ലിജോ പെല്ലിശേരി അഭിമുഖം: കെജി ജോര്‍ജ്ജ് സാറിനെ സിനിമ കാണിക്കണം, വിജയപരാജയങ്ങള്‍ സമ്മര്‍ദ്ദമാകാറില്ല 

March 15, 2017, 1:29 pm
ലിജോ പെല്ലിശേരി അഭിമുഖം: കെജി ജോര്‍ജ്ജ് സാറിനെ സിനിമ കാണിക്കണം, വിജയപരാജയങ്ങള്‍ സമ്മര്‍ദ്ദമാകാറില്ല 
Interview
Interview
ലിജോ പെല്ലിശേരി അഭിമുഖം: കെജി ജോര്‍ജ്ജ് സാറിനെ സിനിമ കാണിക്കണം, വിജയപരാജയങ്ങള്‍ സമ്മര്‍ദ്ദമാകാറില്ല 

ലിജോ പെല്ലിശേരി അഭിമുഖം: കെജി ജോര്‍ജ്ജ് സാറിനെ സിനിമ കാണിക്കണം, വിജയപരാജയങ്ങള്‍ സമ്മര്‍ദ്ദമാകാറില്ല 

നായകന്‍ മുതല്‍ അങ്കമാലി ഡയറീസ് വരെയുള്ള സിനിമകളിലൂടെ മലയാളികളുടെ ആസ്വാദനത്തെ നവീകരിക്കാന്‍ ശ്രമിച്ച ചലച്ചിത്രകാരനാണ് ലിജോ ജോസ് പെല്ലിശേരി. ദൃശ്യശൈലിയിലും സാങ്കേതിക പരിചരണത്തിലുമുള്ള അതുല്യമായ കയ്യടക്കത്താല്‍ ലിജോ ജോസ് പെല്ലിശേരിയുടെ സിനിമകള്‍ ഓരോ ഘട്ടത്തില്‍ ആസ്വാദകരെ അമ്പരപ്പിക്കാറുമുണ്ട്. ലിജോ പെല്ലിശേരിയുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം

അങ്കമാലി എന്ന നാടിനോടുള്ള പരിചിതത്വമാണോ ചെമ്പന്‍ പറഞ്ഞ കഥയിലുള്ള ലോക്കല്‍ ഗാംഗ്‌സ്റ്റര്‍ സിനിമയുടെ സാധ്യതയാണോ അങ്കമാലി ഡയറീസ് ചെയ്യാന്‍ തീരുമാനിച്ചതിന് കാരണം?

മുന്‍നിശ്ചയ പ്രകാരം ചെയ്‌തൊരു സിനിമയായിരുന്നില്ല അങ്കമാലി ഡയറീസ്. ഗാംഗ്സ്റ്റര്‍ സിനിമ എടുക്കാമെന്നൊന്നും ആലോചിച്ചിരുന്നില്ല. അങ്ങനെ കൃത്യമായ genre സിനിമയ്ക്കുമില്ല. ഒരു പാട് സംഭവങ്ങള്‍ കൂട്ടിയിണക്കി ഒരു നാടിനെ പരിചയപ്പെടുത്താനാണ് ശ്രമിച്ചത്. അവിടെയുള്ള ജീവിതരീതി, ഭക്ഷണരീതി, കുറ്റകൃത്യത്തോടുള്ള സമീപനം, നാടന്‍ പാട്ടുകളുടെ അങ്ങനെ ഒരു നാടിന്റെ സ്വത്വമായി വരച്ചെടുക്കാനാകുന്ന പല സംഗതികളിലൂടെ സിനിമ അവതരിപ്പിക്കാനാണ് ആഗ്രഹിച്ചത്. കുറേ മുമ്പ് ചെമ്പന്‍ പലപ്പോഴായി പറഞ്ഞ അനുഭവങ്ങളും, സംഭവങ്ങളുമൊക്കെ ചേര്‍ന്നാണ് സിനിമ ഉണ്ടായത്. ഏത് genre ല്‍ ആയിരിക്കണമെന്ന് നേരത്തെ ചിന്തിച്ചിരുന്നില്ല. ഒരു പാട് എഴുതിയിരുന്നു ചെമ്പന്‍. ചെമ്പന്‍ കേട്ടതും കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ആയതിനാല്‍ അദ്ദേഹം തന്നെ ചെയ്താല്‍ നന്നായിരിക്കുമെന്നാണ് തോന്നിയത്. ചെമ്പനോട് സംവിധാനം ചെയ്യൂ, അതാവും നല്ലതെന്ന് പറഞ്ഞു. ഞാന്‍ ആ ഘട്ടത്തില്‍ വേറൊരു പ്രൊജക്ടിന്റെ തിരക്കിലായി. പക്ഷേ സിനിമ കറങ്ങിത്തിരിഞ്ഞ് എന്റെയടുത്തെത്തി.

നായകന്‍ ഇറങ്ങിയ സമയത്ത് ലിജോയോട് സംസാരിച്ചപ്പോള്‍ സാമ്പ്രദായിക ഫോര്‍മുലകളെ കയ്യടിച്ച് വരവേല്‍ക്കുന്ന പ്രേക്ഷകഭൂരിപക്ഷത്തിന് മുന്നിലേക്ക് വേറിട്ടൊരു സിനിമയുമായി എത്തിയ സംവിധായകനായിരുന്നു നിങ്ങള്‍, അഞ്ചാമത്തെ സിനിമയിലെത്തുമ്പോല്‍ ഇത്തരം മാറ്റങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന, അതിന് കയ്യടിക്കുന്ന ആസ്വാദകരെ കൂടുതലായി കിട്ടിയിരിക്കുന്നു?

ആസ്വാദന ശീലത്തെ പുതുക്കിയെടുക്കാന്‍ ഒരു പാട് പേര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് നായകനില്‍ നിന്ന് അങ്കമാലി ഡയറീസിലെത്തുമ്പോള്‍ പ്രേക്ഷകരുടെ എണ്ണക്കൂടുതല്‍ ഉണ്ടാകാനുള്ള കാരണം. സാമ്പ്രദായിക രീതികളെ അട്ടിമറിച്ച് കുറേ സിനിമകള്‍ വന്നതിനൊപ്പം തന്നെ അത് മാറ്റമായി ഉള്‍ക്കൊള്ളാനുള്ള ചലച്ചിത്ര സാക്ഷരത പ്രേക്ഷകരിലും ഉണ്ടായി. ഞാനും ആഗ്രഹിക്കുന്നുണ്ട്, നമ്മുടെ അയല്‍വക്കത്തും രാജ്യത്തിന് പുറത്തുമുള്ള സിനിമകളില്‍ സംഭവിക്കുന്നത് പോലെ ഈ മീഡിയത്തിലുണ്ടാകുന്ന പുതിയ ചലനങ്ങളും മാറ്റങ്ങളും പരീക്ഷണങ്ങളുമൊക്കെ നമ്മുടെ സിനിമയിലും ഉണ്ടാകണമെന്ന്, പലര്‍ക്കുമൊപ്പം ഞാനും അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്. സാമ്പ്രദായികതയെ നിരാകരിച്ചുകൊണ്ടുളള ഒരു വിസ്‌ഫോടനം ചലച്ചിത്രരംഗത്ത് സംഭവിക്കുന്നുണ്ട്, അതിലേക്ക് പ്രേക്ഷകര്‍ക്ക് എളുപ്പമെത്തിച്ചേര്‍ന്നിട്ടുണ്ട്, കാരണം അവര്‍ എല്ലാ ഭാഷകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമ കണ്ടുകൊണ്ടിരിക്കുന്നവരാണ്. എന്തുകൊണ്ട് ഇത്തരം ശ്രമങ്ങള്‍ സിനിമയില്‍ നടക്കുന്നില്ല എന്നത് എല്ലാവരുടെയും ചിന്തയാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച സൃഷ്ടികള്‍ സംഭാവന ചെയ്യുന്ന ചലച്ചിത്രമേഖലയായിരുന്നു ഒരു കാലത്ത് മലയാളം. അവിടെ നിന്ന് എപ്പോഴൊക്കെയോ നിലവാരത്തകര്‍ച്ചയിലേക്ക് നമ്മുടെ സിനിമ എത്തിയിട്ടുണ്ട്. അവിടെ നിന്ന് മുന്നേറാനുള്ള ശ്രമം പലരും പ്രേക്ഷകരും ചലച്ചിത്രകാരന്‍മാരും ഒരു പോലെ നടത്തുന്നുണ്ട്. ആ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഇത്തരം സിനിമകള്‍ക്കുള്ള സ്വീകാര്യത. അത് പൂര്‍ണവിജയത്തിലെത്തിയിട്ടില്ല, മികച്ച എത്രയോ സിനിമകള്‍ പ്രേക്ഷകര്‍ കാണാതെ പോകുന്നുണ്ട്. ഇതൊക്കെ സംഭവിക്കുന്നുണ്ട് ഇതിനിടയില്‍.

നായകനെ കേന്ദ്രീകരിച്ചുള്ള കഥ പറച്ചില്‍ അല്ല ലിജോയുടെ മിക്ക സിനിമകളും, നവതലമുറ സിനിമകള്‍ക്ക് പഥ്യമായ ഹൈപ്പര്‍ലിങ്ക് നരേറ്റീവിനും, പലരിലൂടെയുള്ള ആഖ്യാനത്തിനുമാണ് ശ്രമിച്ചിട്ടുള്ളത്.?

മുന്‍ധാരണകളോടെയല്ല ഞാന്‍ ഓരോ സിനിമയെയും സമീപിക്കുന്നത്. ഓരോ സിനിമകളും ആവശ്യപ്പെടുന്ന പരിചരണമാണ് ചെയ്ത എല്ലാ സിനിമകളുടേതും. അങ്കമാലി ഡയറീസില്‍ വിന്‍സന്റ് പെപ്പെ സിനിമയുടെ കേന്ദ്രകഥാപാത്രമാണെങ്കിലും ആ നാടിന്റെ കഥയാണ് സിനിമ. ഇറച്ചി വെട്ടുന്ന തൊണ്ടങ്ങ ജോസും പോര്‍ക്ക് വര്‍ക്കിയും ചുറ്റുംനില്‍ക്കുന്നവരുമെല്ലാം ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. നായകനെ മാത്രം കേന്ദ്രീകരിച്ച് നീങ്ങുന്ന സിനിമകളോടല്ല എനിക്കും താല്‍പ്പര്യം. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു പാട് സിനിമകളും അത്തരത്തില്‍ ഉള്ളതാണ്.

 ലിജോ പെല്ലിശേരി
ലിജോ പെല്ലിശേരി

ഡബിള്‍ ബാരല്‍ പൃഥ്വിരാജും ആര്യയും തുടങ്ങി വമ്പന്‍ താരനിര ഉള്ള സിനിമയായിരുന്നു. ഗാംഗ്‌സ് സ്പൂഫ് പരീക്ഷണമായ ചിത്രം ബോക്‌സ് ഓഫീസില്‍ നേരിട്ട തിരിച്ചടി ഇത്രയേറെ പുതുമുഖങ്ങളെ അണിനിരത്തി ഒരു ചിത്രമെടുക്കാന്‍ കാരണമായോ? അടുത്ത സിനിമ ബോക്‌സ് ഓഫീസില്‍ വിജയിക്കുന്നതാകണം എന്നൊരു വെല്ലുവിളി വ്യക്തിപരമായി മുന്നിലുണ്ടായിരുന്നോ?

ഒരിക്കലുമില്ല, അങ്ങനെയൊരു തീരുമാനത്തിന് പുറത്ത് ചെയ്തതല്ല അങ്കമാലി ഡയറീസ്. ഒരു വലിയ സിനിമയുടെ പരാജയത്തിന്റെ സമ്മര്‍ദ്ദത്തില്‍ നമ്മള്‍ വീണുപോകാതിരിക്കുക എന്നേയുള്ളൂ. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍, സിനിമ ഉണ്ടായ കാലം മുതല്‍ വിജയപരാജയങ്ങളുടെ കാര്യത്തില്‍ അതിനൊരു ഗാംബ്ലിംഗ് സ്വഭാവമുണ്ട്. ഒരു പാട് പേരുടെ പ്രയത്‌നം എന്നത് പോലെ ഒരു പാട് പണവും ഇന്‍വോള്‍വ്ഡ് ആണ്. അത് മാത്രം പ്രൈം ഫോക്കസാക്കി വച്ചുകൊണ്ട് ഒരു സിനിമയെയും സമീപിക്കാനാകില്ല. മുമ്പ് സംഭവിച്ച നാല് സിനിമകളില്‍ നിന്ന് വ്യത്യസ്ഥമായ ഒരു നേട്ടം ഈ സിനിമയ്ക്കുണ്ടായിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടം ഒരു സമയപരിധിയുണ്ടാക്കി അതിനകം തീര്‍ക്കുക എന്ന ഉത്തരവാദിത്വമാണ് മുമ്പ് ഉണ്ടായിരുന്നത്. അത് ഇന്‍ഡസ്ട്രി നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. നേരത്തെ ഒരു റീലീസ് തിയതി തീരുമാനിച്ച അതിലേക്ക് എത്താന്‍ ഓടിപ്പിടിച്ച് എല്ലാം ചെയ്യേണ്ടിവരികയാണ്. തിയറ്ററുകളില്‍ എങ്ങനെയെങ്കിലും നിശ്ചയിച്ച തീയതിയില്‍ സിനിമ എത്തിക്കുക എന്നതാണ് നോക്കുന്നത്. മുറവിളി കൂട്ടാതെ പോസ്റ്റ് പ്രൊഡക്ഷന് കൃത്യമായ സമയം കൊടുത്ത്, ആലോചനയ്ക്കും പുനരാലോചനയ്ക്കുമെല്ലാം വേണ്ടത്ര സമയം ലഭിച്ച, ചലച്ചിത്രകാരന് പൂര്‍ണത അനുഭവപ്പെടുന്ന ഘട്ടത്തില്‍ സിനിമ പ്രേക്ഷകരിലെത്തിക്കുകയാണ് വേണ്ടത്.

സിനിമ എപ്പോള്‍ തീരുന്നോ അപ്പോള്‍ റിലീസ് ചെയ്യാമെന്നായിരുന്നോ തീരുമാനം?

പോസ്റ്റ് പ്രൊഡക്ഷന് നമ്മള്‍ കുറച്ചുകൂടെ സമയം കൊടുക്കേണ്ടതുണ്ട്. എത്രയോ പേരുടെ പ്രയത്‌നമാണ്. സിനിമയുടെ പൂര്‍ണത ഉറപ്പായും സംഭവിക്കണം. ഉദ്ദേശിച്ച രീതിയിലാണോ സിനിമ സംഭവിച്ചിരിക്കുന്നത് എന്നതില്‍ ടീമിന് പൂര്‍ണ ബോധ്യം ഉണ്ടയാതിന് ശേഷമായിരിക്കണം റിലീസ്. തുടര്‍ന്ന് പ്രേക്ഷകരില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങളെ നേരിടാനും തയ്യാറാകണം. പോസ്റ്റ് പ്രൊഡക്ഷന്‍ തൃപ്തികരമായി പൂര്‍ത്തിയാക്കാനായില്ലെന്നോ എതെങ്കിലും ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ പൂര്‍ണത വരുത്താനായില്ലെന്നോ പ്രേക്ഷകരോട് ന്യായവാദങ്ങള്‍ ഉന്നയിക്കാന്‍ നമ്മുക്ക് അവകാശമില്ല. മിക്കപ്പോളും പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് നമ്മുക്ക് ഉത്തരങ്ങളില്ല. ഇത്ര സമയത്തിനുള്ളില്‍ സിനിമ തീര്‍ത്ത് തിയറ്ററുകളിലെത്തിക്കണം എന്ന സമ്മര്‍ദ്ദം അങ്കമാലി ഡയറീസില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല. എപ്പോഴാണോ സിനിമ പൂര്‍ണ തൃപ്തികരമായി പൂര്‍ത്തിയാക്കാനാകുന്നത് അതിന് ശേഷമായിരിക്കും റിലീസ് എന്ന തീരുമാനത്തിലേക്ക് ആദ്യമേ തന്നെ ഞാനും നിര്‍മ്മാതാവ് വിജയ് ബാബുവും എത്തിയിരുന്നു. അതിന് പൂര്‍ണ പിന്തുണ വിജയ് ബാബു നല്‍കി. ഒരു ഘട്ടത്തിലും നിര്‍മ്മാതാവ് എന്ന നിലയ്ക്കുള്ള സമ്മര്‍ദ്ദം അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. ഫൈനല്‍ ഔട്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ശേഷം തൃപ്തിയായതിന് ശേഷമാണ് സിനിമ തിയറ്ററുകളിലെത്തിയത്. ഇക്കാര്യത്തില്‍ നമ്മുക്ക് ആരെയും കുറ്റപ്പെടുത്താനാകില്ല, തിയറ്ററുകളില്‍ നിന്നും വിതരണക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദമാവാം നേരത്തെ നിശ്ചയിച്ച റിലീസ് ഡേറ്റിലേക്കുള്ള ഓട്ടമായി പോസ്റ്റ് പ്രൊഡക്ഷന്‍ മാറാന്‍ കാരണം. പ്രേക്ഷകന്‍ കാശ് മുടക്കുന്നു, ടിക്കറ്റെടുക്കുന്നു, സിനിമ കാണുന്നു, പോസ്റ്റ് പ്രൊഡക്ഷനില്‍ സമയം കിട്ടാത്തതുകൊണ്ടുള്ള കുഴപ്പമാണെന്നൊക്കെ അവരോട് പറയാന്‍ നമ്മുക്ക് അവകാശമില്ല.

റിയലിസ്റ്റിക് അവതരണമായിരുന്നല്ലോ അങ്കമാലിയുടേത്, 86 പുതുമുഖങ്ങള്‍. ഇവരെ ക്യാമറയ്ക്ക് മുന്നിലേക്ക് കഥാപാത്രങ്ങളായി എത്തിച്ച പ്രോസസ് എങ്ങനെയായിരുന്നു. സ്വാഭാവികമായാണ് മിക്ക കഥാപാത്രങ്ങളുടെയും പ്രകടനം അനുഭവപ്പെട്ടതും.

ഫിലിം മേക്കിംഗ് എന്ന പ്രോസസ് അവരതില്‍ കണ്ടില്ല, കുറച്ചു കൂടി വിശദീകരിച്ച് പറഞ്ഞാല്‍ ഒരു സിനിമ ഞങ്ങള്‍ക്ക് ചുറ്റും നടക്കുകയാണ് എന്നതിനെക്കുറിച്ചും അതിന്റെ സാങ്കേതിക പ്രക്രിയകളെകുറിച്ചും കോണ്‍ഷ്യസ് ആകാതെ അവരെല്ലാം സിനിമയുടെ ഭാഗമായി. എല്ലാവരെയും ക്യാമറയ്ക്ക് മുന്നില്‍ കംഫര്‍ട്ടബിളാക്കുകയാണ് ആദ്യം ചെയ്തത്. അവര്‍ ഭാഗമാകുന്ന സിനിമയുടെ രൂപവും രീതിയും അവരെ ഇരുത്തി ചര്‍ച്ച ചെയ്തു. അതിന് വേണ്ടി ഒരു പ്രാഥമിക പരിശീലനം ഒരു വര്‍ക്ക് ഷോപ്പിലൂടെ നല്‍കി. പരസ്പരം പരിചയപ്പെടുക, അവര്‍ക്കിടയില്‍ ഒരു രസതന്ത്രം രൂപപ്പെടുത്തുക എന്നതും ഐസ് ബ്രേക്കിംഗ് എന്ന രീതിയിലുമായിരുന്നു വര്‍ക്ക് ഷോപ്പ്, ആക്ട് ലാബിലെ സജീവ്, ഗോപന്‍ ചിദംബരം സാര്‍, പി എഫ് മാത്യൂസ് സര്‍ തുടങ്ങിയവരൊക്കെ വര്‍ക്ക് ഷോപ്പില്‍ ഇവരുമായി സംസാരിച്ചു. ഇതൊരു വലിയ പ്രയത്‌നമായി ഫീല്‍ ചെയ്യിക്കാതെ സ്‌ക്രിപ്ടുമായി അടുപ്പമുണ്ടാക്കി. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴും അവരെല്ലാം സ്വാഭാവികമായി എത്തി. ഒരുപാട് ലൈറ്റിംഗ് ഒക്കെ ക്രമീകരിച്ച് ഷൂട്ട് ചെയ്യുന്നു എന്ന് തോന്നലുണ്ടാക്കാതെ ദൈനം ദിന ജീവിതത്തില്‍ ഇടപെടുന്നത് പോലെ കഥാപാത്രങ്ങളായവരില്‍ ഒരു ബോധ്യം ഉണ്ടാക്കിയെടുത്തു. സിനിമയുടെ പരിചരണ രീതിയും ഇതിനെ പിന്തുണയ്ക്കുന്നതായിരുന്നു. ഓരോ ഷോട്ടും ബ്രേക്ക് ചെയ്ത് അടുത്തതിലേക്ക് പോകുന്നതല്ലാതെ മിക്കവാറും ലോംഗ് ഷോട്ടുകളിലേക്ക് പോവും. അവര്‍ക്കൊന്നും തന്നെ ഷൂട്ടിംഗിന്റെ അനുഭവമായിരിക്കില്ല. ആക്ഷനും റിയാക്ഷനും നാച്വറലായി സംഭവിക്കും. തിയറ്റര്‍ പശ്ചാത്തലമുളളവര്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും ആദ്യമായി അഭിനയിക്കുന്നവരാണ്. അഭിനയം എന്ന പ്രക്രിയ എന്താണെന്ന് അറിയാത്തവരുണ്ട്. നമ്മള്‍ പറയുന്നത് അവര്‍ ഫോളോ ചെയ്യുന്നു, ഇംപ്രവൈസേഷനൊക്കെ അവര്‍ക്കിടയില്‍ സ്വാഭാവികമായി നടക്കുന്നുണ്ടായിരുന്നു.

 ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും 
ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും 

നിയതമായ ഒരു കഥാരൂപം എല്ലാ സിനിമയില്‍ വേണെന്ന് വാശി പിടിക്കാറില്ലെന്ന് ലിജോ മുമ്പ് സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു. പൂര്‍ണമായൊരു സ്‌ക്രിപ്ടിനെ ഫോളോ ചെയ്താണോ അങ്കമാലി ഡയറീസ് ഉണ്ടാക്കിയത്.

ഡബിള്‍ ബാരലില്‍ ആണെങ്കിലും അങ്കമാലി ഡയറീസില്‍ ആണെങ്കിലും പൂര്‍ണരൂപത്തില്‍ ഉള്ള സ്‌ക്രിപ്ട് ഉണ്ടായിരുന്നു. അത്തരത്തില്‍ പൂര്‍ണരൂപത്തിലുള്ള ഡ്രാഫ്റ്റ് കയ്യില്‍ ഇല്ലാതെ സിനിമ ചെയ്യാന്‍ ആത്മവിശ്വാസമുള്ള സംവിധായകന്‍ അല്ല ഞാന്‍. എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് വ്യക്തമായ ധാരണ ഇല്ലാതെ എനിക്ക് ഷൂട്ട് ചെയ്യാനാകില്ല. ചിത്രീകരണ ഘട്ടത്തിലും തുടര്‍ന്നുമെല്ലാം ഒരുപാട് ഇംപ്രവൈസേഷന്‍ ഉണ്ടായിട്ടുണ്ട്. ഓരോ സീനിലും ഇംപ്രവൈസേഷനുണ്ടാകും. ഓരോ ദിവസവും ഷൂട്ട് ചെയ്യുമ്പോള്‍ അതില്‍ ഉള്‍പ്പെടുന്ന ആക്ടേഴ്‌സില്‍ നിന്നും ഇംപ്രവൈസേഷന്‍ വരാം. പക്ഷേ അത് നമ്മള്‍ ഓള്‍റെഡി രൂപപ്പെടുത്തിയ സിനിമയുടെ ഘടനയോട് ചേര്‍ന്നുപോകുന്നതാകണമെന്ന് മാത്രം. അങ്ങനെ ടോട്ടല്‍ ടീമിന്റെ ഇന്‍പുട്ട് പല ഘട്ടങ്ങളിലായി സിനിമയെ രൂപപ്പെടുത്തുന്നതിന് സഹായകമായിട്ടുണ്ട്.

അങ്കമാലി ഡയറീസ് 
അങ്കമാലി ഡയറീസ് 

ലിജോ തന്നെ ഷോ ബിസിനസ് എന്ന നിലയില്‍ സിനിമയ്ക്ക് ഗാംബ്ലിംഗ് സ്വഭാവമുണ്ടെന്ന് നേരത്തെ പറഞ്ഞു. ഇത്രയേറെ പുതുമുഖങ്ങള്‍,സാമ്പത്തിക വിജയത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നോ?

എല്ലാ മേഖലയിലും തുടക്കക്കാരെ അണിനിരത്തിയുള്ള ചിത്രം എന്നത് എല്ലാ കാലത്തും ഉള്ള ആഗ്രഹമായിരുന്നു. പക്ഷേ അങ്ങനെ ആവശ്യപ്പെടുന്ന ഒരു സബ്ജക്ട് കിട്ടാനായിരുന്നു കാത്തിരിപ്പ്. ഞാന്‍ നേരത്തെ ചെയ്ത ഏതെങ്കിലും സ്‌ക്രിപ്ടിലേക്ക് ഇതൊന്നും തള്ളിക്കയറ്റാനാകില്ല. ഒരു പാട് സവിശേഷതകള്‍ ഉള്ള ഒരു നാടിന്റെ കഥയാണ് അങ്കമാലി ഡയറീസ്. ഒരാളുടെ കഥയല്ല ഒരു ദേശത്തിന്റെ കഥയാണ്. വലിയ സിനിമയല്ല, കൊച്ചു സിനിമയാണ്. ഇതുപോലെ കാന്‍ഡിഡ് ആയ സിനിമയ്ക്ക് എല്ലാം തുടക്കക്കാര്‍ എന്ന പരീക്ഷണം ആവാം. അത് പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാനാകും. പരിചിതരായ ഒരു പാട് താരങ്ങള്‍ വന്നാല്‍ അത് അങ്കമാലിയുടെ കഥയാകില്ല, ആര്‍ട്ടിസ്റ്റുകളുടെ പടമാകും. ഈ സിനിമയില്‍ അഭിനയിച്ചവരുടെ പേരുകളെക്കാള്‍ കഥാപാത്രങ്ങളാകും പിന്നീട് ഓര്‍ക്കപ്പെടുക. പിന്നെ, റിക്‌സ് ഫാക്ടര്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉറപ്പായും ഉണ്ട്. അത് പക്ഷേ എല്ലാ സിനിമയിലും ഉള്ള റിസ്‌ക് ഫാക്ടര്‍ ആണ്.കെ ജി ജോര്‍ജ്ജ്
കെ ജി ജോര്‍ജ്ജ്

അഞ്ച് genre ആണ് ഇതുവരെ ചെയ്ത അഞ്ച് സിനിമകളും, തൊട്ടുമുമ്പ് ചെയ്ത സിനിമകളുടെ ഗണത്തിലാവരുത് അടുത്ത ചിത്രമെന്ന നിര്‍ബന്ധം ലിജോയ്ക്കുണ്ട്. സ്റ്റാന്‍ലി കുബ്രിക്കിനെയും കെ ജി ജോര്‍ജ്ജിനെയുമാണ് ഇക്കാര്യത്തില്‍ ലിജോ മാതൃകകളായും പ്രചോദനമായും പറയാറുള്ളത്. ഇവരുടെ സ്വാധീനം ഫിലിംമേക്കര്‍ എന്ന നിലയില്‍ എത്തരത്തിലാണ്

കുബ്രിക്കും ജോര്‍ജ്ജ് സാറും ചെയ്ത ഓരോ സിനിമകളും നോക്കൂ, ഒരു ചലച്ചിത്രകാരന്‍ പ്രചോദിത വ്യക്തിത്വമായി നമ്മളില്‍ എല്ലാകാലത്തേക്കും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് അവര്‍ പിന്തുടര്‍ന്ന, പ്രാവര്‍ത്തികമാക്കിയ സൃഷ്ടികളുടെ സവിശേഷതയാലാണ്. ഓരോ സിനിമയും ഓരോ വെല്ലുവിളികളാക്കി, പ്രതികൂല സാഹചര്യങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് തന്നെ ഓരോ സിനിമകളെയും സമീപിച്ചവരാണ് ഇവര്‍ രണ്ടുപേരും. പരാജയങ്ങളിലൂടെയും പ്രതികൂല സാഹചര്യങ്ങളിലൂടെയും തന്നെയാണ് ഇവര്‍ മുന്നോട്ട നീങ്ങിയത്. എന്നാല്‍ പരാജയം മുന്‍നിര്‍ത്തി അവര്‍ വിട്ടുവീഴ്ചയ്ക്ക് മുതിര്‍ന്നിട്ടില്ല. അവര്‍ അതുവരെ പിന്തുടര്‍ന്ന രീതിയില്‍ നിന്ന് വ്യതിചലിപ്പിച്ച് എല്ലാവരെയും തൃപ്തരാക്കുന്ന സിനിമ ചെയ്യാമെന്ന് തീരുമാനിച്ചിട്ടില്ല. സിനിമ ചെയ്ത കാലമത്രയും അവര്‍ ഈ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. ലോകത്ത് രണ്ട് കോണില്‍ ജീവിച്ചിരുന്നവരായിരുന്നു എന്ന് മാത്രം. ഈ രണ്ട് പേരുടെയും സിനിമയോടുള്ള സമീപനവും, ആസ്വാദകരുടെ സമീപനവും, ഭാവിയോടുള്ള സമീപനവും ഏതാണ്ട് ഒരു പോലായിരുന്നു.

കെ ജി ജോര്‍ജ്ജിനെ സിനിമകള്‍ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

ആമേന്‍ ജോര്‍ജ്ജ് സാറിനെ കാണിച്ചിരുന്നു. അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അങ്കമാലീ ഡയറീസ് അദ്ദേഹത്തെ കാണിക്കണമെന്നാണ് ആഗ്രഹം.എമിര്‍ കുസ്തുറിക്ക
എമിര്‍ കുസ്തുറിക്ക

എമിര്‍ കുസ്തുറിക്ക ലിജോയെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്, അദ്ദേഹത്തിന്റെ ഒരു ചലച്ചിത്ര പ്രപഞ്ചം, ആഖ്യാനരീതികള്‍, സിനിമയോടുള്ള സമീപനമൊക്കെ?

ആമേന്‍ മുമ്പ് ഞാന്‍ കുസ്തുറിക്കയുടെ ബ്ലാക്ക് ക്യാറ്റ്, വൈറ്റ് കാറ്റ് ആണ് കണ്ടിരുന്നത്. അത് മുഴുവനായി കണ്ടിരുന്നില്ല. പകുതിയേ അന്ന് കണ്ടിരുന്നുള്ളൂ. ആമേന്‍ കഴിഞ്ഞപ്പോള്‍ ആ സിനിമയുടെ ട്രീറ്റ്‌മെന്റ് കുസ്തുറിക്കയുടെ പരിചരണ രീതികളോട് അടുപ്പമുളളതാണെന്ന് പറഞ്ഞ് ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ മുഴുവന്‍ സിനിമകളും കൊണ്ടുതന്നത്. ഉറപ്പായു കാണണമെന്നും പറഞ്ഞു. വിചിത്രമായ ഒരു സ്‌റ്റൈലുണ്ട് അദ്ദേഹത്തിന്. ചില ട്രീറ്റ്‌മെന്റുകള്‍, സൂക്ഷ്മത, അദ്ദേഹത്തിന്റെ പരിചരണ രീതി, സംഗീതവും താളവുമൊക്കെ സമന്വയിപ്പിച്ചുള്ള കഥ പറച്ചില്‍, വല്ലാതെ അത്ഭുതപ്പെടുത്തുന്ന ചലച്ചിത്രകാരനാണ് കുസ്തുറിക്ക. എന്നെങ്കിലും കുസ്തുറിക്ക ചെയ്തത് പോലൊരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്.

ദൃശ്യശ്രാവ്യ മാധ്യമം എന്ന നിലയില്‍ സിനിമയില്‍ വലിയ പരീക്ഷണത്തിന് നില്‍ക്കാതെ സംസംഭാഷണ കേന്ദ്രീകൃതമായി കഥ പറയുന്നതാണ് നമ്മുടെ കൂടുതലും സിനിമകള്‍. ലിജോ ദൃശ്യശൈലിയിലും സാങ്കേതിക പരിചരണത്തിലും സംഗീതത്തിലുമെല്ലാം പരീക്ഷണങ്ങള്‍ക്ക് മുതിരാറുണ്ട്.?

ഒരു സിനിമയുടെ സ്‌ക്രിപ്ട് വായിക്കുമ്പോ എനിക്ക് കഥയുടെ വിഷ്വലിനൊപ്പം സൗണ്ടും മനസ്സില്‍ വരാറുണ്ട്. കഥ വായിക്കുമ്പോള്‍ അതിനൊപ്പമുള്ള സംഗീതവുമൊക്കെ എന്താണ് മനസില്‍ വരുന്നതെന്ന് നോക്കാറുണ്ട്. പ്രശാന്ത് പിള്ളയോട് മ്യൂസിക്കിനെക്കുറിച്ച് പറയുമ്പോള്‍ എനിക്കറിയാവുന്ന രീതിയില്‍ ഇത്തരത്തിലുള്ള സംഗീതമാണ് എന്റെ മനസ്സിലുള്ളതെന്ന് വിശദീകരിക്കും. അത് മനസിലാക്കാന്‍ പ്രശാന്തിനുമാകും. എന്റെ സംഗീത ബോധ്യം കൊണ്ടല്ല എന്നോടുള്ള അടുപ്പം കൊണ്ടാണ് പ്രശാന്തിന് മനസിലാക്കിയെടുക്കാനാകുന്നത്. എല്ലാ ടെക്‌നിക്കല്‍ ആസ്‌പെക്ട്‌സും ഇങ്ങനെയാണ്. മനസില്‍ വരുന്ന ദൃശ്യഭാഷയും താളവുമൊക്കെ ഒപ്പമുള്ള ടെക്‌നീഷ്യന്‍സിനോട് പറയും. അവരാണ് അത് സാധ്യമാക്കുന്നത്. ഞാന്‍ ഒരു വിഷന്‍ പങ്കുവയ്ക്കുകയാണ്. അവരത് യാഥാര്‍ത്ഥ്യമാക്കി തരുന്നു. ഒരു പോലെ യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയിലാണ് അത് സംഭവിക്കുന്നത്. പിന്നെ മനസിലുള്ളത്, ആഗ്രഹിക്കുന്നത് നടപ്പാക്കിയെടുക്കാന്‍ ഞാനവര്‍ക്ക് മുന്നില്‍ വാശി പിടിക്കാറുണ്ട്. ഓരോ സിനിമയും പൂര്‍ണത അനുഭവപ്പെത്തുന്ന തരത്തിലാവണം പ്രേക്ഷകരിലെത്താന്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.

നമ്മളെ പ്രചോദിപ്പിച്ച സിനിമകളുടെ സ്റ്റൈല്‍ തന്നെയാണ് ആദ്യം പിന്തുടര്‍ന്നിട്ടുണ്ടാവുക. വായിച്ച പുസ്തകം, കേട്ട പാട്ട്, കാണുന്ന ആളുകള്‍, ചുറ്റുപാട് എന്ന പോലെ ഇത്തരം സിനിമകളും നമ്മളെ സ്വാധീനിച്ചിട്ടുണ്ടാകും.

താരകേന്ദ്രീകൃതമാണ് മിക്കപ്പോഴും വാണിജ്യസിനിമ, ആഘോഷിക്കപ്പെടുന്നതും പിന്നീട് ചര്‍ച്ച ചെയ്യുന്നതും നായകനായ താരത്തെ കേന്ദ്രീകരിച്ചാണ്. സംവിധായകനില്‍ നിന്ന് താരങ്ങളിലേക്ക് ചുരുങ്ങിപ്പോയ സിനിമ വീണ്ടും ചലച്ചിത്രകാരനിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ദിലീഷ് പോത്തനും,രാജീവ് രവിയും ആഷിക് അബുവും താങ്കളുമെല്ലാം അതിന് നിര്‍ണായക പങ്കുവഹിച്ചിട്ടുമുണ്ട്?

സിനിമ സംവിധായകന്റെ കലയാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരാളുടെ ഒരു വിഷനിലേക്കാണല്ലോ ബാക്കിയെല്ലാവരും പങ്കുചേരുന്നത്. രണ്ട് വിഷനും രണ്ട് അഭിപ്രായവുമായി ഒരു സിനിമ ചെയ്യാനാകില്ല. അത് രണ്ട് സിനിമയാകും. ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സുമെല്ലാം സംവിധായകന്‍ രൂപകല്‍പ്പന ചെയ്യുന്ന സിനിമയുടെ ഭാഗമാവുകയാണ്. സമീപകാലത്ത് എനിക്ക് ഏറ്റവും മതിപ്പുണ്ടാക്കിയ സിനിമ മഹേഷിന്റെ പ്രതികാരമാണ്. എനിക്ക് വലിയ ഇന്‍സ്പിരേഷന്‍ തന്നെയായിരുന്നു ദിലീഷിന്റെ ആ സിനിമ. ഇത്തരത്തിലൊരു സിനിമ ചെയ്ത് വിജയിപ്പിച്ചെടുക്കുക എന്നത് വലിയ കാര്യമാണ്. ദിലീഷിനെ വിളിച്ച് ആ സിനിമയെക്കുറിച്ച് ഒരു പാട് നേരം സംസാരിച്ചിരുന്നു. വല്ലാതെ സ്വാധീനിച്ച സിനിമയാണത്. ചലച്ചിത്രകാരന്‍ എന്ന നിലയില്‍ മറ്റൊരു ചലച്ചിത്രകാരന്‍ ചെയ്ത മികവിനെ ബഹുമാനിക്കുക എന്നതുണ്ട്. അതില്‍ ചെയ്തിരിക്കുന്ന ഡീറ്റെയില്‍സ് തന്നെ നോക്കൂ, അതിന് പിന്നില്‍ സംഭവിച്ചിരിക്കുന്ന സംവിധായകന്റെ ചിന്തയും രൂപകല്‍പ്പനയുമൊക്കെ ഗംഭീരമായിരുന്നു. നമ്മുടെ സിനിമയെ സംബന്ധിച്ചിടത്തോളം വലിയൊരു മൂവ്‌മെന്റ് തന്നെയാണ് മഹേഷിന്റെ പ്രതികാരം ഉണ്ടാക്കിയത്.

ലോക സിനിമയുടെ നിലവാരത്തിലുള്ള ദൃശ്യശൈലിക്ക് ശ്രമിക്കുമ്പോള്‍ വിദേശ സിനിമകളുടെ സ്‌റ്റൈല്‍ വിഷ്വലില്‍ കൊണ്ടുവരാനായിരുന്നു തുടക്കത്തില്‍ ശ്രമിച്ചിരുന്നത്. മഹേഷും കമ്മട്ടിപ്പാടവും അങ്കമാലി ഡയറീസുമൊക്കെ വരുമ്പോള്‍ കുറേക്കൂടി മൗലികമാകുന്നു ഈ മാറ്റം?

ലോകത്ത് പല കോണുകളില്‍ നിന്ന് പുറത്തുവന്ന സിനിമയുടെ സാമ്പ്രദായിക രീതികളെ അഴിച്ചുപണിത സൃഷ്ടികളാണ് നമ്മളെ സ്വാധീനിച്ചിട്ടുള്ളത്. ഇന്റര്‍നെറ്റ് ഇത്രയേറെ പോപ്പുലറായപ്പോഴാണ് ലോകത്തെ എല്ലായിടത്തുമുള്ള മികച്ച സൃഷ്ടികള്‍ അവ സംഭവിക്കുന്ന കാലത്ത് തന്നെ നമ്മളിലെത്തിയത്. മലയാളം പോലൊരു താരതമ്യേന ചെറിയ ഇന്‍ഡസ്ട്രിയില്‍ അത്തരമൊരു മാറ്റം സംഭവിക്കുന്നത് ഘട്ടം ഘട്ടമായാണ്. നമ്മളെ പ്രചോദിപ്പിച്ച സിനിമകളുടെ സ്റ്റൈല്‍ തന്നെയാണ് ആദ്യം പിന്തുടര്‍ന്നിട്ടുണ്ടാവുക. വായിച്ച പുസ്തകം, കേട്ട പാട്ട്, കാണുന്ന ആളുകള്‍, ചുറ്റുപാട് എന്ന പോലെ ഇത്തരം സിനിമകളും നമ്മളെ സ്വാധീനിച്ചിട്ടുണ്ടാകും. പൂര്‍ണമായും മൗലികമെന്ന് പറയാനാകുന്ന വര്‍ക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മറ്റൊന്നിനെ നമ്മള്‍ നമ്മുടേതായ രീതിയില്‍ പകര്‍ത്തുകയോ അവതരിപ്പിക്കുകയോ ആണ്. സിനിമയെക്കുറിച്ച് നമ്മളിലുണ്ടായ അവബോധം, പുതിയ കാഴ്ചപ്പാടുകളും അറിവുമൊക്കെ ഇവിടെയും പരീക്ഷിക്കാനാകുന്നു. നമ്മുടെ മണ്ണിന്റെ കഥകള്‍ ലോക സിനിമകളുടെ നിലവാരത്തില്‍ ചെയ്യാനാണ് ഇപ്പോള്‍ പലരും ശ്രമിക്കുന്നത്.

100 കോടി സിനിമയായി മാറുന്നില്ലെങ്കിലും മലയാള സിനിമയുടെ മാറ്റം അടയാളപ്പെടുത്താനാകുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് കമ്മട്ടിപ്പാടവും മഹേഷും അങ്കമാലീസ് ഡയറീസും ചേരുന്നുണ്ട്. ഇത്തരം സിനിമകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നത് താല്‍ക്കാലിക തരംഗമായി ഒതുങ്ങുമോ?

നല്ല സിനിമ മോശം സിനിമ എന്നീ ലേബലുകള്‍ മാത്രം സിനിമയ്ക്ക് നല്‍കിയാല്‍ മതി എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. അവാര്‍ഡ് സിനിമ അല്ലെങ്കില്‍ കമേഴ്‌സ്യല്‍ സിനിമ എന്ന ബ്രാന്‍ഡിംഗ് പോലും വേണ്ട. കെ ജി ജോര്‍ജ്ജ് സാറും പദ്മരാജന്‍ സാറും ശ്രമിച്ചത് ഈ വേര്‍തിരിവിനെ മറികടക്കുന്ന സിനിമകളുണ്ടാക്കാനാണ്. നല്ല സിനിമകള്‍ കാണാന്‍ ആളുകള്‍ കൂടി വരുന്നുണ്ട്. അത്തരം സിനിമകള്‍ കൂടുതല്‍ കുറവാകുമ്പോഴാണ് സാമ്പ്രദായിക സ്വഭാവമുള്ള സിനിമകളില്‍ പ്രേക്ഷകര്‍ തളച്ചിടപ്പെടുന്നത്.

മലയാളത്തില്‍ ഏത് genreല്‍ സിനിമ ആലോചിച്ചാലും അത് ഫാമിലി ഡ്രാമയായി മാറണമെന്ന് അല്ലെങ്കില്‍ തിയറ്ററുകളിലെത്തുമ്പോള്‍ കുടുംബസിനിമയെന്ന് ബ്രാന്‍ഡ് ചെയ്യാനാണ് നോക്കുന്നത്. ഫാമിലി ഫസ്റ്റ് ടാര്‍ഗറ്റ് ആവുന്നതും കുടുംബം ഇത് പോലുള്ള സിനിമകളേ കാണൂ എന്ന മുന്‍വിധിയുമൊക്കെ ഈ മാറ്റത്തെ അലോസരപ്പെടുത്തുന്നില്ലേ?

ഈ സിനിമ റിലീസ് ചെയ്യുമ്പോഴും എല്ലാവരുടെയും കണ്‍സേണ്‍ ഇത് തന്നെയായിരുന്നു. ഒരു വിഭാഗം പ്രേക്ഷകരില്‍ മാത്രമേ ഈ സിനിമ എത്താന്‍ പോകുന്നുള്ളൂ എന്നായിരുന്നു എന്നോട് പലരും പറഞ്ഞിരുന്നത്. കുടുംബ പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തില്ല എന്ന ഭയവും ചിലര്‍ പങ്കുവച്ചു. നമ്മളൊരു ടാര്‍ഗറ്റ് ഓഡിയന്‍സിനെ സെറ്റ് ചെയ്ത് സിനിമ തൊടുത്തുവിടണ്ട എന്നാണ് ഞാന്‍ ഇതിനോട് പ്രതികരിച്ചത്. സിനിമ കാണുന്ന ആളുകളിലൂടെയാണല്ലോ ആരൊക്കെ കാണും കാണില്ല എന്ന് തീരുമാനിക്കപ്പെടുന്നത്. അങ്കമാലീ ഡയറീസ് വന്നപ്പോള്‍ സ്ത്രീകളാണ് സിനിമ ഇഷ്ടപ്പെട്ട വലിയൊരു വിഭാഗം.

ക്ലൈമാക്‌സിലെ ഒറ്റ ഷോട്ടിന്റെ കാര്യത്തിലാണെങ്കിലും ഗിരീഷിന്റേത് വലിയ പ്രയത്‌നമായിരുന്നു. ഗിരീഷ് ക്യാമറ കൈകാര്യം ചെയ്ത വിധമാണ് ആ സിനിമയ്ക്ക് കാരക്ടര്‍ സൃഷ്ടിക്കുന്നതിന് വലിയ രീതിയില്‍ സഹായിച്ചത്. വലിയ ശാരീരിക അധ്വാനം കൂടിയാണ് ഗിരീഷ് എടുത്തത്.

നിലവില്‍ ഹിറ്റുകള്‍ കൂടുതലുള്ള സംഗീത സംവിധായകനെ, അല്ലെങ്കില്‍ ഛായാഗ്രാഹകനെ സിനിമയുടെ ഭാഗമാക്കാം എന്നാണ് പലരും പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ആലോചിക്കാറുള്ളത്. ലിജോയ്ക്ക് വേണ്ടി തുടക്കം മുതല്‍ പ്രശാന്ത് പിള്ള സംഗീതമൊരുക്കുന്നു. സവിശേഷവുമാണ് താങ്കളുടെ സിനിമയക്ക് വേണ്ടി പ്രശാന്ത് ഒരുക്കുന്ന സംഗീതവും പശ്ചാത്തലവും?

ചെയ്യുന്ന സിനിമയുടെ പരിചരണത്തോടും വിഷയത്തോടും അടുത്തു നില്‍ക്കുന്ന ശബ്ദവും സംഗീതവും വേണമെന്ന് ആഗ്രഹിക്കാറുണ്ട്. അത് ഏറ്റവും നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാനാകുന്നതും മനസിലാകുന്നതും പ്രശാന്തിനാണ്. സംഗീതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്കൊരു സെക്കന്‍ഡ് ചോയ്്‌സ് ഇല്ല. പുതിയൊരാളെ ഇരുത്തി അതിലേക്ക് ഗ്രൂം ചെയ്ത് വരാന്‍ പാടാണ്. കാലങ്ങളായി ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദം കൂടി ഇതിന് പിന്നിലുണ്ട്. ഇപ്പോ ചെയ്യുന്ന സിനിമയുടെ മ്യൂസിക് മാത്രമല്ല ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുള്ളത്. ഇനി എന്നെങ്കിലും ചെയ്യാനിരിക്കുന്ന സിനിമയ്ക്കുള്ള താളമോ മ്യൂസിക്കോ ഒക്കെ പ്രശാന്ത് അയച്ചുതരാറൊക്കെയുണ്ട്. ഒരു പാട് കാലത്തെ പ്രോസസ് കൂടിയാണ്. ഞാന്‍ വ്യക്തിപരമായി ഏറ്റവും ആസ്വദിക്കുന്ന ഏരിയ കൂടിയാണ് സിനിമയ്ക്ക് മ്യൂസിക് ഉണ്ടാക്കുക എന്നത്. മ്യൂസിക്കും സൗണ്ടും താളവുമൊക്കെയായി വലിയൊരു സമ്പാദ്യം പ്രശാന്തിലെ പ്രതിഭയിലുണ്ട്. അത് വാങ്ങിച്ചെടുക്കുക എന്നതാണ്.

ലിജോ ഗിരീഷ് ഗംഗാധരനൊപ്പം
ലിജോ ഗിരീഷ് ഗംഗാധരനൊപ്പം

ഗിരീഷ് ഗംഗാധരന്‍ എന്ന ഛായാഗ്രാഹകന്റെ സിഗ്നേച്ചര്‍ വര്‍ക്ക് കൂടിയാണ് അങ്കമാലി ഡയറീസ്. സിനിമയുടെ കാരക്ടര്‍ രൂപപ്പെടുത്തുന്നതില്‍ ഛായാഗ്രാഹകന്റെ പങ്കും നിര്‍ണായകമായിരുന്നില്ലേ?

ക്യാമറയ്ക്ക് മുന്നിലുളള മിക്കയാളുകളും തുടക്കക്കാരായപ്പോള്‍ ക്യാമറയ്ക്ക് പിന്നിലുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ പരിചയസമ്പന്നരായ മികച്ച ആളുകളാവണമെന്ന് എനിക്കുണ്ടായിരുന്നു. ഛായാഗ്രാഹകനായി ഗിരീഷ് ഗംഗാധരനും എഡിറ്ററായി ഷമീറും വന്നത് അങ്ങനെയാണ്. അതിശയിപ്പിക്കുന്ന തരത്തിലുള്ള റിസല്‍ട്ടാണ് ഗിരീഷ് ഗംഗാധരനില്‍ നിന്നുണ്ടായത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,ഗപ്പി തുടങ്ങിയ സിനിമകളിലൂടെ ഗിരീഷ് ഛായാഗ്രാഹകനായി പേരെടുത്തതിന് പിന്നാലെയാണ് അങ്കമാലിയുടെ ഭാഗമായത്. ഗിരീഷും ഷമീറും ഈ സിനിമയ്ക്ക് വേണ്ടിയെടുത്ത എഫര്‍ട്ട് എന്താണെന്ന് കണ്ടവര്‍ക്ക് നന്നായി മനസിലാകും. സിനിമയ്ക്ക് അഭിനന്ദനങ്ങള്‍ കിട്ടുമ്പോഴും പലപ്പോഴും അതിന്റെ ക്രെഡിറ്റ് ലിസ്റ്റില്‍ എത്താതെ പോകുന്ന രണ്ട് പേരാണ് ഛായാഗ്രാഹകനും എഡിറ്ററും. ലോംഗ് ടേക്കുകളാണ് സിനിമയില്‍ പലതും. പ്രേക്ഷകരുടെ കാഴ്ചയെ മുറിക്കാതെയും തടസ്സപ്പെടുത്താതെയും മിക്ക സമയത്തും കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാണികളെ അങ്കമാലിയുടെ ഭാഗമാക്കുക എന്ന വലിയ വെല്ലുവിളിയാണ് ഗിരീഷ് ഗംഭീരമായി സാധ്യമാക്കിയത്. ക്ലൈമാക്‌സിലെ ഒറ്റ ഷോട്ടിന്റെ കാര്യത്തിലാണെങ്കിലും ഗിരീഷിന്റേത് വലിയ പ്രയത്‌നമായിരുന്നു. ഗിരീഷ് ക്യാമറ കൈകാര്യം ചെയ്ത വിധമാണ് ആ സിനിമയ്ക്ക് കാരക്ടര്‍ സൃഷ്ടിക്കുന്നതിന് വലിയ രീതിയില്‍ സഹായിച്ചത്. വലിയ ശാരീരിക അധ്വാനം കൂടിയാണ് ഗിരീഷ് എടുത്തത്.

ക്ലൈമാക്‌സിലെ 11 മിനുട്ട് സിംഗിള്‍ ഷോട്ട് എന്ന തീരുമാനം ഗിരീഷിലുള്ള വിശ്വാസത്തിലുണ്ടായ തീരുമാനമാണോ?

ക്ലൈമാക്‌സിലെ ലൊക്കേഷന്‍ സിംഗിള്‍ ഷോട്ട് എന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നതായിരുന്നു. നമ്മുടെ കഥാപാത്രങ്ങളും നാട്ടുകാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഉള്‍പ്പെടുന്ന ക്രൗഡിനെ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. എടുക്കാന്‍ പറ്റുമെന്ന ഉറപ്പില്‍ അല്ല ചെയ്തത്. ചെയ്യാനായില്ലെങ്കില്‍, പരാജയപ്പെട്ടാല്‍ നമ്മുക്കത് രണ്ടോ മൂന്നോ ആയി ബ്രേക്ക് ചെയ്യാമെന്നും ഇന്റര്‍ കട്ടുകളിലേക്ക് പോകാമെന്നും തീരുമാനിച്ചു. ക്ലൈമാക്‌സില്‍ കമ്യൂണിക്കേറ്റ് ചെയ്യാനുള്ള കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാമെന്നുമാണ് തീരുമാനിച്ചത്. കാരണം സിംഗിള്‍ ഷോട്ട് എന്ന നിര്‍ബന്ധത്തേക്കാള്‍ ക്ലൈമാക്‌സ് നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യപ്പെടണം എന്നതാണ് പ്രധാനം. ചിത്രീകരിക്കുമ്പോള്‍ ആളുകളെ ക്യാമറയുമായി കൂട്ടിയിടിക്കാത്ത വിധം നിയന്ത്രിച്ചു.അതിന് പിന്നിലുള്ള വലിയൊരു ഫിസിക്കല്‍ എഫര്‍ട്ടാണ് പിന്നീട് ഉണ്ടായത്. ഇത്രയും ആളുകള്‍ ഇന്‍വോള്‍വ്ഡ് ആയ സീനിനെ സിംഗിള്‍ ഷോട്ട്‌സില്‍ ചിത്രീകരിച്ച് അതിനകത്തെ സംഭവങ്ങളെ കൃത്യമായി പകര്‍ത്തുക എന്ന വമ്പന്‍ അധ്വാനമാണ്. ആ ഷോട്ട് മികവോട് ലഭിച്ചതിന്റെ ക്രെഡിറ്റ് നൂറ് ശതമാനവും ഗിരീഷിനാണ്. അങ്ങനെയൊരു ഷോട്ട് റി ക്രിയേറ്റ് ചെയ്യാനാകുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉറപ്പില്ല. റിഹേഴ്‌സല്‍ ഇല്ലായിരുന്നു എല്ലാം ടേക്കുകളായിരുന്നു.

എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന്റെ ഇടപെടല്‍ എങ്ങനെയായിരുന്നു?

ഷമീറിലേക്ക് വന്നാല്‍, ഈ സിനിമയില്‍ പെപ്പേ കോളേജിലെത്തുന്നത് വരെയുള്ള ഒരു കാലമുണ്ട് സിനിമയില്‍, അത് ഒട്ടും ചിതറിനിക്കാതെ ലയിച്ചുനീങ്ങേണ്ടതാണ്. പെപ്പെയുടെയും കൂട്ടുകാരുടെയും കുട്ടിക്കാലവും കൗമാരവുമെല്ലാം ഇടര്‍ച്ചയില്ലാതെ ഒരു മൊണ്ടാഷ് പോലെ ആസ്വാദ്യകരമായി അവതരിപ്പിക്കപ്പെടണമായിരുന്നു. കുറേ മൊണ്ടാഷ് ഉള്‍പ്പെട്ട രംഗങ്ങളാണ്. എവിടെ ഹോള്‍ഡ് ചെയ്യണം എത്ര ലെംഗ്ത് വേണമെന്നതൊക്കെ ഷമീറെടുത്ത തീരുമാനമാണ്. അത് ഷമീര്‍ ഭംഗിയായി നിര്‍വഹിച്ചു. സിനിമയെ സംബന്ധിച്ചിടത്തോളം അത് നിര്‍ണായകമായിരുന്നു. സീക്വന്‍സുകള്‍ ഞാന്‍ ഡിഫൈന്‍ ചെയ്ത് കൊടുക്കുക മാത്രമാണ് ചെയ്തത്. റയില്‍പാളത്തില്‍ പെപ്പെ നില്‍ക്കുന്ന സീന്‍, അയാളുടെ ഒറ്റപ്പെടല്‍ പരാമര്‍ശിക്കുന്നിടത്ത് കടന്നുവരുന്നത് ഷമീറിന്റെ തന്നെ ഐഡിയയില്‍ ഉണ്ടായതാണ്.