അഭിമുഖം: പൊലീസിന് സംഘപരിവാര്‍ മുഖം, മത്സരിക്കാത്തത് സംഘടനാരംഗത്ത് തുടരാന്‍

September 22, 2017, 7:12 pm
 അഭിമുഖം: പൊലീസിന് സംഘപരിവാര്‍ മുഖം, മത്സരിക്കാത്തത് സംഘടനാരംഗത്ത് തുടരാന്‍
Interview
Interview
 അഭിമുഖം: പൊലീസിന് സംഘപരിവാര്‍ മുഖം, മത്സരിക്കാത്തത് സംഘടനാരംഗത്ത് തുടരാന്‍

അഭിമുഖം: പൊലീസിന് സംഘപരിവാര്‍ മുഖം, മത്സരിക്കാത്തത് സംഘടനാരംഗത്ത് തുടരാന്‍

വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന്റെ കേളികൊട്ടുണര്‍ന്നപ്പോള്‍ മുതല്‍ ഏവരും ഉറ്റുനോക്കിയത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്നതാണ്. കുഞ്ഞാലിക്കുട്ടി ലോകസഭാംഗമായപ്പോള്‍ ഒഴിവുവന്ന വേങ്ങര നിയമസഭാ സീറ്റില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യമാണ് ലീഗിന്റെ സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യം നിര്‍ണ്ണായകമാക്കിയത്. തുടക്കം മുതല്‍ തന്നെ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ കെപിഎ മജീദിന്റേത്.

എന്നാല്‍ അപ്രതീക്ഷിതമായി ലീഗ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത് മുതിര്‍ന്ന നേതാവ് കെഎന്‍എ ഖാദറിനെയാണ്. തന്നെ ആരും ഒഴിവാക്കിയതല്ലെന്നും സ്വമേധയാ മാറിനിന്നതാണെന്നുമാണ് കെപിഎ മജീദ് പറയുന്നത്. വേങ്ങരയില്‍ എന്ത് സംഭവിക്കും? ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി പോരാടാനുറച്ച ഉപതെരഞ്ഞെടുപ്പില്‍ ലീഗിന്റെ സാധ്യതയെന്താണ്? ഒരുവര്‍ഷം തികച്ച പിണറായി വിജയന്‍ സര്‍ക്കാരിന് സംഘപരിവാര്‍ മുഖമോ? എസ്ഡിപിഐ, എന്‍ഡിഎഫ് തുടങ്ങിയ തീവ്ര മുസ്ലിം സംഘടനകളോടുള്ള ലീഗിന്റെ നിലപാടെന്താണ്? കെപിഎ മജീദ് സൗത്ത് ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖം.

വേങ്ങരയില്‍ കെപിഎ മജീദ് മത്സരിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നല്ലോ ആദ്യ വാര്‍ത്തകള്‍. പിന്നീട് താങ്കള്‍ മത്സരിക്കുന്നില്ലെന്ന നിലപാടിലേക്കെത്തി. തുടര്‍ന്നാണ് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എന്താണ് പിന്‍മാറ്റത്തിന് കാരണം.

ഒന്നാമത്തെ കാര്യം സ്ഥാനാര്‍ത്ഥിപ്പട്ടിക എന്നൊരു സംഗതി ഉണ്ടായിരുന്നില്ല. മാധ്യമങ്ങളാണ് ഇന്നയാള്‍ക്ക് സാധ്യത എന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയത്. അല്ലാതെ പാര്‍ട്ടിയില്‍ അങ്ങനെയൊരു ചര്‍ച്ച ഉണ്ടായിരുന്നില്ല. മാധ്യമവാര്‍ത്തകള്‍ മാത്രമാണ് എന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും വന്നത്. എന്റെ രീതി വ്യത്യസ്തമാണ്. സംഘടനാരംഗത്ത് നില്‍ക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ തവണ അസംബ്ലി തെരഞ്ഞെടുപ്പ് വന്നപ്പോഴും ഈ നിലപാട് തന്നെയാണ് ഞാന്‍ എടുത്തിട്ടുള്ളത്. ഇത്തവണ എന്റെ പേര് പത്രങ്ങളില്‍ നിരന്തരമായി വന്നപ്പോഴും ഞാനെടുത്ത നിലപാട് അതുതന്നെയാണ്. സംഘടനാ ചുമതലയാണ് പ്രധാനപ്പെട്ടത് എന്നതാണ് ആ നിലപാട്. സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാക്കാലത്തും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഈ തീരുമാനം ഞാന്‍ പാണക്കാട് തങ്ങളെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ മാറുന്നത്. മാധ്യമങ്ങളുടെ മുമ്പിലാണ് പട്ടികയുള്ളത്, പാര്‍ട്ടിയുടെ മുമ്പിലല്ല.

ഇതിനിടയില്‍ ലീഗിലും യൂത്ത് ലീഗിലും വേങ്ങരയിലെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി രഹസ്യവോട്ടെടുപ്പ് നടന്നുവെന്നും അതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് കെപിഎ മജീദിന്റെ പേരാണെന്നും വാര്‍ത്തയുണ്ടായിരുന്നു. അതില്‍ വസ്തുതയുണ്ടോ?

അത് പാര്‍ട്ടി നടത്തിയ സര്‍വ്വേയല്ല. അതുകൊണ്ടുതന്നെ അതിനെ വിശ്വാസത്തിലെടുക്കേണ്ടതില്ല. അദ്ധ്യാപക സംഘടനയാണ് സര്‍വ്വേ നടത്തിയത്. അത് വിശ്വാസയോഗ്യമല്ല.

ആ രഹസ്യവോട്ടെടുപ്പിനെ വിശ്വസിക്കാന്‍ സാധിക്കില്ല എന്നാണോ?

അങ്ങനെയല്ല. വേങ്ങര പോലൊരു സ്ഥലത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അങ്ങനെയൊരു അഭിപ്രായ സര്‍വ്വേ നടത്തി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട കാര്യമില്ല. ലീഗിന്റെ ആര് നിന്നാലും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കാവുന്ന ഒരു മണ്ഡലമാണ് വേങ്ങര. അല്ലാത്ത മണ്ഡലങ്ങളില്‍ അത്തരം സര്‍വ്വേ നടത്തുന്നതില്‍ തെറ്റില്ല.

വിജയസാധ്യതയുടെ കാര്യത്തില്‍ ആശങ്കയുള്ളത് കൊണ്ടാണോ പിന്‍മാറിയത്? ലീഗിന്റെ എതിരാളികള്‍ക്കിടയില്‍ താങ്കളെ കുറിച്ച് അങ്ങനെയൊരു ആക്ഷേപമുണ്ട്.

വേങ്ങര നിയോജകമണ്ഡലത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ആക്ഷേപം ആരും ഉന്നയിക്കില്ലല്ലോ. ലീഗിന്റെ കോട്ടയാണ് വേങ്ങര.

ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പൊതുവില്‍ വിമര്‍ശിക്കപ്പെടുന്നത് യുവാക്കളുടേയും വനിതകളുടെയും അസാന്നിധ്യം കൊണ്ടാണ്. യുവാക്കളെ എന്തുകൊണ്ടാണ് ലീഗ് പരിഗണിക്കാത്തത്? സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി യുവാക്കള്‍ ശക്തമായി നിലകൊണ്ടതായും വാര്‍ത്തകളുണ്ടായിരുല്ലോ.

ആ ആരോപണം ശരിയല്ല. കഴിഞ്ഞതടക്കം എല്ലാ തെരഞ്ഞെടുപ്പ് കാലത്തും മുസ്ലീം ലീഗ് യുവാക്കളെയും വനിതകളെയും മത്സരിപ്പിക്കാറുണ്ട്. യുവജനസംഘടനയുടെ സംസ്ഥാന നേതാക്കന്മാരെ പരിഗണിക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക നോക്കിയാല്‍ ഇത് മനസിലാകും. ഓരോ ഘട്ടത്തിലും അന്നത്തെ ചെറുപ്പക്കാരെ മത്സരിപ്പിക്കാന്‍ ലീഗ് ശ്രമിക്കാറുണ്ട്. ഇതൊരു ഉപതെരഞ്ഞെടുപ്പാണ്. എല്ലാവരേയും പരിഗണിക്കാന്‍ കഴിയില്ലല്ലോ.

യുവാക്കളെ പരിഗണിക്കുന്നില്ലെന്ന ആരോപണത്തിന്റെ തുടര്‍ച്ചയായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയര്‍ന്ന് വന്നല്ലോ?

പികെ ഫിറോസുമായി പാര്‍ട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പുറത്ത് വരുന്നതെല്ലാം വാര്‍ത്തകള്‍ മാത്രമാണ്.

വനിതകളുടെ സ്ഥാനാര്‍ത്ഥിത്വം ഗുരുതരമായ മറ്റൊരു ആരോപണമാണ്.

വനിതകളെ ലീഗ് നേരത്തെതന്നെ പരിഗണിച്ചിട്ടുണ്ട്. കോഴിക്കോട് വനിതാ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് മത്സരിച്ചിട്ടുണ്ട്. വിജയസാധ്യത കണക്കിലെടുത്ത് മാത്രമല്ലേ പരിഗണിക്കാന്‍ സാധിക്കൂ. അങ്ങനെ മത്സരിപ്പിക്കുന്നതില്‍ ലീഗിന് പ്രശ്‌നങ്ങളില്ല.

കെപിഎ മജീദ്  
കെപിഎ മജീദ്  

വിജയസാധ്യതയാണ് വനിതകളെ മത്സരിപ്പിക്കാനുള്ള മാനദണ്ഡമെങ്കില്‍ ആര് നിന്നാലും ജയിക്കുന്ന വേങ്ങര മണ്ഡലത്തില്‍ വനിതയെ നിര്‍ത്താന്‍ പാര്‍ട്ടി ശ്രമിച്ചില്ലല്ലോ?

ഉപതെരഞ്ഞെടുപ്പാണല്ലോ, എല്ലാവരേയും പരിഗണിക്കാന്‍ സാധിക്കില്ല. ലീഗിന് സീറ്റുകള്‍ കുറവാണല്ലോ. വനിതകളെ മത്സരിപ്പിക്കാന്‍ അതൊരു തടസ്സമാണ്. ഈ കുറഞ്ഞ സീറ്റില്‍ യൂത്ത് ലീഗ്, വനിതാ ലീഗ് തുടങ്ങി എല്ലാവരേയും പരിഗണിക്കാന്‍ തടസ്സങ്ങളുണ്ട്.

കുഞ്ഞാലിക്കുട്ടി മുന്നോട്ട് വെച്ച സ്ഥാനാര്‍ത്ഥിയെ തള്ളിക്കളഞ്ഞാണ് കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നൊരു വാര്‍ത്ത വന്നിരുന്നല്ലോ?

ഒരു സംഘടനയില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കും. അതെല്ലാം പുറത്ത് പറയാന്‍ സാധിക്കില്ലല്ലോ. ചര്‍ച്ച ചെയ്യാനും കൂടിയുള്ളതാണ് പാര്‍ട്ടി ഫോറങ്ങള്‍.

എല്‍ഡിഎഫ് ഭരിക്കുന്ന സമയത്ത് നടക്കുന്ന ഇലക്ഷനില്‍ ലീഗിന്റെ സാധ്യത എന്താണ്?

വേങ്ങരയിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ലീഗിന് ആശങ്കകളില്ല. വിജയം സുനിശ്ചിതമായ ഒരു മത്സരമാണ് നടക്കാന്‍ പോകുന്നത്. നിയമസഭാ ഇലക്ഷന് പിന്നാലെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആയതുകൊണ്ടുതന്നെ സ്വഭാവികമായും ഭരണപരാജയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ ഇലക്ഷനില്‍ വിലയിരുത്തപ്പെടും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയം വേങ്ങരയില്‍ വിലയിരുത്തപ്പെടും.

കുഞ്ഞാലിക്കുട്ടിയുടെ സിറ്റിങ്ങ് മണ്ഡലത്തില്‍, ജയിക്കുമെന്ന് ലീഗും യുഡിഎഫും ഉറച്ചുവിശ്വസിക്കുന്ന സീറ്റില്‍ ഭരണം വിലയിരുത്തപ്പെടും എന്നാണോ പറയുന്നത്?

സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് ഞങ്ങള്‍ പറഞ്ഞാല്‍പ്പോലും എല്‍ഡിഎഫ് സമ്മതിക്കില്ല. കാരണം വേങ്ങര ലീഗിന്റെ ഉറച്ച സീറ്റാണ്. എന്ത് പ്രതികൂല സാഹചര്യം വന്നാലും ലീഗ് ജയിക്കുന്ന മണ്ഡലമാണ്. എന്നാല്‍ സര്‍ക്കാര്‍ ഭരണനേട്ടങ്ങളും കോട്ടങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടും. ഇത് ഭരണത്തെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് എന്നാണ് ലീഗിന്റെ നിലപാട്.

കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ണയിച്ചതിന് ശേഷം ലീഗ് നേതാക്കള്‍  
കെഎന്‍എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ണയിച്ചതിന് ശേഷം ലീഗ് നേതാക്കള്‍  

വേങ്ങര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലല്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ്. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പാണ് സര്‍ക്കാരിന്റെ വിലയിരുത്തലാകുക എന്നാണല്ലോ അവര്‍ പറയുന്നത്.

ലീഗിനെതിരെയും യുഡിഎഫിനെതിരേയും എന്തൊക്കെ പ്രചരണങ്ങള്‍ നടത്തിയാലും ലീഗ് സ്ഥാനാര്‍ത്ഥിയെ വിജയിക്കൂ എന്നതുകൊണ്ടാണ് അവര്‍ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന വസ്തുത അംഗീകരിക്കാത്തത്. ആ ബോധ്യം കോടിയേരി ബാലകൃഷ്ണനെപ്പോലുള്ള നേതാക്കന്മാര്‍ക്ക് ഉള്ളതുകൊണ്ടാണ് അവരത് സമ്മതിക്കാത്തത്.

വേങ്ങരയില്‍ ഇത്തവണ ഭൂരിപക്ഷം വര്‍ദ്ധിക്കാനാണ് സാധ്യത. കൂടുതല്‍ ആളുകളും പ്രവാസികളായിട്ടുള്ള മണ്ഡലമാണ് വേങ്ങര. അവര്‍ക്കും കൂടി വോട്ട് ചെയ്യാനുള്ള സാധ്യതയുണ്ടായാല്‍ ഭൂരിപക്ഷം കുത്തനെ കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. വേങ്ങരയില്‍ സിപിഐ(എം) ഒരു പ്രധാനപ്പെട്ട പാര്‍ട്ടിയേ അല്ല. കോണ്‍ഗ്രസും ലീഗും തന്നെയാണ് അവിടത്തെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍. ഒരു മൂന്നാമത്തെ പാര്‍ട്ടിയായി വേണമെങ്കില്‍ സിപിഐഎമ്മിനെ കാണാം.

ലീഗും കോണ്‍ഗ്രസും സിപിഐഎമ്മും എന്ന് പറഞ്ഞ് കാര്യങ്ങളെ ലളിതമായി കാണാന്‍ സാധിക്കുമോ? ബിജെപിയുടെ വളര്‍ച്ച ഒരു വെല്ലുവിളിയല്ലേ?

വേങ്ങരയില്‍ ബിജെപി ഒരിക്കലും വെല്ലുവിളിയല്ല. മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടുണ്ടെങ്കില്‍ ഇത്തവണ വേങ്ങരയില്‍ വോട്ട് കുറയുക തന്നെ ചെയ്യും. ബിജെപി വേങ്ങരയില്‍ ഒരു ഘടകമേയല്ല. കനത്ത തിരിച്ചടിയായിരിക്കും ബിജെപിക്ക് അവിടെ ലഭിക്കുക. അവര്‍ക്ക് നേരത്തെ കിട്ടിയ വോട്ടുപോലും ഇത്തവണ ഉണ്ടാകില്ല. ആ മണ്ഡലത്തെ നന്നായി അറിയാവുന്ന ഒരാളെന്ന നിലയില്‍ എനിക്കിത് ഉറപ്പിച്ച് പറയാനാകും.

വേങ്ങരയില്‍ ഭരണം വിലയിരുത്തപ്പെടും എന്ന് പറയുമ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെക്കുറിച്ച് ലീഗിന് ചില അഭിപ്രായങ്ങളുണ്ട് എന്നും അര്‍ത്ഥമുണ്ടല്ലോ. ഭരണത്തെ നിങ്ങള്‍ വിലയിരുത്തുന്നത് എങ്ങനെയാണ്?

പിണറായി സഖാവ് വന്നപ്പോള്‍ വലിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു. പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ആളാണ്, മതേതരവാദിയാണ് എന്നൊരു ധാരണ ഉണ്ടായിരുന്നല്ലോ. ഇത് ജനങ്ങളുടെ ഇടയിലും ഞങ്ങളുടെ ഇടയിലും ഈ ധാരണ ഉണ്ടായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എന്ത് സംഭവിച്ചെന്ന് മനസിലാകുന്നില്ല. ആര്‍എസ്എസുമായി നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. ആര്‍എസ്എസിനെ നേരിടാന്‍ അവര്‍ പര്യാപ്തമാണ്. പക്ഷേ എന്താ സംഭവിക്കുന്നത്. ഒരുഭാഗത്ത് ആര്‍എസ്എസുമായി പോരാടുമ്പോള്‍ സംഘപരിവാറുമായി അവര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ കേസിലുമുള്ള നടപടികള്‍ പരിശോധിച്ചാല്‍ ഇതറിയാം. മോഹന്‍ ഭാഗവത് വന്നു. പതാക ഉയര്‍ത്താന്‍ സാധിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു. മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തി. ആ കളക്ടറെ മാറ്റി. കേസെടുക്കാമെന്ന് പറഞ്ഞു. എന്നാല്‍ കേസെടുത്തില്ല. മുന്‍ എംഎല്‍എ മൊയിന്‍കുട്ടി പതാക ഉയര്‍ത്തിയപ്പോള്‍ കേസെടുത്തു.

പിന്നീട് ഹാദിയ കേസില്‍ അന്വേഷണത്തിലും ഈ പ്രശ്‌നമുണ്ട്. കേരള പൊലീസിന്റെ അന്വേഷണം ഏതാണ്ട് പൂര്‍ത്തീകരിക്കുന്ന ഘട്ടത്തിലാണ് കേസ് എന്‍ഐഎ ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നതും തീരുമാനിക്കുന്നതും. ശശികല ടീച്ചറെപ്പറ്റി പത്തിലേറെ പരാതികള്‍ വന്നു. അവസാനം വന്ന പരാതിയില്‍ മാത്രമാണ് ഒരു കേസെങ്കിലും എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതേ മതവൈരം പറഞ്ഞിട്ടുള്ള മുസ്ലീം സംഘടനയിലെ ചില ആളുകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംവിധായകന്‍ കമലിന്റെ വീടിന് മുമ്പില്‍ സംഘ്പരിവാര്‍ സമരം നടത്തുന്നു, ഇരുന്നുകൊണ്ട് ദേശീയഗാനം ചൊല്ലുന്നു, പ്രതിഷേധത്തിന്റെ ഭാഗമായി ചൊല്ലുന്നു. ഇതിനൊന്നും കേസില്ല.

കേരളത്തിലെ 34 സ്ഥലങ്ങളില്‍ ആര്‍എസ്എസ് പരസ്യമായി ആയുധപരിശീലനം നടത്തി. കോടിയേരി നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു. മാധ്യമങ്ങളില്‍ ആയുധപരിശീലനത്തിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതില്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നത് വ്യക്തമാണ്. എല്ലാം പരസ്യമായി നടത്തിയിട്ടും ഒരു കേസുപോലും പിണറായി വിജയന്റെ കാലത്ത് ഉണ്ടായില്ല. ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്താന്‍വേണ്ടി ഒരു ബീഫ് ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നതല്ലാതെ എന്താണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ മതേതര വിഭാഗത്തിന്റെ മനസില്‍ മുറിവേല്‍പ്പിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റേത്. ഈ കാര്യത്തില്‍ സംശയമില്ല. സംഘര്‍ഷം സൃഷ്ടിക്കാന്‍ പലതരത്തിലുള്ള കാര്യങ്ങളാണ് ആര്‍എസ്എസ് ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനെ പ്രതിരോധിക്കുകയെങ്കിലും ചെയ്യണം. യൂണിവേഴ്‌സിറ്റികളില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കാണിക്കണം എന്ന് പറയുമ്പോള്‍ പറ്റില്ലെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.

ഇവിടെ ഗവര്‍ണര്‍ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി പോയി. ഗവര്‍ണര്‍ എന്താണ് മുഖ്യമന്ത്രിയോട് പറയുന്നത്; നിങ്ങള്‍ കുമ്മനവുമായി ചര്‍ച്ച നടത്താന്‍. അതുകേട്ട മുഖ്യമന്ത്രി കുമ്മനവുമായി ചര്‍ച്ച നടത്തുകയാണ്. അങ്ങനെയൊരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പ്രതിപക്ഷമാണല്ലോ ആവശ്യപ്പെടുന്നത്. പ്രതിപക്ഷംപോലും പറയാതെ അവര്‍ക്കുവേണ്ടി സര്‍വ്വകക്ഷിയോഗം വിളിച്ചു. ഇങ്ങനെ ഓരോ ഘട്ടത്തിലും അദ്ദേഹം സംഘപരിവാറിന് അടിയറവ് പറയുകയാണെന്നാണ് എന്റെ വാദം. ഇവിടെ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ ഉള്ളതുകൊണ്ട് ഇതൊരു കമ്യൂണിസ്റ്റ് ഭരണമാണെന്ന് പറയാന്‍ പറ്റില്ല എന്നാണ് അദ്ദേഹം പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ചട്ടക്കൂട്ടിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന്. അത് തന്നെയാണ് പ്രശ്‌നം. കേന്ദ്രത്തിന്റെ ചട്ടക്കൂടെന്ന് പറഞ്ഞാല്‍ കുമ്മനം പറയുന്നത് പോലെ, അവരുടെ ആവശ്യംപോലെ ഇവിടെ പ്രവര്‍ത്തിക്കും. അതിന് കുറെ പോലീസ് ഉദ്യോഗസ്ഥന്മാരും കൂട്ടിനുണ്ടാകും. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ഒരു തുറന്ന കത്ത് മുഖ്യമന്ത്രിക്ക് അയച്ചിരുന്നു. അതിന് മറുപടി കിട്ടിയില്ല.

അതുപോലെതന്നെ റേഷന്‍ കാര്‍ഡ് പ്രശ്‌നം, കുടിയേറ്റം, വനം കയ്യേറ്റങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നോക്കിയാലും ഭരണപരാജയം വ്യക്തമാണ്. എതിര്‍ പാര്‍ട്ടിയുടെ ആളെന്ന നിലയിലല്ല ഇത് പറയുന്നത്. സാമാന്യജനം വലിയ പ്രയാസത്തിലാണ്. അനേകമനേകം കാര്യങ്ങളുണ്ട്. അതെല്ലാം ഈ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. ഇതെല്ലാം ജനങ്ങളുടെ മുമ്പില്‍ വെയ്ക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

കുമ്മനത്തിന്റെ കയ്യിലാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിയന്ത്രണം എന്നാണോ പറഞ്ഞുവരുന്നത്?

എന്നല്ല പറയുന്നത്. കുമ്മനത്തിനെതിരെയോ ആര്‍എസ്എസിനെതിരെയോ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പിണറായി വിജയന്റെ പോലീസ് രംഗത്ത് വന്നിട്ടില്ല. ഏതാനും മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് ഈയിടെ അറസ്റ്റ് ചെയ്തിരുന്നല്ലോ. അവരെ, നോര്‍ത്ത് ഇന്ത്യയിലൊക്കെ കാണുന്നതുപോലെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചാണ് പോലീസിന്റെ മുമ്പില്‍ കൊണ്ടുവരുന്നത്. ഇതൊക്കെ നടക്കുന്നുണ്ട്.

 മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നു  
മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നു  

പോലീസിന്റെ സംഘ്പരിവാര്‍ മുഖത്തെക്കുറിച്ച് പലരും ആരോപണം ഉന്നയിച്ചുണ്ട്. അത് തന്നെയാണോ ലീഗും ഉന്നയിക്കുന്നത്?

ഞങ്ങള്‍ പറയുന്നത് ആരോപണമല്ല. വസ്തുതാപരമായ കാര്യമാണ്. കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ സംഘപരിവാറിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു. അതിനെ നിയന്ത്രിക്കാന്‍ പിണറായി വിജയന് സാധിക്കുന്നില്ല. യുഡിഎഫ് ഭരിക്കുന്ന സമയത്ത് കാണാത്ത ഈ കാര്യം എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ കാണുന്നത് എന്തുകൊണ്ടാണെന്ന കാര്യം പരിശോധിക്കേണ്ടതാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിഷ്പക്ഷമായ അന്വേഷണം നടക്കാറുണ്ട്. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അങ്ങനെയൊന്ന് കേട്ടിട്ടുണ്ടോ? പല കേസുകളിലേയും പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട് എന്താണ്?

ഒരുപാട് മാറ്റങ്ങള്‍ പിണറായി വിജയന് വന്നിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. ഈ ഗവണ്‍മെന്റ് സംഘപരിവാറുമായി ഒത്തുകളിക്കുന്നു എന്നതാണ് എന്റെ ആക്ഷേപം. പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് സംഘപരിവാര്‍ മുഖമാണുള്ളത്. ഇത്തരം എല്ലാ കാര്യങ്ങളും തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കും.

കേരളത്തില്‍ ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. അതിനുവേണ്ടി ഓരോ സംസ്ഥാനത്തും അവര്‍ ഓരോ തന്ത്രമാണ് പയറ്റുന്നത്. ഈ സാഹചര്യത്തില്‍ ലീഗിന്റെ പ്രധാന പ്രതിയോഗി ബിജെപിയാണോ സിപിഎമ്മാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നു.

ഈ തിരഞ്ഞെടുപ്പില്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളുടെ നയപരിപാടികളാണ് വിഷയമാക്കുന്നത്. രണ്ട് ഗവണ്‍മെന്റുകളുടെയും പ്രവര്‍ത്തനങ്ങളെ തുറന്ന് കാണിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ബിജെപിക്കെതിരായി യോജിക്കാവുന്ന എല്ലാ മതേതര- ജനാധിപത്യകക്ഷികളും ഒന്നിച്ച് നില്‍ക്കണമെന്നതാണ് ലീഗിന്റെ ദേശീയ കാഴ്ചപ്പാട്. സിപിഐഎമ്മിന് കോണ്‍ഗ്രസ് പറ്റില്ലെന്ന നിലപാടിലാണ്. ബിജെപിയെ എതിര്‍ക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ മതേതര പാര്‍ട്ടികളും എല്ലാ മതേതര മനസ്സുകളും യോജിച്ച് നില്‍ക്കണം എന്ന കാര്യത്തില്‍ ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതിലേക്ക് ഇനി വരേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഇപ്പോഴത്തെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ എതിര്‍ക്കുന്നതിനെക്കുറിച്ച് തീരുമാനിക്കട്ടെ എന്നേ പറയാനുള്ളൂ.

ഇന്ത്യയില്‍ ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാസിസത്തെ തടുക്കാന്‍ എല്ലാ മതേതര പാര്‍ട്ടികള്‍ക്കും പ്രാദേശി പാര്‍ട്ടികള്‍ക്കും ഒരു പൊതുപ്ലാറ്റ്‌ഫോം വേണം. അതുണ്ടാക്കണമെങ്കില്‍ സിപിഐ(എം) ഒരു നിലപാട് പറയണം. അത് നടക്കാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസിലല്ലേ തീരുമാനമെടുക്കാന്‍ സാധിക്കൂ. അപ്പോഴേ കാര്യങ്ങളില്‍ വ്യക്തത വരൂ. ഓരോ പാര്‍ട്ടിയും ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിന്ന് ബിജെപിയെ എതിര്‍ക്കാന്‍ തീരുമാനിച്ചിട്ട് കാര്യമില്ലെന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്.

സാഹിത്യകാരന്‍മാര്‍ക്കെതിരെയും എഴുത്തുകാര്‍ക്കെതിരെയുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും റൊഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ കേന്ദ്രത്തിന്റെ നിലപാടില്‍ പ്രതിഷേധിക്കാനും ലീഗ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രചരണങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തിട്ടുണ്ട്. എല്ലാവരേയും യോജിച്ച് നിര്‍ത്തിയാണ് ഞങ്ങള്‍ പ്രചരണങ്ങള്‍ സംഘടിപ്പിക്കുന്നത്.

മതേതര മുന്നണിയുടെ കാര്യം പറയുമ്പോള്‍ മുസ്ലീം ലീഗ് നേരിടുന്ന മറ്റൊരു പ്രധാനപ്പെട്ട ചോദ്യമാണ് എസ്ഡിപിഐ, എന്‍ഡിഎഫ് തുടങ്ങിയ തീവ്രമുസ്ലിം സംഘടനകളെക്കുറിച്ചുള്ളത്. അതേക്കുറിച്ചുള്ള പാര്‍ട്ടി നിലപാട് എന്താണ്?

ഞങ്ങള്‍ക്ക് പ്രഖ്യാപിത നിലപാടാണ് ഉള്ളത്. എല്ലാ തീവ്രവാദ സംഘടനകളെയും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുകയാണ്. എസ്ഡിപിഐ, എന്‍ഡിഎഫ് തുടങ്ങിയ എല്ലാ സംഘടനകളെയും എതിര്‍ക്കുന്നു. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ബോധവത്കരണ പരിപാടികളും മറ്റും അതിന് ഉദാഹരണമാണ്. വളരെ ശക്തമായ വിയോജിപ്പാണ് അവരോട് ഉള്ളത്. സമൂഹത്തില്‍ അതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരുമായി ബന്ധമുള്ളവര്‍ക്ക് മെംബര്‍ഷിപ്പ് കൊടുക്കരുതെന്ന നിലപാട് ലീഗ് എടുത്തിട്ടുണ്ട്. ഇതൊക്കെ നേരത്തെ എടുത്തിട്ടുള്ള തീരുമാനങ്ങളാണ്. ഇതുവരെ ലീഗ് എസ്ഡിപിഐ, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകളുമായി വേദി പങ്കിട്ടിട്ടില്ല. മുസ്ലീം സംഘടനകളുടെ ഒരു കൂട്ടായ്മയുണ്ട്. അതിലും അവരില്ല.

അവര്‍ ബിജെപിക്കെതിരെ ശബ്ദിക്കുമ്പോള്‍തന്നെ അവരുടെ ഇടയിലെ വര്‍ഗ്ഗീയതവും പ്രധാനമാണല്ലോ. ബിജെപിയുടെ അതേ രീതിയിലാണ് ഇവരും പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഘടനകളുടെ ആരംഭകാലം മുതല്‍തന്നെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ സമൂഹത്തിന് വളരെ അപകടകരമാണ്. ഹിന്ദു വര്‍ഗ്ഗീയതയെ നേരിടാന്‍ വേണ്ടി ഇതുപോലൊരു സംവിധാനം ഉണ്ടാക്കേണ്ട കാര്യമില്ല. ഐഎസ്എസ് ഉണ്ടാക്കിയപ്പോഴും പിഡിപി ഉണ്ടാക്കിയപ്പോഴും ഞങ്ങള്‍ എടുത്ത നിലപാട് ഇതാണ്. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുപോലുള്ള വഴി ശരിയല്ല എന്നുള്ളതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. അത് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറുപ്പക്കാര്‍ക്കിടയില്‍ ഈ പ്രവണത വന്നപ്പോള്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ബാബറി പള്ളിയുടെ തകര്‍ച്ചയോട് കൂടി രൂപപ്പെട്ട ഒരു പ്രവണതയാണിത്. അതിന്റെയൊരു നിരാശയില്‍നിന്ന് ചെറുപ്പക്കാരെ വൈകാരികമായി സംഘടിപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള സംവിധാനമാണ്. അതിനോട് ഞങ്ങള്‍ക്ക് വിയോജിപ്പാണുള്ളത്. ഇത്തരം സംഘടനകളുടെ രൂപപ്പെടല്‍തന്നെ ലീഗിന് വിപ്ലവം പോരാ, പ്രതികരിക്കുന്നില്ല തുടങ്ങിയ വാദങ്ങളുടെ ചുവട് പിടിച്ചാണ്.

കെ എം ഷാജിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം സംബന്ധിച്ച് പാര്‍ട്ടിക്ക് എന്താണ് നിലപാട്?

അങ്ങനെയൊരു വാര്‍ത്ത വന്നു എന്നല്ലാതെ പാര്‍ട്ടിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. പാര്‍ട്ടിയില്‍നിന്ന് നേരത്തെ പുറത്താക്കിയ ഒരാളുടെ പേരിലാണ് വാര്‍ത്ത വന്നതും. ആരോപണം ഉന്നയിച്ചയാളെ പുറത്താക്കുകയല്ല ഉണ്ടായത്. നേരത്തെ പുറത്താക്കിയ ആള്‍ ആരോപണം ഉന്നയിക്കുകയാണ് ചെയ്തത്.

സാമ്പാര്‍ മുന്നണിയെന്ന് ലീഗ് പരിഹസിച്ച ചെറുപാര്‍ട്ടികളുടെ സഖ്യം ഇപ്പോഴും തുടരുന്നുണ്ടല്ലോ. അതിനെക്കുറിച്ച് ലീഗിന്റെ നിലപാടില്‍ മാറ്റമുണ്ടോ?

പ്രാദേശികമായി ലീഗിനെ തോല്‍പ്പിക്കാന്‍ വേണ്ടി പാര്‍ട്ടികള്‍ ഒന്നിച്ച് കൂടിയതാണ് സാമ്പാര്‍ മുന്നണിയെന്ന് ഞങ്ങള്‍ പരിഹസിച്ചത്. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി ചേര്‍ന്ന് നടത്തുന്ന പഞ്ചായത്തുകളുണ്ട്. വേങ്ങര മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ ഒന്നിച്ച് നിന്ന് ഭരണം നടത്തുന്നുണ്ട്. അത് തികച്ചും പ്രാദേശികമായ കൂട്ടുകെട്ടാണ്. അതിനെയാണ് ഞങ്ങള്‍ സാമ്പാര്‍ മുന്നണിയെന്ന് പറയുന്നത്. അത് പൊതുവെ ഉള്ളതാണ്. കുറെയേറെ പരിഹരിക്കാന്‍ സാധിച്ചു. ഒന്ന് രണ്ടിടങ്ങളില്‍ സാമ്പാര്‍ മുന്നണിയുണ്ട്.

പ്രാദേശികമായ കൂട്ടുകെട്ടായതുകൊണ്ട് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി യുഡിഎഫിന്റെ കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പ്രാദേശികമായ തര്‍ക്കങ്ങളും സീറ്റുപ്രശ്‌നങ്ങളും അധികാര വടംവലിയുമാണ് അതിന് പിന്നിലുള്ളത്. അല്ലാതെ ആദര്‍ശവും ആശയവും നോക്കിയല്ല. ഒരു സമയത്ത് ലീഗിന്റെ ആളുകള്‍ സിപിഐഎമ്മുമായി കൂടിയിരുന്നു. അത് ചര്‍ച്ച ചെയ്ത് ഒഴിവാക്കിയതാണ്.