൊക്കെ മറികടന്നുകൊണ്ട് സമവായ സ്ഥാനാര്‍ത്ഥിയായി വരാനുള്ള 

സാധ്യത വളരെ കുറവാണ്. തെരഞ്ഞെടുപ്പ് വന്നാല്‍ ഒരു കൈ നോക്കാം. പരസ്യമായി പ്രഖ്യാപിച്ച് സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്ന സ്വീകരിക്കുമെന്ന കാര്യത്തില്‍ എനിക്ക് പൂര്‍ണവിശ്വാസമാണ്.

ഭരണരംഗത്ത് ഏറ്റവും വലിയ അഴിമതിയാരോപണം നേരിടുകയാണ് സര്‍ക്കാര്‍. ബാര്‍കോഴ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്തുകൊണ്ടാണ് ഐ ഗ്രൂപ്പിന് ഇത് നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്നത്. നേരത്തെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് ബാര്‍ ലൈസന്‍സ് സംബന്ധിച്ച കേസില്‍ സുപ്രിംകോടതി ജസ്റ്റിസിന് കോഴ കൊടുക്കുന്നത് താന്‍ നേരില്‍കണ്ടു എന്ന് പരസ്യമായി പറഞ്ഞിരുന്നു താങ്കള്‍. ഇത്തവണ നല്‍കിയ കോഴ സ്വാഭാവികമായ ഒന്നാണോ, ഇതിലെന്തിങ്കിലും അസ്വാഭാവികതയുണ്ടോ?

ഒരു പൊള്ളുന്ന ചോദ്യമാണ്. എവിടെ കുത്തിയാലും കൈ പൊള്ളും (ചിരിക്കുന്നു). അവിടെയൊക്കെ കുത്തി കൈ നിറയെ പൊള്ളിച്ചിട്ട് വല്ല കാര്യവുമുണ്ടോ. ഒറ്റവാക്കില്‍ ഞാന്‍ പറയാം കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അഴിമതിയാണ്. അഴിമതി ആരോപണമാണ്. അഴിമതിയാരോപണത്തിനകത്ത്  കോണ്‍ഗ്രസ് മോചനം നേടുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാവി അപകടകരമാണ്. പൊതുജീവിതത്തില്‍ അഴിമതി പടരുന്ന ഒരു കാലമാണ്. കേഡര്‍ പാര്‍ട്ടികളില്‍ പോലും അഴിമതി കൊടികുത്തി വാഴുകയാണ്. അപ്പോള്‍ പിന്നെ ഒരു മാസ് പാര്‍ട്ടിയുടെ കഥ പറയേണ്ടതുണ്ടോ. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നുപറഞ്ഞതുപോലെ രാഷ്ട്രീയ മണ്ഡലത്തില്‍ അമ്പുകൊള്ളാത്തവരായി ആരുമില്ല. എല്ലാവരുമുണ്ട്. കാശുണ്ടാക്കുന്നവര്‍ തന്നെയാണ് എല്ലാ പാര്‍ട്ടികളും. പക്ഷെ കോണ്‍ഗ്രസിനെ പോലെ ഒരു പാര്‍ട്ടിക്കകത്ത് ഭരണരംഗത്ത് ഇരിക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന അഴിമതിയാരോപണങ്ങള്‍ ജനമനസ്സില്‍നിന്ന് അത് ഇല്ലാതാക്കണമെങ്കില്‍ രാഷ്ട്രീയമായി വളരെ കരുത്തുള്ള ചില തീരുമാനങ്ങളെടുക്കേണ്ടിവരും. ഒരാള്‍ ഞാന്‍ 

അഴിമതി നടത്തുന്നില്ല എന്ന് പറഞ്ഞതുകൊണ്ടുമാത്രമായില്ല. ഞാന്‍ നടത്തുന്നില്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തല്‍ ഡെമോക്രസിയില്‍ അനിവാര്യ ഘടകമാണ്. എന്റെ മനഃസാക്ഷിക്ക് മുന്നില്‍ ഞാന്‍ ക്ലീനാണ് എന്ന് ചിലര്‍ പറയാറില്ലേ. ജനാധിപത്യത്തില്‍ അതിന് പ്രസക്തിയില്ല. എന്റെ മനഃസാക്ഷി എന്റേതുമാത്രമാണ്. സമൂഹത്തിന്റെ മനഃസാക്ഷിയല്ല. സമൂഹ മനഃസാക്ഷിയുടെ മുന്നില്‍ അഴിമതിക്കാരനല്ല എന്ന് അവരെ വിശ്വസിപ്പിക്കാന്‍ നമ്മുടെ പ്രവര്‍ത്തനംകൊണ്ടും സംശുദ്ധികൊണ്ടും സാധിച്ചാലേ അഴിമതിയില്‍നിന്ന് ഈ പാര്‍ട്ടിക്ക് മോചനമുണ്ടാകൂ. ഞാന്‍ പറഞ്ഞുവരുന്നത് നേതൃരംഗത്തിരിക്കുന്ന ആളുകള്‍ ഈ വസ്തുത ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കണം. ആരോപണങ്ങള്‍ ഒന്നിനുപുറകെ മറ്റൊന്നായി വരികയാണ്. ഒരാരോപണം തമസ്‌കരിക്കുമ്പോള്‍ മറ്റൊന്ന് ഉയര്‍ന്നുവരികയാണ്. ആ ആരോപണത്തിന്റെ തുടര്‍ച്ച ഈ പാര്‍ട്ടിയെ തളര്‍ത്തും. ഈ അഴിമതി ഈ പാര്‍ട്ടിയുടെ അസ്ഥിത്വത്തെ സാരമായി ബാധിക്കും. കരുത്തുറ്റ നേതൃത്വം, അവിടെയാണ് സംസ്ഥാന നേതാക്കന്മാരുടെ കരുത്ത് തെളിയേണ്ടത്. ആ കാര്യത്തിലൊക്കെ കെപിസിസി പ്രസിഡന്റിന്റെ ശക്തമായ നയത്തെ ഞാന്‍ അനുകൂലിക്കുന്നു. അദ്ദേഹത്തോട് വ്യക്തിപരമായി പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതെല്ലാം അദ്ദേഹത്തോട് തുറന്ന് പറഞ്ഞിട്ടുമുണ്ട്. അത് വ്യക്തിഗതമല്ല, സബ്ജക്ടീവാണ്. ഇവിടെ അഴിമതിക്കെതിരെ വിഎം സുധീരന്‍ നടത്തുന്ന പോരാട്ടത്തില്‍ ഇഞ്ചോടിഞ്ഞ് കൂടെനില്‍ക്കാന്‍ എന്റെ മനസ്സ് എന്നെ പ്രേരിപ്പിക്കുന്നുണ്ട്. പക്ഷെ എത്രമാത്രം 

ആഴത്തില്‍ അതിന് ഫലമുണ്ടാക്കാന്‍ സാധിക്കുമെന്ന കാര്യത്തിലും എനിക്ക് ആശങ്കയുണ്ട്. കെപിസിസി അധ്യക്ഷനെയൊക്കെ മറികടക്കുന്ന രീതിയിലുള്ള വലിയ ശക്തികള്‍ നമ്മുടെ പാര്‍ട്ടിക്കകത്തുണ്ട്.

 
ഞാന്‍ പറയുന്നത് ജനങ്ങള്‍ വിശ്വസിക്കുന്നു. അവര്‍ക്ക് അതാണ് ബോധ്യം എന്ന വിശ്വാസം മുഖ്യമന്ത്രി വച്ചുപുലര്‍ത്തുന്നു എന്നത് ഒരു വസ്തുതയല്ലേ?

അദ്ദേഹത്തിന്റെ വിശ്വാസം അങ്ങനെയുണ്ടോ എന്ന് എനിക്കറിയില്ല. അദ്ദേഹം അങ്ങനെയല്ലേ പറയേണ്ടത്. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി എന്ത് പറയണം. ജനം എന്നെ വിശ്വസിക്കുന്നില്ല എന്ന് പറയണമോ. അങ്ങനെ പറയാന്‍ പറ്റുമോ? പൊളിറ്റികിസില്‍ ഒരുപാട് സ്ട്രാറ്റജിയില്ലേ. രാഷ്ട്രീയത്തില്‍ ജനങ്ങളെ കയ്യിലെടുക്കാന്‍, ജനത്തെ വിശ്വാസത്തിലെടുക്കാന്‍ സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ഒരുപാട് സ്ട്രാറ്റജിക്കല്‍ അപ്രോച്ചുകളുണ്ട്. അപ്പോള്‍ ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രിക്ക് റിയാലിറ്റി എന്തായാലും അങ്ങനെയേ പറയാന്‍ പറ്റൂ. അദ്ദേഹം അങ്ങനെയേ പറയാവൂ. ഞാനദ്ദേഹത്തെ കുറ്റപ്പെടുത്തുന്നില്ല. അത് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റാണ്. പക്ഷെ ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ ജനമനസ്സില്‍ കുറേയൊക്കെ വിശ്വാസം ഉണ്ട് എന്നതാണ് ഇതുവരെയുള്ള അനുഭവം.

മുഖ്യമന്ത്രിയുടെ ആ രാഷ്ട്രീയ തന്ത്രം അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണകരമാകും എന്ന് കരുതുന്നുണ്ടോ?

അതുകൊണ്ടുമാത്രം കോണ്‍ഗ്രസിനും യുഡിഎഫിനും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ല. ക്രിയേറ്റിവായി എന്തെങ്കിലും ചെയ്തുവെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ കഴിയണം. അതിനായി എന്തെങ്കിലും ചെയ്യണം. അതിനുള്ള ഒരു ശ്രമം നടത്തണം. ഇവിടെ അച്യുതാനന്ദനും സിപിഐഎമ്മും നടത്തുന്ന ഒരുപാട് തന്ത്രപരമായ പരിശ്രമങ്ങളുണ്ട്. അതിലൊന്നാണ് ബീഫ് വിഷയത്തിലുള്ളത്. ഒന്നും ഉള്ളില്‍ തട്ടിയുള്ളതല്ല. കാണുന്നവരുടെയും കേള്‍ക്കുന്നവരുടെയും മനസ്സിനകത്ത് ആ വലിയ രാഷ്ട്രീയ വിഷയത്തില്‍ ഞങ്ങളാണ് ഫൈറ്റേഴ്‌സ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നു. അതൊരു നാടകമാണ്. അച്യുതാനന്ദനും സിപിഐഎമ്മും 

ചെയ്യുന്നത് ഒരിക്കലും ഹൃദയത്തില്‍തൊട്ടല്ല. പക്ഷെ ആ നാടകത്തിന് ഫലമുണ്ട്. അങ്ങനെ നമ്മളും നിലപാടെടുക്കണം. അഴിമതിക്കെതിരെ നല്ല ശ്രമം കോണ്‍ഗ്രസിന് നടത്താം. ഈ ആരോപണങ്ങളെല്ലാം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയോടും എകെ ആന്റണിയോടും രമേശ് ചെന്നിത്തലയോടും അഖിലേന്ത്യാ സെക്രട്ടറി ദീപക് ബാബ്‌റിയോടും മുകുള്‍ വാസ്‌നിക്കിനോടുമെല്ലാം ഞാനൊരു നിര്‍ദേശം വച്ചു. എല്ലാ മന്ത്രിമാരെയും ഒറ്റയടിക്ക് മാറ്റുക. ലീഡര്‍ഷിപ്പ് മാത്രം അവിടെ നില്‍ക്കട്ടെ. ഞാനിത് പറഞ്ഞിട്ട് ഒരുകൊല്ലമായി. കുഞ്ഞാലിക്കുട്ടിയും മാണിയും നില്‍ക്കട്ടെ അവരുടെ മന്ത്രിമാര്‍ മാറട്ടെ. ഉമ്മന്‍ചാണ്ടിയും രമേശും നില്‍ക്കട്ടെ കോണ്‍ഗ്രസ് മന്ത്രിമാരെല്ലാം മാറട്ടെ. എല്ലാ മന്ത്രിമാരും അഴിമതിക്കാരാണെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, പലരും അഴിമതിക്കാരാണെന്ന് തോന്നല്‍ ജനത്തിനുണ്ട്. എല്ലാവരെയും മാറ്റി ഒരു പുതിയ മുഖം കൊണ്ടുവന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ പറയുന്ന ഒരു ഭാരവും നമ്മുടെ മുകളിലുണ്ടാകുമായിരുന്നില്ല.

സിപിഐഎമ്മിലോ എല്‍ഡിഎഫിലോ രാഷ്ട്രീയമായി എന്തെങ്കിലും നയപരമായ മാറ്റമോ നേതൃമാറ്റമോ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവരെ സംബന്ധിച്ച് വലിയ നേട്ടമുണ്ടാക്കാനായി. ഇതിനുള്ള കാരണങ്ങളിലൊന്ന് ഭരണരംഗത്തെ പോരായ്മയും ശൈഥില്യവും തന്നെയാണ്. അത് പരിഹരിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാറ്റത്തിനുള്ള എന്ത് സാധ്യതയാണ് നിലനില്‍ക്കുന്നത്?

അത് പാര്‍ട്ടി ഇപ്പോള്‍ സീരിയസായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്താണ് പൊതുജനത്തിന്റെ മനസിനകത്ത് കോണ്‍ഗ്രസിനെതിരെയുള്ള ഫീലിംഗ്. അത് തുടച്ചുകളായാനുള്ള രാഷ്ട്രീയ മെഷര്‍മെന്റ് എന്താണെന്ന് പാര്‍ട്ടി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഓരോ ജില്ലയിലേയും നേതാക്കന്മാരുമായി കെപിസിസി പ്രസിഡന്റിന്റെ കൂടിക്കാഴ്ചയുണ്ട്. അതില്‍ ചില തീരുമാനങ്ങളുണ്ടാകും. നിങ്ങള്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരിക്കലും പൊളിറ്റിക്കല്‍ അല്ല. ഭരണത്തിന്റെ മാറ്റുരയ്ക്കലാണെന്ന് ഉമ്മന്‍ചാണ്ടി പറയാന്‍ പാടില്ലായിരുന്നു. മണ്ഡലം, ജാതി, മതം, സമുദായം, വ്യക്തികള്‍, ബന്ധങ്ങള്‍ ഇതിനെ ഒക്കെ ആശ്രയിച്ചാണ് സ്ഥാനാര്‍ത്ഥിയുടെ വോട്ട്. തോല്‍വി, ജയം എന്നത് രണ്ട്, മൂന്ന് അഞ്ച്, പത്ത് വോട്ടിന്റെ വ്യത്യാസത്തിലാണ്. രണ്ട് വോട്ടിന്റെയൊക്കെ വ്യത്യാസത്തില്‍ പഞ്ചായത്തിന്റെ ഭരണം മാറുകയാണ്. ഒരു പഞ്ചായത്ത് മെമ്പര്‍ ജയിക്കുന്ന രണ്ട് വോട്ട് കൊണ്ട് പഞ്ചായത്തിന്റെ ഭരണം കിട്ടുന്നു. ആ രണ്ട് വോട്ട് അയാളുടെ സമുദായത്തിന്റെ വോട്ടായിരിക്കും, ബന്ധുവിന്റെ വോട്ടായിരിക്കും. അങ്ങനെയുള്ള തെരഞ്ഞെടുപ്പിനെ ഭരണത്തിന്റെ മാറ്റുരയ്ക്കലാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ തെറ്റി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് പറയാന്‍ പാടില്ലായിരുന്നു. നിമയസഭ പോലുളളതില്‍ അങ്ങനെയല്ല. അത് രാഷ്ട്രീയമാണ്. ഒരു സ്ഥാനാര്‍ത്ഥിയും രണ്ട് ലക്ഷം വോട്ടര്‍മാരുമാണ്. ഇവിടെ ഒരു സ്ഥാനാര്‍ത്ഥിയും 600, 700, 1000, 1500 വോട്ടര്‍മാരാണ്. അതിനെത്രയോ വ്യത്യാസമില്ലേ. രാഷ്ട്രീയപരമായി ഒരു തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ആണ്. ഒരിക്കലും പഞ്ചായത്ത് തെരഞ്ഞെടുപ്പല്ല. റിസള്‍ട്ട് വ്യത്യാസം ഇല്ലെന്നല്ല, അവര്‍ തന്നെയാണ് ഒരുപടി മുന്നില്‍. കോര്‍പ്പറേഷന് അകത്താണ് അവര്‍ക്ക് ഭൂരിപക്ഷം കിട്ടിയത്. നമുക്ക് ഒന്ന് കിട്ടിയപ്പോള്‍ അവര്‍ക്ക് നാല് കിട്ടി. അതൊരു വലിയ നേട്ടം തന്നെയാണ് അവരെ സംബന്ധിച്ച്. അത് കുറച്ച് കാണുന്നില്ല. അതൊക്കെ നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ്. എന്റെ കോര്‍പ്പറേഷന്‍ മൊത്തം പോയത് 300 വോട്ടിനാലണ്. വ്യക്തമായി പറഞ്ഞാല്‍ പത്ത് വോട്ടിന് ഒരു ഡിവിഷന്‍ തോറ്റതിലൂടെയാണ് ഒരു കോര്‍പ്പറേഷന്‍ പോയത്. വരുന്ന തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കില്ലല്ലോ. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. ഈ തെരഞ്ഞെടുപ്പിന്റെ റിസര്‍ട്ടിന്റെ പ്രതിഫലനം ആകണമെന്നില്ല നിയമസഭാ തെരഞ്ഞെടുപ്പില്‍. 

ബിജെപിയോട് എടുക്കേണ്ട സമീപനം സംബന്ധിച്ച് പറഞ്ഞുവല്ലോ. താങ്കള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിലെല്ലാം ബിജെപി, ആര്‍എസ്എസ് വോട്ട് സ്വന്തമാക്കാറുണ്ട് എന്ന വിമര്‍ശനം സിപിഐഎം ഉന്നയിക്കാറുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ വോട്ട് കെ സുധാകരന് കിട്ടിയിരുന്നു. ഈ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് 20,000 പോപ്പുലര്‍ ഫ്രണ്ട് വോട്ടുകളില്‍ 15,000 വോട്ടുകളെങ്കിലും കിട്ടേണ്ടതായിരുന്നു അത് കിട്ടിയില്ല എന്ന് താങ്കള്‍ തന്നെ പറഞ്ഞു. വര്‍ഗീയ ശക്തികളെ എതിര്‍ക്കണമെന്ന് പറയുമ്പോള്‍ തന്നെ അവരുടെ പിന്തുണ ഉറപ്പാക്കുകയല്ലേ ചെയ്യുന്നത്?

കണ്ണൂര്‍ പാര്‍ലമെന്റ് നിയോജകമണ്ഡലത്തില്‍ യുഡിഎഫിന്റെ മുന്‍തൂക്കം കൊണ്ട് ഞാന്‍ ജയിച്ചുവന്നതല്ല. ചില രാഷ്ട്രീയ സമവാക്യങ്ങള്‍ ആണ്. പൊളിറ്റിക്കലി നോക്കിയാല്‍ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന്. അബ്ദുള്ളക്കുട്ടി ജയിച്ചത് 98,000 വോട്ടിനാണ്. അതിന് ശേഷം എന്തുസംഭവിച്ചു, കോണ്‍ഗ്രസിന്റെ ആധിപത്യമുള്ള കല്‍പ്പറ്റ വയനാട്ടിലേക്ക് പോയി. പകരം വന്നത് 35,000-40,000 ഭൂരിപക്ഷം വരുന്ന തളിപ്പറമ്പാണ്. നമ്മുടെ വോട്ട് പോവുകയും അവരുടെ 40,000 വോട്ട്  ഇങ്ങോട്ടേക്ക് വരികയും ചെയ്തപ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ ഭൂരിപക്ഷം ഒക്കെ നോക്കിയാല്‍ 1,35,000 വോട്ടിന് അവര്‍ ജയിക്കേണ്ട മണ്ഡലമാണ് കണ്ണൂര്‍. അത് ഞാന്‍ പിടിക്കുന്നത് വേറെ ഒരുപാട് പൊളിറ്റിക്കല്‍ ഇക്വേഷന്‍സ് യോജിച്ച് വന്നതുകൊണ്ടാണ്. സിപിഐഎമ്മിന്റെ വലിയ വോട്ട് എനിക്ക് കിട്ടിയിട്ടുണ്ട്. അത് കിട്ടിയില്ലെങ്കില്‍ ഒരിക്കലും ഞാന്‍ കടന്നുവരില്ല. ബിജെപിയുടെ വോട്ട് കാലാകാലമായി കുറേ ആളുകള്‍ എനിക്ക് ചെയ്യാറുണ്ട്. അത് ഞാന്‍ ചോദിച്ചിട്ടല്ല. ഞാന്‍ പൈസ കൊടുത്ത് വാങ്ങുന്നതല്ല. സിപിഐഎമ്മിനെതിരെ നടത്തുന്ന പോരാട്ടത്തിന് മുന്നില്‍ നില്‍ക്കുന്ന ആളെന്ന നിലയില്‍ എന്നോട് ആഭിമുഖ്യമുള്ള ബിജെപിയിലെ ഒരുപാട് ആളുകള്‍ ഉണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒഴികെ ബാക്കി എല്ലാ തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ 40-45 ശതമാനം വോട്ട് എനിക്ക് കിട്ടിയിട്ടുണ്ട്. സമാധാനം ആഗ്രഹിക്കുന്ന, എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് സിപിഐഎമ്മുകാര്‍ ഇന്ന് കണ്ണൂരിലുണ്ട്. പഴയ സിപിഐഎമ്മല്ല ഇന്ന് കണ്ണൂരില്‍. എന്നെ താല്‍പര്യപൂര്‍വം വീക്ഷിക്കുന്ന താല്‍പര്യപൂര്‍വം വിലയിരുത്തുന്ന എന്നോട് വളരേയെറെ സ്‌നേഹം കാണിക്കുന്ന ഒരുപാട് പേര്‍ ഉണ്ട്. ഇവിടെ ശുപാര്‍ശയ്ക്ക് വരുന്നവരില്‍ പോലും സിപിഐഎമ്മുകാര്‍ ഉണ്ടാകാറുണ്ട്. അവരുടെ ജനറല്‍ ഇഷ്യൂ ആണെങ്കില്‍ ഞാന്‍ സഹായിക്കും. എന്റെ പാര്‍ട്ടി പ്രവര്‍ത്തകന്റെ അവകാശം ഹനിക്കുന്നതാണെങ്കില്‍ ചെയ്യില്ല. മറ്റാരെയും ഞാന്‍ സഹായിക്കും. ചികിത്സ, വീട്, പഠിപ്പ്, സര്‍ക്കാരിനുള്ള ഫയല്‍, ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ അങ്ങനെ എല്ലാത്തിനും ഞാന്‍ സഹായിക്കാറുണ്ട്. ഞാന്‍ സഹായിക്കുന്ന സിപിഐഎമ്മിന്റെ നല്ലൊരു ശതമാനം വോട്ടും എനിക്ക് കിട്ടാറുണ്ട്.

ആദ്യത്തെ കൊല്ലം എന്‍ഡിഎഫ് എനിക്ക് അനുകൂലമായിരുന്നു. അടുത്ത തവണ ഞാന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് ഒരു എത്തിക്‌സിന്റെ പുറത്താണ്. എന്‍ഡിഎഫിന്റെ നാറാത്ത് ക്യാമ്പ് സംബന്ധിച്ച കേസില്‍ അവര്‍ക്കെതിരെ എന്‍ഐഎ ആക്ട് അനുസരിച്ച് കേസ് എടുത്തല്ലോ. അന്ന് എന്‍ഡിഎഫ് നേതാക്കള്‍ വന്ന് എന്‍ഐഎ അന്വേഷണം ഒഴിവാക്കി തരണമെന്ന് പറഞ്ഞു. എന്‍ഐഎയ്ക്ക് വിടുന്നു എന്ന് കേള്‍ക്കുമ്പോഴാണിത്. എല്ലാകാര്യത്തിലുമെന്നപോലെ എന്റെ ഉറച്ച തീരുമാനം പറഞ്ഞു. ന്യായമായ ഏത് കാര്യത്തിനും ഞാന്‍ സഹായിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഞാന്‍ നിങ്ങളോട് പറഞ്ഞു. ന്യായമായ ഏത് കാര്യത്തിനും ഞാന്‍ സഹായിക്കും. വോട്ടര്‍ എന്ന നിലയ്ക്ക്, ന്യായമായ പലകാര്യങ്ങളിലും സഹായിച്ചിട്ടുമുണ്ട്. പക്ഷെ ഇത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന കാര്യമാണ്. സെക്യൂരിറ്റിയെ ബാധിക്കുന്ന വിഷയമാണ്. നിങ്ങള്‍ കാണിച്ചത് ഒരിക്കലും യോജിക്കാനാകാത്ത രാഷ്ട്രീയ സംഭവമാണ്. എനിക്ക് നിങ്ങളെ സഹായിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് കൈകൂപ്പിയപ്പോള്‍ കുറേ വിലപേശല്‍ നടന്നു. അവസാനം തലശ്ശേരിയില്‍ നിന്നുള്ള ഒരു നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കെതിരായി നിലപാടെക്കും. അദ്ദേഹത്തിന്റെ പേര് ഇപ്പോള്‍ ഓര്‍മ്മയില്ല. അന്ന് പേര് വിളിച്ചിട്ട് ഞാന്‍ പറഞ്ഞു, ''രാജ്യത്ത് നിങ്ങള്‍ നടത്തുന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് അനുകൂലമായി നിന്നാല്‍ നിങ്ങള്‍ എനിക്ക് സ്വര്‍ഗ്ഗരാജ്യം തരാം എന്നുപറഞാലും എനിക്കത് വേണ്ട''. അതെന്റെ പൊളിറ്റിക്കല്‍ എത്തിക്‌സ് ആണ്. പൊളിറ്റിക്കല്‍ കണ്‍വിക്ഷന്‍ ആണ്. അത് പണയപ്പെടുത്തിയിട്ട് നിങ്ങളുടെ വോട്ട് ഞാന്‍ ചോദിക്കില്ല. അന്ന് പിരിഞ്ഞുപോയതാ. അവര്‍ പോകുമ്പോള്‍ എനിക്കറിയാം, 25,000 വോട്ട് വരെ പ്രതീക്ഷിച്ചതാണ്. കാരണം കണ്ണൂര്‍ സിറ്റിയിലുള്ള എന്‍ഡിഎഫ് വോട്ടിന്റെ കണക്കുകളുണ്ട്. ആദ്യത്തെ തവണ എനിക്ക് പിന്തുണ തരും എന്നറിഞ്ഞപ്പോള്‍ ലീഗുകാരെ കൊണ്ട് കണക്കെടുപ്പിച്ചപ്പോള്‍ 25,000 വോട്ട് അവര്‍ക്കുണ്ടെന്ന് അറിഞ്ഞതാണ്. ആ വോട്ട് പോകുമെന്ന് എനിക്ക് അറിയാം. പോകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് രണ്ടാം തവണ ആ പൊളിറ്റിക്കല്‍ സ്റ്റാന്റ് എടുത്തത്. നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. എന്ത് പ്രത്യാഘാതം വന്നാലും എന്ത് പ്രശ്‌നം വന്നാലും ഞാന്‍ നേരിടും. അങ്ങനെയാണ് എന്‍ഡിഎഫിന്റെ വോട്ട് പോയത്.

ബിജെപിയുടെ വോട്ടിന് എന്തുപറ്റി എന്നതിന്, ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ഒരിക്കലും എന്‍ഡിഎ അന്ന് വിചാരിച്ചിട്ടില്ല ഒറ്റയ്ക്ക് ഇത്ര ഭൂരിപക്ഷം കിട്ടുമെന്ന്. പാര്‍ലമെന്റില്‍ ഒന്നാം കക്ഷിയാകാനുള്ള ശ്രമമായിരുന്നു അവരുടേത്. അഖിലേന്ത്യാതലത്തില്‍ ആര്‍എസ്എസ് എടുത്ത തീരുമാനം ഒരു കോണ്‍ഗ്രസിന്റെ എംപിയുടെ എണ്ണം കുറയ്ക്കാന്‍ പറ്റുമെങ്കില്‍ കുറയ്ക്കണം എന്നതായിരുന്നു, അവര്‍ക്ക് ഒന്നാം കക്ഷിയാകാന്‍. അത് കര്‍ശനമായി നടപ്പാക്കി. പ്രാദേശികതലത്തില്‍ കേരളത്തില്‍ ബിജെപിയുടെ പല നേതാക്കന്മാരും മറ്റ് പലരുമായും ബന്ധപ്പെട്ട് വോട്ട് ചെയ്യിക്കാറുണ്ട് എന്നുള്ളതുകൊണ്ട് അവര്‍ ഇത്തവണ നേതൃത്വത്തിനെ മുഴുവനായും മാറ്റി. കണ്ണൂരിലെ നേതൃത്വം കാസര്‍കോടേക്ക് പോയി. തൃശൂരില്‍ നിന്ന് വന്ന ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടന്നത്. ആര്‍ക്കും ആരേയും ബന്ധപ്പെടാനോ ആര്‍ക്കും ആരുമായും സംസാരിക്കാനോ സാഹചര്യമോ സന്ദര്‍ഭമോ ഒന്നുമില്ല. ആര്‍എസ്എസിന്റെ ആ വോട്ടുകള്‍ അങ്ങനെ പോയി.

പിന്നെ പാര്‍ട്ടിയില്‍നിന്ന് തന്നെ കുറേ വോട്ട് പോയി. ആദ്യം ഞാനത് പറഞ്ഞില്ല. കാരണം അത് പറയുന്നത് നാണക്കേടാണ്. കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ എനിക്ക് വോട്ട് ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ലല്ലോ. എനിക്കൊരു പോരായ്മയല്ലേ. പക്ഷേ പന്ത്രണ്ടായിരം വോട്ട് നോട്ടവന്നു. ആ പന്ത്രണ്ടായിരത്തിനകത്ത് എന്റെ ഒരു സര്‍വെ അനുസരിച്ച് പതിനായിരത്തിലേറെ വോട്ട് കോണ്‍ഗ്രസിന്റെ വോട്ടാണ്. ചിലര്‍ മാറ്റി ചിന്തിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. മറ്റൊരു കാരണം വന്നത് ജാതിയാണ്. സിപിഐഎം ജാതിയില്ല, ഞങ്ങളിലില്ല ഹൈന്ദവത...  ഞങ്ങളിലില്ല ഇസ്ലാം... എന്ന് മുദ്രാവാക്യം വിളിക്കുന്നില്ലേ. പക്ഷേ നമ്പ്യാര്‍ നിന്നാല്‍ അവര്‍ക്ക് നമ്പ്യാര്‍ ആണ്. നമ്പ്യാര്‍ ജാതി പറഞ്ഞു വോട്ട് ചോദിച്ചു ശ്രീമതി ടീച്ചര്‍. അതിന്റെ അടിസ്ഥാനത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ കുറേ വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൂടി വന്നപ്പോള്‍ ആറായിരത്തിനേ തോറ്റുള്ളൂ എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ്. പൊളിറ്റിക്കല്‍ പരാജയമേ അല്ലെന്ന് അര്‍ത്ഥം. ജയിച്ചത് തന്നെ കുറേ പൊളിറ്റിക്കല്‍ ഇക്വേഷന്‍സ് കൂട്ടിയോജിപ്പിച്ചപ്പോഴാണ്. അപ്പോള്‍ തോറ്റതും കുറേ പൊളിറ്റിക്കല്‍ ഇക്വേഷന്‍സ് മാറിപ്പോയതുകൊണ്ടാണ്.

ബ്രണ്ണനില്‍ പഠിക്കുന്ന കാലത്ത് പിണറായി വിജയനുമായി ഉണ്ടായിരുന്ന ബന്ധം എങ്ങനെയായിരുന്നു. കോളെജില്‍ നടന്ന സംഘട്ടനങ്ങളില്‍ എന്ത് നിലപാടെടുത്തു?

ഞാന്‍ പ്രീഡിഗ്രിക്ക് ചേരുമ്പോള്‍ പിണറായി ഡിഗ്രി കഴിഞ്ഞു പോയതാണ്. പിണറായി ഡിഗ്രി പൂര്‍ത്തിയാക്കാന്‍ പരീക്ഷ എഴുതാന്‍ വന്നു. എസ്എഫ്‌ഐയുടെ സമരം ആയിരുന്നു അക്കാലം. സമരം നടക്കുന്നുണ്ടെങ്കില്‍ ക്ലാസ് എടുക്കണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് ഞങ്ങള്‍ അന്ന് സയന്‍സ് ബ്ലോക്കിലേക്ക് കുട്ടികളെ മുഴുവന്‍ മാറ്റി. കുട്ടികള്‍ ഉണ്ട് ടീച്ചര്‍ ക്ലാസ് എടുക്കണം എന്നുപറഞ്ഞു. എസ്എഫ്‌ഐയുടെ സമരം പരാജയപ്പെട്ടു എന്നുവരുത്താനാണ്. അവിടെ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ എ കെ ബാലന്റെ നേതൃത്വത്തില്‍ പത്ത് ഇരുപത്തഞ്ച് എസ്എഫ്‌ഐ കുട്ടികള്‍ വന്നു. നമ്മടെ കുട്ടികളും അവരും തമ്മില്‍ സംഘട്ടനം ആയി. ഞങ്ങള്‍ അന്ന് പ്രബലമായ സംഘമാണ്. അടികൊണ്ട് എസ്എഫ്‌ഐക്കാര്‍ ഓടി. പരീക്ഷാ ഹാളില്‍ വെച്ച് വിജയന്‍ ഇതറിഞ്ഞു. വിജയന്‍ അന്ന് മുറിച്ചിട്ടാല്‍ പിടയ്ക്കുന്ന പാര്‍ട്ടിയാണല്ലോ. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഒരു മഞ്ഞമുണ്ടും നീല ഷര്‍ട്ടുമാണ്. മഞ്ഞ മുണ്ട് കെട്ടിയിട്ടാണ് വന്നത്. ഞങ്ങള്‍ മുകളിലും. 'നീ എന്താടാ ധാരാസിങോ' എന്ന് ചോദിച്ചാണ് കയറി വരുന്നത്. അപ്പോള്‍ പിന്നെ കൈകാര്യം ചെയ്തു. ഉരുണ്ട് ഉരുണ്ട് താഴെ വീണു. ചവിട്ടി, ചവിട്ടി പോര്‍ട്ടിക്കോയില്‍ എത്തിയപ്പോള്‍ പോലീസ് വന്നു.

അതിന് മുമ്പ് ഒരു സംഭവം, ഞങ്ങളുടെ കൂടെ നാദാപുരത്തെ എസ്‌കെഎസിന്റെ ഫ്രാന്‍സിസ് എന്നൊരു പ്രവര്‍ത്തകനുണ്ട്. അച്ചായന്‍ എന്ന് ഞങ്ങള്‍ വിളിക്കും. ഫ്രാന്‍സിസ് ഒന്നുപറഞ്ഞ്, രണ്ട് പറഞ്ഞ് കുത്തിപ്പിടിച്ച് അക്രമിക്കുന്ന ഒരാളാണ്. എസ്എഫ്‌ഐക്കാര്‍ ഒരുപ്രതിഷേധ യോഗം വിളിച്ചു. ആ പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കാനാ പിണറായി വിജയന്‍ വന്നത്. പിണറായി പ്രസംഗിക്കുമ്പോള്‍ ഇയാളെപ്പറ്റി, 'ഒരു അച്ചായന്‍ നാദാപുരത്ത് നിന്ന് വന്നിട്ടുണ്ട്, അവന്റെ കയ്യില്‍ ഒരു പിച്ചാത്തി ഉണ്ടത്രെ, അതൊക്കെ അവന്‍ അണ്ടര്‍ ഷേവിന് ഉപയോഗിച്ചാല്‍ മതി' എന്ന് പറഞ്ഞു.  ഇതുപറയുമ്പോള്‍ ഞങ്ങളൊക്കെ പ്രസംഗം കേള്‍ക്കാന്‍ ഇരിക്കുകയാണ്. ഫ്രാന്‍സിസ് ചാടി എഴുന്നേറ്റ് അങ്ങോട്ട് പോയി മൈക്ക് എടുത്തിട്ട് ഒരടി. ഒഴിഞ്ഞില്ലായിരുന്നെങ്കില്‍ മരിച്ചുപോകും. പിന്നെ അടിച്ച് മെതിച്ചു. ഹോസ്റ്റലില്‍നിന്ന് കൊണ്ടുവന്ന മേശയും കസേരയുമായിരുന്നു വേദിയിലുണ്ടായിരുന്നത്. അതെല്ലാം ചവിട്ടി പൊളിച്ചു. പിണറായി വിജയന്‍ ഓടി രക്ഷപ്പെട്ടുപോയി. അങ്ങനെ രണ്ട് സംഘട്ടനം ഉണ്ടായിരുന്നു. അതിനുശേഷം ഞങ്ങളെ കണ്ടാല്‍ മിണ്ടില്ല, ലോഹ്യം പറയാറില്ല, മുഖം തിരിക്കും. ഇന്നും അങ്ങനെ തന്നെയാണ്.